രചന : കണ്ണൻ്റെമാത്രം
പിറ്റേന്ന് കേരള സംസ്ഥാനം ഉണർന്നത് തന്നെ അനുഷ്ക കേസിന്റെ വിധി എന്താവും എന്നറിയാൻ ആണെന്നപോലെയായിരുന്നു.. സകല ന്യൂസ് ചാനലിലും ന്യൂസ് പേപ്പറുകളിലും അതുതന്നെ ആയിരുന്നു അന്നത്തെ ചർച്ച… അഭിക്ക് ഒരു സെലിബ്രിറ്റി പരിവേഷം ഇപ്പോഴേ കിട്ടിയിട്ടുണ്ട്…കാശിയുടെ മർഡർ കേസിന്റെ വിധി വന്നിട്ടില്ലെങ്കിലും അതിന്റെ വിചാരണ ഒക്കെ നടന്നുകൊണ്ടിരിക്കുന്നുണ്ട്… അഭിയുടെ കോർട്ടിലെ പെർഫോമൻസ് അപ്പോഴേ എല്ലാവരെയും ആകർഷിച്ചിരുന്നു.. ഇപ്പൊ ഈ കേസിലും അഭി വാദങ്ങൾ അത്രയും ശക്തമായി തന്നെ ആണ് കോടതിയിൽ ഉന്നയിച്ചത്… അടുത്തടുത് രണ്ട് പ്രസിദ്ധമായ കേസുകളിൽ അപ്പിയർ ചെയ്യ്തത് ഒരു വകീൽ എന്ന നിലയിൽ അവന്റെ പ്രശസ്തി വാനോളം ഉയർത്തി…
നന്ദൻ…. പിയ അവനെയും വിളിച്ചുകൊണ്ടാണ് റൂമിനു ഉള്ളിലേക്ക് വന്നത്…എന്താ ശ്രീ… കോടതിയിലേക്ക് പോകാൻ റെഡിയാകുന്നതിന് ഇടയിൽ അഭി വിളികേട്ടു…തന്റെ ഒരു ഇന്റർവ്യൂ ചോദിക്കുന്നുണ്ട് ഞങ്ങളുടെ ചാനൽ ഹെഡ്… ഒരു ഇന്റർവ്യൂ തരുമോ വകീലെ… അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു…ദേ പെണ്ണേ… രാവിലെ തന്നെ മനുഷ്യനെ കളിയാക്കാൻ ഇറങ്ങിയിരിക്കാണോ നീ… അഭി അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചോദിച്ചു…കളിയാക്കിയതല്ല നന്ദൻ.. ദേ ഇപ്പൊ വിളിച്ചുവച്ചേ ഉള്ളൂ സാറ്.. നന്ദൻ എന്റെ ഭർത്താവാണെന്ന് അവർക്കെല്ലാം അറിയാമല്ലോ.. അതാ എന്നെ വിളിച്ചത്.. അല്ലെങ്കിൽ ചാനലിൽ നിന്ന് ഒഫീഷ്യൽ ആയിട്ട് വിളി വന്നേനെ… നന്ദന്റെ ആദ്യത്തെ ഇന്റർവ്യൂ ഞങ്ങളുടെ ചാനലിന് തന്നെ വേണം എന്നാണ് സാറിന്…. ഞാൻ ഓക്കേ പറയട്ടെ സാറിനോട്…
അതൊക്കെ വേണോ ശ്രീ.. എനിക്ക് ആകെ ചമ്മൽ ആവുന്നു….വേണം നന്ദൻ… നന്ദന് കുറച്ചുകൂടി എക്സ്പോഷർ കിട്ടും ഇതിലൂടെ…മ്മ്… അതിന് അഭിയൊന്നു മൂളി…എങ്കിൽ ഞാൻ സാറിനോട് യെസ് പറയട്ടെ… പിയ പ്രതീക്ഷയോടെ ചോദിച്ചു..
പറഞ്ഞോ… എന്റെ ശ്രീമതി പറഞ്ഞാൽ ഞാൻ എന്തിനെങ്കിലും എതിര് പറയുമോ… അഭി പിയയുടെ അടുത്തേക്ക് ചെന്ന് അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു..അയ്യടാ.. എന്താ കൊഞ്ചല്… പിയ അവന്റെ താടിയിൽ ഒന്ന് പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു..ഹാ.. വേദനിപ്പിക്കാതെ പെണ്ണേ… അവൻ അവളിൽ ഉള്ള പിടിമുറുക്കികൊണ്ട് പറഞ്ഞു…അല്ല.. എന്താ ഉദ്ദേശം… കോടതിയിലേക്ക് ഒന്നും പോകണ്ടേ അഡ്വക്കേറ്റ് അഭിനന്ദിന്….
പോകാൻ തോന്നുന്നില്ല.. എന്റെ ഭാര്യയെ ഇത്രേം റൊമാന്റിക് മൂഡിൽ കിട്ടിയിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുന്നത്….വേണ്ടാ… വെറും കയ്യോടെ പോകേണ്ട… രണ്ട് ഇടി തരാം.. അതും കൊണ്ട് പൊക്കോ…ഏയ്യ്.. അതൊക്കെ എന്റെ കരാട്ടെ കിഡ്ഡിന് ബുദ്ധിമുട്ട് ആവില്ലേ.. തല്ക്കാലം എനിക്ക് ദേ ഇവിടെ ഒരു ഉമ്മ മതി… അഭി തന്റെ ചുണ്ടിൽ തൊട്ടുകൊണ്ട് പറഞ്ഞു…അയ്യടാ.. പോയേ പോയേ.. പിയക്ക് നാണം തോന്നിയെങ്കിലും അത് പുറത്തുക്കാട്ടാതെ അവന്റെ കൈയിൽ കിടന്ന് കുതറികൊണ്ട് പറഞ്ഞു…
എന്ത് പോയേപോയെ എന്ന്.. എനിക്ക് കിട്ടേണ്ടത് എനിക്ക് വേണം.. നിനക്ക് തരാൻ വയ്യെങ്കിൽ ഞാൻ എടുത്തോളാം.. അതും പറഞ്ഞ് പിയയുടെ ചുണ്ടിലേക്ക് അഭി അവന്റെ ചുണ്ടുകൾ ചേർത്തു…
വല്യേട്ടാ… ദേ വിച്ചുവേട്ടൻവന്നിരിക്കുന്നു..വാതിലിൽ മുട്ടിയുള്ള ആമിയുടെ വിളിയാണ് രണ്ടുപേരെയും ആ ഗാഢമായ ചുംബനത്തിൽ നിന്ന് വേർപ്പെടുത്തിയത്… അഭി പിയയുടെ നെറ്റിയിൽ നെറ്റിമുട്ടിച്ച് നിന്ന് കിതച്ചു…ഏട്ടാ…. ആമി ഒന്ന് കൂടി മുട്ടി…
ദാ… വരുന്നു.. അഭി വിളിച്ചു പറഞ്ഞു…ഞാൻ പോട്ടെ…. അഭി പിയയോട് ചോദിച്ചു..മ്മ്.. അവളൊന്ന് മൂളി…അഭി ഒന്നുകൂടി അവളുടെ നെറ്റിയിൽ മുകർന്നുകൊണ്ട് അവളിൽ നിന്ന് മാറി ഉലഞ്ഞുപോയ വസ്ത്രങ്ങളും മുടിയും റെഡി ആക്കി പുറത്തേക്ക് പോയി.. പിയയും കണ്ണാടിയിൽ നോക്കി മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് പുറത്തേക്ക് പോയി…പോകാം ഡാ.. അഭിയെ കണ്ടതും വിച്ചു ചോദിച്ചു…വിച്ചുമോനും പോകുന്നുണ്ടോ ഇവന്റെ കൂടെ.. അങ്ങോട്ട് വന്ന സാവിത്രിയമ്മ ചോദിച്ചു…
പിന്നെ അല്ലാതെ ഇന്ന് എന്റെ അഭിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ദിവസം അല്ലേ. അപ്പൊ ഞാൻ കൂടെ ഇല്ലാതെ പറ്റുമോ.. വിച്ചു സന്തോഷത്തോടെയും അഭിമാനത്തോടെയും പറഞ്ഞു..
വിച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ആലോചിച്ച് അഭിക്ക് ഒരു നിമിഷം കണ്ണ് നിറഞ്ഞു… അവൻ സ്വന്തം വിജയങ്ങളിൽ വരെ ഇത്രയും സന്തോഷിക്കുന്നുണ്ടാകില്ല എന്ന് അഭിക്ക് അറിയാം… അവനെ പോലെ ഒരു സുഹൃത്തിനെ തനിക്ക് തന്നതിൽ ഒരുനിമിഷം അവൻ ദൈവത്തോട് നന്ദി പറഞ്ഞു…എങ്കിൽ നിങ്ങൾ ഇറങ്ങാൻ നോക്ക്.. ഇനിയും വൈകണ്ട.. സാവിത്രിയമ്മ അത് പറഞ്ഞതും അഭി എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഇറങ്ങി. അഭിയുടെ പിന്നിലായി വിച്ചുവും എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി..അവരുടെ പുറകെ ബാക്കി ഉള്ളവരും ഇറയത്തേക്ക് ഇറങ്ങി…
ഇറങ്ങാൻ നേരം തിരിഞ്ഞു നോക്കിയ വിച്ചുവിന്റെ കണ്ണുകൾ ഒരു നിമിഷം തങ്ങളുടെ പിന്നിലായി വന്നുനിന്ന ആമിയിൽ ഉടക്കി. ഒരുനിമിഷം അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.. അവരെ നോക്കിനിന്ന ആമിയുടെ കണ്ണുകൾ വിച്ചുവിന്റെ കണ്ണുകളുമായി കൊരുത്തു… വിച്ചുവിന്റെ കണ്ണുകളിൽ കണ്ട ഭാവം ആമിയെ പകപ്പിൽ ആഴ്ത്തി.. അവൾക്ക് ഒന്നും മനസിലായില്ല…ആമി…അവർ പോയികഴിഞ്ഞും ചിന്തയോടെ നിൽക്കുന്ന ആമിയെ പിയ വിളിച്ചു….
എ.. എന്താ… വല്യേട്ടത്തി… ആമി ഞെട്ടലോടെ ചോദിച്ചു…
നീ.. ഇത്… എന്ത് ആലോചിച്ച് നിൽക്കാണ്.. അവർ പോയി.. വായോ ഉള്ളിലേക്ക് പോകാം…
മ്മ്… ആമി ഒന്ന് മൂളിക്കൊണ്ട് അവർ പോയ വഴിയെ ഒന്നുകൂടി നോക്കി ഉള്ളിലേക്ക് നടന്നു….
വിച്ചുവിന്റെ നോട്ടവും ഭാവങ്ങളും ശ്രദ്ധയിൽപ്പെട്ട പിയയുടെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ നിറഞ്ഞു… അഭിയോട് ഇതിനെക്കുറിച്ച് സംസാരിക്കണം എന്ന് ഉറപ്പിച്ചുകൊണ്ട് തന്നെ ഉള്ളിലേക്ക് പോയി..
……………………
അഭിയും വിച്ചുവും കോടതിയിൽ എത്തുമ്പോൾ അവിടം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു… പോരാത്തതിന് മാധ്യമപടകളും…. അഭിയെ കണ്ടതും മാധ്യമപ്രവർത്തകർ അവന്റെ മുന്നിൽ തടിച്ചുകൂടി… അവർക്കെല്ലാം അഭി എന്ത് ശിക്ഷയാണ് പ്രതിക്ക് പ്രതീക്ഷിക്കുന്നത് എന്നാണ് അറിയേണ്ടത്…
എന്തായാലും ഇത്രയും വെയിറ്റ് ചെയ്തില്ലേ.. ഇനി ഏതാനും നിമിഷങ്ങൾക്ക് അകം അറിയാലോ എന്താണ് പ്രതിക്ക് കിട്ടാൻ പോകുന്ന ശിക്ഷ എന്താണ് എന്ന്… ഞാൻ എന്നെക്കൊണ്ട് കഴിയുന്നത് മുഴുവൻ ചെയ്തിട്ടും ഉണ്ട്…നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ അയാൾക്ക് കിട്ടണം എന്നാണ് എന്റെയും ആഗ്രഹം… എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസം ഉണ്ട്… നമുക്ക് കാത്തിരിക്കാം… അഭി അതും പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി.. അവൻ കോടതി മുറിയിലേക്ക് കയറാൻ നിൽക്കുമ്പോൾ ആണ് അവിടെ നില്ക്കുന്ന അനുഷ്കയുടെ മാതാപിതാക്കളെ അവൻ കാണുന്നത്… അവൻ അവരെ നോക്കി ഒന്ന് കണ്ണടച്ചുകൊണ്ട് ഉള്ളിലേക്ക് പോയി….
എല്ലാവരും ആഗ്രഹിച്ചപോലെ തന്നെ ആയിരുന്നു വിധി വന്നത്.. ഇത്രയും ക്രൂരത ഒരു കൊച്ചുകുഞ്ഞിനോട് കാണിച്ചവനെ മരണം വരെ തൂക്കിക്കൊല്ലാൻ ആയിരുന്നു വിധി.. അതും രണ്ട് മാസത്തിനകം തന്നെ… ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു പാഠമാവണം ഈ ശിക്ഷ എന്നാണ് കോടതി പറഞ്ഞത്…. അവന്റെ ശിക്ഷാവിധി കേട്ടതും അനുഷ്കയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു… അത് തങ്ങളുടെ മകളെ ആലോചിച്ചുള്ള സങ്കടവും അവൾക്ക് നീതി കിട്ടിയല്ലോ എന്നാലോചിച്ചിട്ടുള്ള സന്തോഷവും നിറഞ്ഞതായിരുന്നു…അഭിയുടെ കണ്ണുകളും നിറഞ്ഞു… അവന് വല്ലാത്തൊരു സമാധാനം തോന്നി ഉള്ളുക്കൊണ്ട്… ആ മോൾക്ക് നീതി നേടികൊടുക്കാൻ പറ്റിയല്ലോ എന്നാലോചിച്ചിട്ട്… മാധ്യമങ്ങൾ അപ്പോഴേക്കും ഈ വിധി ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവർ ഈ കേസ് അന്വേഷിച്ച പോലീസുകാരെയും അഭിയേയും വാനോളം പുകഴ്ത്തി…
അഭി കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നേരം അനുഷ്കയുടെ മാതാപിതാക്കൾ അവന്റെ അടുത്തേക്ക് ചെന്നു….ഒരുപാട് നന്ദിയുണ്ട് സാർ… വേണു അഭിയുടെ കൈപിടിച്ച് അതിലേക്ക് നെറ്റിമുട്ടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു…ഹേയ്… വേണു ചേട്ടാ.. കരയല്ലേ.. അഭി അയാളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞില്ല….
സാറില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവന് ഇങ്ങനെ ഒരു ശിക്ഷ ഒരിക്കലും കിട്ടില്ലായിരുന്നു…പത്മയും തൊഴുകൈയോടെ പറഞ്ഞു..അങ്ങനെ ഒന്നുമില്ല… ഞാനല്ലെങ്കിൽ മറ്റൊരാൾ വാദിച്ചാലും അവന് ശിക്ഷ കിട്ടുമായിരുന്നു.. എന്തായാലും അവന് ശിക്ഷ കിട്ടിയില്ലേ.. അതല്ലേ നമുക്ക് വേണ്ടത്… നിങ്ങൾ ഇനി സങ്കടപ്പെടരുത്.. അഭി അവരോട് രണ്ടാളോടും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി… അഭി പുറത്തേക്ക് ഇറങ്ങിയതും മാധ്യമങ്ങൾ അവനെ വളഞ്ഞു… ഈശ്വരാനുഗ്രഹവും എല്ലാവരുടെയും പ്രാർത്ഥനയും കൊണ്ട് നല്ലൊരു വിധി തന്നെ വന്നു.. അതിൽ ഒരുപാട് സന്തോഷം എന്ന് പറഞ്ഞുകൊണ്ട് അവൻ അവരെ എല്ലാം ഒഴിവാക്കികൊണ്ട് കാറിനടുത്തേക്ക് പോയി… വിച്ചു വേഗം വണ്ടി സ്റ്റാർട്ട് ചെയ്യ്തു… അഭി കൂടി കയറിയതും അവരുടെ കാർ അവിടെ നിന്ന് വീട് ലക്ഷ്യമാക്കി കുതിച്ചു….
…………………
എന്റെ മുത്തിന്റെ സെലെക്ഷൻ മോശമായില്ല അല്ലേടാ… കോടതിമുറ്റത്തെ സീനുകൾ ഓരോന്നും ടീവിയിലൂടെ കണ്ടുകൊണ്ടിരുന്ന പപ്പൻ അടുത്തിരുന്ന ഹരിയോട് പറഞ്ഞു.. അയാളുടെ കണ്ണുകളിൽ അവനെ ആലോചിച്ച് അഭിമാനം നിറഞ്ഞിരുന്നു…
മ്മ്… അഭിയെ മുത്ത് തിരഞ്ഞെടുത്ത നിമിഷം ഞാൻ പറഞ്ഞില്ലേ അവൾക്ക് തെറ്റുപറ്റില്ല എന്ന്… എനിക്കറിയാമായിരുന്നു ഇവന്റെ കഴിവുകൾ… പഠിക്കുന്ന കാലത്തേ കോർട്ട് ട്രയൽസിൽ അവന്റെ വാദങ്ങൾ കാണാമായിരുന്നു.. അത്രയും ശക്തവും സ്പഷ്ടവും ആയിരുന്നു.. അന്നേ ഞാൻ ഉറപ്പിച്ചിരുന്നു ഇവൻ ഒരുപാട് ഉയരങ്ങൾ കീഴടക്കും എന്ന്.. അതാണ് അന്ന് അവൻ കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയത്… എന്റെ കാലശേഷവും കോവിലകം അസോസിയേറ്റ്സ് ഇപ്പോഴുള്ളതിലും ഭംഗിയിൽ കൊണ്ട് നടക്കാൻ അഭിക്ക് കഴിയും എന്നുള്ള എന്റെ വിശ്വാസം ഒന്ന് കൂടി ഊട്ടി ഉറപ്പിച്ചു ഇന്നത്തെ വിധി…
മ്മ്… പപ്പൻ സന്തോഷത്തോടെ മൂളി… അയാളുടെ കണ്ണുകൾ അപ്പോഴും ടിവി സ്ക്രീനിൽ കാണുന്ന അഭിയുടെ മുഖത്തായിരുന്നു.നിധിയും മഹിയും പുറത്ത് പോയി വരുമ്പോൾ മഹിയുടെ അച്ഛനും അമ്മയും ടിവി യുടെ മുൻപിൽ ഉണ്ട്…
ആ നിങ്ങൾ വന്നോ… അറിഞ്ഞോ അഭിയുടെ ഇന്നത്തെ കേസിന്റെ വിധി വന്നത്.. വധശിക്ഷ ആണ്.. ദേ മാധ്യമങ്ങളിൽ മുഴുവൻ അഭിയെ ആണ് കാണിക്കുന്നത്… അത്രയും പുകഴ്ത്തുന്നുണ്ട് മാധ്യമങ്ങൾ ഈ കേസ് അന്വേഷിച്ച പോലീസുക്കാരെയും അഭിയേയും.. മഹിയുടെ അച്ഛൻ അവരോട് പറഞ്ഞു…
നിധിയും മഹിയും ടിവിയിലേക്ക് നോക്കി.. അതിൽ പറയുന്ന അഭിയെക്കുറിച്ചുള്ള കാര്യങ്ങളും കോടതി മുറ്റത്തുവച്ചുള്ള അഭിയുടെ സീനുകളും നിധി കണ്ണെടുക്കാതെ നോക്കി നിന്നു… അവൾക്ക് ഒരുപാട് സന്തോഷം തോന്നി പക്ഷേ ഉള്ളുക്കൊണ്ട് ഒരു കുഞ്ഞ് ദുഖവും.. അത് അഭി ഇപ്പോഴും തന്നോട് കാണിക്കുന്ന അകൽച്ച ആലോചിച്ചായിരുന്നു.. മഹിയോടും വീട്ടുക്കാരോടും അവൻ കാണിക്കുന്ന ഒരു അടുപ്പം പോലും അവൻ അവളോട് കാണിച്ചിരുന്നില്ല.. അതിന് താൻ തന്നെ ആണ് കാരണം എന്ന് അവൾക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു..
………………
രണ്ട് ദിവസങ്ങൾ കടന്നുപോയി… അന്ന് രാത്രി തളർച്ചയോടെ ആണ് ജിത്തൂ ആദിയുടെ വീട്ടിലേക്ക് കയറി വന്നത്… കമ്പനിയിലേക്ക് തിരിച്ചടക്കാൻ വേണ്ടിയുള്ള കാശിനു വേണ്ടിയുള്ള ഓട്ടപാച്ചിലിൽ ആണ് ജിത്തു… ഒന്നും റെഡി ആയിട്ടും ഇല്ല. ആ ഒരു വിഷമത്തിലും നിരാശയിലും കയറിവന്ന ജിത്തു ടീവിയിൽ അഭിയുടെ ഇന്റർവ്യൂ കാണുന്ന ആദിയെയും അവളുടെ അച്ഛനെയും ആണ് കാണുന്നത്… അവന്റെ കണ്ണുകൾ കുറച്ചുനേരം ടീവിയിൽ കാണുന്ന അഭിയുടെ മുഖത്ത് തന്നെ ആയിരുന്നു… അവതാരികയുടെ ചോദ്യങ്ങൾക്ക് ഒരു ചെറു ചിരിയോടെ എന്നാൽ ആത്മവിശ്വാസത്തോടെ മറുപടി പറയുന്ന അഭിയുടെ മുഖത്ത് ജിത്തുവിന്റെ കണ്ണുകൾ ഉറച്ച് നിന്നു…
താൻ ആരെക്കാൾ ഉയരത്തിൽ എത്തണം എന്നാണോ ചിന്തിച്ചത് അവൻ ഇപ്പൊ തന്നെക്കാൾ ഒരുപാട് ഉയരത്തിൽ ആണല്ലോ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി… അവൻ അതേ അസ്വസ്ഥതയോടെ തിരിഞ്ഞപ്പോൾ കാണുന്നത് തന്നെയും ടീവിയിൽ കാണുന്ന അഭിയേയും നോക്കുന്ന ആദിയുടെ ഡാഡിയെ ആണ്… തന്റെ നേരെ നോക്കുമ്പോൾ അയാളുടെ മുഖത്ത് തെളിയുന്ന പുച്ഛവും അവജ്ഞയും അവനെ ദേഷ്യപിടിപ്പിച്ചു.. ആ ദേഷ്യം അഭിയുടെ നേരെ ആവാൻ അധികം നേരം എടുത്തില്ല… ടീവിയിൽ ചിരിയോടെ കാണുന്ന അഭിയുടെ മുഖത്തേക്ക് അവൻ ദേഷ്യത്തോടെയും പകയോടെയും നോക്കി… അപ്പോഴും അവൻ ചിന്തിച്ചില്ല തന്റെ കൂടപ്പിറപ്പിനോട് ആണ് താനീ ദേഷ്യവും പകയും വച്ചു പുലർത്തുന്നത് എന്ന്… തനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവനൊക്കെയെ ഉണ്ടാകു എന്നും…….
തുടരും…
കുറിപ്പ് :-എന്റെ കഥക്ക് ഇജ്ജാതി സപ്പോർട്ട്… എന്റെ കണ്ണുകൾ വരെ തള്ളിപ്പോയി.. സത്യം പറയാലോ എനിക്ക് ഇച്ചിരി അഹങ്കാരവും തോന്നിപ്പോയി ട്ടോ🙈🙈🙈….Thank you so much guys…ശ്രീനന്ദനം കഴിയാനായി ട്ടോ… ഇനി ഒരു 5/6 പാർട്ട് കൂടി… ഇന്ന് ഇനി പാർട്ട് ഇല്ലാ ട്ടോ…

by