രചന:കണ്ണൻ്റെ മാത്രം
വൈകീട്ട് അവരുടെ മീറ്റിംഗിന്റെ ഡീറ്റെയിൽസ് അറിയാൻ രുദ്രനും കൂട്ടരും മൊബൈലിൽ കണ്ണും നട്ടിരിക്കുമ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.. വിച്ചുവാകും എന്നറിയാവുന്നതുകൊണ്ട് അഭി വേഗം പോയി വാതിൽ തുറന്നു..എന്തായി വിച്ചു… ടെസ്റ്റുകൾ എല്ലാം ചെയ്തില്ലേ.. രുദ്രൻ ചോദിച്ചു…ഉവ്വ്.. രുദ്രേട്ടാ.. രണ്ട് ലാബുകളിൽ ചെയ്യ്തു.. റിസൾട്ട് അവിടെ തന്നെ ഉള്ള ഡോക്ടർമാരെ കാണിച്ചു. രണ്ടുപേരും എനിക്കൊരു കുഴപ്പവും ഇല്ല എന്നാണ് പറഞ്ഞത്.. ഞാൻ രണ്ടാളുടെ കൈയിൽ നിന്നും റിപ്പോർട്ടും വാങ്ങിയിട്ടുണ്ട്..മ്മ്… അതേതായാലും നന്നായി. ഈ തെളിവുകൾ മതി നമുക്ക് അവരെ എത്തേണ്ടിടത്ത് എത്തിക്കാൻ…
രുദ്രേട്ടാ.. ദേ.. പിയ വിളിച്ചു…അതോടെ എല്ലാവരുടെയും ശ്രദ്ധ മൊബൈലിലേക്ക് ആയി… ദത്തൻ ഡോക്ടറുടെ കേബിനിലേക്ക് മൂന്നുപേർ വന്നതാണ് കാണാൻ കഴിഞ്ഞത്. രണ്ട് വിദേശീയരും ഒരു മാസ്ക് ഒക്കെ വച്ച ഒരാളും. അയാളെ കണ്ടതും രുദ്രന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി. അവന്റെ ശ്രദ്ധ അയാളിൽ തന്നെ ആയിരുന്നു..ദത്തൻ ഡോക്ടറും മാസ്ക് വച്ച ആളും കൂടി വിദേശീയരോട് കിഡ്നി ട്രാൻസ്‌പ്ലന്റേഷനെ കുറിച്ച് സംസാരിക്കുന്നതും അവർ വില പറഞ്ഞ് ഉറപ്പിക്കുന്നതും ഒക്കെ കാണാം.. ആ സമയത്താണ് സ്‌കറിയ ഡോക്ടറും കൂടെ ഒരാളും കൂടി ഉള്ളിലേക്ക് കയറി വരുന്നത്. ദത്തൻ ഡോക്ടർ സ്‌കറിയ ഡോക്ടറെയും മറ്റേയാളെ അനസ്തേഷിസ്റ്റ് ആണെന്നും ഫോറിനേഴ്സിന് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.. ഇതൊക്കെ നടക്കുമ്പോഴും രുദ്രന്റെ കണ്ണുകൾ ആ മാസ്ക് ധരിച്ചയാളിൽ തന്നെ ആയിരുന്നു. പക്ഷേ അയാൾ ഒരിക്കൽ പോലും മാസ്ക് താഴ്ത്തുകയോ മാറ്റുകയോ ചെയ്യുന്നുണ്ടായില്ല… രുദ്രൻ തന്റെ കൈയിൽ ഉള്ള മറ്റൊരു ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു… അടുത്തനിമിഷം ആ മാസ്ക് ധരിച്ചയാളുടെ മൊബൈൽ ബെല്ലടിക്കുന്നതും അയാൾ അതെടുത്ത് നോക്കി കട്ട് ചെയ്യുന്നതും അവർ കണ്ടു… രുദ്രന്റെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ചിരി വിരിഞ്ഞു..
രുദ്രേട്ടാ ഇനി എന്താ പരിപാടി… പിയ ചോദിച്ചു…
ഇപ്പൊ ഒന്നുമില്ല. നിങ്ങൾ വീട്ടിൽ പൊക്കോളൂ.. ഇന്നൊരു ദിവസം എനിക്ക് വേണം.. നാളെ ഉച്ചയോടെ എല്ലാം എല്ലാവരും അറിയും… ഇത്രയൊക്കെ ചെയ്തവർക്ക് അതിനുള്ള ശിക്ഷ കിട്ടും….. ആ പിന്നെ ആഗ്നസ് സിസ്റ്ററിനെ വിളിച്ച് ആ രണ്ട് പെൻ ക്യാമറയും എടുക്കാൻ പറയണം.. രുദ്രൻ അവസാന വാചകം പിയയെ നോക്കി ആണ് പറഞ്ഞത്…ഞാൻ ഇപ്പൊ തന്നെ വിളിക്കാം രുദ്രേട്ടാ… അതും പറഞ്ഞ് പിയ ആഗ്നസ് സിസ്റ്ററിനെ വിളിച്ച് ഇന്ന് കാണണം എന്ന് പറഞ്ഞു. അവർക്ക് ഇന്ന് കൂടി നൈറ്റ് ആണെന്ന് കേട്ടതും.. എന്നാ ഞങ്ങൾ വീട്ടിലേക്ക് വരാം എന്നും പറഞ്ഞ് പിയ ഫോൺ വച്ചു..അവർക്ക് ഇന്ന് കൂടി നൈറ്റ്. ഞങ്ങൾ വീട്ടിലേക്ക് പോകുന്ന വഴിക്ക് കണ്ട് പറഞ്ഞോളാം… പിയ പറഞ്ഞു..
ആ അതുമതി.. അതാകുമ്പോ വിച്ചു വച്ചത് എവിടെ ആണെന്ന് കൃത്യമായിട്ട് അവരോട് പറയാമല്ലോ…
മ്മ്… എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ രുദ്രേട്ടാ..
പിയ ചോദിച്ചു…ആ.. ഞാൻ വിളിക്കാം… രുദ്രൻ പറഞ്ഞു..അഭിയും വിച്ചുവും പിയയും രുദ്രനോട് യാത്ര പറഞ്ഞ് പുറത്തേക്ക് പോയി… അവർ പോയി പിന്നാലെ തന്നെ രുദ്രനും റെഡി ആയി എവിടേക്കോ പോയി…
………………
ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഉച്ചമയക്കത്തിൽ ആയിരുന്ന സാവിത്രിയമ്മ എഴുന്നേറ്റ് പുറത്തേക്ക് ചെന്നത്. നോക്കുമ്പോൾ നിധിയും മഹിയും ആണ്…ആഹാ.. നിങ്ങൾ ആയിരുന്നോ.. കയറി വായോ… സാവിത്രിയമ്മ അവരെ ഉള്ളിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു…ഞാൻ കയറുന്നില്ല അമ്മേ.. ഒരു മീറ്റിംഗ് ഉണ്ട്.. ഞാൻ ഇവൾക്ക് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞപ്പോൾ ഇവിടെ ആക്കാൻ വന്നത് ആണ്. കുഞ്ഞളിയനും
പിയയും ഒന്നും ഇല്ലേ ഇവിടെ…. മഹി ചോദിച്ചു..
ഇല്ല മോനേ.. അവർ രാവിലെ എങ്ങോട്ടോ പോയി. വരാൻ വൈകും എന്ന് പറഞ്ഞിരുന്നു..ആണോ.. അവർ വരുമ്പോൾ പറയ്.. ഞാൻ ഇറങ്ങാൻ നോക്കട്ടെ… മഹി അതും പറഞ്ഞ് തിരികെ പോയി…
ആമിയില്ലേ അമ്മേ ഇവിടെ… ഉള്ളിലേക്ക്
കയറുന്നതിനിടയിൽ നിധി സാവിത്രിയമ്മയോട് ചോദിച്ചു…അവൾ കോളേജിൽ പോയി അല്ലാതെ എവിടെ പോകാൻ.. നീ എന്താ വന്നത്.. പ്രത്യേകിച്ച് എന്തേലും ഉണ്ടോ…ഏയ്യ് ഇല്ല അമ്മേ.. ഞാൻ വെറുതെ…. നിധി എന്തു പറയണം എന്നറിയാതെ നിന്നു..മ്മ്… അവർ ഒന്ന് മൂളി നേരെ അടുക്കളയിലേക്ക് പോയി.. നിധിയും അവരുടെ പിന്നാലെ പോയി..അമ്മേ…എന്താടി… സാവിത്രിയമ്മ അവളെ നോക്കികൊണ്ട് ചോദിച്ചു…അത്.. അത്.. അമ്മേ… നിധി എങ്ങനെ പറയും എന്നറിയാതെ ഒന്ന് വിക്കി..
നീ എന്താ കാര്യം എന്ന് വച്ചാൽ പറയ്.. നിന്ന് വിക്കാതെ.. അവർ പാത്രം കഴുകുന്നതിനിടയിൽ പറഞ്ഞു..അത് അമ്മേ അന്ന് മഹിയേട്ടൻ പോലീസ് സ്റ്റേഷനിൽ ആയപ്പോൾ വല്യേട്ടൻ…. അവൾ മുഴുവൻ ആക്കാതെ നിർത്തി…വല്യേട്ടൻ…. നീ മുഴുവൻ പറയ്.. സാവിത്രിയമ്മ അവളുടെ നേരെ തിരിഞ്ഞ് നിന്ന് അവളെ ഉറ്റുനോക്കികൊണ്ട് പറഞ്ഞു…അല്ല.. വല്യേട്ടൻ അല്ലേ സഹായിച്ചത്.. ഞാൻ എങ്ങനെയാ അതിന്….നീ ഒന്നും ചെയ്യേണ്ട.. ഇനിയെങ്കിലും എന്റെ കുഞ്ഞിനെ കുത്തിനോവിക്കാനും തരം കിട്ടുമ്പോൾ മുഴുവൻ താഴ്ത്തികെട്ടാതെയും ഇരുന്നാൽ മതി.. നിധിയെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ സാവിത്രിയമ്മ പറഞ്ഞു…
അമ്മേ ഞാൻ….വേണ്ട.. ഒരു വിശദീകരണവും വേണ്ട. ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ നീ എന്റെ കുഞ്ഞിനെ കുത്തിനോവിക്കൽ. നിനക്ക് ഒക്കെ വേണ്ടിയാണ് അവൻ അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വച്ചിട്ട് ഈ വക പണിക്ക് ഇറങ്ങിയത്. എന്നിട്ട് അതിന്റെ എന്തേലും ഒരു നന്ദി നിനക്കോ നിന്റെ കുഞ്ഞേട്ടനോ ഉണ്ടോ.. നന്ദി വേണ്ട… എന്റെ കുഞ്ഞിനെ ഒന്ന് കുത്തി നോവിക്കാതെ ഇരുന്നൂടെ.. എത്രയോ തവണ നിന്റെ ഒക്കെ വർത്താനം കേട്ട് അവന്റെ കണ്ണുനിറഞ്ഞു ഞാൻ കണ്ടിരിക്കുന്നു.. അന്നൊക്കെ നീയൊക്കെ എന്റെ മക്കൾ ആണെന്ന് വരെ ചിന്തിക്കാതെ ഞാൻ പ്രാർത്ഥിച്ചുപോയിട്ടുണ്ട് അവനെ സങ്കടപ്പെടുത്തുന്നതിന് നിനക്കൊക്കെ ഒരു തിരിച്ചടി കിട്ടണേ എന്ന്.. ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിൽ കൂടെ കടന്നുപോയപ്പോൾ അല്ലേ നിനക്ക് നിന്റെ കുഞ്ഞേട്ടന്റെ സ്വഭാവം മനസിലായത്. അല്ലായിരുന്നെങ്കിൽ ഇപ്പോഴും നീ അവന്റെ കൂടെ കൂടി എന്റെ അഭിയെ ഓരോന്നും പറഞ്ഞ് പുച്ഛിക്കില്ലായിരുന്നോ… ഇപ്പൊ നിനക്ക് മനസിലായിക്കാണും അല്ലേ നിനക്ക് ഒരു ആവശ്യം വരുമ്പോൾ ആരാ കൂടെ ഉണ്ടാവുക എന്ന്. വന്നു കയറിയ അന്ന് മുതൽ നീ ഓരോന്നും പറഞ്ഞ് വിഷമിപ്പിക്കാൻ നോക്കുന്ന പിയ മോൾടെ അച്ഛൻ വേണ്ടി വന്നില്ലേ ഇപ്പൊ നിന്റെ ഭർത്താവിനെ രക്ഷിക്കാൻ.. മഹിമോൻ നല്ലവനായതുകൊണ്ടാ അല്ലെങ്കിൽ ഞാൻ അവരോട് പറഞ്ഞേനെ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും കയറി ഇടപെടേണ്ട എന്ന്. നീയൊക്കെ തള്ളിക്കളഞ്ഞപ്പോഴും എന്റെ കുഞ്ഞിന് ഒരു മൂത്ത അളിയന്റെ സ്നേഹവും ബഹുമാനവും കൊടുത്തിട്ടുള്ളവൻ ആണ് മഹി. അതാ പിന്നെ ഞാൻ അവരെ തടയാതെ ഇരുന്നത്… സാവിത്രിയമ്മ വികാരക്ഷോഭത്തോടെ പറഞ്ഞു നിർത്തി…
നിധി കരഞ്ഞുകൊണ്ടിരുന്നു. അവൾക്ക് അറിയാമായിരുന്നു അവൾ ഇത്രയും നാൾ ചെയ്യ്തത് മുഴുവൻ തെറ്റുകൾ മാത്രം ആണെന്ന്…അമ്മേ… എന്തിനാ ഈ കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് അവളെ വിഷമിപ്പിക്കുന്നത്… അഭിയുടെ ചോദ്യം കേട്ടപ്പോൾ ആണ് അവർ അടുക്കള വാതിലിനടത്തു നിൽക്കുന്ന അഭിയേയും പിയയേയും ആമിയേയും കാണുന്നത്….അമ്മ പറഞ്ഞതിൽ തെറ്റൊന്നും ഇല്ല വല്യേട്ടാ.. ഞാൻ ഇത്രനാളും ചെയ്യ്തത് മുഴുവൻ തെറ്റാണെന്ന് എനിക്ക് അറിയാം… അഭിയേയും പിയയേയും കണ്ടപ്പോൾ ആദ്യം ഒന്ന് വല്ലാതെ ആയെങ്കിലും നിധി അഭിയോട് സത്യസന്ധമായി പറഞ്ഞു…
നിങ്ങൾ പെരുമാറിയിരുന്ന രീതി എന്നെ വിഷമിപ്പിച്ചില്ല എന്നൊന്നും ഞാൻ പറയില്ല.. അതെല്ലാം എന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്…എനിക്ക് അതൊക്കെ മറക്കാനും പൊറുക്കാനും കുറച്ച് സമയം എടുക്കുമായിരിക്കും പക്ഷേ ഒരിക്കലും ഞാൻ നിങ്ങളെ തള്ളിക്കളയില്ല. എന്തൊക്കെ ആയാലും നിങ്ങൾ എന്റെ കൂടപ്പിറപ്പുകൾ തന്നെ ആണ്. നിങ്ങൾക്ക് ഒരാവശ്യം വരുമ്പോൾ എന്നെക്കൊണ്ട് പറ്റുന്നത് മുഴുവൻ ഞാൻ ചെയ്യും.. അതുകൊണ്ട് ഒരു ക്ഷമ പറച്ചലിന്റെയോ നന്ദി പറച്ചലിന്റെയോ ആവശ്യം ഇല്ല… നീയെന്നും എന്റെ പെങ്ങൾ തന്നെ ആണ്. ഞാൻ മരിക്കുവോളം അതിന് മാറ്റം ഒന്നുമില്ല… അഭി അതും പറഞ്ഞുകൊണ്ട് അവന്റെ റൂമിലേക്ക് പോയി…
നിധി അപ്പോഴും അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു. അനിയത്തി എന്ന സ്ഥാനം അവൾക്ക് അവന്റെ ഉള്ളിൽ ഉണ്ടെങ്കിലും അവർ പറഞ്ഞതും പ്രവൃത്തിച്ചതും എല്ലാം മറക്കാനും പൊറുക്കാനും അവന് സമയം വേണം എന്നുള്ളത് അവൾക്ക് മനസിലായി. അവനെ പറഞ്ഞിട്ടും കാര്യമില്ല അത്രയും ചെയ്തിട്ടും പറഞ്ഞിട്ടുമുണ്ട് താനും കുഞ്ഞേട്ടനും കൂടിയിട്ട്.. അവൾ ആത്മനിന്ദയോടെ ആലോചിച്ചു…പിയ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അഭിയുടെ അടുത്തേക്ക് പോകാനായി തിരിഞ്ഞു.. ഏട്ടത്തി… നിധി വിളിച്ചു…എന്താ അഭിനിധി… പിയ നിധിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…ഏട്ടത്തി.. ഞാൻ ഇത്രയും നാൾ അങ്ങനെ ഒക്കെ പ്രവർത്തിച്ചതിനു എന്നോട് ക്ഷമിക്കണം.. അറിയാം ഞാൻ പറഞ്ഞതൊക്കെ ഏട്ടത്തിയെ വിഷമിപ്പിച്ചിട്ടുണ്ടാവും എന്ന്… അത്..
അങ്ങനെ ഒരു ചിന്ത തനിക്ക് വേണ്ട അഭിനിധി.. കാരണം ഒരിക്കലും എനിക്ക് അടുപ്പമില്ലാത്ത അല്ലെങ്കിൽ എന്നോട് അടുപ്പമില്ലാത്തവർ പറയുന്ന കാര്യങ്ങൾ കേട്ട് ഞാൻ വിഷമിക്കാറില്ല. അതൊന്നും ഒരിക്കലും എന്നെ നോവിക്കാറും ഇല്ല… നിധിയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ പിയ പറഞ്ഞു…പിന്നെ താൻ ഇപ്പോൾ ഈ പറയുന്ന ക്ഷമ ആത്മാർഥമാണെങ്കിൽ അത് എന്നോടല്ല പറയേണ്ടത് നന്ദനോട് ആണ്.. കാരണം നിങ്ങൾ വിഷമിപ്പിച്ചത് അദ്ദേഹത്തെ ആണ്… പിയ പറഞ്ഞു നിർത്തി…
നിധിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ദയനീയമായി പിയയെ നോക്കി..
വിഷമിക്കേണ്ട… ഇന്നല്ലെങ്കിൽ നാളെ നന്ദൻ നിങ്ങളോട് ക്ഷമിക്കും. ആളുടെ മനസ്സിനേറ്റ മുറിവുകൾ കരിഞ്ഞുതുടങ്ങട്ടെ…. നിധിയുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ അവളുടെ തോളിൽ തട്ടി അങ്ങനെ പറഞ്ഞുകൊണ്ട് പിയ അഭിയുടെ അടുത്തേക്ക് പോയി…പിയ റൂമിലേക്ക് ചെല്ലുമ്പോൾ തല കൈയിൽ താങ്ങി കുനിഞ്ഞിരിക്കുന്ന അഭിയെ ആണ് കാണുന്നത്..നന്ദൻ.. പിയ അഭിയുടെ തോളിൽ പിടിച്ചുകൊണ്ട് വിളിച്ചു..പിയയുടെ വിളികേട്ട് തലയുർത്തി നോക്കിയ അഭിയുടെ മുഖത്തേക്ക് നോക്കിയ പിയ ഞെട്ടിപ്പോയി. ആകെ കരഞ്ഞു കലങ്ങിയ പോലെ ഇരിക്കുന്ന കണ്ണുകൾ…എന്താ നന്ദൻ… എന്തുപറ്റി.. എന്തിനാ ഈ കണ്ണ് കലങ്ങിയിരിക്കുന്നത്… നന്ദൻ കരഞ്ഞോ….പിയ അവന്റെ മുഖം കൈകളിൽ എടുത്തുകൊണ്ട് ചോദിച്ചു..
ഏയ്യ്.. ഒന്നും ഇല്ലെടോ.. പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ചപ്പോൾ എന്തോ ഒരു വിഷമം. ഇങ്ങനെ ഒരു അവസ്ഥ വരേണ്ടി വന്നില്ലേ എന്റെ കൂടെപ്പിറപ്പിന് എന്നെ മനസിലാക്കാൻ എന്ന് ആലോചിക്കുമ്പോൾ ആണ് എനിക്ക് സ്വയം പുച്ഛം തോന്നുന്നത്… അച്ഛൻ മരിച്ച് കടം കയറി ജീവിക്കാൻ വേറെ വഴിയില്ലാതെ ആയപ്പോൾ അമ്മ കണ്ടെത്തിയ എളുപ്പമാർഗം ആയിരുന്നു എല്ലാവർക്കും കൂടി മരിക്കാം എന്നുള്ളത്.. പക്ഷേ എനിക്ക് അത് സമ്മതം ആയിരുന്നില്ല… എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വേണ്ടാന്ന് വച്ചാലും സാരമില്ല എന്റെ കൂടെപ്പിറപ്പുകൾ അല്ലലില്ലാതെ കഴിയണം എന്നേ ഉണ്ടായിരുന്നുള്ളൂ… പക്ഷേ അവരൊക്കെ നല്ല നിലയിൽ എത്തിയപ്പോൾ ഈ ചേട്ടൻ അവർക്ക് കുറച്ചിലായി… എന്തോരം അതൊന്നും ആലോചിക്കേണ്ട എന്ന് കരുതിയാലും അതൊക്കെ ഇങ്ങനെ തികട്ടിതികട്ടി വരും… എന്തോ എല്ലാം മറക്കാനും പൊറുക്കാനും ആഗ്രഹം ഉണ്ടെങ്കിലും ഒന്നിനും കഴിയുന്നില്ലെടോ… എന്നാൽ അവരെ തള്ളിക്കളയാനും വയ്യ… അഭി നിസ്സഹായതയോടെ പറഞ്ഞു നിർത്തികൊണ്ട് പിയയെ ചുറ്റിപ്പിടിച്ച് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.. അവന്റെ കണ്ണുകൾ നിറയുന്നത് താൻ കാണാതെ ഇരിക്കാൻ വേണ്ടിയാണ് അത് എന്ന് പിയക്ക് മനസിലായി.. അവൾ അവന്റെ മുടിയിൽ പതിയെ തലോടി…
നന്ദനോട് ആരാ പറഞ്ഞത് എല്ലാം മറക്കാനും പൊറുക്കാനും.. പറഞ്ഞവർക്ക് ആ പറഞ്ഞത് പെട്ടന്ന് മറക്കാൻ കഴിയുമായിരിക്കും പക്ഷേ കേട്ടവർക്ക് അത് മനസ്സിൽ തീർത്ത മുറിവുകൾ ഉണങ്ങാൻ സമയം എടുക്കും.. നന്ദൻ മനസ്സുകൊണ്ട് അവരോട് ക്ഷമിക്കാൻ കഴിയുമ്പോൾ ക്ഷമിച്ചാൽ മതി… അതുവരെ ഒരു വല്യേട്ടന്റെ സ്ഥാനത്ത് നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തുകൊടുത്തോ.. നാളെ ഒരു കാലത്ത് അവർക്ക് ഒരാവശ്യം വന്ന സമയത്ത് അത് ചെയ്തുകൊടുത്തില്ലല്ലോ എന്നൊരു കുറ്റബോധം നന്ദന് വേണ്ട…പിയ പറഞ്ഞു..മ്മ്…. അതിന് അഭി ഒന്ന് മൂളി…
തുടരും……………

by