രചന :അഞ്ചു തങ്കച്ചൻ
രാജു കൂടുതൽ കൂടുതൽ സാന്ദ്രയുടെ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി.
പരിഗണന ഇഷ്ടമില്ലാത്ത പെണ്ണുങ്ങൾ ഇല്ലെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.
എന്നാലും അവളുടെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാതിരിക്കാൻ അയാൾ ശ്രദ്ദിച്ചിരുന്നു.
ഈയിടെയായി അവൾക്ക് തന്നിലേക്കുള്ള ചായ് വ് അയാൾ തിരിച്ചറിയുന്നുണ്ടായിരുന്നു.കിട്ടുമെന്ന് ഉറപ്പായ ഒന്നിനെ ആളുകൾ കൂടുതൽ വകവെച്ചുവെന്ന് വരില്ല. കിട്ടില്ലെന്ന് ഉറപ്പുള്ള ഒന്നിനെ നേടിയെടുക്കാനുള്ള ത്വര എല്ലാവരിലും കാണും.അതുകൊണ്ട് എപ്പോഴും ഇത്തിരി അകലമിട്ടു. എന്നാൽ അവളുടെ എല്ലാകാര്യങ്ങൾക്കും അയാൾ കൂടെ നിന്നു.
ഹോസ്പിറ്റലിൽ എല്ലാവർക്കും അയാളെ വലിയ കാര്യമാണ്.സാന്ദ്രയുടെ മനസ്സിൽ ഇടയ്ക്കിടെ അയാളുടെ മുഖം തെളിഞ്ഞു വരും.അയാളെ കാണുമ്പോൾ ഉള്ളിൽ പേരറിയാത്ത ഒരു വികാരമുടലെടുക്കും.കാർ കഴുകിക്കൊണ്ട് നിൽക്കുകയായിരുന്ന രാജുവിന്റെ അരികിലേക്ക് അവൾ നടന്നു ചെന്നു.അയാൾ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് തന്റെ ജോലി തുടർന്നു.രാജൂ…. അവൾ പതിയെ വിളിച്ചു.എന്താ…?രാജുവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?ആരും ഇല്ല.ആരും ഇല്ലേ?
ഇല്ല.അയാൾ അവളുടെ അടുത്തേക്ക് വന്നു.
അച്ഛൻ എന്നെയും അമ്മയേയും ഉപേക്ഷിച്ചു പോയതാണ്. എനിക്ക് ഒൻപത് വയസുള്ളപ്പോൾ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അയാളോടൊപ്പം അമ്മ പോയി.അമ്മക്ക് ആ ബന്ധത്തിൽ വേറെ കുട്ടികളും ഉണ്ട്.എനിക്ക് മാത്രം ആരുമില്ലാതെയായി.
അപ്പോൾ പഠിച്ചതൊക്കെ എങ്ങനെയാ?ഇരിക്ക് പറയാം, അയാൾ പുൽത്തകിടിയിലെ ഊഞ്ഞാലിൽ ഇരുന്നു.കൂടെ അവളും.അടുത്തുള്ള വീട്ടുകാർക്ക്ഒരുപാട് പശുക്കൾ ഉണ്ട്.പശുവിന് പുല്ല് ചെത്താനും, പശുവിനെ കുളിപ്പിക്കാനും ഒക്കെ ഞാനും കൂടും. അവർ അതിന് പകരം എനിക്ക് വയറു നിറയെ ഭക്ഷണം തരും.
കുറച്ച് വലുതായപ്പോൾ കിട്ടുന്ന എല്ലാ പണിയും ചെയ്യും അങ്ങനെ കിട്ടുന്ന കാശ് കൊണ്ടൊക്കെയാണ് പഠിച്ചത്.അയാളുടെ കണ്ണുകളിൽ കണ്ണുനീർ തിളങ്ങുന്നത് അവൾ കണ്ടു.അവൾക്കു വിഷമം തോന്നി.ഒറ്റയായിരുന്നു ഞാൻ, ആരും എന്നെ സ്നേഹിച്ചിരുന്നില്ല.അയാളുടെ സ്വരമിടറി.
പക്ഷെ അങ്ങനെ തോറ്റു കൊടുക്കുന്ന ഒരാൾ അല്ല കേട്ടോ ഞാൻ. എനിക്കെപ്പോഴും പോസിറ്റീവ് മൈൻഡ് ആണ്. ആരുമില്ലെങ്കിൽ ഒറ്റക്ക് അങ്ങ് ജീവിക്കും അത്ര തന്നെ. അയാൾ ചിരിച്ചു.
എനിക്കും ആരുമില്ല… അവൾ പറഞ്ഞു.അയ്യോ… അങ്ങനൊന്നും പറയല്ലേ, പഠിത്തം കഴിഞ്ഞാൽപ്പിന്നെ ഡോക്ടർ അല്ലേ, അതും സ്വന്തമായി ആശുപത്രിയുള്ള ഒരാൾ. നോക്കിക്കോ ഏതെങ്കിലും ഒരു വലിയ കുടുംബത്തിലെ ഒരു സുന്ദരൻ വന്ന് കൊത്തിക്കൊണ്ട് പോകും ഈ സുന്ദരിയെ…
അയാൾ പറഞ്ഞു.എനിക്ക് ആരെയും വേണ്ട..
ആരെയും?ഒരാളെ വേണം.ആരെ…?ദാ…. ഇയാളെ,അയാളുടെ കൈകൾ എടുത്തവൾ തന്റെ കവിളോട് ചേർത്തു.എനിക്കീ മനുഷ്യനെ മതി.
അയ്യോ എന്തൊക്കെയാ ഈ പറയുന്നത് എനിക്കതിനുള്ള യോഗ്യത ഒന്നും ഇല്ല.
യോഗ്യത ഉണ്ട്. എനിക്ക് ഇയാളെ മതി..
അയാളുടെ കൈകളിൽ അമർത്തിചുംബിച്ചിട്ട് അവൾ പെട്ടന്ന് അകത്തേക്ക് പോയി.അമ്പടീ… നീ അങ്ങനെ എന്റെ വഴിക്ക് വന്നു. അയാൾക്ക് വലിയ സന്തോഷം തോന്നി.ഓഹ് എന്ത് വലിയ നുണയൊക്കെയാണ് വച്ച് കാച്ചിയത്, അച്ഛൻ ഉപേക്ഷിച്ചു പോയെന്നു പറഞ്ഞത് നന്നായി. അച്ഛൻ മോഷണക്കേസിൽ ജയിലിൽ ആണെന്നങ്ങാനും ഇവൾ അറിഞ്ഞാൽ എല്ലാം തീർന്നു.അമ്മ പിന്നെ അധികം പുറത്തേക്കൊന്നും പോകാറില്ല. കോളനിയമ്മിണി എന്ന് പറഞ്ഞാൽ ആയകാലത്ത് ഒരു ഒന്നൊന്നര മുതൽ ആയിരുന്നു. ഒരാണിന്റെ ധൈര്യമുള്ള ആളാണ് അമ്മ.വേണ്ടി വന്നാൽ ഇപ്പോഴും ഒരാളെ തല്ലിഒതുക്കാൻ അമ്മക്ക് പറ്റും.ഇപ്പോൾ വയസായപ്പോൾ ആളൊന്ന് ഇത്തിരി ഒതുങ്ങിയതാണ്.
തന്റെ കുടുംബചരിത്രം ഒന്നും ആരും അറിയാതെ ഇരിക്കാനാണ് തനിക്ക് ആരുമില്ലെന്ന് സാന്ദ്രയോട് പറഞ്ഞത്.ഓഹ്… സാന്ദ്രയെ കാണുമ്പോൾ പിടിച്ചങ്ങു കടിച്ചു തിന്നാൻ തോന്നും.ചോര തൊട്ടെടുക്കാൻ കഴിയുന്ന ആ മുഖഭംഗിയും കൊഴുത്ത ഉടലും കണ്ടാൽ ആർക്കാണ് ഒന്ന് തൊട്ട് നോക്കാൻ തോന്നാത്തത്.അടങ്ങി നിൽക്കുന്നതാണ് താൻ.അവളുടെ കഴുത്തിൽ താലി കെട്ടി അവളെ സ്വന്തമാക്കാൻ ഇനി അധികം താമസമില്ലെന്നു അയാൾക്ക് തോന്നി.
**************
ഗുപ്തൻ ഹോസ്പിറ്റലിൽ നിന്നും അന്ന് നേരത്തെ വന്നു.രാവിലെ മുതൽ ചെറിയൊരു തലവേദന
എന്തെങ്കിലും എമെർജെൻസി ഉണ്ടെങ്കിൽ ഇനി പോയാൽ മതിയല്ലോ, അയാൾ വന്നതും സീതക്കായി വാങ്ങിയ പഴുത്ത പേരക്ക ടേബിളിൽ വച്ചു.
ഓരോ ദിവസവും സീതക്ക് ഓരോ കൊതിയാണ്. ഗൗതമിന് ഇപ്പോൾ അവൾ പറയുന്നത് വാങ്ങി കൊടുക്കലാണ് മെയിൻ പണി.മേടിച്ചു കൊണ്ടുവരുന്നത് സീത കഴിക്കും ഉടനെ ശർദ്ദിച്ചു കളയും.എങ്കിലും അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ അവിടുള്ളവർ ശ്രദ്ദിച്ചു.
അച്ഛനും അമ്മയും അവളെ പൊന്ന് പോലെയാണ് നോക്കുന്നത്.സീത കുറച്ച് ദിവസങ്ങളായി ലീവ് എടുത്തിരിക്കുകയാണ്. അമിതമായ ശർദ്ദിൽ കാരണം അവൾക്ക് വല്ലാത്ത ക്ഷീണമാണ്.
ഗുപ്തൻ ചെറുചൂട് വെള്ളത്തിൽ ഒന്ന് കുളിച്ചിട്ട് , കയറിക്കിടന്നു.സൗദാമിനി ഈയിടെയായി ഗുപ്തനെ വിവാഹത്തിനായി നിർബന്ധിക്കുന്നുണ്ട്.ഗുപ്തനെ പോലെ മിടുക്കനായ ഒരു ഡോക്ടറെ പങ്കാളി ആയി കിട്ടണമെന്ന ആഗ്രഹം ഹോസ്പിറ്റലിൽ തന്നെയുള്ള ചില ലേഡി ഡോക്ടർമാർക്ക് വരെയുണ്ട്.
ഒളിഞ്ഞും തെളിഞ്ഞും അവരത് പലവട്ടം ഗുപ്തനെ അറിയിച്ചതുമാണ്.
പക്ഷെ ഗുപ്തന്റെ മനസ്സിൽ കാർത്തു മാത്രമേയുള്ളൂ…ഇഷ്ടമാണെന്ന് ഒരിക്കൽ പോലും കാർത്തുവിനോട് പറഞ്ഞിട്ടില്ല, അവൾക്കറിയില്ല പ്രാണനെക്കാൾ അധികമായി ഈ ഗുപ്തൻ അവളെ സ്നേഹിച്ചത്.ഒരുപക്ഷെ, പറഞ്ഞില്ലെങ്കിലും അവൾക്കത് അറിയാമായിരുന്നോ? തന്നെ കാണുമ്പോൾ ആ മിഴികൾ തിളങ്ങുന്നത്, കവിളിണകളിൽ നാണം പൊടിയുന്നത്,അതൊക്കെ തന്റെ തോന്നൽ ആയിരിക്കുമോ??
അറിയില്ല…കാർത്തൂ… ഇനി വരുന്ന ജന്മത്തിൽ നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല.
നിന്നെ മാത്രം സ്നേഹിച്ചു സ്നേഹിച്ച്, നമ്മുടെ ഓമനക്കുഞ്ഞുങ്ങളുമായി,ഈ ഭൂമിയിൽ നമുക്ക് ജീവിക്കണം. മഴക്കാലത്ത് ഒരുമിച്ചു നമുക്ക് നനയണം, ആലിപ്പഴങ്ങൾ പങ്കിട്ടു കഴിക്കണം, ഉടലുരുമ്മി ചൂട് പകരണം.എന്റെ പെണ്ണേ… നീയെവിടെയാണ്…അയാൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.ഉറക്കത്തിൽ അയാൾ അവളുടെ മുഖം വ്യക്തമായി കണ്ടു. അവളാകെ പേടിച്ചുവിറക്കുന്നു.നോക്കി നിൽക്കെ, അവൾ പിന്തിരിഞ്ഞു ഓടുകയാണ്…ഓടിയോടി അവൾ എന്തിലോ തട്ടി വീഴുന്നു. ഉരുണ്ടുരുണ്ട് അഗാധതയിലേക്ക് വീണ് അവൾ അപ്രത്യക്ഷമാകുന്നു.ഞെട്ടിത്തരിച്ചയാൾ അലറി വിളിച്ചു….
കാർത്തൂ…..എന്താ എന്താ മോനേ… സൗദാമിനി ഓടി മുറിയിലേക്ക് വന്നു.ഗുപ്തൻ ഭയന്നത് പോലെ ഇരിക്കുന്നു.അവർ അയാളുടെ നെറ്റിയിൽ കൈ വച്ചു നോക്കി. പൊള്ളുന്ന പനി.അയ്യോ… നന്നായി പനിക്കുന്നുണ്ടല്ലോ.മോനേ… നീ സ്വപ്നം വല്ലതും കണ്ടോ?എന്തിനാ കരഞ്ഞത്?എന്തോ സ്വപ്നം കണ്ടു അമ്മേ…അയാൾ പതിയെ എഴുന്നേറ്റു. പനിമാറാനുള്ള ടാബ്ലറ്റ് എടുത്ത് കഴിച്ചു.അമ്മ പൊയ്ക്കോ ഞാൻ ഒന്ന് ഉറങ്ങട്ടെ.അമ്മ അയാളെ പുതപ്പിച്ചു കൊടുത്തിട്ട് പുറത്തേക്കിറങ്ങി.അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അവൻ കാർത്തു എന്ന് വിളിച്ചാണ് കരഞ്ഞത്മരിച്ചു പോയ കാർത്തുവിനെ ഓർത്ത് എത്ര കാലം എന്റെ മകൻ മുന്നോട്ട് ജീവിക്കും?എന്റെ ദൈവമേ… എന്റെ ജീവൻ എടുത്തിട്ട് ആ പെൺകുട്ടിയുടെ ജീവൻ തിരികെ തരാമായിരുന്നില്ലേ നിനക്ക്.അത്ര പാവം ആയിരുന്നില്ലേ ആ പെൺകൊച്ച്…
അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിളിലൂടെ ചാലിട്ടൊഴുകി
*************
തുടരും.
.

by