25/05/2026

ശ്രീനന്ദനം :ഭാഗം 49

രചന:കണ്ണൻ്റെ മാത്രം

പിറ്റേന്ന് ആമിയുടെ വാതിലിൽ മുട്ടിയുള്ള വെപ്രാളം പിടിച്ചുള്ള വിളിയാണ് അഭിയെ ഉണർത്തിയത്.. അവനോട് ചേർന്നുകിടന്നിരുന്ന പിയയും എഴുന്നേറ്റിരുന്നു. രണ്ടുപേർക്കും പരസ്പരം നോക്കാൻ ഒരു ചമ്മൽ തോന്നി. ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിക്കാതെ നടന്നതുകൊണ്ട് എങ്ങനെ ഈ സിറ്റുവേഷൻ ഹാൻഡിൽ ചെയ്യണം എന്ന് രണ്ടാൾക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല.. അപ്പോഴേക്കും പിന്നെയും ആമിയുടെ വിളിവന്നു. അതോടെ അഭി വേഗം ഷർട്ട്‌ എടുത്ത് ഇട്ടു. പിന്നെ പിയയെ ഒന്ന് നോക്കികൊണ്ട്‌ ചോദിച്ചു…

ശ്രീ.. ഓക്കേ അല്ലെടോ.. വേദന ഉണ്ടോ.. അത് ചോദിക്കുമ്പോൾ അവന്റെ ഉള്ളിൽ വേദനകൊണ്ട് ഞെരങ്ങിയ പിയയുടെ മുഖം ആയിരുന്നു…കുഴപ്പമില്ല നന്ദൻ. ഓക്കേ ആണ്… പിയ ഒരു ചിരിയോടെ പറഞ്ഞു…മ്മ്… എങ്കിൽ താൻ ഫ്രഷ് ആയിട്ട് വായോ.. ഞാൻ പുറത്തുണ്ടാവും… അതും പറഞ്ഞുകൊണ്ട് അവൻ പോയി വാതിൽ തുറന്നു…
വാതിൽ തുറന്നതും ആകെ പരിഭ്രാന്തിയോടെ നിൽക്കുന്ന ആമിയെ ആണ് കണ്ടത്…എന്താ മോളെ… എന്താ വല്ലാതെ ഇരിക്കുന്നത്…

ഏട്ടാ… നിധിയേച്ചി വിളിച്ചിരുന്നു.. മഹിയേട്ടനെ എന്തിനോ പോലീസ് പിടിച്ചെന്ന്.. എന്തോ ചീറ്റിംഗ് കേസ് ആണെന്നാ പറഞ്ഞത്. ചേച്ചിക്ക് കരഞ്ഞിട്ട് മുഴുവനായി പറയാൻ കഴിയുന്നുണ്ടായില്ല….ചീറ്റിംഗ് കേസോ.. എന്ത്‌ ചീറ്റിംഗ്.. അഭി അത് ചോദിക്കുന്ന സമയത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്.. അവൻ നോക്കിയപ്പോൾ നിധി ആണ്…എന്താ നിധി…. ഫോൺ എടുത്തതും അഭി ചോദിച്ചു…
ഏട്ടാ.. എന്റെ മഹിയേട്ടൻ.. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..നീ ആദ്യം കരച്ചിൽ നിർത്ത്… എന്നിട്ട് എന്താ സംഭവം എന്ന് വ്യക്തമായി പറയ്.. അല്ലെങ്കിൽ മഹിയുടെ അച്ഛൻ അവിടെ ഉണ്ടെങ്കിൽ കൊടുക്ക്…

ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാം ഏട്ടാ.. എനിക്ക് ഒന്നും വ്യക്തമായി അറിയില്ല… നിധി അതും പറഞ്ഞുകൊണ്ട് ഫോൺ പ്രസാദിന്റെ (മഹിയുടെ അച്ഛൻ ) കൈയിൽ കൊടുത്തു..എന്താ അങ്കിൾ പ്രശ്നം… അയാൾ ഹലോ പറഞ്ഞതും അഭി ചോദിച്ചു..എനിക്ക് ഒന്നും അറിയില്ല മോനേ. ഏതോ ചെക്ക് ഇവൻ കൊടുത്തത് ബൗൺസ് ആയി എന്നാ ആ പോലീസുകാർ പറഞ്ഞത്… അപ്പൊ മറ്റേ ടീം അത് കേസ് ആക്കി എന്നാ അറിഞ്ഞത്., വേറെ ഡീറ്റൈസ് ഒന്നും അറിയില്ല മോനേ.. എന്തെങ്കിലും വഴിയുണ്ടോ മോനേ അവനെ രക്ഷപ്പെടുത്താൻ… എനിക്ക് ഒന്നിനും വയ്യാത്ത പോലെ തോന്നുന്നു..ഹേയ് ഇങ്ങനെ ടെൻഷൻ ആവല്ലേ അങ്കിൾ. നമുക്ക് വഴി ഉണ്ടാക്കാം. ആദ്യം ഞാൻ അവനെ ചെന്നൊന്നു കാണട്ടെ.. എന്നിട്ട് എന്താ വേണ്ടത് എന്ന് നോക്കാം… അഭി അതും പറഞ്ഞ് ഫോൺ വച്ചു..

എന്താ നന്ദൻ പ്രശ്നം… ഫ്രഷ് ആയി വന്ന പിയ അന്വേഷിച്ചു…മഹിയെ എന്തോ ചീറ്റിംഗ് കേസിന് പോലീസ് പിടിച്ചെന്ന്. എന്തോ ചെക്ക് ബൗൺസ് ചെയ്തതാണെന്നാണ് പ്രസാദ് അങ്കിൾ പറഞ്ഞത്… ഞാൻ ഒന്ന് പോയി അന്വേഷിക്കട്ടെ.. അവിടത്തെ സ്റ്റേഷനിലേക്ക് ആകും പോയിട്ടുണ്ടാകുക… അഭി പിയയോടായി പറഞ്ഞു..നന്ദാ രുദ്രേട്ടനെ ഒന്ന് വിളിച്ചിട്ട് പൊക്കോ.. അപ്പൊ ആള് ഒന്ന് പറഞ്ഞിട്ടോളും.. പിയ പറഞ്ഞു..അത് ഞാൻ വിചാരിച്ചിട്ടുണ്ട് ശ്രീ.. ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ.. വിച്ചൂവിനേം ഒന്ന് വിളിക്കണം… അഭി അതും പറഞ്ഞുകൊണ്ട് തോർത്തും എടുത്ത് പുറത്തേക്ക് പോയി…മോനേ.. മഹിമോൻ… യാത്രയായി വന്ന അഭിയെ കണ്ടതും സാവിത്രിയമ്മ പറഞ്ഞു…

ഒന്നൂല്ല അമ്മേ.. ഞാനൊന്ന് പോയി നോക്കട്ടെ…വിഷമിക്കണ്ട….അഭി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും വിച്ചു കാറും കൊണ്ട് അങ്ങോട്ട് വന്നിരുന്നു.. അഭി കയറിയതും അവർ സ്റ്റേഷൻ ലക്ഷ്യമിട്ട് പാഞ്ഞു…
അഭി സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഓഫീസറെ കണ്ടു. പേര് പരിചയപ്പെടുത്തിയപ്പോൾ തന്നെ അവർക്ക് മനസിലായി ഇതാണ് രുദ്രൻ സാർ പറഞ്ഞിട്ട് വരുന്ന ആളെന്ന്..എന്താ സാർ കേസ്.. എന്താ അവസ്ഥ ഇപ്പൊ.. സ്റ്റേഷൻ ബൈയിൽ കിട്ടില്ലേ.. അഭി ചോദിച്ചു…

സ്റ്റേഷൻ ബൈയിൽ കിട്ടും. അതിന് വേണ്ട പേപ്പേഴ്സ് കൊണ്ട് വന്നിട്ടുണ്ടായാൽ മതി. പിന്നെ കേസ്.. ക്രിമിനൽ കേസ് ആണ്.. ഇയാള് കൊടുത്ത ചെക്ക് എന്തോ ബൗൺസ് ആയതാണ്. അവർ അത് ചീറ്റിംഗ് കേസ് എന്ന നിലയിൽ ആക്കി.. ആ പൈസ പെട്ടന്ന് കൊടുക്കുകയാണെങ്കിൽ കേസ് അവിടെ അവസാനിക്കും. വൈകിയാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ പറ്റി എന്ന് വരില്ല. രുദ്രൻ സാർ വിളിച്ചപ്പോഴും ഞാൻ ഇത് തന്നെ ആണ് പറഞ്ഞത്…മ്മ്.. എനിക്ക് ഒന്ന് മഹിയെ കാണാൻ പറ്റുമോ…അതിനെന്താ.. ഞാൻ കോൺസ്റ്റബ്ലിനെ വിളിക്കാം എന്നും പറഞ്ഞ് അയാൾ ഒരു കോൺസ്റ്റബിലിനെ വിളിച്ച് ഞങ്ങളെ മഹിയുടെ അടുത്തേക്ക് ആക്കികൊടുക്കാൻ പറഞ്ഞു…

ഡോ… കോൺസ്റ്റബിൾ വിളിച്ചതും സെല്ലിൽ ഒരു മൂലയിലായി തലയും കുമ്പിട്ടിരുന്നിരുന്ന മഹി തലയുർത്തി നോക്കിയതും അവിടെ നിൽക്കുന്ന അഭിയേയും വിച്ചുവിനെയും കണ്ടത്.. അവൻ വേഗം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് വന്നു…അളിയാ… മഹി വിളിച്ചു..എന്താ മഹി സംഭവം.. ആർക്കും ഒന്നും കൃത്യമായിട്ട് അറിയില്ലല്ലോ…അത് അളിയാ.. ഞാൻ നമ്മുടെ ഒരു ക്ലയന്റിന് കുറച്ച് കാശ് കൊടുക്കാൻ ഉണ്ടായിരുന്നു. ഞാൻ ചെക്ക് കൊടുക്കുമ്പോൾ പറഞ്ഞതാണ് ഡേറ്റ് ഇടാത്ത ചെക്ക് ആണ് അക്കൗണ്ടിൽ പൈസ ആയതിനു ശേഷം ഞാൻ വിളിച്ചുപറയാം എന്നിട്ട് അത് ബാങ്കിൽ കൊടുത്താൽ മതി എന്ന്.. അവർ അത് സമ്മതിച്ചതും ആണ്. അത്രേം അടുപ്പം ആയിരുന്നു ഞങ്ങൾ തമ്മിൽ. പിന്നെ എന്തിന് അവർ എന്നോട് ഇങ്ങനെ ഒരു ചതി ചെയ്യ്തു എന്ന് മനസിലാകുന്നില്ല..

ഇനിയിപ്പോ എന്താ തീരുമാനം. പൈസ സെറ്റ് ആയിട്ടുണ്ടോ.. കോർട്ട് പ്രൊസീജിയർ ഒക്കെ സ്റ്റാർട്ട്‌ ആവുന്നതിന് മുൻപ് ക്യാഷ് കൊടുത്താൽ കേസ് അസാധു ആവും…പൈസ സെറ്റ് ആയിട്ടില്ല അളിയാ. ബിസിനസ്‌ കുറച്ച് നഷ്ടത്തിൽ ആണ് ഇപ്പൊ. എനിക്ക് പൈസ കിട്ടാൻ ഉണ്ട്. അവർ ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്. അത് കിട്ടിയാൽ കൊടുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ ഇത്ര പെട്ടന്ന്.. മഹി ഒരു വഴിയും ഇല്ലാതെ നിന്നു..മ്മ്.. എത്ര എമൗണ്ട് ആണ്.. അഭി ചോദിച്ചു.ഒന്നര കോടി…

ഒന്നര കോടിയോ.. ഇത്രയും വലിയ എമൗണ്ട്.. അഭി ടെൻഷനോടെ പറഞ്ഞു..അവനും ഇത്രയും വലിയ ഒരു എമൗണ്ട് എങ്ങനെ ഒപ്പിക്കും എന്ന് ഒരെത്തും പിടിയും ഉണ്ടായില്ല.. പിന്നെ പെട്ടന്നാണ് ജിത്തുവിന്റെ കാര്യം ഓർമവന്നത്. അവൻ വിചാരിച്ചാൽ ഈ എമൗണ്ട്സംഘടിപ്പിക്കാൻ പറ്റുമായിരിക്കും എന്ന് അഭിക്ക് തോന്നി. അവൻ വേഗം ഫോൺ എടുത്ത് നിധിയെ വിളിച്ചു…ഏട്ടാ… മഹിയേട്ടൻ.. ഫോൺ എടുത്തതും നിധി ചോദിച്ചു..

അവന് കുഴപ്പം ഒന്നുമില്ല.. ഞാൻ വിളിച്ചത് കുറച്ച് ഫണ്ട്‌ റൈസ് ചെയ്യണം ഈ കേസിൽ നിന്ന് ഊരിപോരാൻ നീ ജിത്തുവിനെ വിളിച്ച് അവന് കുറച്ച് സഹായിക്കാൻ പറ്റുമോ എന്ന് ചോദിക്ക്.. എനിക്ക് പറ്റുന്നത് ഞാനും നോക്കാം…കുഞ്ഞേട്ടൻ ഒന്നും ചെയ്യില്ല ഏട്ടാ.. ഞാൻ മഹിയേട്ടനെ പോലീസ് കൊണ്ട് പോയപ്പോൾ വിളിച്ചതാണ് കുഞ്ഞേട്ടനെ. അപ്പൊ എന്നോട് പറഞ്ഞത് ആൾക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല എന്നാണ്.. അങ്ങനെ ഉള്ള ആൾ…. നിധി മുഴുവനാക്കാതെ നിർത്തി..

എന്ത് പറ്റി.. നീയും നിന്റെ കുഞ്ഞേട്ടനും ഒരു സെറ്റ് ആയിരുന്നുലോ.. എന്നിട്ട് ഇപ്പൊ എന്ത് പറ്റി… എത്ര വേണ്ട എന്ന് വച്ചിട്ടും അഭിയുടെ വാക്കുകളിൽ പുച്ഛം കലർന്നു..വല്യേട്ടാ… ഞാൻ…മ്മ്.. നീ വെച്ചോ.. ഞാൻ വേറെ എന്തേലും വഴി നോക്കട്ടെ… അഭി പറഞ്ഞുകൊണ്ട് ഫോൺ വച്ചു..

മഹി എന്തായാലും സ്റ്റേഷൻ ബൈയിൽ കിട്ടിയിട്ടുണ്ട്. ഫണ്ട്‌ നമുക്ക് എങ്ങനെയും സംഘടിപ്പിക്കണം. അല്ലെങ്കിൽ പ്രശ്നമാവും… അഭി മഹിയോടായി പറഞ്ഞു..

എനിക്ക് അറിയില്ല അളിയാ. ഇത്രയും വലിയ ഒരു എമൗണ്ട് ഈ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ഒപ്പിക്കും എന്ന് ഒരുപിടിയും ഇല്ല…മഹി നിരാശയോടെ പറഞ്ഞു..

ഹേയ് താൻ ഡെസ്പ് ആകല്ലേ നമുക്ക് എന്തേലും വഴി കണ്ടെത്താം.. ആദ്യം നമുക്ക് ഇവിടെ നിന്ന് ഇറങ്ങാം അല്ലേ അഭി.. വിച്ചു ചോദിച്ചു…

മ്മ്… അതാണ് നല്ലത്. ഞാൻ ഓഫീസർനോട് സംസാരിച്ച് വരാം.. എന്നും പറഞ്ഞ് അഭി അങ്ങോട്ട് പോയി… സ്റ്റേഷനിലെ പ്രോസീജിയർ എല്ലാം കഴിഞ്ഞ് അരമണിക്കൂറിൽ അവർ വീട്ടിലേക്ക് പുറപ്പെട്ടു… നേരെ മഹിയുടെ വീട്ടിലേക്ക് ആണ് പോയത്..

മഹിയെ കണ്ടതും നിധി അവനെ കെട്ടിപിടിച്ച് കരഞ്ഞു. അവന്റെ അച്ഛനും അമ്മയും അവനെ തൊട്ടുഴിഞ്ഞു നിന്നു..

നിധി കരയല്ലേ.. ഞാൻ വന്നില്ലേ.. അവൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് അവന്റെ അമ്മയെയും ചേർത്തുപിടിച്ചു…

കുറച്ചുനേരം എടുത്തു എല്ലാവരും ഒന്ന് ഓക്കേ ആവാൻ… അപ്പോഴേക്കും മഹി നടന്നത് മുഴുവൻ അവരോട് പറഞ്ഞിരുന്നു. അതോടെ എല്ലാവരും ഇനിയെന്ത് ചെയ്യും എന്ന് ആലോചനയോടെ ഇരുന്നു..

മോനേ.. എന്റെ കൈയിൽ ഉള്ള സ്വർണം മുഴുവൻ എടുത്തോ… മഹിയുടെ അമ്മ പറഞ്ഞു..

എന്റെ കൈയിൽ ഉള്ളതും എടുക്കാം മഹിയേട്ടാ.. നിധിയും പറഞ്ഞു..

അതുകൊണ്ടൊന്നും ഒന്നും ആവില്ല നിധി.. ഒന്നോ രണ്ടോ ലക്ഷം അല്ല ഒന്നര കോടി ആണ്… മഹി നിരാശയോടെ പറഞ്ഞു..

ഞാൻ കുഞ്ഞേട്ടനെ ഒന്നുകൂടി വിളിച്ച് നോക്കട്ടെ… നിധി മഹിയോട് ചോദിച്ചു..

എന്തിന്.. അവൻ സഹായിക്കാൻ പോകുന്നില്ല എന്ന് ഉറപ്പല്ലേ. പണ്ടേ ഞാൻ നിന്നോട് പറയാറില്ലേ നിനക്ക് ഒരു ആവശ്യം വന്നാൽ വല്യളിയനെ ഉണ്ടാകു എന്ന്. അപ്പൊ അവൾക്ക് അളിയനെ ഒരു വിലയും ഇല്ല കാശുള്ള കുഞ്ഞേട്ടനെ മതി. ഇപ്പൊ മനസിലായില്ലേ നന്നായിട്ട്… മഹി നിധിയെ നോക്കികൊണ്ട്‌ ചോദിച്ചു..
നിധിയുടെ തല കുനിഞ്ഞു..

അത് വിടു മഹി.. ഇപ്പൊ അങ്ങനെ ഒക്കെ എന്തിനാ പറയുന്നത്.. അഭി വല്ലായ്മയോടെ പറഞ്ഞു..

പറയണം അളിയാ.. ഇവളോട് ആദ്യം മുതലേ ഞാൻ പറയാറുണ്ട് ഇങ്ങനെ കാശിന്റെ അളവുകോലിൽ ആൾക്കാരെ അളക്കാതെ അവരുടെ സ്വഭാവം നോക്കി അളക്കാൻ. എനിക്ക് പണ്ടേ അറിയാമായിരുന്നു ഞങ്ങൾക്ക് എന്നേലും എന്തേലും ആവശ്യം വന്നാൽ വല്യളിയനെ ഉണ്ടാവു എന്ന്. അപ്പൊ അവൾക്ക് പുച്ഛം. കുറേ പ്രാവശ്യം പറഞ്ഞിട്ടും അവൾ മനസിലാക്കാതെ നിന്നപ്പോ ഞാൻ വിട്ടു എന്നേലും അനുഭവം ഉണ്ടാവുമ്പോ അവൾക്ക് മനസിലാകും എന്ന്. ഇപ്പൊ പിടികിട്ടികാണും അവൾക്ക് നന്നായിട്ട് അല്ലേടി.. മഹി നിധിയെ നോക്കികൊണ്ട്‌ ചോദിച്ചു.

അതിന് നിധി തല ഉയർത്താതെ തന്നെ ഒന്ന് മൂളി..

അത് വിട്ടുകള മഹി.. നമുക്ക് ഇനി എന്താ ചെയ്യേണ്ടേ എന്ന് ആലോചിക്കാം.. എത്രയും പെട്ടന്ന് ആ പൈസ കൊടുത്തില്ലെങ്കിൽ പ്രശ്നം ആവും. പിന്നെ നമ്മുടെ കൈയിൽ നിൽക്കില്ല കാര്യങ്ങൾ…
അഭി ഗൗരവത്തോടെ പറഞ്ഞു..

ഒരു പത്തോ ഇരുപതോ ലക്ഷം ഒക്കെ എന്നെകൊണ്ട് പറ്റും അഭി.. പക്ഷേ ബാക്കിക്ക് എന്ത് ചെയ്യും.. വിച്ചു ചോദിച്ചു..

അതിന് അഭി ആലോചനയോടെ ഇരിക്കുന്ന നേരത്താണ് പപ്പന്റെ കാൾ അഭിക്ക് വരുന്നത്..

എന്താ മോനേ പ്രശ്നം.. മുത്ത്‌ പറഞ്ഞല്ലോ മഹിയുടെ ഇഷ്യൂ… എന്തായി കാര്യങ്ങൾ… അഭി ഫോൺ എടുത്തതും പപ്പൻ ചോദിച്ചു..

അത് അച്ഛാ…. അഭി അയാളോട് ഉണ്ടായ കാര്യങ്ങൾ മുഴുവൻ പറഞ്ഞു…

ഇപ്പൊ എന്താ പ്രശ്നം ഒന്നരകോടി രൂപ അല്ലേ വേണ്ടത് മോൻ എവിടെ ഉള്ളത് എന്ന് പറയ് ഞാൻ ചെക്ക് കൊണ്ട് വരാം. അത് കൊടുത്താൽ മതി… പപ്പൻ പറഞ്ഞു..

അച്ഛാ.. അത്.. അഭിക്ക് ആകെ ഒരു വല്ലായ്മ തോന്നി..

എന്തിനാ മോനേ ഇത്ര വിമുഖത.. എന്റെ മോൻ അല്ലേ നീ. നിനക്ക് എന്തേലും ബുദ്ധിമുട്ട് വന്നാൽ ഞാൻ അല്ലാതെ മാറ്റാരാണ് സഹായിക്കാൻ ഉള്ളത്. അതുമാത്രം അല്ല ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ നിങ്ങൾക്ക് ഉള്ളത് തന്നെ അല്ലേ… അഭിയുടെ വല്ലായ്മ മനസിലാക്കികൊണ്ട് പപ്പൻ പറഞ്ഞു..

പക്ഷേ അച്ഛാ…

ഒരു പക്ഷേയും ഇല്ല നീ ആ ലൊക്കേഷൻ വിട് ഞാൻ അങ്ങോട്ട് വരാം. പിന്നെ ഇത് വെറുതെ തരുന്നത് ഒന്നും അല്ലല്ലോ. കടമായിട്ട് കൊടുത്താൽ മതി അവർക്ക്. അവരുടെ ഫണ്ട്‌ റെഡി ആകുമ്പോൾ അവർ അത് തിരിച്ച് മോന് തന്നോട്ടെ…

മ്മ്… അച്ഛൻ ഇങ്ങോട്ട് വരണ്ട അച്ഛാ.. ഞങ്ങൾ അങ്ങോട്ട് വരാം അവിടെ നിന്ന് നേരെ കേസ് കൊടുത്തവന് അത് കൊണ്ട് കൊടുക്കാമല്ലോ…

മ്മ്.. അത് നല്ലതാണ്. പക്ഷേ മോനേ ബിസിനസ്സിൽ വാക്ക് കൊണ്ടുള്ള ഉറപ്പിന് ഒരു വിലയും ഇല്ല അതുകൊണ്ട് എല്ലാം മുദ്രപേപ്പർ വഴി ആയിക്കോട്ടെ. ആ കേസ് കൊടുത്തവന് ചെക്ക് കൊടുക്കുമ്പോൾ അത് കൈപറ്റി എന്നുള്ളത് എഴുതി വാങ്ങണം. അതിന് വേണ്ട പേപ്പറുകൾ കൊണ്ട് പോകണം കേട്ടോ…

ശരി അച്ഛാ.. ഞങ്ങൾ ഒരു മണിക്കൂറിൽ അങ്ങോട്ട് എത്താം.. അഭി അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചു..

തുടരും…