22/04/2026

അനുരാഗി- ഭാഗം 8

രചന: ആയിഷ അക്ബർ

ട്രെയിനിൽ നിന്നിറങ്ങിയിട്ടും അഞ്ജുവിനെ എങ്ങനെ കണ്ട് പിടിക്കുമെന്നത് അവളിലൊരു ആശങ്കയുണ്ടാക്കിയിരുന്നു…….ചുവരിൽ തൂക്കിയ ആ ഫോട്ടോ താൻ കണ്ടതാണെങ്കിലും മനസ്സ് ആ മുഖത്തെ ഓർമിക്കുന്നില്ല…..ഇനി അവൾ തന്നെ കൂട്ടാൻ വന്നിട്ടില്ലെങ്കിലോ……ഇല്ലെങ്കിലും അവളുടെ ഡേ കെയറിന്റെ അഡ്രെസ്സ് തന്റെ കയ്യിലുണ്ടല്ലോ…
ട്രെയിനിൽ നിന്നിറങ്ങിയവർ കൂട്ടമായി കയറുന്ന ആ കോണിപ്പടികൾ അവളും കയറി……..റെയിൽ വേ സ്റ്റേഷന്റെ മെയിൻ എൻട്രൻസിലെത്തിയപ്പോഴാണ് ഒരു ബോർഡ് തന്റെ കണ്ണുകളിലുടക്കിയത്….

വെൽകം വേദ……അവൾ ബോർഡ്‌ ഉയർത്തി പ്പിടിച്ച ആളിലേക്കൊന്ന് നോക്കി…..അതേ…..
അഞ്ചു ഇത് തന്നെ……ആ ഫോട്ടോ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു……വേദ പതിയെ അവൾക്കടുത്തേക്ക് നടന്നു……..വേദാ……
അഞ്ചുവിനരികിലെത്തി അവളത് പറഞ്ഞതും അഞ്ചു അവളെയൊരു നിമിഷം നോക്കി നിന്നു പോയിരുന്നു…….ഇത്രയേറെ സൗന്ദര്യം വരുന്ന ആൾക് പ്രതീക്ഷിച്ചിട്ടില്ലെന്ന പോൽ…..
കൂടെയുണ്ടായിരുന്ന ആൻസി അഞ്ജുവിന്റെ കയ്യിലൊന്നമർത്തിയതും കയ്യിലെ ബോർഡ് മാറ്റി വെച്ച് അഞ്ചു അവൾക്ക് നേരെ കൈ നീട്ടി…
അഞ്ചു…..വേദയും ഒരു പുഞ്ചിരിയോടെ അവൾക്ക് കൈ കൊടുത്തു…….അഞ്ചു അമ്മയെ പോലെയല്ല…..ഇരു നിറത്തിൽ നല്ല ഭംഗിയുള്ളൊരു മുഖം……മുടി എല്ലാം കൂടി പിറകിലേക്ക് ചുറ്റി കെട്ടി വെച്ചിട്ടുണ്ട്……ഒരു ചുരിദാറാണ് വേഷം…..വേദാ…ഇത് ആൻസി….

അഞ്ചു ആൻസിയെ അവൾക്ക് പരിചയപ്പെടുത്തിയതും അവളൊന്നു പുഞ്ചിരിച്ചു….
റെയിൽ വെ സ്റ്റേഷനിൽ നിന്നൊരു ഓട്ടോ പിടിച്ചു അവർ വീട്ടിലേക്ക് പോകും വഴി അഞ്ചു വും ആൻസിയും പലതും അവളോട്
ചോദിക്കുന്നുണ്ടായിരുന്നെങ്കിൽ കൂടി ചുരുങ്ങിയ വാക്കുകളിൽ അവൾ മറുപടിയെ ഒതുക്കി……
അഞ്ചു അവളെ ഒന്ന് കൂടി ശ്രദ്ധിച്ചു……
വല്ലാത്ത ഭംഗിയുള്ളൊരു കുഞ്ഞു മുഖം…….
ഒട്ടും കനമില്ലാതെ പാറി കളിക്കുന്ന മുടിയിഴകൾ……ഇടയ്ക്കിടെ കൂട്ടി പിടിക്കുന്ന അവളുടെ നീളൻ വിരലുകൾക്ക് പോലും വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു……ഒരു ഗ്രേ കളർ സാരിയാണ് വേഷം…….ഉടുത് ശീലമുള്ള ആളെ പ്പോലെ സാരിയുടെ ഓരോ തുമ്പും അവളിൽ അത്ര മേൽ ഒതുങ്ങി നിൽക്കുന്നുണ്ട്…..

വലിയ വിടർന്ന ഭംഗിയുള്ള കണ്ണുകളാണെങ്കിലും അവക്ക് ചുറ്റും അല്പം കറുപ്പ് പടർന്നത് പോലെ…..
മനസ്സിലെ ഭാരം കൊണ്ടോ എന്തോ ആ കണ്ണുകളിലെ തിളക്കം വറ്റിയിട്ടുണ്ട്…..വരഞ്ഞു വെച്ചത് പോലെയുള്ള ആ അധരങ്ങൾ പുഞ്ചിരിയെ കൂട്ട് പിടിക്കാൻ അങ്ങേയറ്റം മടിക്കുന്നത് പോലെ…..
വേദക്ക് ഞങ്ങളുടെ സംസാരം
ബുദ്ധിമുട്ടാകുന്നുണ്ടോ…..അഞ്ചു അത് ചോദിച്ചതും അവളൊരു ചിന്തകളിൽ നിന്നെന്ന പോൽ ഞെട്ടിയുണർന്ന് കൊണ്ട് ഇല്ലെന്ന് തലയാട്ടി….
അവളുടെ മനസ്സ് മുഴുവൻ മറ്റെവിടെയോ ആണെന്ന് അഞ്ജുവിന് മനസ്സിലായിരുന്നു…….അൽപ ദൂരം സഞ്ചരിച്ചു അവരെത്തി നിന്നത് ഒരു കുഞ്ഞു വീടിന്റെ മുമ്പിലായിരുന്നു…..

അതിനോട് ചേർന്നെന്ന പോൽ കാണുന്ന ഒരു വീടിനകത്തേക്ക് പോയി അഞ്ചു താക്കോൽ വാങ്ങി വന്നു കൊണ്ട് വാതിൽ തുറന്നു……വാ…. കയറ്…..അഞ്ചു വിളിച്ചതും വേദ പതിയെ അകത്തേക്ക് കയറി……ക്വാർട്ടേഴ്‌സ് പോലെ തോന്നിക്കുന്ന രണ്ട് മുറികളുള്ള ഒരു വീടാണത്..
കയറി ചെല്ലുന്ന ഒരു ഹാളും ഒരു അടുക്കളയും ബാത്രൂമുമുണ്ട്….സൗകര്യം അല്പം കുറവാണ്……
ബാഗ് ആ മുറിയിലേക്ക് വെച്ചോ…അഞ്ചുവത് പറഞ്ഞതും അവളാ മുറിയിലേക്ക് കടന്നു……
രണ്ട് പേർക്ക്  കിടക്കാൻ വലിപ്പമുള്ളൊരു കട്ടിലുണ്ടാ മുറിയിൽ…..താനൊന്ന് കുളിച് ഫ്രഷ് ആയി വാ…..നമുക്കെന്തെങ്കിലും കഴിക്കാം……

എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ നിൽക്കുന്ന അവളോട് തോളിലൊന്നു തട്ടി അഞ്ചുവത് പറഞ്ഞതും അവളുടെ മുഖത്തെ പരിഭ്രമം എന്തിനെന്ന് അഞ്ജുവിന് മനസ്സിലായിരുന്നില്ല….തോർത്തും സോപ്പുമെല്ലാം കുളി മുറിയിലുണ്ട്….ഉടുത് മാറ്റാൻ തന്റെ ബാഗിലുണ്ടല്ലോ അല്ലെ….അഞ്ചുവത് ചോദിച്ചതും വേദ പതിയെ ഇല്ലെന്ന് തലയാട്ടി….
അവളുടെ മുഖത്ത് നിസ്സഹായത നിറഞ്ഞു നിന്നു…….ഉടുത് മാറ്റാൻ കൂടി ഒന്നുമില്ലാതെയാണ് താൻ വന്നിട്ടുള്ളതെന്ന തന്റെ അവസ്ഥയിൽ അവൾക്ക് വല്ലാത്തൊരു നാണക്കേട് തോന്നി……
അത് കുഴപ്പമില്ല…….ദേ ആ പെട്ടിയിൽ എന്റെ ചുരിദാറുകളാണ്…വേദക്ക് സാരിയാണ് ശീലമെങ്കിൽ നീലിമ യുടെ സാരിയെടുത് തരാം……

ഏയ് വേണ്ടാ..അഞ്ചു വളരേ നിസ്സാരമായി അത് പറഞ്ഞു നിർത്തിയതും വേദ പെട്ടെന്നാണത് പറഞ്ഞത്……..എങ്കി ശെരി…. പോയി കുളിച്ചു വാ…… അവളുടെ ബാഗിൽ നിന്നൊരു ചുരിദാറെടുത് വേദക്ക് നേരെ നീട്ടിയതും പറഞ്ഞു കൊണ്ട് അഞ്ചു പുറത്തേക്ക് പോയതും വേദയുടെ മനസ്സ് അല്പം തണുത് തുടങ്ങിയിരുന്നു..തീർത്തും അപരിചിതരായ ആളുകളുടെ അടുത്തെത്തിയിട്ടും അത്ര മേൽ പരിചയക്കാരെ പോലെ അവർ തന്നോട് പെരുമാറുന്നതിൽ മനസ്സ് വല്ലാത്ത ആശ്വാസം കണ്ടെത്തുന്നുണ്ട്……അഞ്ജുവും അമ്മയെ പോലെയാണ്….അത്ര മേൽ സ്നേഹമുള്ളവൾ..
വേദ പതിയെ കുളി മുറിയിലേക്ക് കയറി….
എവിടെ….. കാണട്ടെ അഞ്ചുന്റെ അമ്മേടെ ദത്തു പുത്രിയെ…..നീലിമ അതും പറഞ്ഞു അകത്തേക്ക് വരുമ്പോൾ കാണുന്നത് കുളിച്ചിറങ്ങുന്ന വേദയെ യായിരുന്നു……ഒരു നിമിഷം അവളും ഒന്ന് നോക്കി നിന്നു പോയി….

അഞ്ജുവിന്റെ കടും കാപ്പി നിറമുള്ള ആ ചുരിദാർ അവൾ നാന്നായി ചേരുന്നുണ്ടായിരുന്നു …ആഹാ…. സുന്ദരിയാണല്ലോ…..നീലിമ അത് പറഞ്ഞതും അഞ്ജുവും ആൻസിയും ചിരിച്ചിരുന്നു…
വേദ അപ്പോഴും അങ്ങനെ നിന്നു….അവരോടൊപ്പം ഒന്ന് പുഞ്ചിരിക്കണമെന്നുണ്ട്….പക്ഷെ…..എന്തോ അധരങ്ങൾക്ക് പുഞ്ചിരിയോടൊരു വിമുഖതയാണ്…….വേദാ… ഇത് നീലിമ ….
ഞങ്ങള് മൂന്ന് പേരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്….ഒരാള് കൂടിയുണ്ട് ഷഹന….
അവള് നാട്ടിലേക്ക് പോയിരിക്കയാണ്‌……
അഞ്ചുവത് പറയുമ്പോൾ വേദക്ക് എല്ലാവരേം കുറിച്ചും ഒരു ചിത്രം ലഭിച്ചിരുന്നു…….. ആളെന്താ മിണ്ടുകേം ചിരിക്കുകയൊന്നുമില്ലെടി..മുറിയിൽ നിന്നിറങ്ങി കഴിഞ്ഞ് അടക്കി പിടിച്ചു കൊണ്ടാണ് നീലിമയത് ചോദിച്ചത്……എന്തൊക്കെയോ പ്രയാസത്തിൽ നിന്നാണ് അവൾ വരുന്നത് എന്നാണ് അമ്മ പറഞ്ഞത്…..
അത് കൊണ്ടാവാം….

എന്താ പ്രശ്നം…. നമ്മളെക്കാൾ വലിയ പ്രശ്‌നങ്ങളുള്ളവരുമുണ്ടോ അപ്പൊ …..അഞ്ചു പറഞ്ഞതിന് ആൻസി ആത്മനിന്ദ യോടെ അതും പറഞ്ഞോന്നു ചിരിച്ചു….എന്താണെന്നൊന്നും ഞാൻ ചോദിച്ചില്ല…അമ്മ പറഞ്ഞതുമില്ല….. ഒന്നും ചോദിച്ചു അതിനെ പ്രയാസപ്പെടുത്തരുതെന്ന് മാത്രം പറഞ്ഞു……അഞ്ചു അത് പറഞ്ഞതും പിന്നീടാരും ഒന്നും പറഞ്ഞില്ല…….എല്ലാവരും ഫ്രഷ് ആയി വന്നു കഴിഞ്ഞ് അവരോരുമിച് ഭക്ഷണം കഴിച്ചു……വേദക്ക് അവരോട് മാനസികമായി അല്പം അടുപ്പം തോന്നിയെങ്കിലും ഉള്ളിലേരിയുരുന്ന കനലെങ്ങനെ മറക്കും……അന്ന് രാത്രി അഞ്ജുവിന് തൊട്ടടുത്തായി കിടന്നെങ്കിലും ഉറക്കം വന്നിരുന്നില്ല…..തിരിഞ്ഞും മറിഞ്ഞും കിടന്നു…..

പ്രസാദേട്ടനും അമ്മയും കൂടെ തന്നെ പിന്തുടരുമ്പോൾ താനൊരു കൈകളിൽ തടഞ്ഞങ്ങനെ നിൽക്കുകയാണ്….ചാര കണ്ണുകളുള്ള അവനെ താനും മുറുകെ പിടിച്ചിട്ടുണ്ട്….കണ്ണുകലടച്ചാൽ കാണുന്നത് ഇങ്ങനെയൊക്കെയാണ്…..ശെരിക്കും ആ ചാര കണ്ണുകൾ തന്റെ സ്വപ്നമല്ലേ…..തന്റെ തോന്നലല്ലേ…..തന്റെ ആഗ്രഹമല്ലേ…..അവൾ ഇരുട്ടിൽ കണ്ണുകൾ മിഴിചങ്ങനെ കിടന്നു…..
തനിക്കിവിടെ ഒറ്റക്ക് നിൽക്കാൻ പേടിയുണ്ടോ..
പിറ്റേന്ന് രാവിലെ അവർ മൂന്ന് പേരും ജോലിക്ക് പോകാൻ നേരമാണ് അഞ്ചുവത് ചോദിച്ചത്…..
വേദ പതിയെ ഇല്ലെന്ന് തലയാട്ടി…..ദേ….. ആ വീട്ടില് ഒരു മുത്തശ്ശനും മുത്തശ്ശിയുമാണ്……
എന്തെങ്കിലും അത്യാവശ്യം വരികയാണെന്നെങ്കിൽ അവരെ വിളിച്ചാൽ മതി….ഞാൻ അവരോട് പറയാം……നിനക്കൊരു ജോലി ഞാൻ എവിടെയെങ്കിലും അന്വേഷിച്ചു നോക്കട്ടെ……
അഞ്ചുവത് പറഞ്ഞു കൊണ്ട് ഇറങ്ങുമ്പോൾ വേദ അവരെ നോക്കി നിന്നു…..

അപ്പുറത്തെ വീട്ടിലുള്ള മുത്തശ്ശനും മുത്തശ്ശയും ഉമ്മറത്തു തന്നെയിരിപ്പുണ്ട്…..പതിയെ അവർ തന്നോടൊന്ന് കൈ കാണിച്ചതും അവളും അവർക്ക് തിരികെ കൈ കാണിച്ചു കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അവളത് കണ്ടത്…..ഒരു ചാര നിറത്തിലുള്ള പൂച്ച അതിന്റെ കുഞ്ഞിനെ ഏറെ വാത്സല്യത്തോടെ തൊട്ടുരുമ്മുന്നുണ്ട്…..ആ പൂച്ച കുഞ്ഞും അതിനോട് ചേർന്നിരിക്കുന്നുണ്ട്……ഹൃദയം ആഴത്തിൽ നൊന്തു
തുടങ്ങിയിരുന്നവളുടെ…….അവനിപ്പോ തന്റെ കയ്യിലുണ്ടായായിരുന്നെങ്കിൽ എന്നോർത്തതും ഉള്ളിൽ നിന്ന് വന്നൊരു പിടച്ചിലിന്നാൽ അവൾ നിലത്തേക്കൂർന്നിരുന്നു പോയിരുന്നു……താനവനെ സ്നേഹം കൊണ്ട് പൊതിയുമായിരുന്നു..വാത്സല്യം കൊണ്ട് മൂടുമായിരുന്നു……അവൾ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശിവ തിരക്കിട്ട ഒരുക്കത്തിലാണ്……അവന്റെയും കുഞ്ഞിന്റെയും കാര്യങ്ങളെല്ലാം തീർത്തു അവരിറങ്ങുമ്പോൾ എല്ലാവരും അവനെ നോക്കി നിൽക്കുകയായായിരുന്നു….മുത്തശ്ശി…. ഞാൻ പോകുകയാണ്…..ഇത്രയും ആളുകൾക്കിടയിൽ നിന്ന് കുഞ്ഞിനെ കൊണ്ട് പോയി ഡേ കെയറിലാക്കുന്നതാലോചിച്ചു മുത്തശ്ശിക്കൊരു പ്രയാസം തോന്നിയിരുന്നു…..ഹോസ്പിറ്റലും ഡേ കെയറും രണ്ട് വഴിക്കല്ലേ..അപ്പൊ നീയെന്ത് ചെയ്യും…..ആദ്യം ഇവനെ ആക്കിയിട്ട് പിന്നേ ഹോസ്പിറ്റലിലേക്ക് പോകും……..മുത്തശ്ശിയുടെ ചോദ്യത്തിന് ശിവയത് പറയുമ്പോൾ അത് വരെ തിടുക്കപ്പെട്ട് ഒരുങ്ങിയതിന്റെ കിതപ്പ് അവന്റെ ശബ്‍ദത്തിലുണ്ടായിരുന്നു……അവന്റെ ബുദ്ധിമുട്ടൊർത്ത് മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു……അന്നവൻ കുഞ്ഞിനെ അഞ്ജുവിന്റെ കയ്യിലേക്ക് കൊടുക്കുമ്പോൾ അവളവനെ സ്നേഹത്തോടെ വാങ്ങി…..

എങ്കിലും പരിചയമില്ലാത്തത് കൊണ്ട് തന്നെയാവാൻ അവൻ അവളിൽ നിന്ന് വല്ലാതെ കരയുന്നുണ്ടായിരുന്നു……ശിവയുടെ ഉള്ളറകളിൽ ഒരു നീരുറവ പൊടിഞ്ഞു….അഞ്ജുവിന്റെ കയ്യിലിരിക്കുന്ന ആദിയെ ഒന്ന് കൂടി നോക്കി തിരിഞ് നടക്കുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു..ഒരമ്മയുടെ ചൂടിനാൽ പൊതിഞ്ഞു പിടിക്കേണ്ട തന്റെ കുഞ്ഞിനെ കുറിച്ചോർത്തു ശിവയുടെ ഹൃദയം പൊള്ളി യിരുന്നു……

                                            
(തുടരും)