24/04/2026

പ്രിയേ.. പ്രാണനെ : പാർട്ട് 34

രചന:ജിഫ്ന നിസാർ ❣️

അന്ന് സ്കൂളിലെത്തിയത് മുതൽ മനസ്സിനെ വരുതിയിലൊതുക്കാൻ ആദി അതിതീവ്രമായി തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു.മാധവൻ മാഷിന്റെ ചോദ്യവും അതിനുള്ളിൽ അദ്ദേഹമൊളിപ്പിച്ചു പിടിച്ച പ്രതീക്ഷയും അവനുള്ളം വല്ലാതെ നോവിച്ചു.”നീ അങ്ങോട്ട്‌ പോയി കണ്ടില്ലേലും… നീയെന്റെ കൊച്ചു മോനാണെന്ന് പ്രിയ അറിഞ്ഞു കാണുമല്ലോ. എന്നിട്ടും അവളെന്നെ അന്വേഷിച്ചു വന്നില്ലേ നിന്റെ അരികിലേക്ക്..?ശോ.. അങ്ങനെ വരാൻ വഴിയില്ലല്ലോ. പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യുന്ന കുട്ടിയാ അവള്. എനിക്ക് വയ്യെന്ന് കേട്ടിട്ട് അത്രേം ദൂരം ഒറ്റയ്ക്ക് ആശുപത്രിയിൽ പോലും വന്നിട്ടുണ്ട്. പിന്നെന്താവോ ആ കുട്ടിക്ക് പറ്റിയത്?”

ചുളിഞ്ഞ മുഖത്തോടെയുള്ള മാഷിന്റെ ന്യായമായ സംശയങ്ങൾ.അവളെ കണ്ടില്ലെന്ന് പറയാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു പോയിരുന്നു ആ മുന്നിലിരിക്കുമ്പോൾ.സഞ്ജു പറഞ്ഞത് പോലെ ഉള്ളതെല്ലാം മുത്തച്ഛന്റെ മുന്നിൽ ഏറ്റു പറഞ്ഞിട്ട് മനസ്സിന്റെ ഭാരമൊന്നിറക്കി വെക്കാനുള്ള അപൂർവ അവസരമാണ് നഷ്ടപ്പെട്ടത്.നുണ പറയുന്നതും അത് പറയുന്നവരെയും മാധവൻ മാഷെന്ന വ്യക്തി എത്രമാത്രം വെറുക്കുന്നുവെന്നറിയാവുന്നത് കൊണ്ട് പിന്നെ സംഭവിച്ചു പോയത് ആ മുന്നിൽ കുടഞ്ഞിടാനുള്ള ധൈര്യവും പോരായിരുന്നു.”നീയിനി സ്കൂളിൽ ചെന്നിട്ട് അനാവശ്യമായി ജാഡയിടുന്നുണ്ടോ ഡാ മോനെ? ആർക്കും മുന്നിലേക്ക് വരാനുള്ള ധൈര്യമില്ലാത്ത പോലെ.. ഏഹ്?”
മാഷത് കളിയായിട്ടാണ് ചോദിച്ചതെന്ന് ആദിക്കുറപ്പായിരുന്നു.പക്ഷേ അതിനുള്ളിലും പ്രിയയോടുള്ള അദ്ദേഹതിന്റെ വിശ്വാസത്തെ അവന് കണ്ട് പിടിക്കാൻ കഴിഞ്ഞിരുന്നു.

“ഞാൻ.. ഞാൻ മറന്നു പോയതാ മുത്തച്ഛ.. ഓരോരോ തിരക്കിൽ പെട്ട് പോയിട്ട്. പക്ഷേ ഇന്നിനി എത്ര തിരക്കായാലും മുത്തച്ഛന്റെ പ്രിയയെ കണ്ടിട്ടേ ഇങ്ങോട്ട് വരൂ. “ആദി കുറ്റബോധം നിറഞ്ഞ മനസ്സിനെ മാഷ് കാണാതെ ഒളിപ്പിച്ചു വെച്ച് കൊണ്ടൊരു ചിരിയോടെയാണ് പറഞ്ഞത്”അതല്ലടാ.. നിനക്ക് തിരക്കായാലും പ്രിയ നിന്റെയടുത്തേക്ക് വരേണ്ടതാണല്ലോ..? ഞാനതാ ഓർക്കുന്നത്.”
മാഷ് വീണ്ടും പറഞ്ഞതോടെ പിന്നെയവിടെയിരിക്കാൻ വയ്യെന്ന് തോന്നിയിട്ട് പെട്ടന്ന് എഴുന്നേറ്റു പോരുകയായിരുന്നു.കുളിച്ചു ഡ്രസ്സ്‌ ചെയ്തു ചായ കുടിച്ചു പോരുവോളം മാഷിനെ നോക്കുമ്പോൾ വല്ലാത്തൊരു വേദന.

അതെന്തിനെന്ന് ചോദിച്ചാൽ കൃതമായൊരു ഉത്തരമില്ലെങ്കിലും നന്നായി നോവുന്നുണ്ടായിരുന്നു അവന്.”വരുന്നില്ലേ മോനെ.. സമയമായി ”
വാതിൽ തുറന്നു കൊണ്ട് മണിയേട്ടൻ കയറി വന്നിട്ട് പറഞ്ഞതും ആദി ചിന്തകളിൽ നിന്നും പുറത്ത് കടന്നു.അന്നൊരു മീറ്റിംഗ് അറേൻജ് ചെയ്തിട്ടുണ്ട്. ആദി വന്നതിന് ശേഷം ആദ്യമായുള്ളതാണ്.
തനിക്കിവിടെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നറിയണമെങ്കിൽ ആദ്യം പരസ്പരം അറിയുകയും ഒരുമിച്ച് മുന്നോട്ടു പോകാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുകയും വേണമെന്ന് ആദിക്ക് തോന്നിയത് കൊണ്ടാണ് അവനങ്ങനെയൊരു മീറ്റിംഗ് അറേൻജ് ചെയ്തത്.

മാഷിനോട് നിർദേശം ചോദിച്ചു സമ്മതം വാങ്ങിക്കാനും അവൻ മറന്നിട്ടില്ല.”എല്ലാവരും എത്തിയോ മണിയേട്ടാ?”മുന്നിലെ ഫയൽ അടച്ചു കൊണ്ട് ആദി എഴുന്നേറ്റു.”ഏറെക്കുറെ എല്ലാരും എത്തി. പത്തു മണിക്കല്ലേ നമ്മൾ പറഞ്ഞിട്ടുള്ളത്. കുറച്ചു പേര് കൂടിയുണ്ട് വരാൻ. അവരെത്തി കോളും. നമ്മുക്ക് തുടങ്ങാം.”മണിയേട്ടൻ പറഞ്ഞു.”ഒക്കെ.. നടന്നോളു. ഞാൻ വന്നോളാം ”
ആദി പറഞ്ഞതോടെ മണിയേട്ടൻ തലയാട്ടി കൊണ്ട് ഇറങ്ങി പോയി.

❣️❣️

“ഇതാണോ.. രാജീവിന്റെ റൂം?”അത് ചോദിച്ചു കൊണ്ടാണ് നീതു മുറിയിലേക്ക് കയറിയത്. “അതേ..”അവൾക്ക് പിറകെ അകത്തേക്ക് കയറുന്നതിനിടെ രാജീവ് ചിരിയോടെ പറഞ്ഞു.
“ഇനി മുതൽ നമ്മുടെ റൂം “മുറിയിലാകമാനം കണ്ണോടിച്ചു നിൽക്കുന്ന നീതുവിനെ നോക്കി രാജീവ് പറഞ്ഞു.നേർത്തൊരു ചിരിയോടെ അവൾ അവനെയൊന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ചു
“തനിക്കീ വീടൊക്കെ ഇഷ്ടമായോ?”ജനലാരികിൽ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കുന്ന നീതുവിനെ നോക്കി രാജീവ് വീണ്ടും ചോദിച്ചു.”യാ.. കൊള്ളാം.. എനിക്കിഷ്ടമായി ”
ചിരിയോടെ നീതുവിന്റെ പറച്ചിൽ കേട്ടതും അവനൊരു സമാധാനം തോന്നി.കാരണം നീതുവിന്റെ വീടിന്റെയത്രയും വലുപ്പമൊന്നും തന്റെ വീടിനില്ലെന്ന് അവനുമറിയാം.എന്തായാലും അവൾക്കിത് ഇഷ്ടമായെന്ന് കേട്ടല്ലോ.എല്ലാത്തിനും മകളുടെ അഭിപ്രായം ചോദിക്കുന്ന അവളുടെ അച്ഛനും ഇനി വീടിന്റെ കാര്യത്തിലൊരു ഉടക്ക് പറയാൻ സാധ്യതയില്ലെന്ന് അവനുറപ്പിച്ചു.

“അക്വചലി, ഈ വീടിന്റെ പ്ലാൻ വളരെ മുന്നേയുള്ളതാ. അച്ഛൻ ഗൾഫിലായിരുന്ന ടൈമിലാണ് ഈ വീട് വെച്ചിട്ട് ഞങ്ങൾ ഇങ്ങോട്ട് മാറിയത്.ഇതൊക്കെ ഇടിച്ചു കളഞ്ഞിട്ട് പുതിയൊരു പ്ലാനിൽ കൂടുതൽ സൗകര്യത്തിൽ വലിയൊരു വീട് വെക്കണമെന്നുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും അച്ഛൻ ഗൾഫിൽ നിന്നും എക്സിറ്റ് ആയിട്ടാണ് തിരികെ വന്നത്. അതോടെ അത് നടന്നില്ല ”
രാജീവ് കിടക്കയിലെക്കിരുന്നു കൊണ്ട് നീതുവിനെ നോക്കി.”ആഹാ.. അത് കൊള്ളാലോ. പക്ഷേ ഞാൻ നോക്കിയിട്ട് ഈ വീടിനങ്ങനെ ഇടിച്ചു പൊളിച്ചു കളയാനുള്ള കുഴപ്പങ്ങളൊന്നും കാണുന്നില്ലല്ലോ രാജീവ്..”നീതുവിന്റെ പറച്ചില് കേട്ടതും അവന്റെ മുഖം വിളറി.

അവൾക്ക് മുന്നിലൊന്ന് ആളാവാൻ വേണ്ടി തള്ളി മറിച്ചതാ.അതിനുമപ്പുറം അവളുടെ പേരെടുത്തുള്ള വിളി..അതവനിൽ വല്ലാത്തൊരു അരോചകം സൃഷ്ടിച്ചു.സങ്കൽപ്പങ്ങളിലേക്ക് ഇവളിൽ നിന്നും വല്ലാത്ത ദൂരമുള്ളത് പോലെ.സാരമില്ല.. വിളിയൊക്കെ സാവധാനം മാറ്റി എടുപ്പിക്കാവുന്ന കേസാണ്.അതൊന്നും അത്ര വലിയൊരു പ്രശ്നമല്ലെന്ന് തോന്നുമ്പോഴും അമ്മ പ്രശ്നമുണ്ടാക്കുമല്ലോ എന്ന് അവന്റെ ഹൃദയം ഓർമ്മിപ്പിച്ചു.”അതല്ലടോ.. എന്റെ സ്വപ്നത്തിലുള്ള വീട് ഇങ്ങനൊന്നുമല്ല. ഇതൊരുമാതിരി പഴഞ്ചൻ പ്ലാനല്ലേ. ഞാൻ ഉദ്ദേശിച്ചത് കുറച്ചു കൂടി മോഡേൺ ആയിട്ടുള്ള വീടൊക്കെ…”

രാജീവ് ചിരിയോടെ പറഞ്ഞു.”ഓഓഓ.. അങ്ങനെ. പക്ഷേ രാജീവിന്റെ സ്വപ്നം പോലൊരു വീട് വെക്കണമെങ്കിൽ എന്തിനാ അച്ഛൻ എക്സിറ്റ് ചെയ്തു പോന്നടെ അതുപേക്ഷിച്ചു കളഞ്ഞത്. നമ്മുടെ സ്വപ്നം നമ്മളല്ലേ നടത്തിയെടുക്കേണ്ടത്?”
നീതു ചിരിയോടെയാണ് അവനെ നോക്കുന്നത്.
സത്യത്തിൽ ആ ചിരി കാണുമ്പോൾ രാജീവിന് അവളോടൊന്നും എതിർത്തു പറയാനുമാവുന്നില്ല.
അത്ര മാത്രം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ.”അല്ലെങ്കിലും തമാസിക്കാൻ സേഫ് ആയിട്ടൊരിടമെന്നതാ വീടുന്നുള്ള എന്റെ കൺസെപ്‌ഷൻ… അതിൽ കുറേ ആഡംബരം കാണിക്കുന്നത് വിഡ്ഢിതമാണെന്ന് എനിക്ക് തോന്നാറുണ്ട്. അതേ സമയം അത്യാവശ്യം വേണ്ടുന്ന സൗകര്യത്തോടെ ഒരു വീട് നിർമ്മിച്ചിട്ട് ബാക്കി കാശ് ഇൻവെസ്റ്റ്‌ ചെയ്താൽ നമ്മുക്കൊരു അത്യാവശ്യം വരുമ്പോൾ ആരോടും ചോദിക്കേണ്ടി വരില്ലല്ലോ ”

രാജീവ് സ്വയമറിയാതെ തന്നെ തലയാട്ടി കാണിച്ചു.
അതിനുത്തരമായിട്ട് അവനെന്തോ പറയാൻ വന്നത് നീതുവിന്റെ ഫോൺ ഉറക്കെ ബെല്ലടിച്ചു കൊണ്ടാണ് തടഞ്ഞത്.”അച്ഛൻ വിളിക്കുന്നു രാജീവ്. നമ്മുക്കിനി താഴേക്ക് പോയാലോ?”ചോദിക്കുന്നതിനൊപ്പം തന്നെ അവളിറങ്ങി നടന്നു കഴിഞ്ഞിരുന്നു.അപ്പോഴും താൻ പറയാൻ കരുതിയതൊന്നും തന്നെ അവളോട് പറഞില്ലല്ലോ എന്നായിരുന്നു രാജീവോർത്തതും.
നീതുവിനെ കാത്തിരിക്കുകയായിരുന്ന രാജശേഖർ അവളെ കണ്ടതും എഴുന്നേറ്റു.

“ബാ മോളെ.. ഭക്ഷണം കഴിക്കാം ”
അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ജയശ്രീയും ഇന്ദുവും ചാരുവും കൂടി ഭക്ഷണം എടുത്തു വെച്ച ടേബിളിനരികിലേക്ക് നടന്നു.
ജയശ്രീയും രാധാകൃഷ്ണനും അതിന് മുന്നേ കഴിക്കാൻ ക്ഷണിച്ചിട്ടും മോള് വന്നിട്ട് മതിയെന്ന് പറഞ്ഞിരുന്നതാണ്.രാജീവ് ഇറങ്ങി വരുന്നതിനു മുന്നേ അവർ കഴിച്ചു തുടങ്ങിയിരുന്നു.
ജയശ്രീയും രാജീവും ഇടവും വലവും നിന്നിട്ട് അവർക്ക് വിളമ്പി കൊടുക്കുന്ന തിരക്കിലാണ്.

എന്നിട്ടും വളരെ കുറച്ചു മാത്രം കഴിച്ചു കൊണ്ടാണ് അവരെഴുന്നേറ്റത്.”കുറച്ചേ കഴിച്ചോള്ളു..”
ജയശ്രീ പരിഭവം പോലെ പറഞ്ഞു.”ഹോട്ടൽ ഭക്ഷണം ഞങ്ങളെങ്ങനെ കഴിക്കാറില്ല കേട്ടോ. അതാ.. ഒന്നും വിചാരിക്കരുത് ആന്റി..”നീതു ചിരിയോടെ ജയശ്രീയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അവർക്ക് മുന്നിൽ ജയശ്രീയുടെ മുഖം വിളറി വെളുത്തു.വീട്ടിൽ ഉണ്ടാക്കിയാൽ ഇവർക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയില്ലന്ന് തോന്നിയിട്ടാണ് രാജീവിനെ കൊണ്ട് പുറത്ത് നിന്നും ഓർഡർ ചെയ്യിപ്പിച്ചത്. അതിപ്പോ ഇങ്ങനെയുമായി.

ചാരുവിനോടും ഇന്ദുവിനോടും നീതു വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.ഇന്ദു പക്ഷേ നന്നായി തന്നെയാണ് നീതുവിനോട് പെരുമാറിയത്.ഓവർ സെന്റിമെന്റൽ സ്വഭാവമല്ല നീതുവിനെന്ന് രാജീവിന് ഇതിനോടകം തന്നെ മനസ്സിലായി കഴിഞ്ഞിരുന്നു.”ഇനി നിശ്ചയത്തിനൊരു ദിവസം വെക്കണോ. ഇന്ന് തന്നെ നമ്മുക്കങ്ങു ഉറപ്പിക്കാവുന്നതല്ലേയൊള്ളു?”ഭക്ഷണം കഴിഞ്ഞു സോഫയിൽ ഇരുന്നു കൊണ്ട് രാജശേഖർ രാധാകൃഷ്ണനെ നോക്കി.രാധാ കൃഷ്ണന്റെ കണ്ണുകൾ ജയശ്രീക്ക് നേരെ നീണ്ടു.ഒരു ശരാശരി പ്രവാസിയുടെ അവസ്ഥ!

പലപ്പോഴും പല തീരുമാനങ്ങളും അയാളുടെ അഭാവത്തിൽ അയാളുടെ ഭാര്യയായിരിക്കും കുടുംബത്തിൽ എടുത്തിട്ടുണ്ടാവുക.
ഒരു കീഴ് വഴക്കം പോലെ ക്രമേണ… അയാൾ അങ്ങനൊരു കടമയിൽ നിന്ന് പിന്തള്ളപ്പെടുകയോ അയാളുടെ തീരുമാനങ്ങളെയും അഭിപ്രായങ്ങളെയും അംഗീകരിക്കാൻ ആളില്ലാതായി പോവുകയോ ചെയ്യപ്പെടാറാണ് പതിവ്.രാധാകൃഷ്ണനും തീരുമാനം പറയ്‌ എന്നർത്ഥത്തിൽ ഭാര്യയെ നോക്കി. “അതിപ്പോ… പെട്ടന്ന് പറഞ്ഞ.. മോൾക്ക് കൂടി കല്യാണം നോക്കണം ന്നുണ്ട്.രണ്ടും കൂടി ഒരുമിച്ച് നടത്തിയാലോ എന്നൊരു ആലോചനയുമുണ്ട്.അത് കൊണ്ട് എന്തായാലും കുറച്ചു സാവകാശം വേണ്ടി വന്നേക്കും “രാധാ കൃഷ്ണന്റെ അരികിൽ നിന്നിട്ട് ജയശ്രീ പറഞ്ഞു.ഇന്ദു ഞെട്ടി കൊണ്ട് നോക്കുന്നത് കണ്ടിട്ടും രാജീവോ ജയശ്രീയൊ അവളെ കൂടുതൽ ശ്രദ്ധിച്ചില്ല.അവളെന്തോ പറയാൻ വന്നത് ചാരു കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് തടഞ്ഞു…”ശരി.. നല്ലൊരു കാര്യത്തിനല്ലേ. നമ്മുക്ക് അങ്ങനെ ചെയ്യാം. നിങ്ങൾ സൗകര്യം പോലെ അറിയിക്ക്. അധികം വൈകരുത് കേട്ടോ..”
രാജശേഖർ സൗമ്യമായി പറഞ്ഞു.അപ്പോഴും അതയാളുടെ ആക്ഞ്ഞ പോലെയാണ് ജയശ്രീക്ക് തോന്നിയത്.

❣️❣️
അത്യാവശ്യം വലിയൊരു ആൾക്കൂട്ടമുണ്ട്.കുട്ടികളുടെ പെരൻസ് അടക്കമുള്ളൊരു മീറ്റിംഗ് ആയിരുന്നു ആദി അറേൻജ് ചെയ്തിരുന്നത്.എല്ലാവരെയും കാണുക എന്നതിനപ്പുറം എല്ലാവർക്കും തന്നെയും കാണാമല്ലോ എന്നാണ് അവൻ ചിന്തിച്ചത്.മാധവൻ മാഷിന്റെ കൊച്ചു മോനെ സ്നേഹത്തോടെ നോക്കുന്നവർക്കിടയിൽ അവൻ തല ഉയർത്തി നിന്നു.ബാക്കിയുള്ള അധ്യാപകരെല്ലാം അവന്റെ പിറകിൽ അണി നിരന്നിട്ടുണ്ട്.ഏറ്റവും അറ്റത്തുള്ള കൃഷ്ണപ്രിയയിലാണ് ആദിയുടെ നോട്ടം തടഞ്ഞു നിൽക്കുന്നത്.അത്രയും ആൾക്കൂട്ടത്തിനെ അഭിമൂഖികരിച്ചു നിൽക്കുന്നതിന്റെ എല്ലാ അസഹിഷ്ണുതയും ആദിക്കവളുടെ മുഖത്തു നിന്നും കണ്ട് പിടിക്കാനായി.

“കൃഷ്ണപ്രിയ.. കം…”അവന്റെ മുഴങ്ങുന്ന സ്വരത്തിൽ തന്റെ പേര് കേട്ടതിന്റെ പകപ്പടെ പ്രിയ അവനെ മുഖമിയർത്തി നോക്കി.”വന്നിട്ട്… സ്വാഗതം പറയൂ എല്ലാർക്കും “ആദിയുടെ ആക്ഞ്ഞ.
പ്രിയക്ക് ശ്വാസം വിലങ്ങി.ഇത്രയും ആൾക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്നതിന്റെ വിറയൽ തന്നെ സഹിക്കാൻ വയ്യ.മാധവൻ മാഷുണ്ടായിരുന്ന സമയം മീറ്റിംഗ് വെക്കുമ്പോൾ പേരൻസിനൊപ്പം ഏറ്റവും അവസാനത്തെ ബെഞ്ചിൽ പോയിരിക്കാറാണ് പതിവ്.

പക്ഷേ ഇതിപ്പോ..യാതൊരു മുന്നൊരുക്കവുമില്ലാതെങ്ങനെ..?അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.ആദിയുടെ മുഖത്തപ്പോൾ നിറഞ്ഞ ചിരിയുണ്ടായിരുന്നു.പ്രിയയെ നോക്കുമ്പോൾ അതിനങ്ങനെ തിളക്കം കൂടി കൂടി വന്നു. “നിനക്കെന്നെ ചട്ടം പഠിപ്പിക്കണമല്ലേ… കാണിച്ചു താരാട്ടാ….”അവനുള്ളം അവൾ കേൾക്കാതെ മൊഴിയുന്നുണ്ടായിരുന്നു.തുടരും…ഈ ചെക്കനിത് എന്തിന്റെ കേടാ ന്റെ കർത്താവെ…?ഇങ്ങനായ ഇവനെനിക്ക് കൂടി ചീത്ത പേര് വാങ്ങിച്ചു തരുമല്ലോ.. 😬വീട്ടിലെത്തിയ ഓന്റെ ഒടുക്കത്തെ കുറ്റബോധം..ആ പെണ്ണിനെ കണ്ടാലോ.. ചെകുത്താൻ കുരിശ് കണ്ട പോലെയും..

നിങ്ങളറിഞ്ഞോ… ഞാൻ പെട്ടു പോയി 😬😬
സ്നേഹത്തോടെ… സോറി ഇച്ചിരി സങ്കടത്തോടെ നിങ്ങളുടെ jiff❤️❤️❤️