രചന – കണ്ണന്റെ മാത്രം
കണ്ണുകൾ തുറന്ന കാശി മുൻപിൽ നിൽക്കുന്ന പിയയെയും അഭിയേയും കണ്ടതും പതിയെ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം മുഖം കോടിപോവുകയാണ് ചെയ്യ്തത്… അവന്റെ അവസ്ഥ കണ്ട പിയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകി…
ക..രയ..ല്ലേ മോ..ളേ… കാശി പതിയെ പറഞ്ഞു..
ഞാൻ കാരണം അല്ലേ ഇങ്ങനെ ഒരു അവസ്ഥ ഏട്ടന് വന്നത്…
അ.. ല്ല.. എൻ.. ന്റെ.. ഓ..വർ.. കോൺ.. ഫിടെ..ൻസ്.. അതാ..ണ്.. കാ..ര..ണം…
DD… ഇല്ലാ..തെ… ആക്ക…ണം.. ഇല്ലെ… ങ്കിൽ.. അപ്പോഴേക്കും അവന് ഒരു ചുമ വന്നു… സംസാരിക്കാൻ ബുദ്ധിമുട്ടിയെങ്കിലും എങ്ങനെയും അവന് എല്ലാം അവരോട് പറയണം എന്ന് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൻ പിന്നെയും പറയാൻ ശ്രമിച്ചു…
മി.. ത്ര.. കാ.. ബി.. ൻ.. ടേ… ബി.. ൾ.. താ….പോ.. യി.. പാ..ലക്കാ..ട് ഡി.. സി.. പി.. രു..ദ്ര…ൻ..കാ.. ണ.. അ.. വൻ.. സ…ഹാ… അപ്പോഴേക്കും അവന് ശ്വാസം കിട്ടാതെ വന്നു.
സാർ.. നിങ്ങൾ പുറത്തേക്ക് നിൽക്ക്.. വേഗം..ഒരു സിസ്റ്റർ വേഗം അവരെ പുറത്തേക്ക് ഇറക്കാൻ നോക്കി.. അപ്പോഴേക്കും മറ്റേ സിസ്റ്റർ എമർജൻസി ബട്ടൺ പ്രെസ്സ് ചെയ്യുന്നതും ഡോക്ടറെ വിളിക്കുന്നതും കാണാമായിരുന്നു. അവർ പുറത്തേക്ക് പോകാനായി തിരിഞ്ഞപ്പോൾ ആണ് അങ്ങോട്ട് ഓടി കിതച്ച് ഡോക്ടർ ദത്തൻ എത്തിയത്.. അയാൾ അവരെ രണ്ടാളെയും ഒന്ന് നോക്കിയിട്ട് നേരെ കാശിയുടെ അടുത്തേക്ക് പോയി. അഭി അയാളെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട് പിയയേയും കൂട്ടി പുറത്തേക്ക് പോയി..
പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും പിയ ആകെ തളർന്നിരുന്നു.. അഭി പിടിച്ചിട്ടുള്ളത് കൊണ്ട് അവൾ അവിടെ വീണില്ല എന്ന് മാത്രം.. അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ പോലീസും ഉണ്ടായിരുന്നു. പിയയെ പാറുവിന്റെ അടുത്തേക്ക് ഇരുത്തിയിട്ട് അഭി പോലീസിന് അടുത്തേക്ക് പോയി. ഹരിയും പപ്പനും നവിയും അവിടെ നിൽക്കുന്നുണ്ടായിരുന്നു..
ആ.. ദേ.. ഇത് അഡ്വക്കേറ്റ് അഭിനന്ദ്.. ഇവൻ ആണ് അവരെ ഹോസ്പിറ്റലിൽ എത്തിച്ചത്. എന്റെ മരുമകൻ ആണ്… പപ്പൻ പറഞ്ഞു..
ഹായ്.. സാർ… ഞാൻ ci അഷ്‌റഫ്.. എന്താ ഉണ്ടായത് എന്നൊന്ന് പറയാൻ പറ്റുമോ… അയാൾ അഭിക്ക് കൈകൊടുത്ത് സ്വയം പരിചയപ്പെടുത്തികൊണ്ട് ചോദിച്ചു…
ഞാൻ ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. വീട്ടിലേക്ക് പോകാൻ വേണ്ടി വണ്ടി എടുക്കാൻ നിന്നപ്പോൾ ആണ് എന്റെ ഫ്രണ്ട് വിളിക്കുന്നത് അവന്റെ വണ്ടി ബ്രേക്ക് ഡൌൺ ആയി അവനെ ഒന്ന് പിക്ക് ചെയ്യുമോ എന്ന് ചോദിച്ചിട്ട്. ഞങ്ങളുടെ വീടുകൾ അടുത്താണ്.. അവന്റെ ഓഫീസിലേക്ക് വേഗം എത്താൻ ഹൈവേ ഒഴിവാക്കി ഇടവഴി തിരിഞ്ഞ് കുറച്ചുപോയപ്പോൾ ആണ് കാശിയേട്ടന്റെ കാർ ആകെ ഇടിച്ചു പൊളിഞ്ഞ രീതിയിൽ അവിടെ കിടക്കുന്നത് കണ്ടത്.. ഞാൻ വേഗം വണ്ടി നിർത്തി അങ്ങോട്ട് ചെന്നു. ഞാൻ ചെല്ലുമ്പോൾ കാശിയേട്ടന് ചെറിയ ബോധം ഉണ്ടായിരുന്നു.. അങ്ങനെ ആണ് ആംബുലൻസ് വിളിച്ച് ഇങ്ങോട്ട് എത്തിച്ചത്.. ഇവിടെ എത്തുമ്പോഴേക്കും മിത്രേച്ചി…
മ്മ്.. നിങ്ങൾ എന്തിനാണ് ഇന്ന് നേരത്തെ ഇറങ്ങിയത്.. അയാൾ ചോദിച്ചു..
എന്നെ പിക്ക് ചെയ്യാൻ പറഞ്ഞ് വിളിച്ച ഫ്രണ്ട് ഇല്ലേ അവന്റെ കല്യാണം ആണ് രണ്ടാഴ്ച കഴിഞ്ഞാൽ. അപ്പൊ ഇന്ന് അതിന്റെ ഡ്രെസ്സ് എടുക്കാൻ പോകാം ഉച്ചക്ക് ശേഷം എന്ന് പറഞ്ഞിരുന്നു. അതിന് അവന്റെ കൂടെ പോകാൻ വേണ്ടിയാണ് ഞാൻ…
മ്മ്… നിങ്ങൾക്ക് എന്താണ് തോന്നുന്നത് ഇതൊരു സാധാ ആക്‌സിഡന്റ് ആണോ..
അതെനിക്കറിയില്ല സാർ.. പക്ഷേ..
അതെന്താ ഒരു പക്ഷേ..
അതല്ല കാശിയേട്ടനൊക്കെ എന്തിന് ആ വഴി വന്നു എന്ന് എനിക്ക് മനസിലാകുന്നില്ല. കാശിയേട്ടന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ ഞങ്ങളുടെ ആരുടേയും വീട്ടിലേക്കോ ഉള്ള വഴിയല്ല അത്. ഇനിയിപ്പോ വല്ല കേസിന്റെയും ആവശ്യത്തിനാണെങ്കിൽ മിത്രേച്ചിയേയും കൊണ്ട് അങ്ങനെ പോകില്ലല്ലോ.. അതാണ്…
മ്മ്.. ഇപ്പൊ നിങ്ങളോട് അദ്ദേഹം എന്തെങ്കിലും സംസാരിച്ചോ…
ഇല്ല സാർ.. എന്തൊക്കെയോ പറയാൻ ശ്രമിച്ചു. പക്ഷേ ഒന്നും പറയാൻ പറ്റിയില്ല… അഭിക്ക് കാശി പറഞ്ഞത് കാര്യമായിട്ട് മനസിലായില്ലെങ്കിലും അവൻ പറഞ്ഞത് ഒന്നും അപ്പൊ അവിടെ പറയാൻ അവന് മനസ്സ് വന്നില്ല..
മ്മ്… ശരി.. ഞാൻ ഡോക്ടറെ ഒന്ന് കാണട്ടെ.. അതും പറഞ്ഞ് അയാൾ icuവിന്റെ മുന്നിലെ ബെൽ അടിക്കാൻ നോക്കിയതും icu ഡോർ തുറന്ന് ദത്തൻ ഡോക്ടർ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.. എല്ലാവരും വേഗം അയാളുടെ അടുത്തേക്ക് ചെന്നു. തന്നെ പ്രതീക്ഷയോടെ നോക്കുന്ന മുഖങ്ങളെ നോക്കി ആ ന്യൂസ് എങ്ങനെ പറയും എന്ന് അയാൾക്ക് അറിയില്ലായിരുന്നു. പക്ഷേ ഇത് തന്റെ ജോലി ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അയാൾ പപ്പനെ നോക്കികൊണ്ട് പറഞ്ഞു..
സോറി.. ഞങ്ങൾ പരമാവധി ശ്രമിച്ചു… പക്ഷേ…..
കാത്തു അത് കേട്ട വഴിക്ക് മയങ്ങി വീണിരുന്നു. നവി വേഗം അവളെ താങ്ങിയെടുത്തു… എല്ലാവരുടെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞൊഴുകി. കാശിയും മിത്രയും അത്ര പ്രിയപ്പെട്ടതായിരുന്നു എല്ലാവർക്കും. മിത്ര ആദ്യമേ പോയി ഇപ്പൊ കാശിയും…
നവി നീ മോളെ ഇങ്ങോട്ട് ഇരുത്ത്.. ഈ ന്യൂസ് കേട്ട ഷോക്കിൽ ആവും.. പപ്പൻ പറഞ്ഞതും നവി വേഗം കാത്തുവിനെ പാറുവിന്റെ അടുത്തേക്ക് ഇരുത്തി.. ദത്തൻ ഡോക്ടർ വേഗം വന്ന് അവളുടെ പൾസ് ചെക്ക് ചെയ്തു..
Bp കുറഞ്ഞിട്ടാണ്.. ഞാൻ സ്‌ട്രെക്ചർ വിളിക്കാം. തല്ക്കാലം കാഷ്വാലിറ്റിയിൽ കിടക്കട്ടെ. ഒരു ഡ്രിപ് ഇടാം.. ഡോക്ടർ അതും പറഞ്ഞുകൊണ്ട് കൂടെ നിൽക്കുന്ന സിസ്റ്ററിനോട് എല്ലാം പറഞ്ഞേൽപ്പിച്ചു.. പോകാനായി തിരിഞ്ഞ അദ്ദേഹം അഭിയെ വിളിച്ചുകൊണ്ട് കുറച്ച് മാറി നിന്നു..
എന്താ ഡോക്ടർ… അയാളുടെ അടുത്തേക്ക് ചെന്നുകൊണ്ട് അഭി ചോദിച്ചു..
നിങ്ങൾ അല്ലേ കശ്യപിനോട് അവസാനം സംസാരിച്ചത്..
അതേ ഡോക്ടർ…
അയാൾ എന്തെങ്കിലും പറഞ്ഞിരുന്നോ നിങ്ങളോട്..
ഇല്ല സാർ.. എന്തൊക്കെയോ പറയാൻ ശ്രമിച്ചു എന്നല്ലാതെ ഒന്നും വ്യക്തമായില്ല.. അഭി അയാളുടെ കണ്ണുകളിൽ നോക്കിയാണ് മറുപടി പറഞ്ഞത്. അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ തെളിഞ്ഞ സമാധാനം അവൻ പ്രത്യേകം ശ്രദ്ധിച്ചു. അവന്റെ നെറ്റി സംശയത്താൽ ചുളിഞ്ഞു.. പക്ഷേ അവൻ വേഗം തന്നെ മുഖത്തെ ഭാവം മാറ്റിയിരുന്നു..
എന്താ ഡോക്ടർ അങ്ങനെ ചോദിച്ചത്..
ഏയ്യ്.. ഒന്നുമില്ലടോ.. പെട്ടന്ന് BP കൂടിയിട്ട് കാർഡിയാക് അറസ്റ്റ് ആണ് കശ്യപിന്റെ ഡെത്ത് കോസ്.. അപ്പൊ നിങ്ങൾ സംസാരിച്ചപ്പോൾ അങ്ങനെ വല്ലതും ഉണ്ടായോ എന്നറിയാൻ ആയിരുന്നു.. എന്തായാലും ആളുടെ മരണം ഉറപ്പായിരുന്നു. ആക്സിഡന്റിന്റെ ഇമ്പാക്റ്റിൽ ഇന്റെർണൽ ഓർഗൻസ് ഫുൾ ഡാമേജ് ആയിട്ടുണ്ടായിരുന്നു. ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായിരുന്നു. ആളുടെ ഒരു വിൽപവർ കൊണ്ടാണ് ഇത്ര നേരമെങ്കിലും പിടിച്ച് നിന്നത്..
മ്മ്… അഭി അതിന് ഒന്ന് മൂളിയതേ ഉള്ളൂ…
എന്നാൽ ശരിയെടോ ഞാൻ അങ്ങോട്ട് പോകട്ടെ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്… അതും പറഞ്ഞ് ദത്തൻ അങ്ങോട്ട് പോയി… അയാളുടെ പോക്കും നോക്കി നിന്ന അഭിയുടെ ഉള്ളിൽ എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായി..
എന്താ അഭി.. എന്താ ദത്തൻ ഡോക്ടർ പറയുന്നേ.. ഹരി അവന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..
ഒന്നുല്ല പപ്പേ.. അത് കാശിയേട്ടന്റെ കാര്യം പറഞ്ഞതാ.. ആളുടെ മുഴുവൻ പേരെന്തായിരുന്നു…
ദേവദത്തൻ… എന്താ അഭി…
ഏയ്യ് ഒന്നുല്ല പപ്പേ.. ഞാൻ ചുമ്മാ അറിയാൻ ചോദിച്ചു എന്നേ ഉള്ളൂ..ഞാൻ ഇപ്പൊ വരാം പപ്പേ…
എങ്ങോട്ടാ അഭി…
ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം…
ഹരിയോട് പറഞ്ഞിട്ട് അഭി വേഗം അവിടെ നിന്ന് പോയി..
അഭി അവരിൽ നിന്ന് കുറച്ച് അങ്ങോട്ട് മാറിയതും അതിലേ പോകുന്ന ഒരു സിസ്റ്ററിനോട് നെഫ്റോളജി സെക്ഷൻ ഏത് ഭാഗത്ത് ആണെന്ന് ചോദിച്ചു മനസിലാക്കി… മിത്ര നെഫ്റോളജിസ്റ്റ് ആയതുകൊണ്ട് അവിടെ ആകും മിത്രയുടെ കാബിൻ ഉണ്ടാവുക..
അഭി ആ ഭാഗത്ത് എത്തി ചുറ്റും നോക്കുമ്പോൾ ആണ് അവിടെ ഏറ്റത്തായിട്ട് മിത്രയുടെ കാബിൻ അഭി കണ്ടത്. മിത്ര അടക്കം മൂന്ന് നെഫ്റോളജി ഡോക്ടർസ് ആണ് അവിടെ ഉള്ളത്.. അഭി പതിയെ ആരും അധികം ശ്രദ്ധിക്കാത്ത വിധത്തിൽ അങ്ങോട്ട് നടന്നു.. Op സമയം ആയത് കൊണ്ട് നല്ല തിരക്കാണ്. അത് ഒരു തരത്തിൽ അഭിക്ക് അനുഗ്രഹമായി… ഒരു തരത്തിൽ മിത്രയുടെ കാബിന്റെ അവിടെ എത്താറായപ്പോൾ ആണ് അതിനുള്ളിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നത്. മാസ്ക് വച്ചിട്ടുള്ളത് കൊണ്ട് ആരാണെന്ന് മനസിലായില്ലെങ്കിലും അഭി അയാളുടെ രൂപം ഒറ്റ നോട്ടത്തിൽ കണ്ണിൽ തടഞ്ഞത് മുഴുവൻ നോക്കി വച്ചു… അയാൾ പുറത്തേക്ക് പോയതും അഭി ചുറ്റും ഒന്ന് നോക്കികൊണ്ട് പതിയെ കാബിന്റെ ഉള്ളിലേക്ക് കടന്നു..
……………
പിയ കണ്ണുകൾ അടച്ച് തല ചുമരിലേക്ക് ചാരി വച്ചിരിപ്പാണ്. അടഞ്ഞ കണ്ണുകൾക്കിടയിലൂടെ അപ്പോഴും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. കാത്തുവിനെ കൊണ്ടുപോയതിന്റെ ഒപ്പം നവിയും പാറുവും പോയതുകൊണ്ട് ഹരിയും പപ്പനും പിയയും പിന്നെ പോലീസുക്കാരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.. അങ്ങനെ കണ്ണടച്ചിരിക്കുമ്പോൾ ആണ് അവൾക്ക് കാശി പറഞ്ഞ കാര്യങ്ങൾ ഓർമ വന്നത്.. അവൾ ഞെട്ടികൊണ്ട് കണ്ണുകൾ തുറന്ന് ചുറ്റും നോക്കി. അഭിയെ അവിടെ കാണാതെ വന്നതും അവളുടെ പിരികം ചുളിഞ്ഞു..
നന്ദൻ എവിടെ പോയി അച്ഛാ.. പിയ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഹരിയും പപ്പനും നിൽക്കുന്നിടത്തേക്ക് പോയി ചോദിച്ചു..
അഭി ബാത്‌റൂമിലേക്ക് പോയതാ മോളെ.. ഹരി പറഞ്ഞു…
മ്മ്… പിയ ഒന്ന് മൂളിക്കൊണ്ട് അവിടെ നിന്ന് പതിയെ നീങ്ങി. പിയക്ക് ഏകദേശം ഊഹം ഉണ്ടായിരുന്നു അഭി എവിടെ ഉണ്ടാകും എന്ന്…
ഞാൻ ഒന്ന് കാത്തുവേച്ചിയെ നോക്കിയിട്ട് വരാം അച്ഛാ… പിയ അവരോട് പറഞ്ഞുകൊണ്ട് നേരെ മിത്രയുടെ കാബിൻ ലക്ഷ്യമാക്കി പോയി.. പലപ്രാവശ്യം ഇങ്ങോട്ട് വന്നിട്ടുള്ളത് കൊണ്ട് മിത്രയുടെ കാബിൻ എവിടെയാണെന്ന് അവൾക്ക് അറിയാമായിരുന്നു.. അവൾ മിത്രയുടെ കാബിൻ ലക്ഷ്യമാക്കി നടന്നു…
…………………..
അഭി മിത്രയുടെ കാബിനിലെ ടേബിളിൽ തപ്പി കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഓരോ അറകളും പിന്നെയും പിന്നെയും തപ്പിയിട്ടും ഒന്നും കിട്ടാതെ വന്നതും അവന് ദേഷ്യവും സങ്കടവും തോന്നി തുടങ്ങിയിരുന്നു… ആ സമയത്താണ് കാബിൻ ഡോർ പതിയെ തുറക്കുന്നത് പോലെ അവന് തോന്നിയത്.. അവൻ വേഗം ഷെയ്ഡ്സിന് ഇടയിലേക്ക് മാറി നിന്നു..
കാബിൻ ഡോർ തുറന്ന് കയറിയ പിയ അവിടെ എല്ലാം നോക്കിയിട്ടും അഭിയെ കണ്ടില്ല…
വന്നത് പിയ ആണെന്ന് കണ്ടതും അഭി താൻ നിന്നിരുന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് വന്നു…
നന്ദൻ.. എന്തുപറ്റി.. പിയ വളരെ പതിയെ ചോദിച്ചു..
ശ്രീ സംസാരിച്ച് നിൽക്കാൻ സമയം ഇല്ല.. എത്രയും പെട്ടന്ന് കാശിയേട്ടൻ എന്തോ ഈ ടേബിളിൽ ഉണ്ടെന്ന് പറഞ്ഞില്ലേ അത് കണ്ടത്തെണം.. അല്ലെങ്കിൽ നമുക്ക് അത് കിട്ടിയെന്ന് വരില്ല…
എന്താ കാര്യം നന്ദൻ…
പറയാം.. നിനക്ക് എന്തെങ്കിലും ഊഹം ഉണ്ടോ എന്തായിരിക്കും അതെന്ന്…
മ്മ്.. ഡോക്യൂമെന്റസോ അല്ലെങ്കിൽ usb യോ അങ്ങനെ എന്തെങ്കിലും ആവാൻ സാധ്യത ഉണ്ട്.. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ തെളിവുകൾ..
എനിക്ക് എല്ലാം അറിയണം. ഇപ്പോൾ അല്ല വീട്ടിൽ എത്തിയിട്ട്…
പറയാം.. നന്ദൻ cctv.. മിത്ര അവിടെ ഉള്ള cctv ക്യാമറ കാട്ടിയിട്ട് പറഞ്ഞു..
ഇപ്പൊ അത് വർക്കിംഗ് അല്ല. മെ ബി എനിക്ക് മുൻപ് ഇവിടെ കയറിയ ആൾ ഓഫ് ചെയ്യ്തത് ആവാം. ഞാൻ നോക്കിയിരുന്നു.. അത് തിരികെ ഓൺ ആവുന്നതിന് മുൻപ് നമുക്ക് പോകണം..
മ്മ്….
പിന്നെ അവർ രണ്ടാളും കൂടി ആയി പരിശോധന.. എത്രയൊക്കെ നോക്കിയിട്ടും അവർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവർ നിരാശയോടെ പുറത്തേക്ക് ഇറങ്ങാൻ ചിന്തിച്ച സമയത്താണ് പിയ ഒന്നുകൂടി കാശി പറഞ്ഞത് ഓർത്തെടുത്തത്. മിത്ര – കാബിൻ – ടേബിൾ – താ… ഇത്രയും ആണ് കാശിയേട്ടൻ പറഞ്ഞത്. ഈ താ എന്നുദ്ദേശിച്ചത് താഴെ എന്നാവുമോ…
നന്ദൻ.. ഒരു മിനിറ്റ്.. ഡോറിന്റെ അവിടേക്ക് നടക്കുന്ന അഭിയെ തടഞ്ഞു നിർത്തിക്കൊണ്ട് അവൾ പിന്നെയും ടേബിളിന്റെ അടുത്തേക്ക് പോയി.. അതിൽ ഇട്ടിട്ടുള്ള ടേബിൾ ക്ലോത്തിനു അടിയിൽ ആണ് അവൾ കയ്യിട്ട് ആദ്യം പരിശോധിച്ചത്. ഒന്നും ഉണ്ടായില്ല. പിന്നെ അവൾ ടേബിൾ ടോപിന്റെ അടിഭാഗത്തേക്ക് കൈ ഇട്ട് തപ്പി നോക്കി. ആദ്യം അവളുടെ മുഖത്ത് നിരാശ നിറയുന്നതും പിന്നീട് അവളുടെ കണ്ണുകൾ തിളങ്ങുന്നതും മുഖത്ത് ഒരു ചിരി വിരിയുന്നതും അഭി കണ്ടു. എന്തോ അവൾക്ക് കൈയിൽ തടഞ്ഞിട്ടുണ്ട് എന്ന് മാത്രം അവന് മനസിലായി…
തുടരും ……..

by