18/04/2026

പരിണയം : ഭാഗം 27

രചന – ആയിഷ അക്ബർ

സഞ്ജു വീട്ടിലേക്കെത്തുമ്പോൾ പതിവ് പോലെ ആ മുറിയിലെ വെളിച്ചത്തിലേക്ക് നോക്കി….

കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങുന്നത് പോലെയവന് തോന്നി….

അവൻ മുറിയിലേക്ക് വരുമ്പോൾ അവൾ പെട്ടെന്ന് എഴുന്നേറ്റു….

തന്നെ കണ്ട് തിളങ്ങുന്ന അവളുടെ കണ്ണുകൾ അവനെ വേട്ടയാടി….

അവളും തന്നെ വിട്ട് പോകാൻ സമയമായിരിക്കുന്നു….

ഈ നോവ് ഇനിയും താങ്ങാൻ കഴിയില്ലെന്നത് കൊണ്ടാണ് അവളിൽ നിന്നകന്നു നിൽക്കാനെപ്പോഴും താൻ ശ്രമിച്ചു കൊണ്ടിരുന്നത്…..

എന്നാൽ താൻ പോലുമറിയാതെ അവൾ തന്റെ ഹൃദയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു…

അവൾക്ക് നേരെ നോക്കുമ്പോൾ സാധാരണ മനസ്സ് തെളിയുന്ന തനിക്ക് ഇന്നതിനു കഴിയുന്നില്ല….

മനസ്സ് വല്ലാതെ നോവുന്നു….

എന്ന് വെച് ഒന്നുമില്ലാത്ത തന്റെ കൂടെ അവളെ പിടിച്ചു നിർത്താനും തനിക്കാവില്ല….

അവൻ അവൾക്ക് മുഖം കൊടുക്കാൻ പോലും നിൽക്കാതെ കുളിക്കാൻ പോയി…..

അമ്മു വിളിച്ചിരുന്നു….
എന്താ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു…..
അവൻ കുളിച്ചു വന്ന ഉടനെ നന്ദയത് പറഞ്ഞതും മനസ്സിന്റെ അലറി കരച്ചിലിനിടയിൽ അവനതൊന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ല……

അതേയ്….. എന്താ പറയേണ്ടത്….

പതിവില്ലാത്ത അവന്റെ മുഖ ഭാവം അറിഞ്ഞത് കൊണ്ട് തന്നെ അവളല്പം പതുക്കെയാണത് ചോദിച്ചത്…..

എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞതല്ലേ ഞാൻ…..
ഭർത്താവ് കൂലി പണിക്കാരനാണെന്ന് പറയാൻ നാണമാണ് തനിക്കെങ്കിൽ അച്ഛന്റെ പേര് പറഞ്ഞാൽ മതിയിനി മുതൽ…….

പെട്ടെന്ന് അവൻ അതും പറഞ്ഞു അവൾക്ക് നേരെയലറുമ്പോൾ മനസ്സ് ഏങ്ങി കരയുന്നുണ്ടായിരുന്നു….

അവൻ പെട്ടെന്നവളിൽ നിന്നും മുഖം തിരിച്ചു കട്ടിലിലേക്ക് കയറി കിടക്കുമ്പോഴും നന്ദ നിശ്ചലയായങ്ങനെ നിന്നു…

കണ്ണുകൾ എന്തിനോ നിറഞ്ഞു വരുന്നു…..

ചുണ്ടുകൾ ഒരു കുഞ്ഞിനെ പോൽ വിതുമ്പുന്നു……

അവൾ കൈ കൊണ്ട് വാ പൊത്തി നിലത്തേക്കിരുന്നു…..

എന്തിനാണ് അവൻ തന്നോടിങ്ങനെ പെരുമാറിയതെന്ന് അവൾക്കറിയില്ലായിരുന്നു….

എന്തിനു തന്നെയായാലും അവന്റെ ഓരോ വാക്കുകളെയും നോക്കുകളെയും ചുറ്റി പറ്റിയാണ് തന്റെ ഓരോ സന്തോഷങ്ങളും….

അത് പോലെ തന്നെ അവന്റെ അവഗണനയും ദേഷ്യവും എന്തിന്റെ പേരിലായാലും തനിക്ക് സഹിക്കാൻ കഴിയുന്നതിലുമപ്പുറമാണെന്ന് അവൾക്കന്നേരം മനസ്സിലായിരുന്നു……

കണ്ണുകൾ പെയ്തു കുഴഞ്ഞെപ്പോഴോ മയക്കത്തിലേക്കവൾ വീണപ്പോഴും സഞ്ജുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…..

അവൻ പിടക്കുന്ന ഹൃദയവുമായി അങ്ങനെ കിടന്നു……….

രാവിലെ എഴുന്നേറ്റവൻ കടയിലേക്ക് പോകുമ്പോൾ അവളിലേക്കൊന്ന് നോക്കി….

തന്നെ വിട്ട് പിരിയാൻ സമയമായെന്നറിയാതെ ഉറങ്ങുകയാണ്…..

അവളെ പിരിയുകയാണെന്ന് ഓർത്തപ്പപ്പോഴേക്കും അവന്റെ മനസ്സ് പിടച്ചു തുടങ്ങിയിരുന്നു….

ഇതിനു വേണ്ടിയല്ലേ താൻ അവളിൽ നിന്ന് അകന്ന് മാറി നിന്നത്….

നിറഞ്ഞു വന്ന കണ്ണ് കളോടെ അവൻ പുറത്തേക്ക് നടന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ജോലികളെല്ലാം ഒതുക്കി വെച് കുളിക്കാൻ തുടങ്ങുമ്പോഴാണ് മുറ്റത് വന്നു നിന്ന കാറിന്റെ ശബ്ദം നന്ദ കേട്ടത്….

ഒന്നെത്തി നോക്കിയതും ആ വാഗണർ കണ്ട് മനസ്സൊന്നു വിറച്ചു….

അതിൽ നിന്നിറങ്ങുന്ന ആളിലേക്ക് കണ്ണുകൾ കൂർപ്പിച്ചു നിന്നു……

അച്ഛൻ……

അച്ഛനെ കണ്ടതും മനസ്സിൽ തോന്നിയ വികാരമെന്തെന്ന് അവൾക്കറിയുന്നില്ലായിരുന്നു……

ദേഷ്യമോ വാശിയോ സങ്കടമോ സന്തോഷമോ…
അങ്ങനെ എന്തെല്ലാമോ….

അവൾ പതിയെ ഉമ്മറത്തേക്ക് നടന്നു…..

അവളെ കണ്ടതും ദിവാകരന്റെ കണ്ണുകൾ തിളങ്ങി……

കയറു…..
അവളെ തന്നെ നോക്കി നിൽക്കുന്ന അയാളിലെ സാഗരം അറിഞ്ഞിട്ടും അവൾ ഗൗരവത്തോടെ തന്നെയാണത് പറഞ്ഞത്……

പറ്റിയ തെറ്റ് മനസ്സിലാക്കിയ ഒരാളുടെ എല്ലാ കുറ്റ ബോധവും അച്ഛനിൽ തെളിഞ്ഞു കാണുന്നുണ്ട്….

പക്ഷെ അത് തനിക്ക് നൽകിയ മുറിവ് ആ കണ്ണ് നീര് കൊണ്ട് തീരുന്നതല്ലല്ലോ…..

മോളെ…..

അവളൊന്നും പറയുന്നില്ലെന്ന് കണ്ടതും ദിവാകരൻ വിറച്ചു കൊണ്ടാണവളെ വിളിച്ചത്…..

അവൾ അയാൾക്ക് നേരെ മുഖമുയർത്തി….

അച്ഛന്…. അച്ഛന് തെറ്റ് പറ്റിപ്പോയി…..

അത് അച്ഛന് ഇപ്പോഴായിരിക്കും മനസ്സിലാകുന്നത്…. എന്നാൽ എനിക്ക് മുമ്പേ അറിയാമായിരുന്നല്ലോ…..

ദിവാകരൻ ഏറെ നോവോടെ അത് പറഞ്ഞതിന് നന്ദ മറുപടി നൽകുമ്പോൾ അതിൽ യാതൊരു ഭാവ ഭേദങ്ങളുമില്ലായിരുന്നു…..

ദിവാകരൻ കുറ്റ ബോധത്താൽ തല കുനിച്ചു….

എങ്ങനെ മനസ്സിലായി യെന്ന് ഞാൻ ചോദിക്കുന്നില്ല……
സഞ്ജുവേട്ടൻ എപ്പോഴും പറയാറുണ്ട്….
ഒരു സത്യവും കൂടുതലൊന്നും പുതഞ്ഞിരിക്കില്ലെന്ന്…
അവളത് പറയുമ്പോൾ വാക്കുകളിൽ അഭിമാനം കത്തി നിന്നു….

തെറ്റ് ചെയ്തിട്ടില്ലെന്ന അഭിമാനം….
അതിലേറെ തന്നോട് തെറ്റ് ചെയ്തിട്ടും താൻ അവർക്ക് മുമ്പിൽ തോറ്റു പോയില്ലെന്ന അഭിമാനം….

തെറ്റാണ്…. അച്ഛന് പറ്റിയത് വലിയൊരു തെറ്റാണ്…..
എന്റെ മോളത് മറക്കണം…..
നിന്നേ കൂടെ കൊണ്ട് പോകാനാണ് ഞാൻ വന്നിരിക്കുന്നത്….
വീട്ടിലെല്ലാവരും നിന്നേ കാത്തിരിക്കുകയാണ്……

ദിവാകരനത് പറഞ്ഞതും നന്ദ ദേഷ്യത്തോടെ മുഖം തിരിച്ചു……

ഞാനും ഇത് പോലെ ഒരു പാട് കരഞ്ഞതാണച്ചാ….
പക്ഷെ ഒരു വ്യത്യാസമുണ്ട്….
ഞാനൊരു തെറ്റും ചെയ്യാതെയാണ് കരഞ്ഞത് ..
പക്ഷെ അച്ഛൻ തെറ്റ് ചെയ്ത് പോയതോർത്താണ് കരയുന്നത്…..

ദിവാകരന്റെ നിറ കണ്ണുകൾ നോക്കി നന്ദ അത് പറഞ്ഞു നിർത്തുമ്പോൾ അത് വരെ അവളനുഭവിച്ച സങ്കടങ്ങളെല്ലാം നിറഞ്ഞു നിന്നിരുന്നു….

അത് ദിവകാരനെ കൂടുതൽ വേദനിപ്പിച്ചു….

മോളെ……
അയാൾ വിളിച്ചപ്പോഴേക്കും  അവൾ അയാൾക്ക് നേരെ കയ്യുയർത്തി …..

അച്ഛനോട് പൊറുത്തു തരാൻ എനിക്ക് പറ്റും….
കാരണം എന്റെ അചനല്ലേ…

എന്നാൽ തിരികെ വരാൻ മാത്രം എന്നോട് ആവശ്യപ്പെടരുത്……
ഞാൻ വരില്ല…..

നന്ദ ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ അവൾ തന്നോടുള്ള വാശി കൊണ്ടാണത് പറയുന്നതെന്ന് അറിയുന്നത് കൊണ്ട് തന്നെ അയാൾ അവിടെ നിന്നും നടന്നിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നും വൈകുന്നേരം തന്നെ കാത്തു നിൽക്കുന്ന ദിവകാരനെ കണ്ട് സഞ്ജു ഒന്ന് ഭയന്നിരുന്നു……

ഞാൻ വീട്ടിൽ പോയിരുന്നു…
നന്ദ…… അവള് എന്റെ കൂടെ വരുന്നില്ല സഞ്ജയ്‌….

ഏറെ വിഷമത്തോടെ ദിവാകരൻ അത് പറഞ്ഞതും സഞ്ജുവിന്റെ കണ്ണുകൾ ഒരു വേള വിടർന്നു….

ഇന്നലെ തൊട്ട് അത്രയും നേരം അനുഭവിച്ച എല്ലാ പ്രയാസങ്ങളും അവനിലൊരു കുളിരായി നിറഞ്ഞു……..

അവളെ ഒന്ന് കാണാൻ കണ്ണുകൾ പിടച്ചു തുടങ്ങി….

എന്നോട്…. എന്നോടവൾക്ക് വാശിയാണ്…..
അവളെയും കുറ്റം പറയാൻ കഴിയില്ല……..
അത്രയും വലിയ തെറ്റാണല്ലോ ഞാൻ എന്റെ കുഞ്ഞിനോട് ചെയ്തത്….

ദിവാകരൻ അതും പറഞ്ഞു മിഴികൾ നിറക്കുമ്പോൾ സഞ്ജു ഒന്നും മിണ്ടിയില്ല…..

അവളോട് മാത്രമല്ല…. നിന്നോടും അല്ലേ…

അയാൾ നോവ് കലർന്നൊരു പുഞ്ചിരിയോടെ അവനോടത് ചോദിക്കുമ്പോൾ അവൻ മിഴികൾ ദൂരേക്ക് പായിച്ചങ്ങനെ നിന്നു……

എല്ലാത്തിനും മാപ്പ് ചോദിക്കുകയാണ് ഞാൻ….
എനിക്ക്… എനിക്കെന്റെ മോളെ തിരികെ വേണം…
ഞാൻ വേണമെങ്കിൽ കാലു പിടിക്കാം……

ദിവാകരൻ അതും പറഞ്ഞു കൈ കൂട്ടി പിടിച്ചു കൊണ്ട് സഞ്ജുവിന്റെ കാലിലേക്ക് വീഴാൻ തുടങ്ങിയതും അവൻ പെട്ടെന്ന് ഒഴിഞ്ഞു മാറിയിരുന്നു…..

ഏയ്…. എന്താ ഈ കാണിക്കുന്നത്……

അവളെ പറഞ്ഞു മനസ്സിലാക്കാൻ ഇനി തനിക്കെ കഴിയു…..

സഞ്ജു അത് ചോദിച്ചതും നിറയുന്ന കണ്ണുകളുമായി ദിവാകരൻ അത് പറയുമ്പോൾ സഞ്ജു എന്ത്‌ പറയണമെന്നറിയാതെ അങ്ങനെ നിന്നു……

അവളോട് ചെയ്ത തെറ്റിനെനിക്ക് പ്രായശ്ചിതം ചെയ്യണം……

അവളൊരു പാട് ആഗ്രഹിച്ച ജോലി നേടി കൊടുക്കണം…..

ഏറെ സന്തോഷം നിറഞ്ഞൊരു ജീവിതം കൊടുക്കണം…

ഈ ലോകത്തെ എല്ലാ സന്തോഷങ്ങളും കൊടുക്കണം…

ആ വീട്ടിൽ അവളത്രയും ബുദ്ധിമുട്ടിയാണ് കഴിയുന്നതെന്നെനിക്കുറപ്പാണ്……എന്നോടുള്ള വാശിക്കാണ് അവളിതെല്ലാം ചെയ്യുന്നത്…..

സഞ്ജു വിനേ ഇനിയവളെ പ്പറഞ്ഞു മനസ്സിലാക്കാൻ കഴിയു…..

അയാളതും കൂടി പറഞ്ഞപ്പോൾ സഞ്ജു ഒരു നിമിഷം അങ്ങനെ നിന്നു…..

ഹൃദയം പിളരുകയാണ്….

മനസ്സെപ്പോഴും കണക്ക് കൂട്ടുന്ന ഒരു രംഗമാണിതെങ്കിൽ കൂടി ഇതിനിത്രയും വേദനയുണ്ടാകുമെന്ന് താൻ  കരുതിയിട്ടില്ല……

പിന്നെ അയാൾ പറഞ്ഞത് ശെരിയാണ്…..
തന്റെ കൂടെ അവൾ ജീവിക്കാൻ മാത്രം തനിക്കെന്തുണ്ട്……

ഒരു സംരക്ഷകന്റെ സ്ഥാനം മാത്രമേ തനിക്കവളിലുള്ളു എന്ന സത്യത്തെ മറന്ന് താനാണ് തെറ്റ് ചെയ്തത്……

അവൾക്ക് എല്ലാം നേടി കൊടുക്കാൻ തന്റെ കയ്യിൽ പണമില്ല……..
ഒന്നുമില്ല …..

അവന്റെ ഹൃദയം ഒന്ന് പിടച്ചു….

ഞാൻ…. ഞാൻ അവളോട് സംസാരിക്കാം…..

സഞ്ജു അത് പറയുമ്പോൾ ആ വാക്കുകൾ ഒന്ന് വിറച്ചിരുന്നു….

ദിവാകരൻ ഏറെ സന്തോഷത്തോടെ മടങ്ങി….

എങ്ങനെയാണാവളോട് തന്റെ ജീവിതത്തിൽ നിന്നിറങ്ങി പോകാൻ പറയുക എന്നതെന്ന് അവനപ്പോഴും അറിയില്ലായിരുന്നു…

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

സഞ്ജു വീട്ടിലേക്കെത്തിയതും നന്ദക്ക് മുഖം കൊടുത്തിരുന്നില്ല…..

തന്റെ കണ്ണുകളിൽ നോക്കി ഉള്ളിലെ വേവവൾ തിരിച്ചറിയരുതെന്ന് കരുതി തന്നെയായിരുന്നത്….

അച്ഛൻ….. അച്ഛൻ വന്നിരുന്നു…..

അവൾ പെട്ടെന്നത് പറഞ്ഞതും സഞ്ജു അവൾക്ക് നേരെ തിരിഞ്ഞു….

എന്തിനു…

അവൻ അറിയാത്ത ഭാവത്തിൽ ചോദിക്കുമ്പോഴും കണ്ണുകൾ ഒരിടത്തുറച്ചു നിൽക്കുന്നുണ്ടായിരുന്നില്ല ….

എങ്ങനെയോ സത്യങ്ങളെല്ലാം അറിഞ്ഞ് മാപ്പ് പറഞ്ഞെന്നെ കൂട്ടി കൊണ്ട് പോകാൻ വന്നതാണ്…….

ഓഹ്….. അപ്പൊ എന്നാ പോകുന്നത്…..

നന്ദ അത് പറഞ്ഞതും സഞ്ജു പെട്ടെന്നത് ചോദിക്കുമ്പോൾ നന്ദയുടെ കണ്ണുകൾ ഒരു നിമിഷം വിടർന്നു……

അവയിൽ ഒരു ആഴി അലയടിക്കുന്നത് നോവോടെ അവൻ നോക്കി നിന്നു…

ഞാൻ….. ഞാൻ പോകണോ……

ഏറെ വികാരാദീതമായിരുന്നു അവളിൽ നിന്നുതിർന്ന ആ ചോദ്യം……

അതിൽ താൻ ഉരുകി പ്പോകുമോയെന്ന് സഞ്ജുവിനൊരു വേള തോന്നിപ്പോയി…..

(തുടരും)