രചന – അഞ്ജു തങ്കച്ചൻ
അന്ന് ഏറെ സമാധാനത്തോടെയാണ് അമ്മു ഉറങ്ങിയത്.
എന്താണെന്ന് അറിയില്ല, മനസ് നിറഞ്ഞു കവിയുന്നു.
അമ്മയുടെ മുഖത്തെ സന്തോഷമാണോ അതിനു കാരണം? അതോ ഇന്ന് വഴക്കൊന്നും പറയാതെ തന്നോട് കാണിച്ച സ്നേഹമാണോ?
എന്താണെന്നറിയില്ല ഇപ്പോൾ മനസ് ശാന്തമാണ്.
അപ്പുറത്തെ മുറിയിൽ ഹിമയുടെ മനസ് പക്ഷെ ഒട്ടും ശാന്തമായിരുന്നില്ല.
ഇന്ന് തന്റെ അമ്മുവിനോടൊപ്പം ശാന്തമായി ഇരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പക്ഷെ, ഈ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കുന്നതിൽ ഒരു കാര്യവുമില്ലെന്നു അവൾക്ക് തോന്നി.
എന്തിനാണ് വെറുതെ ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നത്?
മകളെ നോക്കി, സ്വന്തമായി ജീവിക്കുവാനുള്ള ധൈര്യം ഇപ്പോൾ മനസ്സിൽ തോന്നുന്നുണ്ട്.
ഒത്തുപോകാൻ കഴിയാതെ വന്നാൽ അന്തസ്സായി പിരിയുന്നതല്ലേ നല്ലത്.
ഭർത്താവ് മനസുകൊണ്ട് പണ്ടേ അകന്നു. എന്തിനേറെ പറയുന്നൂ ശരീരം കൊണ്ട് പോലും അകൽച്ചയിൽ ആയിട്ട് മൂന്നോ നാലോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
മോൾക്ക് വേണ്ടിയാണ് ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നത് എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല.
ഷിജുവിന്റെ ജീവിതവും, തന്റെ ജീവിതവും ഇങ്ങനെ ഉരുകി തീരുന്നതിലും നല്ലത് രണ്ടാളും അവരവരുടെ ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുന്നത് അല്ലേ?
പക്ഷെ ഷിജുവിനെ താൻ സ്നേഹിക്കുന്നുണ്ട്.
എങ്കിലും എനിക്ക് വേണ്ടി ഒരുനാളും അയാൾ
സംസാരിച്ചിട്ടില്ല.
അമ്മു തീരെ കുഞ്ഞായിരുന്നപ്പോൾ,താൻ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ, അടുക്കളയിൽ മുട്ടിലിഴഞ്ഞ് വരും,അപ്പോൾ പോലും ഷിജുവോ അമ്മയോ കുഞ്ഞിനെ വന്ന് എടുത്തിട്ടില്ല.
ആ ചെറിയ കുഞ്ഞിനേയും ഒക്കത്തു വച്ച് സകല ജോലിയും ചെയ്യണം.
ആഹാരം എന്തെങ്കിലും ഉണ്ടാക്കാൻ വൈകിയാൽ ഷിജുവിന്റെ അമ്മ ബഹളം ഉണ്ടാക്കും. എന്നാൽ കുഞ്ഞിനെ കുറച്ച് നേരം നോക്കാൻ തയ്യാറാകുകയുമില്ല.
ഇതൊക്കെ കണ്ടിട്ടും ഷിജു ഒരിക്കൽ പോലും ഒന്ന് സഹായിക്കുകയോ, കുഞ്ഞിനെ ഒന്ന് നോക്കുകയോ ചെയ്തിട്ടില്ല..
അമ്മയോട് കുറച്ച് നേരം കുഞ്ഞിനെ ഒന്ന് നോക്കാൻ എങ്കിലും ഷിജുവിന് പറയാമായിരുന്നു. എന്നിട്ടും പറഞ്ഞില്ല.
ഇപ്പോഴും താൻ ഓർക്കുന്നുണ്ട് അന്നാളിൽ മെലിഞ്ഞുണങ്ങി ഇരിക്കുന്ന തന്റെ രൂപം കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മുലയൂട്ടുന്ന അമ്മമാർ ഇങ്ങനെയാണോ, എന്തെങ്കിലും ഒക്കെ കഴിച്ചൂടെയെന്ന്.
ഒരിക്കൽ ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ ഒരുപാട് വഴക്ക് പറഞ്ഞു. മുപ്പത്തിയേഴുകിലോയെ തൂക്കം ഉള്ളൂ..
എന്താ ഇങ്ങനെ,എന്തെങ്കിലും അസുഖം ഉള്ള ആളാണോ എന്ന്ഒക്കെ…
രാവിലെ ഉണ്ടാക്കി വയ്ക്കുന്ന അപ്പമോ, ഇഡ്ഡലിയോ… എന്തായാലും,അതമ്മ എണ്ണിവയ്ക്കും. എന്നിട്ട് താൻ കഴിച്ച് കഴിയുമ്പോൾ അമ്മ വീണ്ടും പോയി എണ്ണി നോക്കും എത്ര എണ്ണം താൻ എടുത്തു എന്ന്.
ഇതൊക്കെ താൻ എങ്ങനെ ആളുകളോട് പറയും?
അല്ലെങ്കിൽ തന്നെ എല്ലാം അറിയാവുന്ന തന്റെ ഭർത്താവ് മൗനം പാലിക്കുമ്പോൾ വേറെ ആരോട് പറഞ്ഞിട്ട് എന്ത് കാര്യം.
ആലോചിക്കും തോറും മനസ്സിൽ ഷിജുവിന്റെ അമ്മയോട് വെറുപ്പ് തോന്നും, ശരിയാണ് പക്ഷെ, അമ്മ പണ്ട് ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള കാര്യങ്ങൾ ഒക്കെ ഷിജു പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ട് ഉള്ളിൽ എവിടെയോ ഒരൽപം സ്നേഹവും തോന്നിയിട്ടുണ്ട്.
ഒറ്റയ്ക്ക് ജീവിക്കാനുള്ള ധൈര്യം അന്നൊന്നും ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇവിടെ താൻ നിൽക്കുമായിരുന്നില്ല.
മോൾക്ക് ഒന്നര വയസുള്ളപ്പോഴാണ്, ഷിജുവിന്റെ ചേച്ചി രണ്ടാമത്തെ പ്രസവത്തിനു വീട്ടിൽ വന്നത്.അതോടെ വീണ്ടും കഷ്ടപ്പാട് കൂടി..
അതൊന്നും ഓർക്കാൻ പോലും വയ്യ..
ഹിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവരുടെ തുണി അലക്കലും, വീട്ട് ജോലിയും, കൂടെ ഒന്നര വയസ് മാത്രമുള്ള തന്റെ അമ്മുക്കുട്ടിയെ നോട്ടവും..
ഒരുപാട് കഷ്ടപ്പെട്ടു.
ഒരു ദിവസം അമ്മുവിന്റെ ഉറക്കെയുള്ള കരച്ചിൽ കെട്ട് താൻ ഓടി ചെന്നപ്പോൾ കണ്ടു
.
നാത്തൂന്റെ അഞ്ച് വയസുള്ള മൂത്തകുട്ടി , അമ്മുവിന്റെ കുഞ്ഞ്കാലിൽ വലിയൊരു കമ്പ് വച്ച് അടിക്കുന്നു.
അമ്മുവിന്റെ കാലിലെ അടിച്ച പാട് കണ്ടപ്പോൾ തനിക്ക് സഹിച്ചില്ല. ആ കുട്ടിയെ താൻ വഴക്ക് പറഞ്ഞു, ഇനി മേലിൽ കുഞ്ഞിനെ അടിക്കരുത് എന്ന് പറഞ്ഞത് നാത്തൂന് ഇഷ്ടമായില്ല.
അവരുടെ കൊച്ചിനെ വഴക്ക് പറഞ്ഞു എന്നും പറഞ്ഞ് എന്തൊക്കെയോ പറഞ്ഞു.
താനും വിട്ട് കൊടുത്തില്ല. കുഞ്ഞിന്റെ കാലിലെ പാട് കാണിച്ചു കൊടുത്തിട്ട് താനും രണ്ടെണ്ണം പറഞ്ഞു.
അതോടെ അടുത്ത് നിന്ന തന്റെ കരണത്തിനിട്ട് നാത്തൂൻ അടിച്ചു.
എന്നിട്ട് ഷിജു വന്നപ്പോൾ അമ്മയും നാത്തൂനും ചേർന്ന് താൻ അടിച്ചു എന്നും പറഞ്ഞ് കരഞ്ഞു.
അവർ പറഞ്ഞതാണ് സത്യമെന്നു കരുതി അന്ന് ആദ്യമായി ഷിജു തന്റെ കവിളിൽ അടിച്ചു.
ഒരു കാലത്തും തനിക്കൊപ്പം നിന്നിട്ടില്ല ഷിജു. അത്രയും പ്രശ്നങ്ങൾ അവിടെ അവർ ഉണ്ടാക്കിയിട്ടും ഷിജു തനിക്കു വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല.
അവർക്കറിയാം ഷിജു ഒരിക്കലും എന്റെ വാക്കുകൾ കേൾക്കില്ലെന്ന്. അതുകൊണ്ടാണല്ലോ എന്നോട് എന്തും ആകാം എന്നുള്ള ധൈര്യം അവർക്ക് വന്നത്.
വീട്ടിലേക്ക് കുഞ്ഞിനേയും എടുത്ത് പോയാലോ എന്ന് ആദ്യം ചിന്തിച്ചു.
പക്ഷെ, സ്വന്തം വീട്ടിലുള്ളവർക്ക് താനൊരു ബാധ്യത ആകുകയേ ഉള്ളൂ എന്ന് ഓർക്കുമ്പോൾ അങ്ങോട്ട് പോകാനും തോന്നില്ല.
ജോലിക്ക് പോയി ആരുടേയും ഔദാര്യത്തിനു കാത്തുനിൽക്കാതെ ജീവിക്കാൻ താൻ ഉറപ്പിച്ചു.
രണ്ടര വയസിൽ കുഞ്ഞിനെ ബാലവാടിയിൽ വിട്ടിട്ട്. അടുത്തുള്ള ചെറിയ സ്ഥാപനത്തിൽ ജോലിക്ക് കയറി.
പക്ഷെ അവിടെയും നിരാശ ആയിരുന്നു ഭലം.
മൂന്ന് മൂന്നരയോടെ കുഞ്ഞ്ബാലവാടിയിൽനിന്നും ടീച്ചറിന്റെ കൂടെ വീട്ടിൽ വരും.
കുഞ്ഞ് വീട്ടിൽ ചെല്ലുമ്പോൾ തന്നെ അമ്മ കുഞ്ഞിനേയും കൂട്ടി തന്റെ ഓഫിസിൽ എത്തും.
എന്നെ കണ്ടാൽ ഉടൻ മോള് കരച്ചിൽ തുടങ്ങും. പിന്നെ ആ സമയത്ത് ജോലി നിർത്തി പോരേണ്ടി വരും ഇത് സ്ഥിരമായതോടെ, അവർക്കും മുഷിച്ചിൽ തോന്നി.
കൂടാതെ ശനിയാഴ്ച ലീവ് എടുക്കാതെ തരമില്ലായിരുന്നു.
അമ്മക്കൊപ്പം മോളേ ആക്കാൻ പറ്റില്ല അവർ നോക്കില്ല.
അങ്ങനെയായി ഒടുക്കം നിരാശയോടെ അവിടുത്തെ ജോലി നിർത്തേണ്ടി വന്നു.
മോള് സ്കൂളിൽ പോയി തുടങ്ങുമ്പോൾ ജോലിക്ക് പോയാൽ മതിയെന്ന് ഷിജുവും പറഞ്ഞതോടെ. തനിക്ക് മുന്നിൽ എല്ലാ വഴിയും അടഞ്ഞു.
മരിക്കാനാണ് അന്നൊക്കെ തോന്നിയത്. മോളുടെ മുഖം കാണുമ്പോൾ അതിനുള്ള ധൈര്യവും തോന്നിയില്ല.
ഇപ്പോൾ മോള് വലുതായി. അവൾക്കു കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും. ഇനി നിൽക്കേണ്ട കാര്യമുണ്ടോ?
തന്റെ പതിനാറു വർഷങ്ങൾ ഇവിടെ ഹോമിച്ചു. ഇനിയും എന്തിനാണ് സ്വയം നശിക്കുന്നത്?
ഇപ്പോൾ മനസിന് നല്ല ധൈര്യം ഉണ്ട്.
ഇനിയും വൈകിയിട്ടില്ല…
എന്ത് ചെയ്യണം??
അവൾ ആലോചനയോടെ ഇരുന്നു.
ഒടുവിൽ അവൾ ഒരുറച്ച തീരുമാനത്തിൽ എത്തി.
************
തുടരും.

by