18/04/2026

നിയതി : ഭാഗം 14

രചന – കണ്ണന്റെ മാത്രം

റൂമിൽ എത്തിയ നിധി നേരെ ഫോൺ എടുത്ത് ജോയെ വിളിച്ച് അമൻ വന്നതിനെക്കുറിച്ചും അയാളുടെ ഭീഷണിയും നോട്ടവും ഒക്കെ പറഞ്ഞു…

ഇനിയെന്തായാലും ഹോസ്റ്റലിൽ നിൽക്കണ്ട.. വീട്ടിൽ നിന്ന് പോയി വന്നാൽ മതി.. തല്ക്കാലം രണ്ടു ദിവസം ഗസ്റ്റ് ഹൗസിൽ നിൽക്കാം അതു കഴിഞ്ഞ് തറവാട്ടിൽ കാര്യം അവതരിപ്പിച്ചിട്ട് അങ്ങോട്ട് മാറാം എന്നും ജോ അവളോട് പറഞ്ഞു…

അവൾക്കും അത് സമ്മതം ആയിരുന്നു.. മീരക്ക് പിന്നെ സന്തോഷമേ ഉണ്ടാവുകയുള്ളൂ എന്ന് നിധിക്ക് അറിയാം.. തനിക്ക് വേണ്ടിയാണ് അവൾ ഹോസ്റ്റലിൽ നിൽക്കുന്നത്. അല്ലെങ്കിൽ എന്നും പോയി വരാവുന്ന ദൂരത്തിൽ ആണ് അവളുടെ വീട്…

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… മീര ഡ്യൂട്ടി കഴിഞ്ഞ് വന്നതും രണ്ടാളും ഹോസ്റ്റൽ വെക്കേറ്റ് ചെയ്യത് ഇറങ്ങി.. ജോ അവരെ കാത്ത് പുറത്തുതന്നെ ഉണ്ടായിരുന്നു… മീരയെ വീട്ടിൽ ആക്കി അവർ നേരെ ഗസ്റ്റ് ഹൗസിലേക്ക് കയറി…

പകലൊക്കെ അവിടെ നിന്നിട്ടുണ്ടെങ്കിലും രാത്രി ഇത് ആദ്യമായിട്ടാണ്… അതിന്റെതായ ഒരു വെപ്രാളം നിധിക്ക് ഉണ്ട്.. ജോ ആണെങ്കിൽ ഇപ്പൊ കുറച്ചായി അവന്റെ പ്രണയം നല്ല രീതിയിൽ പ്രകടമാക്കി തുടങ്ങിയിട്ടുണ്ട്.. ഗാഢമായ പുണരലുകളിലൂടെയും ആത്മാവ് വലിച്ചെടുക്കുന്ന തരം ചുംബനങ്ങളിലൂടെയും ഒക്കെ.. എല്ലാ രീതിയിലും അവന്റേതാവാൻ അവൾക്ക് സമ്മതം ആണെങ്കിലും എന്തോ ഒരു പേടി അവളുടെ ഉള്ളിൽ ഉണ്ട്… മീര അവളെ എപ്പോഴും കളിയാക്കും ഇതും പറഞ്ഞ്… ഇതെല്ലാം ആലോചിച്ച് നിൽക്കുമ്പോൾ ആണ് അവളുടെ ഉദരത്തെ ദൃഢമായ രണ്ട് കൈകൾ ചുറ്റിയത്…

എന്താണ് എന്റെ പെമ്പ്രന്നോത്തി ഈ ആലോചിച്ച് കൂട്ടുന്നത് ഏഹ്ഹ്… അവൻ ചോദിച്ചു…

ഒന്നു.. ഒന്നുല്ല്യ ഇച്ചായാ.. ഞാൻ വെറുതെ ഓരോന്നും ചിന്തിച്ച് നിന്നതാണ്… ഒന്ന് വിക്കിയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു..

ഇങ്ങനെ നിന്നാൽ മതിയോ കിടക്കണ്ടേ.. അവൻ അത് ചോദിച്ചതും അവളുടെ ശരീരത്തിൽ ഉണ്ടായ വിറയൽ അവൻ ശരിക്കും അറിഞ്ഞു…

എന്തിനാ എന്റെ പെണ്ണ് ഇങ്ങനെ പേടിക്കുന്നേ.. നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ എന്റേതാക്കില്ല.. ഇനി ഒരുമിച്ചൊരു മുറിയിൽ കിടക്കാനും ടെൻഷൻ ആണെങ്കിൽ ഞാൻ വേറെ മുറിയിൽ കിടക്കാം..അവൻ അതും പറഞ്ഞുകൊണ്ട് അവളെ വിട്ട് മാറി പോകാനായി തിരിഞ്ഞു…

ഇച്ചായാ… അവൾ വേഗം തിരിഞ്ഞു അവന്റെ കൈയിലായി പിടിച്ചു…

ഞാൻ പിണങ്ങി ഒന്നും പോവല്ല പെണ്ണേ… നീ ഒന്ന് കംഫർട് ആയിക്കോട്ടെ എന്ന് കരുതിയിട്ടല്ലേ… എനിക്ക് വിഷമം ഒന്നുമില്ല… അവൻ അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു…

ഇച്ചയാനോട് ഞാൻ പറഞ്ഞോ എനിക്ക് ഇച്ചായൻ കൂടെ ഉള്ളപ്പോൾ കംഫർട്ടബിൾ അല്ലന്ന്… ഇപ്പൊ ഇച്ചായന്റെ കൂടെ ഉള്ളപ്പോഴെത്തേക്കാളും കംഫർട്ട് വേറെ എവിടെയും എനിക്ക് കിട്ടില്ല… പിന്നെ എനിക്കും ആഗ്രഹമുണ്ട് ഇച്ചായന്റെ മാത്രം ആവാൻ…അത് പറയുമ്പോൾ അവളുടെ മുഖം ആകെ ചുവന്നിരുന്നു…

അവൻ അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ട് നെറ്റിയിലായി ഒന്ന് മുത്തി.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ അലഞ്ഞുനടന്നു.. അവന്റെ നോട്ടത്തിന്റെ തീഷ്ണത താങ്ങാൻ ആവാതെ അവളുടെ കണ്ണുകൾ അടഞ്ഞു.. അവൻ ഒരു ചിരിയോടെ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി.. അവളുടെ മുകളിലായി അവനും കിടന്നു…

പിന്നെ അങ്ങോട്ട് അവൻ ഒരു പ്രയാണത്തിൽ ആയിരുന്നു.. കാണാത്തതും അറിയാത്തതും ആയ കാര്യങ്ങൾ അറിയാനും കാണാനും ഉള്ളൊരു യാത്ര.. കണ്ടകാര്യങ്ങൾ നാവിനാൽ രുചിച്ചും കൈകളാൽ തഴുകിയും മിഴികളാൽ അളന്നും കടന്നുപോയൊരു യാത്ര..സഹയാത്രികയുടെ മിഴികളിൽ നിന്ന് ഒരു തുള്ളി മിഴിനീർ പൊടിച്ചുകൊണ്ട് എന്നാൽ ഇരുവരും ആത്മസംതൃപ്തിയോടെ അവസാനിപ്പിച്ചൊരു യാത്ര….

നിധി…. കിതപ്പൊന്നു അടങ്ങിയതും അവൻ വിളിച്ചു…

ഇച്ചായാ.. നൊന്തോ എന്നൊരു ക്ലിഷേ ചോദ്യം ചോദിക്കാനാണെങ്കിൽ വേണ്ടാ ട്ടോ.. ഇത് നോവുമെന്ന് എനിക്കും ഇച്ചായനും നന്നായി അറിയാം.. പിന്നെ ഈ ഒരു ചോദ്യത്തിന്റെ പ്രസക്തി ഇല്ലല്ലോ…

ആഹാ.. പോയ നാവൊക്കെ തിരിച്ചുവന്നല്ലോ എന്റെ പെണ്ണിന്റെ.. എന്തായിരുന്നു ഈ റൂമിൽ ആദ്യം കേറിയപ്പോൾ ഉള്ളൊരു നാണം.. ഞാൻ കരുതി നീ നിന്റെ നാവ് ഹോസ്റ്റലിൽ നിന്ന് എടുക്കാൻ മറന്നെന്ന്… അവൻ അവളെ എടുത്ത് നെഞ്ചിലേക്ക് കെടുത്തി ഊർന്നുപോയ പുതപ്പ് നേരെ പിടിച്ചിട്ടുകൊണ്ട് ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…

അതേ ഈ നാവെന്ന് പറയുന്ന സാധനം അത്യാവശ്യം ഉള്ളയിടങ്ങളിൽ യൂസ് ചെയ്യാൻ ആണ് അല്ലാതെ ചുമ്മാ വളവള സംസാരിക്കാൻ അല്ല…

അതുശെരിയാ.. ഞാൻ ദേ എന്റെ നാവ് വളരെ അത്യാവശ്യമുള്ള ഇടങ്ങളിൽ യൂസ് ചെയ്തിട്ടാണ് ഇപ്പൊ ഇരിക്കുന്നത്.. അവൻ അവളെ നോക്കി ഒറ്റകണ്ണിറുക്കി ഒരു വഷളൻ ചിരിയോടെ പറഞ്ഞു..

കുറച്ച് സമയം എടുത്തു അവൾക്ക് അവൻ പറഞ്ഞത് മനസിലാക്കി എടുക്കാൻ.. മനസിലായി വന്നതും അവളുടെ മുഖം ചെമ്പരത്തിപ്പൂ പോലെ ചുമന്നു…
അയ്യേ.. എന്ത് വൃത്തികേടാണ് ഈ പറയുന്നത്.. വഷളൻ ഇച്ചായൻ…

എന്ത് വൃത്തികേട്… ഞാൻ ഇപ്പൊ നിന്നോട് സംസാരിച്ച കാര്യം അല്ലേ പറഞ്ഞത്.. അതിൽ എന്താ ഇത്ര വഷളത്തരം ഉള്ളത്.. നീ വേറെ എന്തെങ്കിലും കരുതിയോ…അവൻ ഒരു കളിയാക്കി ചിരിയോടെ ചോദിച്ചു…

ദേ.. ഇച്ചായാ.. വേണ്ട.. മാറിയേ.. എനിക്കേ ഉറക്കം വരുന്നുണ്ട്… അവൾ അവന്റെ നെഞ്ചിൽ നിന്ന് മാറികിടക്കാൻ നോക്കികൊണ്ട്‌ പറഞ്ഞു..

അതിനെന്താ.. നീ ഉറങ്ങിക്കോ… അവൻ അവളെ ഒന്നുകൂടി മുറുക്കിപിടിച്ചുകൊണ്ട് പറഞ്ഞു…

ഇങ്ങനെ കിടന്നിട്ടോ..നന്നായി…എനിക്കേ ഒരാളെ മുട്ടിയും തട്ടിയും കിടന്നാൽ ഉറക്കം വരില്ല മനുഷ്യാ.. വിട്ടേ ഞാൻ ഇറങ്ങി കിടക്കട്ടെ…

ശെടാ.. ഒന്ന് ഭാര്യയെ കെട്ടിപിടിച്ചു കിടക്കണമെങ്കിൽ ഒരു വഴിയും ഇല്ലാതായല്ലോ…

കിടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല.. ഉറങ്ങാൻ പറ്റില്ലന്നെ ഉള്ളൂ… അല്ല ഇച്ചായാ തറവാട്ടിൽ എന്നാ പറയുന്നത് നമ്മുടെ കാര്യം…

നാളെ പറയാം എന്നാ വിചാരിക്കുന്നത്… നാളെയാവുമ്പോൾ ഞായർ അല്ലേ എല്ലാവരും ഉണ്ടാകും….നമുക്ക് രാവിലെ ടിഫിൻ കഴിച്ചിട്ട് പോകാം….

ഇച്ചായാ.. വീട്ടിൽ പ്രശ്നം ആകില്ലേ…

പ്രശ്നം ഉണ്ടാകില്ല എന്നൊന്നും ഞാൻ പറയുന്നില്ല… മമ്മിയൊക്കെ എന്തായാലും പ്രശ്നം ആക്കും.. ഹന്നയുടെ പേരും പറഞ്ഞ്… പക്ഷേ എനിക്ക് വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും സമ്മതം മതി.. മറ്റാരുടേം കാര്യം ഞാൻ നോക്കുന്നില്ല… നീ വിഷമിക്കണ്ട.. ആരും സമ്മതിച്ചില്ലെങ്കിലും നീ എന്നും എന്റെ ജീവിതത്തിൽ ഉണ്ടാകും…

മ്മ്… അതിന് അവൾ ഒന്ന് മൂളി…

……………

ജോ പറഞ്ഞതുപോലെ തന്നെ വല്യപ്പച്ചനും വല്യമ്മച്ചിയും വിൻസെന്റും സേവിയറും അതിഥിയും ഒഴികെ ബാക്കി മുതിർന്ന എല്ലാവരും ജോയുടെയും നിധിയുടെയും കാര്യം കേട്ടപ്പോൾ എതിർത്തു… ഗ്രേസിയമ്മക്ക് വല്ലാത്ത ഒരു ദേഷ്യം പോലെ ആയിരുന്നു മുഖത്ത്.. പക്ഷേ വല്യപ്പച്ചൻ അവരെ സ്വീകരിച്ചതുകൊണ്ട് വേറെ നിവൃത്തി ഇല്ലാതെ വന്നു…

നിധിക്ക് അവിടത്തെ ലൈഫ് ദുസ്സഹം ആയിരുന്നു.. അതിഥിയും വല്യമ്മച്ചിയും ഒഴികെ ആരും അവളോട് കാര്യമായി ഒന്നും മിണ്ടാറില്ല.. ഇനി വല്ലതും പറഞ്ഞാലും അത് മുഴുവൻ അവളെ കുത്തി പറയുന്നതായിരിക്കും… അവൾ പക്ഷേ എല്ലാം സഹിച്ചു.. ജോയോടും ഒന്നും പറഞ്ഞില്ല.. കാരണം ജോ വല്ലതും അറിഞ്ഞാൽ പിന്നെ അവിടെ നിൽക്കാൻ സമ്മതിച്ചില്ല എന്ന് വരും… അവൾ കാരണം ജോയ്ക് അവന്റെ ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടി വരരുത് എന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു…

രണ്ടുമൂന്ന് മാസങ്ങൾ കൂടി കടന്നുപോയി… നിധിയുടെയും മീരയുടെയും ഹൗസർജൻസി കഴിയാറായി.. മീര എംഡി ചെയ്യാൻ പുറത്തേക്ക് പോകാനുള്ള കാര്യങ്ങൾ എല്ലാം ചെയ്യ്തു.. നിധി നാട്ടിൽ തന്നെ ചെയ്യാം എന്നാണ് തീരുമാനിച്ചത്.. അവൾക്ക് അവളുടെ ഇച്ചായനെ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നു.. ജോയ്ക്കും അതേ നിധിയെ പിരിഞ്ഞു നിൽക്കുക എന്നത് തീരെ പറ്റാതായി…

ഹന്ന ഇപ്പോഴും തറവാട്ടിൽ കയറി ഇറങ്ങാറുണ്ട്… അവൾ വരുന്ന ദിവസങ്ങളിൽ ഒക്കെ അതിന്റെ പേരിൽ ഒരു കുത്തിപറച്ചിൽ ഗ്രേസിയമ്മയുടെ വക ഉണ്ടാകും… ആദ്യമൊക്കെ നിധിയെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു.. ഇപ്പൊ പക്ഷേ നിധി അതൊക്കെ കേട്ടാലും മൈൻഡ് ചെയ്യാറില്ല… ഇതിനിടയിൽ ഒന്നു രണ്ട് വട്ടം കൂടി അമൻ അവളെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു… അവൾ അവനെ കാണാൻ പോലും കൂട്ടാക്കിയില്ല.. തന്റെ അമ്മക്ക് മരണം വരെ ഇല്ലാത്ത ബന്ധങ്ങൾ തനിക്കും വേണ്ടാ എന്നായിരുന്നു അവളുടെ ഉള്ളിൽ..ഭീഷിണി മുഴക്കിയിട്ട് തന്നെ ആണ് ഓരോപ്രാവശ്യവും അവൻ മടങ്ങി പോകാറ്… അപ്പോഴും നിധിക്ക് മനസിലായില്ല എന്തിന് വേണ്ടിയാണ് താൻ കൂടെ ചെല്ലണം എന്ന് അവൻ നിർബന്ധം പിടിക്കുന്നത് എന്ന്…

ഹൗസർജൻസി കൂടെ കഴിഞ്ഞ് വീട്ടിൽ ഇരുപ്പായപ്പോൾ ആണ് അവൾക്ക് അവിടം ആകെ മടുത്തുത്തുടങ്ങിയത്… ജോ ഇല്ലാത്ത നേരങ്ങളിൽ വല്ലാത്ത ഒരു ഒറ്റപ്പെടൽ ആണ്.. വല്യപ്പച്ചനും വല്യമ്മച്ചിയും കൂടി വത്തിക്കാൻ ടൂറിനു പോയതോടെ വീട്ടിൽ ഒട്ടും പറ്റാതെ ആയി തുടങ്ങി… അവർ കൂടി പോയതോടെ ഗ്രേസിയമ്മയുടെയും കൂട്ടരുടെയും അവജ്ഞ നിറഞ്ഞ നോട്ടങ്ങളും കുത്തിപറയലുകളും കൂടി…. മീര ആയിരുന്നു അവൾക്ക് ഒരു ആശ്വാസം.. മീരയോട് അവൾ ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ കൂടെ ഇരിക്കുമ്പോൾ നിധി സന്തോഷവതി ആയിരുന്നു.. അവൾ കൂടി ഹയർ സ്റ്റഡിക്ക് പോയപ്പോൾ അവൾ ശെരിക്കും ഒറ്റക്കായി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവൾക്ക് ഒരു ഹോസ്പിറ്റലിൽ നിന്ന് ജോബ് ഓഫർ വന്നത്.. ഇന്ന് ജോ ഓഫീസിൽ നിന്ന് വരുമ്പോൾ അതിനെക്കുറിച്ചു സംസാരിക്കണം എന്ന് ഉറപ്പിച്ചായിരുന്നു അവൾ ഇരുന്നത്….
അവളെ ഞെട്ടിച്ചുകൊണ്ടാണ് ജോയുടെ ആക്‌സിഡന്റ് ന്യൂസ്‌ വന്നത്.. ഒരു നിമിഷം ലോകം തന്നെ ഇല്ലാതെ ആയതുപോലെ അവൾക്ക് തോന്നി…

അവളുടെയും ബാക്കി ഉള്ളവരുടെയും പ്രാർത്ഥനയുടെ ഫലമോ എന്തോ മൂന്നാം ദിവസം ജോയ്ക് ബോധം വന്നു…. ബോധം വന്ന അവന് പക്ഷേ പാർഷ്യൽ അംനീഷ്യ സംഭവിച്ചു.. ഇതൊരിക്കലും സ്ഥിരമായ ഒരു അവസ്ഥ അല്ല ചിലപ്പോ കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ അതിനുള്ളിൽ ഈ അവസ്ഥ മാറും എന്നാണ് ഡോക്ടർ പറഞ്ഞത്… ഈ അടുത്ത് നടന്ന കാര്യങ്ങൾ ഒന്നും അവന് ഓർമയിൽ ഉണ്ടായിരുന്നില്ല.. നിധിയും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല… അവന്റെ ചിന്തയിൽ അവൻ ഇപ്പോഴും ഹന്നയുടെ കാമുകൻ ആണ്… നിധിയാരാണെന്ന അവന്റെ ചോദ്യത്തിന് അവനെ ട്രാപ് ചെയ്യത് കല്യാണം കഴിച്ച ഒരു അനാഥപെണ്ണ് എന്ന രീതിയിൽ ആണ് ഗ്രേസിയമ്മ പറഞ്ഞത്… ഹന്നയുടെ സങ്കടം പറച്ചിലും കൂടെ ആയപ്പോ അവൻ അവർ പറഞ്ഞത് മുഴുവൻ വിശ്വസിച്ചു… ആ സമയം ഗ്രേസിയമ്മയും നിധിയും ഹന്നയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ… തന്റെ ഇച്ചായൻ തന്നെ വെറുക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ…

എല്ലാം അറിഞ്ഞ വിൻസെന്റ് ഗ്രേസിയമ്മയോട് ദേഷ്യപ്പെട്ട് ജോയോട് തിരുത്തിപറയാൻ പോയെങ്കിലും അവന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് ആവശ്യമില്ലാത്ത സ്ട്രെസ് കൊടുക്കേണ്ട എന്ന ഡോക്ടറുടെ അഭിപ്രായത്തിൽ അയാൾ മൗനം പാലിച്ചു.. അതിഥിക്കും ആദത്തിനും അവനോട് സത്യം പറയണം എന്നുണ്ടെങ്കിലും അവരും നിസ്സഹായരായിരുന്നു…

ദിവസങ്ങൾ കഴിയും തോറും നിധിയുടെ അവസ്ഥ ആണ് ആകെ പരിതാപകരമായത്… ജോയ്ക് ഉള്ളിൽ അവളോടുള്ള വെറുപ്പ് നിറക്കാൻ ഹന്നക്ക് കഴിഞ്ഞു.. ഗ്രേസിയമ്മയും അവളെ അതിന് സഹായിച്ചു… ജോയ്ക് അവളെ കാണുന്നതേ വെറുപ്പ് ആയിരുന്നു.. വല്യപ്പച്ചനും വല്യമ്മച്ചിയും തിരിച്ചെത്തിയാൽ തങ്ങളുടെ കള്ളം മുഴുവൻ പൊളിയും എന്നറിയാവുന്നതുകൊണ്ട് അവർ വരുന്നതിന് മുൻപ് തന്നെ എങ്ങനെയും നിധി അവന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോകണം എന്നതായിരുന്നു ഹന്നയുടെ പ്ലാൻ… ഗ്രേസിയമ്മയെയും നല്ല രീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ ഹന്നക്ക് കഴിഞ്ഞു… ജോ കിടക്കുന്ന മുറിയിൽ നിന്ന് അഴിഞ്ഞുലഞ്ഞ മുടിയും ചുളിഞ്ഞ വസ്ത്രവുമായി ആണ് ഹന്ന ഗ്രേസിയമ്മയുടെയും നിധിയുടെയും മുന്നിലേക്ക് ഇറങ്ങി വന്നത്.. അവർ എല്ലാ രീതിയിലും ഒന്നായി എന്ന അവളുടെ വാക്കുകൾ ഗ്രേസിയമ്മ വിശ്വസിച്ചെങ്കിലും നിധി വിശ്വസിക്കാൻ കൂട്ടാക്കിയില്ല… ഹന്നക്ക് നിധിയോടുള്ള ദേഷ്യം കൂടാൻ അതും കാരണമായി….

ജോയുടെ അവസ്ഥ ആയിരുന്നു അതിലും കഷ്ടം.. നിധിയിലേക്ക് ചായുന്ന അവന്റെ മനസ്സിനെ കടിഞ്ഞാണിട്ട് നിർത്താൻ അവൻ വല്ലാതെ പാടുപെട്ടു…. അവളോടുള്ള ദേഷ്യമായിട്ടാണ് അവന്റെ ഫ്രസ്ട്രേഷൻസ് പുറത്ത് വന്നത്.. ഒരിക്കൽ നിധിയുടെ മേൽ അവന്റെ കൈ പതിക്കുക വരെ ചെയ്യ്തു.. അവന് അതിൽ വളരെ അധികം കുറ്റബോധം തോന്നിയെങ്കിലും അവളോടുള്ള ഇഷ്ടക്കേട് കാരണം സോറി പറയാൻ വരെ അവൻ തയ്യാറായില്ല… തനിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാറായ ഹന്നയെ മുഴുവനായി ഉൾകൊള്ളാൻ പറ്റാത്തതും നിധിയെപോലെ ഒരു ക്യാരക്ടർലെസ്സ് പെണ്ണിലേക്ക് തന്റെ മനസ്സ് ചായുന്നതും അവനെ അസ്വസ്ഥനാക്കി.. ആ ഒരു സിറ്റുവേഷനിൽ ആകെ ഭ്രാന്തെടുത്തു ഇരിക്കുമ്പോൾ ആണ് നിധിക്ക് വേണ്ടി സംസാരിക്കാൻ രഞ്ജുവും വരുന്നത്.. അവന് ആദ്യമേ ഹന്നയെ ഇഷ്ടമില്ല എന്നറിയാവുന്ന ജോ ആ ഇഷ്ടക്കേട് കൊണ്ടാണ് നിധിക്ക് വേണ്ടി സംസാരിക്കുന്നത് എന്ന് കരുതി രഞ്ജുവിനോട് വല്ലാതെ മോശമായി പെരുമാറി… ജോയുടെ അവസ്ഥ അറിയുന്ന രഞ്ജു പിന്നെയും അവന്റെ കൂടെ തന്നെ നിന്നെങ്കിലും ജോ ആയി തന്നെ അവനെ തന്റെ ജീവിതത്തിൽ നിന്നും കമ്പനിയിൽ നിന്നും പുറത്താക്കി…ആദം രഞ്ജുവിന് വേണ്ടി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ജോ ഒന്നും കേൾക്കാൻ തയ്യാറായില്ല.. അവന്റെ മമ്മി ഒരിക്കലും അവനെ ചതിക്കില്ല എന്നൊരു വിശ്വാസം അവന് ഉണ്ടായിരുന്നു..

വല്യപ്പച്ചനും വല്യമ്മച്ചിയും എങ്ങനെയെങ്കിലും വന്നു കിട്ടണേ എന്നൊരു പ്രാർത്ഥനയിൽ ആയിരുന്നു നിധിയുടെ ജീവിതം.. ഒരു വേലക്കാരിയേക്കാൾ താഴ്ന്ന നില ആയിരുന്നു അപ്പോൾ അവൾക്ക് ആ വീട്ടിൽ.. വിൻസെന്റ് ഉള്ളപ്പോൾ ഗ്രേസിയമ്മ അവളെ ഒന്നും പറയില്ലെങ്കിലും അയാൾ കൂടി വീട്ടിൽ ഇല്ലാത്ത നേരം തെരേസ്സയും മാഗിയും അലീനയും നല്ല രീതിയിൽ അവളെ വാക്കുകളാൽ ഉപദ്രവിക്കുമായിരുന്നു..
ഇതൊക്കെ സഹിച്ചും നിധി അവിടെ പിടിച്ചു നിന്നു…

ആ സമയത്താണ് അവളുടെ ഫോണിലേക്ക് ഏതോ ഒരു നമ്പറിൽ നിന്ന് ജോയ്ക്ക് നടന്ന രണ്ട് ആക്സിഡന്റ്റുകളുടെയും ചിത്രങ്ങൾ വീഡിയോ അടക്കം വന്നത്.. ആരോ കരുതിക്കൂട്ടി ആണ് ആ ആക്സിഡന്റ്‌സ് ക്രീയേറ്റ് ചെയ്യ്തത് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്…. ജോയുടെ ലൈഫിൽ നിന്ന് അവൾ പോയില്ലെങ്കിൽ
അവനെ ഇല്ലാതാക്കാൻ വരെ മടിക്കില്ല എന്ന ഭീഷണിയും ഉണ്ടായിരുന്നു മെസ്സേജ് ആയിട്ട്.. അവൾ ആ നമ്പറിലേക്ക് വിളിക്കാൻ നോക്കിയെങ്കിലും സ്വിച്ച് ഓഫ്‌ എന്ന മറുപടി ആണ് കിട്ടിയത്.. എന്ത് ചെയ്യും ആരോട് പറയും എന്നവൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല.. അവസാനം ആദത്തോട് പറയാം എന്ന തീരുമാനത്തിൽ വൈകീട്ട് അവൻ വരുന്നതും കാത്ത് ഇരിക്കുമ്പോൾ ആണ് ഹന്നയും ഗ്രേസിയമ്മയും കൂടി അവളെ കാണാൻ വന്നത്…

അവർ വന്നത് അവളെ തകർക്കുന്ന ഒരു വാർത്തയും കൊണ്ടായിരുന്നു.. ഹന്ന ഗർഭിണി ആണെന്ന് അതും തന്റെ ഇച്ചായന്റെ കുഞ്ഞ്… അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല കേട്ട കാര്യം… പക്ഷേ തന്റെ കൈയിലേക്ക് അവർ വച്ചു തന്ന പ്രെഗ്നൻസി റിസൾട്ട്‌ കേൾക്കുന്നത് കള്ളമല്ല എന്ന് തെളിയിച്ചു.. പക്ഷേ അപ്പോഴും അതിച്ചായന്റെ കുഞ്ഞാകില്ല എന്ന് തന്നെ ആയിരുന്നു അവളുടെ ഉള്ളിൽ… പക്ഷേ അവരുടെ മകന്റെ ജീവിതം നശിപ്പിക്കരുത് എന്നും പറഞ്ഞ് കാലിൽ വീഴുന്ന ജോയുടെ മമ്മിയോട് എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു… എല്ലാം കൊണ്ടും നിധി തളർന്നുപോയി… ഏതോ ഒരു നിമിഷം എന്തിന് വേണ്ടി എല്ലാവരുടെയും സന്തോഷങ്ങൾ തച്ചുടച്ചുകൊണ്ട് താൻ ഇവിടെ ഇങ്ങനെ തുടരണം എന്നൊരു ചിന്ത അവളുടെ ഉള്ളിലും നിറഞ്ഞു…. സർട്ടിഫിക്കറ്റുകളും അവളുടേതായിട്ടുള്ള കുറച്ച് വസ്ത്രങ്ങളും രാമേട്ടൻ ഒരിക്കൽ കൊടുത്ത ഒരു പഴയ അഡ്രസ്സും കൈയിൽ എടുത്ത് ആ പടിയിറങ്ങുമ്പോൾ ഇനിയങ്ങോട്ട് എന്തായിരിക്കും ജീവിതം എന്ന് അവൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല…

തുടരും ……….

കുറിപ്പ് :-

പാസ്ററ് തീർന്നു ട്ടോ… അടുത്ത പാർട്ട്‌ മുതൽ present ആകും…