രചന – കാർത്തിക ശ്രീ
“ഋതു… ഇപ്പോൾ നീ പറഞ്ഞത് ഇനി നിന്റെ വായിൽ നിന്നും കേട്ടാൽ…”
ശബ്ദത്തിനുടമയെ തേടിപോയപ്പോൾ കണ്ടു വാതിൽക്കൽ നിൽക്കുന്ന റിച്ചുവിനെ..
അവനെ കണ്ടതേ ഋതു ഓടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ ഒരു കൈയാൽ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു മുടിയിൽ തലോടി…പിന്നെ
മറുകൈ തനുവിനു വേണ്ടി നീട്ടി… അവളും അവന്റെ കൈക്കുള്ളിൽ അണഞ്ഞു..
അവൻ രണ്ടുപേരെയും പൊതിഞ്ഞു പിടിച്ചു..
ഒരാൾ തന്റെ ജീവനാണ്… മറ്റെയാൾ തന്റെ ജീവിതവും…
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കുറച്ചു നേരത്തെ നിൽപ്പിനു ശേഷം അവരെ രണ്ടുപേരെയും അവൻ സോഫയിലേക്ക് ഇരുത്തി..
“എന്തിനാ ഈ കരച്ചിൽ?? ആരെ ബോധിപ്പിക്കാനാണ്??? നീ വേദനിച്ചപോലെ ആരും വേദനിച്ചിട്ടില്ല ഋതു…. അവൻ വേദനിക്കണം.. അതിനുള്ള ആദ്യ ചുവട് മാത്രമാണിത്… ”
” റിച്ചു വേണ്ട… ചേതനെ നിനക്കറിയില്ല… തനുവിന് അപകടമാണ്.. അവനുള്ളത് ദൈവം കൊടുത്തോളും ”
” ഏതു ദൈവം?? നീ വേദനകൾ സഹിക്കുമ്പോൾ ഈ ദൈവം എവിടെ ആയിരുന്നു??? ”
” റിച്ചു.. ഇന്ന് ഞാൻ നിങ്ങളുടെ കൂടെ സന്തോഷത്തോടെ അല്ലെ ജീവിക്കുന്നത്… അത് മതിയടാ.. ”
” നീ എന്തുപറഞ്ഞാലും ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു… കൂടെ നിന്നെ പറ്റു… എനിക്ക് ഒന്നും സംഭവിക്കില്ല ഋതു.. ”
” ഈ കരച്ചിലൊക്കെ മാറ്റി… നല്ല കുട്ടിയായി നാളെ ജോലിക്ക് വരണം.. കൂടുതൽ ഒന്നും ചിന്തിക്കണ്ട… പോയി കിടന്നോ.. ഞാൻ ഇറങ്ങുവാണ്.. ”
അതിന് കണ്ണ് തുടച്ചു… തലയനക്കി ഋതു… അവൻ അവളുടെ കവിളിൽ തട്ടി പുറത്തേക്കിറങ്ങി… കൂടെ തനുവും…
” ഋതുവിനെ ശ്രദ്ധിക്കണം.. ഒരിക്കൽ കൂടി പഴയ അവസ്ഥയിലേക്ക് പോയാൽ നമ്മൾ ഇതുവരെ കഷ്ടപ്പെട്ടത് വെറുതെയാകും… ”
” മ്മ്.. ഞാൻ നോക്കിക്കോളാം… ”
” നമ്മൾ കളിക്കുന്നത് ചേതനോടാണ്.. പേടിയുണ്ടോ എന്റെ പെണ്ണിന്?? ”
“ഇല്ല… കൂടെ നീയില്ലേ..”
അതിനൊന്നു ചിരിച്ചു അവൻ അവളെ ചേർത്തു പിടിച്ചു.. ശേഷം യാത്ര പറഞ്ഞു കാറിലേക്ക് കയറി…
റെസ്റ്റിൻ മാത്യു പാലക്കൽ…
തനുവിന്റെ പ്രണയം…
തിരുവനന്തപുരത്തെ അറിയപ്പെടുന്ന പാലക്കൽ തറവാട്ടിലെ മാത്യുവിന്റെയും മറിയാമ്മയുടേയും മകൻ..തനുവിന്റെയും ഋതുവിന്റെയും കൂടെ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു..
പരിചയപ്പെട്ട് കുറച്ചു നാളുകൾ കഴിഞ്ഞു തുടങ്ങിയ ഇഷ്ടം അധികം വളച്ചുകെട്ടില്ലാതെ റിച്ചു തനുവിനോട് പറഞ്ഞു… അവൾ തിരിച്ചും … ഋതുവിനെ ഇത്ര സ്നേഹിക്കുന്ന… അവൾക്കുവേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുന്ന തനു… അതായിരുന്നു അവനെ അവളിലേക്ക് അടുപ്പിച്ചത്..
ജോലിസ്ഥലത്തിനടുത്ത് റൂം എടുത്താണ് റിച്ചു താമസിക്കുന്നത്…
റൂമിൽ എത്തുമ്പോഴേക്കും വൈകിയിരുന്നു.. ഡോറിൽ മുട്ടിയപ്പോൾ വാതിൽ തുറന്നു തന്നെ കൂർപ്പിച്ചു നോക്കുന്ന വിക്കിയെ കണ്ടു റിച്ചു സ്വയം ഒന്ന് നോക്കി..
(ഇതാണ് വിക്കി എന്ന വിഘ്നേഷ്… ഇവരിലെ നാലാമൻ.. കക്ഷി ഒരാഴ്ചയായി നാട്ടിലായിരുന്നു…)
” എന്താടാ.. നീ എന്നെ ഇങ്ങനെ നോക്കുന്നേ??? ”
” ഒന്നും ഇല്ലേ…. കാമുകൻ എന്താ വരാൻ ലേറ്റ് ആയത്??? ”
“പോടാ… നീ എപ്പോഴാ എത്തിയേ???”
” ഞാൻ ഒരു മണിക്കൂറായി.. കാമുകിക്ക് സുഖമല്ലേ.. ചാച്ചി ഉറക്കിട്ടാണോ വരുന്നത് ??? ”
” മതിയെടാ… അല്ലെങ്കിലേ എന്റെ സ്വഭാവം എനിക്ക് തന്നെ പിടിക്കുന്നില്ല… അപ്പോഴാ അവന്റെ ഒരു… ”
റിച്ചുവിന്റെ മുഖത്തെ മാറ്റം കണ്ടു എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്ന് വിക്കിക്ക് മനസിലായി…
“എന്താടാ… എന്തുപറ്റി???”
” വിക്കി… ഋതു… ”
“ഋതുവിന് എന്താ??? ഇന്നലെ വിളിച്ചപ്പോൾ അവൾക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ..”
“ഉച്ചക്ക് തനുവും ഞാനും ചേതനെ കാണാൻ പോയിരുന്നു..”
” നീ എന്തിനാ പോയെ??? അവൻ നിന്നെ കണ്ടിരുന്നോ?? ”
“ഇല്ലടാ… ഞാൻ അവളെ കഫെയിൽ ഇരുത്തി മാറി നിന്നു… ചേതൻ നമ്മൾ വിരിച്ച വലയിൽ വീണു ..അവൻ തനുവിനെ പ്രപ്പോസ് ചെയ്തു… ”
” സത്യമാണോ??? ”
“അതെ.. പക്ഷെ നമ്മളെ പിന്തുടർന്ന് വന്ന ഋതുവിനെ ഞാൻ കണ്ടില്ലടാ… പ്രപ്പോസ് ചെയ്യുന്നത് കണ്ട സന്തോഷത്തിൽ തിരിച്ചു കാറിന്റെ അടുത്തേക്ക് നടക്കുമ്പോഴാ കരഞ്ഞു കൊണ്ട് ഓടുന്ന അവളെ കണ്ടത്..”
” നീ എന്താ പറയുന്നേ??? അവൾ ആ ഒരു അവസ്ഥയിൽ ദൈവമേ… ”
” ഇപ്പൊ അവൾ ഓക്കെയാണ്… അപ്പോൾ തന്നെ ഇറങ്ങുമ്പോൾ വിളിക്കാൻ തനുവിനു മെസ്സേജ് അയച്ചു ഞാൻ അവളുടെ പുറകെ പോയിരുന്നു… തനു വന്നതിനു ശേഷമാണ് ഞാൻ ഓഫീസിലേക്ക് വിട്ടത്..”
“മ്മ് ”
” ചേതനെ കണ്ടത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു… എത്ര ധൈര്യം ഉണ്ടെന്നു പറഞ്ഞാലും അവൾക്ക് ഇപ്പോഴും ഒരു പേടി ഉള്ളിൽ ഉണ്ട്..”
” എന്തായാലും മുന്നോട്ട് വെച്ച കാലു മുന്നോട്ട് തന്നെ… ”
അത് പറയുമ്പോൾ രണ്ടുപേരുടെയും മുഖം ദേഷ്യത്താൽ ചുവന്നിരുന്നു..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേദിവസം രാവിലെ ഋതു എഴുന്നേൽക്കുമ്പോൾ തലക്ക് വല്ലാത്ത വേദന തോന്നി… രാത്രി കരഞ്ഞതിന്റെ ആണെന്ന് അവൾക്ക് മനസിലായി… മുന്നിലേക്ക് ചൂടുള്ള ചായ നീട്ടികൊണ്ട് തനു അവളെ കലിപ്പിച്ചു നോക്കി… തനുവിനു ഒരു ചിരി സമ്മാനിച്ചു അവൾ ചായ വാങ്ങി…
“അല്ല തമ്പുരാട്ടി ഇന്ന് ജോലിക്ക് വരുന്നുണ്ടോ???”
” വരാന്നേ.. ഞാൻ വേഗം കുളിക്കട്ടെ… ”
“വരുന്നതൊക്കെ കൊള്ളാം… ഇന്നലത്തെ പോലെയെങ്ങാനും ആണെങ്കിൽ എന്റെ സ്വഭാവം മാറും..”
” ഇല്ല മുത്തേ… ഞാൻ ഓക്കേ ആണ്… ഒരു പത്തു മിനിറ്റ് ഇപ്പോൾ വരാം ”
കുളിമുറിയിൽ കയറി വാതിലടച്ച്കണ്ണാടിയിലെ തന്റെ
പ്രതിബിബത്തിലേക്ക് നോക്കി.. മനസ്സിൽ പലതും ഉറപ്പിച്ചു… തന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി… ആരും തുണയില്ലാത്ത സമയത്തു കൂടെ ഉണ്ടായിരുന്നവർക്ക് വേണ്ടി താൻ മാറിയേ പറ്റു.. പഴയ കാര്യങ്ങൾ മറന്നേ പറ്റു…
കണ്ണുകൾ അടച്ചപ്പോൾ അവളുടെ മനസിലേക്ക് കടന്നു വന്നത് രണ്ടു കാപ്പി കണ്ണുകളാണ് … അവ തനിക്കു തരുന്ന ധൈര്യം കുറച്ചൊന്നുമല്ല എന്ന് അവൾ ആ നിമിഷം തിരിച്ചറിഞ്ഞു…
ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ കണ്ണുകൾക്ക് എങ്ങനെയാ എന്നിൽ ഇങ്ങനെ മാറ്റം വരുത്താൻ പറ്റുന്നത്???
കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ ഋതു കുളിച്ചു റെഡിയായി തന്നെ കാത്തുനിൽക്കുന്ന തനുവിന്റെ കൂടെ താഴെക്കിറങ്ങി…
തുടരും..
അപ്പോൾ അഭിപ്രായം പോരട്ടെ…

by