രചന – കണ്ണന്റെ മാത്രം
അന്ന് നാലുമണി കഴിഞ്ഞു പപ്പൻ എത്താൻ….
അച്ഛാ… പിയ അയാളുടെ അടുത്തേക്ക് ഓടി..
മുത്തേ… സുഖല്ലേടാ… അയാൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു..
അവൾക്കെന്ത് സുഖകേട് അവളുകാരണം ബാക്കി ഉള്ളവർക്കല്ലേ പണി കിട്ടുന്നത് മുഴുവൻ… അങ്ങോട്ട് വന്ന നവി പറഞ്ഞു..
നീ പോടാ ചേട്ടാ… അവൾ അവനെ ചുണ്ട് കോട്ടികാട്ടി..
മുത്തേ… പപ്പൻ ശാസനയോടെ വിളിച്ചു…
ഓഹ്. സോറി.. ഇനി ഞാൻ ഡാ വിളിക്കില്ല..
സുഖമല്ലേ മോളെ.. ഹരി എവിടെ പോയി.. തന്റെ അരികിലേക്ക് വന്ന പാറുവിനെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ ചോദിച്ചു…
ഹരിയേട്ടൻ മിത്രമോളെയും കാത്തുവിനെയും കൊണ്ട് ആക്കാൻ പോയതാണ്…
ഏയ്യ്.. വൈകീട്ട് ഭക്ഷണത്തിന് അവരോടു ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. കാശിയോട് പ്രേത്യേകം വിളിച്ചു പറഞ്ഞതാണല്ലോ… പപ്പൻ പറഞ്ഞു.
ആ എന്നാൽ അവൻ അത് പറയാൻ മറന്നു. ഇപ്പൊ വീട്ടിൽ എത്തിയപ്പോൾ ആണ് പറയുന്നത്. മിത്ര അവന്റെ കൂടെ വരാം എന്ന് പറഞ്ഞു. ഞങ്ങൾ അപ്പൊ ഇങ്ങോട്ട് തന്നെ പോന്നു.. ഉള്ളിലേക്ക് കയറി വന്നുകൊണ്ട് ഹരി പറഞ്ഞു. അയാളുടെ കൂടെ കാത്തുവും ഉണ്ടായിരുന്നു. കാത്തുവിനെ കണ്ടതും നവിയുടെ കണ്ണുകൾ ഒന്ന് തിളങ്ങിയെങ്കിലും അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. കാത്തുവിന് ആകെ സങ്കടമായി. അവളുടെ കണ്ണുകൾ നിറഞ്ഞു..
കാത്തു മോളെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. നിങ്ങൾ രണ്ടാളും ഏതേലും ഹോസ്പിറ്റലിൽ ജോയിൻ ചെയ്തോ…
ഇല്ല പപ്പനങ്കിൾ.. Medi Care ഹോസ്പിറ്റലിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്.. അവിടെ ജോയിൻ ചെയ്താലോ എന്ന് ആലോചിക്കാണ്..
അതുമതി മോളെ… അതാവുമ്പോ നമുക്ക് ഷെയർ ഉള്ള ഹോസ്പിറ്റൽ ആണ്. ഞാൻ കാശിയോട് പറഞ്ഞോളാം..
എങ്കിൽ ശരി ഞാൻ അവർ വരുമ്പോഴേക്കും ഒന്ന് ഫ്രഷ് ആയി വരാം… അയാൾ അതും പറഞ്ഞുകൊണ്ട് അവരുടെ വീട്ടിലേക്ക് പോയി. പിന്നാലെ പിയയും പോയി..
……………………
അഭി അന്ന് വൈകീട്ട് വരുമ്പോൾ ഉമ്മറത്ത് ബുക്കും നിവർത്തി വച്ച് എന്തോ ആലോചനയോടെ ഇരിക്കുന്ന
ആമിയെ ആണ് കാണുന്നത്..
ആമി… അവൻ അവളുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് വിളിച്ചു..
ഏട്ടനോ.. എപ്പോ വന്നു.. ഞാൻ കണ്ടില്ല.. ഞാ.. ഞാൻ ചായ എടുക്കാം..അവന്റെ വിളിയിൽ ഞെട്ടിയ ആമി വെപ്രാളത്തോടെ പറഞ്ഞു..
എന്തിനാ ഇത്ര വെപ്രാളം.. ഏഹ്.. ഇതെന്താ ഈ ബുക്കും തുറന്ന് വെറുതേ ഇരിക്കുന്നേ.. എക്സാം ആവാറായില്ലേ. ഏട്ടന്റെ കുട്ടി നന്നായി പഠിക്കുമെന്ന് അറിയാം. എങ്കിലും പറയാണ് പഠിക്കാൻ പറ്റുന്നത് ഒക്കെ ഒരു ഭാഗ്യം ആണ്. വേറെ ഒന്നിന്റെ പേരിലും അതിന് ഒരു കോട്ടം പറ്റരുത്…
അതുകേട്ടതും ആമിക്ക് വിഷമമായി. അവന് പഠിക്കാൻ എത്ര മാത്രം ഇഷ്ടമായിരുന്നു എന്ന് അവൾക്കറിയാം. തങ്ങൾക്ക് വേണ്ടിയാണ് അവൻ അവന്റെ എല്ലാ ആഗ്രഹങ്ങളും വേണ്ടാന്ന് വച്ചത്. അങ്ങനെ ഉള്ള ഏട്ടനെ ഞാൻ വിഷമിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല എന്നോട്.. അവൾ ആലോചിച്ചു..
ഞാൻ നന്നായി പഠിക്കുന്നുണ്ട് ഏട്ടാ.. അതില് ഒരു കോട്ടവും വരുത്തില്ല..
മ്മ്.. ഏട്ടൻ കുളിച്ചിട്ട് വരാം. മോള് അമ്മയോട് ഒരു ചായ എടുക്കാൻ പറയ്. 6 മണിക്ക് ഒരു ഓട്ടം ഉണ്ട്. ഇപ്പോഴേ 5.30 കഴിഞ്ഞു…
ശരിയേട്ടാ.. ആമി അതും പറഞ്ഞുകൊണ്ട് എഴുന്നേറ്റ് അകത്തേക്ക് പോയി. അഭി അതൊന്നു നോക്കിയിട്ട് കുളിമുറിയിലേക്ക് എഴുന്നേറ്റ് പോയി…
……………..
പിയ പപ്പന്റെ അടുത്ത് നിന്ന് ഹരിയുടെ അവിടെ എത്തി നവിയുടെ റൂമിലേക്ക് നടക്കുമ്പോൾ ആണ് അവിടെ അവന്റെ റൂമിന്റെ പുറത്തായി നിൽക്കുന്ന കാത്തുവിനെ കാണുന്നത്.
കാത്തുവേച്ചി…. പിയ വിളിച്ചു.
എന്താ പിയ…
ചേച്ചി കുറച്ചുനേരം എന്റെ റൂമിൽ ചെന്നിരിക്കുമോ. ഞാൻ നവിയേട്ടനെ അങ്ങോട്ട് വിടാം. നിങ്ങൾക്ക് സംസാരിക്കാൻ..
അത് വേണോ മോളെ.. നവിക്ക് എന്നെ കേൾക്കാൻ വലിയ താൽപ്പര്യം ഒന്നും ഉണ്ടാവില്ല…
അത് നമുക്ക് നോക്കാം. ചേച്ചി അവിടെ ചെന്നിരിക്ക്… പിയ അതും പറഞ്ഞുകൊണ്ട് നവിയുടെ റൂമിലേക്ക് കയറി. കാത്തു അതൊന്ന് നോക്കിയിട്ട് പിയയുടെ റൂമിലേക്ക് പോയി..
നവിയേട്ടാ…
എന്താണ് പിയകുട്ടി..
എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. പിയ ഗൗരവത്തോടെ പറഞ്ഞു.
അവളുടെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും അതുവരെ ചിരിയോടെ ഇരുന്നിരുന്ന അവന്റെ മുഖത്തെ ചിരിയും മാഞ്ഞു..
എന്താ മോളെ.. എന്തേലും പ്രശ്നം ഉണ്ടോ.. അവൻ ആ അവിനാശ് എന്തേലും പ്രശ്നം ഉണ്ടാക്കിയോ..
അതൊന്നുമല്ല കാര്യം. ഇത് കാത്തുവേച്ചിയുടെ കാര്യം ആണ്….
അത്.. അതിന്റെ ആവശ്യം ഇല്ല മോളെ. എനിക്ക് സംസാരിക്കാൻ ഒന്നുമില്ല അതിനെ കുറിച്ച്..
ദേ നവിയേട്ടാ എന്റെ കൈയിൽ നിന്ന് വല്ലതും കിട്ടേണ്ടെങ്കിൽ മിണ്ടാതെ നിന്നോ.. നിങ്ങൾക്ക് എന്തിനാ മനുഷ്യ ഇത്ര ജാഡ. ആ ചേച്ചി എത്ര നാളായി നിന്റെ പിന്നാലെ സോറിയും പറഞ്ഞു നടക്കുന്നു. അത്രക്ക് വലിയ തെറ്റാണോ ആ ചേച്ചി ചെയ്യ്തത്… ഏഹ്..
തെറ്റല്ലേ അവൾ ചെയ്യ്തത്.. എന്നെ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ അവൾ നിന്നോട് അങ്ങനെ ഒക്കെ സംസാരിക്കുമായിരുന്നോ…
കാത്തുവേച്ചി ആകെ ചെയ്ത തെറ്റ് അതാണ്. ഞാൻ ആരാണ് എന്താണ് എന്ന് ഏട്ടനോട് ചോദിക്കാതെ നേരെ എന്റെ അടുത്ത് വന്ന് നമ്മള് തമ്മിൽ ഉള്ള ബന്ധത്തെ ചോദ്യം ചെയ്തു. അത് തെറ്റ് തന്നെ ആണ്. പക്ഷേ അത് തെറ്റാണ് എന്നറിഞ്ഞപ്പോൾ അവർ മാപ്പ് പറഞ്ഞില്ലേ. പിന്നെ എന്നെക്കുറിച്ചു ആദ്യമേ ചേച്ചിയോട് പറഞ്ഞിരുന്നെങ്കിൽ ചേച്ചി നിങ്ങളെ തെറ്റിദ്ധരിക്കുമായിരുന്നോ. ഇല്ലല്ലോ.. ഇത് പെട്ടന്ന് ഒരു പെണ്ണ് വന്ന് തന്റെ ചെക്കന്റെ മേൽ അധികാരം കാണിക്കുമ്പോൾ ആരായാലും ചോദ്യം ചെയ്ത് പോകില്ലേ. അതല്ലേ ഇവിടെയും നടന്നത്. നിങ്ങളുടെ ഇടയിലേക്ക് മൂന്നാമതൊരാൾ വേണ്ട എന്ന് കരുതി ആണ് ഇത്രയും നാൾ ഞാൻ ഒന്നും പറയാതെ ഇരുന്നത്. പക്ഷേ ഇതിങ്ങനെ ഒരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്നത് കാണുമ്പോൾ എനിക്ക് എത്ര വിഷമം ഉണ്ടെന്നോ.. ഞാൻ കാരണം അല്ലേ ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ആലോചിച്ചിട്ട്.. അവളുടെ നിറഞ്ഞ കണ്ണുകൾ കാണിക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ വിഷമം. അതു കണ്ടപ്പോ നവിക്ക് വിഷമം ആയി.. അതിന് നവി എന്തോ പറയാൻ തുടങ്ങുമ്പോൾ ആണ് അവരെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പാറു വന്നത് കൂടെ കാത്തുവും ഉണ്ടായിരുന്നു. അവർ വരാം എന്ന് പറഞ്ഞ് നവി അവരെ തിരിച്ചയച്ചു. പോകുന്നപോക്കിൽ നവിയെ ഒന്ന് തിരിഞ്ഞുനോക്കിയ കാത്തുവിനെ അവൻ ഒറ്റകണ്ണിറുക്കി കാട്ടി. അവള് ഞെട്ടിക്കൊണ്ട് തിരിഞ്ഞുപോയി.
പിയ നീ അല്ലേടാ ഇതിനൊന്നും കാരണം. കുറച്ച് അവളുടെ പൊട്ടത്തരവും ബാക്കി എന്റെ വാശിയും ആണ്.. നീ വിഷമിക്കേണ്ട ഇത് ഞാൻ തീരുമാനം ആക്കിക്കോളാം.. നീ വാ.. ഇപ്പൊ നമുക്ക് ഭക്ഷണം കഴിക്കാം.. എന്റെ അളിയൻ എത്തിയിട്ടുണ്ടാവും…
അയ്യടാ.. ആദ്യം കാത്തുവേച്ചിയും ആയിട്ടുള്ള പ്രശ്നം പറഞ്ഞ് തീർക്ക് ട്ടോ.. എന്നിട്ട് നമുക്ക് അളിയൻ എന്ന് ഒഫീഷ്യലി വിളിക്കാം..
അതൊക്കെ ഞങ്ങൾ തീർത്തോളാം. നീ ഇപ്പോ നടക്ക്…
നവിയും പിയയും കൂടി എത്തിയതും എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരുന്നു. കാത്തു നവിയെ നോക്കിയപ്പോൾ അവൻ അവളെ കണ്ണുരുട്ടി കാട്ടി. അതോടെ അവൾ അവനെ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അവനും ഒരു ചിരിയോടെ കഴിച്ച് തുടങ്ങി. പിന്നെയാണ് അവന് ഒരു കാര്യം ഓർമ വന്നത്..
അങ്കിൾ എന്തായാലും വന്നില്ലേ. ഇനിയിപ്പോ നമ്മുടെ ആ പ്രൊജക്റ്റ് കംപ്ലീഷന്റെ പാർട്ടി വച്ചാലോ.. അങ്കിൾ നാട്ടിൽ ഇല്ലാത്തതുകൊണ്ട് നീട്ടി വച്ചതായിരുന്നു…
മ്മ് എങ്കിൽ അത് ഈ ശനിയാഴ്ച വച്ചോ.. അന്ന് ഞങ്ങൾക്ക് ഒരു കാര്യം അനൗൺസ് ചെയ്യാനും ഉണ്ട് അല്ലേടാ പപ്പൻ ഹരിയോട് ചോദിച്ചു..
അതെന്ത് കാര്യം… നവി ചോദിച്ചു..
അതൊക്കെ ഉണ്ട്. അത് നീ അപ്പൊ അറിഞ്ഞാൽ മതി… ഹരി പറഞ്ഞതോടെ പിന്നെ അവൻ ഒന്നും ചോദിച്ചില്ല..
കാശി ഇനി പ്രത്യേകം പറയുന്നില്ല ഈ വരുന്ന ശനിയാഴ്ച പാർട്ടിക്ക് വരണം. മിത്രയും കാത്തുവും കൂടി കേട്ടോ… പപ്പൻ അവരോട് പറഞ്ഞു..
വരാം അങ്കിൾ.. കാശിയും സമ്മതിച്ചു..
ഭക്ഷണം എല്ലാം കഴിഞ്ഞതും പിയയും കാശിയും കൂടി ഗാർഡൻ ഏരിയയിലേക്ക് പോയി..
എന്തായി കാശിയേട്ടാ കാര്യങ്ങൾ..
ഇപ്പോ പിടിച്ച ടീം കാര്യമില്ല പിയ.. അവർക്ക് ഒന്നും അറിയില്ല. അവർ ചെറിയ പിള്ളേര് ആണ്. കള്ളും കഞ്ചാവും പണവും ഒക്കെ കൊടുത്ത് ഇവരുടെ കൂടെ കൂട്ടിയിട്ടേ ഉള്ളൂ. ഇപ്പോ ഞാൻ അവർക്ക് റീഹാബിലിറ്റേഷന് ഉള്ള ട്രീറ്റ്മെന്റ് കൊടുക്കുന്നുണ്ട്. കുറച്ച് നാൾ അവർ അവിടെ താമസിക്കട്ടെ. ഇപ്പോ അവരെ വിട്ടാലും അവരെ അവർ കൊല്ലും…
അത് ശരിയാ.. ഇനിയിപ്പോ എന്ത് ചെയ്യും കാശിയേട്ടാ…
നീ വിഷമിക്കേണ്ട…. എന്തെങ്കിലും ഒരു വഴി കിട്ടാതെ ഇരിക്കില്ല..
മ്മ്.. ഹോപ്പ്ഫുള്ളി നോക്കാം..
…………………..
രണ്ട് ദിവസത്തിന് ശേഷം…
ഏട്ടാ… പ്ലീസ് ഏട്ടാ.. നമുക്ക് പോകാം. എന്റെ പൊന്നു വല്യേട്ടൻ അല്ലേ..എന്റെ ഫ്രണ്ട്‌സ് ഒക്കെ പോയി.. നല്ല പരിപാടിയാ..ആമി കെഞ്ചി..
എന്റെ മോളെ നീ പൊക്കൊ. അമ്മയും വരും.. ഞാൻ എന്തിനാ.. അഭി ഇഷ്ടക്കേടോടെ ചോദിച്ചു..
എന്താടാ കാര്യം.. എന്തിനാ ഇവൾ ഇങ്ങനെ കിടന്ന് കെഞ്ചുന്നത്… അങ്ങോട്ട് വന്ന സാവിത്രിയമ്മ ചോദിച്ചു..
എന്തോ എക്സിബിഷൻ നടക്കുന്നുണ്ടത്രേ.. അതിന് പോണം എന്ന് പറഞ്ഞിട്ടാണ്.. അവൻ പറഞ്ഞു..
നല്ല എക്സിബിഷൻ ആണ് അമ്മേ.. ഈ അടുക്കളയിലേക്ക് ഒക്കെ വേണ്ട കുറേ സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടെന്നാ എന്റെ ഫ്രണ്ട്‌സ് പറഞ്ഞത്. അതുപോലെ വീട്ടുസാധനങ്ങളും ഉണ്ടത്രേ… ആമി സാവിത്രിയമ്മയുടെ വീക്ക് പോയിന്റിൽ തന്നെ പിടിച്ചുകൊണ്ടു പറഞ്ഞു.. അവൾക്ക് അറിയാമായിരുന്നു ഇങ്ങനെ പറഞ്ഞാലേ സാവിത്രിയമ്മ വരാൻ കൂട്ടാക്കുകയുള്ളു എന്ന്. ഇല്ലെങ്കിൽ അവർ വരില്ല എന്ന് മാത്രം അല്ല അവളോടും ചിലപ്പോ പോകണ്ട എന്ന് പറഞ്ഞു കളയും..
ആണോ.. അങ്ങനത്തെ സാധനങ്ങളുടെ മേള ആണോ… ഞാൻ നമ്മുടെ കത്തി കേടായപ്പോ ആലോചിച്ചതാ ഇങ്ങനെ ഒരു മേള വന്നിരുന്നെങ്കിൽ എന്ന്. മൂന്നാലുകൊല്ലം മുൻപ് ഇങ്ങനെ ഒരു മേളക്ക് വാങ്ങിയതാ അത്. എന്ത് നല്ലത് ആയിരുന്നു. അതിനുശേഷം കടയിൽ നിന്ന് വാങ്ങിയത് ഒക്കെ കേടായിട്ടും ഇതിന് ഒന്നും പറ്റിയിരുന്നില്ല. ഇപ്പോ അതിന്റെ പിടി ഇളകുന്നുണ്ട്.. വാടാ നമുക്ക് പോകാം. കുറച്ച് സാധങ്ങൾ വാങ്ങാൻ ഉണ്ട്. നല്ല ചവിട്ടി ഒക്കെ കിട്ടും ഇങ്ങനത്തെ മേളകളിൽ ഇല്ലെടി..
ഉവ്വ് അമ്മേ.. അതൊക്കെ ഉണ്ടാവും.. ആമിയും സന്തോഷത്തോടെ പറഞ്ഞു..
രണ്ടുപേരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ അഭിക്ക് പിന്നെ എതിര് പറയാൻ തോന്നിയില്ല…
മ്മ്.. വേഗം റെഡി ആയി വായോ….
സാവിത്രിയമ്മയും ആമിയും റെഡി ആയി വന്നതും അഭി ഓട്ടോ എടുത്തു.. എക്സിബിഷന്റെ അവിടെ എത്തി അവരെ അവിടെ ഇറക്കി അഭി പേഴ്സ് എടുത്ത് രണ്ടായിരം രൂപ എടുത്ത് ആമിയുടെ കൈയിൽ കൊടുത്തു.
ഇന്നാ എന്താ ആവശ്യം ഉള്ളതെങ്കിൽ വാങ്ങിക്കോ രണ്ടാളും…
അപ്പൊ ഏട്ടൻ വരുന്നില്ലേ.. ആമി പൈസ വാങ്ങിക്കൊണ്ട് മങ്ങിയ മുഖത്തോടെ ചോദിച്ചു..
ഞാൻ ഈ ഓട്ടോ കൊണ്ടുപോയി പാർക്ക് ചെയ്തിട്ട് വരാം നിങ്ങൾ നടന്ന് തുടങ്ങിക്കോ… നീ മൊബൈൽ എടുത്തിട്ടില്ലേ.. ഞാൻ വിളിക്കാം..
ശരിയേട്ടാ… ആമി സാവിത്രിയമ്മയെയും കൂട്ടി പോയി.. അഭി ഓട്ടോ പാർക്ക് ചെയ്യാനും പോയി..
അഭി ഓട്ടോ പാർക്ക് ചെയ്യത് വരുമ്പോൾ ആണ് പെട്ടന്ന് ആരെയോ കൂട്ടിയിടിച്ചത്..
സോറി പറഞ്ഞ് നോക്കിയപ്പോൾ ആണ് പിയയെ അഭി കാണുന്നത്..
മേഡം എന്താ ഇവിടെ…
എടൊ തന്നോട് ഞാൻ പറഞ്ഞതല്ലേ മേഡം എന്നൊന്നും വിളിക്കണ്ട എന്ന്. ശ്രീപ്രിയ അതാണ് പേര്. താൻ അങ്ങനെ വിളിച്ചാൽ മതി.. പിന്നെ ഇവിടെ എക്സിബിഷൻ കാണാൻ അല്ലാതെ പച്ചക്കറി വാങ്ങാൻ ആരെങ്കിലും വരുമോ.. പിയ ഒരു ചിരിയോടെ ചോദിച്ചു..
അല്ല നിങ്ങൾ ഒക്കെ ഇങ്ങനത്തെ പരിപാടിയൊക്കെ കാണാൻ വരുമോ…
അതെന്താടോ.. ഞങ്ങൾ മനുഷ്യർ അല്ലേ.. ഞങ്ങൾക്ക് ഇതൊന്നും എൻജോയ് ചെയ്യേണ്ടേ..
അങ്ങനെ അല്ല മേ.. അല്ല ശ്രീപ്രിയ.. ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്..
മനസിലായി താൻ എന്താ ഉദ്ദേശിച്ചത് എന്ന്. എടൊ പണം ഉണ്ടെന്ന് കരുതി ഞങ്ങളും സാധാരണക്കാർ ആണെടോ.. ഇതൊക്കെ ആസ്വദിക്കാൻ ഞങ്ങൾക്കും കഴിയും…
അഭിയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു…
അല്ല താൻ എന്താ ഇവിടെ ഒറ്റക്കാണോ… അഭിയുടെ ചമ്മിയ മുഖം കണ്ടപ്പോൾ പിയ വിഷയം മാറ്റാൻ എന്നോണം ചോദിച്ചു..
അല്ല അമ്മയും പെങ്ങളും ഉണ്ട്. അവർ ഉള്ളിലേക്ക് പോയി. ഞാൻ ഓട്ടോ പാർക്ക് ചെയ്യാൻ ആയിട്ട് വന്നതാണ്. അല്ല ഇയാൾ ഒറ്റക്കാണോ..
അല്ലടോ.. പപ്പയും ഏട്ടനും വീട്ടുകാരും ഉണ്ട് കൂടെ. ഞാൻ മൊബൈൽ കാണാതെ മറന്നിട്ട് അതെടുക്കാൻ വന്നതാണ്…
എങ്കിൽ വായോ ഉള്ളിലേക്ക് പോകാം.. അഭി അവളോട് പറഞ്ഞുകൊണ്ട് തിരിഞ്ഞപ്പോൾ ആണ് ആരോ അഭിനന്ദ് എന്ന് വിളിച്ചത്.. അവൻ വിളിക്കേട്ട ഭാഗത്തേക്ക് നോക്കിയതും അവന്റെ മുഖം മങ്ങി.. പിയ അവന്റെ മങ്ങിയ മുഖം കണ്ടപ്പോൾ തങ്ങൾക്ക് അടുത്തേക്ക് വരുന്നവരെ നന്നായി നോക്കി..
തുടരും…

by