രചന – കണ്ണന്റെ മാത്രം
നവി ഓഫീസിൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ ആണ് റിസെപ്ഷനിസ്റ്റിന്റെ കാൾ വരുന്നത്.
സാർ ഒരു വിഷ്ണു മാധവൻ കാണാൻ വന്നിട്ടുണ്ട്. സാറുമായി അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നാണ് പറയുന്നത്.
ആഹാ എത്തിയോ.. വരാൻ പറയൂ..
കുറച്ചുകഴിഞ്ഞതും കാബിൻ ഡോറിൽ ഒന്ന് മുട്ടിക്കൊണ്ട് വിഷ്ണു ഉള്ളിലേക്ക് കയറി.
ഹായ് വിഷ്ണു.. വിഷ്ണുവിനെ കണ്ടതും എഴുന്നേറ്റ് ഷേക്ക് ഹാൻഡിനായി കൈ നീട്ടിക്കൊണ്ട് നവി ഗ്രീറ്റ് ചെയ്യ്തു..
ഹായ് സാർ.. വിഷ്ണുവും തിരികെ ഗ്രീറ്റ് ചെയ്യ്തു.
ഇരിക്കൂ… തന്റെ സീറ്റിൽ ഇരുന്നുകൊണ്ട് നവി വിഷ്ണുവിനോടും ഇരിക്കാനായി പറഞ്ഞു.
Thank you സാർ.. വിഷ്ണു പറഞ്ഞു.
ഹേയ് സാർ ഒന്നും വേണ്ടടോ. നവീൻ എന്ന് വിളിക്കാം തനിക്ക്..
പിന്നെ വിഷ്ണു താൻ ഞങ്ങളുടെ പുതിയ പ്രോജെക്ടിന്റെ ആർക്കിടെക്ചറൽ വർക്കിനായി കൊട്ടെഷൻ വച്ചിരുന്നല്ലോ. അത് ഞങ്ങൾക്ക് ഇഷ്ടമായി. തന്റെ വർക്കിനെ കുറിച്ച് കൂടുതൽ അറിയാനായി ആണ് വിളിപ്പിച്ചത്..
Thank you സാർ.. ഓഹ് സോറി നവീൻ.. സാർ എന്ന് വിളിച്ചതിന് നവീൻ ഒന്ന് കണ്ണുരുട്ടികാട്ടിയതും
അവൻ വേഗം തിരുത്തി.
ദാ ഇതൊക്കെ ഞാൻ ചെയ്ത പ്രോജെക്ടിന്റെ ഡീറ്റെയിൽസ് ആണ്..വിഷ്ണു കൈയിൽ ഉള്ള ഫയൽ നവിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..
നവി ആ ഫയൽ വാങ്ങി ഓരോന്നായി ചെക്ക് ചെയ്യ്തു. നവിക്ക് വിഷ്ണുവിന്റെ വർക്ക് നല്ല ഇഷ്ടമായി.
വളരെ നന്നായിട്ടുണ്ട്.. അപ്പൊ നമുക്ക് ഈ പ്രോജെക്ടിന് കൊളാബ്രേറ്റ് ചെയ്യാം അല്ലേ.
ഓഹ്.. Thank you very much നവീൻ. എന്റെ പോലെ ഈ ഫീൽഡിൽ പുതിയ ഒരാൾക്ക് ഇത്രയും വലിയ ഒരു ഓപ്പണിങ് തന്നതിന്.
ഡോ.. ഇതിൽ ഫീൽഡിൽ പുതിയത് പഴയത് എന്നൊന്നും ഇല്ല. വർക്കിന്റെ ക്വാളിറ്റി അത് മാത്രം ആണ് ഞാൻ നോക്കുന്നത്.. ഈ വർക്ക് ക്ലയന്റ്സിന് ഇഷ്ടമായാൽ ഇനിയങ്ങോട്ട് നമുക്ക് വേണമെങ്കിൽ കൊളാബ്രേറ്റ് ആവാം…
സന്തോഷമേ ഉള്ളൂ സാർ.. ഇത്രയും പ്രസ്റ്റീജിയസ് ആയിട്ടുള്ള ഒരു ഫേമിന്റെ കൂടെ വർക്ക് ചെയ്യുക എന്ന് പറഞ്ഞാൽ അതെനിക്ക് അഭിമാനമുള്ള കാര്യമാണ്.. വിഷ്ണു സന്തോഷത്തോടെ പറഞ്ഞു..
എങ്കിൽ ശരി നമുക്ക് ഡ്രോയിങ്സ് ആയതിനുശേഷം കാണാം. നവി അത് പറഞ്ഞുകൊണ്ട് അവന്റെ പിഎയെ വിളിച്ചു.
സർ വിളിച്ചിരുന്നോ.. അവന്റെ പിഎ മേഘ ചോദിച്ചു.
ആ മേഘ നമ്മുടെ RM കമ്പനിയും ആയിട്ടുള്ള ആ പ്രോജക്റ്റിന്റെ ഫയൽ ഒന്നു ഒന്നുകൊണ്ടുവരൂ..
ശരി സാർ… അവൾ പോകാനായി തിരഞ്ഞു. പിന്നെ ഒന്നുകൂടി അവനു നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു..
സർ നമ്മുടെ കൺസ്ട്രക്ഷൻ സൂപ്പർവൈസർ കുറച്ചു നേരമായി സാറിനെ കാണാൻ വെയിറ്റ് ചെയ്യുന്നു. ആളോട് എന്താ പറയേണ്ടത്…
ഒക്കെ വരാൻ പറയൂ… എന്നിട്ട് താൻ ആ ഫയലും കൊണ്ടു വായോ…നവി പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോഴേക്കും ഡോറിൽ മുട്ടിക്കൊണ്ട് അഭിനന്ദ് ഉള്ളിലേക്ക് വന്നു..
പറയൂ.. അഭിനന്ദ്.. നവി പറഞ്ഞു.
സാർ അത് നമ്മുടെ പുതിയ കൺസ്ട്രക്ഷൻ സൈറ്റിലെ ടോയ്ലറ്റ്സിന്റെ ഒക്കെ അവസ്ഥ വളരെ മോശം ആണ്. പിന്നെ സ്റ്റാഫിന് ഇരുന്ന് ഭക്ഷണം കഴിക്കാൻ താൽക്കാലികം ആയിട്ട് ഒരു ടെന്റ് എങ്കിലും ഉണ്ടായാൽ നന്നായി… അഭി പറഞ്ഞു.
ഓക്കേ.. നിങ്ങൾ ഇത് നിങ്ങളുടെ മാനേജരുടെ അടുത്ത് പറഞ്ഞില്ലേ.. നവി ചോദിച്ചു.
ഉവ്വ് സാർ.. പലപ്രാവശ്യം പറഞ്ഞതാണ്. ഈ പ്രൊജക്റ്റ് തുടങ്ങിയപ്പോൾ മുതൽ പറയുന്നതാണ്. പക്ഷേ… അഭി മുഴുവനാക്കാതെ നിർത്തി..
മ്മ്.. മനസിലായി. ഞാൻ വേണ്ടത് ചെയ്തുകൊള്ളാം. എന്തായാലും ഇത് ഇവിടെ വന്ന് റിപ്പോർട്ട് ചെയ്തതിന് തന്നോട് ഞാൻ താങ്ക്സ് പറയാണ്. കാരണം നമ്മുടെ എംപ്ലോയീസ് ആണ് നമ്മുടെ ബലം. അപ്പൊ അവർ കംഫർട്ടബിൾ അല്ലെങ്കിൽ അത് നമ്മുടെ വർക്കിനെ ബാധിക്കും.. എങ്കിൽ താൻ പൊയ്ക്കോളൂ..
ശരി സാർ.. എന്നും പറഞ്ഞ് അവൻ പോകാനായി തിരിഞ്ഞു. മുൻപ് ജിത്തു വന്നിട്ട് ഉണ്ടായ അനുഭവം കാരണം അഭി വിച്ചുവിനെ കണ്ടിട്ടും പരിചയം കാണിച്ചില്ല. ഇനി അവന് താൻ കാരണം ഒരു നാണക്കേട് വേണ്ട.. അഭി ചിന്തിച്ചു..
വിച്ചുവിന് അഭി എന്താ ചിന്തിക്കുന്നത് എന്ന് മനസിലായി. അന്ന് ജിത്തു വന്നപ്പോ ഉണ്ടായ അനുഭവം അഭി പറഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ അവനായിട്ട് തന്നോട് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ല എന്ന് അവനറിയാം.
അഭി.. അഭി പോകാനായി നിന്നതും വിച്ചു വിളിച്ചു.. അഭി അവനെ തിരിഞ്ഞുനോക്കി.
നീ എന്താടാ എന്നെ കണ്ടില്ലേ. കാണാത്ത പോലെ പോകുന്നു.. വിച്ചു ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു.
ഡാ.. അതുപിന്നെ ഞാൻ.. അഭി എന്ത് പറയണം എന്നറിയാതെ പകുതിക്ക് നിർത്തി..
നിങ്ങൾ തമ്മിൽ നേരത്തെ അറിയോ.. നവി രണ്ടാളെയും നോക്കികൊണ്ട് ചോദിച്ചു.
വിച്ചു എഴുന്നേറ്റ് അഭിയുടെ തോളിലൂടെ കൈയിട്ട് നിന്നുകൊണ്ട് പറഞ്ഞു..
ഞങ്ങൾ രണ്ടാളും ഒന്നാം ക്ലാസ്സ് മുതൽ LLB വരെ ഒരുമിച്ച് പഠിച്ചതാ. ഇവനെ വിട്ട് പിരിയാൻ പറ്റാത്തത് കൊണ്ടാണ് LLBക്ക്
ഞാൻ പോയി ചേർന്നത്. അവസാനം അത് എന്നെക്കൊണ്ട് പറ്റില്ല എന്ന് മനസിലായപ്പോൾ ആണ് ഞാൻ ഇതിലേക്ക് ചാടിയത്..
അപ്പൊ താൻ LLB കഴിഞ്ഞതാണോ.. എന്നിട്ടെന്താടോ ഇങ്ങനെ ഒരു ജോലി.. നവി അത്ഭുധത്തോടെ ചോദിച്ചു.
ഞാൻ പാസ്സ് ആയിട്ടില്ല സാർ അതുകൊണ്ടാണ്.. വിച്ചു എന്തോ പറയാൻ പോകുമ്പോഴേക്കും അഭി ചാടി കയറി പറഞ്ഞു. വിച്ചു അവനെ കൂർപ്പിച്ചു നോക്കി.
നവി വിച്ചുവിന്റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു. എന്തോ ഉണ്ടല്ലോ.. അവൻ ആലോചിച്ചു.
എങ്കിൽ ഞാൻ പൊക്കോട്ടെ സാർ.. അഭി നവിയോട് ചോദിച്ചു.
മ്മ്.. ശരി.. ഞാൻ വേണ്ടത് ചെയ്തോളാം..
താൻ പൊക്കോളൂ…
നവി അങ്ങനെ പറഞ്ഞതും അഭി വിച്ചുവിനോടും കൂടി പറഞ്ഞിട്ട് പുറത്തേക്ക് പോയി.
എടൊ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. അഭി പോയതും സീറ്റിലേക്ക് ഇരുന്ന വിച്ചുവിനോടായി നവി ചോദിച്ചു..
എന്താ നവീൻ.. വിച്ചു ചോദിച്ചു..
അയാള്.. അഭിനന്ദ് LLB പാസ്സ് ആയിട്ടില്ല എന്നുള്ളത് സത്യാണോ…നവി ചോദിച്ചു.
അല്ല നവീൻ… അവൻ LLB ലാസ്റ്റ് ഇയർ ഡ്രോപ്പ് ഔട്ട് ആയി എങ്കിലും നെക്സ്റ്റ് ഇയർ അവൻ എഴുതി എടുത്തിരുന്നു.
എന്നിട്ടെന്താടോ അവൻ ഇങ്ങനൊരു ജോലി… നവി അതിശയത്തിൽ ചോദിച്ചു..
വിച്ചു ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് അഭിയുടെ ഇതുവരെ ഉള്ള ജീവിതം മുഴുവൻ പറഞ്ഞു… എല്ലാം കേട്ടതും നവിക്ക് വിഷമവും അഭിമാനവും ഒരുപോലെ തോന്നി..
ഇത്രയും കഷ്ടപ്പാടിലും അയാള് പഠിപ്പ് കംപ്ലീറ്റ് ആക്കിയല്ലോ.. I’m really proud of him. താൻ വിഷമിക്കണ്ടടോ. അയാൾക്ക് ഇന്നല്ലെങ്കിൽ നാളെ നല്ലൊരു ഓപ്പോർട്യൂണിറ്റി കിട്ടും… നവി പറഞ്ഞു..
മ്മ്.. ഞാനും ആ ഒരു പ്രതീക്ഷയിൽ ആണ് നവീൻ.. വിച്ചു ഒരു നിശ്വാസത്തോടെ പറഞ്ഞു..
പിന്നെ കുറച്ച് നേരം അവർ പ്രോജെക്ടിനെ കുറിച്ചും മറ്റും സംസാരിച്ചിട്ടാണ് പിരിഞ്ഞത്..
……………………
അന്നത്തെ ദിവസം പല പ്രാവശ്യം അവി പിയയെ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല. അതോടെ അവന് മനസിലായി ഇനി ഈ കാര്യത്തിൽ അവൾ മറ്റൊരു വഴിയും സമ്മതിക്കില്ല എന്ന്.
ധർമപാലൻ ഇനിയെന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. എന്ത് തെളിവുകൾ ആണ് പിയയുടെ കൈയിൽ ഉള്ളത് എന്നറിയാത്തത് കൊണ്ട് അത് നിസാരമായി വിടാനും അയാൾക്ക് കഴിയുന്നുണ്ടായില്ല. കുറേ നേരം എന്തൊക്കെയോ ആലോചിച്ചുകൂട്ടിയതിനു ശേഷം അയാൾ ഒരു ദൃഢനിശ്ചയത്തോടെ പുറത്തേക്ക് പോയി.
…………………..
അന്ന് വൈകീട്ട് അഭി സൈറ്റിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ ജിത്തുവും നിധിയും ഉണ്ട് അവിടെ. രണ്ടാളെയും കണ്ടതും അവൻ ഒന്ന് സ്റ്റക്ക് ആയി. പിന്നെ സാധാരണ പോലെ നേരെ പുറത്തെ ബാത്റൂമിലേക്ക് നടന്ന് കുളിച്ച് മുന്നിലായി വന്നിരുന്നു. അപ്പോഴേക്കും സാവിത്രിയമ്മ അവന് കഴിക്കാനുള്ള അവൽ നനച്ചതും കട്ടൻ കാപ്പിയും കൊണ്ട് കൊടുത്തു..
അമ്മ കഴിച്ചില്ലേ… അവൻ അത് കഴിക്കാൻ ഒരുപിടി വായിൽ വക്കുന്നതിനു മുൻപ് അവരോട് ചോദിച്ചു.
അവന്റെ ചോദ്യം കേട്ടതും ഒരുനിമിഷം അവരുടെ കണ്ണുകൾ നിറഞ്ഞു. ഇത്തിരി നേരത്തെ നിധിക്കും ജിത്തുവിനും കഴിക്കാൻ കൊടുത്തപ്പോൾ അവരിൽ നിന്നും കിട്ടിയ പുച്ഛം ആയിരുന്നു അപ്പോൾ അവരുടെ ഉള്ളിൽ. അഭി എത്ര വിശന്ന് പൊരിഞ്ഞു വന്നാലും ബാക്കി ഉള്ളവർ കഴിച്ചില്ലേ എന്ന് അറിഞ്ഞിട്ടേ കഴിക്കു. അല്ലെങ്കിൽ ഒന്നിച്ച് കഴിക്കാൻ വിളിക്കും. ആമിയും അങ്ങനെ ഒക്കെ തന്നെ. പക്ഷേ ബാക്കി രണ്ടാളും അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലും ഇല്ല. അവർക്ക് എല്ലാ കാലത്തും സ്വന്തം കാര്യം മാത്രേ ഉണ്ടായിട്ടുള്ളൂ..
എന്താ അമ്മേ നിങ്ങൾ കഴിച്ചില്ലേ.. ആമി എന്തിയേ… അഭി അത് കഴിക്കാതെ എന്തോ ആലോചിച്ച് നിൽക്കുന്ന സാവിത്രിയമ്മയോട് ആയി ചോദിച്ചു.
ഞങ്ങൾ കഴിച്ചതാ മോനേ. നീ കഴിക്ക്. ആമി വന്ന് ചായ കുടിച്ചിട്ട് അവളുടെ ആ ഫ്രണ്ട് ഇല്ലേ നിരഞ്ജന ആ കുട്ടിയുടെ വീട് വരെ പോയതാണ്. എന്തോ പുസ്തകം വാങ്ങാൻ ആണെന്നാ പറഞ്ഞത്..
മ്മ്.. സന്ധ്യക്ക് മുന്നേ വരാൻ പറഞ്ഞിട്ടില്ലേ അവളോട്.. അഭി കാപ്പി കുടിച്ചുകൊണ്ട് തന്നെ അവരോട് ചോദിച്ചു.
ഉവ്വെടാ.. അവൾ ദേ ഇപ്പൊ വരും…
മ്മ്… അതിന് അവൻ ഒന്ന് മൂളിയതേ ഉള്ളൂ..
വല്യേട്ടൻ ഞങ്ങളെ കണ്ടില്ലേ.. നിധി അവനോട് കെറുവിച്ചുകൊണ്ട് ചോദിച്ചു..
കാണാതിരിക്കാൻ എനിക്ക് കണ്ണിനു കുഴപ്പം ഒന്നുമില്ല.. അവൻ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.
അല്ല എന്താ വന്നേ എന്നൊന്നും ചോദിക്കുന്നില്ലല്ലോ.. നിധി ചോദിച്ചു.
അതിപ്പോ ഞാൻ ചോദിച്ചാലും ഇല്ലെങ്കിലും നിങ്ങൾ പറയുമല്ലോ എന്തിനാ വന്നത് എന്ന്. പിന്നെ ഞാൻ എന്തിനാ വെറുതേ ചോദിക്കാൻ നിൽക്കുന്നത്..
അത് പിന്നെ ഏട്ടാ.. ഞങ്ങൾ വന്നത്… അവൾ വിക്കലോടെ പറയാൻ ശ്രമിച്ചതും അതിനെ തടഞ്ഞുകൊണ്ട് അഭി പറഞ്ഞു.
എന്താ പറയാൻ ഉള്ളതെങ്കിൽ തുറന്ന് പറയണം. വെറുതേ എന്റെ നേരം ചുറ്റിക്കരുത്. എനിക്ക് ഓട്ടം ഉള്ളതാണ് പോണം…
അത് ഏട്ടാ.. ഞങ്ങൾക്ക് കുറച്ച് പണത്തിന്റെ ആവശ്യം ഉണ്ട്.. അതുകൊണ്ട് ഈ വീട് വിറ്റിട്ടായാലും ഞങ്ങളുടെ ഭാഗം കിട്ടണം..
അതിന് നിനക്കൊക്കെ ഇവിടെ ഇനി ഭാഗം ഉണ്ടെന്നു ആരാണ് പറഞ്ഞത്.. സാവിത്രിയമ്മ ഗൗരവത്തോടെ ചോദിച്ചു.
അത് അമ്മേ…
ജിത്തു എന്തോ പറഞ്ഞ് വന്നപ്പോഴേക്കും സാവിത്രിയമ്മ അവനെ തടഞ്ഞു..
നിന്റെ ഒക്കെ തന്ത ഉണ്ടാക്കി വച്ച കടം വീട്ടാൻ നെട്ടോട്ടം ഓടുകയാണ് എന്റെ കുഞ്ഞ്. ഭാഗം വാങ്ങാൻ വരുമ്പോൾ ഉള്ള കടത്തിന്റെ ഭാഗവും നിങ്ങൾക്ക് വീതിച്ചു തരാലോ അല്ലേ… സാവിത്രിയമ്മ പുച്ഛത്തോടെ ചോദിച്ചു..
അമ്മ എന്ത് വർത്താനം ആണ് ഈ പറയുന്നത് അതൊന്നും ഞങ്ങളെക്കൊണ്ട് നോക്കാൻ പറ്റില്ല.. നിധി പറഞ്ഞു..
എങ്കിൽ അതുവേണ്ട നിന്നെ പഠിപ്പിക്കാൻ എടുത്ത എഡ്യൂക്കേഷൻ ലോൺ അടച്ചു തീർത്തത് മുഴുവൻ ദേ ഇവൻ ആണ്. ആ പൈസ നീ തിരിച്ച് കൊടുക്ക്.. സാവിത്രിയമ്മ ജിത്തുവിനോടായി പറഞ്ഞു..
അമ്മേ.. അഭി എന്തോ പറയാൻ പോയതും അവനെ തടഞ്ഞുകൊണ്ട് സാവിത്രിയമ്മ പറഞ്ഞു..
അഭി നിന്റെ ചായകുടി കഴിഞ്ഞില്ലേ… എങ്കിൽ പോകാൻ നോക്ക്..
ഉവ്വ് അമ്മേ.. പക്ഷേ അവർ..
അതൊന്നും നീ നോക്കണ്ട പോകാൻ നോക്ക്… മ്മ്..
അതോടെ അവൻ ഒന്നും മിണ്ടാതെ ഓട്ടോയും എടുത്ത് പോയി..
എന്താ നിനക്ക് മറുപടി ഒന്നും ഇല്ലേ… അവർ ജിത്തുവിനോടായി ചോദിച്ചു.
അതൊന്നും കൊടുക്കാൻ പറ്റില്ല. അതൊക്കെ ഏട്ടന്റെ കടമ അല്ലേ… ജിത്തു അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
കടമ… അപ്പൊ നിനക്ക് നിന്റെ അമ്മയോടും അനിയത്തിമാരോടും കടമ ഒന്നും ഇല്ലേ…
അത് പിന്നെ… ജിത്തു എന്ത് പറയണം എന്നറിയാതെ നിന്നു.
അപ്പൊ നിന്റെ ഭാഗം കിട്ടിയല്ലോ. ഇനി നിന്നോട്.. സാവിത്രിയമ്മ നിധിക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു..
നിന്റെ കല്യാണം മഹേഷുമായി തീരുമാനിക്കാൻ അവർ വലിയ സ്ത്രീധനം പറഞ്ഞപ്പോൾ നീ എന്താ പറഞ്ഞത്…
അത് അമ്മേ…. ഞാൻ.. നിധി നിന്ന് വിക്കി..
പറയെടി… നീ എന്താ പറഞ്ഞത്.. പറയാൻ.. അവർ അലറി..
അത് ഈ കല്യാണം നടത്തി തന്നാൽ മതി. പിന്നെ ഒന്നും ചോദിച്ച് ഞാൻ വരില്ല എന്ന്… അവൾ പേടിയോടെ പറഞ്ഞു.
എന്നിട്ട് ഇപ്പൊ എന്ത് കണ്ടിട്ടാ നീ വന്നത്. ഈ വീട് കണ്ടിട്ടാണോ. ഇതിന്റെ ആധാരം കോഓപ്പറേറ്റീവ് ബാങ്കിൽ ഇരിപ്പുണ്ട് പണയത്തിൽ. നിന്റെ കല്യാണത്തിന് വച്ചതാ. അതെടുത്തിട്ട് വായോ. അപ്പൊ ഇതിൽ നിന്നും ഭാഗം തരാം..
അത് അമ്മേ ഞാൻ എങ്ങനെ.. നിധി മറുപടി ഇല്ലാതെ നിന്നു….
തുടരും….

by