രചന – കണ്ണന്റെ മാത്രം
ഇതാണ് കോവിലകം ഗ്രൂപ്പിന്റെ ഉടമസ്ഥൻ ആയ പത്മനാഭന്റെയും അയാളുടെ ഉറ്റസുഹൃത്തും പെങ്ങളുടെ ഭർത്താവും ആയ ഹരികൃഷ്ണന്റെയും വീടുകൾ.
പത്മനാഭൻ ഇന്ത്യ ഒട്ടുക്ക് പരന്നുകിടക്കുന്ന കോവിലകം ഗ്രൂപ്പിന്റെ ഉടമ ആണ്. അദ്ദേഹത്തിന്റെ ഭാര്യ രേവതി ഒരു മോളെ അദ്ദേഹത്തിന് സമ്മാനിച്ച് പ്രസവത്തോടെ മരണപ്പെട്ടു. അന്ന് മുതൽ ആ മകളെയും വളർത്തി ഒറ്റത്തടി ആയാണ് ജീവിതം. വേറെ ഒരു കല്യാണം കഴിക്കാൻ ആരെല്ലാം പറഞ്ഞിട്ടും അയാൾ കൂട്ടാക്കിയില്ല. അയാൾക്ക് രേവതി അത്രയും പ്രിയപ്പെട്ടതായിരുന്നു. ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട പത്മനാഭനെയും പെങ്ങൾ പാർവതിയെയും അവരുടെ മുത്തശ്ശനും മുത്തശ്ശിയും ആണ് വളർത്തിയത്. ഒരു പ്രായം ആയപ്പോൾ അവരും മരണപ്പെട്ടത്തോടെ ഇവർ രണ്ടാളും ഒറ്റപ്പെട്ടു. മുത്തശ്ശന്റെ മരണത്തോടെ നഷ്ടത്തിലേക്ക് പോയിരുന്ന ബിസിനസ്സും പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന പപ്പനെയും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പാറുവിനെയും ബന്ധുക്കൾക്ക് ആർക്കും ഏറ്റെടുക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. അതോടെ പപ്പൻ പഠിപ്പ് നിർത്തി ബിസിനസ്സിലേക്ക് ഇറങ്ങി. പാറു അയാൾക്ക് മകളായി. അവളുടെ എല്ലാ കാര്യങ്ങളും അയാൾ തന്നെ ആണ് ചെയ്യ്തു കൊടുത്തിരുന്നത്. മുത്തശ്ശന്റെ കൂർമ്മബുദ്ധി കിട്ടിയിട്ടുള്ള പേരക്കുട്ടി ആയതുകൊണ്ടാകാം നഷ്ടത്തിൽ ആയിരുന്ന ബിസിനസ്സ് ലാഭത്തിൽ ആയി തുടങ്ങി. അതോടെ ബന്ധുക്കൾ അടുത്തു കൂടാൻ ശ്രമിച്ചു. എല്ലാവരെയും അയാൾ ആട്ടി അകറ്റി. അതുകൊണ്ട് തന്നെ കാര്യമായിട്ട് ബന്ധുക്കൾ ഇല്ല അയാൾക്ക്. പപ്പൻ പഠിക്കുന്ന കാലത്തേ ഉള്ള അവന്റെ കൂട്ടുക്കാരൻ ആയിരുന്നു ഹരികൃഷ്ണൻ എന്ന ഹരി.
ഹരി ഒരു അനാഥൻ ആയിരുന്നു 18 വയസ്സ് വരെ ഒരു ആശ്രമത്തിൽ ആണ് വളർന്നത്. പപ്പൻ പഠിപ്പ് നിർത്തി ബിസിനസ്സിൽ ഇറങ്ങിയപ്പോൾ ഹരിയും അവന്റെ കൂടെ കൂടി. പക്ഷേ ഹരിക്ക് ചെറുപ്പം മുതലേ വകീൽ ആകണം എന്ന് മോഹം ഉള്ളത് അറിയുന്ന പപ്പൻ അവനെ നിർബന്ധിച്ച് LLB ക്ക് ചേർത്തി. ഇപ്പൊ ഹൈകോർട്ടിലെ ഫേമസ് അഡ്വക്കേറ്റ് ആണ് ഹരി. അതുപോരാതെ കോവിലകം അസോസിയേറ്റ്സ് എന്നൊരു അഡ്വക്കേറ്റിംഗ് ഫേമും നടത്തുന്നുണ്ട് ആള്. വിവാഹപ്രായമെത്തിയപ്പോൾ പാറു ആണ് അവൾക്ക് ഹരിയോടുള്ള ഇഷ്ടം പപ്പനോട് പറഞ്ഞത്. പപ്പന് സന്തോഷം ആയിരുന്നു. പപ്പൻ നിറഞ്ഞ മനസ്സോടെ രണ്ടാളുടെയും കല്യാണം നടത്തി. പിന്നെ ആണ് അവർ പപ്പന്റെ തറവാട് ഇരുന്നിടത്ത് അത് പൊളിച്ച് ഏതാണ്ട് ഒരേപോലത്തെ വീടുകൾ പണിതത്.
ഹരിക്കും പാർവതിക്കും ഒരേഒരു മകൻ ആണ് നവീൻ എന്ന നവി. MBA ഒക്കെ കഴിഞ്ഞിറങ്ങി പപ്പന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു. പിയ ഉണ്ടാക്കുന്ന സകല പ്രശ്നങ്ങളും പപ്പൻ അറിയാതെ ഒതുക്കിത്തീർക്കൽ ആണ് ആളുടെ പ്രധാനപ്പണി. എപ്പോഴും പിയയുമായി അടിയാണെങ്കിലും അവളെന്ന് വച്ചാൽ ജീവൻ ആണ് അവന്. അവന്റെ കുഞ്ഞുപെങ്ങൾ ആണ് അവൾ.
പത്മനാഭന്റെയും രേവതിയുടെയും ഒരേഒരു സന്താനം ആണ് ശ്രീപ്രിയ എന്ന എല്ലാവരുടെയും പിയ. പപ്പന്റെയും ഹരിയുടെയും മുത്ത്. വേറെ ആരെങ്കിലും ആ പേര് വിളിച്ചാൽ പിന്നെ അവിടെ യുദ്ധം ആയിരിക്കും. എല്ലാവരുടെയും കണ്ണിലുണ്ണി ആണ് പിയ. നല്ല അസ്സൽ കാന്താരി മുളകാണ് കക്ഷി. തെറ്റെവിടെ കണ്ടാലും ആള് കയറി പ്രതികരിക്കും. എന്നിട്ടോ അതിന്റെ പിന്നാലെ തൂങ്ങാൻ പാവം നവിയും. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ആണ് ആള് കൂടാതെ ക്രിമിനലോളജിസ്റ്റും കൂടിയാണ്. നേരിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് അത്യാവശ്യം ശത്രുക്കളെയും ആള് ഉണ്ടാക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുകൊല്ലം ആയിട്ട് ആള് ആഭ്യന്തര മന്ത്രി ധർമപാലന്റെ മകൻ അവിനാശും ആയി പ്രണയത്തിൽ ആയിരുന്നു. അവിനാശ് ഒരു IT ഫേം നടത്തുകയാണ്. എൻഗേജ്മെന്റ് ആയിട്ട് നടത്തിയിട്ടില്ലെങ്കിലും അവരുടെ കല്യാണം വാക്കാൽ ഉറപ്പിച്ചതായിരുന്നു.. ഇപ്പൊ പിയ തുങ്ങിയിട്ടുള്ള പുതിയ അന്വേഷണ പരമ്പര ആഭ്യന്തര മന്ത്രി അടക്കം കുറേ വമ്പന്മാർ ഉൾപ്പെടുന്നതാണ്. അതിന്റെ ആദ്യത്തെ എപ്പിസോഡ് പുറത്ത് വന്നതും അവിനാശ് പിയയോട് അത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. അവൾ അത് പറ്റില്ല എന്ന് പറഞ്ഞതിന് ബ്രേക്ക് അപ്പും പറഞ്ഞു അവർ പരസ്പരം. അതറിഞ്ഞ ഹരി അവിനാശിനെ കാണാൻ പോയി അതിന്റെ അങ്കം ആണ് നേരത്തെ കേട്ടത്.. പിയക്ക് ഹരിയെ പപ്പന്റെ അത്രേം തന്നെ ഇഷ്ടം ആണ്. പപ്പനെ അച്ഛൻ എന്ന് വിളിച്ചപ്പോൾ ഹരി പപ്പയായി അവൾക്ക്. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ ആണ് പാർവതി അവളെ വളർത്തിയത്.
കുറച്ചുനേരം ഓടി ക്ഷീണിച്ച് രണ്ടെണ്ണവും വന്ന് സോഫയിൽ ഇരിപ്പായി..
അച്ഛൻ എന്നാ വരാ പപ്പേ.. കുറച്ചു ദിവസം ആയിട്ടില്ലേ പോയിട്ട്. ഞാൻ വിളിച്ചപ്പോഴും വരവിന്റെ കാര്യം ഒന്നും പറഞ്ഞില്ല…പിയ ഹരിയുടെ തോളിലേക്ക് ചാഞ്ഞുകൊണ്ട് മുഖം വീർപ്പിച്ചു പറഞ്ഞു..
മ്മ്.. രണ്ടുദിവസത്തിൽ എത്തും മുത്തേ.. രണ്ടാഴ്ച അല്ലേ മീറ്റിംഗ് ആയിരുന്നത്. ഇപ്പൊ രണ്ടാഴ്ച ആവുന്നല്ലേ ഉള്ളൂ..
മോളെ വല്ലതും കഴിച്ചോ നീ.. അതോ ദേഷ്യം ഭക്ഷണത്തോട് തീർത്തോ..പാറു ചോദിച്ചു..
ഇല്ലെന്റെ പാറുട്ടി ഞാൻ കഴിച്ചു. പിന്നേ അവൻ എന്നെ വേണ്ടാന്ന് വച്ചു എന്ന് കരുതി ഞാൻ പട്ടിണി ഇരിക്കല്ലേ. ഇന്ന് ഞാൻ രണ്ടു തവി ചോറ് കൂടുതൽ ഉണ്ടു… ഹും..
അല്ലപിന്നെ പപ്പേടെ മുത്ത് സ്ട്രോങ്ങ് ആണ് അല്ലേ മോളെ…
മ്മ്.. അധികം അങ്ങോട്ട് പ്രോത്സാഹിപ്പിക്കേണ്ട.. അവന്റെ റേഞ്ച്റോവറിന്റെ ഫ്രന്റ് ഗ്ലാസ് ആണ് പൊന്നുമോള് തല്ലിതകർത്തത്.. ഇനി അച്ഛന്റെ പ്രോത്സാഹനം കൂടി ആവുമ്പോ എന്തൊക്കെ തല്ലി തകർക്കുമെന്ന് ദൈവം തമ്പുരാനറിയാം.. നവി നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു
ആണോ മുത്തേ….നീ അങ്ങനെ ചെയ്തോ.. ഹരി ഗൗരവത്തോടെ ചോദിച്ചു.
അവൻ മാന്യമായ ഭാഷയിൽ നമുക്ക് പിരിയാം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും ഒരു വഴക്കും ഇല്ലാതെ സമ്മതിച്ചേനെ പപ്പേ.. ഇത് അവൻ പറഞ്ഞുപറഞ്ഞ് എന്റെ അമ്മയെ കൂട്ടിപറഞ്ഞു. അതെനിക്ക് ഇഷ്ടായില്ല. അവന്റെ മോന്തക്കിട്ട് ഒന്നുപൊട്ടിച്ച് പോരുമ്പോൾ ആണ് അവന്റെ വണ്ടി അവിടെ കിടക്കുന്നത് കണ്ടത്. എന്റെ മൂന്നുകൊല്ലത്തിന് അതെങ്കിലും ചെയ്യേണ്ടേ പപ്പേ ഞാൻ….
മ്മ്… ഇതോടെ വിടണം കേട്ടോ. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവരുത്.. ഹരി പറഞ്ഞു..
ശരി പപ്പേ…അവൾ നിഷ്കളങ്കമായി പറഞ്ഞു..
അയ്യടാ എന്തൊരു നിഷ്കളങ്ക.. ഈ മുഖം കണ്ടാൽ പറയോ ഇതിന്റെ കൈയിൽ ഇരുപ്പ് ഇത്രേം അക്രമം ആണെന്ന്… നവി ഒരു ചിരിയോടെ പറഞ്ഞു. പിന്നെയും കുറച്ചുനേരം കൂടി എല്ലാവരും കൂടി സംസാരിച്ചിരുന്നാണ് കിടക്കാനായി പോയത്. ഹരിയുടെ വീട്ടിലെ അവളുടെ മുറിയിലേക്ക് ആണ് അവൾ പോയത്.. അതുവരെ ചിരിയോടെ നിന്ന അവളുടെ മുഖം ആ നാലുചുവരുകൾക്കുള്ളിൽ കടന്നതും മാറി. എത്രയൊക്കെ വിഷമം ഇല്ലാന്ന് കാട്ടിയാലും അവൾക്ക് ഉള്ളുകൊണ്ട് നല്ല സങ്കടം ഉണ്ടായിരുന്നു. മൂന്നുകൊല്ലം അവൾ ആത്മാർത്ഥമായി തന്നെ ആണ് അവനെ പ്രണയിച്ചത്. അതുകൊണ്ട് തന്നെ അവന്റെ അവളെ മനസിലാക്കാതെ ഉള്ള പ്രവർത്തി അവളെ നന്നായി തന്നെ വേദനിപ്പിച്ചു. അവൾ വെറും നിലത്ത് കൂനികൂടി ഇരുന്നുകൊണ്ട് പൊട്ടികരഞ്ഞു. അടുത്ത നിമിഷം അവളുടെ റൂമിന്റെ ഡോറിൽ മുട്ടുന്നത് കേട്ട അവൾ വേഗം എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി മുഖം നന്നായി കഴുകി. അവൾക്ക് അറിയാമായിരുന്നു അതാരായിരിക്കും എന്ന്. അവൾ വന്നു വാതിൽ തുറന്നപ്പോൾ പ്രതീക്ഷിച്ച പോലെ ഹരി തന്നെ ആയിരുന്നു.
എന്താണ് പപ്പയുടെ മുത്തിന് വാതില് തുറക്കാൻ ഇത്രയും നേരം വേണ്ടി വന്നത്.. ഹരി ഒരു ചിരിയോടെ ചോദിച്ചുകൊണ്ട് റൂമിലേക്ക് കയറി.
ഞാൻ ബാത്റൂമിൽ ആയിരുന്നു പപ്പേ… അവളും അയാളുടെ അടുത്തായി വന്നിരുന്നു.
മുത്തേ.. നിനക്ക് പപ്പയുടെ മുന്നിൽ അഭിനയിക്കാൻ പറ്റില്ല എന്നറിഞ്ഞുകൂടെ പിന്നെയും എന്തിനാ… അയാൾ അതു ചോദിച്ച അടുത്തനിമിഷം അവൾ അയാളെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞു..
കരയല്ലേ.. എന്നൊന്നും പപ്പ പറയുന്നില്ലേ. നീ കരഞ്ഞോ നന്നായി കരഞ്ഞോ. പക്ഷേ ഇന്നത്തോടെ ഇത് അവസാനിപ്പിക്കണം. നാളെ മുതൽ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ മുത്തിനെ കിട്ടണം കേട്ടല്ലോ… നിന്റെ അച്ഛൻ വന്നുകണ്ടാൽ സഹിക്കില്ല. അവൻ ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയല്ലേ മോളെ.. അയാൾ അവളുടെ പുറത്ത് തടവിക്കൊണ്ട് പറഞ്ഞു.
കുറച്ചുനേരം കരഞ്ഞു കഴിഞ്ഞതും അവൾക്ക് ആശ്വാസമായി. അപ്പോഴാണ് അവൾ തന്റെ അടുത്തായി ഇരിക്കുന്ന നവിയെയും പാറുവിനെയും കാണുന്നത്. അവൾ അവരെ നോക്കി മങ്ങിയ ഒരു ചിരി കൊടുത്തു…
ദേ പെണ്ണേ.. ഈ വോൾട്ടേജ് ഇല്ലാത്ത ചിരി എനിക്ക് വേണ്ട കേട്ടല്ലോ.. നല്ല ഉഷാറായിട്ട് ഒരു ചിരി തന്നേ…. നവി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു…
ഓഹ് ഇനി അത് വീർപ്പിച്ചു പൊട്ടിക്കേണ്ട. നാളേക്ക് ഞാൻ റെഡി ആയിക്കോളാം.. പിയ പറഞ്ഞു.
മ്മ്.. എന്നിട്ടും അവന്റെ മുഖം തെളിഞ്ഞില്ല..
ഹാ.. ചിരിക്കെടാ ചേട്ടാ.. അവൾ അവനെ ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു..
പിന്നേ കുറച്ചു നേരം അവരുടെ തല്ലുപിടുത്തം ആയിരുന്നു. ഹരിയും കൂടി ആ കൂട്ടത്തിലേക്ക് കൂടിയപ്പോൾ പിന്നെ പറയണ്ട.. അവസാനം പാറു ടെറർ ആയപ്പോൾ മൂന്നും അവിടെ തന്നെ ചുരുണ്ടുകൂടി. പാറുവും ചിരിയോടെ അവരുടെ അടുത്തായി കിടന്നു
…………………
പിറ്റേന്ന് രാവിലത്തെ പേപ്പർ എടുത്തുനോക്കിയ ഹരി ഞെട്ടിപ്പോയി. അയാൾ വേഗം അതും എടുത്ത് പിയയുടെ അടുത്തേക്ക് പോയി.
മുത്തേ… എന്താ ഇതൊക്കെ…?? ഹരി ആകുലതയോടെ ചോദിച്ചു.
എന്താ പപ്പേ… പിയ ഒന്നും അറിയാത്ത പോലെ ചായയും കുടിച്ചുകൊണ്ട് അയാളോട് ചോദിച്ചു.
ദേ പെണ്ണേ എന്റെ കൈയിൽ നിന്നും അടി വാങ്ങണ്ടെങ്കിൽ പറഞ്ഞോ എന്താ നീ ഈ എഴുതി കൂട്ടി വച്ചിട്ടുള്ളത് ആഭ്യന്തരമന്ത്രിക്കെതിരെ.. അയാൾ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് ചോദിച്ചു.
ഞാൻ അതിൽ എഴുതിയത് മുഴുവൻ സത്യമാണ് പപ്പേ.. അയാൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ട്. അതിന്റെ തെളിവുകൾ എന്റെ കൈയിൽ ഉണ്ട്. ഈ ന്യൂസ് കണ്ടിട്ട് വരുന്ന tv ചാനലിന് ഞാൻ അതു കൊടുക്കും. ഇനി അവർക്കും അത് പബ്ലിഷ് ചെയ്യാൻ ഭയമാണെങ്കിൽ ഞാൻ സോഷ്യൽ മീഡിയ വഴി അത് ലോകത്തിനു മുന്നിൽ എത്തിക്കും. എന്തായാലും ഇത് ഞാൻ വെറുതെ വിടാൻ പോകുന്നില്ല…
എന്തൊക്കെയാ മോളെ നീ ഈ കാട്ടികൂട്ടുന്നേ. ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പുലിവാല് പിടിക്കേണ്ടി വരുമോ ആവോ. അല്ല നിന്റെ അച്ഛൻ അറിഞ്ഞിട്ടുണ്ടോ ഇതു വല്ലതും… അയാൾ ടെൻഷനോടെ ചോദിച്ചു.
അച്ഛൻ എല്ലാം അറിഞ്ഞതാണ് പപ്പേ.. ഞാൻ ഇന്നത്തെ വരെ അച്ഛനോട് ചോദിക്കാതെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ.. അച്ഛനാണ് പറഞ്ഞത് നിന്റെ യുക്തിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്തുകൊള്ളാൻ. അല്ലെങ്കിൽ പപ്പ തന്നെ പറയ് നാടിന് നല്ലത് ചെയ്യും എന്ന വിശ്വാസത്തിൽ അല്ലേ ജനങ്ങൾ ഇവരെ ഒക്കെ ജയിപ്പിച്ചു വിടുന്നത്. എന്നിട്ട് അവർ തന്നെ പാവം ജനങ്ങളെ ദ്രോഹിക്കാൻ കൂട്ടുനിൽക്കാൻ പാടുണ്ടോ.. അവിനാഷുമായി ബ്രേക്ക് അപ്പ് ആയില്ലായിരുന്നെങ്കിലും ഈ ന്യൂസ് ഞാൻ പുറത്തുവിട്ടേനെ. കാരണം ഇത് നമ്മുടെ നാടിനെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തി ആണ്.. പിയ ദേഷ്യത്തോടെ പറഞ്ഞു..
അതല്ല മോളെ.. എനിക്ക് നിന്റെ സുരക്ഷ ആലോചിച്ചിട്ടുള്ള പേടിയാണ്. അവർ ഇനി മിണ്ടാതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക്… അയാൾ ചോദിച്ചു.
എന്തായാലും കുറച്ചുനാളത്തേക്ക് അയാൾ അനങ്ങില്ല പപ്പേ.. ഞാൻ അയാളുടെ ശിങ്കിടി ഇല്ലേ ഇപ്പോഴത്തെ സിറ്റി പോലീസ് കമ്മീഷണർ ആ എബ്രഹാം കോശി അയാൾക്ക് ഒരു പരാതി കൊടുത്തിട്ടുണ്ട്. എന്റെയും എന്റെ വീട്ടുക്കാരുടെയും ജീവന് ഭീഷിണി ഉണ്ടെന്ന് പറഞ്ഞിട്ട്. അതിന്റെ തന്നെ കോപ്പികൾ ഡിജിപി ക്കും മുഖ്യമന്തിക്കും പ്രതിപക്ഷ നേതാവിനും അയച്ചിട്ടുണ്ട് എന്നും പറഞ്ഞു അയാളോട്. എന്തായാലും ആ ന്യൂസ് അയാൾ അറിഞ്ഞിട്ടുണ്ടാവും. അതുകൊണ്ട് ഫോണിൽ കൂടെ ഉള്ള ഭീഷണി ഉണ്ടാവാനേ താൽക്കാലത്തേക്ക് ചാൻസ് ഉള്ളൂ… അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി.
തുടരും…..

by