രചന – ജിഫ്ന നിസാർ
മുറിയിൽ നിന്നും ഫോണെടുക്കാൻ പോയതാണ് മീരാ.
താഴെ എല്ലാവരും പാത്തുവിന്റെ ചുറ്റുമാണ്.
“ഇന്നിനി എല്ലാവരും ക്ഷീണിച്ചു നിൽപ്പല്ലേ.. ഭക്ഷണം നമ്മുക്ക് ഓർഡർ ചെയ്യാമെന്ന് “ക്രിസ്റ്റിയാണ് പറഞ്ഞത്.
സത്യത്തിൽ അതൊരു വലിയ അനുഗ്രഹം തന്നെയായിരുന്നു.
ഒറ്റ ദിവസം കൊണ്ടവർ ശാരീരകമായും മാനസികമായും അത്രയും തകർന്ന് പോയൊരു അവസ്ഥയിലായിരുന്നുവല്ലോ?
ക്രിസ്റ്റിയെ നേരിട്ട് കണ്ടപ്പോഴാണ് ശ്വാസമൊന്നു നേരെ വീണത് പോലും.
ഓർഡർ ചെയ്യാൻ ഫൈസിയെ ഏൽപ്പിച്ചു കൊണ്ട് ക്രിസ്റ്റി കുളിക്കാൻ വേണ്ടി മുകളിൽ അവന്റെ മുറിയിലേക്ക് പോയതാണ്.
ഫോൺ എടുത്തു കൊണ്ട് തിരിഞ്ഞ മീരയുടെ മുന്നിലേക്ക് വാതിൽ ചാരി കൊണ്ട് ഫൈസി വന്നു നിന്നതും അവളൊന്നു പകച്ചുപോയി.
താഴെ ഹാളിലെ സോഫയിൽ കണ്ണടച്ച് ചാരി കിടക്കുന്നത് കണ്ടിട്ട് തന്നെയാണ് പൂച്ചയെ പോലെ പമ്മി പതുങ്ങി മുകളിലേക്ക് വന്നത്.
വന്നപ്പോൾ മുതലുള്ള ആ നോട്ടം..
ചങ്ക് പിടയും.. അതിനൊപ്പം ഇടനെഞ്ചിൽ ഒരമ്പ് വന്നു തറച്ചത് പോലൊരു ഫീൽ.
നോക്കാനും നോക്കാതിരിക്കാനും കഴിയാതെ..
ഉള്ളിൽ അലതല്ലുന്ന പ്രണയം പരസ്പരം പങ്കിടാൻ അല്ലങ്കിലും എന്തിനാണ് ഒരുപാട് വാക്കുകളുടെ അകമ്പടി..?
ഉള്ളുലയുന്ന ഒരു നോട്ടം മതിയാവുമല്ലോ..?
പ്രണയം തുടിക്കുന്ന നേർത്തൊരു ചിരി ധാരാളമാണല്ലോ..ഉള്ള് നിറയാൻ.!
വാതിലിൽ ചാരി കവിളിൽ നാവ് മുഴപ്പിച്ചു തന്നെ നോക്കി ഒരു കള്ളചിരിയോടെ നിൽക്കുന്ന ഫൈസി..
അവൾക്കുള്ളിൽ വീണ്ടും പിടച്ചിലുയർന്നു.
ആ നോട്ടം നേരിടാൻ തന്നെ കൊണ്ട് വയ്യെന്ന് തോന്നിയ ആ നിമിഷം മീരാ അവനിൽ നിന്നും തിരിഞ്ഞു നിന്നു.
പിന്നിൽ നിന്നും അവന്റെ സാമീപ്യം അറിഞ്ഞിട്ടും കൈകൾ ചുരിദാറിൽ മുറുകെ പിടിച്ചതല്ലാതെ അവളപ്പോഴും തിരിഞ്ഞു നോക്കിയില്ല.
തൊട്ടടുത്തവൻ ചേർന്നു നിൽക്കുന്നതും പിന്നിൽ നിന്നും ഒറ്റ കൈ കൊണ്ട് അവനിലേക്ക് ചേർത്ത് പിടിക്കുന്നതും ഒരു വിറയലോടെ അറിയുന്നുണ്ട്.
“എന്താണ്.. ഞാൻ നോക്കുമ്പോഴൊക്കെയും ന്റെ പെണ്ണിന് ഒരൊളിച്ചു കളി. മ്മ്ഹ്?”
കാതോട് ചേർന്നിട്ട് ഫൈസി ചോദിക്കുമ്പോൾ മീരാ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
അവൾക്കുത്തരമൊന്നും പറയാനുണ്ടായിരുന്നില്ല.
അതറിഞ്ഞു കൊണ്ട് തന്നെ പിന്നെ അവനൊന്നും ചോദിച്ചതുമില്ല.
“വേദന.. വേദനയൊക്കെ കുറഞ്ഞോ?”
ഫൈസിയുടെ നേരെ മുഖം ചെരിച്ചു കൊണ്ടവൾ മെല്ലെ ചോദിച്ചു.
“മ്മ് ”
ചിരിയോടെ അവൻ മൂളി.
അവന്റെ കൈ എടുത്തു മാറ്റി കൊണ്ട് മീരാ ഫൈസിയുടെ നേരെ തിരിഞ്ഞു നിന്നു.
“ഇനിയെന്നാ ഹോസ്പിറ്റലിൽ പോണ്ടത്?”
“നാളെ കഴിഞ്ഞ്..”
ഉത്തരം പറയുമ്പോഴും കാന്തം പോലെ ഫൈസിയുടെ കണ്ണുകൾ മീരയുടെ നേരെ തറച്ചു നിൽപ്പാണ്.
അധികനേരം ആ നോട്ടം താങ്ങാനുള്ള കെൽപ്പില്ലാത്തത് കൊണ്ട് വീണ്ടും മീര മുഖം താഴ്ത്തി പിടിച്ചു.
“ആളും ആരാവങ്ങളുമൊന്നുമില്ലാതെ.. ഇനിയെപ്പാഴാ മീരാ..നീ എനിക്ക് സ്വന്തമാവുന്നത്?”
വീണ്ടും അവളുടെ കൈ പിടിച്ചു വലിച്ചടുപ്പിച്ചു കൊണ്ട് ഫൈസി ചോദിച്ചു.
മീരാ ഒരു നിമിഷം ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്കു നോക്കി.
“എനിക്കിനി വയ്യ മീരാ.. കാത്തിരിക്കാൻ ”
അവന്റെ സ്വരം നേർത്തുപോയിരുന്നു.
“എനിക്കിങ്ങനെ അല്ല ഫൈസിക്ക.. നിങ്ങടെ സ്വന്തമാവേണ്ടത്..”
മീരയുടെ സ്വരവും പതിഞ്ഞു പോയി.
“പിന്നെങ്ങനെ..?”
അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ഫൈസി ചിരിയോടെ ചോദിച്ചു.
“എല്ലാരേം കൂട്ടിയിട്ട്. ഉമ്മച്ചീയും ഉപ്പച്ചയും .. പിന്നെ ഫറയും ഇവിടുത്തെ അമ്മമാരും ദിലുവും .. ന്റെ ഇച്ഛായും.. എല്ലാരും കൂടിയിട്ട്..എല്ലാരും കൂടിയിട്ട് എന്റെ കൈ പിടിച്ചേൽപ്പിക്കുമ്പോ…”
ഏതോ ഓർമകൾ കൊണ്ട് മീരയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു.
ആരോരുമില്ലാത്തവളുടെ സ്വപ്നമായിരിക്കണം അത്..!
ഫൈസിയുടെ ഹൃദയം പിടഞ്ഞു.
പക്ഷേ അവനത് പുറമെ കാണിച്ചില്ല.
“മ്മ്.. അങ്ങനെ മതി.. നിന്റെ ഇഷ്ടം പോലെ..”
മീരയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ഫൈസിയും സമ്മതിച്ചു കൊടുത്തു.
“എക്സാം എന്നാ തീരുന്നത്? ”
അവൻ ചോദിച്ചു.
“രണ്ടാഴ്ച കൂടിയുണ്ട്..”
“ഏതായാലും അത് തീരട്ടെ.. ഇല്ലെങ്കിൽ ഇത്രേം പഠിച്ചത് വെറുതെയാവും. ”
വീണ്ടും കള്ളചിരിയോടെ ഫൈസി പറഞ്ഞു.
“അതെന്താ..?”
മീരക്ക് അവന്റെ കള്ളത്തരം മനസ്സിലായില്ല.
“അത്.. അതിനിടക്ക് കല്യാണം കഴിച്ച നിന്റെ പഠനം നടക്കൂല മീരാ.. അപ്പൊ എക്സാം പൊട്ടില്ലേ .. പഠിച്ചത് വെറുതെ ആവില്ലേ..?”
വീണ്ടും അതേ ചിരി.
ഇപ്രാവശ്യം അവന്റെ ഉദ്ദേശം വ്യക്തമായി മനസ്സിലായത് കൊണ്ട് തന്നെ മീരയുടെ മുഖം ചുവന്നു പോയിരുന്നു..
💞💞
“ഫുഡ് എത്തിയോട..?”
മുടി കൈ കൊണ്ട് കോതി കൊണ്ട് സ്റ്റെപ്പിറങ്ങി വരുന്നതിനിടെ തന്നെ ക്രിസ്റ്റി ഹാളിലെ സോഫയിൽ അവൻ പോകുമ്പോൾ ഇരുന്ന അതേ പൊസിഷനിൽ തന്നെ ഇരിക്കുന്ന ഫൈസിയോട് ചോദിച്ചു.
“എത്തിയില്ലടാ. ഇപ്പൊ വരുമായിരിക്കും ”
ഫോണിൽ നോക്കി കൊണ്ട് തന്നെ ഫൈസി പറഞ്ഞു.
അവനെയൊന്ന് നോക്കി കൊണ്ട് മൂളി ക്രിസ്റ്റി അടുക്കള ഭാഗത്തേക്ക് തല ചെരിച്ചു നോക്കി.
ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്.
“നീ എന്നെയൊന്നു വീട്ടിൽ വിട്ട് താ. സമയം വൈകി.”
ഫൈസി ക്രിസ്റ്റിയെ നോക്കി.
“ഇതെന്നതാ നിനക്കിപ്പോ പെട്ടന്നൊരു ധൃതി?”
ക്രിസ്റ്റി അവന്റെ നേരെ സൂക്ഷിച്ചു നോക്കി.
“അത് കൊള്ളാലോ.. എനിക്കെന്റെ വീട്ടിൽ പോണമെന്നല്ലേ ഞാൻ പറഞ്ഞത്. ഈ വയ്യാത്ത കയ്യും വെച്ചോണ്ട് ഞാനെങ്ങനെ വണ്ടി ഓടിക്കും. അതല്ലേ നിന്നോട് പറഞ്ഞത്.?”
ഇല്ലാത്ത നിഷ്കളങ്ക വാരി വിതറി കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി.
“മ്മ്. ഏതായാലും ഇനി ഫുഡ് കഴിച്ചിട്ട് പോവാ.. കൊറച്ചു നേരം കൂടി നീ ഇരിക്ക് ”
അവനെ ഒന്ന് കൂടി നോക്കിയിട്ട് ക്രിസ്റ്റി പറഞ്ഞു.
അത് പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോവുന്നത് നോക്കി ഫൈസി ശ്വാസം വലിച്ചു വിട്ടു കൊണ്ട് തല കുടഞ്ഞു.
“പാത്തോ.. നിനക്ക് ഫ്രഷ് ആവണെങ്കിൽ മുകളിലേക്ക് ചെല്ല്..”
അവർക്കിടയിലേക്ക് ചെന്നിട്ട് യാതൊരു ഔപചാരികതയുമില്ലാതെ… അവൾ അവിടെ തന്നെ ഉള്ള ഒരാളെന്ന മട്ടിലാണ് ക്രിസ്റ്റി പറഞ്ഞത്.
അവരെല്ലാം അവനെ തിരിഞ്ഞ് നോക്കി.
“അവൾക്ക് ഡ്രസ്സ് ഒന്നും ഉണ്ടാവില്ല ക്രിസ്റ്റി…”
പെട്ടന്ന് ഓർത്തത് പോലെ ഡെയ്സി പറഞ്ഞപ്പോഴാണ് ക്രിസ്റ്റീയും അതോർത്തത്.
ശേ… അതൊന്നും ഓർമയിൽ പോലും ഇല്ലായിരുന്നു.
അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി.
സമയം എട്ടു മണിയോളം ആയിട്ടുണ്ട്.
ഇനിയിപ്പോ ഡ്രസ്സ് കിട്ടണമെങ്കിൽ ടൗണിൽ പോകേണ്ടിയും വരും.
“ഏയ്.. ഇപ്പൊ ഡ്രസ്സൊന്നും വേണ്ട.. അത്യാവശ്യം ഉള്ളതെല്ലാം എന്റെ ബാഗിലിരിപ്പുണ്ട് ”
പത്തു പറഞ്ഞു.
“നാളെ പോയിട്ട് വേണ്ടതെല്ലാം വാങ്ങിച്ചു വന്നേക്കണം. പെണ്ണ് കെട്ടാൻ മാത്രം ആവേശമുണ്ടായ പോരെടാ മോനെ.. കെട്ടിയ പെണ്ണിനെ… നല്ലത് പോലെ കൊണ്ട് നടക്കുന്നതാ ഹീറോയിസം..”
ആ ഗ്യാപ്പിൽ കൂടി മറിയാമ്മച്ചിയുടെ ഗോൾ.
“ഓഓഓ.. ഉത്തരവ്..”
അവൻ തല കുനിച്ചു കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു പറഞ്ഞതും അവരെല്ലാം ചിരിച്ചു കൊണ്ടവനെ നോക്കി.
“എങ്കിൽ മോള് പോയിട്ട് ഒന്ന് മേല് കഴുകി.. ഈ ഉടുപ്പൊക്കെ മാറി വായോ. എന്നിട്ട് ഭക്ഷണം കഴിക്കാം ..”
മറിയാമ്മച്ചി പാത്തുവിനെ നോക്കി പറഞ്ഞു.
തലയാട്ടി കൊണ്ട് അവൾ എഴുന്നേറ്റു.
‘മീരേ.. മോൾക്ക്..ഇച്ഛയുടെ മുറി കാണിച്ചു കൊടുക്ക് ”
“ഏയ്.. അതിന്റെ ആവിശ്യമൊന്നുമില്ല.. അതെല്ലാം അവൾക്കറിയാം ”
ഡെയ്സി മീരയോട് പറഞ്ഞത് കേൾക്കെ.. മറ്റൊന്നും ഓർക്കാതെ ആ വാക്കുകൾ പറഞ്ഞു കഴിഞ്ഞിട്ടാണ് ക്രിസ്റ്റിക് പറഞ്ഞു പോയതിന്റെ പാകപിഴ മനസിലായത്.
“അവൾക്കറിയാമെന്നോ .. അതെങ്ങനെ?”
ഡെയ്സി അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“കർത്താവെ.. പെട്ടു..”
തല ചെറിഞ്ഞു കൊണ്ടവൻ ഉത്തരം തപ്പുന്ന അതേ സമയം തന്നെയാണ് കോളിങ് ബെല്ലടിച്ചത്..
“ആ.. ഫുഡ് വന്നു..”
മുങ്ങി താഴാൻ പോകുന്നവന് മുന്നിലെ കച്ചി തുരുമ്പ് പോലെ… ക്രിസ്റ്റി അവിടെ നിന്നും ഓടി…
❣️❣️
ഭക്ഷണം കഴിക്കുമ്പോഴും നഷ്ടം വന്ന കല്യാണസദ്യയെ കുറിച്ചോർത്തു കൊണ്ട്.. മറിയാമ്മച്ചി പരിതപിക്കുന്നുണ്ടായിരുന്നു.
“അതേയ്… ഈ കല്യാണം ന്ന് പറയുന്നത് ഒരു പ്രഹസനം കാണിക്കാൻ ഉള്ള സംഭവം അല്ലെന്ന് മനസിലാക്ക് നിങ്ങളാദ്യം. വെറുതെ കുറച്ചു കാശ് പൊടിച്ചു.. നാട്ടുകാർക്കും, കുറ്റം മാത്രം പറയാൻ അറിയാവുന്ന കുടുംബക്കാർക്കും നല്ലത് പോലെ ഭക്ഷണം കൊടുത്തു വിടും.. അതും കഴിച്ച്.. അപ്പുറത്തോട്ട് മാറി അവിടെ എന്തേലും കുറവുണ്ടോ ന്ന് ചികഞ്ഞു നോക്കി വയർ നിറഞ്ഞ ക്ഷീണം മാറുവോളം കൂറ്റോം പറയും..എന്തിനാ വെറുതെ.. ഇത് രണ്ടോപ്പ് കൊണ്ട് സംഭവം കഴിഞ്ഞു. ആർക്കും കുറ്റവും കുറവും പറയാൻ അവസരവും കൊടുത്തില്ല…”
ക്രിസ്റ്റി ഗൗരവത്തോടെ പറഞ്ഞു.
അതോടെ മറിയാമ്മച്ചിയുടെ മുഖം കൂടുതൽ വീർത്തു..
“നീ പോടാ പിശുക്കാ ”
“നമ്മൾക്ക് ഈ സന്തോഷം പോരെ ന്റെ മറിയാമ്മോ.. ആളെ കാണിക്കാൻ ന്തോന്നിന് വെറുതെ..ല്ലേ?.”
അത് മനസ്സിലാക്കിയ ക്രിസ്റ്റി പൊതിഞ്ഞു പിടിച്ചു കൊണ്ട് ചോദിച്ചതോടെ ആ പരിഭവം അലിഞ്ഞു പോയിരുന്നു.
സ്വന്തം തറവാട്ടിൽ തിരിച്ചെത്തിയ സന്തോഷം..അത് മാത്തച്ഛന്റെയും ത്രേസ്യയുടെയും വാക്കുകളിലും പ്രവർത്തികളിലും പ്രകടനമായിരുന്നു.
ലില്ലി പിന്നെ എപ്പോഴെത്തെയും പോലെ തന്നെ.
അധികം ബഹളങ്ങളൊന്നും തന്നെയില്ലാതെ.. എല്ലാം ഒരു ചിരിയിലൊതുക്കി.. എല്ലാം ഒരു ചിരി കൊണ്ട് നേരിട്ട് അവർക്കിടയിൽ… തന്നെ ഉണ്ടായിരുന്നു.
വർക്കിയെയും റിഷിനെയും കുറിച്ച് അവരാരും ഒന്നും തന്നെ ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല.
നിറഞ്ഞ ചിരിയോടെ അവരെല്ലാം അത് ആസ്വദിച്ചു കഴിക്കുമ്പോഴും ഡെയ്സിയുടെ മുഖംനിറയെ … വല്ലാത്തൊരു മ്ലാനത നിറഞ്ഞു നിന്നിരുന്നു.
ക്രിസ്റ്റിയെ പോലെ തന്നെ.. അവിടെ മുന്നേയുള്ള ഒരാളോടെന്ന പോലാണ് അവിടുള്ളവരെല്ലാം പാത്തുവിനോട് സംസാരിക്കുന്നത്.
ക്രിസ്റ്റി പറഞ്ഞിട്ട് അവരെയെല്ലാം നന്നായി അറിയാവുന്നത് കൊണ്ട് അന്ന് വന്നു കയറിയതിന്റെ ആ അപരിചിത്തം,അവൾക്കും തോന്നുന്നുണ്ടായിരുന്നില്ല.
കുന്നെലെ ഹാളിലെ വലിയ ടേബിളിൽ ഒരുമിച്ചിരുന്നു കഴിക്കുമ്പോഴും ഫൈസിയുടെ നേരെ നോക്കാതിരിക്കാൻ മീരാ കഷ്ടപ്പെടുന്നത് കാണെ അവൻ ചിരിച്ചു പോയിരുന്നു.
“ഞാനിവനെ ആക്കിയിട്ട് വരാം..”
ഭക്ഷണം കഴിഞ്ഞു.. ക്രിസ്റ്റി കാറിന്റെ കീയുമായി വന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.
“പോയിട്ട് വരാം..”
നിറഞ്ഞ ചിരിയോടെ എല്ലാവരോടുമായി ഒന്നിച്ചൊരു യാത്ര പറഞ്ഞിട്ട് ഫൈസിയും അവന് പിറകെ ചെന്നു.
“പാറി പറക്കാതെ പതിയെ പോയ മതി. കേട്ടോടാ..”
സിറ്റൗട്ടിലേക്കിറങ്ങി വന്നു കൊണ്ട് മറിയാമ്മച്ചി പറഞ്ഞു.
“സെറ്റ്..”
ക്രിസ്റ്റി ചിരിയോടെ കൈ വിരൽ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.
കാറിലേക്ക് കയറും മുന്നേ.. ഫൈസി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
പ്രതീക്ഷിച്ചത് പോലെ.. വാതിൽ പടിയിൽ മീരയുണ്ട്.
അവൾക്ക് നേരെ നോക്കി ചിരിയോടെ കൈ വീശി കാണിച്ചിട്ട് ഫൈസി അവിടെ തന്നെ നിന്നു.
“ദുബായ്ലെക്കൊന്നും അല്ലല്ലോ നീ പോണത്.. ഇത്രേം യാത്ര പറയാൻ. പോരാത്തതിന് നാളെ വെളുപ്പിനെ ഇവിടെ വായിൽ നോക്കാൻ ഇങ്ങോട്ട് എത്തുകയും ചെയ്യും. ഇളിച്ചു നിക്കാതെ ഇങ്ങോട്ട് കയറെടാ തെണ്ടി…”
ഫൈസി പുറത്ത് തന്നെ നിൽക്കുന്നത് കണ്ടതും ക്രിസ്റ്റി ഒച്ചയിട്ടു.
“നിനക്കെന്താടാ ഇന്നിത്ര തിരക്ക്?”
അത് കേട്ട് കാറിനകത്തേക്ക് കയറി ഇരുന്നു കൊണ്ട് ഫൈസി ചോദിച്ചു.
അവന്റെ മുഖത്തൊരു കള്ളചിരി ഉണ്ടായിരുന്നു.
“പോടാ..”
ക്രിസ്റ്റീയും ചിരിയോടെ മുഖം തിരിച്ചു.. കൊണ്ട് വണ്ടി സ്റ്റാർട് ചെയ്തു.
“കോളേജും എക്സമുമെല്ലാം ഉള്ളതാ..”
ഫൈസി വീണ്ടും പറഞ്ഞു.
“അതിന്.. അത് അവിടെ തന്നെ ഉള്ളതല്ലേ..?”
ക്രിസ്റ്റി തിരിച്ചു ചോദിച്ചു.
“അതേ..അത് അവിടെ തന്നെ കാണും. പക്ഷേ പൊന്നുമോൻ ചെലപ്പോ അത് അവിടുള്ള കാര്യം മറന്നു പോകും. അത് കൊണ്ട് പറഞ്ഞു പോയതാണെ…”
അതും പറഞ്ഞു കൊണ്ട് ഫൈസി സീറ്റിലേക്ക് ചാരി കിടന്നു.
ഒന്ന് ചിരിച്ചതല്ലാതെ ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.
“റിഷിനെയും പൊറുക്കിയെയും എവിടെ പോയി കണ്ട് പിടിക്കുമെടാ..?”
വണ്ടി ഓടിക്കുന്നതിനിടെ തന്നെ ഏന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റിയെ നോക്കി ഫൈസി ചോദിച്ചു.
“കണ്ട് പിടിക്കണം…”
ക്രിസ്റ്റി അവനെ നോക്കി കൊണ്ട് പറഞ്ഞു.
“എനിക്ക് തോന്നുന്നു ഇതും ഷാഹിദ് അറക്കലിന്റെ പ്ലാൻ തന്നെയാണെന്ന്..”
“എനിക്കും..”
ഫൈസിയും പറഞ്ഞു.
“ഏതായാലും നാളെയാവട്ടെ.. ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ വയ്യല്ലോ”
ക്രിസ്റ്റി പറഞ്ഞത് കേട്ട് ഫൈസി ഒന്ന് മൂളി.
കുന്നേൽ നിന്നും.. പതിനഞ്ചു മിനിറ്റ് നേരത്തെ യാത്ര മാത്രമേയുള്ളൂ ഫൈസിയുടെ വീട്ടിലേക്ക്.
അവർ എത്തുമ്പോൾ അവരെ കാത്തെന്ന പോലെ തന്നെ മുഹമ്മദും ആയിഷയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.
“നീ ഇറങ്ങുന്നില്ലേ..?”
ഡോർ തുറന്നു കൊണ്ട് ഫൈസി.
“ഇല്ലടാ ഞാൻ പോട്ടെ…”
“മ്മ്മ്..”
നീട്ടിയൊന്ന് മൂളി കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ഫൈസി വീണ്ടും കള്ളചിരിയോടെ അവനെയൊന്ന് തിരിഞ്ഞു നോക്കി..
“ചേട്ടായി…”
അവന്റെ കാറിന്റെ ശബ്ദം കേട്ടതും.. അങ്ങോട്ട് ഓടി വന്ന ഫറ വിളിച്ചു.
“മ്മ്..”
ക്രിസ്റ്റി ചിരിയോടെ കാറിൽ നിന്നും തലപുറത്തേക്കിട്ട് അവളെ നോക്കി.
“ആരും അറിയാതെ ഒറ്റയ്ക്ക് പോയി കല്യാണം കഴിച്ചു ല്ലേ…?”
അവൾ അവിടെ നിന്ന് വിളിച്ചു ചോദിച്ചു.
“ഒരു പ്രതേക സാഹചര്യത്തിൽ.. അങ്ങനൊന്നു സംഭവിച്ചു പോയി മോളെ ”
ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.
“എപ്പഴാ.. നിക്കുള്ള ചെലവ്..?”
ഫറ അവനെ നോക്കി.
“ഇയ്യോരൂസം കുന്നെലോട്ട് വാ മോളെ. നമ്മക്ക് സെറ്റാക്കാ ന്ന് ”
വിരൽ ഉയർത്തി കാണിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞതും അവരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു.
“പോയി ട്ടോ…”
ക്രിസ്റ്റി യാത്ര പറഞ്ഞു.
‘മറിയാമ്മച്ചി പറഞ്ഞ പോലെ സൂക്ഷിച്ചു പോ.. ആക്രാന്തം കാണിച്ചിട്ട് ഓവർ സ്പീഡിൽ പോവരുത്. അവളവിടെ തന്നെ കാണും.. ”
വീണ്ടും അതെ കള്ളചിരിയോടെ മറ്റാർക്കും കേൾക്കാൻ കഴിയാത്ത പരുവത്തിൽ കുനിഞ്ഞു നിന്ന് ഫൈസി പറഞ്ഞതും ക്രിസ്റ്റി പല്ല് കടിച്ചു.
❣️❣️❣️
തിരിച്ചുള്ള യാത്രയിൽ അവനൊരുപാട് കാര്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചു.
ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ ഒന്നൂടെ ഓർത്തു..
വന്നതും.. വരാനുള്ളതുമായ അനേകം നിമിഷങ്ങൾ.. ആ ഇത്തിരി നേരം കൊണ്ട് ഒരു തിരശീലയിലേന്നത് പോലെ.. അവനുള്ളിൽ കൂടി മിന്നി മാഞ്ഞു പോയി.
കുന്നേലെത്തുമ്പോൾ ഒച്ചയും ബഹളങ്ങളുമെല്ലാം ഒരുവിധം ഒതുങ്ങി കഴിഞ്ഞിരുന്നു.
കാർ പോർച്ചിൽ കയറ്റി നിർത്തി.. ക്രിസ്റ്റി പോയി ഗേറ്റ് അടച്ചു വന്നു.
കയറി ചെല്ലുമ്പോൾ ഹാളിലൊന്നും ആരുമില്ല.
എങ്കിലും വെളിച്ചമുണ്ട്.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവും ഡെയ്സി ഇറങ്ങി വന്നു.
“കിടന്നോ എല്ലാരും..?”
വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“മ്മ്.. ഇന്നലെ ഇവിടൊറ്റ മനുഷ്യരും ഉറങ്ങിയിട്ടില്ലല്ലോ?”
ഡെയ്സി ചിരിയോടെ അവനെ നോക്കി പറഞ്ഞു.
ക്രിസ്റ്റി ചിരിയോടെ അമ്മയുടെ അരികിലേക്ക് ചെന്നു.
ഡെയ്സി അവന്റെ മുഖം പിടിച്ചു താഴ്ത്തി കൊണ്ട് നെറ്റിയിൽ ഉമ്മ വച്ചു.
“ഒടുവിൽ നിന്റെ കുഞ്ഞി പാത്തുവിനെ തന്നെ നീ സ്വന്തമാക്കി അല്ലേ?”
നിറഞ്ഞ ചിരിയോടെ അവരുടെ ചോദ്യം.
“അമ്മയെങ്ങനെ അറിഞ്ഞു..?”
ക്രിസ്റ്റി അത്ഭുതത്തോടെ ചോദിച്ചു.
അവരോടത് പറയാൻ കൂടി കരുതി വന്നതായിരുന്നു അവൻ.
“നിന്റെ പെണ്ണ് തന്നെ പറഞ്ഞു…”
ഡെയ്സി അവനെ നോക്കി.
“കർത്താവ് കരുണയുള്ളവനാണ് മോനെ..”
അതിലുണ്ടായിരുന്നു അവരുടെ സന്തോഷം മുഴുവനും.
“വല്യപ്പച്ചൻ ഉറങ്ങിയോ..?”
ക്രിസ്റ്റി അടഞ്ഞു കിടക്കുന്ന അവരുടെ മുറിയുടെ നേരെ നോക്കി കൊണ്ട് ചോദിച്ചു.
“കിടന്നു.. ഉറങ്ങിയോ എന്നറിയില്ല.”
ഡെയ്സി ചിരിയോടെ പറഞ്ഞു.
“പോയി കിടന്നോ ഇനി.. അവളവിടെ കാത്തിരിപ്പുണ്ടാവും..”
ഡെയ്സി അവന്റെ കവിളിൽ തഴുകി.
ക്രിസ്റ്റി ചിരിയോടെ തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നു.
പക്ഷേ സ്റ്റെപ് കയറി തുടങ്ങിയ അവൻ ഒരു നിമിഷം നിന്നിട്ട് വീണ്ടും തിരിച്ചിറങ്ങി വന്നിട്ട് മറിയാമ്മച്ചിയുടെ മുറിയുടെ നേരെ നടന്നു.
“ഇതെന്താണ്… ഇന്ന് നേരത്തെ കേറി കിടന്നുറങ്ങിയോ..?”
ചോദ്യത്തോടെ അവൻ മുറിയിലെ ലൈറ്റ് ഇട്ടു.
“കണ്ണ് പുളിച്ചിട്ട് വയ്യ.. അത് ഓഫ് ചെയ്യടാ വൃത്തികെട്ടവനെ ”
കണ്ണിന് മുകളിൽ കൈ വെച്ച് കൊണ്ട് മറിയാമ്മച്ചി പറഞ്ഞു.
“ഉറങ്ങിയിട്ടില്ല അല്ലേ?”
അവൻ അത് കേൾക്കാതെ അവരുടെ അരുകിൽ പോയിരുന്നു.
“നിനക്കുറക്കൊവൊന്നും ഇല്ല്യോടാ..?”
അവരും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.
“ഞാനിപ്പോ വന്നൊള്ളു ”
ക്രിസ്റ്റി കണ്ണ് ചിമ്മി.
മറിയാമ്മച്ചി അവന്റെ കവിളിൽ പതിയെ തലോടി.
“പേടിച്ചു പോയായിരുന്നോ?”
ക്രിസ്റ്റി അലിവോടെ ആ കയ്യിൽ പിടിച്ചു.
“ഏയ്.. ഞാൻ നിന്റെ തള്ളിനി കേൾക്കണ്ടല്ലോ എന്ന് കരുതി സമാധാനത്തോടെ ഇരിക്കുകയായിരുന്നു ”
അവർ പറയുന്നത് കേട്ടതും ക്രിസ്റ്റി അമർത്തി ചിരിച്ചു.
“ഞാൻ.. ഞാനങ്ങു ഇല്ലാണ്ടായി പോയ പോലായെടാ..”
അപ്പോഴും ആ വേദന ഓർത്തെന്ന പോലെ അവരുടെ ശബ്ദം ഇടറി.
ക്രിസ്റ്റിയുടെ തോളിൽ ചാരി.
അവൻ അവരെ പൊതിഞ്ഞു പിടിച്ചു.
“എന്റെ കൊച്ചെങ്ങനെയുണ്ട്. കൊള്ളാവോ?”
അങ്ങനെയിരുന്നു കൊണ്ട് തന്നെ ക്രിസ്റ്റി ചോദിച്ചു.
“അതൊരു പാവം.. പക്ഷേ നിന്നെ തലയിലേറ്റാൻ മാത്രം എന്നതാ ആ കൊച്ച് ചെയ്ത പാപമെന്ന ഞാൻ അന്നേരം തൊട്ട് ഓർത്തോണ്ടിരുന്നത് ”
അടക്കി പിടിച്ച ചിരിയോടെ മറിയാമ്മച്ചി പറഞ്ഞത് കേട്ടതും ക്രിസ്റ്റി അവരിൽ നിന്നും കുറച്ചു മാറിയിരുന്നു.
“ഇതെന്നതാ.. ഓന്തോ. ഇത്ര പെട്ടന്ന് സ്വഭാവം മാറാൻ ”
അവൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.
“നട്ടപാതിരാത്രി എന്റെ സ്വഭാവം അളക്കാൻ നിക്കാതെ പോയി കെടക്ക് ചെർക്കാ..”
അത് പറഞ്ഞു കൊണ്ടവർ… പുതപ്പ് വലിച്ചെടുത്തു കൊണ്ട് വീണ്ടും കിടന്നു.
ക്രിസ്റ്റി ചിരിയോടെ അത് നോക്കി കിടക്കയിൽ നിന്നും എഴുന്നേറ്റു.
ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൻ മുകളിലേക്കുള്ള സ്റ്റെപ്പ് കയറി…
തുടരും..
കോടികൾ കൊണ്ട് അമ്മാനമാടിയവൻ അന്നാ ലോക്കപ്പ് മുറിയിലെ വെറും തറയിൽ മലർന്ന് കിടന്നു.
അന്നാദ്യമായി അവൻ നാളെയെ ഭയന്നു.
അതാ കണ്ണുകളിൽ കരിനിലിച്ചു കിടന്നു.
അന്നദ്യമായി അവനു മുന്നിൽ ഇനിയെന്ത് ചെയ്യുമെന്നുള്ള ചോദ്യമുയർന്നു.!
പോലീസ് സ്റ്റേഷനിൽ എത്തുന്നത് വരെയും.. തന്നെ പിടിച്ചു കേറ്റിയതിന്റെ ഗൗരവത്തെ കുറിച്ചവൻ അത്ര മാത്രം ഗൗരവത്തിലെടുത്തിരുന്നില്ല.
എപ്പോഴെത്തെയും പോലെ തനിക്കഴിച്ചെടുക്കാൻ പാകത്തിനൊരു കുരുക്ക്..
അത്.. അത്ര മാത്രമായിരുന്നു അവന് മുന്നിൽ.
പക്ഷേ ഇപ്പോഴറിഞ്ഞു.. അല്ല അറിയിച്ചു തന്നു.
അഴിക്കുന്തോറും മുറുകി പോകുന്ന… ആ മുറുക്കം കാരണം താൻ വല്ലാതെ ശ്വാസം മുട്ടുന്ന തരത്തിലാണ് ക്രിസ്റ്റി ഫിലിപ്പ് അത് ഡിസൈൻ ചെയ്തു വെച്ചേക്കുന്നതെന്ന്.
രക്ഷപെട്ടു പോകാമെന്ന് താൻ കരുതിയ പഴുതുകളൊക്കെയും അവനാദ്യം തന്നെ അടച്ചു കഴിഞ്ഞിട്ടാണ് കളത്തിലിറങ്ങി കളിച്ചേക്കുന്നത്.
ചുരുക്കി പറഞ്ഞാൽ.. താൻ മനസ്സിൽ കണ്ടത് അവൻ മാനത്തു കണ്ട് പ്രവർത്തിച്ചു.
താൻ സാമ്പാദിച്ചു കൂട്ടിയ കോടികൾ കൊണ്ട് ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നുവെങ്കിലും കമ്മീഷണർ റഷീദ്.. അയാളുടെ മുന്നിൽ നോട്ടുകെട്ടുകൾ വെറും കടലാസ് കഷ്ണങ്ങളെ പോലെ നിസ്സാരമാമെന്ന് അയാൾക് വിലയുറപ്പിക്കാൻ ആദ്യം പറഞ്ഞു പോയ വാക്കിന്റെ ഉത്തരമായി കവിളിൽ തിനർത്തു കിടപ്പുണ്ട്.
മേല് നോവുന്നതിന്റെ സുഖം കാലങ്ങൾക്ക് ശേഷം ഇന്നാണ് അറിഞ്ഞത്.
ക്രിസ്റ്റി ഫിലിപ്പ് ഉത്ഘാടനം ചെയ്തു വെച്ചത് ഇവിടെത്തിയതോടെ പോലീസ് കാർ ഏറ്റെടുത്തു.
ദേഷ്യവും ടെൻഷനും കൊണ്ടവന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു..
കൂട്ടത്തിൽ ഇനിയെങ്ങനെ പുറത്തു കടക്കുമെന്ന ആധി വേറെയും..
❣️❣️
മുകളിലെ വെളിച്ചമെല്ലാം അണഞ്ഞു കഴിഞ്ഞിരുന്നു ക്രിസ്റ്റി ചെല്ലുമ്പോൾ.
കയ്യിലെ ഫോണിൽ ഫ്ലാഷ് തെളിയിച് കൊണ്ട് സ്റ്റെപ്പ് കയറുമ്പോൾ അവനുള്ളിൽ ആദ്യമായി പാത്തുവിനെയും കൊണ്ട് അങ്ങോട്ട് കയറി ചെന്നത് ഓർത്തു.
ചുണ്ടൂറിയ ചിരി.. അവന്റെ ഹൃദയത്തിൽ നിന്നുള്ളതായിരുന്നു.
നമ്മുക്കുള്ളതെങ്കിൽ… ദൈവം അതെങ്ങനെയെങ്കിലും നമ്മുക്ക് മുന്നിലെത്തിച്ചു തരുമെന്ന് പറയുന്നതെന്നത്ര നേരാണ്..!
മീരയുടെയും ദിലുവിന്റെയും അടഞ്ഞു കിടക്കുന്ന മുറികൾക്ക് നേരെ നോക്കി.. ഒരു നിമിഷം ക്രിസ്റ്റിയുടെ കണ്ണുകൾ റിഷിന്റെ മുറിയുടെ നേർക്കും നീണ്ടു.
അപ്പോൾ മാത്രം അവനുള്ളിൽ നിന്നുമൊരു നെടുവീർപ്പുയർന്നു.
അവൻ ചെന്നു വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാണ് പാത്തു ചാടി എഴുന്നേറ്റത്.
ഡിം ലൈറ്റ് ഇട്ട് കൊണ്ട് അവളാ കിടക്കയിൽ ഇരിക്കുകയായിരുന്നു.
“ആഹാ.. ഉറങ്ങിയില്ലേ..? വെളിച്ചമൊന്നും കാണാഞ് ഞാൻ കരുതി ഇവിടെല്ലാരെയും പോലെ നീയും ഉറങ്ങി പോയെന്ന് ”
ക്രിസ്റ്റി ചിരിയോടെ പറഞ്ഞു കൊണ്ട് വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് ലൈറ്റ് ഇട്ടു.
ആദ്യമായി അവിടെ കയറി വന്നവൾക്ക് താൻ കൊടുത്ത അതേ ഡ്രസ്സ്.. അത് തന്നെയാണവൾ അന്നും ധരിച്ചിരിക്കുന്നത്.
“ഇച്ഛാ..”
ക്രിസ്റ്റി സൂക്ഷിച്ചു നോക്കുന്നത് കണ്ടതും പാത്തു ചിണുങ്ങി കൊണ്ട് വിളിച്ചു.
അവനൊരു ചിരിയോടെ അവളെ നോക്കി പുരികം പൊക്കി എന്തെന്ന് ചോദിച്ചു.
ഫോണും വാലറ്റും മേശയുടെ മുകളിൽ വെച്ച് കൊണ്ടവൻ അവൾക്ക് മുന്നിൽ പോയി നിന്നു.
“എന്നെ നിനക്ക് വല്ല്യ വിശ്വാസമായിരുന്നല്ലോ പാത്തോ.. ഇപ്പഴേന്തേ. ഞാനൊന്ന് നോക്കിയപ്പോ..”
പാതി പറഞ്ഞു നിർത്തി ക്രിസ്റ്റി പാത്തുവിനെ നോക്കി.
“അത് പോലാണോ ഇന്ന്?”
പാത്തു ചുണ്ട് കൂർപ്പിച്ചു കൊണ്ടവനെ നോക്കി.
“അല്ലേ… അത് കൊള്ളാലോ.. ഇന്നെന്താ പാത്തോ ഇത്രേം പ്രതേകത?”
അത് ചോദിക്കുമ്പോഴും അവനൊരു കള്ളച്ചിരിയുണ്ടായിരുന്നു.
അവളൊന്നും മിണ്ടാതെ അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
“എനിക്കെന്നും നീ ഒരുപോലാ പെണ്ണെ..ക്രിസ്റ്റി ഫിലിപ്പ് കുട്ടി ട്രൗസറിട്ട് നടക്കുന്ന കാലം തൊട്ടേ എന്റെ ഉള്ളിലെ എന്റെ പെണ്ണായിരുന്നു ഈ പാത്തുമ്മ.. മനസ്സിലായോ ..”
അത് പറഞ്ഞു കൊണ്ടവൻ അവളുടെ മൂക്കിൽ തുമ്പിലൊന്നു തട്ടി.
പാത്തു ചിരിയോടെ അവനെ നോക്കി.
“ബാ..”
അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ക്രിസ്റ്റി കിടക്കയുടെ നേർക്ക് നടന്നു.
“ഇവിടിരിക്ക്… ഞാനിപ്പോ വരാം ”
കിടക്കയിലേക്ക് അവളെ പിടിച്ചിരുത്തി ക്രിസ്റ്റി പറഞ്ഞു.
അവളൊന്നു തലയാട്ടി.
ബാത്റൂമിൽ പോയി പെട്ടന്ന് തന്നെ ഫ്രെഷായി വന്നു കൊണ്ടവൻ അവളുടെ അരികിലേക്കിരുന്നു.
“നിന്റെ പേടി ഇത് വരെയും പോയില്ലേ പാത്തോ.. വിറക്കുന്നുണ്ടല്ലോ?”
ആ കൈവിരൽ കോർത്തു പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“അവൻ.. അവൻ വെറുതെ ഇരിക്കില്ല ഇച്ഛാ.. എനിക്കോർക്കുമ്പോൾ തന്നെ..”
അവളാ പറഞ്ഞ ഭയം ക്രിസ്റ്റി പാത്തുവിന്റെ കണ്ണിലും കണ്ടിരുന്നു.
“ഇപ്രാവശ്യം അവനൊന്നും ചെയ്യാനില്ലെന്റെ പാത്തോ. ചെയ്യാനുള്ളതെല്ലാം ഈ ഞാൻ നല്ല വെടിപ്പായി ചെയ്തു വെച്ചിട്ടുണ്ട്.”
ക്രിസ്റ്റി അവളെ ആശ്വാസിപ്പിച്ചു.
“ഇനിയെന്താ..?”
എന്നിട്ടും തേളിയാത്ത അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“ഇവിടെല്ലാർക്കും ഇച്ചേടെ കല്യാണം..നല്ല ഗ്രാൻഡ് ആയിട്ട് നടത്താനായിരുന്നു ഇഷ്ടം. ല്ലേ?”
തെല്ലൊരു സങ്കടത്തോടെയാണ് പാത്തു പറയുന്നത്.
“എനിക്കും ”
പതിവുപോലെ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“ഏഹ്…”
പാത്തു ഞെട്ടി കൊണ്ടവനെ നോക്കി.
“സത്യം..”
അവൻ വീണ്ടും കള്ളചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.
“ഞാൻ.. കാരണമാണല്ലേ?”
അവൾ വീണ്ടും ചുണ്ട് ചുളുക്കി കൊണ്ടവനെ നോക്കി.
“അതേ… ല്ലോ ”
ക്രിസ്റ്റി അവളെ തന്നെ സൂക്ഷിച്ചു നോക്കി ഈണത്തിൽ പറഞ്ഞു.
“ഇനി.. ഇനിയിപ്പോ ന്താ ചെയ്യാ..?”
അവൾ അവനെ നോക്കി..
“ചെയ്യാനൊക്കെയുണ്ട്..”
അവനപ്പോഴും ചിരിയാണ്.
“ഇനിയും കെട്ടണോ…?”മറിയാമ്മച്ചിയോട് പറഞ്ഞത് പോലെയുള്ള ഒരാഗ്രഹം അവനുണ്ടോ എന്നുള്ള തോന്നലിൽ അവളുടെ ശബ്ദം അൽപ്പം ഉയർന്നു പോയിരുന്നു അത് ചോദിക്കുമ്പോൾ. ആ കണ്ണുകളും ചുരുങ്ങി.
“പോ.. അവിടുന്ന്.. അതൊന്നുമല്ല ”
ക്രിസ്റ്റി നാണമഭിനയിച്ചു കൊണ്ട് പറഞ്ഞു.
“ദേ.. ഇച്ഛാ.. നിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. പറ.. ഇനി ന്ത് ചെയ്യും?.”
അവൻ കളിയാക്കുകയാണെന്ന് മനസ്സിലായതും പാത്തു അവന്റെ കയ്യിലൊരു പിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.
“ഞാൻ പറയുവേ.. പിന്നെ പറ്റില്ലെന്ന് പറയരുത്?”
ക്രിസ്റ്റിക്ക് വീണ്ടും കള്ളചിരിയുണ്ട്.
അത് കണ്ടതോടെ പാത്തു മുഖം ചുളിച്ചു.
“പറയട്ടെ…?”
അവൻ അവളെ നോക്കി.
“മ്മ്..”
അവനെന്തോ കോണിഷ്ട് ഒപ്പിക്കുമെന്ന് ഉറപ്പുള്ളത് പോലെ പതിഞ്ഞൊരു മൂളൽ.
“കല്യാണം വെട്ടി ചുരുക്കിയത് പ്രമാണിച്ചു.. നമ്മളീ ഫസ്റ്റ് നൈറ്റ് ഗ്രാൻഡ് ആയിട്ട് ആഘോഷിക്കുന്നു.. എങ്ങനുണ്ട് എന്റെ ഐഡിയ ”
കോളർ പൊക്കി ചിരിച്ചു കൊണ്ടവൻ പറഞ്ഞതും ഞൊടിയിട കൊണ്ടവളുടെ മുഖം ചുവന്നു.
“ഒക്കെയല്ലേ..”
തിരിഞ്ഞിരിക്കാൻ തുടങ്ങിയവളെ അടക്കി പിടിച്ചു കൊണ്ടവന്റെ ഹസ്കി വോയിസ്.. അതും കാതിൽ.
പത്തു പിടഞ്ഞു പോയി.
“പറ.. പാത്തോ.. ഒക്കെയല്ലേ?”വീണ്ടും അതിനേക്കാൾ പ്രണയം തുളുമ്പുന്ന ഭാവവും ചോദ്യവും.
പാത്തു വിറച്ചും വിയർത്തും കൊണ്ടവന്റെ നെഞ്ചിൽ ചാരി.
“ആഹാ.. അത് കൊള്ളാലോ.. ഇത്രേം നേരം എന്തും ചെയ്യാമെന്നെനിക്ക് വാക്ക് തന്നിട്ട്.. ഇപ്പോൾ കള്ളികളെ പോലെ മിണ്ടാതെയിരിക്കുന്നോ. ഇത് ഫൗൾ ആണ് ട്ടോ ”
അവളിലെ പിടച്ചിൽ അറിഞ്ഞത് കൊണ്ട് തന്നെ ക്രിസ്റ്റി ടൂൺ മാറ്റി.. കള്ളത്തരത്തിലേക്ക് മാറിയിരുന്നു.
“ഓക്കെയാണോ അല്ലയോ.. ആദ്യം അതിനുത്തരം പറ. എന്നിട്ട് വേണം എനിക്കൊന്ന് വിശദമായി പ്ലാൻ ചെയാൻ.”
അവളെ കൂടുതൽ ചേർത്ത് പിടിച്ചു കൊണ്ടവൻ വീണ്ടും പറഞ്ഞു.
“ആദ്യം ഇച്ചേടെ സ്കൂളിൽ പോക്കൊന്ന് തീരുമാനം ആവട്ടെ ട്ടോ ”
അവനിൽ നിന്നും ഇച്ചിരി മാറി ഇരുന്നു കൊണ്ട് പറയുന്നവളിലും കുസൃതി നിറഞ്ഞിരുന്നു.
“സ്കൂളോ…?”
അവൻ ഞെട്ടി കൊണ്ട് ചോദിച്ചു.
“ആഹ്.. സ്കൂളിൽ പോണ ചെക്കനെ വഴി തെറ്റിച്ചെന്ന് എനിക്ക് പേര്ദോഷം കേൾക്കാൻ വയ്യ. നിങ്ങടെ മറിയാമ്മച്ചി എന്നെ നിർത്തി പൊരിക്കും ”
വാ പൊത്തി ചിരിച്ചു കൊണ്ടവൾ പറഞ്ഞു.
“ഉവ്വാ…”
അവനും തലയാട്ടി ചിരിച്ചു കൊണ്ടവളെ നോക്കി.
“ആദ്യം പഠിച്ചൊരു നിലയിൽ എത്താൻ നോക്ക്. എന്നിട്ട് മതി കൂടുതൽ പ്ലാൻ ചെയ്യുന്നത്.കേട്ടോ മോനെ.. കുന്നേൽ ക്രിസ്റ്റി ഫിലിപ്പേ ”
അവൻ പറഞ്ഞത് പോലെ ഈണത്തിൽ പറഞ്ഞതും ക്രിസ്റ്റി കണ്ണുരുട്ടി.
“ഡീ..”
ക്രിസ്റ്റി ചാടി പിടിക്കും മുന്നേ അവളിറങ്ങി കട്ടിലിന്റെ മറു സൈഡിൽ പോയി നിന്നിരുന്നു.
“നീ കൊളളാലോടി.. പാത്തോ ”
അവളിലെ ചിരി ആസ്വദിച്ചു കൊണ്ടായിരുന്നു ക്രിസ്റ്റി പറഞ്ഞത്.
പാത്തു അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു.
“മോനെ.. ഷാഹിദ്ദേ.. നിനക്കിച്ചിരി ഭാഗ്യം ഉണ്ടെടാ.. ഇല്ലെങ്കിൽ ഈ സാധനത്തിൽ പിടിയിൽ നിന്നും നീ രക്ഷപെട്ടുപോകുമോ.. ”
മുകളിലേക്ക് നോക്കി ആത്മഗതം പറയുന്നവനെ ഇടിക്കാൻ ഓടി വന്നവളെ വട്ടം പിടിച്ചു കൊണ്ടവൻ കിടക്കയിലേക്ക് വീണു.
“അവനില്ലാതെ പോയാ.. നീയെന്ന ഭാഗ്യം.. ഇനിയെന്നും എനിക്കെന്റെ സ്വന്തം ”
അതും പറഞ്ഞു കൊണ്ടവന്റെ ചുണ്ടുകൾ കവിളിൽ അൽപ്പം ആഴത്തിൽ അമർന്നതും പാത്തു ഞെട്ടി കൊണ്ടവനെ നോക്കി.
“ന്തേയ്…”
തലയിണ നേരെ വെച്ച് അതിലേക്ക് കിടന്നു കൊണ്ടവൻ വീണ്ടും കുറുമ്പോടെ ചോദിച്ചു.
“ഇനി ഉമ്മവെക്കുന്നതും സ്കൂൾ കഴിഞ്ഞു മതിയെന്ന് പറഞ്ഞ.. ചവിട്ടി എടുത്താ വെളിയിൽ കളയും ഞാൻ. പറഞ്ഞേക്കാം.”
അവൾ കണ്ണുരുട്ടി നോക്കുന്നത് കണ്ടതും ക്രിസ്റ്റി പറഞ്ഞു.
അൽപ്പം സമയം അവളൊന്നും മിണ്ടാതെ അവനെ നോക്കി കിടന്നു.
ഒരക്ഷരം മിണ്ടാതെ കിടന്നിട്ടും ഉള്ളിലൂടെ ഒരായിരം വർണ്ണങ്ങൾ വാരി വിതറി കൊണ്ടവരുടെ പ്രണയം കലപിലക്കൂട്ടികൊണ്ടിരുന്നു.
കണ്ണുകൾ കൊണ്ടനേകം കഥകൾ പറഞ്ഞും… ചിരികളിൽ കൂടി ഒരു കടലോളം സ്നേഹം പങ്കിട്ടും.. ഒടുവിൽ ക്രിസ്റ്റി നീട്ടി പിടിച്ച കൈകളിൽ കൂടി അവളവന്റെ നെഞ്ചിൽ ചെവിയോർത്തു കിടന്നു.
കുഞ്ഞിലുള്ള കുറുമ്പുകൾ മുതൽ.. ആദ്യമായി തമ്മിലറിയാതെ കണ്ട് മുട്ടിയതും..ഒടുവിൽ തിരിച്ചറിവിന്റെ നിമിഷങ്ങളിൽ അനുഭവിച്ച അനുഭൂതിയും.. പ്രണയം അതിന്റെ ഏറ്റവും രൗദ്രഭാവത്തിൽ ഉള്ളിൽ താണ്ടവമാടിയതും.. ഒടുവിൽ ഷാഹിദിനെ പടിയിറക്കി വിട്ട് കൊണ്ട് പരസ്പരം ഒന്നായാതുമെല്ലാം രണ്ട് പേർക്കുള്ളിലും മഞ്ഞു പോലെ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.
അപ്പോഴെല്ലാം ക്രിസ്റ്റിയുടെ ചുണ്ടുകൾ അവളുടെ നെറുകയിലും… പാത്തുവിന്റെ ചുണ്ടുകൾ അവന്റെ നെഞ്ചിലും പതിയുന്നുണ്ടായിരുന്നു.
❣️❣️
വളരെ വർഷങ്ങൾക്ക് ശേഷം.. തെളിഞ്ഞ പകലിലേക്ക് അതിനേക്കാൾ തെളിച്ചമോടെയുള്ള മനസ്സുമായാണ് പാത്തു കണ്ണ് തുറന്നു എഴുന്നേറ്റത്.
അവനപ്പോഴും നല്ല ഉറക്കത്തിലാണ്.
എന്നിട്ടും അൽപ്പം പോലും അയഞ്ഞു പോകാതെ തന്നെ ചുറ്റി വരിഞ്ഞു ചേർത്ത് പിടിച്ച ആ കൈകൾ വേർപ്പെടുത്തി അവന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റ് മാറാൻ അവളിചിരി പാട് പെട്ടു.
അവനുണരാതിരിക്കാൻ വളരെ ശ്രദ്ധിച്ചു കൊണ്ടാവൾ കിടക്കയിൽ നിന്നും താഴെയിറങ്ങിയത്.
ബാഗിൽ നിന്നും മാറിയിടാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് ബാത്റൂമിൽ കയറി.
പെട്ടന്ന് കുളിച്ചിറങ്ങി വന്നു.
ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം ഇവിടെ തുടങ്ങുകയാണ്.
അതിന്റെ തുടക്കമൊരു പ്രാർത്ഥന കൊണ്ട് വേണമുണ്ടായിരുന്നു.
പക്ഷേ അതിന് വേണ്ടുന്ന ഒന്നും അവിടെ ഇല്ലെന്ന് അവൾക്കറിയാം.
ഷെൽഫിൽ നിന്നൊരു ബെഡ്ഷീറ്റ് എടുത്തു കൊണ്ടവൾ താഴെ നാലായി മടക്കി വിരിച്ചു.
മേശയുടെ മുകളിൽ വെച്ചിരുന്ന ക്രിസ്റ്റിയുടെ ഫോൺ എടുത്തു കൊണ്ട് ഒരുവിധം നിസ്കാരത്തിന്റെ സ്ഥാനവും കണ്ടു പിടിച്ചു.
ചുരിദാർ ഷാൾ കൊണ്ട് തല ആകെയൊന്ന് ചുറ്റിയെടുത്ത് കൊണ്ടവൾ നിസ്കരിക്കാൻ റെഡിയായി.
നിസ്കാരം കഴിഞ്ഞു കൈകൾ മുകളിലേക്കുയർത്തി പ്രാർത്ഥന കൂടി നടത്തിയതോടെ മനസ്സിൽ ബാക്കിയുണ്ടായിരുന്ന ആശങ്കകൾ കൂടി വിട്ടോഴിഞ്ഞു പതിവിലേറെ ശാന്തമായി.
ഉറങ്ങി കിടക്കുന്ന ക്രിസ്റ്റിയെ നോക്കുമ്പോൾ.. അവൻ ഉറക്കം വിട്ടേഴുന്നേറ്റ് അവളെ നോക്കി ഇരിപ്പുണ്ട്.
ഗുഡ്മോർണിംഗ്.. ”
പാത്തു ചിരിയോടെ പറഞ്ഞു.
“ഗുഡ്മോർണിംഗ്..”
അവന്റെ മുഖത്തെ ചിരിക്കത്ര തെളിച്ചമില്ലായിരുന്നു.
പാത്തു ചുറ്റി കെട്ടിയ ഷാൾ അഴിച്ചു മാറ്റി കൊണ്ട് എഴുന്നേറ്റു.
ഷാൾ കിടക്കയിലെക്കിട്ട് കൊണ്ടവൾ ബെഡ് ഷീറ്റ് മടക്കിഎടുത്തു.
“സോറി.. എനിക്ക്.. എനിക്കിതൊന്നും അറിയില്ലായിരുന്നു ”
കുറ്റബോധം നിറഞ്ഞ അവന്റെ ശബ്ദം കേട്ടവൾ ബെഡ്ഷീറ്റ് ഷെൽഫിലേക്ക് വെക്കുന്നതിനിടെ തിരിഞ്ഞ് നോക്കി.
“അതിനെന്തിനാ ഇച്ഛാ സോറി. എനിക്കറിയാലോ ”
നേർത്തൊരു ചിരിയോടെ അവന്റെ അരികിലേക്ക് വന്നു നിന്നിട്ട് ആ മുടിയൊന്ന് ചിക്കി കൊണ്ട് പറഞ്ഞു.
“ഇന്ന് നമ്മുക്കെല്ലാം പോയി വാങ്ങി സെറ്റാക്ക. ട്ടോ ”
അവളെ വലിച്ചടുപ്പിച്ചിട്ട് ആ വയറിലേക്ക് മുഖം ചേർത്ത് വെച്ച് കൊണ്ടവൻ പറഞ്ഞതും പാത്തു ശ്വാസം പിടിച്ചു നിന്ന് പോയി..
❣️❣️
ബഹളമയം നിറഞ്ഞ അടുക്കളയിലേക്ക് ക്രിസ്റ്റിയും പാത്തുവും കൂടി ഇറങ്ങി ചെന്നതോടെ കോറം തികഞ്ഞു.
എല്ലാവർക്കും ഇരട്ടി ഉന്മേഷം തിരികെ വന്നിരുന്നു.
രാവിലത്തെ കാപ്പി കുടി കഴിഞ്ഞയുടൻ എന്റെ മോൾക്ക് വേണ്ടതെല്ലാം പോയി വാങ്ങിച്ചു കൊടുത്തില്ലെങ്കിൽ എന്റെ സ്വഭാവം മാറുമെന്ന് പറഞ്ഞു മറിയാമ്മച്ചി ക്രിസ്റ്റിയെ ഭീക്ഷണിപ്പെടുത്തി.
മീരയെയും ദിലുവിനെയും കൂടി പറഞ്ഞു സെറ്റാക്കിയത് പാത്തുവാണ്.
ഡെയ്സി നേർത്തൊരു ചിരിയോടെ അവരുടെ സ്നേഹമെല്ലാം നോക്കി കാണുകയാണ്.
അതിനിടയിലേക്കാണ് ഫൈസി … വെപ്രാളത്തോടെ കയറി വന്നത്.
അവൻ കൊണ്ട് വന്ന വാർത്ത.. അവരുടെയെല്ലാം സന്തോഷം കരിയിച്ചു കളയാൻ പ്രാപ്തിയുള്ളതായിരുന്നു…
തുടരും.
“അവനെന്റെ അനിയനാണ്. ഇത് ഞങ്ങളുടെ അമ്മയും. റിഷിനെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഈ ക്രിസ്റ്റി ഫിലിപ്പ് കണ്ടിട്ടേ പോകൂ ”
കണ്ണടച്ചു കിടന്നിട്ടും ആ വാക്കുകൾ തനിക്കുള്ളിലേക്ക് ഒരു വെടിയുണ്ട പോലെ തുളച്ചു കയറി വരുന്നത് റിഷിൻ അറിയുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നൊന്നു നോക്കാൻ അതിയായ ആഗ്രഹമുണ്ടായിട്ടും.. അതിനും കൂടി വയ്യാത്ത വിധം അവശതയോടെ അവനാ ഹോസ്പിറ്റൽ കിടക്കയിൽ തകർന്ന്.. തളർന്നു കിടന്നു.
കഴിഞ്ഞു പോയ രണ്ട് ദിവസങ്ങളെ കുറിച്ചോർക്കാൻ തന്നെ അവനേറെ ഭയന്നു.
ഓർക്കുമ്പോൾ ഉള്ളം കാലിലൂടെ ഒരു തരിപ്പ് കയറും.
അവനറിയാതെ തന്നെ വിറച്ചു പോകും.
അലറി വിളിക്കാനുള്ള ആവാതു പോയ നിമിഷം തൊട്ട് എങ്ങനെങ്കിലും ജീവിക്കണമെന്നുള്ള അതിയായ മോഹം കൊണ്ടാണ് അടഞ്ഞു കിടക്കുന്ന ആ വാതിലിൽ തുടരെ മുട്ടി കൊണ്ടിരുന്നത്.
അവസാനപ്രതീക്ഷ പോലെ.. ചുരുട്ടി പിടിച്ച കയ്യിൽ രക്തം കല്ലിച്ചു നീല നിറമാകുന്നത് വരെയും അവനാ മുട്ടി വിളിക്കുന്നത് തുടർന്നു.
ആഡംബരം കാണിക്കാൻ കളഞ്ഞ ഭക്ഷണങ്ങളും.. പാഴാക്കി കളഞ്ഞ വെള്ളത്തിന്റെയും മൂല്യമറിഞ്ഞ നിമിഷങ്ങൾ.
തൊണ്ട വരണ്ടണങ്ങി പൊട്ടി പോകുമെന്ന് പേടിച്ചു.. കരയാൻ ശബ്ദപോലുമുണ്ടായിരുന്നില്ല.
അവനെക്കാൾ മുന്നേ തളർന്നു വീണ പപ്പയുടെ അടഞ്ഞു പോയ കണ്ണുകളും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും കണ്മുന്നിൽ കാണേണ്ടി വന്നു കിടന്നപ്പോഴും മരണം അടുത്തെവിടെയോ പതിയിരുപ്പുണ്ടെന്ന് ഉള്ളം ഓർമ്മിപ്പിച്ചു.
കൈ നീര് വന്നു അനക്കാൻ വയ്യെന്നായപ്പോൾ കാല് കൊണ്ടാണ് വാതിലിൽ ചവിട്ടി ശബ്ദമുണ്ടാക്കിയത്.
ശബ്ദം കേട്ടിട്ട് ആരെങ്കിലും കണ്ടെത്തുമെന്നുള്ള അവസാനപ്രതീക്ഷയും അസ്തമിച്ച് കൊണ്ട് കണ്ണടയും മുന്നേയുള്ള ഓർമ അവിടെ അവസാനിക്കുന്നു.
പിന്നെങ്ങനെ ഇവിടെ എത്തിയെന്നറിയില്ല.
കണ്ണ് തുറക്കുമ്പോൾ കണ്ട പച്ച കർട്ടൻ.. ഇടതു കൈയിൽ പിടിപ്പിച്ച ഗ്ലൂക്കോസ് വയർ.. മുകളിൽ പൊളിഞ്ഞു വീഴുമെന്ന് പേടിപ്പിക്കുന്നത്രേം ശബ്ദത്തിൽ മുരണ്ട് കൊണ്ടിരിക്കുന്ന ഒരു ഫാൻ.. ചെവിയിൽ കൂടി കയറിയിറങ്ങി പോകുന്ന പലവിധ ശബ്ദങ്ങൾ.. എല്ലാം കൂടി ഒരു ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.
കൂടെയുള്ള പപ്പയെവിടെയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.
താനെങ്ങനെ ഇവിടെത്തി എന്നും ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ കണ്ണ് തുറക്കാനോ ഒരക്ഷരം മിണ്ടാനോ കഴിയുന്നില്ല.
രണ്ട് ദിവസം ഭക്ഷണവും വെള്ളവും കിട്ടാതിരുന്നാൽ തീരാവുന്ന അഹങ്കാരമേ ഒരു മനുഷ്യനൊള്ളുവെന്ന് അന്നാദ്യമായി മനസ്സിലാവുയാണ്.
“അവനെന്റെ അനിയനാണ്..”
കാതിൽ ആ വാക്കുകൾ മാത്രം പ്രകമ്പനം കൊള്ളുന്നുണ്ട്..
എത്ര ഒതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും അവന്റെ ചെന്നിയിലൂടെ കണ്ണീർ ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു.
അതേ.. അതെന്നും അങ്ങനെ തന്നെ ആയിരുന്നു.
ക്രിസ്റ്റി ഫിലിപ്പിനെന്നും താൻ അനിയനായിരുന്നു.
തനിക്കായിരുന്നു അവനൊരു ശത്രു.
താനായിരുന്നു അവനൊരു ശത്രു പരിവേഷം കൊടുത്തത്.
തരം കിട്ടുമോഴെല്ലാം ഉപദ്രവിക്കാൻ ശ്രമിച്ചത്.
തന്നെകൊണ്ട് അവനെയൊതുക്കി തീർക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ കാശ് കൊടുത്തിട്ട് ആളെ ഇറക്കിയത്..തല്ലി ഒടിക്കണം എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്ന് കൊല്ലാനുള്ള ദേഷ്യത്തിലാണ് കൊട്ടേഷൻ കൊടുത്തത്.
താനാണ് അതിന് പിന്നിൽ എന്നറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല.
റിഷിനൊന്നു പൊട്ടി കരയാൻ കൊതിച്ച അതേ നിമിഷം തന്നെയാണ്.. അവന്റെ കണ്ണുനീർ തുടച്ചു കൊണ്ടൊരു കൈ നീണ്ടത്.
കരുത്തുള്ള ആ കൈകളുടെ ഉടമയെ കണ്ണ് തുറക്കാതെ തന്നെ അവൻ തിരിച്ചറിഞ്ഞു.
വയ്യാഞ്ഞിട്ടും കണ്ണുകൾ വലിച്ച് തുറന്നു കൊണ്ട് റിഷിൻ നോക്കുമ്പോൾ തൊട്ടരികിൽ.. ക്രിസ്റ്റി.
താൻ വെറുത്തവൻ..
കാരണങ്ങളൊന്നും തന്നെയില്ലാതെ വെറുത്തവൻ.
അവനെ നോക്കുമ്പോൾ.. റിഷിന്റെ കണ്ണുനീർ വീണ്ടും കുതിച്ചു ചാടി .
“സാരമില്ലടാ…”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി അവന്റെ അരികിലേക്കിരുന്നു.
അവന് പിന്നിൽ കല്ലിച്ച മുഖത്തോടെ ഡെയ്സിയും.. യാതൊരു ഭാവങ്ങളെയും മുഖത്തു കാണിക്കാതെ ഫൈസിയും നിൽക്കുന്നുണ്ടായിരുന്നു.
കുറ്റബോധം കൊണ്ട് റിഷിന് കരച്ചിൽ ഒതുക്കാനെ കഴിഞ്ഞില്ല.
“വെള്ളം വേണോ നിനക്ക്?”
വരണ്ടുണങ്ങിയ റിഷിന്റെ ചുണ്ടുകൾ കണ്ടിട്ടായിരുന്നു ക്രിസ്റ്റിയത് ചോദിച്ചത്.
“മ്മ് ”
ആർത്തിയോടെ അവൻ തലയാട്ടി.
ഒരിറ്റ് വെള്ളത്തിനു വേണ്ടി… അവനപ്പോൾ അത്ര മാത്രം കൊതിക്കുന്നുണ്ടായിരുന്നു.
“ഗ്ളൂക്കോസ് തീരാതെ വെള്ളം കൊടുത്താൽ ഛർദിയുണ്ടാവും ക്രിസ്റ്റി ”
ഫൈസി പറഞ്ഞതും ക്രിസ്റ്റിയുടെ കണ്ണുകൾ ഗ്ളൂക്കോസ് കുപ്പിയിലേക്ക് നീണ്ടു.
ഭാഗ്യത്തിനു അത് തീരാനായിട്ടുണ്ട്.
അവനെയൊന്ന് നോക്കിയിട്ട് ഫൈസി ഇറങ്ങി പുറത്തേക്ക് പോയി.
“അമ്മയൊന്ന് നേഴ്സിങ് റൂമിൽ ചെന്നു പറ.. ഇതൊന്ന് ഊരി തരാൻ ”
അപ്പോഴും അതേ നിൽപ് തുടരുന്ന ഡെയ്സിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.
റിഷിനെ പുച്ഛത്തോടെയൊന്ന് നോക്കിയിട്ടാണ് ഡെയ്സി പിന്തിരിഞ്ഞു നടന്നത്.
റിഷിൻ മനഃപൂർവം ക്രിസ്റ്റിയെ നോക്കാതെ മുഖം തിരിച്ചു കിടപ്പാണ്.ക്രിസ്റ്റിയാവട്ടെ അവനെ തന്നെ നോക്കി ഇരുന്നു.
ഡെയ്സി ചെന്നു പറഞ്ഞിട്ട് ഒരു നേഴ്സ് വന്നിട്ട് റിഷിന്റെ കയ്യിൽ നിന്നും ഗ്ലോക്കോസ് വയർ ഊരി മാറ്റി.
അപ്പോഴേക്കും കയ്യിലൊരു കുപ്പി വെള്ളവുമായി ഫൈസിയും കയറി വന്നു.
“കുറച്ചു കൊടുത്താൽ മതി.വോമിറ്റ് ചെയ്യും ”
അതും പറഞ്ഞിട്ട് നേഴ്സ് പോയി.
“എണീക്ക് വെള്ളം കുടിക്കാം ”
ക്രിസ്റ്റി പറഞ്ഞതും റിഷിൻ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.
പക്ഷേ കുഴഞ്ഞു കൊണ്ടവൻ അവിടേക്ക് തന്നെ വീണു.
കയ്യിലുള്ള കുപ്പി വെള്ളം ഡെയ്സിയെ ഏൽപ്പിച്ചു കൊണ്ട് ഫൈസി കൂടി ക്രിസ്റ്റിക്കൊപ്പം റിഷിനെ താങ്ങി എഴുന്നേൽപ്പിച്ചു.
തനിക്ക് നേരെ കുനിഞ്ഞ ഫൈസിയുടെ തോളിലുള്ള മുറിവ്… മുറിവിനെ തട്ടാതിരിക്കാൻ അഴിച്ചിട്ട ഷർട്ടിന്റെ മുകളിലുള്ള ബട്ടണിന്റെ ഇടയിൽ കൂടി റിഷിൻ വ്യക്തമായി കണ്ടിരുന്നു.
അതവന്റെ ഉള്ളിലെ നീറ്റൽ ഒന്നുകൂടി കൂട്ടി.
ക്രിസ്റ്റിയുടെ ദേഹത്ത് ചാരി ഇരുത്തിയിട്ട് ഫൈസിയാണ് അവന്റെ വായിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് കൊടുത്തത്.
ആർത്തിയോടെ കുടിക്കുന്നതിനിടെ റിഷിൻ വെള്ളം തൊണ്ടയിൽ കുടുങ്ങിയ പോലെ ചുമച്ചു.
“പതിയെ.. ശ്രദ്ധിച്ചു കുടിക്ക് ”
അവന്റെ തലയിൽ പതിയെ തട്ടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
അപ്പോഴൊക്കെയും റിഷിന്റെ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.
❣️❣️
ഏതോ ദുസ്വപ്നം കണ്ടത് പോലെ ചാടി എഴുന്നേൽക്കാൻ തുനിഞ്ഞ വർക്കി വെട്ടിയിട്ടത് പോലെ കിടക്കയിലേക്ക് തന്നെ വീണു.
കണ്മുന്നിൽ കാഴ്ചകൾ ഓരോന്നും വ്യക്തമാവുന്നതിനൊപ്പം താനിപ്പോൾ എവിടെയാണെന്ന് കൂടി ഓർമ വന്നതോടെ അയാൾ തീർത്തും തളർന്നു പോയിരുന്നു.
ഇത് വരെയും അനുഭവിച്ചതൊന്നുമല്ല ഇനി തന്നെ കാത്തിരിക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു.
തനിക്കിനിയൊരു രക്ഷയില്ലെന്നും.
ചെയ്തു കൂട്ടിയതെല്ലാം അത്രയേറെയുണ്ട്.
ഈ അവസ്ഥയിൽ ഇനിയൊരു ചെറുത്തു നിൽപ്പിന് തന്നെ കൊണ്ടാവില്ലെന്നും തീർച്ചയാണ്.
അവസാനശ്രമമാണ് ഇങ്ങനൊരു ഹോസ്പിറ്റലിൽ മുറിയിൽ എത്തിച്ചത്. പഴയ പ്രതാപത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം.
ആ അവസ്ഥയിലും അയാൾക്കുള്ളിൽ ഇച്ഛാഭംഗം നുരഞ്ഞു പൊന്തി.
വെള്ളം കുടിക്കണമെന്നുണ്ട്. വയറും വിശപ്പ് കൊണ്ടേരിയുന്നുണ്ട്.എങ്കിലും മുന്നിട്ട് നിൽക്കുന്നത് എങ്ങനെ രക്ഷപെട്ടു പോകും എന്നുള്ള ചിന്ത തന്നെയാണ്.
പക്ഷേ അപ്പോഴും തനിക്കൊപ്പമുണ്ടായിരുന്ന മകനെ വർക്കി ഓർത്തതെ ഇല്ലായിരുന്നു.അവനെന്തു പറ്റിയെന്നാവോ എന്ന് വേവലാതിപ്പെട്ടതുമില്ല.
അയാൾക്കപ്പോഴും ഏറ്റവും പ്രിയപ്പെട്ടത് അയാൾ മാത്രമായിരുന്നു.
❣️❣️
“കുഴപ്പമൊന്നുമില്ല പാത്തോ.. അവനിപ്പോ ഒക്കെയാണ് ”
ഹോസ്പിറ്റലിൽ വരാന്തയിലേക്ക് മാറി നിന്ന് കൊണ്ടാണ് ക്രിസ്റ്റി പാത്തുവിന് വിളിച്ചത്.
രാവിലെ ഫൈസി വന്നിട്ട് റിഷിനെയും വർക്കിയെയും കണ്ട് കിട്ടിയെന്നും.. അത്യസന്നാ നിലയിൽ അവശരായ അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും പറയുമ്പോൾ ഒരുനിമിഷം പകച്ചുപോയി.
അവനെന്തു പറ്റിയെന്നുള്ള ആധി ഓരോ നിമിഷവും മനസ്സിൽ വിങ്ങുന്നുണ്ടായിരുന്നു.
അതേ വേഷത്തിൽ ഫൈസിയുടെ കൂടെ ചാടിയിറങ്ങി പോരുമ്പോൾ.. ഡെയ്സി കൂടി കൂടെ വന്നു.
ഇവിടെത്തിയപ്പോൾ അവന് കാവൽ നിൽക്കുന്ന പോലീസുകാരൻ തടഞ്ഞു.
പോലിസ് അറസ്റ്റ് ചെയ്ത ക്രിമിനൽ ഷാഹിദിന്റെ കൂട്ടാളികളാണെന്ന് ഇവരെന്ന് സംശയമുണ്ടെന്നുള്ള അവരുടെ വാദം ക്രിസ്റ്റിക്ക് എതിർക്കാനും കഴിഞ്ഞില്ല.
ഒടുവിൽ അവിടെ നിന്നവൻ വഴക്കുണ്ടാക്കുമെന്ന് തോന്നിയ നിമിഷം ഫൈസി റഷീദിനെ വിളിച്ചു പറഞ്ഞിട്ടാണ് അവർക്ക് അകത്തേക്ക് കയറാൻ പെർമിഷൻ കിട്ടിയത്.
“പൊറുക്കിയുടെ അവസ്ഥ ന്താ ഇച്ഛാ ”
പാത്തു ചോദിച്ചു.
അത് വരെയും ഉണ്ടായിരുന്ന ശാന്തത അവന്റെ മുഖത്തപ്പോൾ ഉണ്ടായിരുന്നില്ല.
“ഇച്ഛാ…”
ഉത്തരമൊന്നും മിണ്ടാതെ അവൻ നിൽക്കുന്നത് കൊണ്ടാണ് പാത്തു വീണ്ടും വിളിച്ചു നോക്കിയത്.
“നീ ഫോൺ വെക്ക് പാത്തോ. ഞാൻ ന്തായാലും ഉച്ചയോടെ വരാം ”
അതും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.
“ജീവനോടെ കിട്ടിയാൽ… വർക്കി ചെറിയാനെന്ന മനുഷ്യനെ നീ വെറുതെ വിടരുത് ക്രിസ്റ്റി.”
പോരും വഴി കാറിന്റെ പിൻസീറ്റിൽ ഇരുന്നു കൊണ്ട് ഡെയ്സി പറയുമ്പോൾ ക്രിസ്റ്റി തിരിഞ്ഞ് നോക്കി.
“നിന്റെ അപ്പനെയും പാത്തുവിന്റെ ഉപ്പയെയും അയാൾ കൊന്നതാണ് ”
ഏതോ ഗാർത്തതിലെന്നത് പോലെയുള്ള ഡെയ്സിയുടെ സ്വരം.
ക്രിസ്റ്റിയുടെ കയ്യിൽ നിന്നും പാളിയ സ്റ്റിയറിങ്ങ്.. ഫൈസി ചാടി പിടിച്ചു കൊണ്ടാണ് കാർ നിർത്തിച്ചത്.
“എന്താ… എന്താ പറഞ്ഞത്..?”
അവന്റെ ദേഹത്തിനൊപ്പം സ്വരം കൂടി വിറക്കുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോൾ.
പണ്ട് നടന്നൊരു ചതിയുടെ കഥ.. ആത്മാർത്ഥ സുഹൃത്തുക്കളെ പണത്തിനു വേണ്ടി ഒരു അപകടത്തിൽ കൊലപ്പെടുത്തിയ വർക്കി ചെറിയാനെന്ന നീചമായൊരു മനുഷ്യന്റെ കഥ ഡെയ്സി പറയുമ്പോൾ ക്രിസ്റ്റി തളർച്ചയോടെ കാറിന്റെ സീറ്റിലേക്ക് ചാരി കിടന്നു.
“എന്നിട്ടും.. എന്നിട്ടും എങ്ങനാ അമ്മേ നിങ്ങൾ അയാളുടെ കൂടെ?”
എല്ലാം പറഞ്ഞു കേട്ട ശേഷം ഹൃദയം തകർന്ന് കൊണ്ടവൻ ചോദിക്കുമ്പോൾ ഡെയ്സിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.
“അയാളും അയാളുടെ ഏട്ടനും കൂടിയുള്ള സംസാരം ഞാൻ യാഥർച്ഛികമായി കേൾക്കുകയായിരുന്നു. അന്ന് മുതൽ അയാളെനിക്ക് ആരുമല്ലായിരിന്നു. ഞാൻ അയാളുടെ ഭാര്യയായിട്ടില്ല പിന്നെ. അനുസരിച്ചിട്ടുണ്ട്. അത് പക്ഷേ പേടിച്ചിട്ടല്ല.ഞാനയാളെ എതിർത്തു തുടങ്ങി..അന്ന് മുതൽ അയാളുടെ ഉപദ്രവവും സഹിച്ചു കൊണ്ട് ഞാൻ കുന്നേൽ ബാംഗ്ലവിൽ തന്നെ തൂങ്ങി കടിച്ചു നിന്നതിനു പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ മോനെ..”
ഡെയ്സി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
എന്നിട്ടും അവനുള്ളിലെ തിര ഒതുങ്ങുന്നുണ്ടായിരുന്നില്ല.
അവനമ്മയെ നോക്കിയതുമില്ല.
“നീ അറിയണം നിന്റെ അപ്പനെ കൊന്നതാണെന്ന്. നീ വേണം അതിനുള്ള ശിക്ഷ അയാൾക്ക് കൊടുക്കാൻ. നിന്നെയും അയാളെയും ഒരുമിച്ച് നിർത്തി ആ ശിക്ഷ എനിക്കും കാണണമായിരുന്നു. എന്റെ ഉള്ളിൽ ആളി കത്തുന്ന കുറ്റബോധത്തിന്റെ തീ അണക്കാൻ അങ്ങനൊരു കാഴ്ച വേണമായിരുന്നു.. അതിനാണ്.. അതിന് വേണ്ടി മാത്രമാണ് അയാൾ എത്രയൊക്കെ അപമാനിച്ചു രസിച്ചിട്ടും ഉപദ്രവിക്കാൻ മടിക്കാഞ്ഞിട്ടും ഞാൻ ഇറങ്ങി പോകാഞ്ഞതും..ജീവിതം മടുത്തിട്ടും മരണം തിരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതും ”
അത് പറയുമ്പോൾ ഡെയ്സി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
ആ ഓർമകൾ മനസ്സിലെത്തിയ നിമിഷം തന്നെ ക്രിസ്റ്റിയുടെ കൈകൾ വരാന്തയിലെ കമ്പിയിൽ മുറുകി.
താനൊട്ടും ഓക്കേയല്ലായിരുന്നു പിന്നീട്ടിങ്ങോട്ട് എത്തുന്നത് വരെയും.
അത് മനസ്സിലാക്കി ഫൈസി ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്നു.
“ഇനിയാരും ഇതറിയരുത്.. ഇനി എന്ത് വേണമെന്ന് എനിക്കറിയാം ”
എന്നും പറഞ്ഞിട്ടാണ് ഹോസ്പിറ്റലിൽ വന്നിറങ്ങിയത്.
പോലീസ് കണ്ടെടുത്തു കൊണ്ട് വന്നത് കൊണ്ട് ഒരു സർക്കാർ ഹോസ്പിറ്റലിൽ ആയിരുന്നു വർക്കിയെയും റിഷിനെയും അഡ്മിറ്റ് ചെയ്തിരുന്നത്.
വർക്കിയുടെ നില അതീവ ഗുരുതരമായതിനാൽ ICU വിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.
രണ്ടു പേർക്കും നിരീക്ഷണതിന് പോലീസ്കാരെയും ഏർപ്പാട് ചെയ്തിട്ടുണ്ട്.
“അയാളെ കാണണ്ടേടാ. ബോധം തെളിഞ്ഞെന്ന് വിവരം കിട്ടിയിട്ടുണ്ട് ”
ഏറെനേരം പുറത്തേക്ക് തുറിച്ചു നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന ക്രിസ്റ്റിയുടെ അരികിലേക്ക് വന്നിട്ട് ഫൈസി ചോദിച്ചു.
‘വേണം ”
അപ്പോഴും.. അങ്ങനെ പറയുമ്പോഴും അവന്റെ മുഖമോ സ്വരമോ അൽപ്പം പോലും അയാഞ്ഞിട്ടില്ല.
“വേണ്ടാത്തതൊന്നും മനസ്സിൽ ആലോചിച്ചു വെറുതെ കാട് കയറേണ്ട. ഇത്രേം കാലത്തെ നിന്റെ സ്വപ്നം ഇപ്പൊ കൈ എത്തും ദൂരെയാണ്. ഒരു എക്സാമിന്റെ ദൂരം മാത്രം ഇനി നിന്റെ മുന്നിലൊള്ളൂ ”
ഫൈസി അവനെ നോക്കാതെ നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ശാന്തമായി പറഞ്ഞു.
“നിനക്ക് നിന്റെ അപ്പനോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം ക്രിസ്റ്റി. ഇതുപോലൊരു വാർത്ത കേൾക്കുന്ന ഏതൊരു മകന്റെയും അവസ്ഥയും എനിക്ക് നിന്റെ മുഖത്തു നിന്നും മനസ്സിലാവും. പക്ഷേ അപ്പോഴും നീ ഒന്നോർക്കുക.. ഈ പേരിൽ.. വർക്കി ചെറിയാന്റെ കൊലയാളിയായി നീ മാറണമെന്ന് നിന്റെ അപ്പൻ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല.”
ക്രിസ്റ്റി മുഖം ചെരിച്ചു കൊണ്ട് ഫൈസിയെ നോക്കി.
അവനപ്പോഴും ക്രിസ്റ്റിക്ക് മുഖം കൊടുത്തില്ല.
‘ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജീവിച്ചു തീർത്ത വർക്കിക്ക് വേണ്ടി… ഇന്നലെയൊരു ജീവിതം തുടങ്ങിയ നീ, നിന്റെ ജീവിതം തകർക്കരുത്. കൊന്ന് കളയാതെ തന്നെ.. നിന്റെ അപ്പനോട് ചെയ്തതിനുള്ളത് വർക്കിക്ക് കൊടുക്കാൻ ഏതറ്റം വരെയും പോവാൻ ഞാനും നിന്റെ കൂടെയുണ്ടാകും.. എന്റെ മരണം വരെയും ”
ഇപ്രാവശ്യം ഫൈസി നേർത്തൊരു ചിരിയോടെ ക്രിസ്റ്റിയെ നോക്കി.
അലയോതുങ്ങിയ കടൽ പോലെ ക്രിസ്റ്റി ശാന്തനായിരുന്നു.
തിളച്ചു തൂവുന്ന കോപത്തിന്റെ തീയിലേക്ക് ഒരു കടലോളം വെള്ളമാണ് ഫൈസി തൂവി തെറിപ്പിച്ചതെന്ന് അവന് തോന്നി.
“ഇല്ലെടാ… ഇപ്പഴാ എന്റെ അമ്മയോന്ന് ചിരിച്ചു കണ്ടത് . ഇനി ഞാൻ കാരണം അതില്ലാതായി പോവരുത്. പിന്നെയെന്റെ പെണ്ണ്.. അവളിച്ചിരി മനസാമാധനത്തോടെ ഒന്നുറങ്ങിയത് ഇന്നലെയാണ്.. അതും ഞാൻ കാരണം.. ഇല്ല.. ഇല്ല ഫൈസി.ഞാൻ കാരണം നിങ്ങളാരും വേദനിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.”
നിലാവുദിച്ചത് പോലൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.
അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന ആ സംഘർഷത്തിന്റെ ചങ്ങലകണ്ണികളെയാണ് ഫൈസി കുറച്ചു വാക്കുകളുടെ മൂർച്ചകൊണ്ട് അറുത്തു മാറ്റി കളഞ്ഞത്.
“നീ പറഞ്ഞത് പോലെ.. ഞാനും എന്തൊക്കെയോ ആലോചിച്ചു. പക്ഷേ അത് ഇവിടെ ഉപേക്ഷിച്ചു കളയുന്നു. വർക്കി ചെറിയാനെ കൊന്നിട്ട് ജയിലിൽ തീരാനുള്ളതല്ല എന്റെ ജീവിതം. അത്ര പെട്ടന്ന് മരിക്കേണ്ടവനുമല്ല.. പൊറുക്കി ”
ചിരിയോടെ തന്നെ ക്രിസ്റ്റി ഫൈസിയെ നോക്കി.
ഹൃദയം നിറച്ചൊരു ചിരിയോടെ ഫൈസി അകലേക്ക് നോക്കി.
കൂട്ടുകാരന്റെ മൂടി കെട്ടിയ മനസ്സിനുള്ളിൽ വേണ്ടാത്ത ചിന്തകൾ നിറയുന്നുണ്ടെന്ന് വേവലാതി പൂണ്ട അവന്റെ മനസ്സും അപ്പോൾ അങ്ങേയറ്റം ശാന്തമായിരുന്നു.
❣️❣️
അന്ന് ഉച്ച വരെയും തന്നെ ആരെങ്കിലും അനേഷിച്ചു വരുമെന്ന് ഷാഹിദിനൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.
നേരം പോകുന്തോറും അത് മങ്ങി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം മുഴുവനും കാണാഞ്ഞിട്ടും അനേഷിച്ചു വരാൻ മാത്രം ബന്ധങ്ങളൊന്നും തന്നെ തനിക്കല്ലേയെന്നവൻ ഒരു നിമിഷം ഓർത്തു പോയി.
പണത്തിന്റെ ഹുങ്കിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി.
ആരുടെയോ…ആരൊക്കെയോ ആണെന്ന് സ്വയം കരുതി.. മതി മറന്നു.
പക്ഷേ ഒന്നുമല്ലായിരുന്നു… ആർക്കും വേണ്ടായിരുന്നു അറക്കൽ ഷാഹിദെന്ന് കാലം കണക്ക് പറയാൻ ഒരുക്കി വെച്ചൊരു ദിവസമായിരുന്നു അന്ന്.
ഉച്ചക്ക് ശേഷം കോടതിയിൽ കൊണ്ട് പോണമെന്നു പറയുന്നുണ്ട്.
അവിടെയിനി എന്തൊക്കെയാണാവോ കാത്തിരിക്കുന്നത്.
കൂലി കൊടുത്തു കൂടെ നടത്തിയ ആരെങ്കിലുമൊന്നു മുന്നിലേക്ക് വന്നിരുന്നുവെങ്കിൽ എന്നവൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിലൊക്കെയും.
പക്ഷേ ഒന്നുമുണ്ടായില്ല..
ആരും വന്നതുമില്ല.സാമ്പാദിച്ചു കൂട്ടിയ കോടികളൊന്നും തന്നെ രക്ഷക്കെത്തിയില്ല എന്നുള്ള
പ്രതീക്ഷ വറ്റിയ മനസ്സോടെയാണ് അവൻ കോടതിയിലേക്ക് പോകാൻ ഒരുങ്ങിയതും.
❣️❣️
നിർത്താതെയുള്ള ഛർദി കൊണ്ട് റിഷിൻ വളഞ്ഞു കുത്തി.
രണ്ട് ദിവസവും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയുള്ളത് അവന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇപ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പോലും ഛർദിച്ച് പോകുകയാണ്.
കൂടാതെ നല്ല പനിയും.
ബേസിനിൽ ഛർദിച്ചത് കളയാൻ ഡെയ്സി ബാത്റൂമിൽ പോയതായിരുന്നു.
റിഷിനെ താങ്ങി പിടിച്ചു തന്നിലേക്ക് ചേർത്ത് ഫൈസി പിന്തിരിഞ്ഞിരിപ്പുണ്ട്.
ക്രിസ്റ്റി ഒരു ഗ്ലാസ്സിൽ അൽപ്പം മുൻപ് വാങ്ങിയ കട്ടൻ കാപ്പി എടുത്തു റിഷിന്റെ ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു.
“എനിക്ക്.. വേണ്ട.”
തളർച്ചയോടെ റിഷിൻ അവനെ നോക്കി.
“ഒന്നും കുടിക്കാതെ കിടന്നാൽ ശെരിയാവില്ല. പതിയെ ശരിയാക്കി എടുക്കണമെന്ന് ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. കുറച്ചു കുടിക്ക്. എന്നിട്ട് കിടന്നോ ”
ക്രിസ്റ്റി അവനരികിൽ ഇരുന്നു കൊണ്ട് വീണ്ടും ഗ്ലാസ് ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു.
ചൂട് കാപ്പി ആർത്തിയോടെ റിഷിൻ കുടിച്ചു.
വേണ്ടന്ന് പറഞ്ഞത് വീണ്ടും ഛർദിച്ചാലോ എന്നുള്ള അവന്റെ ഭയമായിരുന്നുവെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.
പക്ഷേ ഭയന്നത് പോലെ.. ഒന്നോ രണ്ടോ മിനിട്ടുകൾ ശേഷം കുടിച്ചതൊക്കെയും അവൻ ക്രിസ്റ്റിയുടെ മടിയിലേക്കാണ് ഛർദിച്ചത്.
അപ്പോഴും യാതൊരു മടിയോ അറപ്പോ കൂടാതെ അവനെ തോളിലേക്ക് ചേർത്ത് പിടിക്കുന്നവനെ നോക്കി ഡെയ്സി കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
തുടരും..

by