17/04/2026

പൊന്നുരുകും പൂക്കാലം : ഭാഗം 05

രചന – സായ്ഹാന

കുഞ്ഞിനെയും കൊണ്ട് പുറകുവശത്തുള്ള ബാൽക്കണിയിൽ പോയിരിക്കയായിരുന്നു പ്രദക്ഷിണ..!! ദൂരെ പറമ്പിലെ കാഴ്ചകളൊക്കെ കണ്ട് കുഞ്ഞി റെയ്ലിങ്ങിൽ പിടിച്ചു നിന്നു.

സിദ്ധുവങ്കിൾ പറഞ്ഞിട്ടു പോയതും, വല്യച്ഛൻ മൗനം കൊണ്ട് പറയാതെ പറഞ്ഞതുമായ കാര്യങ്ങളിൽ മനസുടക്കിയിരുന്നതു കൊണ്ട് , പ്രഗ്യാൻ – ദക്ഷയുടെ ഒരേയൊരു സഹോദരൻ – കയറി വന്നത് അവൾ കണ്ടിരുന്നില്ല..!

പ്ലസ് ടു ഫൈനൽ എക്സാം കഴിഞ്ഞതിൻ്റെ പിറ്റേന്നു മുതൽ അവൻ ഓരോ ബന്ധു വീടുകളിൽ സന്ദർശനത്തിനു പോയതാണ്..

കഴിഞ്ഞയാഴ്ചയാണ് രേവതിയുടെ സഹോദരനായ രാമഭദ്രൻ്റെ വീട്ടിലേക്കു പോയത്.. അപ്പച്ചിയുടെ അസുഖ വിവരവും, ദച്ചുവിൻ്റെ വരവും അറിഞ്ഞപ്പോൾ ഇന്നു കാലത്ത് അമ്മാവൻ്റെയടുത്തു നിന്നും മടങ്ങിപ്പോന്നു. ..!

” ചേച്ചീ…”
വിളി കേട്ട് പ്രദക്ഷിണ ഞെട്ടിത്തിരിഞ്ഞു നോക്കി. അവനെ കണ്ട് ഉള്ളിൽ ആശ്വാസമാണോ, അതോ ആശങ്കയാണോ ഉയർന്നതെന്നു മനസ്സിലായില്ല..!!

“നീയെപ്പോ വന്നു…??”
രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം കാണുന്നതിൻ്റെ ഉത്സാഹമൊന്നും ശബ്ദത്തിലുണ്ടായില്ല..

” അര മണിക്കൂറായി.. ഇത്രേം നേരമായിട്ടും നിന്നെ കാണാത്തോണ്ട് കേറി വന്നതാ.. ”

അവൻ്റെ പറച്ചിൽ കേട്ട് പ്രദക്ഷിണ മുഖം കുനിച്ചു.. അറിയാതെ കണ്ണുകൾ നിറയുന്നു.. !!

” എന്തൊക്കെയാ ചേച്ചീ ഇവടെ നടക്കുന്നെ..?? നിന്നെ സച്ചുവേട്ടനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ പോകുവാന്ന് അച്ഛമ്മ പറഞ്ഞു..??”

അതോടെ ദക്ഷ കരഞ്ഞു കൊണ്ട് അവൻ്റെ ചുമലിൽ വീണു..
” അക്കൂ…”
അവൾ വിങ്ങിക്കൊണ്ട് തന്നെ വിളിച്ചു വരുത്തിയതു മുതലുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു..

“എന്താ ചെയ്യാന്നെനിക്കറിയില്ല.. അച്ഛന് എന്നോടു നേരിട്ടു പറയാൻ ബുദ്ധിമുട്ടു കാണും.അതാ ഇങ്ങോട്ടു വരാത്തെ..!!”

“നീ കരയാതെ..!”
അക്കു അവളുടെ കണ്ണു തുടച്ചു കൊടുത്തു.. 17 വയസേ ഉള്ളുവെങ്കിലും, അവളേക്കാൾ മച്വരിറ്റിയുണ്ട് അവന്..!

നല്ല ഉയരവും , ഉറച്ച ശരീരവുമാണ് അക്കുവിൻ്റെത്.. ക്രിക്കറ്റ് അണ്ടർ 19 സ്റ്റേറ്റ് ടീമിലെ അംഗമാണ് പ്രഗ്യാൻ എന്ന അക്കു..!!

” അങ്കിള് പറഞ്ഞതെന്താ, മനസില് വേറെ വല്ലവരും ഉണ്ടെങ്കിൽ നിർബന്ധിക്കില്ലാന്ന്.. അല്ലേ..??”

“മ്മ്ഉം… അതെ…!!”
അവൾ പുറം കൈകൊണ്ട് കവിൾ തുടച്ചു..

“എങ്കിൽ പറയ്.. നിനക്ക് വേറെ റിലേഷനുണ്ടെന്ന്…!!”
അക്കുവിൻ്റെ പറച്ചിൽ കേട്ട് അവൾ അമ്പരന്നു –

” നീ മണ്ടത്തരം പറയാതെ…! ചുമ്മാ പോയി പറഞ്ഞാ മതിയോ അക്കൂ..?”

” ചേച്ചി അഭിയേട്ടനോടു പറ ഇവിടെ വന്ന് പെണ്ണു ചോദിക്കാൻ…!!”

ഇക്കുറി പ്രദക്ഷിണ ശരിക്കും ഞെട്ടി.. അവളുടെ ഭാവമാറ്റം കണ്ട് പ്രഗ്യാൻ ചിരിച്ചു –
“നീയെൻ്റെ ഒരേയൊരു ചേച്ചിയല്ലേ..?? എൻ്റെ ക്രഷ് നീ കണ്ടു പിടിച്ച പോലെ ഇത് ഞാനും കണ്ടു പിടിച്ചു…!!”
ഗമയോടെയുള്ള പറച്ചിൽ കേട്ട് അവൾക്ക് ചിരി വന്നു..

“പക്ഷേ അക്കൂ… അഭിയേട്ടൻ ഇതുവരെ എന്നോട് ഇഷ്ടാണെന്നൊന്നും പറഞ്ഞിട്ടില്ല.. ”
പ്രദക്ഷിണ സംശയിച്ചു.

” പിന്നെന്താ..പാട്ടും പാടിമരം ചുറ്റിയോടണോ..? ഒന്നു പോടി ചേച്ചി.. ഹി ഇസ് എ ജെം…! നീ ധൈര്യായിട്ടു പറ നാളെത്തന്നെ വന്ന് ആലോചിക്കാൻ..!
അച്ഛന് എതിർക്കാൻ വകുപ്പൊന്നൂല്ല.. അഭിയേട്ടന് IAS സെലക്ഷൻ കിട്ടീട്ട്ണ്ട്… ഇനി ഇൻ്റർവ്യൂ കൂടിക്കഴിഞ്ഞാ മതി…!”

“അക്കൂ… ഞാനങ്ങനെയൊക്കെ എങ്ങനാ തുറന്നു ചോദിക്കാ..?? ഇനി അപർണ്ണേടെ ഫ്രണ്ട് ആയിട്ടാ എന്നെ അഭിയേട്ടൻ കാണണതെങ്കിൽ…??”
അവൾ സങ്കോചത്തോടെ വീണ്ടും പറഞ്ഞു.

” കൊല്ലം മൂന്നാലായി വായ് നോട്ടം തൊടങ്ങീട്ട്….!! ഇപ്പഴാ അവൾടെ സംശയം..!
എൻ്റെ ചേച്ചീ എക്സാം സമയത്തൊക്കെ എനിക്ക് സ്പെഷ്യൽ ട്യൂഷനൊണ്ടാരുന്നു.. എന്നോട് എന്നും നിൻ്റെ കാര്യം ചോദിക്കും..
നീ വിളിച്ചോ.. നിൻ്റെ പരീക്ഷ എപ്പഴാ…. എളുപ്പാരുന്നോ… അങ്ങനെയൊക്കെ..!!
ഒന്നുമോർക്കണ്ട.. വൈകിട്ട് അമ്പലത്തീ ചെന്ന് അഭിയേട്ടനെ കാണുക.. വിവരം പറയുക… കേട്ടല്ലോ..?? ഇവിടിരുന്നു മോങ്ങാതെ താഴേയ്ക്കു വാ..!”

കുഞ്ഞിനു നേരെ കൈ നീട്ടിക്കൊണ്ട് അക്കു പറഞ്ഞു.. ഒന്നും പറയാതെ തന്നെ , ചേച്ചിയെ മനസ്സിലാക്കുന്ന സഹോദരനുള്ളപ്പോ താനെന്തിനെ ഭയക്കണം..?
പ്രദക്ഷിണ മുഖം തുടച്ചു കൊണ്ട് എണീറ്റ് അവൻ്റെ പിന്നാലെ താഴേക്കു പോയി..

………………*………………..*………………

വൈകിട്ട് കുഞ്ഞിയെ അക്കുവിനെ ഏൽപ്പിച്ച ശേഷം, സ്ക്കൂട്ടറിലാണ് പ്രദക്ഷിണ അമ്പലത്തിലെത്തിയത്.

തൊഴുതിറങ്ങിയിട്ടും അഭിനവ് വന്നിട്ടുണ്ടായിരുന്നില്ല.. അവൾ കുളപ്പടവിലെത്തി പടികളിലൊന്നിൽ ഇരുന്നു..

ഹൃദയത്തിൽ വല്ലാത്ത ഭയം..
അക്കു പറഞ്ഞതൊക്കെ ശരി തന്നെ…!
പക്ഷേ, എന്നെ വിവാഹം കഴിക്കുമോയെന്ന് ഒരു പുരുഷൻ്റെ മുഖത്തു നോക്കി ചോദിക്കാനുള്ള ചളിപ്പ് അവളിൽ നിറഞ്ഞു നിന്നു..!!

പട്ടണത്തിൽ പോയി എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും, മനസിപ്പോഴും അത്ര പുരോഗമിച്ചിട്ടില്ലേ എന്നവൾക്ക് ലജ്ജ തോന്നി..

നരസിംഹം മൂവിയിൽ , നായിക ലാലേട്ടനോട് “നിങ്ങൾക്കെന്നെ കെട്ടാമോ മിസ്റ്റർ ഇന്ദുചൂഢൻ.? ” എന്നു ചോദിക്കും പോലെ യഥാർത്ഥ ജീവിതത്തിൽ ഒരു പെണ്ണിന് ; അതും കേരളത്തിലെ ഒരു സാധാരണ നാട്ടുമ്പുറത്ത് ജനിച്ചു വളർന്നൊരാൾക്ക് എങ്ങനെ സാധിക്കും..??

വിദ്യാഭ്യാസമുണ്ടെങ്കിലും താൻ മനസു കൊണ്ട് പഴഞ്ചനായിപ്പോയതിൽ അവൾക്ക് നിരാശ തോന്നി..!

” ഏയ് ദച്ചൂ….!!

വിളി കേട്ട് പ്രദക്ഷിണ തിരിഞ്ഞു നോക്കി. അഭിനവ് ചിരിയോടെ പടികളിറങ്ങി വന്ന് , അവൾ ഇരുന്നതിന് രണ്ടു പടികൾ കൂടി താഴെയായി ഇരുന്നു.. കയ്യിലിരുന്ന ഇലയിൽ നിന്ന് കൽക്കണ്ടമെടുത്ത് നീട്ടി.
അത് വാങ്ങിക്കൊണ്ട്‌ അവൾ തിരക്കി –

“എന്താ പ്രത്യേക വഴിപാടൊക്കെ.. എന്തേലും വിശേഷോണ്ടോ..??”

“ചെറിയൊരു വിശേഷം.. നീയറിഞ്ഞു കാണണമല്ലോ..!?”

” ഏയ് ഞാനൊന്നുമറിഞ്ഞില്ല.. വീട്ടിലെ ടെൻഷൻ കാരണം അപർണ്ണയെ വിളിച്ചില്ല..!!”

” മ്മ്മ്…. എന്നാൽ കേട്ടോ… ഞാൻ സിവിൽ സർവ്വീസ് ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ പോകുന്നു…!!”

“ങ്ഹേ..!!??? ”
അവളിൽ നിന്നൊരു ആഹ്ളാദ ശബ്ദമുയർന്നു..

“എന്നാ ഇൻ്റർവ്യൂ ..? ”

“ഇനി ഒൻപതു ദിവസം കൂടിയുണ്ട്… നെക്സ്റ്റ് വെനസ്ഡേ.. ഇന്നാ അറിയിപ്പ് കയ്യിൽ കിട്ടിയത്.. മെയിൽ ഓൾ റെഡി കണ്ടിരുന്നു..!!”

” കൺഗ്രാറ്റ്സ് അഭിയേട്ടാ…! ചെലവൊന്നുമില്ലേ…?? ”

“താങ്ക് യൂ…. ചെലവൊക്കെ റിസൾട്ട് വന്നിട്ട് ..!! പിന്നേ ഞാനിന്നു നൈറ്റ് ട്രിവാൻഡ്രം പോകും..!”

പ്രദക്ഷിണ ഒന്നു നടുങ്ങി…

“അതെന്തിനാ..?? ”

” മെയിൻ എക്സാമിനു ചെന്നപ്പോ കുറച്ചു പേരെ പരിചയപ്പെട്ടാരുന്നു.. കേരളത്തീന്നും, തമിഴ്നാട്ടീന്നുമുള്ള കുറേപ്പേർ… മെയിൻ റിസൾട്ട് വന്നപ്പോ മലയാളികൾ ഞാനുൾപ്പെടെ നാലുപേർ സെലക്ടഡായി.. തമിഴ് മൂന്നു പേരും. ഞങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു..
ഇൻ്റർവ്യൂവിന് ഒരാഴ്ച മുമ്പ് ട്രിവാൻഡ്രത്തെ ഒരു അക്കാഡമിയിൽ വൺ വീക്ക് ക്രാഷ് ട്രയൽ ചെയ്യാംന്ന് എല്ലാരും പറഞ്ഞു.. അതിനു പോകണതാ.. എല്ലാരും അവിടെ വന്ന് ലോഡ്ജിൽ തങ്ങും..
ഒപ്പം കംമ്പൈൻ സ്റ്റഡിയും നടത്താം…!! ”

“എന്നിട്ടെപ്പഴാ വരിക…?? ”

അവളുടെ ശബ്ദത്തിൽ വേവലാതി കലർന്നു..

” ഇനി ഇൻ്റർവ്യൂ കഴിഞ്ഞേ വരൂ.. അവിടന്ന് എല്ലാർക്കും ഒരുമിച്ച് പോകാല്ലോ..! പിന്നെ, ഞങ്ങള് ആണുങ്ങള് മാത്രമല്ല ഗേൾസുമുണ്ട്. രണ്ട് മലയാളീസ്, വൺ തമിൾ…!! അവര് ലേഡീസ് ഹോസ്റ്റലിൽ താമസിച്ചോളും.. ”
അവൻ ചിരിച്ചു…

അവൾക്ക് ഒരു മാത്ര ഹൃദയം നിലച്ചതു പോലെ തോന്നി. എന്തു പറയണമെന്നറിയാതെ ഏതാനും നിമിഷമിരുന്നു.. അഭി എഴുനേറ്റു കൊണ്ടു പറഞ്ഞു –

” 8.30 നാണ് ട്രെയിൻ… !! കുറച്ചു പാക്കിങ്ങ് കൂടി ബാക്കീണ്ട്.. ഇനിയൊക്കെ പോയി വന്നിട്ടു പറയാം… നീ വരണില്ലേ… നേരം പോയല്ലോ…?”

അവളും എണീറ്റു.. പെട്ടെന്നു തോന്നിയ ഉൾപ്രേരണയിൽ വിളിച്ചു –
“അഭിയേട്ടാ…??”

” മ്മ്മ്ഉം…???”
അവൻ തിരിഞ്ഞു നിന്നു..

“എന്നോട്… എത്ര ഇഷ്ടമുണ്ട് അഭിയേട്ടന്..??”

അഭിയുടെ കണ്ണുകൾ അമ്പരപ്പിൽ മിഴിഞ്ഞു..

” നിനക്കെന്താ വട്ടായോ…?? ഇഷ്ടംന്ന് പറയണത് വല്ല പലചരക്കു സാധനോമാണോ എത്രയുണ്ടെന്ന് തൂക്കി നോക്കാൻ…? കുഞ്ഞാവ വല്ലതുമെടുത്ത് നിൻ്റെ തലയ്ക്കടിച്ചോ..??”

തമാശ മട്ടിൽ ചോദിച്ചു കൊണ്ട് അഭി ക്ഷണിച്ചു –
“വേഗം വാ ദച്ചൂ.. സമയം പോണു…!!”

അവൾ പടികൾ കയറി മുകളിലെത്തിയപ്പോഴേക്ക് അഭിയുടെ ഫോൺ ബെല്ലടിച്ചു.
ഡിസ്പ്ലേ നോക്കിയിട്ട് അവൻ ചിരിയോടെ പറഞ്ഞു –

” ട്രിവാൻഡ്രത്തു വരുന്ന കൂട്ടുകാരിൽ ഒരാളാ… കോട്ടയംകാരൻ ഇവാൻ ഫിലിപ്പ്…!!”
കോൾ അറ്റൻഡ് ചെയ്ത് രണ്ടു മിനിട്ട് സംസാരിച്ചു.. തീവണ്ടി സമയവും, ട്രിവാൻഡ്രത്ത് എപ്പോൾ എത്തും എന്നതൊക്കെയായിരുന്നു വിഷയം..

ഫോൺ കട്ട് ചെയ്ത് ഷർട്ടിൻ്റെ പോക്കറ്റിലേക്കിട്ടു കൊണ്ട് അഭി മുന്നോട്ടു നടക്കാനാഞ്ഞു..

“അഭിയേട്ടാ…!”
അവൾ വീണ്ടും വിളിച്ചു –

” അഭിയേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ…??”

അവൻ്റെ കണ്ണുകൾ ചുരുങ്ങി –

” നിനക്കെന്താ പറ്റിയെ ദച്ചൂ…?? ഓരോ കൊനഷ്ട് ചോദ്യങ്ങൾ..? ”

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം.. സമയം ഒന്നിനു വേണ്ടിയും കാത്തു നിൽക്കില്ല…!!”

അവൾ പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

നടന്നു നടന്ന് അവർ ശ്രീകോവിലിനു നേരെ താഴെയുള്ള പടിയിലെത്തിയിരുന്നു.. ദീപാരാധന കഴിഞ്ഞ് നട തുറക്കുന്നതിൻ്റെ മണിനാദം കേട്ട് രണ്ടാളും അങ്ങോട്ടു നോക്കി ഒരു നിമിഷം മിഴികളടച്ചു പ്രാർത്ഥിച്ചു..

തിരിഞ്ഞു നടക്കുമ്പോൾ അഭി തിരക്കി –

“അതിനു മാത്രം എന്ത് ആനക്കാര്യമാ പറയാനൊള്ളത്…??
ങ്ഹാ… നിൻ്റെ അച്ഛനോട് പറയാനുണ്ട്..!! ”

“എന്ത്..?”

അവൾ ഉദ്വേഗത്തോടെ നോക്കി..

” നിനക്കീയിടെ ഇത്തിരി എളക്കം കൂടുതലാന്ന്…!! ”

കുസൃതിയോടെ പറഞ്ഞു കൊണ്ട് അവൻ കണ്ണു ചിമ്മി..

” ഒരു കാര്യോം മുമ്പേ പറയാരുന്നുവെന്ന് പിന്നീട് തോന്നരുത്…!!”

അവൾ പറയുന്നതിനിടെ വീണ്ടും അഭിയുടെ ഫോൺ റിങ് ചെയ്തു..

” അച്ഛനാ…!”

എടുത്തു നോക്കിക്കൊണ്ട് അവൻ പറഞ്ഞു –

“വേഗം ചെല്ലാൻ പറയാനിരിക്കും..!”

അറ്റൻ്റ് ചെയ്ത് –

” ഞാൻ ദാ എത്തി അച്ഛാ…!”

എന്നു പറഞ്ഞിട്ട് അവൻ കോൾ കട്ടാക്കി ഫോൺ പോക്കറ്റിലേക്ക് തിരികെയിട്ടു –

” ഞാനങ്ങനെ ഒന്നും പറയാൻ ബാക്കി വെക്കാറില്ല മോളേ..! നിന്നോടു പറയാനുള്ളത് നിന്നോടു തന്നെ പറയും.. നിൻ്റെ അച്ഛനോടുള്ളത് സമയമാവുമ്പോ ഞാൻ തന്നെ പറയും ട്ടോ…!!

ഒന്നും വെച്ചു താമസിപ്പിക്കുന്ന സ്വഭാവം എനിക്കു തീരെയില്ല..
അപ്പോ ശരി… വന്നിട്ടു കാണാം ദച്ചൂ…! പ്രാർത്ഥിച്ചേക്കണം ട്ടോ…! ”

പറഞ്ഞു കൊണ്ട് പടികളിറങ്ങി ബൈക്കിനു നേർക്ക് നടക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു നിന്നു –

” ഞാൻ വിടണോ..?? ”

” വേണ്ട… ഞാൻ സ്ക്കൂട്ടി കൊണ്ടു വന്നിട്ടൊണ്ട്.. ”

അവൾ പതിയെ പറഞ്ഞു…

“ഓക്കെ… ബൈ…!! ”
പറഞ്ഞു കൊണ്ട് അവൻ ബൈക്കിലേക്കു കയറി.. ഇന്നലെ വൈകിട്ട് കേട്ട ഗാനം അറിയാതെ ചുണ്ടുകളിലേക്കെത്തി –

” ചില്ലുവെയിലായാലും….
രാത്രി മഴയായാലും….
നിൻ്റെ കിളിവാതിൽക്കൽ…
വന്നു വിളിക്കാമെൻ്റെ മുത്തേ….!!
ഏകാന്തമാം ഈ സന്ധ്യയിൽ…
പ്രേമാർദ്രമാം ഈ വേളയിൽ…!!! ”

മെല്ലെ മൂളിക്കൊണ്ട് അവൻ വണ്ടി റോഡിലേക്കിറക്കി…!!

അതു നോക്കി നിൽക്കേ പ്രദക്ഷിണയുടെ മനസ്സിൽ അഭിനവ് എന്ന ചെറുപ്പക്കാരനെ ആദ്യമായ് ശ്രദ്ധിച്ച പ്ലസ് ടു ക്കാരിയുടെ മുഖം തെളിഞ്ഞു…!!
കാതിൽ അന്നവൻ പാടിയ ഗാനം മുഴങ്ങി…!!

” ഒരു കൃഷ്ണ തുളസി –
ക്കതിരുമായിന്നു ഞാൻ..
നിന്നെ പ്രതീക്ഷിച്ചു നിന്നു…
നീയിതു കാണാതെ പോകയോ…??
നീയിതു ചൂടാതെ പോകയോ…??”

ആ വരികൾ ശരിക്കും അർത്ഥവത്തായിരിക്കുന്നു…!!

കവിളിലേക്കൊഴുകിയ കണ്ണീരിനെ തടയാതെ തന്നെ അവൾ സ്ക്കൂട്ടറിനടുത്തെത്തി…

മെല്ലെ വണ്ടി മുന്നോട്ടെടുത്തു….!!!

…………………. (തുടരും)………………….