25/05/2026

നിനക്കായ് : ഭാഗം 69 & 70

രചന – കണ്ണന്റെ മാത്രം

ജെനി അവന്റെ കൈയിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും രക്ഷയില്ല എന്ന് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവന്റെ കൈക്കുള്ളിൽ ഇരുന്നു.

പിണങ്ങല്ലേ പെണ്ണേ.. ഇനി ഞാൻ ഒരുത്തിലും പോവില്ല. ഇത് അത്യാവശ്യം ആയതുകൊണ്ടല്ലേ….

ഇച്ചായൻ എവിടേക്ക് പോകുന്നതുകൊണ്ടും എനിക്ക് ഒരു കുഴപ്പവും ഇല്ല.. പക്ഷേ ഒന്ന് പറഞ്ഞിട്ട് പോയികൂടെ. അതാ എനിക്ക് വിഷമായത്…

മ്മ്.. ഇനി ഇച്ചായൻ ശ്രദ്ധിക്കാം കേട്ടോ. ഇത്തവണത്തേക്ക് നീ ക്ഷമിക്ക്.. അതൊക്കെ പോട്ടെ എന്തു പറയുന്നു എന്റെ കൊച്ചെറുക്കൻ… അവൻ അവളുടെ വയറിൽ കൈ വച്ചുകൊണ്ട് ചോദിച്ചു..

കൊച്ചെറുക്കനോ… അപ്പൊ ആൺകുട്ടി ആണെന്ന് ഉറപ്പിച്ചോ.. ജെനി വിടർന്ന കണ്ണോടെ ചോദിച്ചു..

അങ്ങനെ അല്ല ഒരു മോള് ഉണ്ടല്ലോ അപ്പൊ ഇനി ഒരു മോൻ ആയിക്കോട്ടെ എന്ന് കരുതി. ജാനിമോളുടെ സമയത്ത് ഒരു മോളെ വേണം എന്നാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും..കർത്താവ് എന്റെ പ്രാർത്ഥന കേട്ട് ഒരു മോളെ തന്നു. ഇപ്പൊ അങ്ങനെ ഒന്നും ഇല്ല. മോളായാലും മോനായാലും നിന്നെയും കുഞ്ഞിനേയും ഒരു കുഴപ്പവും കൂടാതെ കിട്ടണം എന്നാണ് എന്റെ പ്രാർത്ഥന. നിനക്ക് എന്താണ് ആഗ്രഹം..

എന്റെ ആഗ്രഹം അല്ല ഉറപ്പാണ് ഇത് മോൻ ആണെന്ന്. എന്നിൽ നിന്നും പോയ എന്റെ മോൻ തിരികെ വന്നതാ ഇച്ചായാ ഇവൻ…  തന്റെ ഉദരത്തെ പൊതിഞ്ഞു പിടിച്ചുകൊണ്ട് ജെനി നിറഞ്ഞ കണ്ണോടെ പറഞ്ഞു..

ദേ കൊച്ചേ.. ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചുമ്മാ കണ്ണു നിറക്കരുത് എന്ന്. എന്റെ പെണ്ണിന്റെ കണ്ണു ഇങ്ങനെ നിറയുന്നത് അതിപ്പോ സന്തോഷത്തിലായാലും സങ്കടത്തിലായാലും  എനിക്ക് ഇഷ്ടമില്ല. കേട്ടല്ലോ… ഇനി ഇങ്ങനെ കണ്ണുനിറച്ചു കണ്ടാൽ എന്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടും.. ജെനിയുടെ കവിളിൽ ഇടിക്കുന്നത് പോലെ കാട്ടിക്കൊണ്ട് ഡേവി പറഞ്ഞു..

ആ സമയത്താണ് ഭക്ഷണം ഒക്കെ കഴിഞ്ഞ് എൽസിയും റീനയും അങ്ങോട്ട് വന്നത്. അതോടെ ഡേവി എഴുന്നേറ്റ് എൽസിയുടെ അടുത്തേക്ക് വന്നു.

എളേമ്മേ.. അവൻ എൽസിയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

എന്താ മോനെ.. അവർ അവനെ നോക്കികൊണ്ട് ചോദിച്ചു.

എളേമ്മ എന്നോട് ഒരു കാഴ്ച്ച കാണണം എന്ന് ആവശ്യപെട്ടില്ലായിരുന്നോ. ആ കാഴ്ച്ച എളേമ്മക്ക് കാണണ്ടേ…

അവർ കുറച്ചുനേരം എന്ത്‌ എന്ന നിലയിൽ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ എന്തോ ഓർമ വന്നതുപോലെ അവരുടെ കണ്ണുകൾ ഒന്നു വെട്ടി. അവരുടെ കണ്ണുകൾ നിറഞ്ഞു..

അപ്പൊ മനപ്പൂർവം ആയിരുന്നു അല്ലേ.. അവർ അവനെ നോക്കി നിറഞ്ഞ കണ്ണോടെ ചോദിച്ചു..

മ്മ്.. അവൻ അതിനൊന്ന് മൂളി..

ആരാ.. അവർ വിറയലോടെ ചോദിച്ചു..

എളേമ്മ വായോ.. അവൻ അവരെ ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞപ്പോൾ ആണ് വാതിലിന്റെ അവിടെ ആയി നിൽക്കുന്ന ജെയിംസിനെയും ജോണിനെയും വല്യമ്മച്ചിയേയും അവൻ കാണുന്നത്. അവൻ അവരെ നോക്കി ഒന്നു കണ്ണുചിമ്മി കാട്ടിക്കൊണ്ട് അവരെയും കൊണ്ട്‌ icuവിന്റെ അടുത്തേക്ക് പോയി. അവരുടെ പിന്നാലെ ജെനിയും വല്യമ്മച്ചിയും ഒഴികെ ബാക്കി എല്ലാവരും പോയി.

Icu വിന്റെ മുന്നിൽ എത്തിയപ്പോൾ അവിടെ ഇരിക്കുന്ന ഏദനെയും ദിയയെയും കണ്ടപ്പോൾ എല്ലാവരുടെയും ഉള്ളിൽ സ്നേഹം നിറഞ്ഞു. അലനെ റൂമിലേക്ക് മാറ്റാതെ റൂമിലേക്ക് ഇല്ലാന്നും പറഞ്ഞ് ആക്‌സിഡന്റ് ആയ അന്ന് മുതൽ രണ്ടും അവിടെ തന്നെ ആണ് ഫുൾ ടൈം കിടപ്പടക്കം. ആരൊക്കെ പറഞ്ഞിട്ടും അവർ കേട്ടില്ല. എല്ലാവരും അപ്പോൾ ഡേവിയോട് അവരോട് സംസാരിക്കാൻ പറഞ്ഞു. അവരുടെ വല്യേട്ടായി പറഞ്ഞാൽ അവർ എന്തും അനുസരിക്കും എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഡേവി പറഞ്ഞു അവർക്ക് അവിടെ ആണ് സമാധാനം എങ്കിൽ അവർ അവിടെ ഇരുന്നോട്ടെ. അല്ലാതെ അവരെ നിർബന്ധിച്ച് റൂമിൽ കൊണ്ടുവന്നാലും അവർക്ക് മനസമാധാനം ഉണ്ടാവില്ല എന്ന്. അതു സത്യം ആണെന്ന് എല്ലാവർക്കും തോന്നിയതുകൊണ്ട് പിന്നെ ആരും അവരെ നിർബന്ധിക്കാൻ നിന്നില്ല..

അവരിൽ നിന്ന് കണ്ണുകൾ മാറ്റിയപ്പോൾ ആണ് അവിടെ ഇരിക്കുന്ന ആൻസിയുടെ അമ്മ മേരിയെ അവർ കാണുന്നത്. എല്ലാവരും വിശ്വാസം വരാത്തതുപോലെ ഡേവിയെ നോക്കി. അവൻ എല്ലാവരെയും നോക്കി ഒന്നു തലയാട്ടിക്കൊണ്ട് icuവിന്റെ ഉള്ളിലേക്ക് കയറി. ഉള്ളിലെ ഡോറിൽ  ഉള്ള ഗ്ലാസ്‌ പാർട്ടീഷനിലൂടെ ഉള്ളിൽ ഒരു ബെഡിലായി കിടക്കുന്ന ഒരു രൂപത്തെ ഡേവി എൽസിക്ക് കാട്ടികൊടുത്തു. ആകെ വച്ചുകെട്ടും ഓക്സിജൻ മാസ്ക്കും ഒക്കെ ആയതുകൊണ്ട് അത് ആരാണെന്ന് മനസിലാകുന്നുണ്ടായില്ല. എൽസി ആ രൂപത്തിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട ഡേവി അവരോട് ചോദിച്ചു.

അടുത്തുപോയി കാണണോ എളേമ്മേ…

വേണ്ട മോനെ നേരിട്ട് കണ്ടാൽ ചിലപ്പോ ഞാൻ അവളെ എന്തേലും ചെയ്തുപോകും. ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ ആണ് അവൾ.. അവർക്ക് സങ്കടം തിങ്ങി നിറഞ്ഞിട്ട് സംസാരിക്കാൻ കഴിയുന്നുണ്ടായില്ല..

ഇനിയൊരിക്കലും അവൾ ഈ കിടപ്പിൽ നിന്നും എഴുന്നേൽക്കില്ല എളേമ്മേ..നമ്മുടെ അലൻ അറിയുന്നതിനും വേദന അവൾ ഇപ്പോൾ അറിയുന്നുണ്ടാവും പക്ഷേ ഒന്ന് അലറി കരയാൻ പോലും അവൾക്കിനി കഴിയില്ല. അവളുടെ നാവടക്കം തളർന്നുപോയി. ഇനി മരിക്കുവോളം ഇങ്ങനെ കിടക്കാം. ഇതുവരെ ചെയ്ത പാപത്തിനുള്ള പ്രതിഫലം.. ഡേവി വല്ലാത്തൊരു പകയോടെ പറഞ്ഞു.

ഒന്നുകൂടി അവളെ ഒന്ന് നോക്കിയിട്ട് എൽസി തിരികെ നടന്നു. അതിന് പിന്നാലെ മറ്റുള്ളവരും. അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് മേരി അവരെ കാണുന്നത്. അവർ വേഗം എഴുന്നേറ്റ് റീനയുടെ അടുത്തേക്ക് വന്നു.

റീനേ.. എന്റെ മോള് ഇവിടെ…..

വേണ്ട മേരി അവളുടെ കാര്യം എന്നോട് മിണ്ടണ്ട. അവളൊറ്റൊരുത്തി കാരണം എന്റെ ഒന്നും അറിയാത്ത കുഞ്ഞാണ് അതിനുള്ളിൽ ഇക്കണ്ട വേദന സഹിച്ച് കിടക്കുന്നത്. അവള് ആക്‌സിഡന്റ് ആയി കിടക്കുന്നത് നന്നായി അല്ലെങ്കിൽ അവളെ ഞാൻ തന്നെ കൊന്നേനെ എന്റെ കുടുംബത്തിനെ ഉപദ്രവിക്കുന്നതിന്. ഞാനാണല്ലോ അവളെ പോലെ ഒരു ഒരുമ്പട്ടോളെ എന്റെ കുടുംബത്തിലേക്ക് കയറ്റിയത്. അതുകൊണ്ടാണല്ലോ എല്ലാവരും ഇതൊക്കെ അനുഭവിക്കുന്നത്. കേൾക്കുന്നവർക്ക് ക്രൂരത ആയി തോന്നാം എന്നാലും പറയാണ് അവൾക്ക് ഒരുകാലത്തും സുഖാവല്ലേ എന്നാണ് ഞാൻ ഇപ്പൊ പ്രാർത്ഥിക്കുന്നത്. അല്ലെങ്കിൽ അവൾ പിന്നെയും ഇറങ്ങും എന്റെ കുടുംബത്തിനെ ദ്രോഹിക്കാൻ.. മേരിയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ റീനാമ്മ ദേഷ്യത്തോടെ പറഞ്ഞു.

അലന്റെ ആക്സിഡന്റിന്റെ പിന്നിൽ ആൻസി ആണെന്നുള്ളത് അവർക്ക് പുതിയ അറിവായിരുന്നു. ഏദനെയും ദിയയെയും icuവിന്റെ മുന്നിൽ കണ്ടപ്പോൾ അവർ അന്വേഷിച്ചറിഞ്ഞിരുന്നു അലന് ആക്‌സിഡന്റ് ആയി കിടക്കുന്നത്.. പക്ഷേ ആൻസി ആണ് അതിന് പിന്നിൽ എന്ന് അവർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല..

റീനേ.. ആൻസി അവൾ ആയിരിക്കില്ല.. നിങ്ങൾക്ക് ചിലപ്പോ തെറ്റുപറ്റിയതാണെങ്കിലോ.. അവർ വിക്കലോടെ പറഞ്ഞു..

ഒരു തെറ്റും പറ്റിയതല്ല… എന്റെ കൈയിൽ വ്യക്തമായ തെളിവ് ഉണ്ട് അവളാണ് ഈ ആക്സിഡന്റിന് പിന്നിൽ എന്ന്. അതും വീഡിയോ ഫൂട്ടേജ്. അതിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട് അവളുടെ മുഖം…ഡേവി രൂക്ഷമായ സ്വരത്തിൽ അവരോട് പറഞ്ഞുകൊണ്ട്‌ റൂമിലേക്ക് പോയി. എല്ലാവരും അവരെ ഒന്ന് നോക്കികൊണ്ട്‌ അവന്റെ പുറകെ ആയി പോയി..

അവർ ഈ പാപമെല്ലാം ഇവൾ എവിടെ കൊണ്ടുപോയി തീർക്കും എന്നാലോചിച്ച് അവിടെ തന്നെ ഇരുന്നുപ്പോയി..

………………..

അന്ന് രാത്രി ചിറയത്ത് ഭക്ഷണം കഴിക്കാനായി ഇരുന്നതാണ് എല്ലാവരും..

നാളെ എപ്പോഴാ നീ പോകുന്നത്. ഞാനും കൂടി വന്നാലോ എന്നാലോചിക്കാ ഞാൻ.. വല്യപ്പച്ചൻ പറഞ്ഞു..

നാളെ വേണ്ട അപ്പച്ചാ. ആദ്യം ഞാൻ ഒന്ന് പോയി വിവരം ഒക്കെ ഒന്നറിയട്ടെ എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങൾ.. ജോസഫ് പറഞ്ഞു.

സോഫിയും അലക്സും ആനിയമ്മയും ഒന്നും മനസിലാവാതെ അവരെ നോക്കി…

എങ്ങോട്ട് പോകുന്ന കാര്യം ആണ് അപ്പച്ചാ.. ആനിയമ്മ
വല്യപ്പച്ചനോട് ചോദിച്ചു. അവർക്കറിയാമായിരുന്നു ജോസഫിനോട് ചോദിച്ചാലും അയാൾ ചിലപ്പോ പറയില്ല എന്നത്…

അത് അന്നമോളുടെ അവിടേക്ക് പോകുന്ന കാര്യം പറഞ്ഞതാണ്..

അന്നമോളുടെ അടുത്തേക്കാണോ എന്നാൽ പിന്നെ എല്ലാവർക്കും കൂടി പോക്കൂടെ.. അവൾടെ വിശേഷം അറിഞ്ഞിട്ട് നമ്മൾ അങ്ങോട്ട് പോയിട്ടില്ലല്ലോ… ആനിയമ്മ സന്തോഷത്തോടെ പറഞ്ഞു.

അതിന് അവരുടെ തറവാട്ടിലേക്ക് അല്ല അവൻ പോകാൻ പോകുന്നത് ഹോസ്പിറ്റലിലേക്ക് ആണ്…ജോസഫ് എന്തോ പറയാൻ പോകുന്നതിനു മുൻപായി വല്യപ്പച്ചൻ പറഞ്ഞു..

ഹോസ്പിറ്റലിലേക്കോ.. എന്തിന് അന്നമോൾ ഹോസ്പിറ്റലിൽ ആണോ… ആനിയമ്മ ആകുലതയോടെ ചോദിച്ചു..

അന്നക്ക് അല്ല. ജെനിക്കും ഡേവിയുടെ അനിയനും ആക്‌സിഡന്റ് ആയി. അവർ രണ്ടാളും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്… ജോസഫ് പറഞ്ഞു..

എന്നിട്ട് ജെനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ… അലക്സ് പെട്ടന്ന് ചോദിച്ചു…

എല്ലാവരും അവനെ നോക്കുന്നത് കണ്ടപ്പോൾ ആണ് അവന് ചോദിക്കേണ്ടിരുന്നില്ല എന്ന് തോന്നിയത്.

ജെനിക്ക് കുഴപ്പം ഒന്നുമില്ല മാത്രമല്ല സന്തോഷവാർത്തയും ഉണ്ട്. അവള് ഗർഭിണി ആണ്. ആ പയ്യന് ആണ് ഇത്തിരി പ്രശ്നമായിട്ടുള്ളത്. പക്ഷേ അപകടനില തരണം ചെയ്തിട്ടുണ്ട്…. ജോസഫ് അലക്സിനെ ഒന്ന് ഇരുത്തി നോക്കികൊണ്ട്‌ പറഞ്ഞു.

ജെനിക്ക് വിശേഷം ഉണ്ടെന്ന വാർത്ത സോഫിയെയും അലക്സിനെയും ആനിയമ്മയെയും ഒരുപോലെ ഞെട്ടിച്ചു. കാരണം അവരൊന്നും ജെനിക്ക് ഇനിയൊരു കുഞ്ഞുണ്ടാവും എന്ന് പോലും ചിന്തിച്ചിരുന്നില്ല. അപ്പോഴാണ് അവൾക്ക് ഇത്രയും പെട്ടന്ന് വിശേഷം ഉണ്ടെന്ന് അറിയുന്നത്.

സോഫിക്ക് തന്നോട് തന്നെ പുച്ഛം ആണ് തോന്നിയത്. അലക്സിനെ ജെനിയിൽ നിന്നും വേർപ്പെടുത്തിയെടുത്തപ്പോൾ എന്തൊക്കെയോ നേടിയപോലെ ഒരു അഹങ്കാരം ആയിരുന്നു. പക്ഷേ ഇപ്പൊ അഹങ്കാരം പോയിട്ട് സമാധാനം പോലും ഇല്ല. വീട്ടിൽ ആകെ ഒറ്റപ്പെട്ടതുപോലെ ആണ്. ആരും അവളോട്‌ കാര്യമായിട്ട് മിണ്ടാറില്ല. അലക്സ് ആയിട്ടാണെങ്കിൽ അടി ഒഴിഞ്ഞ് ഒന്നിനും നേരവും ഇല്ല. ആകെ കുറച്ചെങ്കിലും സമാധാനം മോന്റെ കൂടെ ഇരിക്കുമ്പോൾ ആണ് അവന്റെ ചിരിയും കളിയും കാണുമ്പോൾ ഒരു സമാധാനം ആയിരുന്നു. പക്ഷേ അതു കാണുമ്പോഴും നാലോ അഞ്ചോ മാസം കഴിയുബോൾ അവനെ സർജറിക്ക് വിധേയമക്കേണ്ടേ എന്നാലോചിച്ചിട്ട് നെഞ്ച് നീറും.. അവന്റെ വേദനകളും ബുദ്ധിമുട്ടുകളും തനിക്ക് ഏറ്റെടുക്കാൻ പറ്റിയെങ്കിൽ എന്നാണ് സോഫി ഇപ്പൊ ആഗ്രഹിക്കുന്നത്..

അലക്സിനും ഈ ജീവിതം മടുത്തു തുടങ്ങിയിരുന്നു. വീട്ടുകാർക്കും ബന്ധുക്കൾക്കും താൻ രണ്ടാം തരക്കാരനായി ഈ ഒരു ബന്ധത്തോടെ. എല്ലാവർക്കും ജെനിയെ അത്രയും ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ താൻ ജെനിയോട് ചെയ്യ്തത് ആർക്കും ക്ഷമിക്കാൻ പറ്റിയിട്ടില്ല. വീട്ടിലും ഒരു സമാധാനം ഇല്ല. സോഫിയുമായിട്ട് അടി ആണ് എപ്പോഴും. അവൾക്ക് ഭയങ്കര സംശയം ആണ് തന്നെ. താൻ ജെനിയോട് ചെയ്യ്തത് അവളോടും ചെയ്യുമോ എന്ന പേടി
ആണ്. ഇത്രനാളും സൂപ്പർമാർക്കെറ്റില്ലെങ്കിലും സമാധാനം ഉണ്ടായിരുന്നു. ഇപ്പൊ അവിടെയും അവൾ വന്നു തുടങ്ങിയ ശേഷം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ഏതെങ്കിലും സെയിൽസ് ഗേളിനോടോ ലേഡി കസ്റ്റമറോടോ കുറച്ചു കൂടുതൽ മിണ്ടിയാൽ തീർന്നു പിന്നെ വീട്ടിൽ വന്നാൽ അതിന്റെ പേരിൽ ഉള്ള അങ്കം ആയിരിക്കും. വീട്ടിൽ കയറാനെ തോന്നാറില്ല.. സോഫിയെ പരിചയപ്പെട്ടേ ഇല്ലായിരുന്നെങ്കിൽ ജെനി ഇപ്പോഴും തന്റെ കൂടെ കാണുമായിരുന്നു.. അവൻ നിരാശയോടെ ആലോചിച്ചു…

ഏത് മകന്റെ ജീവിതത്തിന് വേണ്ടിയാണോ താൻ ജെനിയെ താഴ്ത്തികെട്ടി സംസാരിച്ചതും എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചതും ഇപ്പൊ ആ മകന്റെ ജീവിതം ദിനംപ്രതി നശിച്ചുപോകുന്നത് കണ്മുന്നിൽ കാണേണ്ടി വരുന്നതിന്റെ വിഷമത്തിൽ ആണ് ആനിയമ്മ. അവർ രണ്ടുപേരും റൂമിൽ കയറിയാൽ പിന്നാലെ വഴക്കും വാഗ്വാദങ്ങളും കേൾക്കാം എല്ലാ സമയത്തും. വീട്ടിലും ആകെ വല്ലാത്ത ഒരു അവസ്ഥ ആണ്. ജെനി ഉണ്ടായിരുന്നപ്പോൾ എന്തോരം സമാധാനവും സന്തോഷവും ഉള്ള വീടായിരുന്നു.. ആ കുഞ്ഞിനെ കുറിച്ചാണല്ലോ എന്നിട്ട് താൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്..അവർ വേദനയോടെയും കുറ്റബോധത്തോടെയും ചിന്തിച്ചു..

10 മാസങ്ങൾക്ക് ശേഷം….

കൊട്ടാരത്തിൽ തറവാട്ടിൽ എല്ലാവരും തിരക്കിലാണ്. ഇന്നാണ് ജെനിയുടെയും ഡേവിയുടെയും മകൻ ജെയ്ഡൻ ഡേവിഡ് കൊട്ടാരത്തിലിന്റെയും എബിയുടെയും അന്നയുടെയും മകൾ എഡ്വിന എബിൻ കൊട്ടാരത്തിലിന്റെയും മാമോദിസ ചടങ്ങ്.  അതിന്റെ കാര്യങ്ങൾക്ക് ആയിട്ടുള്ള ഓട്ടങ്ങളിൽ ആണ് എല്ലാവരും. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആയിരുന്നു രണ്ടുപേരുടെയും ജനനം. ജെനിക്ക് ആദ്യത്തെ സിസേറിയൻ കഴിഞ്ഞത് കൊണ്ട് ഇതും സിസേറിയൻ തന്നെ ആയിരുന്നു. അന്നക്ക് നോർമൽ ഡെലിവറി ആയിരുന്നു. തങ്ങളുടെ ജീവന്റെ അംശത്തിനെ ഭൂമിയിൽ എത്തിക്കാൻ ആണല്ലോ ഇവർ ഇത്രയും കഷ്ടപ്പെടുന്നതോർത്ത് ഡേവിക്കും എബിക്കും അവരോട് സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. ഓരോ അമ്മമാരും എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് അവരുടെ കുഞ്ഞിന് പിറവികൊടുക്കുന്നത്. ഗർഭിണി ആയിരിക്കുന്ന സമയത്തുള്ള മൂഡ് സ്വിങ്സ് മാത്രേ എല്ലാവരും മനസിലാക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ. യഥാർത്ഥത്തിൽ അതിലും കൂടുതൽ മൂഡ് സ്വിങ്സ് ആയിരിക്കും അതു കഴിഞ്ഞിട്ട്. ഒരു പെണ്ണ് തന്റെ പാതിയിൽ നിന്നും വീട്ടുക്കാരിൽ നിന്നും ഏറ്റവും കൂടുതൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നത് ആ സമയത്ത് ആയിരിക്കും. നിർഭാഗ്യവശാൽ പല ഭർത്താക്കന്മാരും വീട്ടുകാരും അത് മനസിലാക്കുന്നില്ല.
ആ സമയത്ത് ഓരോ ചെറിയ കാര്യത്തിനും അവരെ  കുറ്റപ്പെടുത്തുന്നതിനും വഴക്ക് പറയുന്നതിനും പകരം അവരെ ചേർത്തു പിടിക്കണം.  എങ്കിലേ ഗർഭകാലം പോലെ അതിന് ശേഷം ഉള്ള സമയവും അവർക്ക് ആസ്വദിക്കാൻ കഴിയുകയുള്ളൂ.. ഇവിടെ  ഡേവിയും എബിയും എപ്പോഴും അവർക്ക് സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടായിരുന്നു. അവർ മാത്രമല്ല വീട്ടുകാരും അതുകൊണ്ട് തന്നെ ജെനിക്കും അന്നക്കും ഗർഭകാലം എത്ര സന്തോഷത്തോടെ ആണോ കഴിഞ്ഞു പോയത് അതിലും സന്തോഷത്തിൽ ആയിരുന്നു അതിന് ശേഷമുള്ള സമയവും..

വല്യേട്ടത്തി ദേ ഈ ചെക്കൻ പിന്നെയും എന്നെ കുളിപ്പിച്ചു…  പെണ്ണുങ്ങൾ എല്ലാവരും നിൽക്കുന്നിടത്തേക്ക് കുഞ്ഞു ജെയ്ഡനെയും കൊണ്ട് വന്നു കൊണ്ട് അലൻ പറഞ്ഞു..

അതിന് കുഞ്ഞിനെ പറഞ്ഞിട്ട് കാര്യം ഇല്ലെടാ. നിന്നെ കാണുമ്പോൾ കൊച്ചിന് അതിന്റെ ടോയ്ലറ്റ് നീ  ആണെന്ന് തോന്നുന്നുണ്ടാവും അതാണ് എപ്പൊ നീ എടുക്കുമ്പോഴും അവൻ ഒന്നും രണ്ടും ഒക്കെ നടത്തി തരുന്നത്… എൽസി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…

ദേ മമ്മി എന്ന് വിളിക്കുന്ന നാവുകൊണ്ട് എന്നെക്കൊണ്ട് വെറുതേ അതും ഇതും വിളിപ്പിക്കേണ്ട.. അലൻ കലിച്ചുകൊണ്ട് എൽസിക്ക് നേരെ ചെന്നു..

 

നീ ധൈര്യം ഉണ്ടെങ്കിൽ വിളിക്കെടാ.. നിന്റെ നാവ് ഞാൻ വെട്ടികളയും.. എൽസിയും കലിപ്പിലായി..

പിന്നേ മമ്മി എന്റെ നാവ് മുറിക്കാൻ വരുമ്പോ എന്റെ കൈയും കാലും മാങ്ങാ പറിക്കാൻ പോവൂലോ ഞാൻ അനങ്ങാതെ നിന്ന് തരാൻ.. അവൻ അവരെ പുച്ഛിച്ചു..

ദേ രണ്ടിനും എന്റെ കൈയിൽ നിന്ന് നല്ല അടി കിട്ടും ഇനി മിണ്ടിയാൽ.. എൽസി എന്തോ പറയാൻ പോയതും വല്യമ്മച്ചി ടെറർ ആയി. അതോടെ രണ്ടെണ്ണവും പരസ്പരം ഒന്ന് നോക്കി പുച്ഛിച്ചിട്ട് മുഖം തിരിച്ച് രണ്ട് ദിക്കിലേക്ക് പോയി..

ഓഹ്.. ഇങ്ങനെ രണ്ടെണ്ണം വല്യമ്മച്ചി തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.. ബാക്കി ഉള്ളവരും ചിരിയോടെ നിന്നു.

അന്നത്തെ ആക്‌സിഡന്റിന് ശേഷം ഏകദേശം 20 ദിവസത്തിന് മുകളിൽ icuവിൽ കിടന്നതിന് ശേഷം ആണ് അലനെ റൂമിലേക്ക് മാറ്റിയത്. പിന്നെയും മൂന്നുമാസം എടുത്തു അവൻ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ. നട്ടെല്ലിന് പറ്റിയ പരിക്ക് അത്ര സീരിയസ് ആയിരുന്നില്ലെങ്കിലും നല്ല റസ്റ്റ്‌ വേണ്ടത് ആയിരുന്നു. പിന്നേ കാലിലും സ്റ്റീൽ റോട് ഇട്ടിരുന്നു. പക്ഷേ അവന്റെ മനോധൈര്യവും വീട്ടുകാരുടെ സപ്പോർട്ടും കാരണം മൂന്നുമാസം കൊണ്ട് തന്നെ ചെക്കൻ ഉഷാറായി. അവനെ റൂമിലേക്ക് മാറ്റിയ അന്നാണ് ജെനി ആസിഡന്റിന് ശേഷം അവനെ കാണുന്നത്. അതോടെ അവന്റെ തലയിലും കാലിലും കൈയിലും ഉള്ള വച്ചുകെട്ടുകളിൽ എല്ലാം തൊട്ടുനോക്കിക്കൊണ്ട് ആള് കരച്ചിൽ തുടങ്ങി. ആരൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നുണ്ടായില്ല. പിന്നെ അലന്റെ തന്നെ ചളിയും സംസാരവും ആണ് അവളെ ചിരിപ്പിച്ചത്. അവളുടെ വിശേഷം അറിഞ്ഞപ്പോൾ അവന് തന്റെ സന്തോഷം അടക്കാൻ പറ്റിയില്ല. അന്ന് ആക്‌സിഡന്റ് ആവും എന്നുറപ്പായപ്പോൾ എങ്ങനെയും വല്യേട്ടത്തിയെ രക്ഷിക്കണം എന്നേ അവൻ ചിന്തിച്ചുള്ളൂ.  വല്യേട്ടായി ഒന്ന് സന്തോഷിച്ചും ജീവിച്ചും വരുന്നേ ഉള്ളൂ. വല്യേട്ടത്തിക്ക് വല്ലതും പറ്റിയാൽ വല്യേട്ടായിയും ഇല്ലാതെ ആവും. അത്രക്കും ഭ്രാന്തമായ ഒരിഷ്ടം ആണ് വല്യേട്ടായിക്ക് ഏട്ടത്തിയോട്. ആ ചിന്തകൾ ആണ് അന്ന് ജെനിയെ എങ്ങനെയും രക്ഷിക്കണം എന്ന് അവൻ തീരുമാനിക്കാൻ കാരണം. ആ സമയം അവന്റെ സുരക്ഷയെ പറ്റി അവൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. അലൻ കെടുപ്പിലായ മൂന്നുമാസവും അവന്റെ കാര്യങ്ങൾ നോക്കിയത് ഏദനും ദിയയും കൂടിയാണ്. ഡേവിയും എബിയും എല്ലാം അവർക്ക് സപ്പോർട്ട് ആയിട്ട് ഉണ്ടായിരുന്നു. ആക്‌സിഡന്റ് കഴിഞ്ഞതോടെ അവന് ഒന്നുകൂടി സമർഥ്യം കൂടി എന്നാണ് എൽസിയുടെ കണ്ടു പിടിത്തം. അവർ രണ്ടെണ്ണം ഇപ്പോഴും തല്ലുപിടിച്ചുകൊണ്ട് തന്നെ പരസ്പരം സ്നേഹിച്ചു നടക്കുന്നു.

നിനക്ക് ഒന്നു നോക്കി നടന്നൂടെ പെണ്ണേ. ഇങ്ങനെ തുള്ളി തുള്ളി ആണോ ഈ സമയത്ത് നടക്കേണ്ടത്. 7 മാസം കഴിഞ്ഞ് ഇരിക്കാണെന്ന് ഒരു ബോധം ഇല്ലേ നിനക്ക്.. ദേവന്റെ ശബ്ദം കേട്ടാണ് എല്ലാവരെയും അങ്ങോട്ട് നോക്കിയത്.

ദേ.. മനുഷ്യാ ഞാൻ പറഞ്ഞിട്ടുണ്ട് ഈ സമയത്ത് നന്നായി നടക്കണം എന്ന്. എന്നാലേ കുഞ്ഞ് ഒരു കുഴപ്പവും ഇല്ലാതെ പുറത്തോട്ട് വരികയുള്ളൂ. അതിനെങ്ങനെയാ മനുഷ്യനെ അനങ്ങാൻ സമ്മതിക്കുമോ. എന്തൊരു പേടിയാ ഇത്… വലിയ വയറും താങ്ങി വരുന്ന ലിഡിയയുടെ കൂടെ അവളുടെ കൈപിടിച്ച് നടത്തികൊണ്ട് വരികയാണ് ദേവൻ. അവളെ ചീത്ത പറയുന്നും ഉണ്ട് ആള്. അതിന് നല്ലത് അവളും തിരിച്ച് പറയുന്നുണ്ട്

ലിഡിയയും ലിബിനും ഇപ്പൊ അവരുടെ കുടുംബത്തിലെ അംഗങ്ങൾ തന്നെ ആണ്. അതുപോലെ ദേവനും. ലിഡിയ ഇപ്പൊ 7 മാസം ഗർഭിണി ആണ്. അവളുടെ വയറ് വലുതാകും തോറും ദേവന് ഭയം ആണ്. കൊല്ലാനും ചാവാനും ഭയമില്ലാത്ത ദേവന് ലിഡിയ ഒന്നു ഉറക്കത്തിൽ ഞെരങ്ങിയാൽ വരെ ഭയമാണ്. ഇങ്ങേര് ഇത്രയും ലോലൻ ആയിരുന്നോ എന്നാണ് അവനെ കാണുന്ന പിള്ളേര് പടയുടെ സംശയം. ഡേവി മാത്രം ദേവന്റെ മാറ്റങ്ങൾ മനസ്സു നിറഞ്ഞ സന്തോഷത്തോടെ കണ്ടു.  ഡേവിക്ക് അറിയാമായിരുന്നു അനാഥനായ ദേവന് അവന്റെ ജീവൻ തന്നെ ലിഡിയ ആണെന്ന്. ആദ്യമായി സ്വന്തം എന്ന് പറഞ്ഞ് ഒരാളെ കിട്ടിയതിന്റെ സന്തോഷം ഭ്രാന്തമായി അവളെ സ്നേഹിച്ചിട്ടാണ് അവൻ തീർക്കുന്നത്.

എന്താ മക്കളേ.. എന്തിനാ ഈ വഴക്ക്… റീനാമ്മ ലിഡിയയെ പിടിച്ച് അവിടെ ഉള്ള കസേരയിൽ ഇരുത്തിക്കൊണ്ട് ചോദിച്ചു..

എന്റെ റീനമമ്മി ഈ ഇച്ചായനെ കൊണ്ട് ഒരു രക്ഷയും ഇല്ല. എന്നെ ഒന്ന് ഒറ്റക്ക് ശ്വാസം വിടാൻ പോലും സമ്മതിക്കുന്നില്ല. എന്തൊരു പേടി എന്നാ ഇതിനെ പറയേണ്ടത്.. ലിഡിയ ദേവനെ കൂർപ്പിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.

അതുപിന്നെ ഇവൾക്ക് ഒരു ശ്രദ്ധയും ഇല്ല മമ്മി. എത്ര പറഞ്ഞാലും തുള്ളിച്ചാടിയെ നടക്കൂ.. അതാ എനിക്ക് ഇത്ര പേടി.. ഒരു ചമ്മിയ ചിരിയോടെ ദേവൻ പറഞ്ഞു. ദേവന്റെ മുഖം കണ്ട ബാക്കി ഉള്ളവർ ചിരി കടിച്ചു പിടിച്ചു നിന്നു.

പിന്നെ ശ്രദ്ധ ഇല്ല പോലും. നോക്കിക്കോ അടുത്ത പ്രെഗ്നൻസി ഞാൻ ആഘോഷിക്കും.. ഇപ്പൊ പറ്റാത്തതൊക്കെ അപ്പൊ ഞാൻ ചെയ്യും… ലിഡിയ അവനെ നോക്കി കെറുവിച്ചുകൊണ്ട് പറഞ്ഞു.

അതിന് ഇതോടെ ഈ പരിപാടി ഞാൻ നിർത്തിക്കും. എനിക്ക് വയ്യ വെറുതേ ടെൻഷൻ അടിക്കാൻ. ഈ ഒരെണ്ണം മതി നമുക്ക്… ഹും.. ഞാൻ അങ്ങോട്ട് പോവാണ്.. ശ്രദ്ധിച്ചോളോ. എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിൽ ആരെയെങ്കിലും പിടിച്ച് നടന്നാൽ മതി കേട്ടല്ലോ.. അവള് കൂർപ്പിച്ചു നോക്കി പറഞ്ഞുകൊണ്ട് അവൻ തിരികെ പോയി.

എന്റെ കർത്താവേ.. ഈ മനുഷ്യൻ.. ലിഡിയ തലയിൽ കൈവച്ചുപോയി..

സ്നേഹംകൊണ്ടല്ലേ പെണ്ണേ.. അന്ന അവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

അതൊക്കെ തന്നെ എന്നാലും ഇതൊക്കെ കൊഞ്ചം ഓവറല്ലേ.. ലിഡിയ ഒരു കുസൃതി ചിരിയോടെ പറഞ്ഞു..

അത് പറഞ്ഞിട്ട് കാര്യമില്ല മോളെ മുല്ലപൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്ന് കേട്ടിട്ടില്ലേ നീ അതു തന്നെ ആണ് ഇവിടെയും അവസ്ഥ. ദേവേട്ടൻ അങ്ങേരുടെ സാറിനെ കണ്ടല്ലേ പഠിക്കുന്നെ. ഇവിടെ ചിലർ ഗർഭിണി ആയ സമയത്ത് എന്തൊക്കെയാ ചേട്ടായി കാട്ടികൂട്ടിയത് അല്ലേ എളേമ്മേ.. അന്ന ജെനിയെ നോക്കി ഒരു കളിയാക്കി ചിരിയോടെ റാണിയോട് ചോദിച്ചു.

പോടീ എന്റെ ഇച്ചായൻ ഇത്രത്തോളം ഒന്നും ഉണ്ടായില്ല… ജെനി അന്നയെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

ഏയ്യ് തീരെ ഉണ്ടായില്ല അതുകൊണ്ടാണല്ലോ നിനക്ക് അഞ്ചാംമാസം മുതൽ അങ്ങേര് ഓഫീസിൽ പോകാതെ വർക്ക്‌ ഒക്കെ ഇവിടെ ഇരുന്ന് നോക്കി നിനക്ക് കാവൽ ഇരുന്നത്… അന്ന ജെനിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

അതു പിന്നെ…. അന്ന പറയുന്നത് കേട്ടതും ജെനിയുടെ മുഖത്ത് ഒരു ചമ്മൽ നിറഞ്ഞു. അന്നയും ലിഡിയയും റാണിയും അവളെ കളിയാക്കികൊണ്ടിരുന്നു.

ഹാ.. മതി പിള്ളേരെ എന്റെ കൊച്ചിനെ കളിയാക്കിയത്.. റീനാമ്മ മൂന്നിനേയും നോക്കി കണ്ണുരുട്ടികൊണ്ട്  പറഞ്ഞു. അതോടെ മൂന്നും ഡീസന്റ് ആയി നിന്നു.

ലിബി എന്തിയേ കൊച്ചേ… വല്യമ്മച്ചി ചോദിച്ചു.

ചേട്ടായി ചേട്ടത്തിയെ വിളിക്കാനായി റൂമിലേക്ക് പോകുന്നുണ്ടായിരുന്നു. ആ ദേ വന്നല്ലോ.. ലിഡിയ ചൂണ്ടിക്കാട്ടി പറയുന്നിടത്തേക്ക് നോക്കിയ എല്ലാവരുടെയും ചുണ്ടിൽ അവരെ കണ്ടതും ഒരു ചിരി വിരിഞ്ഞു.

എവിടെ ആയിരുന്നു നിങ്ങൾ. രാവിലെ മുതൽ കാണാൻ ഇല്ലായിരുന്നല്ലോ രണ്ടിനേം..

ദേ ഇവൾക്ക് ഒന്ന് അമ്പലത്തിലേക്ക് പോകണം എന്ന് പറഞ്ഞിട്ട് അങ്ങോട്ട് പോയി തിരികെ എത്തിയതേ ഉള്ളൂ… അടുത്തു നിൽക്കുന്ന സീതയെ കാട്ടികൊണ്ട് ലിബി പറഞ്ഞു.

അന്നത്തെ ആക്സിഡന്റോടെ സീത കൊട്ടാരത്തിൽ ഉള്ളവരോട് എല്ലാം നന്നായി അടുത്തു. അവർക്കും അവളെ വലിയ ഇഷ്ട്ടം ആയിരുന്നു. അതുകൊണ്ട് തന്നെ എന്ത് കാര്യം ഉണ്ടെങ്കിലും അവളെ വിളിക്കുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് ലിബിക്ക് സീതയോട് എന്തോ സ്പാർക്ക് അടിച്ചു. ലിബിയും ലിഡിയയും ഡൽഹിയിലെ എല്ലാം വിറ്റിട്ട് ഇവിടെ സെറ്റൽഡ് ആയിരുന്നു. ലിബി കൊട്ടാരത്തിൽ ഹോസ്പിറ്റലിൽ ന്യൂറോ സർജൻ ആയി കയറുകയും ചെയ്യ്തു. അങ്ങനെ സീതയോടുള്ള ഇഷ്ടം അവൻ ഉള്ളിൽ ഇട്ട് നടക്കുമ്പോൾ ആണ് സീതയുടെ അമ്മ മരിക്കുന്നത്. അതോടെ ഒറ്റക്കായ സീതയെ അച്ഛൻ പെങ്ങളുടെ മകനേ കൊണ്ട് നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ നോക്കി. കൃത്യ സമയത്ത് അന്നയും ജെനിയും ഒക്കെ അവിടെ എത്തിയത് കൊണ്ടാണ് അവരുടെ പ്ലാൻ നടക്കാതെ പോയത്. അതുമാത്രം അല്ല സീതയെ അവർ തറവാട്ടിലേക്ക് കൊണ്ടു വരികയും ചെയ്യ്തു. അതോടെ സീതയുടെ അച്ഛന്റെ വീട്ടുക്കാർ സീതയെയും അവളുടെ അമ്മയെയും കുറിച്ച് അനാവശ്യം പറഞ്ഞ് പരത്തി. ഇതറിഞ്ഞ സീത ഒന്നുകൂടി തളർന്നു. ആ സമയത്ത് ലിബിയുടെ സീതയോടുള്ള സ്നേഹം മനസിലാക്കിയ ഡേവി ആണ് മുന്നിട്ട് ഇറങ്ങി സീതയുടെ ഇഷ്ടം കൂടി അറിഞ്ഞ് അവരെ കല്യാണം നടത്തികൊടുത്തത്. രണ്ടാളും ഇപ്പൊ പ്രേമിച്ചുനടക്കുന്നു.

അമ്മ അപ്പ വിളിക്കുന്നു അങ്ങോട്ട്.. ലിബിയോടും സീതയോടും സംസാരിച്ച് നിൽക്കുന്ന ജെനിയെ ജാനിമോള് വന്നു വിളിച്ചു. ജാനിമോൾക്ക് ഇപ്പൊ മൂന്നു വയസ്സ് ആകാറായി. ആള് നന്നായി സംസാരിക്കും ഇപ്പൊ. രണ്ട് കുഞ്ഞൂസുങ്ങളുടെയും ഇച്ചേച്ചി ആയി നടക്കുന്നു ഇപ്പൊ.. എന്നാലും ജെനിയുടെ കാര്യത്തിൽ നല്ല പോസ്സസ്സീവ് ആണ് ആള്. ഡേവിയെ വരെ ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കില്ല ജെനിയുടെ അടുത്ത്.

എങ്ങോട്ടാ പൊന്നേ.. ജെനി ചോദിച്ചു.

പുറത്തേക്ക് അമ്മേ. അമ്മ വായോ എന്നും പറഞ്ഞ് ജെനിയുടെ കൈയും പിടിച്ച് വലിച്ച് വീടിന്റെ ഫ്രന്റിലേക്ക് കൊണ്ടുപോയി..

എന്താ ഇച്ചായാ കാര്യം… അവിടെ നിൽക്കുന്ന ഡേവിയെ കണ്ടതും ജെനി ചോദിച്ചു.

അതൊക്കെ ഉണ്ട്…. ജെനിയുടെ കൈയിൽ ഉള്ള മോനേ കൈയിലേക്ക് വാങ്ങിക്കൊണ്ട് ഡേവി പറഞ്ഞു.

അടുത്ത നിമിഷം ജെനിയുടെ കണ്ണുകൾ പിന്നിൽ നിന്നും ആരോ മൂടി…

……………