22/04/2026

മൂക്കുത്തി : ഭാഗം 34

രചന – ആയിഷ അക്ബർ

എന്താ….. എന്താ കുട്ടിയിവിടെ….

ദേവൻ അത് ചോദിച്ചത് അഞ്ജലിയോടായിരുന്നു….

ചോദിക്കുമ്പോഴുള്ള സ്വരത്തിലെ കനം അഞ്ജലിയെ ചുട്ട് പൊള്ളിച്ചു….

അവളെന്തു പറയണമെന്നറിയാതെ ഒരു നിമിഷം അങ്ങനെ നിന്നു……

ദേവന്റെ മുഖത്തെ ഗൗരവം കാൻകെ അവൾ തല കുനിച്ചു നിന്നു…

ആ ഗൗരവം തന്നെ അത്രത്തോളം വേദനിപ്പിക്കാൻ കഴിവുള്ളതാണെന്ന് അവൾ തിരിച്ചറിയുക യായിരുന്നു……

ഈ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം വെച്ച് നീട്ടിയ വാത്സല്യമാവാം അതിനു കാരണം….

അത് അച്ഛാ….. അവിടെ ബാത്‌റൂമിലെ പൈപ്പ് കേട് ആയത് കൊണ്ട് അഞ്ജലി ഇവിടെ ബാത്റൂമിൽ കുളിക്കാൻ വന്നതാ…..
അപ്പൊ പെട്ടെന്ന് വഴുക്കി വീണു….

അർജുൻ പെട്ടെന്നത് പറഞ്ഞതും അഞ്ജലി അവനെ ഇടം കണ്ണാലെ യൊന്നു നോക്കി..

പിന്നെ പതിയെ ദേവനിലേക്കും…

ദേവന്റെ മുഖത്ത് ഊറി നിന്നിരുന്ന ആ ഗൗരവം പതിയെ നീങ്ങി പോകുന്നത് കാൻകെ അഞ്ജലിയുടെ മനസ്സിൽ ഒരു തണുപ്പിരച്ചെത്തി….

അപ്പൊ ശ്രദ്ധിക്കണ്ടേ മോളെ…..
വീണു വല്ലോം പറ്റിയിരുന്നെങ്കിലോ….

ദേവൻ സ്നേഹത്തോടെ അത് പറയുമ്പോൾ അഞ്ജലി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പാടെ പരാജയപ്പെട്ടിരുന്നു….

ഇനിയെന്തെങ്കിലും പറഞ്ഞാൽ താൻ കരഞ്ഞു പോകുമോയെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ വേഗം അവിടെ നിന്നും നടന്നു….

അവൾ പോയതും ദേവന്റെ നോട്ടം അർജുനിലേക്കായി….

ദേ കെളവാ… എന്റെ കൊച്ചിനെ പേടിപ്പിച്ചാലുണ്ടല്ലോ….

അർജുൻ ദേവനെ നോക്കിയത് പറയുമ്പോൾ മുഖത്തൊരു പുഞ്ചിരിയുടെ കൂട്ടുണ്ടായിരുന്നു…..

നിന്റെ കൊച്ചോ…. വായിൽ പഴം തിരുകിയ പോലെ ഇരുന്നാൽ അവള് അവളുടെ പാട് നോക്കി പോകും പറഞ്ഞേക്കാം….

ആദ്യം മനസ്സ് തുറന്ന് സംസാരിക്കാൻ നോക്കെടാ….

അതെങ്ങനാ ആ തള്ളേടെ അല്ലെ മോൻ..എന്തുണ്ടെങ്കിലും മനസ്സിൽ വെച്ചുരുട്ടി നടന്നോളും…..

ദേവൻ അത് പറഞ്ഞതും അർജുന് ചിരി വന്നു….

ഛെ…. നല്ലൊരു ഫ്ളോയിൽ വന്നതായിരുന്നു…. നശിപ്പിച്ചില്ലേ….

അർജുൻ മുഖം കൂർപ്പിച്ചു കൊണ്ട് ദേവനോടത് പറഞ്ഞതും അയാളോന്ന് ചിരിച്ചു..

അങ്ങനെ എന്റെ കുറെ ഫ്ലോ നീ കാരണം പോയിട്ടുണ്ട്…
അതിനൊക്കെ തിരിച്ചു തരണ്ടേ….

ദേവന്നത് പറഞ്ഞതും അർജുൻ വീണ്ടും ചിരിച്ചു….

പിന്നെ… ഒരു കാര്യം പറയാം….ഞാൻ നിന്നോട് പറഞ്ഞതാണ്…. എങ്കിലും ഓർമയിലുണ്ടാവാനാണ് വീണ്ടും പറയുന്നത്…..
ഞാൻ തിരിച്ചു പോകുമ്പോൾ നീയും കൂടെയുണ്ടാകും…

ഇനിയും ഇവിടെ നിന്ന് സമയം കളയാനില്ല…
എൻറെ എല്ലാ ബിസ്സിനെസ്സും ഇനി നിന്റെ കയ്യിലാണ്..
അതിനുള്ള തെല്ലാം ഞാൻ റെഡി ആക്കിയിട്ടുണ്ട്.

ഒരാഴ്ച…. അത്രയേ ഇനി നിനക്ക് സമയമുള്ളൂ…
അതിനുള്ളിൽ തുറന്ന് പറഞ്ഞു അവളെയും കൂടെ കൂട്ടാൻ നോക്ക്….
അവളുടെ പേപ്പേഴ്സ് എല്ലാം ശെരിയാക്കാൻ സമയം വേണം….

നിന്നെ എല്ലാം ഏൽപ്പിച്ചാൽ പിന്നെ ഞങ്ങൾ ഇങ്ങോട്ട് തിരിച്ചു പോരും..
അപ്പൊ നിനക്കൊരു കൂട്ട് അത്യാവശ്യമാണ്……..
തുറന്ന് സംസാരികക്ക്……

തകർന്ന മനസ്സ് ബിസ്സിനസ്സിലുള്ള ശ്രദ്ധ കുറയ്ക്കും…..

മനസ്സിലായല്ലോ….

അതും പറഞ്ഞു ദേവൻ അവിടെ നിന്നും പോകുമ്പോൾ അർജുനങ്ങനെ നിന്നു….

തന്റെ മുന്നിലുള്ള സമയത്തെ അച്ഛൻ വരച്ചു തന്നിരിക്കുന്നു..

പോകാതിരിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്….

അതിനു മുമ്പേ അഞ്ജലിയോട് തന്റെ ഇഷ്ടം പറയണം….
കൂടെ കൂട്ടണം…..

അവന്റെ ചുണ്ടിലൊരു പുഞ്ചിരി തളിരിടുമ്പോഴും അവളെങ്ങനെ പ്രതികരിക്കുമെന്നൊരു ആശങ്ക അവനെ കടന്ന് പിടിച്ചിരുന്നു……

കോളേജിലേക്ക് പോയ അവൾ തിരിച്ചു വന്നിട്ട് അവളോട് തന്റെ ഇഷ്ടം നേരിട്ട് പറയണമെന്നും അവൾ തന്റെ കൂടെ പോരുമ്പോൾ അച്ഛന്റെ ഓർമയായ ആ മൂക്കുത്തി അവൾക്ക് നൽകണമെന്നും അതിനേക്കാൾ വലിയൊരു മൂക്കുത്തിയിട്ട് അവളെ കാണണമെന്നും എല്ലാം സ്വപ്നം കണ്ടവനങ്ങനെ കട്ടിലിൽ കിടന്നു….

അത്രത്തോളം അവനു ക്ഷമയില്ലെന്ന് മനസ്സിലായതും അവൻ വേഗം എഴുന്നേറ്റ് കാറിന്റെ ചാവിയെടുത്തു.. അന്നത്തെ മനോഹരമായ നിമിഷങ്ങളുടെ പ്രതിഫലനണമെന്നോണം അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞതും അവന്റെ കൈ ബൈക്കിന്റെ ചാവിക്കായി തിരഞ്ഞു..

അമ്മായി…. ബൈക്കിന്റെ ചാവി…

അവിടെ കാണാനില്ലെന്ന് കണ്ടതും അവിടെ നിൽക്കുന്ന ശോഭയോടാണവനത് ചോദിച്ചത്….

അരുൺ…..ബൈക്കിലാണല്ലോ പോയത്….

പെട്ടെന്ന് അവരത് പറഞ്ഞതും ഒരു നിരാശ അവനെ വന്നു മൂടി….

അവൻ കാറിന്റെ ചാവിയെടുത് പുറത്തേക്ക് നടന്നു…..

മനസ്സ് അതിരില്ലാത്തൊരു സന്തോഷം പേറുമ്പോഴും എവിടെയോ ഒരു ആശങ്ക മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു..

എല്ലാം കൂടി കലർന്ന ഒരു അവസ്ഥ…..

കോളേജ് കഴിയാനുള്ള സമയം ആയിട്ടില്ലെങ്കിലും കുട്ടികളൊക്കെ പുറത്തായി നിൽക്കുന്നുണ്ട്…..

കാറ് ഒരു വശത്തേക്കൊതുക്കി അവൻ അവളെ കാത്തെന്ന വണ്ണം അങ്ങനെ നിന്നു…..

അതാ അവൾ നടന്ന് വരുന്നുണ്ട്….

അവളെ കാണുമ്പോൾ എന്തോ പതിവില്ലാത്തൊരു വിറയൽ കടന്ന് പിടിക്കുന്നു…..

അവളപ്പോഴൊന്നും തന്നെ കണ്ടിട്ടില്ല….

കൂട്ടുകാരുമൊത് ചിരിച് എന്തൊക്കെയോ സംസാരിച്ചു വരികയാണ്….

തന്റെ മിഴികൾ അവളിൽ മാത്രമായി പതിഞ്ഞു നിന്നു…..

അവൾ നടക്കുന്നതിനനുസരിച് മുന്നിലേക്ക് പിന്നിയിട്ട മുടിയിഴകൾ തെന്നി നീങ്ങും പോലെ….

അവളുടെ വിടർന്ന മിഴികൾ ക്ക് ചുറ്റും പരന്ന കണ്മഷിക്ക് പോലും വല്ലാത്തൊരു സൗന്ദര്യം….

ഒരു നോട്ടത്തിനിടയിൽ പെട്ടെന്നവൾ തന്നെ കണ്ടെന്നു തോന്നിയതും അവളൊന്നു കൂടി സൂക്ഷിച്ചു നോക്കും പോലെ..

തന്നെ അവളോട്ടും പ്രതീക്ഷിക്കാത്തത് പോലെ……

അവൻ അദരങ്ങളിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ അങ്ങനെ നിന്നു….

ഏയ്… അർജുൻ ബ്രോ….

അപ്പോഴേക്കും അവളുടെ കൂട്ടുകാരെല്ലാം തന്നേ കണ്ട് ഓടി വന്നു…….

പിറകെ പതിയെ അവളും….

എന്താ…. എന്താ ഇന്ന് ഭാര്യയെ കൂട്ടി കൊണ്ട് പോകാൻ വന്നതാണോ…

മിഥുനഥ് ചോദിച്ചതും അർജുനൊന്നു പുഞ്ചിരിച്ചു……

നിങ്ങളല്ലേ ചെലവ്‌ വേണമെന്ന് പറഞ്ഞത്…
അപ്പൊ അതിനു വേണ്ടി വന്നതാ….

അവൻ അവളുടെ മുഖത്ത് നോക്കാതെ അവരോടായാണത് പറഞ്ഞത്.

എങ്കി നടക്ക് ബ്രോ….റോയൽ ചോയ്സിലേക്ക്….

അതും പറഞ്ഞവർ ചിരിച്ചതും അർജുന്നും ചിരിച്ചു……

അഞ്ജലി വല്ലാത്തൊരു ഭാവത്തോടെ അങ്ങനെ നിന്നു….

കാരണം അവൻ തനിക്ക് സ്വന്തമല്ലെന്നത് തനിക്കല്ലേ അറിയൂ…..

അവൾ നിസ്സഹായ ഭാവത്തോടെയാണ് അവരുടെ കൂടെ നടന്നത്. ..

എല്ലാവരും ഭക്ഷണം കഴിക്കാൻ ടേബിളിനിരുവശവും ഇരിക്കുമ്പോൾ അഞ്‌ജലിയും അവനെതിർ വശത്തായാണിരുന്നത്…..

അവൻ അവരോട് സംസാരിക്കുമ്പോഴും തന്നിലേക്ക് പാറി വീഴുന്ന പ്രണയാർദ്രമായ നോട്ടങ്ങളെ അവളറിയുന്നുണ്ടായിരുന്നു…

ഇവിടെ പുലിക്കുട്ടിയായ ഈ അഞ്ജലി ബ്രോ ന്റെ മുമ്പിൽ പൂച്ചക്കുട്ടിയാണല്ലോ….

ഷറഫ് അഞ്ജലിയെ നോക്കി അത് പറഞ്ഞതും അർജുൻ പതിയെ അവളിലേക്കൊന്ന് നോക്കി…..

അഞ്ജലി ഷറഫിനെ നോക്കി കണ്ണുരുട്ടുന്ന തിരക്കിലായിരുന്നപ്പോൾ…

പെട്ടെന്ന് മിഴികളൊന്നവനിലേക്ക് തിരിഞ്ഞതും തന്നിലേക്ക് നീളുന്ന അവന്റെ നോട്ടം അവളുടെ ശ്വാസമിടിപ്പ് ഉയർത്തും പോലെ..

അത്രയേറെ വശ്യമായ എന്തോ ഒന്ന് ആ മിഴികൾ കൈ വഷപ്പെടുത്തിയിരുന്നു..

അവൾ പെട്ടെന്നവനിൽ നിന്നും മിഴികൾ നീക്കി….

ഇനിയെന്താ ബാക്കി പരിപാടി……
തിരിച്ചു പോകുമ്പോൾ അഞ്ജലി യെ കൂടെ കൊണ്ട് പോകുന്നില്ലേ….

മിഥുനത് ചോദിച്ചതും അഞ്ജലി തല താഴ്ത്തി ഇരുന്നു…….

ആ….. കൊണ്ട് പോകണം….
അടുത്ത ആഴ്ച ആയിട്ട് മിക്കവാറും പോകും….

അർജുൻ കുടിച് കൊണ്ടിരുന്ന ജ്യൂസിറക്കി അത് പറയുമ്പോൾ കള്ളമാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അഞ്ജലി പുറത്തേക്ക് നോക്കിയങ്ങനെ ഇരുന്നു……
അതിനേക്കാൾ അത് കഴിഞ്ഞ് താൻ അവരിൽ നിന്ന് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അവളെ ആശങ്കയിലാക്കി….

എങ്കി ശെരി ബ്രോ…. താങ്ക് യൂ ഫോർ ത ട്രീറ്റ്‌……

അതും പറഞ്ഞവർ ഓരോരുത്തരായി പോകുമ്പോഴും കുടിച് മുഴുവനക്കാത്ത ആ ജ്യൂസ്‌ മായി അവനങ്ങനെ ഇരുന്നു…..

അഞ്ജലിയുടെ കഴിക്കൽ കഴിഞ്ഞ് അവളവന് വേണ്ടി കാത്തിരിക്കുകയാണ്…..

ഇത്ര നേരമൊക്കെ കുടിക്കാനുണ്ടോ ഒരു ജ്യൂസ്‌…

അവൾ മനസ്സിൽ പറഞ്ഞു….

അവര് പറഞ്ഞത് ശെരിയാണോ….
അതെന്താ താൻ എന്റടുത്തു മാത്രം ഇങ്ങനെ……

ഒരു നിശബ്ദതക്ക് ശേഷം അവനത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല…

പുറത്തേക്ക് നോക്കിയങ്ങനെ ഇരുന്നു….

ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു….

എന്തിനാ അവരോടൊക്കെ ഞാൻ കൂടെ വരുന്നുണ്ടെന്നൊക്കെ കള്ളം പറഞ്ഞത്….വേണ്ടായിരുന്നു……

ഗ്ലാസ്‌ വിൻഡോയിലൂടെ പുറത്തേക്ക് മിഴികൾ നട്ടവളത്പറയുമ്പോൾ അവനൊരു അത്ഭുതത്തോടെ അവളെ നോക്കി…..

താൻ പറഞ്ഞത് തെറ്റായി പ്പോയി എന്ന ഭാവത്തിലാണ് അവൾ പറയുന്നത്……

അതിനേക്കാൾ അവൾ കൂടെ വരില്ലെന്ന് ഉറച്ച വിശ്വാസത്തിലും…..

അഞ്ജലി വന്നാൽ അർജുൻ കൊണ്ട് പോകുക തന്നെ ചെയ്യും…..

അവൻ അവളുടെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ ടേബിളിൽ വെച്ചിരുന്ന അവളുടെ കയ്യിനു മുകളിൽ പതിയെ ഒന്ന് തൊട്ടു….

തന്റെ മനസ്സിലുള്ള വികാരങ്ങളത്രയും അവളിലേക്ക് പകരാനെന്ന പോൽ……

പുറത്തേക്ക് മിഴികൾ നട്ടിരുന്ന അവൾ പെട്ടെന്ന് അവനിലേക്കൊന്ന് നോക്കി……

അവന്റെ മിഴികൾ തന്റെ മിഴികളിൽ മാത്രം കുരുങ്ങി കിടക്കുകയാണ്…..

ഭാര്യ യാണ്…. കൂട്ടി കൊണ്ട് പോകാനുള്ള അർഹതയുണ്ട്….

എന്നാൽ ഭാര്യ യാക്കിയത് നിന്റെ സമ്മതത്തോടെയല്ല…
അത് കൊണ്ട് നിന്റെ മനസ്സിലുള്ളത് ഇപ്പോഴെങ്കിലും ചോദിക്കാതിരിക്കാൻ പറ്റില്ലെനിക്ക്…….

അവൻ അത് പറയുമ്പോൾ ആ വാക്കുകളിൽ ദയനീയത കലർന്നിരുന്നു….

അപ്പോഴും അവന്റെ കയ്യിനുള്ളിലെ ചൂട് തന്നെ ആകെക്കൂടെ പൊതിഞ്ഞു പിടിക്കും പോലെ അവൾക്ക് തോന്നിയിരുന്നു….

ഞാൻ… ഞാൻ അത്ര വലിയൊരു ജീവിതം സ്വപ്നം പോലും കണ്ടിട്ടില്ല….
എന്നാൽ ഇയാൾക്ക് എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടാനുള്ള പൂർണ അർഹതയുണ്ട്….

കേവലം ഒരു സഹതാപത്തിന് മുകളിൽ കെട്ടിയ താലി മറ്റൊരു തരത്തിലേക്കും വ്യാഖ്യാനിക്കാതെ നമുക്ക്…. നമുക്കിത് ഇവിടെ വെച് നിർത്താം….

അവളത് പറയുമ്പോൾ വാക്കുകൾ ഇടറുന്ന പോലെ തോന്നിയിരുന്നവൾക്ക്…..

അർജുന്റെ മുഖം മാറുന്നതോടൊപ്പം ഹൃദയത്തിൽ ഒരു നനവ് പടർന്നു……

വർഷങ്ങളോളം സ്നേഹിച് ഇഷ്ടം തുറന്ന് പറഞ്ഞതാണ് താൻ…..

അവനു തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ തങ്ങി നിന്നു……
മറ്റൊന്നും പറയാൻ കഴിയാത്ത വിധം…..

അവനെ കാൻകെ അവളുടെ നെഞ്ചും പിടച്ചു…. കാരണം…
താനെത്ര മാത്രം അവനിൽ കുരുങ്ങി പ്പോയിട്ടുണ്ടേ ന്ന് അവൾക്കറിയാമായിരുന്നു…

എങ്കിലും താനെന്നത് അവനൊരു ഭാരമായി മാറുകയെ ഉള്ളു എന്നവൾക്ക് അറിയാമായിരുന്നു…..

എല്ലാവരും അവനെ അകറ്റി നിർത്തും….
തന്നോട് തോന്നിയ ആ ഒരു സഹതാപം പിന്നീടോർക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നും……

അതിനേക്കാൾ ആ അച്ഛന്റെ മുഖത്തേക്ക് എങ്ങനെ നോക്കും…..

താൻ മകനെ വിട്ട് വൈകാതെ അകന്ന് പോകുമെന്ന് ആശ്വസിച്ചിരിക്കുന്ന അവന്റെ അമ്മയോ….

വേണ്ടാ…. അഞ്ജലി ആർക്കും ഒരു ബാധ്യത യാവേണ്ടാ….

ഇത്രയും ദിവസങ്ങൾ കൊണ്ട് തോന്നിയ ആ അടുപ്പം അവൻ പെട്ടെന്ന് മറന്നോളും……

അവൾ പതിയെ കൈ അവനിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു…

ഓഹ്… സോറി……

അവൻ അതും പറഞ്ഞു പെട്ടെന്ന് കയ്യെടുക്കുമ്പോൾ അവൻ വേഗം മുഖം അവളിൽ നിന്നും തിരിച്ചു എഴുന്നേറ്റു ….

തന്റെ കണ്ണുകളിൽ പരന്നൊരാ നോവ് അവൾ കാണരുതെന്ന് കരുതി തന്നെയായിരുന്നത്….

അവൻ വാഷ് റൂമിൽ നിന്നും നന്നായി മുഖം കഴുകി…

എന്നിട്ടും പോകാത്ത എന്തോ ഒന്ന് തന്റെ മുഖത്ത് പടർന്നിട്ടുണ്ടെന്ന് അവനു തോന്നി….

അതൊരിക്കലും തന്നിൽ നിന്ന് മാഞ്ഞു പോകില്ലെന്ന് അവനറിയാമായിരുന്നു….

കാരണം … അവളുടെ ആ വാക്കുകൾക്ക് തന്റെ ജീവനോളം വിലയുണ്ട്….

അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറയും പോലെ….

അവൻ മുഖം ഒന്ന് കൂടി അമർത്തി തുടച് പുറത്തേക്ക് നടന്നു……

(തുടരും)