രചന – ജിഫ്ന നിസാർ
ഗൂഡമായൊരു ചിരിയോടെ ഷാഹിദ് കയ്യിലുള്ള ഗ്ലാസ് കറക്കി.
അവന്റെ മുന്നിൽ നിൽക്കുന്നവർക്ക് നല്ല ഭയമുണ്ടായിരുന്നുവെന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ അറിയാൻ പറ്റും.
അവന്റെ മുഖത്തുള്ള ചിരിയേ തന്നെയാണ് അവരറെ ഭയക്കുന്നതും.
“അപ്പൊ ക്രിസ്റ്റി ഫിലിപ്പിനെതിരെ കളിച്ച ഫസ്റ്റ് പ്ലാൻ… അത് ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമായി വിജയം കണ്ടിരിക്കുന്നു… ഗുഡ്.. വെരി ഗുഡ് ”
അവൻ കൂട്ടാളികൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് ചിരിയോടെ തന്നെ പറഞ്ഞു.
അവരെല്ലാം പരസ്പരം നെറ്റി ചുളിച്ചു കൊണ്ട് നോക്കി.
എട്ടു നിലയിൽ പൊട്ടിയ പ്ലാൻ ആണ്… ഇവൻ വിജയിച്ചുവെന്ന് അഹങ്കാരത്തോടെ പറയുന്നത്.
“എന്താണ് നിങ്ങൾക്കൊരു സന്തോഷമില്ലാത്തത്. ഇത് സന്തോഷിക്കേണ്ട മൂവ്മെന്റ് ആണ് ഗയ്സ്..”
ഷാഹിദ് വീണ്ടും ചിരിച്ചു.
അപ്പോഴും അവനെന്താണ് ചിന്തിക്കുന്നത് എന്നവർക്ക് മനസ്സിലായില്ല.
അതിന്റെ ഒരു പകപ്പുണ്ട് അവർക്ക് എല്ലാവർക്കും.
“നിങ്ങൾക്കിപ്പോഴും കത്തിയില്ല. അല്ലേ?”
അവൻ വീണ്ടും ചോദിക്കുമ്പോൾ ഉണ്ടന്നോ ഇല്ലായെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം അവർ ഒന്ന് തലയാട്ടി.
“പറഞ്ഞു.. തരാം ”
കയ്യിലുള്ള ഗ്ലാസ്സിലെ മദ്യം വായിലേക്ക് കമ്ഴ്ത്തി കൊണ്ടവൻ മുഖം ചുളിച്ചു.
“നിങ്ങളുടെ മനസ്സിൽ ക്രിസ്റ്റിക്കെതിരെ നടത്തിയ പ്ലാൻ വമ്പൻ പരാജയം ആണ്. റൈറ്റ്..?”
അവൻ ചോദ്യത്തോടെ അവരെ നോക്കി.
അതേയെന്ന് തലയാട്ടി കാണിക്കുമ്പോൾ അവർക്കൊരു ജ്യാളതയുണ്ടായിരുന്നു.
“പക്ഷേ… ഇതിങ്ങനെ തന്നെ വരും എന്നെനിക്ക് അറിയാമായിരുന്നു. എത്രയൊക്കെ പഴുത്തടച്ചാലും ഇന്ന് രാവിലെ കോളനിയിൽ ചെന്നവനല്ല ക്രിസ്റ്റി ഫിലിപ്പെന്നത് അവരിൽ ആരെങ്കിലും കണ്ട് പിടിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു ”
ഷാഹിദ് ചിരിയോടെ വീണ്ടും അവരെ നോക്കി.
“ഇതെല്ലാം അറിഞ്ഞു കൊണ്ട് പിന്നെ അങ്ങോട്ട് പോയത് വിഡ്ഢിത്തമല്ലേ “എന്ന് കൂടി നിൽക്കുന്നവരിൽ പലർക്കും നാവിൽ തുമ്പിനോളം വന്ന ചോദ്യമായിരുന്നു.
അവന്റെ മുഖത്തെ ചിരിയിലേക്ക് നോക്കി അത് ചോദിക്കാൻ അവർക്ക് ധൈര്യം പോരായിരുന്നു.
“കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ നടന്നു. കോളനിക്കാർ കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്റെ വാക്കുകൾ വിശ്വാസിച്ചു കൊണ്ട് തിരികെ മടങ്ങി. അത്.. അത് തന്നെ ആയിരുന്നു എനിക്ക് വേണ്ടതും ”
ഷാഹിദിന്റെ മുഖത്തൊരു ക്രൂരത നിറഞ്ഞ ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ.
“ഇനി ആ വിശ്വാസം തകർന്ന് പോയാലുള്ള അവസ്ഥ നിങ്ങളൊന്നു ഓർത്തു നോക്കിക്കേ.. ജീവനോടെ വലിച്ചു കീറാൻ ക്രിസ്റ്റിക്ക് നേരെ ആവും കോളനിക്കാർ ആദ്യം ചെല്ലുന്നതും…ശെരിയല്ലേ?”
ഷാഹിദ് പറഞ്ഞു നിർത്തുമ്പോൾ അവനെന്താണ് ഉദ്ദേശിച്ചത് എന്ന് അവർക്കും ഏറെക്കുറെ മനസ്സിലായിരുന്നു.
അവന്റെ കൂർമ ബുദ്ധിയിൽ അവർക്ക് അസൂയ തോന്നി.
“ഇനിയാണ് എനിക്ക് ചെയ്യാനുള്ളത്. ക്രിസ്റ്റി ഫിലിപ്പിനെ പൂട്ടാൻ ഇനിയാണ് ശരിക്കുമുള്ള കളി ”
പക നിറഞ്ഞ കണ്ണോടെ ഷാഹിദ് കൂട്ടാളികളെ നോക്കി ചിരിച്ചു.
“കുന്നേൽ തറവാട്ടിൽ നിന്നും അവനെതിരെ എനിക്കൊപ്പം നിൽക്കാൻ ഒരു തുറുപ്പു ചീട്ട് കൂടി ഞാൻ ഇന്നത്തെ പ്രശ്നത്തിനിടെ കണ്ടെത്തിയിരിക്കുന്നു. ഇനിയെന്റെ കളികളുടെ രീതി മാറും. അവന്റെ വീട്ടിൽ നിന്നും തന്നെ അവനെതിരെ ഞാൻ പട നയിക്കും ”
അത് പറഞ്ഞു കൊണ്ട് ഷാഹിദ് വീണ്ടും ചിരിച്ചു.
വർക്കിയുടെ പക നിറഞ്ഞ മുഖം ഓർമയിൽ കണ്ടെന്നത് പോലെ.. ഷാഹിദിന്റെ ചിരിക്കപ്പോൾ ഏറെ തിളക്കമുണ്ടായിരുന്നു.
❣️❣️❣️
മുറിയിലെത്തി ഒന്ന് കുളിച്ചു കഴിഞ്ഞതിനു ശേഷമാണ് ഫൈസി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ചെന്നത്.
കുളിച്ചിട്ടും തലയ്ക്കുള്ളിലെ ആ മന്ദത അൽപ്പം പോലും കുറഞ്ഞിട്ടില്ല.
വിശപ്പോ ദാഹമോ ഒന്നും തോന്നുന്നില്ല.
അടുക്കളയിൽ തിരഞ്ഞിട്ടും ആയിഷയെ കാണാത്തത് കൊണ്ട് അവൻ ചാരി വെച്ച അവരുടെ മുറിയുടെ വാതിൽ തുറന്നു നോക്കി.
നിസ്കാരപായയിലാണ്.
കയ്യിലെ തസ്ബീഹ് മാലയിൽ പ്രാർത്ഥന മന്ത്രം ഉരുവിടുന്നുണ്ട്.
ഫൈസി അങ്ങോട്ട് ചെന്നിട്ടു അവരുടെ മടിയിലേക്ക് തല വെച്ച് കിടന്നു.
പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവരൊന്നു ഞെട്ടി പോയി.
“ആഹ്.. ഇയ്യെപ്പളാ ഫൈസ്യേ വന്നേ?”
അവൻ വന്നതൊന്നും അറിയാതെ ആയിഷ ചോദിച്ചു.
“കുറച്ചേരായി..”
ഫൈസി അതേ കിടപ്പിൽ തന്നെ പറഞ്ഞു.
“എന്താ ആ കുട്ടീടെ അവസ്ഥ? എവിടാ അയിനെ ആക്കിയത്? വല്ലാത്തൊരു വിധിയായി പോയി ”
ക്രിസ്റ്റിയുടെ കൂടെ ശാരി ആന്റിയെ കാണാൻ പോകുമ്പോഴെല്ലാം അവിടുത്തെ കാര്യങ്ങൾ ഫൈസി പറഞ്ഞിട്ട് ആയിഷക്ക് അറിയാം.
“ആ ചോദ്യം കൂടി കേട്ടത്തോടെ അവന്റെ ഉള്ളം വീണ്ടും പിടഞ്ഞു.
“പടച്ചോൻ ഒന്നും കാണാതെ ഇങ്ങനൊന്നും ആരോടും ചെയ്യൂല. ന്തായാലും ആ കുട്ടി എടങ്ങേറാവാഞ്ഞ മതിയായിരുന്നു ”
ഫൈസിയുടെ നനഞ്ഞ മുടിയിൽ തലോടി കൊണ്ട് ആയിഷ വീണ്ടും പറഞ്ഞു.
എത്ര ഒതുക്കി പിടിച്ചിട്ടും ആ വാക്കുകൾക്ക് മുന്നിൽ ഫൈസിയുടെ ഹൃദയം പിളർന്നു പോയിരുന്നു.
അറിയാതെ തന്നെ അവന്റെ കണ്ണുകൾ ആ മടിയിലേക്ക് നിറഞ്ഞൊഴുകി തുടങ്ങി…
ഒരു തുടക്കം പോലെ.
❣️❣️
“എന്താണ് ഒരു ഒളിച്ചു കളി.. ഏഹ്?”
തന്റെ മുറിയുടെ വാതിൽക്കൽ വന്നിട്ട് പതുങ്ങി നിന്ന് പാളി നോക്കുന്ന ദിലുവിനെ കൈ മാടി വിളിച്ചിട്ട് അകത്തേക്കിരുത്തി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
ഒന്നുമില്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചു.
“ഏയ്.. അത് വെറുതെ.. എന്തോ ഉണ്ട് ”
അവൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.
“ഇല്ലന്നേ..”
ദിലു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.
“ഉണ്ടന്നേ…”
അവൻ അവളുടെ മൂക്കിൻ തുമ്പിലൊന്നു തട്ടി.
“മീരാ ആരാണെന്ന് അറിയണം. അതല്ലേ?”
വീണ്ടും ഒന്നും മിണ്ടാതെയിരിക്കുന്നവളെ നോക്കി ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.
അതേയെന്ന് ദിലു തലയാട്ടി കാണിച്ചു.
“നിന്റെ ചേച്ചിയാണ്. സ്വന്തം കൂടപ്പിറപ്പ് ”
അത് പറയുമ്പോൾ അത്ര അമർത്തി പിടിച്ചിട്ടും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.
“അത്.. അത് അമ്മയും പറഞ്ഞു ചേട്ടായി ”
ദിലു അവനെ നോക്കി പറഞ്ഞു.
“എങ്ങനെ ചേച്ചിയായി എന്നാണവൾക്ക് അറിയേണ്ടതെന്ന് ക്രിസ്റ്റിക്ക് മനസിലായി.
“ഇപ്പൊ എന്റെ മോള് അത്ര മാത്രം അറിഞ്ഞാൽ മതി. സമയമാവുമ്പോൾ എല്ലാം ചേട്ടായി തന്നെ നിനക്ക് പറഞ്ഞു തരാം. അത് പോരെ?”
ക്രിസ്റ്റി അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ചോദിക്കുമ്പോൾ മതിയെന്ന് തലയാട്ടി കാണിച്ചു ദിലു.
“മീരയുടെ കൂടെ ഉണ്ടാവണം കേട്ടോ. അവൾക്കിവിടെ ആരെയും അറിയില്ല. നമ്മളല്ലാതെ ഇനി ആരും അവൾക്കില്ല.”
അത് പറയുമ്പോൾ അവനുള്ളം വല്ലാതെ നീറുന്നുണ്ടായിരുന്നു.
അതും ദിലു തലയാട്ടി സമ്മതിച്ചു.
“ഇന്നിവിടെ വന്നതൊക്ക ആരാ ചേട്ടായി?”
ദിലു വീണ്ടും ചോദിച്ചു.
“അതോ… അത്…”
ക്രിസ്റ്റി അതിനുത്തരം എന്ത് പറയണമെന്നോർത്തു ഒരു നിമിഷം.
പിന്നെ എന്നായാലും എല്ലാം അവളറിയേണ്ടതാണെന്ന് തോന്നി അവൾക്ക് മനസിലാവുന്നത് പോലെ അവനത് പറഞ്ഞു കൊടുത്തു.
“ഇനി.. ഇനി വല്ല്യ പ്രശ്നമുണ്ടാവില്ലേ ചേട്ടായി?”
എല്ലാം കേട്ടു കഴിഞ്ഞതും ദിലു ഭയത്തോടെ ചോദിച്ചു.
“ഏയ്… എന്തൊക്കെ പ്രശ്നമുണ്ടായാലും ചേട്ടായി ഉള്ളടത്തോളം നിങ്ങളെയൊന്നും ആരും ചെയ്യില്ല.. അത് പോരെ?”
അവൻ ചിരിയോടെ ചോദിക്കുമ്പോൾ ദിലു ഒരു നിമിഷം അവനെ തന്നെ മുഖം ഉയർത്തി നോക്കി നിന്നു.
എന്തൊരു വിഡ്ഢിയായിരുന്നു താൻ. ഈ സ്നേഹമാണ്.. കരുതലാണ് ഇത്രേം കാലം മാറ്റി നിർത്തിയതെന്നോർക്കേ അവൾക്ക് വീണ്ടും സങ്കടം വന്നു.
“എന്തേ… കണ്ണ് നിറഞ്ഞല്ലോ?”
ക്രിസ്റ്റി അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“പപ്പയും ഏട്ടനും ഇനി ചേട്ടായിയോട്….”
പാതിയിൽ നിർത്തി കൊണ്ട് ദിലു മുഖം കുനിച്ചു.
“ഇങ്ങനൊന്നും അല്ലെങ്കിലും അവർക്ക് ചേട്ടായി ശത്രുവല്ലേ ദിലു ”
ചിരിയോടെ എങ്കിലും അതവന്റെ വേദനയാണെന്ന് തോന്നി ദിലുവിന്.
‘പക്ഷേ… എനിക്ക് റിഷിയെ അങ്ങനങ്ങ് ഉപേക്ഷിച്ചു കളയാനൊക്കുമോ. അവനെന്റെ അനിയനല്ലേ..? ”
ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു.
നെഞ്ചിൽ ഒരു കരച്ചിൽ വന്നു തിങ്ങിയതും ദിലു അവനെ നോക്കാതെ പുറത്തേക്കിറങ്ങി പോയി.
ആ പോക്ക് നോക്കി ക്രിസ്റ്റി ഒരു നിമിഷം നിന്നു.
പിന്നെ കുളിക്കാൻ വേണ്ടി ഡ്രസ്സ് അഴിച്ചു തുടങ്ങി.
അപ്പോഴും രാവിലെ കോളനിക്കാർ വന്നു പറഞ്ഞു പോയ ചില വാക്കുകൾ ആയിരുന്നു അവന്റെ മനസ്സിൽ.
ആരായിരിക്കും… ഇന്ന് രാവിലെ കുന്നേൽ ക്രിസ്റ്റി ഫിലിപ്പെന്ന പേരിൽ അവരുടെ മുന്നിലേക്ക് ചെന്നിട്ടാവുക?
എന്തായിരിക്കും അവരുടെ ഉദ്ദേശം?
റിഷിൻ അങ്ങനൊരു വിഡ്ഢിത്തം കാണിക്കുമെന്ന് തോന്നുന്നില്ല.കണ്ടിട്ടത്തോളം ഗൗരി അവനൊരു ടൈം പാസ് മാത്രം ആയിരിക്കാനാണ് സാധ്യത.
പിന്നെ ആരായിരിക്കും?
അത്..അതാണ് ആദ്യം കണ്ട് പിടിക്കേണ്ടത്.
എവിടെയോ മുഖം മറച്ചൊരു ശത്രു തനിക്കെതിരെ പട നയിക്കുന്നുണ്ടെന്ന് അവനുറപ്പായി.
അവന്റെ മുഖം വലിഞ്ഞു മുറുകി…
കൂടുതൽ ചിന്തിച്ചു നിൽക്കാൻ സമയമില്ല.
അവിടെ നിന്നും ഇറങ്ങാൻ പറ്റിയാൽ ആ നിമിഷം പാത്തു വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
അവളെ കാണാൻ പോകണം.മനസ്സിലുള്ള ചിലതെല്ലാം അവളോട് പറയുകയും വേണം.
ക്രിസ്റ്റി വേഗം കുളിക്കാൻ കയറി.
❣️❣️❣️
ഏയ്… താൻ പെട്ടന്ന് റെഡിയായി വാ. നമ്മുക്കൊരിടം വരെയും പോവാനുണ്ട് ”
അതും പറഞ്ഞിട്ട് മുറിയിലേക്ക് ഷാഹിദ് കയറി വന്നതും പാത്തു കിടന്നിടത്തു നിന്നും ചാടി എഴുന്നേറ്റു തട്ടം പിടിച്ചിട്ടു.
“ഞാൻ.. ഞാനിപ്പോ..”
അവൾക്കപ്പോൾ അവനോട് എന്ത് പറയണം എന്നറിയില്ലായിരുന്നു.
വൈകുന്നേരം ക്രിസ്റ്റീയോട് ചെല്ലാമെന്ന് പറഞ്ഞത് ഇവൻ ഇവിടില്ല എന്നുള്ള ഒറ്റ ആശ്വാസത്തിലായിരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കും വരെയും ഈ പിശാചിനെ കാണാത്തത് കൊണ്ട് മനസ്സിൽ സന്തോഷിക്കുകയായിരുന്നു.
പെട്ടന്ന് എവിടെ നിന്നും പൊട്ടി മുളച്ചതാവോ?
പാത്തു നിന്ന് വിയർത്തു.
അവളുടെ കൈകൾ തട്ടത്തിൽ ഞെരിഞ്ഞു.
“എന്ത് പറ്റിയെടോ?”
അവളുടെ വെപ്രാളം ആസ്വദിച്ചു കൊണ്ട് ഗൂഡമായൊരു ചിരിയോടെ ഷാഹിദ് പാത്തുവിനോട് ചോദിച്ചു.ഒന്നും അറിയാതത് പോലെ.
‘ഒന്നും… ഒന്നുമില്ല ”
അവൾ പതിയെ പറഞ്ഞു.
“ആഹ്.. എന്നിട്ടാണോ ഇങ്ങനെ നിൽക്കുന്നത്? പെട്ടന്ന് റെഡിയായി വാ. ഒരു യാത്ര പോകാം ”
അവൻ വീണ്ടും ആവേശത്തിൽ പറഞ്ഞു.
“ഞാൻ… ഞാൻ വരുന്നില്ല. എനിക്കെന്തോ.. നല്ല..”
“പനി വല്ലതുമുണ്ടോ?”
പാത്തു പറഞ്ഞു മുഴുവനാക്കും മുന്നേ ചോദ്യത്തോടെ ഷാഹിദ് അവളുടെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.
പാത്തു പൊള്ളിയത് പോലെ പിന്നിലേക്ക് വലിഞ്ഞു.
അവനൊരു വല്ലാത്ത അധികാരം കാണിക്കുന്നത് പോലെയാണ് പാത്തുവിന് തോന്നിയത്.
“അസുഖമൊന്നും ഇല്ലല്ലോ. പിന്നെന്താടോ.. താൻ റെഡിയായി വന്നേ. ഇവിടെ വന്നിട്ട് താൻ എങ്ങോട്ടും പോയിട്ടില്ലല്ലോ?എനിക്കാണേൽ തനിക്കൊപ്പം സ്പെൻറ് ചെയ്യാൻ ടൈം കിട്ടിയതുമില്ല. ഇപ്പൊ ഒരു ഗ്യാപ് കിട്ടിയതും ഓടി വന്നതാ ”
ഷാഹിദ് വീണ്ടും അവളുടെ കണ്ണിലെക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.
പാത്തുവിന് പിന്നെ അവനോട് മുടക്ക് പറയാൻ കാരണങ്ങൾ ഏതും ഇല്ലായിരുന്നു.
“എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്. റെഡിയായി വാ. പെട്ടന്ന് തന്നെ തിരിച്ചു വരാം. ഞാൻ താഴെ ഉണ്ട്.”
അത് വരെയും ഉണ്ടായിരുന്നത് പോലൊരു ഭാവമായിരുന്നില്ല അത് പറയുമ്പോൾ അവനുള്ളതെന്ന് പാത്തുവിന് പെട്ടന്ന് മനസ്സിലായി.
ഒരുതരം ആക്ഞ്ഞ..
വന്നേ പറ്റൂ എന്നൊരു നിർബന്ധബുദ്ധി..
അങ്ങനെ… അങ്ങനെ എന്തെല്ലാമോ..
പെട്ടന്ന് വരണം ”
അവസാനവാക്കെന്നോണം അത് കൂടി പറഞ്ഞിട്ടവൻ തിരിഞ്ഞു നടന്നു.
ഇനി എങ്ങനെ ഇച്ഛയെ കാണും?
നിരാശയോടെ അവളോർത്തത് അതായിരുന്നു.
ഇച്ഛാ തന്നെ കാത്തിരിക്കും.
ആ ഓർമ അവളുടെ കണ്ണ് നിറയിച്ചു.
ഷാഹിദിനെ പിണക്കുന്നതും ബുദ്ധിയല്ലെന്ന് അവൾക്കറിയാം.
ചെകുത്താനെ പോലെയാണ്.
തത്കാലം അവൻ പറയുന്നത് അനുസരിക്കുകയാണ് നല്ലത്.
പാത്തു ഒരു തീരുമാനത്തിലെത്തി.
അവളുടെ മുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.
“ഇനി നീയും അവനും കണ്ട് മുട്ടുന്നതെങ്ങനെ…?”
സ്വയം ആ ചോദ്യം അവന്റെ മനസ്സിൽ നിറഞ്ഞു..
തുടരും..
കുളിയും കഴിഞ്ഞു ഇത്തിരി നേരമൊന്ന് കിടക്കാം എന്ന് കരുതിയതെ ക്രിസ്റ്റിക്ക് ഓർമയൊള്ളു.
പിന്നെ കണ്ണ് തുറക്കുമ്പോൾ നേരം നന്നായി മങ്ങിയിട്ടുണ്ട്.
തെളിയാത്ത ആലസ്യത്തോടെ അവൻ വീണ്ടും അവിടെ തന്നെ കിടന്നു.
ഉള്ളിലൂടെ അത് വരെയും സ്വപ്നമായി കണ്ട ഓരോന്നും വീണ്ടും മിന്നി മാഞ്ഞു കൊണ്ടിരിക്കുന്നു.
അതവന്റെ നെറ്റി ചുളിയിച്ചു.
ഒരിക്കലും നടക്കാൻ പാടില്ലാത്ത എന്തൊക്കെയോ തനിക്കു ചുറ്റും സംഭവിക്കാൻ പോകുന്നുവെന്നൊരു തോന്നൽ അവനിൽ ശക്തമായി വീണ്ടും.
പെട്ടന്നാണ് പാത്തുവിനെ ഓർമ വന്നത്.
അതിന് പിറകെ അവൾ വിളിക്കാമെന്ന് പറഞ്ഞതും ഉള്ളിലൂടെ തെന്നി മാഞ്ഞു.
“കർത്താവെ.. വിളിച്ചിട്ടും അറിയാത്ത പോലെ ഞാനുറങ്ങി പോയോ?”
ധൃതിയിൽ ചാടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് മേശയുടെ മുകളിൽ ചാർജിൽ ഇട്ട് വെച്ച ഫോൺ എടുത്തു.
കുളിച്ചു വന്ന ഉടനെ തന്നെ അത് സൈലന്റ് മോഡിലൊന്നും അല്ലെന്ന് ഉറപ്പ് വരുത്തിയതാണ്.
അതികം വൈക്കാതെ പാത്തു വിളിക്കുമെന്നും അത് വരെയും വെറുതെയൊന്ന് കിടക്കാം എന്നും കരുതിയതാണ്.
മനസ്സിലെ സംഘർഷവും തലേന്ന് മുതലുള്ള അലച്ചിലും കൊണ്ട് അറിയാതെ തന്നെ അതൊരു ഗാഡമായ ഉറക്കിലേക്ക് വഴുതി വീഴുകയായിരുന്നു.
ഇല്ല.. പാത്തു വിളിച്ചിട്ടില്ല.
ആശ്വാസത്തിന് പകരം അവനുള്ളിൽ ആശങ്കയാണ് ആ നിമിഷം തോന്നിയത്.
പെട്ടന്നെന്ത് പറ്റിയാവോ?
വരാമെന്നു അങ്ങേയറ്റം ആവേശത്തിൽ പറഞ്ഞതാണ്.
ഷാഹിദ് അവിടെ ഇല്ലെന്ന് പറഞ്ഞു ഊറ്റം കൊണ്ടവളാണ്.
ക്രിസ്റ്റിയുടെ മനസ്സിൽ വീണ്ടും അസ്വസ്ത്ഥതകൾ പെരുകി.
സമയം അഞ്ചു മണി കഴിഞ്ഞു.
ഇന്നിനി അവളൊരു വരവുണ്ടാവോ?
വിളിക്കണോ വേണ്ടയോ എന്ന് കുറേ പ്രാവശ്യം ചിന്തിച്ചു നോക്കിയത് അവളെന്തു സിറ്റുവേഷനിലാണെന്ന് അറിയാത്തത് കൊണ്ടാണ്.
വിളിച്ചാൽ അതവൾക്ക് കുഴപ്പമൊന്നും ഉണ്ടാവരുത് എന്ന് കരുതിയിട്ടാണ്.
പക്ഷേ എന്ത് പറ്റിയെന്നറിയാതെ ഈ ശ്വാസം മുട്ടൽ കുറയില്ലെന്ന് തോന്നിയതും ക്രിസ്റ്റി അവളുടെ നമ്പറിൽ വിളിച്ചു നോക്കി.
ഒരുപ്രാവിശ്യം മുഴുവനും ബെല്ലടിച്ചു തീർന്നുവെന്നല്ലാതെ അതിനപ്പുറം അവളുടെ യാതൊരു അനക്കവുമില്ല.
നെഞ്ചിലെ പെരുപ്പ് കൂടിയിട്ടും വീണ്ടും ഒരു പ്രാവശ്യം കൂടി വിളിച്ചു നോക്കാൻ അവന് ധൈര്യം പോരായിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ അവനൊരു ഷർട്ട് എടുത്തിട്ട് കൊണ്ട് പുറത്തേക്കിറങ്ങി.
താഴെക്കിറങ്ങും മുന്നേ മീരയെ ഒന്ന് കാണാൻ തോന്നിയതും അവൻ അവൾക്കായ് കൊടുത്ത റൂമിന്റെ നേരെ ചെന്നു.
ചാരിയിട്ട വാതിൽ തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ അവൾ കിടക്കയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.
ഉറക്കമാണ്.
വിളിച്ചുണർത്താതെ ക്രിസ്റ്റി പതിയെ പുറത്തേക്ക് തന്നെ ഇറങ്ങി വാതിൽ ചാരി.
ഉറങ്ങിക്കോട്ടെ.. അപ്പോഴെങ്കിലും അവൾക്കിച്ചിരി മനഃസമാദാനം കിട്ടട്ടെ എന്നോർത്ത് കൊണ്ടാണ് അവൻ താഴെക്കിറങ്ങിയത്.
അടുക്കളയിൽ നിന്നും പാത്രങ്ങളുടെ തട്ടും മുട്ടും കേൾക്കാം എന്നല്ലാതെ പുറത്തൊന്നും അവൻ ആരെയും കണ്ടില്ല.
“ആഹ്.. നീ എണീറ്റോ.? കഴിക്കാൻ എടുക്കട്ടേ?”
അവനെ കണ്ട മാത്രയിൽ തന്നെ മറിയാമ്മച്ചി ചെയ്തിരുന്ന ജോലി അവിടെയിട്ട് അവനരികിലേക്ക് വന്നു നിന്നിട്ട് ചോദിച്ചു.
“എനിക്കൊരു ഗ്ലാസ് ചായ മാത്രം മതി. മറിയാമ്മച്ചി ”
കസേരയിൽ ഇരുന്ന് കൊണ്ടവൻ പറഞ്ഞു.
ആ മുഖത്ത് നിറഞ്ഞ മ്ലാനത കണ്ടിട്ടാണ് പിന്നെയൊന്നും പറയാൻ നിൽക്കാതെ തിരിച്ചു നടന്നു.
ഫോൺ പോക്കറ്റിൽ ഇടാതെ ക്രിസ്റ്റി മേശയിൽ തന്നെ വെച്ചത് പാത്തു വിളിക്കുമ്പോൾ പെട്ടന്ന് കാണാമല്ലോ എന്നോർത്ത് കൊണ്ടാണ്.
പക്ഷേ മറിയാമ്മച്ചി കൊടുത്ത ചായ കുടിച്ചു കഴിയും വരെയും അവൻ ഇടയ്ക്കിടെ ഫോണിലേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നിട്ടും അതിലേക്ക് വിളിയൊന്നും ഉണ്ടായില്ല.
“എങ്ങോട്ടാ ഡാ ഈ നേരത്ത്?”
പുറത്തേക്കിറങ്ങി നേരെ റബ്ബർ തോട്ടത്തിന് നേരെ നടക്കുന്ന ക്രിസ്റ്റി പിന്നിൽ നിന്നും മറിയാമ്മച്ചി വിളിച്ചു ചോദിച്ചത് കേട്ടതും തിരിഞ്ഞു നിന്നു.
“ഞാൻ.. ഞാനൊന്ന് നോക്കിയിട്ട് വരട്ടെ. രണ്ടൂസം വെട്ടിയില്ലല്ലോ. നാളെ വെട്ടണം ”
അത് പറഞ്ഞിട്ട് തിരിഞ്ഞ് നടക്കുമ്പോഴും അവനുള്ളിൽ ആ തോട്ടിൻകരയിലേക്ക് എത്തിപ്പെടുക എന്നത് തന്നെ ആയിരുന്നു.
ഇനി സർപ്രൈസ് പോലെ അവളെങ്ങാനും വന്നാലോ?
വെറുതെയവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..
❤️❤️
“താൻ ഒട്ടും ഓക്കേ അല്ലല്ലോ ഫാത്തിമ. എന്ത് പറ്റി?”
അവൾക്കുള്ളിൽ എന്താണെന്ന് നല്ല വ്യക്തമായി അറിയാമായിരുന്നിട്ടും ഷാഹിദ് പാത്തുവിനോട് ചോദിച്ചു.
“ഏയ്.. ഒന്നുമില്ല ”
വരുത്തി കൂട്ടിയ ചിരിയോടെ അവളുടെ ഉത്തരം കേട്ടതും ഷാദി തിരിഞ്ഞിരുന്നു കൊണ്ട് ചുണ്ട് കോട്ടി.
“തനിക്കൊരു റിലീഫ് ആയിക്കോട്ടെ എന്ന് കരുതിയിട്ടാ ഞാനീ യാത്രക്ക് ഒരുങ്ങിയത് തന്നെ. ഇതിപ്പോ ഇത്രേം ദൂരം എത്തിയിട്ടും താൻ ഇതോട്ടും എൻജോയ് ചെയ്യുന്നില്ലെന്ന് തോന്നുന്നു. ഇങ്ങനാണേൽ നമ്മുക്കിതു വേണ്ടായിരുന്നു”
കടുത്ത നിരാശനിറഞ്ഞ ഭാവത്തിൽ ഷാഹിദ് അത് പറയുമ്പോൾ ഞാൻ വരുന്നില്ലെന്ന് പാത്തു പറഞ്ഞത് അവൻ മനഃപൂർവം മറച്ചു പിടിച്ചിരുന്നു.
ഉള്ളിൽ അവനോടുള്ള ദേഷ്യം പതയുന്നുണ്ട് എങ്കിലും.. പാത്തു ചെറിയൊരു ചിരിയോടെ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ഫാത്തിമ.. ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”
ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ ചോദ്യം.
അവളവനെ പകച്ചു നോക്കി.
ഷാഹിദിന്റെ കണ്ണുകൾ തനിക്കു നേരെ തന്നെ ആണെന്ന് മനസ്സിലായതും പാത്തു വെപ്രാളത്തോടെ നോട്ടം മാറ്റി.
അവനാവട്ടെ അവളുടെ ഓരോ ഭാവങ്ങളും സൂക്ഷ്മാമായി വിലയിരുത്തുകയായിരുന്നു.
ആ വെപ്രാളം അറിഞ്ഞതും അവനൊരു സംതൃപ്തിയാണ് തോന്നിയത്.
“ആഹ്.. അതിന് തനിത്ര ഡെസ്പ് ആവുന്നത് എന്തിനാടോ? യെസ് ഓർ നോ ഇതിലേതെങ്കിലും ഒരു ഉത്തരം ഞാനും പ്രതീക്ഷിക്കുന്നു ”
തികച്ചും ശാന്തമായി ഷാഹിദ് വീണ്ടും പറഞ്ഞു.
എനിക്കൊരു ഉത്തരം വേണമെന്നാണ് അവനാ പറഞ്ഞതെന്ന് പാത്തുവിന് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.
“ഞാൻ ഒരാളെ എന്റെ പ്രാണനോളം ആഴത്തിൽ സ്നേഹിക്കുന്നുവെന്ന് പറയാൻ അവൾക്കുള്ളം തുടിച്ചു.
പക്ഷേ അത് പറയുമ്പോൾ ആളുടെയും കൂടി പറയേണ്ടി വരും.
പിന്നെ ഇവനീ ഭാവമായിരിക്കില്ല.
ക്രിസ്റ്റിയെ ഓർത്തതും അവൾക്കുള്ളം വീണ്ടും നീറി.
താൻ ചെല്ലുന്നതും കാത്തിരുന്നു കാണും.
ഫോൺ സൈലന്റ് മോഡൽ ആക്കിയത് ഇച്ഛാ വിളിക്കുമെന്ന് ഉറപ്പുയുണ്ടായിട്ട് തന്നെയാണ്.
ഇവനൊപ്പം ഇരുന്നിട്ട് ആ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ആവില്ല.
രണ്ട് പ്രാവശ്യം വിളിച്ചു കട്ട് ആവുന്നത് വരെയും നെഞ്ചിടിപ്പോടെ നോക്കി ഇരിക്കേണ്ടി വന്നു.
“ഹേയ്… ഫാത്തിമ..”
ഷാഹിദ് വീണ്ടും വിളിച്ചു.
പാത്തു മുഖം ഒന്നമർത്തി തുടച്ചു കൊണ്ടവന് നേരെ നോക്കി.
“ആൻസർ മീ.. യെസ് ഓർ നോ?”
ഉത്തരം കിട്ടിയേ തീരൂ എന്ന പോലെ അവൻ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.
“നോ..”എന്നുത്തരം പറയുമ്പോൾ അവൾക്കുള്ളം പ്രിയപ്പെട്ടവനെ ഓർത്തു വേദനിക്കുന്നുണ്ടായിരുന്നു.
“താങ്ക്സ് ഗോഡ്.. ഫാത്തിമയുടെ ഫസ്റ്റ് ലവ്.. അതെനിക് കിട്ടാനാവും യോഗം ”
പതിയെ ഷാഹിദ് പറയുമ്പോൾ പാത്തു അവനെ തുറിച്ചു നോക്കി.
“നമ്മുക്ക് കല്യാണം കഴിച്ചാലോ ഫാത്തിമ?”
വീണ്ടും അവന്റെ ചോദ്യം.
അവൾ പൊള്ളിയത് പോലെ ഒന്ന് പിടിച്ചു.
“എന്താടോ..?”
അത് നന്നായി ആസ്വദിച്ചു കൊണ്ടായിരിന്നു അവനത് ചോദിച്ചത്.
“അത്.. പിന്നെ ഞാൻ ”
അവൾക്കൊരു വാക്ക് പോലും കിട്ടുന്നുണ്ടായിരുന്നില്ല.
“നാളെ എന്നല്ല ഫാത്തിമ ഞാൻ പറഞ്ഞത്. പക്ഷേ ഇനിയിത് നീട്ടി കൊണ്ട് പോകുന്നില്ല.”
വല്ലാത്തൊരു ഉറപ്പോടെ അവനത് പറയുമ്പോൾ അവൾ വിറങ്ങലിച്ചിരുന്നു പോയി.
കണ്മുന്നിൽ യാതൊന്നും കാണിന്നുണ്ടായിരുന്നില്ല.
ചുറ്റും അതി കഠിനമായ ഒരു ഇരുട്ട് പടർന്നു കയറിയ പോലെ..
“വീട്ടിൽ നിന്ന് എല്ലാവരും ചോദിച്ചു തുടങ്ങി. മാത്രമല്ല എനിക്കിനി നാട്ടിൽ അധികമൊന്നും നിൽക്കാനും ആവില്ല. എന്റെ സാമ്രാജ്യം മൊത്തം ഗൾഫിൽ പടർന്നു കിടക്കുകയാണ്. ഞാനില്ലങ്കിൽ അവിടൊന്നും നടക്കില്ല. സൊ.. എനിക്കുടനെ പോയെ പറ്റൂ. ഇനി അടുത്തൊന്നും ഇത്രേം നീണ്ടൊരു ഗ്യാപ് കിട്ടുമെന്നും തോന്നുന്നില്ല.”
വീണ്ടും അവൻ അവളെ നോക്കി.
അവളതൊന്നും അറിയുന്നില്ലെന്ന് തോന്നിയതും വീണ്ടും അവന്റെ ചുണ്ടിൽ ഒരു പുച്ഛം ഉണ്ടായിരുന്നു.
“നമ്മുക്ക് കല്യാണം കഴിച്ചാലോ ഫാത്തിമ…”ഏതോ ഗർത്തത്തിലെന്നത് പോലെ ഷാഹിദ് ചോദിക്കുന്നത് അപ്പോഴും പാത്തുവിന്റെ ചെവിയിൽ വീണ്ടും വീണ്ടും കേൾക്കുന്നുണ്ടായിരുന്നു..
❣️
മനസ്സിൽ അടക്കി പിടിച്ചതെല്ലാം പറഞ്ഞോഴിഞ്ഞ ആശ്വാസത്തിൽ ഫൈസി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
പക്ഷേ അവന്റെ മുടിയിൽ തലോടുന്ന ആയിഷയുടെ കൈകൾ അപ്പോഴും വിറക്കുന്നുണ്ടായിരുന്നു.
അതിനേക്കാൾ ഉച്ചത്തിൽ ഹൃദയം മിടിക്കുന്നുണ്ട്.
യാ അല്ലാഹ്.. എന്തായി തീരും?
അറിയാതെ തന്നെ ആ ചോദ്യം അവരുടെ നാവിൽ തുമ്പിലെത്തി നിന്നു.
കണ്ണുകൾ മടിയിൽ ശാന്തമായി കിടന്നുറങ്ങുന്ന ഫൈസിയുടെ മുഖത്തേക്ക് തെന്നി വീണു.
അൽപ്പം മുന്നേ തനിക്കു മുന്നിലിരുന്നു കരഞ്ഞവന്റെ ഉള്ളിൽ ആ കുട്ടി എത്ര മാത്രം ആഴത്തിൽ വേരുറപ്പിച്ചു പോയെന്നത് താൻ കണ്ടറിഞ്ഞതാണ്.
അത് തന്നെയാണ് അവരുടെ ഭയവും.
തികച്ചും സാധാരണ കുടുംബം.
ജാതിയുടെയും മതത്തിന്റെയും വേലികെട്ടുകൾ സ്ഥാനം പിടിക്കാത്ത മനസ്സുണ്ട് എങ്കിലും.. ഇതറിയുമ്പോൾ മുഹമ്മദിക്ക എങ്ങനെ പ്രതികരിക്കും എന്നോർക്കുമ്പോൾ അവരുടെ ഉള്ളം വിറച്ചു.
പള്ളിയും ദീനുമായി നടക്കുന്ന ആ മനുഷ്യൻ.. മകനോപ്പം നിൽക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
അവനാവട്ടെ ഇനി എനിക്ക് കൈ വിട്ടു കളയാൻ വയ്യ മ്മാ ന്ന് പറഞ്ഞത് ഹൃദയം കൊണ്ട് തന്നെയാണ്.
അവളുടെ വേദനനയിൽ അവളോളം അവനും പിടയുന്നുവെങ്കിൽ അത് തന്നെയാണ് അവന് ആ കുട്ടിയോടുള്ള സ്നേഹത്തിന്റെ ആഴവും.
എന്ത് ചെയ്യണമെന്നറിയാത്ത വിധമൊരു നിസ്സഹായ അവസ്ഥയിലേക്കാണ് ഫൈസി അവരെ വലിച്ചിറക്കി വിട്ടത്..
തുടരും..

by