രചന – കണ്ണന്റെ മാത്രം
അവരുടെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള മാളിൽ നിന്ന് ഇറങ്ങി വരുന്ന ഡേവിയും ജെനിയും. ഡേവി ജെനിയെ തോളിലൂടെ ചേർത്തുപിടിച്ചിട്ടുണ്ട്. എന്തൊക്കെയോ പരസ്പരം പറഞ്ഞ് ചിരിച്ചുകൊണ്ടാണ് രണ്ടാളും നടക്കുന്നത്. ഇടയിൽ ഡേവിയെന്തോ ജെനിയുടെ കാതിൽ ആയി പറയുന്നതും ജെനി ഞെട്ടിക്കൊണ്ട് അപ്പുറത്തേക്കും ഇപ്പുറത്തേക്കും എല്ലാം നോക്കി ചുവന്ന മുഖത്തോടെ അവന്റെ വയറിലായി പിച്ചുന്നതും എല്ലാം അലക്സും സോഫിയും കണ്ണ് വെട്ടാതെ നോക്കി. അവർ അവരുടെ കാറിൽ കയറി പോകുന്നത് വരെ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. ജെനിയുടെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുന്ന അതിപ്പോ കാറിൽ ജെനി കയറിയതിന് ശേഷം അവളുടെ സാരീടെ തല എടുത്ത് വെക്കുന്നതടക്കം ചെയ്യുന്ന ഡേവിയെ അവർ രണ്ടാളും അത്ഭുധത്തോടെ നോക്കി.
അലക്സ് ജെനിയുടെ ചിരി തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾക്ക് ഇത്രേം നന്നായി ഒക്കെ ചിരിക്കാൻ അറിയാം എന്നുള്ളത് അവന് അറിയില്ലായിരുന്നു. തന്റെ ഒപ്പം ഉള്ള ജീവിതത്തിൽ അവൾ ഒരിക്കലും ഇതുപോലെ ചിരിച്ചുകണ്ടിട്ടില്ല. ഇപ്പൊ വളരെ സുന്ദരിയും ആയിരിക്കുന്നു. ജെനിയുടെ സ്വഭാവവും സ്നേഹവും ഒക്കെ ആലോചിച്ചപ്പോൾ അവന് നഷ്ടബോധം തോന്നി. അവളെ വേണ്ടാന്ന് വച്ചിട്ട് സോഫിയെ കെട്ടിയത് മണ്ടത്തരം ആയിപ്പോയി. സമാധാനം സ്വസ്ഥത ഇത് രണ്ടും ഇപ്പൊ ജീവിതത്തിൽ ഇല്ല. എന്നും തല്ലും വഴക്കും ആണ്. ഇപ്പൊ കുഞ്ഞിന്റെ കാര്യം അറിഞ്ഞതിന് ശേഷം ആണ് ഒരിത്തിരി സമാധാനം. എന്തോ അതിന് ശേഷം സോഫി ആകെ ഒന്ന് ഒതുങ്ങിയ പോലെ ഉണ്ട്. പക്ഷേ എത്ര നാളേക്ക് ആണെന്ന് അറിയില്ല.. അവൻ നിരാശയോടെ ആലോചിച്ചു.
സോഫിയും നോക്കി കാണുകയായിരുന്നു ഡേവിക്ക് ജെനിയോടുള്ള സ്നേഹവും അവളുടെ സന്തോഷവും. ഒന്നാലോചിക്കുമ്പോൾ അവൾ അലക്സിൽ നിന്ന് രക്ഷപെട്ടത് നന്നായി എന്ന് തോന്നി സോഫിക്ക്. കാരണം അലക്സിന്റെ ഒപ്പം ഒരിക്കലും ഒരാൾക്കും ഇത്രേം സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല എന്ന് അവൾക്ക് നന്നായി മനസിലായി തുടങ്ങിയിരുന്നു . വല്ലാത്ത ഒരു സ്വാർത്ഥത ഉണ്ട് അലക്സിന്. ഞാൻ.. എന്റെ കാര്യം.. അങ്ങനെ ഉള്ള ഒരു ചിന്താഗതി. അതു കഴിഞ്ഞിട്ടേ വേറെ എന്തും വേറെ ആരും ഉള്ളൂ. അതിപ്പോ അപ്പനമ്മമാർ ആയിക്കോട്ടെ ഭാര്യയും കുഞ്ഞും ആയിക്കോട്ടെ ആരായാലും അങ്ങനെ തന്നെ. അവളെങ്കിലും അവനിൽ നിന്ന് രക്ഷപെട്ടല്ലോ എന്നാണ് സോഫി ആദ്യം ചിന്തിച്ചത് എന്നിരുന്നാലും അവൾക്ക് ഇതെല്ലാം കണ്ടപ്പോൾ സങ്കടവും അസൂയയും തോന്നുകയും ചെയ്യ്തു. എന്തോ പണ്ടത്തെ പോലെ ദേഷ്യം ഒന്നും അവൾക്ക് തോന്നിയില്ല. പക്ഷേ അസൂയ തോന്നാതെ ഇരുന്നതും ഇല്ല…
ജെനിയും ഡേവിയും അവിടെ നിന്ന് പോയപ്പോൾ ആണ് രണ്ടാൾക്കും ബോധം വന്നത്. അലക്സ് ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ചെയ്യ്തു. സോഫിയും അവന്റെ പിന്നിലായി കയറി ഇരുന്നു. അവളും നിശബ്ദ ആയിരുന്നു.
………………..
ജെനിയും ഡേവിയും മാത്യൂസിനെയും മേരിയമ്മയെയും കൊണ്ട് വീട്ടിൽ എത്തിയപ്പോൾ ആണ് അന്നയുടെ വിശേഷം അറിയുന്നത്. ജെനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. അവൾ അന്നയെ ഇറുക്കി കെട്ടിപിടിച്ചു. ഡേവിയും എബിയെ കെട്ടിപിടിച്ച് അവന്റെ സന്തോഷം അറിയിച്ചു. മേരിയമ്മ അന്നയെ ചേർത്തുപിടിച്ച് നെറ്റിയിലായി ഒന്ന് മുത്തി. അവർക്ക് ജെനി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ അതേ സന്തോഷം ഇപ്പോഴും തോന്നി. മാത്യൂസും അവളുടെ തലയിലായി ഒന്ന് വാത്സല്യത്തോടെ തഴുകി.
ആ സമയത്ത് ആണ് ആലീസും തോമസും കൂടി എത്തിയത്. അവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. ആലീസ് വന്നതും അന്നയെ പുണർന്നു. അവർക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞുമോൾ ഒരു അമ്മ ആകാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു കണ്ണുനീർ ആയി വന്നത്. തോമസും നിറഞ്ഞ കണ്ണോടെ അവളെ ചേർത്തുപിടിച്ചു. അപ്പൊ അയാളുടെ ഉള്ളിൽ ആലീസ് പ്രസവിച്ച സമയത്ത് വെള്ളത്തുണിയിൽ പൊതിഞ്ഞു കൈയിൽ കിട്ടിയ കുഞ്ഞുഅന്നയുടെ മുഖം ആയിരുന്നു.
സുഖം അല്ലേ മോളെ… ആലീസ് ജെനിയുടെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തഴുകി കൊണ്ട് ചോദിച്ചു. തോമസും അവളെ നോക്കി കണ്ണുചിമ്മിക്കൊണ്ട് ചിരിച്ചു.
സുഖായിരിക്കുന്നു ആന്റി..ജെനിയും ഒരു ചിരിയോടെ മറുപടി പറഞ്ഞു.
പിന്നെ അങ്ങോട്ട് എല്ലാവരും ആഘോഷത്തിൽ ആയിരുന്നു. ജാനിമോളുടെ പിറന്നാളിന്റെ കൂടെ അന്നയുടെ വിശേഷവും കൂടി ആയപ്പോൾ ഇരട്ടി മധുരം ആയി എല്ലാവർക്കും. പിന്നെ അങ്ങോട്ട് അന്നയെ പിടിച്ച് ഒരിടത്ത് ഇരുത്തി ബാക്കി ഉള്ളവർ നാളത്തേക്കുള്ള ഒരുക്കങ്ങളിലേക്ക് കടന്നു. അമ്മമാർ അടുക്കളയിൽ കൂടിയപ്പോൾ അപ്പന്മാർ ചെറുതായിട്ട് ഒന്ന് കൂടി കളയാം എന്നുറപ്പിച്ച് പതുക്കെ ജെയിംസിന്റെ വീട്ടിലേക്ക് വലിയാൻ നോക്കി. എല്ലാവരും തറവാട്ടിൽ ആയതുകൊണ്ട് പെണ്ണുങ്ങൾ അറിയാതെ ഒരു ഒത്തുകൂടൽ ആണ് അവർ ഉദ്ദേശിച്ചത്. പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്..
അപ്പൊ… അലൻ ജെയിംസിനെ നീട്ടി വിളിച്ചു..
ഓഹ് തുലഞ്ഞു.. അപ്പോഴേ ഞാൻ വിചാരിച്ചതാ വേറെ ആര് കണ്ടില്ലെങ്കിലും എന്റെ സാത്താൻ ഇത് കണ്ടുപിടിക്കും എന്ന്.. ജെയിംസ് പിറുപിറുത്തു. ജെയിംസിന്റെ പിറുപിറുക്കൽ കേട്ട എല്ലാവരും ചിരികടിച്ചുപിടിച്ചു നിന്നു.
മക്കളെ ഡാ നീ മമ്മിയോട് ഒന്നും പറയല്ലേ… ജെയിംസ് ഒരു ഇളിയോടെ അലന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
അയ്യടാ.. എന്താ ഒരു ഇളി. ഇല്ല ഞാൻ പറയില്ല പകരം ജെയിംസുട്ടിയുടെ ക്രെഡിറ്റ് കാർഡ് എന്റെ കൈയിൽ ഇരിക്കും ഒരാഴ്ച്ച.. സമ്മതം ആണോ..
ഒരാഴ്ച്ച ഒക്കെ വേണോടാ.. പാവമല്ലേ നിന്റെ ഈ അപ്പ.. ജെയിംസ് ദയനീയതയോടെ പറഞ്ഞു.
ആണോ.. എന്നാൽ ശരി.. ഞാൻ മമ്മിയെ വിളിക്കാം..അലൻ ഭീഷിണിപെടുത്തി..
വേണ്ട.. വേണ്ട..ഇന്നാ കൊണ്ട് പോ.. ഇതിനൊക്കെ നീ അനുഭവിക്കൂടാ.. ജെയിംസ് അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞുകൊണ്ട് ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു.
ഓഹ്.. ശരി.. ഞാൻ അനുഭവിച്ചോളാം.. അലനും ജെയിംസിനെ പുച്ഛിച്ചുകൊണ്ട് കാർഡ് വാങ്ങി എല്ലാവർക്കും ഒരു ചിരി പാസ്സ് ആക്കിക്കൊണ്ട് ചാടി തുള്ളി ഉള്ളിലേക്ക് പോയി..
എന്തോ പോയ അണ്ണാനെപോലെ നിൽക്കുന്ന ജെയിംസിനെ കണ്ടതും എല്ലാവരും ഒരുപോലെ ചിരിച്ചു പോയി…
ആ നിങ്ങൾ ചിരിക്ക് അതുപോലെ ഒരെണ്ണം വേണം മോനായിട്ട്. ഒരു കള്ളത്തരവും ഒപ്പിക്കാൻ പറ്റില്ലെന്നേ… ജെയിംസ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.
…………..
പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും കൂടി പള്ളിയിലേക്ക് പോയി. ജാനിമോളുടെയും അന്നയുടെയും പേരിൽ പ്രത്യേക കുർബാനയും മറ്റും ഉണ്ടായിരുന്നു. ഡേവിയുടെ നിർബന്ധം കാരണം അന്ന് പ്രാർത്ഥനാഗാനം പാടാൻ ബാക്കി കുട്ടികളുടെ കൂടെ ജെനിയും കൂടി. അന്നയും എബിയും ഡേവിയും ജെനിയുടെ വീട്ടുകാരും ഒഴികെ ബാക്കി എല്ലാവർക്കും അതു ഒരു പുതിയ അനുഭവം ആയിരുന്നു. ജെനി പാടും എന്നറിയാമെങ്കിലും ഇത്രേം നന്നായി പാടും എന്ന് അവർ ആരും പ്രതീക്ഷിച്ചിരുന്നില്ല.
കുർബാന കഴിഞ്ഞ് പള്ളി വക അനാഥാലയത്തിൽ കയറി അവിടത്തെ കുട്ടികൾക്ക് പുതിയ ഡ്രെസ്സും ചോക്ലേറ്റസും പഠിക്കുന്ന സാധനങ്ങളും ഒക്കെ കൊടുത്തു. കൂടാതെ ഒരു മാസത്തേക്ക് അവർക്ക് ഉള്ള ഭക്ഷണത്തിനുള്ള ഫണ്ടും അവിടെ കൊടുത്തേൽപ്പിച്ചതിനുശേഷം ആണ് എല്ലാവരും തറവാട്ടിലേക്ക് തിരിച്ചു എത്തിയത്.
ജെനിയുടെയും ഡേവിയുടെയും ഇടയിൽ വെള്ള ഉടുപ്പിട്ട് ഒരു മാലാഖയെ പോലെ നിൽക്കുന്ന ജാനിയെ എല്ലാവരും വാത്സല്യത്തോടെ നോക്കി. എല്ലാവരുടെയും ആശംസകൾക്കിടയിൽ ആദ്യമായി അവൾ അവളുടെ അപ്പയുടെയും അമ്മയുടെയും ഇടയിൽ നിന്ന് പിറന്നാൾ കേക്ക് മുറിച്ചു.
അങ്ങനെ അന്നത്തെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതോടെ എല്ലാവരും ക്ഷീണത്തിൽ നേരത്തേ ഉറങ്ങാനായി പോയി. മാത്യൂസും മേരിയമ്മയും ആലീസിന്റെയും തോമസിന്റെയും കൂടെ പോയിരുന്നു. ഇന്ന് ഒരു ദിവസം കൂടി അവിടെ നിൽക്കാം എന്ന് പറഞ്ഞിട്ടും രണ്ടുകൂട്ടർക്കും ഓരോ തിരക്കുകൾ ഉള്ളതുകൊണ്ട് പിന്നെ ഒരിക്കൽ വരാം എന്നും പറഞ്ഞാണ് അവർ പോയത്. അന്നത്തെ രാത്രി ഒരുപാട് സന്തോഷത്തോടെ ആണ് എല്ലാവരും ഉറങ്ങാൻ ആയി പോയത്…
പിറ്റേന്ന് നേരം വെളുത്ത് റീനാമ്മ അടുക്കളയിൽ എത്തുമ്പോൾ ജെനി ഉണ്ടായിരുന്നു അവിടെ..
ആ മോള് ഇന്ന് നേരത്തേ എഴുന്നേറ്റോ. കുറച്ചുകൂടി കെടുക്കാമായിരുന്നില്ലേ.. അവർ ചോദിച്ചു.
അതു മമ്മി ഇന്ന് ഇച്ചായന് നേരത്തേ പോകണം. എന്തോ മീറ്റിങ് ഉണ്ടെന്ന് പറയുന്നത് കേട്ടു. എന്തെങ്കിലും കഴിപ്പിച്ചു വിട്ടില്ലെങ്കിൽ ഇന്നത്തെ പ്രാതൽ കണക്കായിരിക്കും. അതാ ഞാൻ വേഗം എഴുന്നേറ്റത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കല്ലേ എന്ന് എത്ര പറഞ്ഞാലും ഇച്ചായൻ കേൾക്കില്ല..
ഓരോന്ന് ചെയ്യുന്നതിന്റെ ഇടയിൽ ഡേവിയെ കുറിച്ച് ആകുലതയോടെ എണ്ണിപെറുക്കുന്ന ജെനിയെ റീനാമ്മ ഒരുപാട് സന്തോഷത്തോടെയും വാത്സല്യത്തോടെയും നിറഞ്ഞ കണ്ണോടെ നോക്കികണ്ടു. പിന്നെ വേഗം അവരും അവളുടെ കൂടെ ഓരോന്നും ചെയ്യാൻ കൂടി. കുറച്ച് കഴിയുമ്പോഴേക്കും എൽസിയും റാണിയും വല്യമ്മച്ചിയും കൂടി എത്തിയതും അടുക്കള ഉണർന്നു.
ജെനി പറഞ്ഞതുപോലെ തന്നെ ടിഫിൻ കഴിക്കാതെ പോകാൻ നോക്കിയ ഡേവിയെ ജെനിയും റീനാമ്മയും കൂടി കണ്ണുരുട്ടിക്കാട്ടി ഭക്ഷണം കഴിപ്പിച്ചു. ഡേവി പോയതിനു പിന്നാലെ ആയി അന്നയും എബിയും ഡോക്ടറെ കാണാനും ഇറങ്ങി.
മോള് ഇന്ന് സ്കൂളിൽ പോകുന്നുണ്ടോ.. റീനാമ്മ ജെനിയോട് ചോദിച്ചു.
പോണം മമ്മി. കല്യാണം ഒക്കെ ആയി ലീവ് കുറച്ച് എടുത്തത് കൊണ്ട് പോർഷൻസ് കുറച്ച് കവർ ആവാൻ ഉണ്ട്.. ജെനി പറഞ്ഞു.
മോള് ഇപ്പൊ എങ്ങനെയാ പോകുന്നത്. അന്നമോൾ ഇല്ലല്ലോ…
ആലിയും ഇന്ന് പോകുന്നില്ല എന്ന് പറയുന്നത് കേട്ടു.. എൽസി പറഞ്ഞു.
സാരമില്ല മമ്മി ഞാൻ നടന്നുപോക്കോളാം. അധികം ദൂരം ഒന്നുമില്ലല്ലോ…
അതു വേണ്ട വല്യേട്ടത്തി ഞാൻ അങ്ങോട്ട് ആക്കി തരാം. ഞങ്ങൾക്ക് സ്റ്റഡി ലീവ് അല്ലേ ഇപ്പൊ. ഞാൻ ഒന്ന് ശ്യാമിന്റെ വീട്ടിൽ പോകുന്നുണ്ട് ഒരു ബുക്ക് വാങ്ങാൻ. ആ വഴി അല്ലേ സ്കൂളും.. അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന അലൻ പറഞ്ഞു.
ആ.. എങ്കിൽ അതുമതി മോളെ. ഇനിയിപ്പോ നടന്നുപോകാൻ നിൽക്കണ്ട… റീനാമ്മ പറഞ്ഞു.
ഡാ.. കൊച്ചിനെ കൊണ്ടുപോയി തട്ടിയിടാതെ അവിടെ കറക്റ്റ് എത്തിക്കണം.. എൽസി അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
ഓഹ്..എനിക്ക് എന്നാ പറ്റിയാലും വല്യേട്ടത്തിക്ക് ഒന്നും പറ്റാതെ നോക്കാൻ എനിക്കറിയാം.. ഹും… അലൻ എൽസിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
ഹാ.. നിങ്ങൾക്ക് ഇതെന്താ പിള്ളേരെ നേർക്ക് നേരെ കണ്ടാൽ അപ്പൊ തല്ലുകൂടിക്കോളണം.. വല്യമ്മച്ചി രണ്ടുപേരെയും കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
അതൊക്കെ ചുമ്മാതെ അല്ലേ എന്റെ വല്യമ്മച്ചി. ഈ എൽസികുട്ടി എന്റെ ജീവനല്ലേ.. കസേരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന എൽസിയെ പിന്നിൽ നിന്നും പുണർന്ന് അവരുടെ കവിളിൽ അമർത്തിമുത്തിക്കൊണ്ട് അലൻ പറഞ്ഞു. എല്ലാവരും അവരെ തന്നെ ചിരിയോടെ നോക്കിയിരുന്നു..
………………..
ഡേവി മീറ്റിങ് കഴിഞ്ഞ് കാബിനിൽ എത്തുമ്പോൾ നിർത്താതെ ബെല്ലടിക്കുന്ന അവന്റെ ഫോണിന്റെ ശബ്ദം ആണ് കേൾക്കുന്നത്. ഫോണിൽ തെളിഞ്ഞ നമ്പർ കണ്ടപ്പോൾ അവൻ ഒരു ചിരിയോടെ ആണ് ഫോൺ എടുത്തത്.
ഫോൺ എടുത്ത് മറുസൈഡിൽ നിന്നും പറയുന്നത് കേട്ടപ്പോൾ അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവിടെ ടെൻഷൻ നിറഞ്ഞു. അപ്പോഴാണ് ക്യാബിൻ ഡോർ തള്ളിതുറന്ന് ദേവൻ അങ്ങോട്ട് വന്നത്. ഡേവി ദേവനെ ഒന്ന് നോക്കികൊണ്ട് ഫോണിൽ പറഞ്ഞു.
ശരി.. ഞാൻ ശ്രദ്ധിക്കാം. നീ വച്ചോ.. വേറെ എന്തെങ്കിലും അപ്ഡേഷൻ കിട്ടിയാൽ അറിയിക്ക് നീ..
ദേവാ നീ അറിഞ്ഞല്ലോ കാര്യങ്ങൾ നമുക്ക് സെക്യൂരിറ്റി ഒന്നുകൂടി ഉറപ്പാക്കണം. അവർ….
ഡേവി ദേവനോടായി പറയുമ്പോൾ ആണ് അറിയാത്ത നമ്പറിൽ നിന്നും അവന് ഒരു കാൾ വരുന്നത്. ഒന്നു സംശയിച്ച ശേഷം അവൻ കാൾ എടുത്തു. മറുസൈഡിൽ നിന്നും കേട്ട വാർത്ത അവനെ അടിമുടി പിടിച്ചുലക്കാൻ മാത്രം ശേഷി ഉള്ളതായിരുന്നു. സ്തംഭിച്ചു നിൽക്കുന്ന അവന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു. ദേവൻ ഡേവിയെ പകച്ചു നോക്കി നിന്നു…

by