രചന – ജിഫ്ന നിസാർ
അറകലിൽ നിന്നും ഇറങ്ങി ബൈക്കിലേക്ക് കയറി അത് സ്റ്റാർട് ചെയ്തതും ഫൈസിയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്.
വണ്ടി ഓഫ് ചെയ്തു കൊണ്ടവൻ ഒന്നുയർന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു.
സ്ക്രീനിൽ തെളിഞ്ഞ നമ്പറും പേരും കണ്ടതും അവന്റെ നെഞ്ചോന്ന് പതഞ്ഞു പൊങ്ങി.മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു.
പെട്ടന്ന് തന്നെ അവൻ കൈയ്യുയർത്തി വാച്ചിലേക്ക് നോക്കി.
10.15 pm
ഈ നേരത്ത് ഇതിനാണാവോ?
ഫൈസിയുടെ നെറ്റി ചുളിഞ്ഞു.
അതിനിടെ ഫോൺ ബെല്ലടിച്ചു നിന്നിരുന്നു.
ആ ആലോചനയോടെ തന്നെയാണ്.. അവനാ നമ്പറിൽ തിരികെ വിളിച്ചതും.
“ഹലോ..”
കരച്ചിലിന്റെ വക്കോളമെത്തിയ ആ സ്വരം കാതിലൂടെ നേരെ ഇടനെഞ്ചിലാവണം പതിഞ്ഞത്.
അവനൊന്നു വിറച്ചു പോയി.
“ഹലോ…”
തിരികെ ഉത്തരമൊന്നും കൊടുക്കാഞ്ഞിട്ട് വീണ്ടും ആ ഭയം നിറഞ്ഞ വിളി കേൾക്കവേ.. ഫൈസി കണ്ണടച്ച് പിടിച്ചു.
“ഹലോ… ആരാണ്?”
അപ്പുറം ആരെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അവൻ അങ്ങനെയാണ് ചോദിച്ചത്.
“ഞാൻ.. ഞാൻ മീരായാണ്.”
ഇപ്രാവശ്യം ഒന്ന് കൂടി പതിഞ്ഞു പോയിരുന്നു ആ സ്വരം.
“ആഹ്.. എന്ത..എന്താ വിളിച്ചത്?”
ഗൗരവം വിട്ടൊരു കളിയില്ലെന്നുറപ്പിച്ചത് പോലെ അവന്റെ സ്വരം കടുത്തു.
പക്ഷേ ആ ചുണ്ടിൽ മനോഹരമായൊരു ചിരി മിന്നി കളിക്കുന്നുണ്ടായിരുന്നത് അവളാറിഞ്ഞിട്ടുണ്ടാവില്ല..
അവനും.
“ഞാൻ.. ഞാനിവിടെ സ്കൂളിൽ എത്താനായി. ”
കരഞ്ഞു തുടങ്ങിയെന്നു തോന്നുന്നു. സ്വരത്തിലും ആ നനവുണ്ട്.
ഫൈസിയുടെ ചിരി മാഞ്ഞു.
“സ്കൂളിൽ..? അതും ഈ നേരത്ത്..?”
വീണ്ടും വാച്ചിലേക്ക് നോക്കി അവന്റെ സ്വരം ഉയർന്നു.
“ആഹ്.. ഏഴ് മണിക്ക് തിരികെ എത്തേണ്ടതായിരുന്നു. ബസ്സിന്.. ബസ്സിനൊരു പ്രോബ്ലം. വിചാരിച്ചതിലും ലേറ്റായി. വീട്ടീന്ന് ആരെങ്കിലും കൂട്ടാൻ വരാൻ വിളിക്കാൻ പറഞ്ഞു സാർ. പക്ഷേ.. പക്ഷേ ഇച്ഛായെ വിളിച്ചിട്ട് കിട്ടുന്നില്ല..”
വിതുമ്പി കൊണ്ടവൾ പറഞ്ഞതും അവനൊരു ആശ്വാസം തോന്നി.
ഇതായിരുന്നോ ഇവളിത്രേം കരഞ്ഞു വിളിച്ചത്?
വെറുതെ മനുഷ്യന്റെ നല്ല ജീവനെടുക്കാൻ.. പിശാച്..
വീണ്ടും ഫൈസിക്ക് ചിരി വന്നു.
“ഒന്ന് വിളിച്ചു നോക്കുവോ ഇച്ഛായെ.? സ്കൂളിൽ വരാൻ പറയുവോ.? അര മണിക്കൂർ കൊണ്ട് അവിടെത്തും.. ഞാൻ.. ഞാനൊരുപാട് തവണ വിളിച്ചു ബെല്ലടിക്കുന്നുണ്ട്. പക്ഷേ ഫോൺ.. ഫോൺ എടുക്കുന്നില്ല. അതാ.. അതാ ഞാൻ വിളിച്ചത് ”
ഈ സമയത്ത് വിളിച്ചത് കൊണ്ട് ഫൈസി ഇനി അതിന് വഴക്ക് പറയുമോ എന്ന ഭയമുണ്ടായിരുന്നു മീരയുടെ വാക്കുകളിൽ.
അതവന് നന്നായി മനസ്സിലായതുമാണ്.
“എടുക്കുന്നില്ലേ? അതെന്താ? അവനെ വിളിച്ചാൽ ഏതു നേരത്തും എടുക്കുന്നതാണല്ലോ?”
ഫൈസിയുടെ ഉള്ളിലെ ചോദ്യങ്ങൾ അവനറിയാതെ തന്നെ പുറത്ത് ചാടി.
“എനിക്കറിയില്ല.. പേടിയാവുന്നു..വേറെ വേറെ ആരുമില്ല എനിക്കൊന്ന് വിളിക്കാൻ. ഒന്ന് വിളിച്ചിട്ട് ഇച്ഛായോട് പറയുവോ? പ്ലീസ് ”
വീണ്ടും കരച്ചിൽ പുരണ്ട അവളുടെ വാക്കുകൾ.
ആ വാക്കുകൾ..അതവന്റെ നെഞ്ചിലാണ് പൊട്ടി ചിതറിയത്.
നോവിന്റെ വലിയൊരു ചുഴിയിൽ അവൻ പിടഞ്ഞു പോയി.
“കരയണ്ട.. ഞാൻ.. ഞാൻ വിളിച്ചു നോക്കട്ടെ.”
ഫൈസി പെട്ടന്ന് പറഞ്ഞു.
“ഭയപ്പെടേണ്ട. നീ സ്കൂളിൽ ഇറങ്ങുമ്പോ അവിടെ നിന്നെ കൂട്ടാൻ ആളുണ്ടാവും. അതോർത്തു ഒരു പേടിയും നിനക്കിനി വേണ്ട ”
ഫൈസി പറഞ്ഞു.
നനുത്തൊരു മൂളൽ തിരികെ കിട്ടി.. ഉത്തരമായിട്ടും.. നന്ദിയായിട്ടും.
“വെച്ചേക്ക്.. ഞാൻ അവനെ വിളിച്ചു നോക്കട്ടെ ”
ഫൈസി വീണ്ടും പറഞ്ഞു.
“ഒക്കെ..”
മറുവശം കട്ടായതും പെടുന്നനെ അവനെയൊരു ശൂന്യത പൊതിഞ്ഞു.
ഫോണെടുക്കാതെ ഇവനിത് എവിടെ പോയാവോ? ”
ക്രിസ്റ്റിയുടെ നമ്പർ കോളിലിടുമ്പോഴും ഫൈസിയുടെ മനസ്സിൽ അത് തന്നെയായിരുന്നു.
രണ്ട് റൗണ്ട് ബെല്ലടിച്ചു തീർന്നിട്ടും അവനാ ഫോൺ എടുത്തില്ലയെന്നത് ഫൈസിയുടെയും ഹൃദയമിടിപ്പ് കൂട്ടി.
ഫോൺ പോക്കറ്റിലേക്കിട്ട് എന്ത് വേണമെന്നറിയാതെ അവൻ ഒരു നിമിഷം അതേ ഇരിപ്പ് തുടർന്നു.
“അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂളിൽ എത്തും.. ഇച്ഛായോടൊന്ന് പറയണേ..”
കാതിൽ മീരയുടെ സ്വരം.
അവൻ വീണ്ടും വാച്ചിലേക്ക് നോക്കി. അവൾ പറഞ്ഞ ടൈമിൽ സ്കൂളിൽ എത്തണമെങ്കിൽ ഇനി ഒരു മിനിറ്റ് പോലും വെറുതെ കളയാനില്ല.
പിന്നെ ഒന്നും ഓർത്തു നിൽക്കാതെ അവൻ ബൈക്ക് സ്റ്റാർട് ചെയ്തു.
നഗരതിരക്കിലൂടെ അതിവേഗം അവന്റെ ബൈക്ക് കുതിച്ചു പാഞ്ഞു.
കാറ്റിൽ പാറി കളിക്കുന്ന മുടിയിഴകൾ ഒതുക്കി അവനപ്പോഴും ഓർത്തത് ക്രിസ്റ്റിയെന്തേ ഫോൺ എടുക്കാഞ്ഞതെന്നാണ്.
അറക്കൽ പോയ വിശേഷങ്ങൾ അവനോട് പറയാൻ വിളിക്കാനിരിക്കെയാണ് മീരാ വിളിച്ചത്.
അവളുടെ ഓർമയിൽ വീണ്ടും അവനിലേക്കൊരു ചിരിയെത്തി.
അശാന്തമായ ഹൃദയം മിടിപ്പ് പതിയെയൊരു താളം തേടി പിടിച്ചു.
മുന്നോട്ട് കുതിക്കുന്നത്തിനൊപ്പം ഓടി വന്നു പൊതിയുന്ന കാറ്റിൽ അവൻ കുളിർന്നു പോയിരുന്നു.
ഒടുവിൽ… സ്കൂൾ ഗേറ്റിലേക്ക് അവന്റെ ബൈക്കും.. മീരാ പോയ ബസ്സും ഒരുമിച്ചാണ് എത്തി ചേർന്നത്.
❣️❣️❣️
ഡോക്ടർ ഓരോ വാക്ക് പറയുമ്പോഴും അഗാധമായൊരു ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്നത് പോലെ ക്രിസ്റ്റി ഉഴറുന്നുണ്ടായിരുന്നു.
“ആർക്കും ഒന്നും അറിയേണ്ട. ആരെയും ഒന്നും അറിയിക്കുകയും വേണ്ട. എല്ലാർക്കും തിരക്കുകൾ. എന്നിട്ട് പറയും കുടുംബത്തിന് വേണ്ടിയാണെന്ന്. അതേ കുടുംബം കണ്മുന്നിൽ നശിച്ചു പോകുന്നത് അറിയാതെ പോകുന്നൊരു ദുരവസ്ഥ…”
ഡോക്ടർ ജയേഷ് വല്ലാത്ത അരിശത്തിലാണ്.
“പതിനഞ്ചു വയസ്സുള്ളൊരു പെൺകുട്ടി.. അവൾ നമ്മുക്ക് കുട്ടിയായിരിക്കാം. അത്രകണ്ട് സൂക്ഷിച്ചു കൊണ്ട് നടന്നില്ലെന്നും വരാം. പക്ഷേ..ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ പോലും സുരക്ഷിതരല്ലാത്ത നമ്മുടെ ലോകത്തിൽ… എത്രയൊക്കെ പൊതിഞ്ഞു പിടിച്ചു നടന്നാലും തെറ്റിലേക്ക് നയിക്കപ്പെടാം. നൂറായിരം അവസരങ്ങൾ കണ്മുന്നിലിങ്ങനെ നീണ്ടു നിവർന്നു കിടക്കയല്ലേ….. നമ്മളെയും നമ്മുടെ ഫാമിലിയെയും സംരക്ഷണം കൊടുത്തു കൂട്ടി പിടിക്കുകയെന്ന ഉത്തരവാദിത്തം വളരെയധികം റിസ്ക് ഉള്ളതാണ് ”
അയാൾക്ക് കൊടുക്കാനൊരു ഉത്തരം പോലുമില്ലാതെ ആ മുന്നിൽ ക്രിസ്റ്റി പകച്ചിരുന്നു.
ശ്രദ്ധിച്ചില്ല… ലോകത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു കൊടുത്തില്ല എന്നൊക്കെ ജയേഷ് മുന്നിലിരുന്ന് പറയുമ്പോഴും.. ക്രിസ്റ്റിയുടെ ഉള്ളിലൂടെ ഒരു നേരിപ്പോട് പുകഞ്ഞു തുടങ്ങിയിരുന്നു.
റോയ്സും അവന്റെ അമ്മച്ചിയും അവരുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യകാൽവെപ്പ് വിജയം കണ്ടിരിക്കുന്നു.
ഇന്നലെ വൈകുന്നേരം റോയിസിനൊപ്പം ദിൽനയെ അങ്ങനൊരു സാഹചര്യത്തിൽ കണ്ടത് മുതൽ.. നെഞ്ചിലൂടെ ഒരു അസ്വസ്ഥത മിന്നി മായുന്നുണ്ടായിരുന്നു.
എത്രയൊക്കെ തട്ടി മാറ്റിയിട്ടും അവളുടെ ആ നിൽപ്പ്.. നെഞ്ചിൽ കൊളുത്തി പിടിച്ചിരുന്നു.
ഇങ്ങനൊരു കാര്യം ഉള്ളിന്റെയുള്ളിൽ തിളച്ചു മറിയുന്നതിനെ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചിരുന്നു.
ഇന്നത് മറ നീക്കി പുറത്തിറങ്ങി തനിക് നേരെ വന്നിരിക്കുന്നു.
“എവിടെ നിങ്ങളുടെ പേരന്റസ്.?വിളിക്കവരെ.. എനിക്ക് ഇനി സംസാരിക്കാനുള്ളത് അവരോടാണ്. അത് കഴിഞ്ഞിട്ട് വേണം ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ.”
അവനൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ടതും ജയേഷ് വീണ്ടും പറഞ്ഞു.
“പോലീസിൽ…”
അറിയാതെ തന്നെ ക്രിസ്റ്റിയുടെ സ്വരം ഉയർന്നു.
അവനുള്ളിൽ ദിലുവിന്റെ തളർന്നു തൂങ്ങിയ മുഖം ഓർമ വന്നു.
അതോടൊപ്പം തന്നെ റോയ്സിന്റെയും സൂസന്റെയും ഗൂഡമയ ചിരിയും അവന്റെ ഉള്ളിലേക്ക് ഇരച്ചെത്തി.
“ആഹ്.. ഇത് പോലൊരു കേസ് റിപ്പോർട്ട് ചെയ്താൽ അത് പോലീസിൽ അറിയിക്കുക എന്നത് കൂടി എന്റെ ഡ്യൂട്ടിയിൽ പെട്ടതാണ്.”
ഗൗരവത്തോടെ തന്നെ ഡോക്ടർ പറഞ്ഞു.
“നോ.. പ്ലീസ് സർ. അവള്.. അവളുടെ ഭാവി.. നോ സർ ”
അവൻ വെപ്രാളത്തോടെ എഴുന്നേറ്റു.
“മിസ്റ്റർ… അവളുടെ ഭാവിയെ കുറിച്ചല്ല.. ഞാനിപ്പോ ആ കുട്ടിയുടെ ജീവനെ കുറിച്ചാണ് ചിന്തിക്കുന്നത്. അവളെ ഇത് പോലൊരു അവസ്ഥയിലേക്ക് തള്ളി വിട്ടൊരു മഹാൻ ഉണ്ടാവുമല്ലോ? അവനെ ഒരിക്കലും രക്ഷപെട്ടു പോകാൻ വിടില്ലെന്നാണ് ആഗ്രഹിക്കുന്നത്. കാരണം ഞാനും.. ഞാനും ഒരച്ഛനാണ് ”
അത് പറയുമ്പോൾ… ജയേഷിന്റെ സ്വരം വല്ലാതെ കടുത്തു പോയിരുന്നു.
“താൻ പോയിട്ട് നിങ്ങളുടെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് പറഞ്ഞു വിട് ”
വീണ്ടും അയാളത് പറഞ്ഞതും ക്രിസ്റ്റി എഴുന്നേറ്റു.
വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോകുമ്പോഴും.. അവന്റെ മനസ്സിൽ റോയ്സിന്റെ ക്രൂരത നിറഞ്ഞ ചിരിയായിരുന്നു.
ആ ഓർമയിൽ തന്നെ അവന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.
“എന്റെ മകളുടെ കാര്യം അന്വേഷിച്ചു പോകാൻ അവനാരാടി? നീ.. നീ നിന്റെ മകനെ വല്ല്യ ആളാക്കാൻ വേണ്ടി കരുതി കൂട്ടി അവനെയും വിളിച്ചു പോന്നതല്ലേ? അല്ലേ.. ന്ന്?”
അതൊരു ഹോസ്പിറ്റൽ ആണെന്നും ചുറ്റും ഒരുപാട് ആളുകൾ തന്റെ പ്രഹസനം കണ്ടു നിൽക്കുന്നുണ്ടെന്നും മറന്നു കൊണ്ട് വർക്കി ശബ്ദമുയർത്തി.
അതിലേക്കാണ് ക്രിസ്റ്റി വാതിൽ തുറന്നു ചെന്നത്.
അയാളുടെ വാക്കുകൾ കൂടി കേട്ടത്തോടെ അവന്റെ മുഖം കൂടുതൽ ഇരുണ്ടു കൂടി.
“നിങ്ങളേം റിഷിയെയും ഞാൻ.. ഞാനൊരുപാട് വിളിച്ചിരുന്നു. കിട്ടിയില്ല. അവൻ.. അവനുണ്ടായത് കൊണ്ട് അവളിപ്പോ ജീവനോടെയുണ്ട്. അത്രേം.. അത്രേം…”
കൂടി നിൽക്കുന്നവർക്കിടയിൽ അപമാനഭാരം കൊണ്ട് ഡെയ്സിയുടെ സ്വരം വിറച്ചു പോയിരുന്നു.മുഖം കുനിഞ്ഞു.
വീട്ടിൽ എത്തിയ അയാളോട് അവിടെ നിന്നാരോ ദിൽനയെ കൊണ്ട് ഹോസ്പിറ്റലിൽ പോയെന്ന് പറഞ്ഞു കേട്ടതും.. മകൾക്ക് ഒട്ടും വയ്യെന്നതിനേക്കാൾ… അവളെ കൊണ്ട് പോയത് ക്രിസ്റ്റിയാണ് എന്നാ വാർത്തയായിരുന്നു ടെൻഷനടിപ്പിച്ചത് മുഴുവനും.
യാതൊരു വിധ സഹകരണത്തിനും വിടാതെ മക്കളുടെ മനസ്സിലേക്ക് അവനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു വിഷം കുത്തി നിറച്ചത്… അവൻ.. അവനങ്ങനെ സന്തോഷിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടായിരുന്നു.
“നീ ഒലത്തി കാണും…”ഡെയ്സി പറഞ്ഞത് സത്യമാണെന്ന് അറിഞ്ഞിട്ടും..അയാൾ വീണ്ടുമൊരു ലഹളക്കൊരുങ്ങുന്നത് കണ്ടതും ക്രിസ്റ്റി വേഗം ആ അടുത്തേക്ക് ചെന്നു.
“ഇതൊരു ഹോസ്പിറ്റൽ ആണ്. നിങ്ങൾ മറന്നാലും ചുറ്റും കൂടിയവർക്ക് ആ ബോധമുണ്ട്. ഷോ കാണിക്കുമ്പോൾ അതൂടെ ഓർക്കുന്നത് നല്ലതാ .”
വർക്കിയോടുള്ള മുഴുവനും ദേഷ്യമുണ്ടായിരുന്നു അവന്റെ വാക്കുകളിൽ.
അത് കൊണ്ട് തന്നെ അത് അങ്ങേയറ്റം പരുഷമായിരുന്നു.
“അതെന്നെ പഠിപ്പിക്കാൻ നീ ആരാടാ?”
അവിടൊരു സീൻ ഉണ്ടാക്കുക എന്നതാണ് വർക്കിയുടെ ഉദ്ദേശമെന്ന് മനസ്സിലാക്കിയതും.. പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റി ചുറ്റും നോക്കി.
കണ്ണ് നിറച്ചു നിൽക്കുന്ന ഡെയ്സിയെ നോക്കിയപ്പോൾ അവനുള്ളം വേദനിച്ചു.
ദിലുവിന്റെ കാര്യമറിയിക്കുമ്പോൾ അവരുടെ അവസ്ഥയെ കുറിച്ചാണ് അവനപ്പോഴും ഓർത്തത്.
“ഡോക്ടർ… ഡോക്ടർ വിളിക്കുന്നു ”
അവരെ നോക്കി അത്ര മാത്രം പറഞ്ഞിട്ട് അവൻ മുന്നോട്ടു നടന്നു.
“ആഹ്.. ഡോക്ടർ വിളിക്കും. ഡോക്ടർക്കറിയാം. രോഗിയുടെ വിവരങ്ങൾ അറിയിക്കേണ്ടത് വേണ്ടപ്പെട്ടവരെ ആണെന്ന്..അല്ലാതെ നിന്നെ പോലൊരു.. @#₹&%അല്ലെന്ന് ”
അവനെ നോക്കിയിട്ടു കേട്ടാലറക്കുന്ന തെറിയുടെ അകമ്പടിയോടെ വർക്കി പറഞ്ഞതും ക്രിസ്റ്റി കണ്ണടച്ചു മുഷ്ടി ചുരുട്ടി ദേഷ്യം ഒതുക്കി.അവനയാളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള ത്വരയുണ്ടായിരുന്നു.ക്ഷമയുടെ ഏറ്റവും അവസാനപടിയിൽ അവൻ അവനെ തന്നെ ഒതുക്കിയിരുത്തി.
“നടക്കങ്ങോട്ട്…”
ഡെയ്സിയോട് കലിപ്പിച്ചു പറഞ്ഞിട്ട് അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറുന്നത് നെഞ്ചിടിപ്പോടെ നോക്കി ക്രിസ്റ്റി ആ കസേരയിൽ തളർന്നിരുന്നു.
ദിൽനയുടെ ജീവിതം… ഒരു ഞാണിൽ കിടന്നു സ്വന്തം കണ്മുന്നിൽ തൂങ്ങി ആടുന്നത് അവന് കാണാനായി.
കൈകൾ കൊണ്ടവൻ നെറ്റി താങ്ങി കുനിഞ്ഞിരുന്നു..
ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോൾ സൈലന്റ് മോഡിലാക്കിയ ഫോൺ അപ്പോഴും അവന്റെ പോക്കറ്റിൽ കിടന്നു നിലവിളിക്കുന്നതറിയാതെ കിസ്റ്റി അതേ ഇരിപ്പ് തുടർന്നു.
തുടരും..
സ്കൂൾ ബസ് ഗേറ്റിനുള്ളിലേക്ക് കയറി പോയതിനു ശേഷമാണ് ഫൈസി പുറത്ത്, മതിലിനോട് ചാരി അവന്റെ ബൈക്ക് നിർത്തിയത്.
ബസ്സിനറങ്ങി വരുന്നവരുടെ ആരാവങ്ങൾ പുറത്തേക്ക് അലതല്ലി കേൾക്കുന്നുണ്ട്.
സ്കൂൾ കൊമ്പൗണ്ട് നിറയെ.. കുട്ടികളെ വിളിക്കാൻ വന്നവരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
അഞ്ചോ ആറോ ബൈക്കുകൾ ഫൈസിയുടെ ബൈക്ക് നിർത്തിയതിന്റെ എതിരെ നിർത്തിയിട്ടുമുണ്ട്.
ബസ്സിൽ നിന്നുയരുന്ന പാട്ടും.. കുട്ടികളുടെ കൂവി വിളിക്കലും.. അവരാ യാത്രയുടെ അവസാനനിമിഷങ്ങളെ അത്രമേൽ ആസ്വദിക്കുകയാണ്.
ബൈക്കിൽ നിന്നും ചാവിയൂരിയെടുത്ത് പോക്കറ്റിലേക്കിട്ട്.. ഫൈസിയും അകത്തേക്ക് ചെന്നു.
വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളും.. മൊബൈൽ ഫ്ലാഷുകളും കൊണ്ട്.. സ്കൂൾ മുറ്റം ഒരു ഉത്സവം പോലെ.
അതിനിടയിയിൽ കൂടി പ്രിയപ്പെട്ടവളെ തേടി അവന്റെ കണ്ണുകൾ ഉഴറി നടന്നു.
ബസ്സിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി കഴിഞ്ഞിരിക്കുന്നു.
മുന്നോട്ടു നടക്കുന്ന ഫൈസിയുടെ കണ്ണുകളെ വെട്ടിക്കാൻ അവൾക്ക് കഴിയില്ലെന്നത് പോലെ… ബസ്സിൽ ചാരി ഇടം വലം നോക്കി ടെൻഷനോടെ നിൽക്കുന്ന മീരയിൽ ഉടക്കി നിന്നു
അവളുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു. രണ്ടു പെൺകുട്ടികൾ അവളുടെ തോളിൽ പിടിച്ചു കൊണ്ടെന്തോ പറയുന്നുണ്ട്.
എന്നിട്ടും ഭയം നിറഞ്ഞ ആ കണ്ണുകളെ അകലെ നിന്നിട്ടും ഫൈസിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
ക്രിസ്റ്റിയെയാവും അവൾ തിരയുന്നത്. ആ നോട്ടം കണ്ടതും അവനുറപ്പിച്ചു.
തന്നെയൊരിക്കലും ഈ നേരത്ത് ഇവിടെ അവൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല.
അവൻ നേർത്തൊരു ചിരിയോടെ അവളുടെ നേരെ ചെന്നു.
മീരാ.. ”
ഫൈസി കരുതിയത് പോലെ തന്നെ.. ആ വിളി കേട്ട് തിരിഞ്ഞു നോക്കിയവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു.
വീണ്ടും അവന് പിന്നിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു.
“അവൻ വന്നിട്ടില്ല.ക്രിസ്റ്റിയെ ഞാനും വിളിച്ചിട്ട് കിട്ടിയില്ല. അവനെ അന്വേഷിച്ചു പോയാൽ താനെത്തുമ്പോ ഇവിടെ ആളുണ്ടാവില്ല. അതാണ് നേരെ ഇങ്ങോട്ട് പോന്നത് ”
തനിക്ക് പിന്നിൽ അവളാന്വേഷിക്കുന്നത് ക്രിസ്റ്റിയെ ആണെന്ന് ഫൈസിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് ഫൈസി അങ്ങനെ പറഞ്ഞത്.
“വാ.. പോവാം. ഞാനാക്കി തരാം വീട്ടിലേക്ക് ”
അവളെ നോക്കി പറഞ്ഞിട്ട് അവൻ തിരികെ നടന്നു.
വന്നവരിൽ ഏറെക്കുറെ എല്ലാവരും മടങ്ങി തുടങ്ങിയിരിക്കുന്നു.
“വാ…”
മൂന്നാലടി നടന്നിട്ട് തിരിഞ്ഞു നോക്കുമ്പോൾ മീരാ നഖം കടിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുന്നത് കണ്ടതും ഫൈസി വീണ്ടും വിളിച്ചു.
“സാറിനോട്.. പറഞ്ഞിട്ട്..”
അവൾ അവനെ നോക്കി.
“ഞാൻ പറയണോ..?അതോ നീ പറയുവോ?”
അവൻ തിരിച്ചു ചോദിച്ചു.
“ഞാൻ.. ഞാൻ പറയാം ”
അത് പറഞ്ഞിട്ട് ബസ്സിനരികിൽ നിൽക്കുന്ന സാറിന്റെ അടുത്തേക്ക് അവൾ നടന്നു.
“ഇത് നിന്റെ ഇച്ഛായുടെ ആ കലിപ്പൻ ഫ്രണ്ട് അല്ലേ മീരേ?”
മീരയുടെ കൂടെ നടക്കുന്നതിനിടെ ടീന അവളോട് ചോദിക്കുന്നത് ഫൈസി കേട്ടു.
“ആ.. ആ മരപ്പട്ടി തന്നെ ”
മീരയുടെ മറുപടി കേട്ടതും ഇപ്രാവശ്യം അവൻ അമർത്തി ചിരിച്ചു.
“ഇങ്ങേരു പിന്നെ പിന്നെ ഗ്ലാമർ കൂടുവാണല്ലോ ടീ. ഞാനൊന്ന് ലൈൻ വലിച്ചു നോക്കിയാലോ?”
ടീനയുടെ സംശയവും അവളതിന് കൊടുക്കുന്ന ഉത്തരവും അറിയാൻ ഫൈസിക്കും ആകാംഷ തോന്നി.
“പൊന്നുമോളെ.. അത് വേണോടീ? അറിഞ്ഞു കൊണ്ട് നിന്നെയൊരു കെണിയിലേക്ക് തള്ളി വിടാൻ വയ്യാത്തത് കൊണ്ടാ. ആ ഗ്ലാമർ മാത്രം ഒള്ളു. സ്വഭാവം പത്തു പൈസക്കില്ല..മൂരാച്ചി എന്നൊക്കെ പറഞ്ഞു വല്ലാണ്ട് കുറഞ്ഞു പോകും.”
മീരാ വളരെ കാര്യമായിട്ട് കൂട്ടുകാരിയെ സ്നേഹിക്കുന്നുന്നത് ഫൈസി വ്യക്തമായി കേട്ടിരുന്നു.
‘പിന്നെ… നീയൊരു മദർ തെരേസ.. കാണിച്ച് തരാടി പിശാച്ചെ.. നിനക്കെന്റെ ഒറിജിനൽ സ്വഭാവം. അതറിഞ്ഞ നീ താങ്ങുവോ എന്നാണ്…”
അവൾ പോയ വഴിയേ നോക്കി അവൻ പല്ല് കടിച്ചു.
തന്നെ ചൂണ്ടി കാണിച്ചിട്ട് അവളെന്തോ സാറിനോട് പറയുന്നതും പിന്നെ തിരിഞ്ഞു തനിക് നേരെ നടന്നു വരുന്നതും നോക്കി ഫൈസി നെഞ്ചിൽ കൈ കെട്ടി നിന്നു.
അവൾക്ക് പിറകെ അവളുടെ വാലുകളുമുണ്ട്.
എന്ത് പറഞിട്ടാവും അവൾ സാറിന് തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടാവുക?
ആ വരവ് നോക്കി നിൽക്കെ ഫൈസി അതാണ് ഓർത്തത്.
ഏട്ടന്റെ ഫ്രണ്ടാന്നാവുമോ?
ആ ചോദ്യം അവനെ ഒന്ന് പിടിച്ചുലച്ചു.
ഫൈസിയുടെ ചുണ്ടിലൊരു കള്ളച്ചിരി ഉണ്ടായിരുന്നു അവർ അരികിൽ എത്തിയപ്പോൾ.
“നിന്റെ കൂട്ടുകാരാണോ മീരാ? ”
വളരെ മനോഹരമായി ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മീരയാണ് ആദ്യം വാ പൊളിച്ചത്.
അത്രയും സൗമ്യമായിരുന്നു അവന്റെ സ്വരം.
“നിന്നെക്കാൾ സ്മാർട്.. ആൻഡ് ക്യൂട്ട് ആണല്ലോ നിന്റെ ഫ്രണ്ട്സ്”
അതേ മധുരത്തോടെ ഫൈസി വീണ്ടും പറഞ്ഞു.
“എന്താ… നിങ്ങളുടെ സ്വീറ്റ് നെയിം..?”
അവൻ കുറച്ചു കൂടി അവരുടെ ആരുകിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.
“ഞാൻ ടീന.ഇത്..റിയ ”
നേരത്തെ ഫൈസിയെ ലൈൻ വലിക്കാൻ പ്ലാൻ ചെയ്തവളാണ് ആവേശത്തിൽ ഉത്തരം പറഞ്ഞത്.
“നൈസ്.. നിങ്ങളെ പോലെ തന്നെ.. സുന്ദരമായ പേര് ”
“പോവണ്ടേ..?”
മീരാ കുറച്ചു ഉറക്കെ ചോദിച്ചതും..ഫൈസി തല ചെരിച്ചു കൊണ്ടവളെ നോക്കി.
“ഞാനിവിടെ സംസാരിച്ചു നിൽക്കുന്നത് നീ കാണുന്നില്ലെ..?”
മുന്നേ ഉണ്ടായിരുന്ന മധുരമില്ലായിരുന്നു അപ്പോഴവന്റെ സ്വരത്തിൽ..
“ആ മതി കിന്നാരം പറഞ്ഞോണ്ട് നിന്നത്. എനിക്കുറക്കം വരുന്നു. വീട്ടിൽ പോണം ”
അതും പറഞ്ഞു കൊണ്ട് മീരാ അവന് നേരെ തുറിച്ചു നോക്കി.
അവന് ചിരി വന്നു അവളുടെയാ വീർത്തു കെട്ടിയ മുഖം കണ്ടതും.
“ഒക്കെ ഗയ്സ്.. നമ്മക്ക് പിന്നെ വിശദമായി പരിചയപ്പെടാം. ബൈ.. ആൻഡ് ഗുഡ് നൈറ്റ് ”
വീണ്ടും അവരെ നോക്കി ചിരിച്ചു കൊണ്ട് പറയുന്നവനെ നോക്കി മീരാ പല്ല് കടിച്ചു.
❣️❣️❣️
“ഫാത്തിമക്ക് അപ്പൊ ഇവിടാരെയും പരിചയമില്ല. അല്ലേ?”
ഷാദി ഗൂഡമായൊരു ചിരിയോടെ അവളെ നോക്കി.
ഇല്ലെന്നവൾ തലയാട്ടി.
ആ മനസ്സിലപ്പോഴും യാതൊരു പരിചയവുമില്ലാഞ്ഞിട്ടും ദൈവത്തെ പോലെ കണ്മുന്നിൽ വന്നു ചേർന്നവന്റെ മുഖം നിറഞ്ഞു..
അവന്റെ കരുതലിന്റെ ആഴങ്ങളോർത്തു.
വരും വരായ്കകളൊന്നും തന്നെ ഓർക്കാതെ സ്വന്തം വീട്ടിൽ തനിക്ക് സമാധാനത്തോടെയുറങ്ങാൻ ഒരിടം നൽകിയതോർത്തു.
തനിക്ക് മറുപടി പറയുമ്പോൾ കണ്ണ് ചിമ്മി ചിരിക്കുന്നതോർത്തു.
ചോദ്യങ്ങൾ കൊണ്ട് തനിക്ക് മുന്നിൽ കാരുണ്യത്തിന്റെ ആൾരൂപമായവനെ ഓർത്തവൾ സ്വയം മറന്നു നിൽക്കെ.. അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവന്റെ കണ്ണിൽ മിന്നി മാഞ്ഞ ഭാവങ്ങളൊന്നും തന്നെ അവളറിഞ്ഞതുമില്ല.
“ഓർമകൾ കൊണ്ടൊരു വസന്തം തീർക്കുന്നവനെ.. ഒരിക്കൽ കൂടി നിന്നെയൊന്ന് കാണാൻ ഞാനത്രമേൽ കൊതിക്കുന്നുണ്ട്. ഒന്നിനുമല്ല.. വെറുതെ.. വെറും വെറുതെയൊന്ന് കാണാൻ..’
പുറത്തേ… റബ്ബർ മരങ്ങളെ കാണെ അവളുടെ ഉള്ളം മന്ത്രിച്ചു.
അത്രമേൽ മനോഹരമായ ചിരിയവളുടെ ചൊടിയിൽ വിരിയുന്നത് കൗശലത്തോടെ ഷാഹിദ് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവനുള്ളിലെ സംശയങ്ങൾക്ക് കനമേറി തുടങ്ങി.
“ഹേയ്…”
അവൻ തട്ടി വിളിക്കുമ്പോഴാണ് സ്ഥലകാലബോധം വന്നത് പോലെ ഫാത്തിമ ഞെട്ടിയത്.
ഷാഹിദിന്റെ മുഖത്തേക്ക് നോക്കി അവളൊന്നു ചിരിച്ചു.
“ഫാത്തിമ.. അധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു.. ശെരിയല്ലേ?”
ഷാഹിദ് വീണ്ടും അവളോട് ചോദിച്ചു.
“അങ്ങനെ.. അങ്ങനെന്നുമില്ല. സത്യത്തിൽ ഞാനിങ്ങനെ ആയി പോയതാ. എന്നോടാരും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ പിന്നെ ഞാനും ആരോടും മിണ്ടാതെയായി.”
നോവോളിപ്പിച്ചു പിടിച്ചു കൊണ്ടവൾ.. അവനെ നോക്കി.
“ഇനിയെന്നാ ഞാൻ ഉണ്ടല്ലോ കൂടെ. എനിക്കും അറിയാൻ ആഗ്രഹമുണ്ട്. നിറയെ സംസാരിക്കാനാറിയാവുന്ന ഫാത്തിമയെ..”
ഷാഹിദ് ചിരിയോടെ തന്നെ പറഞ്ഞു.
“എത്ര കാലം…?”
അവൾ അവനെ നോക്കി ചോദിച്ചു.
അവന്റെ ചിരി മാഞ്ഞു.
“എത്ര കാലം എന്റെ കൂടെയുണ്ടാകും. അതാ ഞാൻ ചോദിച്ചത്?”
താൻ ചോദിച്ചത് അവന് മനസിലായിട്ടില്ല എന്ന് കരുതി അവളൊന്നു കൂടി ക്ലിയറായി ചോദിച്ചു.
“അങ്ങനെ… അങ്ങനെ കാലപരിധിയൊക്കെ വെച്ചിട്ടാണോ ഫാത്തിമ ഒരാളെ സ്നേഹിക്കേണ്ടത്. എനിക്ക്.. എനിക്ക് തന്നെ ഇഷ്ടമാണ്.എന്റെ ജീവനുള്ളടത്തോളം കാലം ഞാൻ കൂടെയുണ്ടാകും ”
ഷാഹിദ് വീണ്ടും ചിരിയെ കൂട്ട് പിടിച്ചു കൊണ്ട് പറഞ്ഞു.
അതിനുത്തരം പറയാതെ അവളൊന്നു ചിരിച്ചു.
“നിനക്ക്.. നിനക്കൊരിക്കലും തോന്നിയില്ലേ..?എന്റെ ഒരു നോട്ടം കൊണ്ട് പോലും ഫീൽ ചെയ്തില്ലേ എനിക്കിഷ്ടമാണെന്ന്?”
ആ ചിരി കണ്ടതോടെ ഷാഹിദിന്റെ ചിരി മാഞ്ഞു പോയിരുന്നു.
“പറയുന്നത് കൊണ്ടൊന്നും തോന്നരുത്..ഇഷ്ടം.. സ്നേഹം.. ഇതിന്റെയൊക്കെ ശെരിക്കുമുള്ള ഫീൽ എന്തെന്ന് ഞാനിത് വരെയും അറിഞ്ഞിട്ടില്ല. പക്ഷേ.. പക്ഷേ ഇവിടെത്തിയത് മുതൽ എനിക്കറിയാം.. ഈ കാണിക്കുന്നതൊന്നുമല്ല സ്നേഹം. ഈ നോട്ടത്തിൽ ഉള്ളതൊന്നുമല്ല ഇഷ്ടം.ഇതിന് പിന്നിലെന്തോ ഉദ്ദേശമുണ്ട്. എന്നെ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന ഉദ്ദേശം..”
അവനെ നോക്കി അവളത് പറയുമ്പോൾ… ഷാഹിദിന്റെ മുഖം വിളറി പോയിരുന്നു.
എങ്കിലും അവനത് സമ്മർദ്ദമായി മറച്ചു പിടിച്ചു.
വിചാരിച്ചത് പോലല്ല.. ഇവളെ അത്രയെളുപ്പത്തിൽ പിടിച്ചു കെട്ടാനാവില്ല.
ആ മുഖത്തെ കടുപ്പം കണ്ടതും അവൻ മനസ്സിൽ പറഞ്ഞു പോയി..
❣️❣️❣️
“ഇറങ്ങിക്കോളു”
കാർ നിർത്തിയിട്ടും മുഖം കുനിച്ചിരിക്കുന്ന ലില്ലിയെ പിന്നിലേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.
അവളൊന്നു ഞെട്ടി കൊണ്ട് പുറത്തേക്ക് നോക്കി.
തന്റെ വീടിന്റെ മുന്നിലാണ് വന്നു നിൽക്കുന്നതെന്ന് മനസിലായതും ഞൊടിയിട കൊണ്ട് ആ മുഖത്തൊരു ആശ്വാസം നിഴലിച്ചു.
അവളിറങ്ങും മുന്നേ ഷാനവാസ് ഡോർ തുറന്നിറങ്ങിയിരുന്നു.
അത് കണ്ടതും ലില്ലിയും പെട്ടന്ന് തന്നെയിറങ്ങി.
അരണ്ട മഞ്ഞ വെളിച്ചം പകർന്നു കൊണ്ടൊരു ബൾബ് ഉമ്മറത്തു കത്തി കിടക്കുന്നുണ്ട്.
അതിന് താഴെ വഴി കണ്ണുകളുമായി… ഒരച്ഛനും അമ്മയും.
വീടിന്റെ നേർക്ക് നോക്കിയ ഷാനവാസ് ആദ്യം കണ്ട കാഴ്ച അതായിരുന്നു.
അവരുടെ കണ്ണിലെ ഭയം അത്ര അകലെ ആയിരുന്നിട്ട് കൂടി അയാൾക്ക് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു.
അതയാളെ ഒരുപാട് വേദനിപ്പിച്ചു.
“അച്ഛനും അമ്മയുമാണോ?”
ഡോർ തുറന്നിറങ്ങി വന്ന ലില്ലിയെ നോക്കി അയാൾ ചോദിച്ചു.
അതേ എന്നവൾ തലയാട്ടി കാണിച്ചു.
“വേറെ ആരും….”
ആ ചോദ്യത്തിനും തല കുനിച്ചു കൊണ്ട് തന്നെ അവൾ ഇല്ലെന്ന് പറഞ്ഞു.
ആ ഉത്തരത്തിനും കണ്മുന്നിലെ കാഴ്ചകളിലും ലില്ലി എന്താണെന്നും.. അവളുടെ അവസ്ഥ എത്ര മാത്രം ദയനീയമാണെന്നും ഷാനവാസിനു മനസ്സിലാക്കി കൊടുത്തിരുന്നു.
“വാ..”
ലില്ലിയെ നോക്കി അലിവോടെ പറഞ്ഞിട്ട് അയാളാണ് ആദ്യം അകത്തേക്ക് ചെന്നത്.
മകളുടെ കൂടെ ഒരാൾ കയറി വരുന്നത് കണ്ടതും.. മാത്തച്ചനും ത്രേസ്യയും പരസ്പരം നോക്കുന്നത് ഷാനവാസ് കണ്ടിരുന്നു.
“ലില്ലി ജോലി ചെയ്യുന്ന കടയുടെ ഉടമയാണ് ഞാൻ. ഷാനവാസ് ”
ആ മനസ്സുകളിൽ നിറഞ്ഞ ചോദ്യവും ഭയവും അറിഞ്ഞു കൊണ്ട് തന്നെ ഷാനവാസ് ആദ്യം സ്വയം പരിചയപ്പെടുത്തി.
വലിഞ്ഞു മുറുകി നിന്നിരുന്ന രണ്ട് മുഖങ്ങളും അൽപ്പം അയഞ്ഞു.
“ലില്ലി ഇന്ന് കടയിൽ നിന്നിറങ്ങാൻ അൽപ്പം ലേറ്റായി. ഈ നേരത്ത് വീട്ടിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ ആരെയോ വിളിച്ചിരുന്നു.ആ ആളെ കിട്ടാഞ്ഞത് കൊണ്ടാണ് ഞാൻ കൂട്ടി കൊണ്ട് വന്നത് ”
ആ തുറന്നു പറച്ചിലോട് കൂടി അവരുടെ കണ്ണിലെ അവസാനത്തെ സംശയങ്ങളും മാഞ്ഞു പോയിരുന്നു.
“അകത്തോട്ടു കയറി വാ..”
മാത്തൻ ഔപചാരികതയോടെ ഷാനവാസിനെ ക്ഷണിച്ചു.
“ഇല്ല.. ഇന്നിപ്പോൾ സമയമില്ല. പിന്നെയൊരിക്കൽ തീർച്ചയായും വരാം ”
നിറഞ്ഞ ചിരിയോടെ തന്നെ ഷാനവാസ് ആ ക്ഷണം നിരസിച്ചു.
പോട്ടെ… ”
ലില്ലി നോക്കി പുഞ്ചിരിച്ചു കൊണ്ട് പെട്ടന്ന് തന്നെ ഷാനവാസ് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
❣️❣️❣️
ഹൃദയമിടിപ്പോടെ ഡോക്ടറുടെ മുറിയുടെ വാതിലിന് നേരെ നോക്കിയിരിക്കുകയാണ് ക്രിസ്റ്റി.
ഇനിയെന്ത് വേണമെന്നറിയാത്ത ഒരു നിസ്സഹായത അവനെ പൊതിഞ്ഞു നിന്നിരുന്നു.
ദിൽനയുടെ അവസ്ഥയിൽ അവന് അങ്ങേയറ്റം വേദനയുണ്ട്.
അതിനോടൊപ്പം തന്നെ അവളോട് നല്ല ദേഷ്യവും തോന്നുന്നുണ്ട്.
റോയ്സിനെ കുറിച്ചോർക്കുമ്പോൾ അവന്റെ കൈ തരിക്കുന്നുണ്ട്.
അതേ നിമിഷം തന്നെ വർക്കിയുടെ മനോഭാവം ഓർത്തവന്റെ മനസ്സ് പിടച്ചു.
വലിയൊരു ശബ്ദത്തിൽ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി വന്ന വർക്കിയവന്റെ ചിന്തകളെ മുറിച്ചു.
ഉല പോലെ ചുവന്നു വിങ്ങിയ മുഖത്തോടെ ദിൽന കിടക്കുന്ന മുറിയിലേക്കയാൾ കയറി പോയതും ക്രിസ്റ്റി പിടഞ്ഞെഴുനേറ്റു.
ധൃതിയിൽ അയാൾക്ക് പിന്നാലെ അവനും ആ മുറിയിലേക്ക് കയറി.
പക്ഷേ അവനെത്തും മുന്നേ ദിൽനയുടെ വേദനകൊണ്ടുള്ള കരച്ചിലവന്റെ കാതിൽ മുഴങ്ങിയിരുന്നു.
കാറ്റ് പോലെ.. അവൻ അകത്തേക്ക് കുതിച്ചു.
തുടരും..

by