17/04/2026

കാർത്തിക ദീപം : ഭാഗം 27

രചന – സുധീ മുട്ടം

” ഇന്നും കുടിച്ചുവല്ലേ.. എനിക്ക് നൽകിയ വാക്ക് മറന്നുവല്ലേ…..

മുന്നിൽ നിന്നും പറയുന്നവളെ തെല്ലും ഗൗനിക്കാതെ ഗൗരവത്തോടെ അകത്തേക്ക് കയറി…ആ അവഗണ സഹിക്കാൻ കഴിയുന്നതിലും അപ്പുറനായിരുന്നു കാർത്തികക്ക്…നെഞ്ചിലൊരു നിലവിളി ഉയരുന്നത് അറിഞ്ഞിട്ടും പ്രാണൻ പിടയുന്ന നെരിപ്പോടെ നിറഞ്ഞ മിഴികളുമായി ഡെറിക്കിനു മുന്നിലെത്തി…

“എന്നെ…എന്നെ വേണ്ടാതായല്ലേ….

അങ്ങനെ ചോദിക്കരുതെന്ന് മനസ്സ് വിലക്കിയട്ടും ചോദിച്ചു പോയി…മനസ്സ് വിലക്കിയാലും ഓരോ അണുവിലും അവൻ മാത്രമാണെന്ന് തിരിച്ചറിയുന്നുണ്ട്..അവനായി മാത്രമാണ് ഹൃദയം മിടിക്കുന്നതെന്നും അറിയുന്നുണ്ട്..പക്ഷേ അപ്പോഴും തങ്ങൾക്ക് മുന്നിൽ താനായി സൃഷ്ടിച്ച പുകമറ വിലങ്ങനെ നിൽക്കുന്നു…

” ആർക്ക് ആരെയാ കാർത്തുമ്പി വേണ്ടാതായത്? നിനക്കല്ലേ എന്നെ വേണ്ടാത്തത്?എത്ര നാളായി ഞാൻ ഇങ്ങനെ നീറി നീറി എരിയുന്നത്? ഇനിയെങ്കിലും എനിക്കൊരു ശാപമോക്ഷം തന്നുകൂടെ?

അവന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമില്ലാതെ ശിലയായി നിന്നു പോയി….കാരണം അവന്റെ ചോദ്യങ്ങൾക്കെല്ലാം തന്നിൽ ഉത്തരമുണ്ട്…പക്ഷേ പറയാനാകില്ലല്ലോ???

“ഞാൻ നിന്റെയാ ഡെറി…നിന്റെ മാത്രം..

ഉറക്കെ വിളിച്ചു പറയാൻ മനസ്സ് വെമ്പുന്നുണ്ട്…അവനായി മനസ്സ് ദാഹിക്കുന്നുണ്ട്..എങ്കിലും തന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ അവന് ലഭിക്കണമെന്ന് ഇന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്….

” എന്തേ നിനക്ക് ഉത്തരമില്ലേ?

എഴുന്നേറ്റു അവൾക്ക് അരികിലെത്തി.. അവന്റെ ശ്വാസോച്ഛ്വാസത്തിന്റെ ചൂട് മൂക്കിൻ തുമ്പിൽ തട്ടുന്നുണ്ട്….

“ഞാനിത്രയേറെ അവഗണിക്കുമ്പോൾ നിനക്ക് പൊള്ളുന്നുണ്ടെങ്കിൽ നിന്റെ അവഗണന എന്നെയും എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് അറിയോ കാർത്തുമ്പി…. ഇത്രയുമേറെ പരസ്പരം ഉരുകി തീരാൻ അത്രമാത്രം പാപങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടോ ? നിന്റെയൊരു സമ്മതം മാത്രം മതി നമ്മൾക്കായി ഉരുകി ജീവിക്കുന്നവർക്കും നമുക്കും ശാപമോക്ഷം ലഭിക്കാൻ…

ഒന്നിനും ഉത്തരമില്ല തന്റെ പക്കൽ…നിസ്സഹായയാണ്….പകരം നിറഞ്ഞൊഴുകുന്നത് കണ്ണുകൾ മാത്രമാണ്….

” ഇനി.. ഇനി കാണാതിരിക്കാൻ ശ്രമിക്കാം…

നിറഞ്ഞൊഴുകുന്ന അരുവികൾ തുടച്ചു മാറ്റിയ ശേഷം പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു….

“എങ്ങനെ.. അതിനു കഴിയോ നിനക്ക്….

ഓരോ വാക്കുകളൂം കൂർത്ത കുപ്പിച്ചില്ലുകളായി നെഞ്ചിൽ തറച്ചു കയറി രക്തം പൊടിയുന്നത് അറിഞ്ഞു…

“കഴിയോ തനിക്ക്? ”

സ്വയമൊന്ന് ചോദിച്ചു നോക്കി..

“ഇല്ല… തനിക്കീ ജന്മം കഴിയില്ല…

മനസ്സ് ഉത്തരം നൽകി..

ഇത്രയും ദിവസങ്ങൾ തന്നെ കാണാതിരിക്കാൻ കഴിയാഞ്ഞതിന്റെ വേദന ശരിക്കും അനുഭവിച്ചു അറിഞ്ഞതാണ്..‌.ഡെറിയെ ഒന്നു കാണാതെ ഇനിയീ ജന്മം സമാധാനമായി ജീവിക്കാൻ കഴിയില്ല….

” വാക്കൊന്ന് തിരുത്തിക്കൂടെ….

അവളെ വലിച്ചു നെഞ്ചിലേക്കിട്ട് ആഞ്ഞു പുൽകിയ ശേഷം പ്രതീക്ഷയോടെ ആ മിഴികളിലേക്ക് ഉറ്റുനോക്കി….

“കഴിയില്ല ഡെറി… പക്ഷേ നിന്നെ മറക്കുവാനും കഴിയില്ല…

മനസ്സ് ഡെറിക്കായി കേഴുമ്പോൾ അറിയാതെ ആണെങ്കിലും നാവിൻ തുമ്പിൽ നിന്നു വീണ സത്യം തിരുത്താൻ കഴിയാതെ കാർത്തിക നിന്നുരുകി…

“ങേ… സത്യമണോ പറഞ്ഞത്…

വിശ്വസിക്കാൻ കഴിയാതെ തനിക്ക് അഭിമുഖമായി മുഖം ഇരു കൈകളാലും എടുത്ത് ഉയർത്തി….

” സത്യമാ ഡെറി…നീയില്ലാതെ എനിക്കും പറ്റില്ല..ഒന്നു കാണാൻ കഴിയാത്ത ദിവസങ്ങളിൽ ഞാനത് തിരിച്ചറിഞ്ഞതാണ്..‌ പക്ഷേ….

പെട്ടെന്ന് കാർത്തികയുടെ വായ് പൊത്തിപ്പിടിച്ചു….

“വേണ്ടാ… ആ പക്ഷേ അങ്ങനെ നിൽക്കട്ടെ..വീണ്ടും വീണ്ടും കേൾക്കാൻ എനിക്ക് ആഗ്രഹമില്ല.. കാത്തിരുന്നോളാം നിനക്കായി മാത്രം… മനസ്സ് പാകപ്പെടുന്ന കാലം വരെ…

മനസ്സിലായിരുന്നു കാർത്തികക്ക് ഡെറിക്ക് തന്നെ മറക്കാൻ കഴിയില്ലെന്ന്..തന്നെ മറന്ന് മറ്റൊരുവളെ സ്വീകരിക്കാൻ ആവശ്യപ്പെട്ടാലും നടക്കില്ലെന്ന് പൂർണ്ണ ബോദ്ധ്യമായി…ഇനിയും ഓരോന്നും പറഞ്ഞു വിഷമിപ്പിക്കേണ്ടെന്ന് കരുതി.. പറഞ്ഞാലും എല്ലാം അർത്ഥ ശൂന്യമായി തീരും…

പ്രണയത്തോടെ അവനെ മുറുക്കി പുണരുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു… ഒപ്പം അവന്റേയും…,.

തമ്മിലൊരു തടസ്സമായി കാർത്തികയുടെ ദൃഢപ്രതിജ്ഞ നിന്നിരുന്നെങ്കിലും ഇതുവരെ അടക്കി പിടിച്ചിരുന്ന ആത്മാർത്ഥ പ്രണയം അവൾ അവനിലേക്ക് ഒഴുക്കി.,ഇരു കവിളിലും മാറി മാറി ചുംബികുമ്പോൾ അവളുടെ ചുണ്ടുകളും കുങ്കുമ നിറം ചാർത്തി‌…

ഉറങ്ങാത്ത രാവുകളുടെ കഥകൾ, വിങ്ങുന്ന മനസ്സിന്റെ നൊമ്പരങ്ങൾ,പറയാതെ പോയ പ്രണയത്തിന്റെ വേദനകൾ , എല്ലാം പറയുനവളെ ക്ഷ്മ്മയോടെ അവൻ കേട്ടിരുനു…

മുറിവേറ്റവളാണ് മനസ്സിനും ശരീരത്തിനും ഒരുപോലെ.. ആ മുറിവുകൾ ഉണങ്ങാൻ സമയമേറെ എടുക്കും…സ്നേഹവും പരിചരണവും കൊണ്ട് മാത്രമേ അതൊക്കെ സാധ്യമാകൂന്ന് അറിയാം….

സമയം അനുവാദത്തിന് കാത്തു നിൽക്കാതെ കടന്നു പോയി…

” ഡെറി.. സമയം ഒരു പാടായി ഞാനിറങ്ങുവാ….

“നിൽക്ക് ഞാൻ കൊണ്ടു വിടാം….ഒരു അഞ്ച് മിനിറ്റ്…

സമയം സന്ധ്യ കഴിഞ്ഞിരുന്നു… ഡെറി പെട്ടെന്ന് റെഡിയായി വന്നു….

അമ്മച്ചിയോട് യാത്ര ചോദിച്ചിട്ട് വന്നു ഡെറിയുടെ ബുള്ളറ്റിന് പിന്നിലേക്ക് കയറി… സന്ധ്യ കഴിഞ്ഞ തണുപ്പ് കാറ്റിന്റെ ആലസ്യവുമേറ്റ് അവന്റെ വയറിന്മേൽ കൈ ചുറ്റി കൂടുതൽ ചേർന്നിരുന്നു…

അവൻ ആഗ്രഹിച്ച നിമിഷം… മനസ്സ് നിറഞ്ഞു… ബുള്ളറ്റ് മുന്നോട്ട് ഓടി തുടങ്ങി…..

വീടിനു മുന്നിൽ വണ്ടി നിൽക്കുന്ന ശബ്ദം കേട്ടാണ് അമ്മായി ഇറങ്ങി വന്നത്‌..കാർത്തികക്ക് ഒപ്പം ഡെറിയെ കൂടി കണ്ടപ്പോൾ മനസ്സ് നിറഞ്ഞു…

” വാ..‌ മോനേ കയറിയട്ട് പോകാം….

“പോയിട്ട് കുറച്ചു ധൃതിയുണ്ട്… പിന്നീട് ഒരിക്കൽ ആകാം…

കാർത്തികയോട് മിഴികളായിൽ യാത്ര പറഞ്ഞിട്ട് ഡെറി വണ്ടി തിരിച്ചു…അകന്ന് പോകുന്ന ബുള്ളറ്റിനെ നോക്കി നിന്നു…അത് അകലേക്ക് മറഞ്ഞതും ഒന്ന് നെടുവീർപ്പെട്ടു….

” എന്നോട് ക്ഷമിക്ക് ഡെറി..നീയിനി എന്നെയോർത്ത് നീറി ജീവിക്കുന്നത് കാണാൻ എനിക്ക് വയ്യ….നിനക്കായി ഒരു കുഞ്ഞിനെ സമ്മാനിച്ചിട്ട് നിന്നിൽ നിന്നും കാണാമറയത്തേക്ക് ഞാൻ പോകും…

തുടരും