17/04/2026

ഇരുട്ടിൽ നിന്നും നൂറിലേക്ക് : ഭാഗം 17

രചന – ആയിഷ അക്ബർ

നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്ന് ഗ്രാമത്തിന്റെ ശാന്തതയിലേക്ക് കടക്കുമ്പോൾ മനസ്സിന് നല്ലൊരു സുഖം തോന്നിയിരുന്നവന്…..

എന്നാൽ അവന്റെ ചുണ്ടിൽ ഒരിളം ചിരി വിരിഞ്ഞതിനെ ഒരു ഭയത്തോടെയാണ് ഭാഗ്യം നോക്കി കണ്ടത്…..

അവർ രണ്ട് പേരും വീണ്ടും കണ്ട് മുട്ടുന്നതിനെ വല്ലാതെ ഭയക്കുന്നുണ്ടെങ്കിൽ പോലും അമ്മയേ കാണുക എന്നതല്ലേ ഇപ്പോൾ തനിക്ക് പ്രധാനം……

അന്നവൻ വരച്ച ഹിമയുടെ ചിത്രം കണ്ട പാടേ താനവളെ കാണാൻ അവൾ കോളേജിൽ നിന്ന് വരുന്ന വഴിയിൽ കാത്തു നിന്നിരുന്നു…..

അവരുടെ ചിന്തകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു….

മോളേ….. നിങ്ങളുടെ ഇഷ്ടം എനിക്കറിയാം….
അവൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്….

ഞങ്ങൾ ഇവിടം വിട്ട് പോകുകയാണ്….

എന്നാൽ ഇപ്പോൾ നിന്നെ സ്വീകരിക്കാൻ കഴിയുന്ന ഒരു അവസ്ഥയിലല്ല അവനെന്നു അറിയാമല്ലോ…

നിന്നെ കൂടി ദാരിദ്ര്യത്തിലേക്ക് കൂട്ടി കൊണ്ട് പോകാൻ ഈ അപ്പച്ചിക്ക് കഴിയില്ല….

സ്‌നേഹം കലർത്തി അവർ അവളോടത് പറയുമ്പോൾ ആ വെള്ളാരം കണ്ണുകളിൽ കണ്ണു നീര് പെട്ടെന്ന് ഉരുണ്ടു കൂടി….

എങ്ങോട്ടാണെങ്കിലും ഞാൻ വരാൻ തയ്യാറാണ് അപ്പച്ചി…..

റാനി കൂടെയുള്ളതിനേക്കാൾ മറ്റൊന്നും എനിക്കാവശ്യമില്ല…..

അവൾ ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ ഭാഗ്യം ഒന്ന് പതറി പോയിരുന്നു…..

അത് മോളേ…. നീന്റെ അച്ഛനും…..

ഭാഗ്യം അത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ അവരുടെ കയ്യിൽ പിടിച്ചു…..

പണ്ട് അപ്പച്ചി റാനിയുടെ ഉപ്പാനോടൊപ്പം ഇറങ്ങി പോകുമ്പോൾ ആരെ കുറിച്ചെങ്കിലും ചിന്തിച്ചിരുന്നോ…..

അവൾ പെട്ടെന്നത് ചോദിച്ചപ്പോൾ ഭാഗ്യമൊന്നു ഞെട്ടി….

അത് പോലെ തന്നെയാ ഞാനും…..

ആരെ കുറിച്ചും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല…
അവനെ മാത്രമേ എന്റെ കണ്ണുകൾ കാണുന്നുള്ളൂ….
പ്രണയം എന്റെ കണ്ണുകളെ മൂടിയിരിക്കുന്നു….
എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതവനോട് കൂടെ മാത്രമായിരിക്കും……
അതേത് നരകത്തിലായാലും ശെരി…

അവളുടേ വാക്കുകളിൽ എപ്പോഴും ഒരു വാശിയുടെ സ്വരമാണ്…..

എന്നാൽ ഈ ജന്മം എന്റെ മകന്റെ ഭാര്യയായി നീ വരാൻ ഞാൻ സമ്മതിക്കില്ലെന്ന് ഭാഗ്യം മനസ്സിൽ കണക്ക് കൂട്ടുകയായിരുന്നു…..

മോളേ… അതല്ല അപ്പച്ചി പറയുന്നത് ….
എനിക്ക് മരുമോളായി നീ തന്നെ വരണമെന്നാണ് ആഗ്രഹം…..

എന്നാൽ ഞാൻ അനുഭവിച്ചത് പോലെ എന്റെ കുഞ്ഞ് അനുഭവിക്കരുത്…..

ഇമ്രാന്റെ അത്ര കാര്യ പ്രാപ്തി റാനിക്കില്ലെന്ന് എനിക്ക് നന്നായറിയാം….

അവന്റെ ഉള്ളിൽ നീ മാത്രമേ യുള്ളൂ….

അത് കൊണ്ട് അവന് ജീവിതത്തിനോട് ഒരു വാശി തോന്നീക്കണമെങ്കിൽ അതിനു നിനക്കെ സാധിക്കു…..

ഭാഗ്യമത് പറയുമ്പോൾ ഹിമ എന്തെന്ന് മനസ്സിലാവാതെ അവരെ നോക്കി……

ഇപ്പൊ മോള് ഞങ്ങളുടെ കൂടെ വരേണ്ട…
അത്യാവശ്യം ഒരു വീടെങ്കിലും ആയാൽ ഞങ്ങൾ നിന്നെ കൂട്ടി കൊണ്ട് പോകാൻ വരാം….

ഭാഗ്യത്തിന്റെ വാക്കുകൾ അവളുടേ ഹൃദയം കീറി മുറിക്കുന്നത് തോന്നിയത് കൊണ്ട് തന്നെ അവൾ മുഖം താഴ്ത്തി…..

പിന്നെ ഒരു കാര്യം കൂടി മോള് അപ്പച്ചിക്ക് വേണ്ടി ചെയ്ത് തരണം…..

അവളെന്തെന്ന അർത്ഥത്തിൽ അവരെ നോക്കി…..

റാനിയോട് പറയണമെന്ന് പറഞ് അവർ അവളോട് പറഞ്ഞ കാര്യങ്ങൾ അവൾക്കൊരിക്കലും പറയാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു….

കാരണം…. അവൻ തന്റെ റാനി യല്ലേ….. അവനെ സാമ്പത്തു കൊണ്ട് താനളന്നെന്ന് അവൻ വിശ്വസിക്കുമോ….
ഹൃദയം തീ ചൂളയിലെന്ന പോൽ വെന്തുരുകി….

മകനെ യോർത്തു വിങ്ങുന്ന ഒരു അമ്മയുടെ മനസ്സ് മനസ്സിലാക്കി മോളിങ്ങനെ അവനോട് പറയണം….

അപ്പോൾ നിന്നോടുള്ള വാശിക്കെങ്കിലും അവനെന്തെങ്കിലും നേടും….

അത് കഴിഞ്ഞാൽ ഞാൻ കൂട്ടി കൊണ്ട് വരാം അവനെയിങ്ങോട്ട്….

നിനക്ക് തരാൻ വേണ്ടി….
ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്….

നിന്റെ റാനി…. അവൻ നിനക്കുള്ളതാണ്….

അതും പറഞ് ചെറു ചിരിയോടെ ഭാഗ്യം അവളുടേ താടിയിൽ പിടിച്ചുയർത്തി….

അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുകു കയായിരുന്നു……

താൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കില്ലേ എന്നൊരു പേടി യുണ്ടായിരുന്നെങ്കിൽ കൂടി എങ്ങനെയെങ്കിലും അവരുടെ ബന്ധം ഇവിടെ വേറെ വെച്ച് ഇല്ലാതാക്കണം എന്ന് താൻ മനസ്സിൽ കണക്കാക്കിയിരുന്നു…..

റാനി ആ രാത്രി പോയത് അവളുടേ അടുത്തേക്കാണെന്ന് തനിക്ക് വ്യക്തമായറിയാമായിരുന്നു…..

അവൻ വരുമ്പോൾ അവൾ കൂടെ കാണുമോയെന്ന ഭയത്തിലാണ് അത്രയും സമയം കഴിച്ച് കൂട്ടിയത്….

എന്നാൽ അവൻ തനിച്ചു വന്നത് തന്നിൽ അങ്ങേയറ്റം ആശ്വാസം നൽകിയിരുന്നു….

അവന്റെ മുഖഭാവത്തിൽ നിന്നും താൻ പറഞ് കൊടുത്തത് പോലെ അവൾ പറഞ്ഞിട്ടുണ്ടെന്ന് തനിക്ക് മനസ്സിലായിരുന്നു…..

ഇനി അവൻ അവളെ കൂട്ടിയാണ് വരുന്നതെങ്കിൽ കൂടി അവളെ എന്റെ മോന്റെ ജീവിതത്തിലേക്ക് ഞാൻ സ്വീകരിക്കില്ലായിരുന്നു…..

അവളിൽ ഞാൻ കാണുന്നത് അവളുടേ അച്ഛനെയാണ്…..
തന്നെ ഇത്രയേറെ വേദനിപ്പിച്ച തന്റെ സ്വന്തം ചേട്ടനെ…..

അവന്റെ മക്കളൊരിക്കലും എന്റെ മരുമകളാവില്ല….
സമ്മതിക്കില്ല ഞാൻ….

അവർ എന്തോ നേടിയൊരു ഭാവത്തോടെ റാനിയെ നോക്കി….

അവൻ ഒന്നും അറിയാതെ ഡ്രൈവ് ചെയ്യുകയാണ്….

മ്മ്…..

അവനെ നോക്കി യിരിക്കുന്ന ഭാഗ്യത്തിനെ നോക്കി അവനെ പുഞ്ചിരിയോടെ പുരികമുയർത്തി….

ഒന്നുമില്ലെന്ന അർത്ഥത്തിൽ അവരും ഒരു ചിരിയോടെ തലയാട്ടി….

അവളിന്ന് റാനിയുടെ ജീവിതത്തിലുണ്ടായിരുന്നെങ്കിൽ അവളെന്റെ മോനെ സ്വന്തമാക്കി അവളുടേ അച്ഛനെ പോലെ എന്നേ വേദനിപ്പിക്കാനെ ശ്രമിക്കുമായിരുന്നുള്ളു…..

ഇനി വീണ്ടും അവർ കണ്ട് മുട്ടുമ്പോൾ അവളവനോട് തുറന്ന് സംസാരിക്കുമോ….

അവരിലൊരു ആശങ്ക കൂടു കൂട്ടി…..

ഇനി അവളെന്തെങ്കിലും അവനോട് പറഞ്ഞാൽ തന്നെ അത് അവളുണ്ടാക്കിയ കഥയാക്കി ചേർക്കാൻ തനിക്ക് കഴിയും. .

അവന്റെ ലോകം മുഴുവൻ ഇപ്പോൾ താൻ മാത്രമാണ്…..
അവളൊരു പക്ഷെ ഓർമകളിൽ പോലുമുണ്ടാവില്ല….

അവർ പുച്ഛത്തോടെയൊന്നു ചിരിച്ചു……..

ആ വീടിന്റെ മുറ്റത്തേക്കവരെത്തിയതും ഉമ്മറത്തിരുന്നു മുരിങ്ങ ഊരി കൊണ്ടിരുന്ന രേവതി മുറവുമായി എഴുന്നേറ്റു…..

തീരെ പ്രതീക്ഷിക്കാത്ത അതിഥികളായത് കൊണ്ട് തന്നെ ആ ഞെട്ടൽ മുഖത്ത് വ്യക്തമായിരുന്നു….

കാറിൽ നിന്നിരുവശവുമായി രണ്ട് പേരുമിറങ്ങി….

പണ്ടൊരു തവണ ഇങ്ങോട്ട് വരുമ്പോൾ തീർത്തും ദാരിദ്രരായിരുന്നു തങ്ങൾ….

എന്നാൽ ഇന്നീ മുറ്റത്തേക്കിറങ്ങുന്നത് രാജകീയമായാണ്…..

അത് കൊണ്ട് തന്നെ രേവതി കയറു എന്ന് പറഞ്ഞതിനോട് വലുതായൊരു താല്പര്യം കൊടുക്കാതെയാണ് ഭാഗ്യം അകത്തേക്ക് കയറിയത്…..

റാനിയെ കണ്ട് രേവതി അമ്പരപ്പിലായിരുന്നെങ്കിലും ഒന്ന് പുഞ്ചിരിച്ചു….

ഇവിടെ നിന്ന് പോകുമ്പോൾ പൊടി മീശക്കാരനായിരുന്ന അവൻ ഒത്തൊരു പുരുഷനായിരിക്കുന്നു…..

റാനി അവരോടൊന്നു പുഞ്ചിരിച്ചു….

കാരണം അവരോട് തനിക്ക് യാതൊരു ദേഷ്യവുമില്ല….

കറുത്ത തിങ്ങി നിറഞ്ഞ താടിക്കും മീശക്കും ഇടയിൽ നിന്ന് അവന്റെ വെളുത്ത പല്ലുകൾ കാണാൻ വല്ലാത്തൊരു ഭംഗിയാണെന്ന് അവരോർത്തു……

അകത്തേക്ക് കയറുമ്പോഴേ കണ്ടിരുന്നു ചൂലുമായി അകം അടിച്ചു വാരുന്ന ഹിമയെ….

റാനിയുടെ ഹൃദയം വല്ലാതെ മിടിച്ചു….

L അവരെ കണ്ടതും റാനി യെക്കാൾ അവളുടേ ശ്രദ്ധ പതിഞ്ഞത് ഭാഗ്യത്തിലേക്കായിരുന്നു….

ഒരു വേള എനിക്ക് വാക്ക് തന്നത് പോലെ റാനിയോട് സത്യങ്ങളെല്ലാം തുറന്ന് പറഞ് തന്നെ കൂടെ കൂട്ടാൻ വന്നതാണോ എന്നൊരു പ്രതീക്ഷ അവളിലുണ്ടായിരുന്നു….

എന്നാൽ ഭാഗ്യം അവളെ കാണാത്തത് പോലെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൾക്ക് മനസ്സിലായി അവരിലൊളിഞ്ഞിരുന്ന ചതിയെ……

അവൾ നോവോടെ ഒന്ന് നെടുവീർപ്പിട്ടു…

അവർ മുത്തശ്ശിയുടെ മുറിയെ ലക്ഷ്യമാക്കി നടക്കുമ്പോൾ റാനിയും അവരെ പിന്തുടർന്നിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മേ…..

ഭാഗ്യം വിളിച്ചതും പാതി മയക്കത്തിലായിരുന്ന മുത്തശ്ശി കണ്ണുകൾ തുറന്നു……

അവരെ കണ്ടതിന്റെ സന്തോഷം മുഖത്ത് മിഞ്ഞി തെളിഞ്ഞെങ്കിലും അത് പതിയേ മായുന്നത് അവർ കണ്ടു……

എന്തേ…. ഞാൻ ചത്തൊന്ന് അറിയാൻ വന്നതാണോ എന്റെ മോള്….

പോകുമ്പോൾ പെറ്റ തള്ളയോടൊന്ന് പറയാമായിരുന്നു…..

അതെങ്ങനെ പണ്ടും എന്നോട് പറഞ്ഞിട്ടല്ലല്ലോ നീയിവന്റെ തന്തേടെ കൂടെ പോയത്…..

നിനക്ക് നിന്റെ കാര്യം മാത്രം……

ബാക്കിയുള്ളവരെ കുറിച് നീ ചിന്തിക്കില്ല……

മുത്തശ്ശി ദേഷ്യത്തോടെ വീണ്ടും വീണ്ടും എന്തൊക്കെയോ പറയുമ്പോൾ ഭാഗ്യം കരഞ്ഞു പോയിരുന്നു….

മുത്തശ്ശിയെ ആശ്വസിപ്പിക്കാനെന്ന വണ്ണം റാനി പതിയേ മുത്തശ്ശിക്കരികിലിരുന്നു….

മുത്തശ്ശി…..

അവൻ വിളിച്ചതും ആ ദേഷ്യം മുഴുവൻ എങ്ങോട്ടലിഞ്ഞു പോയെന്ന് കണ്ടിരുന്നില്ല….

അല്ലെങ്കിലും പേര കുട്ടികൾ എന്നത് ഇരട്ടി മധുരമാണല്ലോ…..

റാനി….. അവർ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി….

വലിയ ചെക്കനായി…. ആകെ മാറി…

വിശേഷങ്ങൾ ചോദിക്കലും പറയലുമായി സമയം നീങ്ങി…..

അപ്പോഴാണ് വെള്ളവുമായി ഹിമ വരുന്നത്…..

മുഖത്ത് അല്പം പോലും തെളിച്ചമില്ല….

രണ്ട് പേർക്കുമുള്ള വെള്ളം കയ്യിൽ കൊടുക്കാതെ അവിടെയുള്ള മേശ മേൽ വെച്ചവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി….

മോളേ…. ഹിമാ…. അപ്പച്ചിയേയും റാനി യെയും കണ്ടില്ലേ….

മുത്തശ്ശി അത് ചോദിച്ചതും അവൾ പിറകിലേക്കൊന്നു തല ചെരിച്ചു….

മ്മ്… കണ്ടു….
. അത്ര മാത്രം പറഞ്ഞ് കൊണ്ടവൾ അതേ ഗൗരവത്തോടെ അവിടം വിട്ടു…..

അഹങ്കാരി…. എന്ന് പിറു പിറുത്തു അമ്മ അവളെ നോക്കുന്നത് റാനി കണ്ടിരുന്നു….

അവനൊരു തരം നിർവികാരതയാണ് തോന്നിയത്…..

ഈ പെണ്ണിന്റെ വിവാഹമൊന്നും ആയില്ലേ….

ഭാഗ്യം വല്യ താല്പര്യമില്ലാത്ത മട്ടിലായിരുന്നത് ചോദിച്ചത്…..

മ്മ്…. നോക്കുന്നുണ്ടായിരുന്നു…

പക്ഷെ അവളുടെ മനസ്സിൽ വേറെന്തൊക്കെയോ ആണ്..
ഒന്നും പറയുന്നുമില്ല..എന്നാൽ വരുന്നവർക്കൊക്കെ കുറ്റവും പറയും……

മുത്തശ്ശി അതും പറഞ്ഞോന്നു നെടുവീർപ്പിട്ടു..

കോളേജിലൊക്കെ പോയിരുന്നതല്ലേ… ആരെങ്കിലുമൊക്കെ മനസ്സിലും വെച്ച് നടക്കാവും…..

ഭാഗ്യം ഹിമയെ കുറ്റപ്പെടുത്തി അത് പറയുമ്പോൾ തനിക്കെന്തിനു വേദനിക്കുന്നു എന്നവന് മനസ്സിലായിരുന്നില്ല……

ഹാ….. കോളേജിൽ പോകാതേ തന്നെ നീ ചെയ്ത നാണക്കേട് തീർന്നിട്ടില്ല…..
നിന്റെ ബാക്കി തന്നെയല്ലേ അവളും…..

മുത്തശ്ശി ഭാഗ്യത്തെ കൂടി കുറ്റപ്പെടുത്തി അത് പറഞ്ഞതും അവരുടെ മുഖം മാറി…..

അങ്ങനെയൊന്നുമല്ല…. അതൊക്കെ ഞങ്ങൾ ചോദിച്ചു…..
നല്ലതാണെങ്കിൽ നടത്തി തരാമെന്നും പറഞ്ഞു……
എന്താണ് അവളുടെ ഉള്ളിലെന്ന് അറിയില്ല…
അവളാകെ മാറി…. പഴയ ആ കുട്ടിയൊന്നുമല്ല…..എപ്പോഴും ഒരേ വിഷാദ ഭാവം….

ദൂരെ ഏതോ ഒരു സ്ഥലത്ത് ജോലി ശെരിയായി എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല…
ജയ ദേവൻ പോലും….

ഈ വീട്ടിൽ നിന്നു മാറി നിന്നാൽ മാറ്റം വന്നാലോ എന്നൊരു പ്രതീക്ഷയിൽ…

അതും ഉണ്ടായില്ല….
കഴിഞ്ഞ ദിവസം ഇനി ഞാൻ ആ ജോലിക്ക് പോകുന്നില്ലെന്നും പറഞ്ഞ് പോയതിനേക്കാളേറെ മങ്ങിയ മുഖത്തോടെയാണ് കയറി വന്നത്…..

ജയ ദേവന് അതിനെയൊർത് നീറാനെ നേരമുള്ളൂ…..

മുത്തശ്ശി ദുഖത്തോടെ അത് പറയുമ്പോൾ ഭാഗ്യത്തിന് വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു….

റാനി ഏതോ ചിന്തയിൽ കുരുങ്ങിയങ്ങനെ ഇരുന്നു….

വെള്ളം കുടിച്ച ഗ്ലാസുമായി ഭാഗ്യം എഴുന്നേറ്റു…..

റാനി ഒന്നു കൂടി മുത്തശ്ശിയുടെ അടുത്തേക്കിരുന്നു…..

മുത്തശ്ശിക്ക് തീരെ വയ്യ റാനി….
ഒരു ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞിരിക്കുന്നത്…അത് ചെയ്യാനുള്ള ശേഷി ശരീരത്തിന് ഇല്ലതാനും….

നിന്റെ അമ്മയും ജയനും തമ്മിൽ എങ്ങനെയാണെന്ന് മോനറിയാമല്ലോ….

കണ്ണടക്കും മുമ്പ് അവരൊന്നു സ്നേഹത്തിൽ കണ്ടാൽ മാത്രം മതിയെനിക്ക്…..

ജയ ദേവനെ കുറിച് കേട്ടതും റാനിയുടെ മുഖം ഒന്ന് മുറുകി…..

ഞാൻ കൂടി പോയാൽ നിന്റെ അമ്മക്ക് ഈ കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ പോകും റാനി ….

അവർ രണ്ട് പേരും തമ്മിലുള്ള അകൽച്ച കുറക്കാൻ നീയെന്റെ ഹിമയെ വിവാഹം കഴിക്കാമോ……

മുത്തശ്ശി പെട്ടെന്നത് ചോദിച്ചതും റാനി ഒരു ഞെട്ടലോടെയാണ് അവരെ നോക്കിയത്….

പ്രതീക്ഷയോടെ തന്നെ നോക്കിയിരിക്കുന്നവരോട് എന്ത് പറയണമെന്നറിയാതെ അവൻ അവിടെയിരുന്നു വിയർത്തു….

(തുടരും )