20/04/2026

നിലാവിന്റെ തോഴൻ : ഭാഗം 27 & 28

രചന – ജിഫ്ന നിസാർ

“എങ്ങനുണ്ട്… ഞാൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായില്ലേ?”

അമീൻ വിജയലഹരിയോടെ ചിരിച്ചു.

ഫാത്തിമയുടെ മുറിയിൽ നിന്നവർ പരസ്പരം നോക്കി.

അവളെവിടെ പോയി? ”

അമീൻ വിളിച്ചു കൊണ്ട് വന്ന പെൺപട മുഴുവനും ആ ചോദ്യത്തോടെ അവനെ നോക്കി.
ഫാത്തിമ മുറിയിലില്ല… എന്ന് അമീൻ പറഞ്ഞത് ശക്തമായ എതിർപ്പോടെ തള്ളി കളഞ്ഞവരെ, തെളിവോടെ അവൾ മുറിയില്ലെന്ന് കാണിച്ചു കൊടുക്കാൻ കൊണ്ട് വന്നതായിരുന്നു അമീൻ.

“ചോദിക്ക്.. അങ്ങനെ അങ്ങോട്ട് ചോദിക്ക് ”

അമീൻ കൂടുതൽ ഫോമിലായി.

“നിന്ന് തള്ളാതെ കാര്യം പറയെടാ ”
ഇശൽ അവന്റെ മുന്നിലേക്ക് കയറി നിന്നു.

“എങ്ങോട്ട് പോയെന്നും എന്തിനും പോയെന്നുമൊന്നും എനിക്കറിയില്ല. ഒന്നറിയാം. വന്നിട്ട് ഒരാഴ്ച ആവുന്നതിന് മുന്നേ അവൾക്കിവിടെ എന്തോ ചുറ്റി കളിയുണ്ട്.”

“ഇയ്യ് എങ്ങനറിഞ്ഞു അവൾ മുറിയില്ലില്ലെന്നത്?”
സജ്‌ന ആ ചോദ്യം ചോദിക്കുമ്പോൾ ഇജാസ് നെഞ്ചിടിപ്പോടെ അമീനെ നോക്കി.

ഇത്രേം നേരം അഭിനയിച്ചു പൊലിപ്പിച്ചവൻ ആ ചോദ്യത്തോടെ പതറി പോകുമെന്ന് കരുതി നിന്ന ഇജാസിനെ നിരാശപ്പെടുത്തുന്നതായിരുന്നു അമീന്റെ ഭാവങ്ങൾ.

അവനൊരു ഭാവമാറ്റവുമില്ല.

“നമ്മളെല്ലാം കിടന്നുവെന്ന് കരുതി കഴിഞ്ഞ രണ്ടു ദിവസവും അവളിറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു.”

അമീൻ ഗമയോടെ പറഞ്ഞു.

“അതെന്താ.. നിന്നെ വിളിച്ചുണർത്തി യാത്ര പറഞ്ഞിട്ടാണോ അവള് പോയത്?”

സിയായുടെ കൂർപ്പിച്ച ചോദ്യം.

കൂട്ടത്തിൽ ചെറുതെങ്കിലും, അവൾക്കാണ് ഏറ്റവും മൂർച്ച.

കട്ടി കണ്ണടക്കുള്ളിൽ സംശയം നിറഞ്ഞ കണ്ണുകൾ.

“ഇന്നേ.. ഇന്നേ വിളിച്ചിട്ടൊന്നുമില്ല ”
അമീൻ അവളെ നോക്കാതെ തിരിഞ്ഞു നിന്നു.

“പിന്നെ ഇയ്യ് എങ്ങനറിഞ്ഞു”

“ആദ്യത്തെ രണ്ടു ദിവസവും പോകുന്നത് കണ്ടപ്പോൾ ബാത്റൂമിലേക്കാണെന്ന് കരുതി ഞാൻ വിട്ട് കളഞ്ഞു. ഇന്നും അത് തന്നെ ആവർത്തിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക്… എനിക്കെന്തോ വശപിശക് തോന്നി ഞാൻ ഓളുടെ പിറകെ പോയി നോക്കിയത്. ”

നാടകീയമായിട്ടാണ് അമീൻ പറയുന്നത്.

“എന്നിട്ട്.. ഇയ്യ് കണ്ടോ അവളെവിടെ പോയെന്ന്?”
ഷംല ആകാംഷയോടെ വീണ്ടും ചോദിച്ചു.

“ഞാൻ കണ്ടോ ന്ന് ചോദിച്ച… അടുക്കള വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു പിന്നെ എങ്ങോട് പോയെന്ന് എനിക്കറിയില്ല. ബാത്റൂമിൽ ഇല്ലെന്ന് കണ്ടു ഞാൻ പിറകെ ചെല്ലുന്നതിന് മുന്നേ അവള് എങ്ങോട്ടോ പോയിരുന്നു ”

“എന്നിട്ടും നീ എന്തേ ആരോടും പറയാഞ്ഞത്?”

സിയാ അവന് മുന്നിലേക്ക് വീണ്ടും കയറി നിന്നു.

“എന്റെ പൊന്ന് സിയാ… അവളെത് തരക്കാരിയാണെന്ന് എനിക്കറിയില്ലല്ലോ.?എന്റെ കഷ്ടകാലത്തിന് ഞാൻ കയറി പിടിച്ചിട്ടാണ് ഓടിപോയതെന്നെങ്ങാനും പറഞ്ഞ തീർന്നില്ലേ?”

അമീൻ ഗൂഡമായൊരു ചിരിയോടെ പറഞ്ഞത് കേട്ടതും ഇജാസ് തലയാട്ടി ചിരിച്ചു കൊണ്ടവനെ നോക്കി.

“സമ്മതിച്ചു തന്നിരിക്കുന്നു ”
മനസ്സ് കൊണ്ടവൻ അമീനെ അഭിനന്ദനങ്ങൾ അറിയിച്ചു.

“പിന്നെ… അവളെങ്ങനെ വിളിച്ചു പറയുന്നത് കേട്ടിട്ട് വിശ്വാസിക്കാൻ ഇവിടുള്ളോർക്ക് തീരെ ബുദ്ധിയില്ലാന്നാണോ നിന്റെ വിചാരം?”

ഇശൽ ചൊടിയോടെ അമീനെ നോക്കി.

“അങ്ങനെ അല്ലെന്റെ ഇശു. കാര്യം നിന്റെയൊക്കെ പ്രിയപെട്ട ബാപ്പമാർ തന്നെയാണ്. പക്ഷേ അവരോട് പറഞ്ഞു ജയിക്കാനുള്ള കഴിവൊന്നും ഈ പാവം എനിക്കില്ലല്ലോ.?”
അമീൻ ഭയനീയമായി അവരെ നോക്കി.

“ഒന്നാമത് അവളെ ഷാദിയുടെ പേരും പറഞ്ഞു കൊണ്ട് വന്നതാ. ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കി എന്ന് വേണ്ടല്ലോ? അത് കൊണ്ടാണ് ഞാനത് നിങ്ങളോട് പറഞ്ഞത് ”
അമീൻ വീണ്ടും അവരെയെല്ലാം നോക്കി.

“ഇനിയിപ്പോ ഞങ്ങൾ എന്ത് ചെയ്യും?”
സജ്‌ന അവനെ നോക്കി.

“ഇനി എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ഇശലിനും സിയാക്കും മാത്രം കഴിയും. ഇവരെന്തു പറഞ്ഞാലും ഇവരുടെ ഉപ്പച്ചിമാര് വെള്ളം തൊടാതെ വിഴുങ്ങി കളയുമല്ലോ?”
ആമീൻ ചോദിച്ചു.

വീണ്ടും അവരുടെയെല്ലാം മുഖത്ത് വീണ്ടും സംശയം നിറഞ്ഞു.

“നീ വ്യക്തമായി പറഞ്ഞു താ അമീ ”
അവരെല്ലാം വീണ്ടും അവന്റെ ചുറ്റും കൂടി.

“പറഞ്ഞു തരാം ”

അവൻ ഗൂഡമായൊരു ചിരിയോടെ ഇജാസിനെ നോക്കി കണ്ണടച്ച് കാണിച്ചു.

❣️❣️❣️

പതിവുപോലെ ക്രിസ്റ്റി അന്നും കുറച്ചു നേരത്തെ എണീറ്റു.

ഇന്നലെ നല്ല മഴയായത് കൊണ്ട് തന്നെ ഇന്നിനി വെട്ട് നടക്കില്ല.

എന്നാലും വെളിച്ചം പടരുന്നതിന് മുന്നേ ഫാത്തിമയെ പുറത്തിറക്കി വിടണമല്ലോ.

ബ്ലാങ്കറ്റു വിരിച്ചു ഹാളിലെ നിലത്താണ് അവൻ കിടന്നിരുന്നത്.

ദേഹത്ത് തുളഞ്ഞു കയറുന്നത് പോലെ തണുപ്പുണ്ട്.

ഒന്നൂടെ ചുരുണ്ടു കൂടാൻ കൊതിയുണ്ടായിരുന്നുവെങ്കിലും.. അവൻ അതടക്കി കൊണ്ട് എഴുന്നേറ്റു.

ബ്ലാങ്കറ്റ് മടക്കി.. അടുത്തുള്ള കസേരയിൽ വെച്ചിട്ട് അവൻ സ്വന്തം മുറിയുടെ നേരെ നടന്നു.

ഇപ്രാവശ്യം അവൻ പുറത്ത് നിന്നും ലോക്ക് അഴിച്ചതും വാതിൽ തുറന്നു.

ക്രിസ്റ്റി അകത്തു കടന്നതൊന്നും അറിയാതെ കഴുത്തുവരെയും മൂടി പുതച്ചു സുഖനിദ്രയിലാണ് പാത്തു.

ഒന്നോ രണ്ടോ സെക്കന്റ് ക്രിസ്റ്റിയുടെ കണ്ണുകൾ അവളുടെ മുഖത്തു തങ്ങി.

അവനറിയാതെ തന്നെ ചുണ്ടിൽ ഒരു ചിരി പടർന്നു.
അത് വരെയും അവനെ പൊതിഞ്ഞു നിന്നിരുന്ന അലസത മാറി.. പകരം ഉന്മേഷം നിറഞ്ഞു.

ഫ്രഷ് ആയി വന്നിട്ടവളെ വിളിക്കാം എന്ന് വിചാരിച്ചു കൊണ്ടവൻ വേഗം ബാത്റൂമിലേക്ക് കയറി.

തിരികെ വന്നിട്ട് തട്ടി വിളിച്ചപ്പോഴാണ് ഫാത്തിമ ഞെട്ടി ഉണർന്നത്.

“തിരിച്ചു പോവണ്ടേ..?”

കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു പകച്ചു നിൽക്കുന്നവളോട് ക്രിസ്റ്റിയൊരു ചെറുച്ചിരിയോടെ ചോദിച്ചു.

അവളൊന്നു തലയാട്ടി.

“എങ്കിൽ പോയിട്ട് ഫ്രഷ് ആയിട്ട് വാ ”
അവൻ വീണ്ടും ആവിശ്യപെട്ടു.
അവളൊന്നുക്കൂടി തലയാട്ടി കാണിച്ചിട്ട് ബാത്റൂമിലേക്ക് കയറി.
ഷെൽഫിൽ നിന്നും ഹെഡ് ടോർച്ചും മൊബൈൽ ഫോണുമെല്ലാം റെഡിയാക്കി ക്രിസ്റ്റി അവളെ കാത്തിരുന്നു.

“പോയാലോ?”
അവളിറങ്ങി വന്നതും ക്രിസ്റ്റി ചോദിച്ചു.

ഷാള് കൊണ്ട് മുഖം തുടച്ചു കൊണ്ടവൾ മൂളി.
തലേന്ന് രാത്രിയിട്ട ഡ്രസ്സ്‌ തന്നെയാണ്.

“കട്ടനിട്ട് തരണോ?”

ക്രിസ്റ്റി അവളെ നോക്കി.

“വേണ്ട..”

“എങ്കിൽ നിന്റെ ഡ്രസ്സ്‌ എടുത്തോ..”

വാതലിനു നേരെ നടന്നു കൊണ്ടവൻ പറഞ്ഞു.
ആ കവറും കയ്യിലെടുത്തു കൊണ്ടവൾ അവന് പിറകെ നടന്നു.

അടുക്കള വാതിൽ തുറന്നതും അവരെ കാത്തിട്ടെന്ന പോലെ ടോമി അവിടെയുണ്ടായിരുന്നു.

അവനെ കണ്ടതും ഫാത്തിമയുടെ മുഖം മാറി.
അവൾ ക്രിസ്റ്റിയുടെ പിന്നിലേക്ക് പതുങ്ങി.

“വാ ”

വാതിൽ ചേർത്തടച്ചു കൊണ്ട് ക്രിസ്റ്റി അവളെയും വിളിച്ചു മുന്നോട്ടു നടന്നു.
അവർക്ക് മുന്നിൽ വഴികാട്ടിയുടെ ഗമയോടെ ടോമിയും.

മഴ പെയ്തിറങ്ങിയ വഴിയിൽ റബ്ബറിലകളെല്ലാം നനഞ്ഞു ചീഞ്ഞു കിടന്നിരുന്നു.

“തെന്നി വീഴല്ലേ.. നോക്കി നടക്ക് ”

പിന്നിൽ നടക്കുന്നവളോട് ക്രിസ്റ്റി ഓർമിപ്പിച്ചു.

അവളൊന്നു മൂളി കൊണ്ട് ഒന്നൂടെ ശ്രദ്ധിച്ചു നടന്നു.
അറക്കൽ തറവാടിന്റെ നേരെയുള്ള നടപ്പ് വഴിയുടെ മുന്നിലെത്തിയതും ക്രിസ്റ്റി സൈഡിലേക്ക് മാറി കൊണ്ട് പാത്തുവിനെ നോക്കി.

“പോയിക്കോ..”
കണ്ണടച്ച് ചിരിച്ചു കൊണ്ടവൻ പറഞ്ഞതും ടോമി അവന്റെ പിന്നിലേക്ക് മാറി.

അവൾക്ക് അവനെ ഭയമാണെന്ന് തിരിച്ചറിഞ്ഞത് പോലെ.

തല കുലുക്കി കൊണ്ട് കയ്യിലുള്ള കവറും നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ട് ഫാത്തിമ പതിയെ മുന്നോട്ട് നടന്നു.

ഒന്ന് രണ്ടടി വെച്ചിട്ട് വീണ്ടും അവൾ തിരിഞ്ഞു നിന്നു.

“എന്തേ?”
അവളെ തന്നെ നോക്കി നിൽക്കുകയായിരുന്ന ക്രിസ്റ്റി ചോദിച്ചു.

അവളൊന്നും അവനെ തന്നെ നോക്കി.
“ഇന്നും നന്ദി പറയാനാണോ ഫാത്തിമ?”
അവളുടെ നോട്ടം കണ്ടതും ക്രിസ്റ്റി കുസൃതിയോടെ ചോദിച്ചു.

അല്ലെന്നവൾ തലയാട്ടി.

“പിന്നെന്താ.. ധൈര്യമായിട്ട് പറഞ്ഞോ.”
അവൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് നിന്ന് കൊണ്ട് പറഞ്ഞു.

“ഞാൻ.. എനിക്കൊരു കാര്യമറിയാൻ ”
അവൾ അവനെ നോക്കി.

“ചോദിക്ക്. എനിക്കറിയാവുന്നതാണേൽ ഞാൻ പറഞ്ഞു തരാം ”

ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുറേ കാലം മുന്നേ ഉള്ളതാ..”
പാത്തു നേർത്തൊരു ചിരിയോടെ പറഞ്ഞതും ക്രിസ്റ്റിയുടെ നെഞ്ചോന്ന് പിടച്ചു.

“ഞാൻ.. ഞാനിവിടെ നിന്നും ഉമ്മാന്റെ കൂടെ പോവുന്നതിനും മുന്നേയുള്ള കാര്യമാണ് ”
ഫാത്തിമ വീണ്ടും പറഞ്ഞു.
ക്രിസ്റ്റി അവളെ തന്നെ നോക്കി നിന്നു.

“എന്റെ.. എന്റെ ഉപ്പാന്റെ ചെങ്ങായിയായിരുന്ന ഒരു അങ്കിൾ.. ആ പേര് എനിക്കോർക്കാൻ പറ്റുന്നില്ല. പക്ഷേ… എന്തൊക്കെയോ എന്റെ ഓർമയിൽ തെന്നി കളിക്കുന്നത് പോലെ.. നിങ്ങളുടെ കൂടെ.. ആ വീട്ടിൽ.. അവിടെനിക്ക് നേരത്തെ അറിയാമെന്നത് പോലെ ”

പാത്തു നേർത്തൊരു ചിരിയോടെ പറഞ്ഞു.

ക്രിസ്റ്റിയുടെ നെഞ്ച് ശക്തമായി മിടിച്ചു.

“മുന്നേ.. മുന്നേയൊരിക്കൽ ഞാൻ ചോദിച്ചിരുന്നില്ലേ.. നിങ്ങളെ ഞാൻ അറിയോന്ന്? എനിക്കിപ്പോഴും അങ്ങനെ തോന്നുന്നു. എവിടെയോ കണ്ടത് പോലെ നിങ്ങളെ.. നിങ്ങളുടെ ചിരി ”

പാത്തു വീണ്ടും വീണ്ടും അവനെ നോക്കി പറഞ്ഞു.

“ഇപ്പോഴും.. ഇപ്പോഴും നിന്റെ ചോദ്യമെന്താണെന്ന് എനിക്ക് മനസിലായില്ല ഫാത്തിമ ”

അവൻ ഉള്ളിലെ പിടച്ചിൽ മറച്ചു വെച്ച് കൊണ്ട് അവളെ നോക്കി.

“ഇവിടെനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു. കുഞ്ഞി പാത്തുവിന്റെ പ്രിയപ്പെട്ട ഇച്ഛാ.. ഓർമകളെല്ലാം മറവി കട്ടെടുത്തിട്ടും ഞാൻ അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ട് നടന്ന എന്റെ ബാല്യത്തിലെ പ്രിയപ്പെട്ട കുറച്ചു ദിവസങ്ങളാണ്. ഇവിടെത്തിയത് മുതൽ ഓരോ നിമിഷവും ഞാൻ തേടുന്നതും അവനെയാണ്.”

അത് കൂടി കേട്ടത്തോടെ ക്രിസ്റ്റി അടുത്തുള്ള റബ്ബർ മരത്തിലേക്ക് ചാരി.
സന്തോഷം കൊണ്ടവന്റെ ഹൃദയം തുള്ളി വിറച്ചു.

ഇത്രയും കാലമായിട്ടും ഇന്നും അവളുടെ ഓർമകളിൽ ഇച്ഛാ യെന്ന താൻ ഭദ്രമാണെന്ന ഓർമ.. കുറച്ചൊന്നുമല്ല അവനെ ആഹ്ലാദത്തിലാക്കിയത്.

“ഉമ്മാന്റെ ക്കൂടെ പോകുമ്പോൾ അവസാനമായൊന്നു കണ്ടു യാത്ര പറയാൻ കൂടിയെനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ.. പക്ഷേ എനിക്കെന്തോ.. എന്റെ മനസ്സിൽ എപ്പോഴും തോന്നും.. ഞാൻ മറക്കാതെ സൂക്ഷിച്ചു കൊണ്ട് നടക്കുന്നത് പോലെ ഇച്ഛയും എന്നെ ഓർക്കുന്നുണ്ടാവുമെന്ന്.. അത്രേം.. അത്രേം സ്നേഹമുണ്ടായിരുന്നു എന്നോട് ”
അത് പറയുമ്പോൾ ഫാത്തിമയുടെ കണ്ണ് നിറഞ്ഞത് ആ അരണ്ട വെളിച്ചതിലും ക്രിസ്റ്റി കണ്ടിരുന്നു.

അവന്റെ ചങ്ക് പിടഞ്ഞു.

അവളെയൊന്നാകെ പുണർന്നു കൊണ്ട് ആ കണ്ണീർ തുടക്കുവാനാണ് തോന്നിയത്, അവനാ നിമിഷം.

“ഇപ്പോഴും.. ചോദ്യം എന്തെന്ന് എനിക്ക് ക്ലിയർ ആയില്ല ”
അത് പറയുമ്പോൾ ക്രിസ്റ്റിയുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

“അത്… എനിക്ക്… എനിക്കൊരു സംശയം ”
പാത്തു വിക്കി കൊണ്ടവനെ നോക്കി.

“പറഞ്ഞോ ഫാത്തിമ…”

ആർദ്രമായി ക്രിസ്റ്റി അവളെ നോക്കി.

“നിങ്ങളുടെ.. നിങ്ങളുടെ പേരെന്താ?”

ഒരുനിമിഷം അവളെ നോക്കി നിന്നിട്ട് ക്രിസ്റ്റി ഉറക്കെ പൊട്ടിച്ചിരിച്ചു.

പാത്തുവിന്റെ കണ്ണുകൾ ഭയത്തോടെ നാല് പാടും ചിതറി തെറിക്കുന്നത് കണ്ടിട്ടാണ് പരിസരബോധം വന്നത് പോലെ ക്രിസ്റ്റി പെട്ടന്ന് ചിരിയൊതുക്കിയത്.

“ഇതായിരുന്നോ.. നിന്റെ ഇത്രേം വലിയ സംശയം?”
അവൻ ചിരിയോടെ തന്നെ അവളെ നോക്കി.

“നീയല്ലേ പറഞ്ഞത് ഞാൻ നിനക്ക് മുന്നിലെ ദൈവമാണെന്ന്?”
ക്രിസ്റ്റി വീണ്ടും ചോദിച്ചതും പാത്തുവിന്റെ മുഖത്ത് പരിഭവം നിറഞ്ഞു.

“തത്കാലം ഞാൻ ആ പേരിൽ തന്നെ അറിയപ്പെട്ടാൽ മതി..”
ക്രിസ്റ്റി കുസൃതിയോടെ പറഞ്ഞു.

“നീ അറിയേണ്ടതെല്ലാം അറിയും ഫാത്തിമ. പക്ഷേ അത് ഇപ്പോഴല്ല.”

തെളിയാത്ത അവളുടെ മുഖത്തേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.

“ഇപ്പൊ നീ ചെല്ല്. വെളിച്ചം പടരാൻ ഇനി അതികനേരമില്ല. പിന്നെ നിനക്ക് അകത്തേക്ക് പോകുന്നത് ബുദ്ധിമുട്ടാവും.”

സംശയങ്ങൾ നിറഞ്ഞ അവളുടെ കണ്ണിലേക്കു നോക്കി ക്രിസ്റ്റി വീണ്ടും പറഞ്ഞു.

ഒന്നൂടെ അവനെ നോക്കി ഫാത്തിമ തിരിഞ്ഞു നടന്നു.. അകത്തവളെ കാത്തിരിക്കുന്ന കെണികളൊന്നും തന്നെ അറിയാതെ.

തുടരും..

തിരികെ മുറിയിലെത്തിയിട്ടും ക്രിസ്റ്റിയുടെ കാതിലാ ചോദ്യങ്ങളുടെ പ്രകമ്പനമുണ്ടായിരുന്നു.

നെഞ്ചിലടക്കി പിടിച്ചു കൊണ്ടാ കണ്ണിലേക്കു നോക്കി അവന് പറയണമെന്നുണ്ടായിരുന്നു, “നീ മറവിക്ക് വിട്ടു കൊടുക്കാതെ വാശി പോലെ ഓർത്തു സൂക്ഷിച്ചു വെച്ച നിന്റെയാ ഇച്ഛാ.. നിന്നെയും മറന്നിട്ടില്ല പെണ്ണേയെന്ന്.. മറവിയെത്ര കട്ടെടുക്കാൻ ശ്രമിച്ചിട്ടും.. സാഹചര്യങ്ങളെത്ര സമ്മർദ്ദം ചെലുത്തിയിട്ടും നിന്നെ മറക്കാൻ മാത്രം പറ്റിയിട്ടില്ലെന്ന്.. കാണുന്ന ഓരോ മുഖങ്ങളിലും നിന്നെ തിരയാറുണ്ടായിരുന്നുവെന്ന്…”

ക്രിസ്റ്റിയുടെ നെഞ്ച് വിങ്ങി.

കിടക്കയിൽ അവൻ എഴുന്നേറ്റിരുന്നു.

സാധാരണ വെട്ടില്ലാത്ത ദിവസങ്ങളിൽ പഠിക്കാൻ വേണ്ടി എഴുന്നേൽക്കാറുണ്ട്.
ഇന്നതിനും തോന്നാതെ ഇച്ചിരി നേരം കൂടി ഉറങ്ങിയേക്കാമെന്ന് കരുതി പാത്തുവിനെ കൊണ്ട് വിട്ടതിനു ശേഷം വന്നു കിടന്നതാണ്.

ഉറക്കം പരിസരത്ത് പോലും വന്നില്ലെന്ന് പോട്ടെ… ഹൃദയം തുളക്കുന്നൊരു ചോദ്യവുമായി.. പൂവരശ് പോലെ ചുവന്നു തുടുത്തുക്കൊണ്ട് പാത്തു കണ്മുന്നിൽ വന്നു നിൽക്കുന്നു.

ചിന്തകൾ പോലും അവൾ കട്ടെടുത്തുവോ?

അവന് അത്ഭുതം തോന്നി..!

ഇച്ചായെന്ന് വിളിച്ചു സ്നേഹത്തോടെ പിറകെ നടന്നിരുന്ന ആ കുറുമ്പി കുഞ്ഞി പാത്തുവിനോട് ക്രിസ്റ്റി ഫിലിപ്പിനുണ്ടായിരിന്നത് അന്നും സ്നേഹമായിരുന്നു.

കറ കളഞ്ഞ സ്നേഹം..

ഇന്നുമുള്ളതും സ്നേഹം തന്നെ..
ഇനിയും ഒരു സാഹചര്യത്തിലും വേർപ്പെടാതെ… ജീവന്റെയും ജീവിതത്തിന്റെയും പാതിയാക്കാനുള്ളത്രേം വളർന്നു വലുതായി പോയ അതേ സ്നേഹം.

അവളുടെ ഓർമകൾ കൊണ്ട് പോലും തരാളിതയാവുന്നയത്രയും സ്നേഹം.

കിടക്കയിൽ കിടന്ന തലയിണയെടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ക്രിസ്റ്റി.

ഓർക്കുമ്പോൾ അവന് ശ്വാസം മുട്ടുന്നത് പോലെ..

സ്നേഹത്തിന് ഇത്രേം കനമുണ്ടോ കർത്താവെ..?
പരിഭവത്തോടെ അവൻ ചോദിച്ചു പോയി..

“നിങ്ങളുടെ പേരെന്താണ് ”
വീണ്ടും വീണ്ടും അവളുടെയാ ചോദ്യം.. അവനിലൊരു മനോഹരമായ ചിരി വിരിയിക്കാൻ മാത്രം പ്രാപ്തിയുണ്ടായിരുന്നു.
പറയണം..അവളോടെല്ലാം.
ഇനിയും കാത്തിരിക്കാൻ വയ്യ..

സ്വയം എരിഞ്ഞു ജീവിക്കുന്നവൾക്ക് ജീവശ്വാസം തിരിച്ചു കിട്ടിയത് പോലെ തന്നെ ആയിരിക്കാം തന്റെയാ വെളിപെടുത്തൽ.

വിശ്വാസത്തോടെ അവൾ കടന്ന് വന്നത് അവളേറെ…. ഒരുപക്ഷെ അവളെക്കാളേറെ അവൾ വിശ്വാസിച്ചിരുന്ന അവളുടെ ഇച്ഛായുടെ അരികിലേക്ക് തന്നെയാണെന്നറിയുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഭാവമറിയാൻ അവനതിയായ മോഹം തോന്നി ആ നിമിഷം.

കൈകൾ കൂടുതൽ കൂടുതൽ തലയിണയിൽ മുറുകുന്നുണ്ട്.. മോഹത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ച്.

പ്രണയത്തിനു ഇത്രേം മധുരമുണ്ടോ?

ഇരുണ്ടു കൂടി കാർമേഘങ്ങൾ നിറഞ്ഞ ജീവിതത്തിൽ പെട്ടന്നൊരു സൂര്യനുദിച്ചത് പോലെ..

അതേ… അവൻ പ്രണയിക്കാൻ തുടങ്ങുകയാണ്..

പ്രണയത്തിലകപ്പെടുകയെന്നാൽ… അതൊരു വലിയ ഉത്തരവാദിത്തം തന്നെയാണ്.
വിശ്വാസത്തോടെ കയ്യിലേൽപ്പിച്ചു തരുന്നതൊരു ഹൃദയമാണ്..

ഒരു ജീവനാണ്..ജീവിതമാണ്.

അത്രത്തോളം സൂക്ഷ്മതയോടെ മാത്രം പരിചരിക്കേണ്ടുന്നവ..

ആരില്ലെങ്കിലും ഞാനുണ്ടാകുമെന്നല്ല… ഞാനുള്ളടത്തോളം എന്നിൽ നീയുമുണ്ടാവും എന്നതാണ് തെളിയിച്ചു കൊടുക്കേണ്ടത്…

ആർക്ക് നിന്നെ വേണ്ടാതായാലും.. എനിക്ക് വേണമെന്നല്ല… ആർക്ക് വേണ്ടിയും നിന്നെയെനിക്ക് വേണ്ടാതാവില്ല എന്നതാണ്..പകർന്നു കൊടുക്കേണ്ട വാഗ്ദാനം..

അവനവളെ കാണണമെന്ന് തോന്നി..

ഭയന്നും വിറച്ചും അവൾ പറയുന്നതെല്ലാം കേൾക്കണമെന്ന് തോന്നി..

പ്രണയത്തിന്റെ ഏറ്റവും തീവ്രമായൊരു വശം..

കാണണമെന്നും മിണ്ടണമെന്നും തോന്നുന്നത് തന്നെയാണ് ആ ആളോടുള്ള ഇഷ്ടത്തിന്റെ അളവ്കോലും…

തലയിണയെ പിടിച്ചു ഞെരിച്ചു കൊണ്ടവൻ കിടക്കയിലേക്ക് വീണു കണ്ണടച്ച് കിടന്നു..

❣️❣️❣️

വാതിൽ തുറന്നു കയറി ചെല്ലുമ്പോൾ അസാധാരണമായൊന്നും തന്നെ പാത്തുവിന് തോന്നിയില്ല.
സഫിയാത്തയും മഞ്ജു ചേച്ചിയും.. അടുക്കളയിലുണ്ട്.

വിളറി വെളുത്ത ആ മുഖങ്ങളിൽ തന്നെ കണ്ടപ്പോൾ നേർത്തൊരു ചിരി പോലുമില്ലെന്നത് അവളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.

എപ്പോ.. എവിടെ വെച്ച് കണ്ടാലും ഏത് ജോലിതിരക്കിനിടയിലും.. തനിക്കായ് ഒരു പുഞ്ചിരിയെങ്കിലും മാറ്റി വെക്കുന്നവരാണ്..

ഇവർക്കുമിനി മാറ്റം വന്നുവോ എന്നൊരു വലിയ നോവോടെ തന്നെയാണ് ഫാത്തിമ അവരെ നോക്കിയൊന്ന് ചിരിച്ചതും.

എന്നാൽ അവളെയേറെ നിരാശപ്പെടുത്തികൊണ്ട്.. ആദ്യം അവളിൽ നിന്നും തിരിഞ്ഞു നടന്നത് സഫിയാത്ത തന്നെയാണ്.

പാത്തുവിന്റെ കൈകൾ നെഞ്ചിൽ ഒതുക്കി പിടിച്ച കവറിൽ കൂടുതൽ മുറുകി.
സഫിയാത്ത ചെയ്തത് പോലെ തന്നെ… മഞ്ജുവും തിരിഞ്ഞു നിന്നിട്ട് അവരുടെ ജോലികളിൽ മുഴുകിയപ്പോൾ പാത്തു വിളറിയൊരു ചിരിയോടെ തിരിഞ്ഞു നടന്നു.

അവഗണനയും പരിഹാസങ്ങളും പുത്തിരിയല്ലങ്കിൽ കൂടിയും ആ നിമിഷം അതവളെ അവളെ വല്ലാതെ നോവിച്ചു.

കാരണം എന്തെന്നറിഞ്ഞിരുന്നുവെങ്കിൽ അൽപ്പം ആശ്വാസമായേനെ എന്നോർത്ത് കൊണ്ട് ഹാളിലേക്ക് കടന്നവൾ… അവളെ കാത്തിട്ടെന്ന പോലെ അവിടെയിരിക്കുന്നവരെ കണ്ടതും മരവിച്ചത് പോലെ നിന്ന് പോയി.

എല്ലാവർക്കും ഏറ്റവും പിന്നിലായി.. കഴുകൻ കണ്ണോടെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന.. അമീനെ ആദ്യനോട്ടത്തിൽ തന്നെ കണ്ടത് കൊണ്ട്… പാത്തുവിന് ഏറെക്കുറെ ഉറപ്പായി.. അവിടെ ഇനി നടക്കുന്നതെന്താണെന്നും… താൻ ഉത്തരം കൊടുക്കേണ്ട ചോദ്യങ്ങൾ നിരവധിയാണെന്നും.
തളർച്ചയോടെ അവളാ ചുവരിൽ ചാരി കുഴഞ്ഞു നിന്നു.

❣️❣️❣️

“ഇതെന്നതാ ഇങ്ങനെ നീ? ”

ഉള്ളിലെ ദേഷ്യവും നിരാശയും സ്വരത്തിൽ കലർത്താതെ ദിൽനയോട് അത്രയും പറയുവാൻ റോയ്സ് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

അത്രത്തോളം അവൻ പറഞ്ഞു സെറ്റാക്കി വെച്ചതാണ്.

തലേന്ന് അർദ്ധരാത്രി വരെയുമവൻ വായിട്ടലച്ചിട്ടാണ് ദിലു അവൻ പറഞ്ഞത് പോലെ ആ യാത്രക്ക് റെഡിയായത്.

അവനെത്ര ധൈര്യം കൊടുത്തിട്ടും പേടിച്ചു വിറച്ചു നിന്നവളുടെ കരണകുറ്റി നോക്കി,റോയ്സ് അനേകായിരം തവണ മനസ്സിൽ അടിച്ചു പൊളിച്ചിട്ടുണ്ട്.

അവന്റെ ആവിശ്യമായിരുന്നു.. അവൾക്കൊപ്പം ഒരു യാത്രയെന്നത്.

അത് വെറുമൊരു യാത്ര മാത്രം ആയിരുന്നില്ലല്ലോ..?

വിചാരിച്ചത് പോലെ തന്നെ അത് പ്ലാൻ ചെയ്യുകയെന്നതുമപ്പോൾ അവന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.

തീവ്രമായ പരിശ്രമത്തിലൂടെ പാതി മനസോടെയെങ്കിലും.. അവനൊപ്പമൊരു യാത്രക്ക് തയ്യാറാണ് എന്ന് പറഞ്ഞവളാണ്.. നേരം വെളുക്കുന്നതിനു മുന്നേ വിളിച്ചിട്ട് ഞാനില്ല എനിക്ക് പേടിയാണെന്ന പതിവ് പല്ലവി തന്നെ പാടുന്നത്.

അവന് ദേഷ്യം അതിന്റെ ഏറ്റവും ഉന്നതിയിലാണ്.

അവളുടെ ഒടുക്കത്തെ പേടിയൊന്നുമാറ്റിയെടുക്കാൻ പുലർച്ചെ വരെയും പുന്നരിച്ചോണ്ട് നിന്നിട്ടൊടുവിൽ.. ഒന്നുറങ്ങി തെളിയുന്നതിനു മുന്നേ വിളിച്ചു പറയുന്നത് കേട്ടോ.. ”

അരിശം തീരാതെ ഫോൺ മാറ്റി പിടിച്ചു കൊണ്ടവൻ പിറുപിറുത്തു സ്വന്തം നെറ്റിയിൽ ഇടിച്ചു.

ഈ നിമിഷം കലിപ്പിട്ടാൽ തീർച്ചയായും പിന്നെയൊരു അവസരം കിട്ടിയെന്ന് വരില്ല.

തന്നേക്കാൾ യോഗ്യന്മാർ അവൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നെണ്ട് അറിഞ്ഞിട്ട് തന്നെയാണ് മുണ്ടും മുറുക്കി ഇറങ്ങിയത്.

പേരിനൊരു ഓഫീസിൽ ജോലി സമ്പാദിച്ചത് പോലും… അവൾക്കൊപ്പം ചേർന്ന് നിൽക്കുമ്പോൾ ജോലി ഇല്ലെന്നതൊരു കാരണമാക്കി പിൻതള്ളപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്.

കുടുംബത്തിൽ തന്നെ വർക്കി അങ്കിളിന്റെ സ്വത്തിലും.. ദിൽനയുടെ സൗന്ദര്യത്തിലും നോട്ടമിട്ട അനേകം യോഗ്യൻമാരുണ്ടെന്നിരിക്കെ… അവളെയൊന്നു ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ഇത്തിരിയൊന്നുമല്ല ഒലിപ്പിച്ചു നടന്നിട്ടുള്ളത്.

എല്ലാത്തിനും പൂർണ പിന്തുണയുമായി അമ്മയുണ്ട് എന്നതായിരുന്നു ഏറ്റവും വലിയ ധൈര്യവും.

“റോയിച്ചാ ”

തന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ടാവും അങ്ങേയറ്റം ദയനീയമായി ദിൽന വിളിക്കുന്നത്

“ആ.. പറ മോളെ.. ദിലു. ഞാൻ പെട്ടന്ന് കേട്ടപ്പോ.. എനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി. ഇന്നേരം വരെയും ഒരു പോള കണ്ണടക്കാൻ കൂടി കഴിയാതെ നമ്മൾ ഒരുമിച്ച് കൂടുന്ന നിമിഷങ്ങളെ താലോലിച്ചു കിടന്നതല്ലേ..ഞാൻ ? പെട്ടന്ന് നീ അങ്ങനെ പറഞ്ഞു കേട്ടപ്പോ.. അതാണ്‌ ഞാൻ ”

ഉറക്കം മുറിഞ്ഞതിന്റെ അലോസരം അടക്കി കണ്ണുകളൊന്നു തിരുമ്മി ഇല്ലാത്ത കരച്ചിലിന്റെ ബാക്കി എന്നോണം ഒന്നിടറി കൊണ്ട് റോയ്സ് പറയുബോൾ ദിൽനയുടെ ചങ്ക് പിടയുമെന്ന് അവനറിയാം.

“റോയിച്ചാ.. ഞാൻ.. എനിക്കെന്തോ പോലെ തോന്നിയിട്ടാ..”
അവൻ കരുതിയത് പോലെ തന്നെ പാതി കരച്ചിൽ പുരണ്ട ദിൽനയുടെ വാക്കുകൾ.

റോയ്സ് ഒന്ന് ഊറി ചിരിച്ചു.

“സാരമില്ലെടാ.. റോയിച്ചന് മനസ്സിലാവും എന്റെ പെണ്ണിനെ. ഞാനല്ലങ്കിൽ പിന്നാരാ എന്റെ മോളെ അറിയുന്നത്. നിന്നെ വേദനിപ്പിച്ചു കൊണ്ട് എനിക്കൊന്നും വേണ്ട. നീ സന്തോഷായിട്ടിരിക്കണമെന്നേ ഞാൻ ആഗ്രഹിക്കുന്നൊള്ളു. എന്നും എപ്പോഴും. എന്റെ മോളത് വിട്ടേക്ക്. റോയിച്ചന്റെ മാത്രം ആഗ്രഹം അല്ലായിരുന്നോ അത്? അതിനിടയിൽ… എന്റെ സങ്കടം.. പോട്ടെ… പോട്ടെ സാരമില്ല മോളെ ”
വീണ്ടും ഗദ്ഗതം നിറച്ചു പറഞ്ഞിട്ട് ആ ഫോൺ കട്ട് ചെയ്യുമ്പോൾ.. അവനുറപ്പുണ്ടായിരുന്നു… അവൾ തിരികെ വിളിക്കുമെന്ന്.

കുടിലത നിറഞ്ഞ മനസോടെ ഫോണിലേക്ക് നോക്കി ചിരിച്ചു കൊണ്ട്.. അവനെണ്ണി തുടങ്ങി..

ഒന്നേ… രണ്ടേ.. മൂന്നേ……..

❣️❣️❣️❣️

“ഇയ്യ് ഈ നേരത്ത് ഏടെ പോയതാ?”

ഹമീദിന്റെ ചോദ്യമാണ് ആദ്യം ഉയർന്നു കേട്ടത്.

ആ ചോദ്യത്തിനെ തന്നെ അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെ കണ്ണിലും പാത്തു കണ്ടിരുന്നു.

ഗൂഡമായ ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അമീനെ കാണെ, അവൾക്കുറപ്പായി.. താൻ പറയുന്ന ഉത്തരത്തിനെ തടയിടാൻ വേണ്ടതെന്തോ അവനിവിടെ ഒരുക്കി വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും ധൈര്യത്തോടെ ഇവർക്കു പിന്നിലാണെങ്കിൽ പോലും നിൽക്കാനുള്ള ശക്തി ഇവനില്ലായിരുന്നു എന്നത്.

“ചോദിച്ചത് കേട്ടില്ലേ ഇയ്യ്.? വാ തുറന്നങ്ങോട്ട് പറയ്യ് പെണ്ണേ. ഇയ്യ് ഏടെ പോയതാ ഈ നേരത്ത്?”

റംലമ്മായിയൊക്കെ എപ്പോ വന്നാവോ?
റംലയുടെ ആ വെറുപ്പോടെയുള്ള ചോദ്യം കേട്ടപ്പോൾ പാത്തു അതാണ്‌ ആദ്യം ഓർത്തത്.

“ന്റെ സലാമിക്കാന്റെ കുട്ട്യാ ഇയ്യ്. അന്റെ അമ്മായിയാ മോളെ ഞാൻ. റംലമ്മായി ”

മാമന്റെ വീട്ടിലേക്ക് ബന്ധം പറഞ്ഞു വന്ന ഏതോ ഒരു ദിവസം തേനൊലിയോടെ തലോടി കൊണ്ട് പറഞ്ഞതും അവൾക്ക് ഓർമ വന്നു.

കണ്ണൊക്കെ നിറച്ചു വികാരഭരിതയായിരുന്നു അന്ന് പ്രിയപ്പെട്ട റംലമ്മായി.

സുഹ്‌റമ്മായി പിന്നെ അന്ന് അത്രേം ഒലിപ്പിച്ചു വൃത്തികേടാക്കിയില്ല.. ആദ്യത്തെ കണ്ട്മുട്ടൽ.

“ഇവൾക്കെന്താ ചെവി കേൾക്കൂലേ പടച്ചോനെ?”

ഹമീദിന്റെ ഭാര്യ.. ഉമ്മുകുൽസു പാത്തുവിനെ ചെറുതായി ഒന്ന് പിടിച്ചു കുലുക്കി.

അവൾ വീണ്ടും അവരെയൊന്നു നോക്കി.

ഒറ്റയ്ക്കാണ് താൻ..

കരുണയുടെ നേർത്തൊരു കണികപോലുമില്ല മുന്നിൽ നിൽക്കുന്നവരിൽ.

എന്നാൽ വെറുപ്പിന്റെ വലിയൊരു സാഗരം കാണുന്നുണ്ട് താനും.
അവയിൽ മുങ്ങി പൊങ്ങി കിടക്കാതെ ആഞ്ഞു തുഴഞ്ഞേ മതിയാവൂ.

മറുത്തീരം അണയുകയെന്നതിപ്പോൾ തന്റെ മാത്രം ഉത്തരവാദിത്തമാണ്.

പതറരുത്..
പിടിച്ചു നിന്നേ മതിയാവൂ.

ഇവിടുത്തെ അവഗണനകൾക്ക് നേരെ ശബ്ദമുയർത്താൻ ആദ്യമായി കിട്ടിയ അവസരമാണ്.

അത്, പേടിച്ചും മിണ്ടാതെ നിന്നും നഷ്ടപ്പെടുത്തിയാൽ.. പിന്നീടൊരിക്കലും പുറം ലോകം കൂടി കാണാൻ കഴിയാത്ത വിധമൊരു മതിൽ തനിക്ക് മുന്നിൽ ഉയർന്നു വരും.
അന്നും അത് നിസ്സഹാതയോടെ.. നോക്കി നിൽക്കേണ്ടി വരും.

“നിനക്ക് നീതി കിട്ടിയില്ലെങ്കിൽ.. നീ തീയാവുക..”

കാതിൽ വീണ്ടും വീണ്ടും ക്രിസ്റ്റി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറയുന്നത് പോലെ..

അറിയാതെ തന്നെ ഫാത്തിമയിലേക്കും അവന്റെ ചിരി പടർന്നു പിടിച്ചു.

“ഇതെന്താണ്.. ഇയ്യ് ആളെ കളിയാക്കുന്നോ?”
വീണ്ടും രോഷം നിറഞ്ഞ ആരുടെയോ ചോദ്യം അവളെ തേടിയെത്തി.

“അടിച്ചു നിന്റെ കരണം പുകയ്ക്കാൻ അറിയാഞ്ഞിട്ടല്ല. മര്യാദക്ക് ചോദിച്ചപ്പോൾ മൊട കാണിക്കുന്നോ? അനക്കറിയൂല പെണ്ണേ ഞങ്ങളെ …”

നിയാസ് ക്ഷമ കേട്ടത് പോലെ ചാടി എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു.
പെട്ടന്നുള്ള ആ ചാടി തുള്ളൽ പ്രതീക്ഷിചിട്ടില്ലാത്തത് കൊണ്ട് തന്നെ ഫാത്തിമ ഞെട്ടി കൊണ്ട് ഒരടി പിറകിലേക്ക് വെച്ചു.

“എന്താണെന്ന് വെച്ച.. മണി മണി പോലെ പറഞ്ഞോണം. കേട്ടോടി?”
നിയാസ് വീണ്ടും വിരൽ ചൂണ്ടി.

അത് രസിച്ചത് പോലെ സിയാ അവളുടെ ഉപ്പയെ ആരാധനയോടെയാണ് നോക്കിയത്.

ബാക്കി എല്ലാവരുടെയും മനസ്സിലും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു.

“പറയാം.. ഇങ്ങള് എല്ലാരും ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഞാനുത്തരം പറയാം. പക്ഷേ അതിന് മുന്നേ നിക്കൊരു ചോദ്യം നിങ്ങളോടൊക്കെ ചോദിക്കാനുണ്ട് ”

തെല്ലു പോലും പതറാതെ.. ഫാത്തിമ അത് പറയുമ്പോൾ.. അവിടെ കൂടിയവരെല്ലാം അവളെ വല്ലാത്തൊരു ഭാവത്തിൽ തുറിച്ചു നോക്കി.

ഒടുവിൽ ആ നോട്ടങ്ങളൊക്കെയും.. വലിഞ്ഞു മുറുകി ദേഷ്യം കൊണ്ട് ചുവന്ന മുഖത്തോടെയിരിക്കുന്ന ഹമീദിന്റെ നേരെയായി.

ചിലരെല്ലാം ഭയത്തോടെ ഫാത്തിമയെയും അയാളെയും മാറി മാറി നോക്കുന്നുണ്ട്.

അവൾ പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ.. ഉത്തരം കിട്ടിയേ തീരു എന്നൊരു ഭാവത്തിലാണ് നിൽക്കുന്നത്.

“അറക്കൽ തറവാട്ടിൽ ഇന്ന് വരെയും പെണ്ണുങ്ങൾ ശബ്ദം ഉയർത്തിയിട്ടില്ല ”

മുരളിച്ച പോലെ ഹമീദിന്റെ ഓർമപ്പെടുത്തൽ!

“ഇങ്ങള് ഇന്നോട് ചോദിച്ച ചോദ്യത്തിനുത്തരം വേണമെങ്കിൽ മാത്രം നിങ്ങളുത്തരം പറഞ്ഞാൽ മതി ”

നേർത്തൊരു ചിരിയോടെ ആണെങ്കിലും വെല്ലുവിളി പോലാണ് അവിടെല്ലാർക്കും പാത്തുവിന്റെ ആ മറുപടി കേട്ടപ്പോൾ തോന്നിയത്.

“വല്ലാണ്ട് നെഗളിക്കല്ലേ പെണ്ണേ.. ഓന്റെ ഒറ്റയടിക്ക് തെകയൂല ഇയ്യ് ”
റംല അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഫാത്തിമ അവരെ നോക്കാനെ പോയില്ല.

അവളെ അടിച്ചൊതുക്കാൻ തോന്നിയിട്ടും അവരത് ചെയ്യാഞ്ഞത് ഷാദിയെ ഓർത്തായിരുന്നു.

“നാളെ നേരം വെളുക്കുന്നതോടെ ഞാൻ അവിടുണ്ടാകും. ബാക്കിയെല്ലാം ഞാൻ വന്നിട്ട് മതി.”

പാത്തുവിനെ മുറിയിൽ കാണാനില്ലെന്ന് പെൺകുട്ടികളെല്ലാം കൂടി വന്നു പറഞ്ഞതും പാതിരാത്രി തന്നെ ആ വീട്ടിലും പരിസരത്തും അവളില്ലെന്ന് ഒന്നുക്കൂടി തിരഞ്ഞ് ഉറപ്പാക്കിയ ശേഷം ഷാഹിദിനെ വിളിച്ചറിയിച്ചിരുന്നു… ഹമീദ്.

ഷാഹിദ് പറഞ്ഞിട്ടാണ് അവളെ പോയി കണ്ട് ബന്ധം പുതുക്കിയതും.. ആ ബന്ധം വളർത്തി അവളെ അറക്കലേക്ക് എത്തിച്ചതും.

തത്കാലം അവൻ വരുന്നത് വരെയും അവളെ ഇവിടെ പിടിച്ചു നിർത്തിയെ പറ്റു.

അതവൾക്ക് വേണ്ടിയല്ല.. പകരം അവനോടുള്ള ഭയമാണ്.

വിചാരിച്ചത് നടന്നില്ലെങ്കിൽ അവനിൽ ഉണ്ടായേക്കാവുന്ന ഭ്രാന്തമായൊരു ദേഷ്യവും പ്രതികാരവുമുണ്ട്.

അതിനെ.. അതിനെ മരണത്തോളം ഭയക്കേണ്ടതാണെന്ന് അവിടെ കൂടിയ ഓരോരുത്തർക്കുമറിയാം.

“മ്മ്… എന്താപ്പോ അന്റെ ചോദ്യം.. ആദ്യം അത് കേക്കട്ടെ. എന്നിട്ട് പറയാം ഉത്തരം അർഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ”
തോൽവി സമ്മതിച്ചു കൊടുക്കില്ലെന്ന് വാശിയുള്ളത് പോലെ ഹമീദിന്റെ ഗൗരവം നിറഞ്ഞ മുഖം.. പരുക്കനായ സ്വരം.

പാത്തു അയാളെ നോക്കിയൊന്ന് ചിരിച്ചു.

“നിന്ന് ഇളിക്കാണ്ട് കാര്യം പറയെടി ”
നിയാസും പല്ലിറുമ്മി കൊണ്ടവളെ നോക്കി.

“ഞാൻ നിങ്ങളുടെ ആരാണ്…? ”

ഫാത്തിമയുടെ കടുപ്പമേറിയ ആദ്യചോദ്യം..

അവരെല്ലാം പരസ്പരം നോക്കി…

തുടരും..