17/04/2026

വധു : ഭാഗം 38

അന്നത്തെ രാത്രി സ്വസ്ഥത എന്തെന്ന് അവളറിഞ്ഞിട്ടില്ലായിരുന്നു….

രാവിലെ എഴുന്നേറ്റപ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന അവനെ ഒരു നിമിഷം അവളൊന്ന് നോക്കി നിന്നു….

എന്തിനാണ് ഇനിയും തന്നെ അകറ്റുന്നത്…..

അവൾക്ക് ഉള്ളിൽ നിന്നൊരു തേങ്ങലുയർന്നു…

തന്റെ കൂടെ ജീവിക്കാൻ ഇനിയും സമയമായിട്ടില്ലെന്ന തോന്നലാണോ….

എങ്കിൽ ഞാൻ കാത്തിരുന്നോളാം….
എത്ര വേണമെങ്കിലും….

അവൾ നിശബ്ദമായി അവനോടത് പറഞ് കൊണ്ട് ഉള്ളിൽ നിറഞ്ഞു വന്ന തേങ്ങലിനെ അടക്കി പിടിച് അവിടെ നിന്നും പുറത്തേക്ക് നടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മോളേ ബാലാ….. ഇന്ന് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പൂജയും അന്നദാനവുമൊക്കെയുണ്ട്…..
മുത്തശ്ശി സായുവിന് വേണ്ടി നേർന്നതാണ്….
വേഗം കുളിച്ചൊരുങ്ങിക്കോ….

പവി അത് പറഞ്ഞതും അവളൊരു പുഞ്ചിരിയോടെ തലയാട്ടി….

ആ പിന്നേയ്…. മോളിന്നെങ്ങോ പോകുന്ന വിവരം സായു പറഞ്ഞിരുന്നു….

പവി തിരിഞ്ഞു നിന്നത് പറഞ്ഞതും ബാലയുടെ ഹൃദയം ഒന്ന് പിടച്ചു….

കുറെ ദിവസമൊന്നും എടുക്കരുത്…. പെട്ടെന്നിങ് വന്നോളണം കേട്ടല്ലോ….

പവി അതും പറഞ്ഞൊരു ചിരിയോടെ അവളുടേ താടിയിൽ പിടിച്ചു…..

അവൾക്കൊന്ന് കരയാൻ തോന്നി…..

ഇത് വരെയും അവൻ തന്നെ കളിപ്പിക്കാൻ ശ്രമിക്കുകയാണോ എന്നൊരു സംശയം മനസ്സിലുണ്ടായിരുന്നു….

എന്നാൽ അതല്ലെന്ന് മനസ്സിന് ബോധ്യമായത് കൊണ്ടാവും അത് തന്നെ ഇത്ര മേൽ വേദനിപ്പിക്കുന്നത്……

എല്ലാവരോടും അവൻ പറഞ്ഞിട്ടുണ്ട്….

തന്നെ മനഃപൂർവം ഇവിടെ നിന്ന് ഒഴിവാക്കുകയാണ്….

എന്തിന്….. ആർക്ക് വേണ്ടി…….

നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ അവൾ മുറിയിലേക്ക് നടന്നു……..

മുറിയിലെത്തിയപ്പോൾ അവനവിടെ യുണ്ടായിരുന്നില്ല….

അവൾ വേഗം കുളിക്കാൻ കയറി….

മനസ്സിനൊരു സമാധാനവും തോന്നുന്നില്ല….

അവനെ വിട്ടിനിയും പോകേണ്ടി വരണമെന്ന് ആലോചിക്കുമ്പോൾ ശരീരം തളരുന്നത് പോലെ….

അവനെ പിരിഞ്ഞിരിക്കുക എന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്…..അതിനി ഒരു നിമിഷത്തേക്കാണെങ്കിൽ കൂടി…..

അവൾ കുളിച്ചിറങ്ങുമ്പോൾ മുറിയിലേ കട്ടിലിൽ പവിയിരിക്കുന്നതാണ് കാണുന്നത്…..

ഇന്ന് മോളിതുടുത്തോളൂ….
പൂജയൊക്കെ ഉള്ളതല്ലേ…

അതും പറഞ് കൊണ്ട് കയ്യിൽ കരുതിയിരുന്ന ആ സാരി പവി അവൾക്ക് നേരെ നീട്ടുമ്പോൾ അവൾ ഇരു കൈകൾ കൊണ്ടും അത് വാങ്ങി……

മടക്കി വെച്ച ആ സാരി അവളൊന്ന് നോക്കി…..

പച്ചയും റോസും സ്വർണ നിറവും ഇട കലർന്ന പട്ട് സാരിയായിരുന്നത്…..

അവൾക്കത് മുഴുവനായി ഒന്ന് നിവർത്തി നോക്കാൻ തോന്നി…..

ഇത് മോൾക്ക് വേണ്ടി പ്രത്യേകം പറഞ് ചെയ്യിപ്പിച്ചതാണ്……

അവൾ സാരിയിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് പവി പുഞ്ചിരിയോടെ അത് പറഞ്ഞത്…..

അവളും ഒന്ന് പുഞ്ചിരിച്ചു….

അമ്മേ…. എനിക്കിതുടുക്കാൻ അറിയില്ല….

പവി നടന്നു തുടങ്ങിയതും അവളത് പറഞ്ഞപ്പോൾ അവർ അവളിലേക്ക് തിരിഞ്ഞു….

ഞാൻ…. കോട്ടൺ സാരി എപ്പോഴൊക്കെയോ എടുത്തിട്ടുണ്ടെന്നല്ലാതെ പട്ടു സാരി വൃത്തിയിൽ ഉടുക്കാനൊന്നും അറിയില്ല….

അവൾ അതും കൂടി പറയുമ്പോഴാണ് സായു മുറിയിലേക്ക് കയറി വരുന്നത്…..

ഹാ…. ഇവനറിയാമല്ലോ…
ഇവനുടുത് തരും….

പവി അത് പറഞ്ഞതും അവളൊരു ഞെട്ടലോടെ അവനെ നോക്കി….

ഡാ….. മോൾക്കാ സാരി യൊന്ന് ചുറ്റി കൊടുക്…..

പിന്നേ… എനിക്കതല്ലേ പണി…

പവി അത് പറഞ് കൊണ്ട് നടന്നതും പിറകിൽ നിന്ന് സായു പിറു പിറുക്കുന്നത് അവൾ വ്യക്തമായി കേട്ടിരുന്നു…..

അവളൊന്ന് കൂടി അവനിലേക്ക് നോക്കി…

അതേ….. മുഖം ഗൗരവത്തിൽ തന്നെയാണ്…..

അലമാര തുറന്ന് എടുക്കാൻ വന്ന എന്തോ ഒന്നെടുത് അവൻ അതേ പോലെ തിരിച്ചു പോയതും അവളാ സാരിയുമായി അങ്ങനെ നിന്നു……

മടക്കി വെച്ച സാരി അവൾ പതിയേ നിവർത്തുമ്പോൾ അവളുടേ കണ്ണുകൾ വിടർന്നിരുന്നു….

അത്രയേറെ മനോഹരമായ പട്ട് സാരി അവൾ കണ്ടിട്ട് പോലുമില്ലെന്നവൾക്ക് തോന്നി……

റോസ് നിറത്തിലുള്ള ബ്ലൗസിലേക്ക് സ്വർണ നൂലുകൾക്കിടയിൽ റോസും പച്ചയും ഇട കലർന്ന സാരിയും അത്രയേറെ മനോഹരമായിരുന്നു…..

അവൾ അവളെ കൊണ്ടാവും വിധം സാരിയുടുക്കാൻ തുടങ്ങി…

ഇനിയവനോട് പറഞ് അവൻ ചെയ്ത് തന്നില്ലെന്ന തോന്നലിൽ അമ്മക്ക് വല്ല സംശയവുമുണ്ടായാലോ എന്നൊരു ചിന്ത അവൾക്കുള്ളിലുണ്ടായിരുന്നു…..

തത്കാലം തങ്ങളുടെ അകൽച്ച ഇവിടെ നിന്ന് പോകും വരെയെങ്കിലും ആരും അറിയരുത്….

പോകണമെന്ന് ആലോചിച്ചപ്പോഴേക്കും അവളുടേ കണ്ണുകളിൽ കണ്ണ് നീരുരുണ്ട് കൂടി….

എങ്ങനെയൊക്കെയോ സാരി ചുറ്റി കണ്ണാടിയിലേക്ക് നോക്കിയപ്പോൾ അവൾക്ക് തന്നെ തൃപ്തി തോന്നിയില്ല….

ആ സാരിയുടെ ഭംഗി പോലും അവളുടേ ഉടുക്കലിന്റെ രീതി കാരണം കുറവ് സംഭവിച്ചത് പോലെ….

അവളങ്ങനെ കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് വാതിൽ തുറന്നവൻ അകത്തേക്ക് കയറി വരുന്നത് ….

അവളെ കണ്ടവൻ ഒന്ന് നോക്കിയെങ്കിലും പിന്നെ മുഖം തിരിച്ചു കൊണ്ട് അലമാര തുറന്നെന്തൊക്കെയോ തപ്പി തിരഞ്ഞു നിന്നു….

അവളും അവൻ പോകാൻ കാത്തിരുന്നു….

അവൻ മുറി ക്ക് പുറത്തിറങ്ങാൻ നിൽക്കും നേരം ഒരു നിമിഷമൊന്ന് തിരിഞ്ഞു….

പിന്നീട് പതിയേ അവളുടേ മുമ്പിൽ ചെന്ന് നിന്നു…..

തോളിൽ പിൻ ചെയ്തിരുന്ന സാരിയിലേ പിൻ അവനഴിക്കുമ്പോൾ അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….

ഒരു നിമിഷം ഒരു ശിലയായി അവൾ മാറിയിരുന്നു……

ഒന്ന് ശ്വാസം പോലുമെടുക്കാൻ കഴിയാതെ അവളങ്ങനെ നിന്നു……

എന്നാൽ അവൻ അവളെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ വളരേ ഭംഗിയോടെ ഞൊറിഞ്ഞുടുത് കൊണ്ടിരുന്നു….

അവളവനെ നോക്കാൻ പോലും കഴിയാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു പിടിച്ചാണ് നിൽക്കുന്നത്….

അവന്റെ കൈ തന്റെ ദേഹത്തു തട്ടുമ്പോൾ ഇക്കിളിയാകുന്നുണ്ടെങ്കിൽ കൂടി അവളിളകിയില്ല….

സാരിയുടുത് കഴിഞ്ഞെന്ന് തോന്നിയതും അവൻ തന്റെ മുഖത്തേക്കൊന്ന് നോക്കി….

ഗൗരവം മുഖത്ത് തങ്ങി നിൽപ്പുണ്ടെങ്കിലും ആ കണ്ണുകളിലെ വികാരം അത്രയേറെ തീവ്രമായത് പോലെ അവൾക് തോന്നി…

അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ മിഴികൾ പതിയേ താഴേക്ക് ചലിപ്പിച്ചു….

അവൻ മുറി വിട്ടിറങ്ങി പോയെന്ന് തോന്നിയതും അവൾ കണ്ണാടിയിലേക്കൊന്ന് തിരിഞ്ഞു നോക്കി….

അവളുടെ കണ്ണുകൾ വിടർന്നു….

ആ സാരിയുടെ ഭംഗി അവനുടുത്തപ്പോഴാണ് തെളിഞ്ഞു കാണുന്നതെന്ന് അവളോർത്തു…..

അവൾക്ക് സ്വയം സുന്ദരിയായി തോന്നി….

ബ്ലൗസിന്റെ റോസ് നിറവും മാറിടം മറച്ച സ്വർണ കരയും എല്ലാം അവൾക്ക് വല്ലാതെ ഇണങ്ങിയത് പോലെ തോന്നി…..

ആ സാരിയിലേക്ക് ചേരാനെന്ന വണ്ണം നീളൻ മുടിയവൾ മുമ്പിലേക് പിന്നിയിട്ടു…..

കണ്ണുകളിൽ കരി മഷി പടർത്തി….

നെറ്റിയിലൊരു കുഞ് പൊട്ടും……

അവൾ താഴെക്കിറങ്ങിയപ്പോൾ എല്ലാവരും മാറ്റിയൊരുങ്ങിയിട്ടുണ്ട്….

ഇത് നമ്മൾ പറമ്പരാഗതമായി കൈ മാറി വരുന്ന ആഭരണങ്ങളാണ്…..
ഇതിന്റെയെല്ലാം അവകാശി ഇനി മുതൽ മോളാണ്….

അതും പറഞ് മുത്തശ്ശി ഒരു ആഭരണപ്പെട്ടി അവൾക്ക് നേരെ നീട്ടിയതും വാങ്ങണോ വേണ്ടയോ എന്ന സംശയത്തിൽഅവളങ്ങനെ നിന്നു…..

അവനിൽ നിന്നൊരു വാക്ക് കിട്ടാതെ തനിക്കിത് വാങ്ങാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു….

അവൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഉമ്മറത്തു നിന്നും തന്നെ നോക്കി നിൽക്കുന്ന അവനെ കാണുന്നത്…..

വാങ്ങിക്ക് മോളേ…..
പവി അവളുടേ കയ്യിൽ പിടിച്ചത് പറയുമ്പോഴും അവളുടേ നോട്ടം അവനിലായിരുന്നു…..
തടയണമെങ്കിൽ അവരെ തടയാം എന്ന മട്ടിൽ….

പക്ഷെ അവൻ ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുന്നത് സമ്മതമായി കണക്കാക്കാനെ അവൾക്കപ്പോൾ കഴിയുമായിരുന്നുള്ളു….

അവൾ കൈ നീട്ടി അത് വാങ്ങി……

ഏതായാലും അമ്പലത്തിലേക്ക് പോകുകയല്ലേ ……

ഈ സാരിയിലേക്ക് ഇണങ്ങുന്ന കുറച്ച് ആഭരണങ്ങൾ ഇട്ടോളൂ….

മുത്തശ്ശി അതും പറഞ് പോയതും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവളുടേ കയ്യിൽ നിന്നും ആഭരണപ്പെട്ടി വാങ്ങി അതിൽ നിന്നും നല്ലത് നോക്കി അവളുടേ കഴുത്തിലിട്ട് കൊടുത്തത് പവിയായിരുന്നു…..

മനോഹരമായ ആ സാരിയിലും ഭംഗിയെറിയ ആഭരണങ്ങളിലും അവൾ തിളങ്ങി ….

അമ്പലത്തിലേക്ക് ഇറങ്ങുമ്പോൾ അവൻ തിണ്ണയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു….
പൂജക്ക്‌ സമയം ആകുമ്പോഴേക്കും എത്താമെന്നു പറഞ് കൊണ്ട്…..

അത് കൊണ്ട് തന്നെ അച്ഛനും അമ്മക്കും ഒപ്പമാണ് താൻ കാറിൽ കയറിയത്….

അവിടെയെത്തിയിട്ടും കുറച്ച് നേരം കാത്തിരുന്നു…..

അപ്പച്ചിമാരെല്ലാം വന്നപ്പോഴും ആരുടേയും മുഖത്തൊരു താല്പര്യമില്ലായിരുന്നു…

മാളുവിന്റെയും മീനുവിന്റെയും മുഖത്തെ താല്പര്യമില്ലായ്മക്ക് മറ്റുള്ളവർക്കുള്ള താല്പര്യക്കുറവിനെക്കാൾ പ്രത്യേകതയുള്ളതായി തനിക്ക് തോന്നി…..

ഇങ്ങോട്ട് വരൂ…..

വല്യച്ഛൻ വിളിച്ചപ്പോഴാണ് എല്ലാവരും കൂടി അങ്ങോട്ട് ചെന്നത്…..

ഒരു വേള തന്റെ കണ്ണുകൾ ഒന്ന് വിടർന്നു….

പൂജിച്ച താലിക്ക് മുമ്പിൽ നിൽക്കുന്ന തന്റെ പ്രാണനായവൻ…..

അതും ചന്ദന കളർ മുണ്ടും ഷർട്ടുമിട്ടൊരു മണവാളനെ പോൽ…..

ചുറ്റും ഇരിക്കുന്ന നാഥസ്വരക്കാർ അതൊരു വിവാഹ ചടങ്ങാണെന്ന് പറയതെ പറയും പോൽ….

സംശയം സത്യമാകണേ യെന്ന് പ്രാർത്ഥിച്ചു കൊണ്ട് താൻ അവനിലേക്കൊന്ന് നോക്കി….

ഇല്ലാ… ആ മുഖത്ത് തന്നെ അകറ്റി നിർത്തിയ ആ ഗൗരവമില്ല….

പകരം എന്തോ വെട്ടി പിടിച്ചൊരു അഭിമാനമുണ്ട്….

മനസ്സിലെ അതിരറ്റ സന്തോഷം പടർന്നെന്ന
വണ്ണം ആ ചുണ്ടുകളിലൊരു ചെറു ചിരി ചാലിച്ചിട്ടുണ്ട്…..

ഇത്…. സത്യമാണോ എന്ന അർത്ഥത്തിൽ അവൾ അവനെയൊന്ന് നോക്കി…

അവൻ ഇരു കണ്ണുകളും അവൾക്ക് നേരെ ചിമ്മി…..

എന്താ കണ്ണ് മിഴിച്ചു നിൽക്കുന്നത്…… ഇങ് വാ…

പ്രഭ സ്നേഹത്തോടെ വിളിച്ചപ്പോഴാണ് അവൾ ചുറ്റുമുള്ളവരിലേക്ക് നോക്കുന്നത്……

മുത്തശ്ശനും മുത്തശ്ശിയും വല്യച്ചനും വല്യമ്മയും അച്ഛനും അമ്മയും എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുകയാണ്….

പ്രഭ അവളുടേ കൈ പിടിച് മുമ്പിലേക്ക് കയറ്റി നിർത്തി…..

അവൻ ചെറു പുഞ്ചിരിയോടെ അവളെയൊന്ന് നോക്കി….

പിന്നീട് താലി യെടുത് അവളുടേ കഴുത്തിലേക്ക് ചേർത്തു വെച്ചു….

അവന്റെ താലിക്ക് മുമ്പിൽ കഴുത്തു നീട്ടി കൊടുക്കുമ്പോൾ കൈകൾ കൂപ്പുന്നതോടൊപ്പം അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു….

അവളുടേ കഴുത്തിൽ കെട്ട് മുറുക്കുന്നതോടൊപ്പം അവന്റെ ചുണ്ടുകൾ അവളുടേ നെറ്റിയിലമർന്നിരുന്നു…..

അപ്പോഴും അവൾ മുഖമുയർത്തിയില്ല…

അവനിലങ്ങനെ ലയിച്ചു പോയിരുന്നു…..

(തുടരും)
Aysha Akbar