17/04/2026

നിനക്കായ് : ഭാഗം 27

രചന -കണ്ണന്റെ മാത്രം

അവിടെ എല്ലാം ചുറ്റിക്കണ്ട് ജെനിയും പിള്ളേരും വരുമ്പോൾ ഉറങ്ങി എഴുന്നേറ്റ് കിണിങ്ങി കരഞ്ഞുകൊണ്ട് റാണിയുടെ കൈയിൽ ഇരിക്കുന്ന ജാനിമോളെ ആണ് കാണുന്നത്. ജെനി വേഗം മോളുടെ അടുത്തേക്ക് പോയി..

എന്തിനാ ആന്റി മോള് കരയുന്നത്..

അത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്തിന്റെ ആണ് മോളെ. ചേട്ടത്തി പഴം നെയ്യിൽവഴറ്റി എടുക്കുന്നുണ്ട്. അതൊക്കെ കൊടുത്ത് പുറത്തേക്ക് ഒക്കെ ഒന്ന് കൊണ്ടോയാൽ ആള് ഉഷാറായിക്കോളും..
അവരുടെ സംസാരത്തിനു ഇടയിൽ തന്നെ മോള് ജെനിയുടെ കൈയിലേക്ക് ചാടിയിരുന്നു.

ആ സമയത്താണ് റീനാമ്മ പഴവും കൊണ്ട് വന്നത്.
അമ്മച്ചീടെ പൊന്നുമ്പൊടി വന്നേ നമുക്ക് പയം കയിച്ചാം.. റീനാമ്മ മോളെ കൊഞ്ചിച്ചുകൊണ്ട് ജെനിയുടെ കൈയിൽ നിന്നും എടുക്കാൻ നോക്കി.

ണൊ.. ജാനി മോള് അത് പറഞ്ഞുകൊണ്ട് ജെനിയുടെ നെഞ്ചിലേക്ക് ഒന്നുക്കൂടി പതുങ്ങി..

ഞാൻ കൊടുത്തോട്ടെ ആന്റി…

അതിനെന്താ മോള് കൊടുത്തോ… റീനാമ്മ പാത്രം അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

പിന്നെ അങ്ങോട്ട് അന്നത്തെ ദിവസം മുഴുവൻ മോള് ജെനിയുടെ കൂടെ തന്നെ ആയിരുന്നു. അവരെ കാണുന്ന ആർക്കും അവർ അമ്മയും മോളും അല്ല എന്ന് തോന്നില്ലായിരുന്നു. കൊട്ടാരത്തിൽ തറവാട്ടിലെ മുതിർന്നവർ തൊട്ട് പിള്ളേരിൽ വരെ ജെനി ജാനിമോളുടെ അമ്മ ആയെങ്കിൽ എന്നൊരു ചിന്ത വന്നു. പക്ഷേ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ട് എല്ലാവരും അവരവരുടെ ആഗ്രഹം ഉള്ളിൽ ഒതുക്കി.

അന്ന് ഭക്ഷണമെല്ലാം കഴിഞ്ഞ് എന്നത്തേയും പോലെ കുറച്ച് നേരം എല്ലാവരും കൂടി ഇരുന്നു. അപ്പോഴും ജെനിയുടെ കൈയിൽ ആയിരുന്ന ജാനിമോൾ ഉറക്കം വന്നു തുടങ്ങിയതും ചുറ്റും തപ്പി കിണുങ്ങി തുടങ്ങി. ജെനിക്ക് മോള് എന്തിനാ വാശി പിടിക്കുന്നതെന്ന് മനസിലാവുന്നുണ്ടായില്ല. അവൾ റീനാമ്മയെ ചോദ്യഭാവത്തോടെ നോക്കി.

ഒന്നുമില്ല മോളെ. അത് ഉറക്കം വന്നിട്ടാണ്. ഡേവിയെ തപ്പുക ആണ്. പകൽ മുഴുവൻ അവൻ ഇല്ലെങ്കിലും ആൾക്ക് കുഴപ്പം ഇല്ല പക്ഷേ രാത്രി ഉറങ്ങാൻ അവൻ വേണം. അവൻ വല്ല ബിസിനസ്സ് ആവശ്യത്തിന് പോകുമ്പോൾ പാട്പെടും ഞങ്ങൾ മോളെ ഒന്ന് ഉറക്കാൻ.

അപ്പോഴേക്കും ഡേവി എഴുന്നേറ്റ് വന്ന് ജെനിയുടെ കൈയിൽ നിന്നും മോളെ വാങ്ങിയിരുന്നു. അവൾ അവന്റെ നെഞ്ചിലേക്ക് പതുങ്ങി കിടന്നു. അവനും മോളെ പൊതിഞ്ഞുപിടിച്ചുകൊണ്ട് പതുക്കെ തട്ടി ഉറക്കി.

ജെനി ഇതെല്ലാം നോക്കി ഇരുന്നു. അവൾക്ക് അവളുടെ അപ്പച്ചനോട്‌ മിണ്ടാൻ തോന്നി. പക്ഷേ ഈ നേരത്ത് വിളിച്ചാൽ അവർ പേടിക്കും എന്നറിയാവുന്നത് കൊണ്ട് അവൾ ആ ആഗ്രഹം ഉള്ളിൽ ഒതുക്കി. കുറച്ചുനേരം കൂടി എല്ലാവരും കൂടി ഇരുന്ന് സംസാരിച്ചതിന് ശേഷം ഓരോരുത്തരായി കിടക്കാനായി പോയി.

ജെനി റൂമിൽ വന്ന് കിടക്കാനായി തുടങ്ങുമ്പോൾ ആണ് ഡോറിൽ ആരോ മുട്ടിയത്. അവൾ തുറന്ന് നോക്കിയപ്പോൾ അന്ന ആണ്.

നീ എന്താടി ഈ നേരത്ത് ഇവിടെ…

ഞാൻ ഇന്ന് നിന്റെ കൂടെയാ കിടക്കുന്നെ. എത്ര നാളായി നമ്മൾ ഒരുമിച്ച് കിടന്നിട്ട്.

ഏയ്യ്.. അതൊന്നും വേണ്ട നീ പോയെ ചേട്ടായി നിന്നെ കാത്തിരിക്കുന്നുണ്ടാവും…

അതൊന്നും ഇല്ല.. ഇന്ന് ഞാൻ ഇവിടെ ആണ്. ഇന്നൊരു ദിവസമെങ്കിലും ഞാൻ അങ്ങേരുടെ കൂർക്കംവലി ഇല്ലാതെ ഒന്ന് ഉറങ്ങിക്കോട്ടെ മോളെ..അന്ന പറഞ്ഞു.

ജെനി കുറച്ചുനേരം അവളെ തന്നെ നോക്കി നിന്നു. പിന്നെ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു. ജെനിക്ക് മനസിലായിരുന്നു തന്നെ ഇന്ന് ഒറ്റക്ക് കിടത്താതെ ഇരിക്കാൻ ആയിട്ടാണ് അവൾ ഇങ്ങോട്ട് വന്നതെന്ന്..

എന്താടി പെണ്ണേ.. ജെനിയെ ചേർത്തുപിടിച്ചുകൊണ്ട് അന്ന ചോദിച്ചു.

എങ്ങനെ ആടാ ഞാൻ നിന്നോട് നന്ദി പറയേണ്ടത് എന്റെ ദുഃഖങ്ങളിലെല്ലാം എന്നെ ഇങ്ങനെ ചേർത്തുപിടിക്കുന്നതിനു. അത് പറയുമ്പോഴേക്കും ജെനി കരഞ്ഞു തുടങ്ങിയിരുന്നു.

അന്ന അവളെ ബലമായി തന്നിൽ നിന്നും അകറ്റി.

ദേ പെണ്ണേ നീ എന്റെ കൈയിൽ നിന്നും വാങ്ങും അവളുടെ ഒരു നന്ദി. അതിനുമാത്രം ഞാൻ എന്നാ ചെയ്യ്തു. സത്യത്തിൽ നിന്നോട് ഏറ്റവും വലിയ ദ്രോഹം ചെയ്യ്തത് ഞാൻ അല്ലേ. അലക്സും ആയിട്ടുള്ള കല്യാണത്തിന് വലിയ താല്പര്യം ഇല്ലാതിരുന്ന നിന്നെ നിർബന്ധിച്ചത് ഞാൻ അല്ലേ. നിന്നെ ഒരിക്കലും പിരിയരുത് എന്ന എന്റെ സ്വാർത്ഥത ആണ് നിന്റെ ജീവിതം ഈ നില ആവാൻ തന്നെ കാരണം.

നീ എന്തൊക്കെയാ എന്റെ അന്നമ്മേ ഈ പറയുന്നത്. എന്റെ ജീവിതത്തിൽ നടന്ന ഒന്നിനും നീ അല്ല കാരണം. അതൊക്കെ എന്റെ വിധി ആണ്. നീ വന്നേ നമുക്ക് കിടക്കാം. വെറുതെ വേണ്ടാത്ത വർത്താനം പറയാനായിട്ട്..

ഞാൻ ആണോ തുടങ്ങി വച്ചത്. നീയല്ലേ.. അവളുടെ ഒരു നന്ദി… ഹും..

അതേ ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല നീ ഒന്നും കേട്ടിട്ടും ഇല്ല. പോരെ.. ജെനി അന്നക്ക് നേരെ കൈകൂപ്പികൊണ്ട് പറഞ്ഞു.

ഒക്കെ എന്നാ വാ നമുക്ക് കിടക്കാം…

പിന്നെയും കുറെ നേരം എന്തെല്ലാമോ പറഞ്ഞു കിടന്നിട്ടാണ് അവർ ഉറങ്ങിയത്..

…………….

പിറ്റേന്ന് രാവിലെ തന്നെ പോകാൻ റെഡി ആയി ജെനിയും അന്നയും.
എല്ലാവർക്കും ജെനി പോകുന്നത് നല്ല വിഷമം ആയി. ഒരു ദിവസമേ അവിടെ നിന്നുള്ളൂ എങ്കിലും എല്ലാവരും ആയിട്ട് ഒരു അടുപ്പം സൃഷ്ടിക്കാൻ ആ കുറഞ്ഞ സമയംകൊണ്ട് ജെനിക്ക് കഴിഞ്ഞിരുന്നു. പിള്ളേര് പടക്കാണ് ഏറ്റവും വിഷമം. ഇടക്കിടക്ക് ഇങ്ങോട്ട് വരാം എന്ന് ജെനിയിൽ നിന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ട് അവർ.

എബി ഇന്ന് അവരെ ഒറ്റക്ക് വിടണ്ട. ഇന്നലത്തെ പ്രശ്നത്തിന്റെ എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അവർ ഒറ്റക്കായാൽ ശരിയാവില്ല. നീയും കൂടെ ചെല്ല്… ജോൺ പറഞ്ഞു.

ശരിയാ മോനെ ഇവിടെ നിന്ന് ജെനിമോളുടെ വീട് വരെ അവർ ഒറ്റക്ക് പോകണ്ടേ.. ഇത്രേം ദൂരം ഉള്ളതല്ലേ.. വല്യമ്മച്ചിയും പറഞ്ഞു.

അത് വല്യമ്മച്ചി എനിക്ക് ഇന്നൊരു സർജറി ഉണ്ട്. നേരത്തെ ഫിക്സ് ചെയ്തതാണ്. ഒഴിവാക്കാൻ പറ്റില്ല.

ഇപ്പൊ എന്താ ചെയ്യാ ശമ്പളദിവസം അല്ലേ ഇന്ന്. എനിക്കും ജെയിംസിനും എസ്റ്റേറ്റിലും തോട്ടത്തിലും പോണം. അല്ലെങ്കിൽ ഞങ്ങൾ പോയേനെ…

അപ്പോഴാണ് എങ്ങോട്ടോ പോകാൻ റെഡി ആയി വരുന്ന ഡേവിയെ അവർ കാണുന്നത്. അവൻ വന്ന് നേരെ റീനാമ്മയോട് ആയി പറഞ്ഞു.

മമ്മി മോളെ നിങ്ങളുടെ റൂമിൽ കിടത്തിയിട്ടുണ്ട് കേട്ടോ. ഞാൻ ഒന്ന് പുറത്തേക്ക് പോയി വരാം.

അപ്പോഴാണ് അവൻ റെഡി ആയി നിക്കുന്ന അന്നയെയും ജെനിയെയും കാണുന്നത്. നിങ്ങൾ ഇതുവരെ പോയില്ലേ.

അത് ഡേവി അവരെ ഒറ്റക്ക് വിടാൻ എന്തോ ഒരു ധൈര്യക്കുറവ്. ഇന്നലെ ഇത്ര അക്രമങ്ങൾ ഒക്കെ ഉണ്ടായതല്ലേ. അതാ ഒരു ടെൻഷൻ. എബിക്ക് ആണെങ്കിൽ ഇന്നൊരു സർജറി ഉണ്ട്. ഞങ്ങൾക്ക് ശമ്പളദിവസം അല്ലേ അതിന്റെ തിരക്ക് ഉണ്ട്. അപ്പൊ എന്താ വേണ്ടെന്ന് ചിന്തിക്കുകയായിരുന്നു.

ജെനിക്ക് എല്ലാം കൂടെ കേട്ടിട്ട് ആകെ വല്ലായ്മ തോന്നി. തനിക്ക് വേണ്ടി ആണല്ലോ ഇവർ ഇത്രേം ബുദ്ധിമുട്ടുന്നത് എന്നത് അവളെ വിഷമത്തിൽ ആക്കി. അവൾ അന്നയോട് വേണ്ട എന്ന് പറയാൻ തുടങ്ങിയ നേരത്താണ് ഡേവി സംസാരിച്ചത്.

ഞാൻ പൊക്കോളാം അപ്പേ. എന്തായാലും ക്രിസ്റ്റി ഇന്ന് ലീവ് ആണ്. അതുകൊണ്ട് ഇംപോർട്ടന്റ് മീറ്റിംഗ്സ് എല്ലാം മാറ്റി വച്ചിട്ടുണ്ട്. അപ്പൊ കുഴപ്പം ഇല്ല.

അത് നന്നായി എന്നാൽ മക്കളെ നിങ്ങൾ വേഗം പോകാൻ നോക്ക്.. വല്യമ്മച്ചി അത് പറഞ്ഞതും ജെനിക്ക് പിന്നെ എതിരൊന്നും പറയാൻ പറ്റാതെ വന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് ജെനിയും അന്നയും ഡേവിയും കൂടി ജെനിയുടെ വീട് ലക്ഷ്യമാക്കി പോയി.

……………..

ഇച്ചായാ….

എന്താ സോഫി..

എപ്പോഴാ ഇറങ്ങുന്നേ കോടതിയിലേക്ക്. രണ്ടാഴ്ച കൂടി കഴിഞ്ഞിട്ടാണെങ്കിൽ എനിക്കും വരാമായിരുന്നു. കുഞ്ഞിനേം കൊണ്ട് അവളുടെ മുന്നിലൂടെ ഒന്ന് നടക്കണം എന്നുള്ളത് എന്റെ ഒരു ആഗ്രഹം ആണ്.  അന്ന് നമ്മളെ അത്രേം നാണം കെടുത്തിയില്ലേ അവൾ…

എന്റെ സോഫി കുറച്ചു നാണംകെട്ടാലും പോലീസ് കേസ് ഒന്നും ഇല്ലാതെ രക്ഷപെട്ടല്ലോ എന്നാലോചിച്ചു സമാധിനിച്ചിരിപ്പാ ഞാൻ അപ്പോഴാ അവൾക്ക് പ്രതികാരം. നീ ജെനിയുടെ മുന്നിലൂടെ കുഞ്ഞിനേം കൊണ്ട് നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ല. അവളെ അത് ബാധിക്കാൻ ഒന്നും പോകുന്നില്ല. നല്ല വ്യക്തമായ തീരുമാനങ്ങൾ ഉള്ളവൾ ആണ് ജെനിയെന്നു നമ്മൾ ലാസ്റ്റ് കണ്ടില്ലേ അന്നാണ് എനിക്ക് മനസിലായത്.

ജെനിയെ കുറിച്ച് പറയുമ്പോൾ ഉള്ള അലക്സിന്റെ മുഖഭാവം തന്നെ നോക്കികൊണ്ടിരിക്കയിരുന്നു സോഫി. അവന്റെ മുഖത്തെ ആ തിളക്കം അവളെ അസ്വസ്ഥയാക്കി.

എന്തേ അവളെ വേണം എന്ന് തോന്നുന്നുണ്ടോ ഇച്ചായന്. ഇച്ചായന്റെ കുഞ്ഞിനെ പ്രസവിച്ചു കിടക്കുന്ന എന്റെ മുന്നിൽ നിന്ന് തന്നെ മറ്റൊരു പെണ്ണിനെ കുറിച്ച് എങ്ങനെ പറയാൻ തോന്നി.. അത് പറയുമ്പോഴേക്കും സോഫി കരഞ്ഞു തുടങ്ങിയിരുന്നു.

എന്റെ പൊന്ന് സോഫി എനിക്ക് അവളെ മതിയായിരുന്നെങ്കിൽ ഞാൻ അവളെ വിട്ട് നിന്റെ അടുത്തേക്ക് വരുമായിരുന്നോ. പിന്നെ അവളെ കുറിച്ച് പറഞ്ഞത് നീ അല്ലേ തുടങ്ങി വച്ചത്. ഞാൻ ഉള്ള കാര്യം പറഞ്ഞതല്ലേ..

മ്മ്.. എന്തായാലും ഇച്ചായൻ മറ്റൊരു പെണ്ണിനെ കുറിച്ച് പറയുന്നത് എനിക്ക് സഹിക്കില്ല. ഇച്ചായൻ എന്റെ മാത്രം ആണ്. വേറെ ആരും വേണ്ട ഇച്ചായന്റെ മനസ്സിലും വാക്കിലും…

സോഫിയുടെ വർത്താനം കേട്ടപ്പോൾ അലക്സിനു എന്തോ പോലെ തോന്നിയെങ്കിലും തന്നോട് ഉള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ എന്ന് കരുതി അവൻ അത് വിട്ടു.

എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ.. ആ നോക്കാൻ നിൽക്കുന്ന ചേട്ടത്തി ഇപ്പൊ വരില്ലേ. ഇനിയും വൈകിയാൽ അവിടെ എത്താൻ വൈകും.

ശരി ഇച്ചായാ.. അവളോട്‌ മിണ്ടാൻ ഒന്നും നിക്കണ്ട. അടുത്ത കൂടി കാഴ്ച്ചക്ക് ഞാനും വരാം. അപ്പോൾ എനിക്ക് അവളോട്‌ രണ്ടു പറയാൻ ഉണ്ട്..

ആ എന്തേലും കാണിക്ക്. ഇപ്പൊ ഞാൻ പോട്ടെ..

……………

ഡേവിയുടെ വണ്ടി ജെനിയുടെ വീടിന്റെ അവിടെ എത്തുമ്പോൾ പുറത്തായി തന്നെ മാത്യുസും മേരിയമ്മയും ക്രിസ്റ്റിയും ഉണ്ടായിരുന്നു. ഡേവിയെ അവരുടെ കൂടെ കണ്ടതും എല്ലാവരും ഒന്ന് ഞെട്ടി. അവർ ചോദ്യഭാവത്തിൽ അന്നയെ നോക്കി.

ഇന്നലെ ഇത്രേം പ്രശ്നങ്ങൾ ഒക്കെ ഉണ്ടായതല്ലേ. അപ്പൊ എല്ലാർക്കും എന്നെയും ഇവളെയും ഒറ്റക്ക് വിടാൻ ഒരു പേടി. എബിച്ഛന് ഇന്നൊരു സർജറി ഉണ്ട്. പിന്നെ ചേട്ടായി ഫ്രീ ആണെന്ന് അറിഞ്ഞപ്പോൾ ചേട്ടായിയെയും കൂട്ടി വന്നു… അന്ന എല്ലാവരോടും ആയി പറഞ്ഞു.

മോന് ബുദ്ധിമുട്ടായി അല്ലേ.. മാത്യൂസ് വല്ലായ്മയോടെ ചോദിച്ചു.

അതൊന്നും ഇല്ല അങ്കിൾ ഇന്നെനിക്ക് പ്രോഗ്രാംസ് കുറവായിരുന്നു അതാണ്. എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല… ഡേവി മാത്യുവിനെ നോക്കികൊണ്ട്‌ പറഞ്ഞു.പിന്നെ തിരിഞ്ഞ് ജെനിയെ നോക്കികൊണ്ട്‌ പറഞ്ഞു.
തനിക്ക് ഡ്രെസ്സ് മാറുകയോ മറ്റോ വേണമെങ്കിൽ പെട്ടന്ന് ആയിക്കോട്ടെ സമയം പോകുന്pokam
ഏയ്യ് വേണ്ട…

ആണോ എന്നാൽ ക്രിസ്റ്റി കേറിക്കോ നമുക്ക് പോകാം… ഡേവി പറഞ്ഞതും
ക്രിസ്റ്റി വേഗം കാറിലേക്ക് കയറി.

ജെനി മാത്യുവിനോടും മേരിയമ്മയോടും കണ്ണുകൊണ്ടു യാത്രപറഞ്ഞു..

ഡേവിയുടെ കാർ കോടതി ലക്ഷ്യമാക്കി പാഞ്ഞു..

കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ മേരിയമ്മയും മാത്യൂസും നോക്കി നിന്നു. അത് കണ്ണിൽ നിന്ന് മറഞ്ഞതും മേരിയമ്മ കരഞ്ഞുകൊണ്ട് മാത്യുവിന്റെ നെഞ്ചിലേക്ക് വീണു.

എന്നാലും നമ്മുടെ മോൾക്ക് ഇങ്ങനെ ഒരു വിധി ആയല്ലോ ഇച്ചായാ… അവർ കരച്ചിലോടെ പറഞ്ഞു.

നീ വിഷമിക്കല്ലേ മേരിക്കുട്ടി നമ്മുടെ മോൾക്ക് നല്ലതെന്തോ കർത്താവുതമ്പുരാൻ എടുത്ത് വച്ചിട്ടുണ്ട്. അത് സമയം ആവുമ്പോ അവളിൽ വന്ന് ചേർന്നോളും… അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും അയാൾ അവരെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു