17/04/2026

വധു : ഭാഗം 26

രചന – ആയിഷ അക്ബർ

അന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ശ്രീ ബാലക്ക് വല്ലാത്തൊരു ആശങ്ക തോന്നിയിരുന്നു….

ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ എന്തായാലും പ്രഭയെ കാണേണ്ടി വരും എന്നോർത്തു തന്നെയായിരുന്നത്……

പ്രഭ മേശ മേലിരിക്കുമ്പോൾ ആരുടേയും മുഖത്ത് നോക്കിയില്ല…..

ബാല അങ്ങോട്ട് വന്നപ്പോൾ തന്നെ പ്രഭായെ ഒന്ന് നോക്കി ഇരിക്കാൻ മടിച്ചു നിൽക്കുന്നത് സായു കണ്ടിരുന്നു…..

അവൻ തല കൊണ്ടവളെ വിളിച്ചു തന്റെ അടുത്ത കസേരയിലേക്കിരുത്തി….

ഭക്ഷണം കഴിക്കുമ്പോൾ അവളുടേ കണ്ണുകൾ അയാളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നെങ്കിലും അയാൾ ആരെയും ശ്രദ്ധിക്കാതെ ഗൗരവത്തോടെ ഭക്ഷണം കഴിച്ച് കൊണ്ട് വേഗം എഴുന്നേറ്റു…..

അത് ശ്രീ ബാലയെ പോലെ മറ്റെല്ലാവരിലും ഒരു ആശ്വാസം നൽകിയിരുന്നു….

എന്നാൽ മാളുവിന് അതൊരു നിരാശയാണ് നൽകിയത്….

അമ്മാവൻ വീണ്ടും എന്തെങ്കിലും അതിനെ കുറിച് പറയുമെന്നവൾ കരുതി കാണണം…..

ശ്രീ ബാലയുടെ പാത്രത്തിലെ വെണ്ടക്കാ തോരൻ കഴിഞ്ഞെന്ന് തോന്നിയതും അതവളുടെ പാത്രത്തിലേക്ക് വിളമ്പിയ കയ്യിന്റെ അവകാശിയെ അവളൊന്ന് മുഖമുയർത്തി നോക്കി…….

പവിയായിരുന്നത്…..

അവരുടെ മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലെങ്കിൽ കൂടി അവൾക്ക് വല്ലാത്തൊരു സന്തോഷം മനസ്സിൽ നിറഞ്ഞു….

അവൾ സായുവിലേക്കൊന്ന് നോക്കി….

അവന്റെ മുഖത്തും ഒരു പുഞ്ചിരിയുണ്ട്…..

അവിടെ ഇരിക്കുന്ന എല്ലാവരിലും അതൊരു ആനന്ദം പടർത്തിയിരുന്നു….
മാളുവിലൊഴിച്……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ബാല മുറിയിലേക്ക് ചെല്ലുമ്പോൾ സായു ജനലിൽ പിടിച് ഫോൺ ചെയ്യുകയാണ്……

കട്ടിലിൽ വെച്ച തലയിണയും വിരിപ്പും എടുത്തവൾ താഴേക്ക് വിരിക്കുമ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു..

ഓഫീസിലെ കാര്യങ്ങളൊക്കെ ആകെ കുഴഞ്ഞു കിടക്കുകയാണ്….

അവളോട്ടും പ്രതീക്ഷിക്കാത്ത സമയം അവൻ സംസാരിച്ചു തുടങ്ങിയത് കൊണ്ട് തന്നെ അവളവനെ ഒന്ന് നോക്കി……

ഇനിയും…. ഞാനിവിടെ നിന്നാൽ ശെരിയാവില്ല….

സായു അത് പറയുമ്പോൾ അവളുടേ മുഖത്തേക്ക് നോക്കിയില്ല….

പകരം കയ്യിൽ പിടിച്ച ഫോണിലേക്കൊന്ന് നോക്കി….

ബാലക്ക് തലക്കോരടിയേറ്റത് പോലെ തോന്നിയിരുന്നു….

അവനിവിടെ നിൽക്കുന്നില്ല എന്നതിനർത്ഥം അവന്റെ കൂടെ ഇനി ഞാനില്ല എന്നതല്ലേ….

ഇവിടേ നില്കുമ്പോഴേ അവന് ഭാര്യയുടെ ആവശ്യമുള്ളു…..

ഉള്ളിൽ നിന്നുയർന്നൊരു ഗദ് ഗദം തൊണ്ട ക്കുഴിയിൽ കുരുങ്ങി നിൽക്കും പോലെ തോന്നി…..

കണ്ണുകൾ നിറഞ്ഞു വരുമോയെന്നവൾ ഒരു വേള ഭയന്നു….

അവളുടേ ചലനങ്ങളോരോന്നും ഒപ്പിയെടുത് സായു അവളെ നോക്കി നിന്നു….

തന്റെ ഉള്ളിലെ ദുഃഖം അവനറിയാതിരിക്കാൻ വേണ്ടിയെങ്കിലും തനിക്കവനോട് എന്തെങ്കിലും പറയണമെന്നുണ്ട്…..

എന്നാൽ നാവൂയരുന്നില്ല…
ഉമി നീർ വറ്റി വരണ്ടത് പോലെ…..

നാളെ ലോങ്ങ്‌ ഡ്രൈവ് ചെയ്യേണ്ടതല്ലേ….
ഞാനൊന്ന് കിടക്കട്ടേ….

മുണ്ടിന്റെ അറ്റം കയ്യിൽ പിടിച് അതും പറഞ് സായു കട്ടിലിലേക്ക് കിടന്നു…..

ബാല അൽപ നേരം അങ്ങനെ തന്നെ നിന്നു…

ശ്വാസം എടുക്കാൻ പോലും അവൾക്ക് പ്രയാസം തോന്നി…..

ഇവിടം വിട്ട് പോകാൻ തനിക്ക് സമയമായിരിക്കുന്നു….

തനിക്ക് അഭയം നൽകിയ ഈ വീടും സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ച ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചു പോകാൻ തയ്യാറാക്കേണ്ടിയിരിക്കുന്നു…

അതിനേക്കാളൊക്കെ മേലെ അവനെ വിട്ട് പോകണമെന്ന് കൂടി ആലോചിക്കുമ്പോൾ ഹൃദയം മുറിഞ്ഞു പോകുന്നു…..

പോകേണ്ടവളാണെന്ന് അറിയാമായിരുന്നെങ്കിൽ കൂടി പലപ്പോഴും മനസ്സ് അതിനെ മറവിക്ക് വിട്ട് കൊടുത്തത് കൊണ്ടാണല്ലോ അവൻ പറിച്ചെടുക്കാൻ കഴിയാത്തത്ര ആഴത്തിൽ തന്നിൽ വേരുറച്ചു പോയത്….

ഇത്രയും നേരത്തെ ഒരു തിരിച്ചു പോക്ക് ഒട്ടും പ്രതീക്ഷിച്ചിട്ടില്ല…..

അവൾ അവനിലേക്കൊന്ന് നോക്കി…..

ചെരിഞ്ഞു കിടന്നവൻ കണ്ണുകളടച്ചിട്ടുണ്ട്….

അവനിൽ ഭാവ മാറ്റങ്ങളേതുമില്ല….

അല്ലെങ്കിലും അർഹിക്കാത്തത് ആഗ്രഹിച്ചു വിഡ്ഢിയായത് താനല്ലേ…..
അവനെ സംബന്ധിച് വീട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിക്കാൻ മാത്രമുള്ള ഭാര്യ യാണ് താൻ….

അവൾക്ക് മനസ്സ് വിങ്ങുന്നത് പോലെ തോന്നി….
അവൻ ലക്ഷ്യം വെച്ച കാര്യങ്ങളൊന്നും ചെയ്ത് തീർക്കാതെ മടങ്ങിപ്പോക്കുകയാണോ…

ചോദ്യങ്ങൾ അവളെ തളർത്തുമ്പോഴും വെളിച്ചം മുഖത്ത് വീണു അവന് ശല്യമുണ്ടാകരുതെന്ന് കരുതി അവൾ വേഗം ലൈറ്റ് ഓഫ് ചെയ്ത് കിടന്നു…..

കണ്ണ് നീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി….

തേങ്ങലിന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഒരു കൈ കൊണ്ടവൾ വാ പൊത്തിപ്പിടിച്ചിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ എഴുന്നേറ്റപ്പോഴും അവൾക്ക് മനസ്സിനൊരു സ്വസ്ഥത യുമില്ലായിരുന്നു….

സ്വസ്ഥമായി കിടന്നുറങ്ങുന്ന അവനിലേക്ക് അവളൊന്ന് നോക്കി…..

വെട്ടിയോതുക്കിയ കറുത്ത താടിയും മീശയും അവന്റെ മുഖ ഭംഗി കൂട്ടുന്നുണ്ട്…..

സ്ട്രൈറ് ചെയ്ത മുടിയിഴകൾ കാറ്റിൽ അവന്റെ നെറ്റിയിൽ തൊട്ട് പാറി കളിക്കുന്നുണ്ട്…..

അവൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു….

ഈ ജന്മം അവനെ ഇങ്ങനെ കണ്ട് കൊണ്ടിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായി അവളാഗ്രഹിച്ചിരുന്നന്നേരം…

ഉറക്ക കുറവും കരഞ്ഞതിന്റെ ക്ഷീണവും എല്ലാം കൂടി അവളുടേ കൺ പോളകൾക്ക് കനം നൽകിയിരുന്നു……

അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ രേണുവും പവിയുമുണ്ടായിരുന്നു….

ചായ കുടിച്ചോളൂ…..

പവി അവളെ കണ്ട ഭാവം നടിച്ചില്ലെങ്കിലും രേണു അവളെ കണ്ട പാടേ അത് പറഞ്ഞു……

അവൾക്കൊന്നും വേണ്ടായിരുന്നു…..

മനസ്സ് അത്ര മേൽ അസ്വസ്തമാണ്…..

എങ്കിലും അവളൊരു പുഞ്ചിരി നൽകി ചായ ഗ്ലാസ്സിലേക്ക് പകർത്താനൊരുങ്ങിയതും ചൂട് ചായ അവളുടേ കയ്യിലൂടെ വീണു പോയിരുന്നു…..

ആ…..
അവളൊരു ശബ്ദത്തോടെ കൈ വലിക്കുന്നത്തോടൊപ്പം ഗ്ലാസ്‌ നിലത്തേക്ക് വീണു പോയിരുന്നു ….

പവിയും രേണുവും ഒരു പോലെ ഞെട്ടി തിരിഞ്ഞവളുടെ നേർക്ക് നോക്കി…..

പവി ഓടി വന്നവളുടെ കൈകൾ കവർന്നു….

എന്താ പറ്റിയത്…..
അവരോരു പരിഭ്രമത്തോടെ ചോദിക്കുമ്പോൾ പൊള്ളിയ വേദന ബാല മറന്ന് പോയിരുന്നു….

പകരം അവരുടെ മുഖത്തേക്കൊരു കൗതുകത്തോടെ അവൾ നോക്കി നിന്നു…..

അവരവളുടെ കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കിയ ശേഷം അലമാര കൂട്ടിൽ നിന്നും തപ്പി തിരഞ്ഞെടുത്തൊരു ഓയിന്റ് മെന്റ് അവളുടേ കയ്യിൽ വേഗത്തിൽ പുരട്ടി കൊടുത്തു…..

അപ്പോഴും പരിഭ്രമം കൊണ്ട് അവരുടെ നെറ്റിയിൽ നിറഞ്ഞൊരു ചുളിവ് അഴിഞ്ഞിട്ടില്ലായിരുന്നു…..

ചൂടുള്ളത് ശ്രദ്ധിച്ചെടുക്കണ്ടേ…..
അവർ അതും കൂടി ചോദിക്കുമ്പോൾ അവൾ അവരെ തന്നെ നോക്കി നിൽക്കുകയാണ്…..

ഒരു അമ്മയുടെ വാത്സല്യം ആ കണ്ണുകളിൽ തനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു….

വേദനയുണ്ടോ…..

അവളൊന്നും മിണ്ടാതെ നിൽക്കുമ്പോഴും അവർ വാത്സല്യത്തോടെ വീണ്ടും ചോദിച്ചു…..

അവൾക്ക് സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു….

മ്മ്ച്ചും…..

അവൾ ചുമൽ കുലുക്കുമ്പോഴും അടക്കാനാവാത്ത സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു……

പവി ചെറുതായോന്ന് പുഞ്ചിരിച്ചു……

പിന്നീട് ഒരു ഗ്ലാസ്സിലേക്ക് ചായ പകർത്തി അവളുടേ കയ്യിലേക്ക് കൊടുത്തു കൊണ്ട് അവർ ജോലികളിലേക്ക് തന്നെ തിരിഞ്ഞു…..

ബാലക്ക് വല്ലാത്ത സന്തോഷം തോന്നി….

തന്നെ ദേഷ്യത്തോടെ നോക്കിയിരുന്ന ആ കണ്ണുകളിൽ ഇന്ന് കാണുന്നത് വാത്സല്യമാണ്….

അതും നഷ്ടപ്പെടലിന്റെ വക്കിൽ നിന്നും….

അവൾക്ക് സന്തോഷത്തോടൊപ്പം ഉള്ളിലൊരു നീറ്റൽ കൂടി നിറഞ്ഞു…..

കൈ വയ്യാത്തതല്ലേ…. മോള് അവിടെ വെച്ചോ….

ചായ കുടിച്ചു കഴിഞ്ഞതും അവൾ അടുക്കളയിലെ ജോലികളിൽ അവരെ സഹായിക്കാൻ നിന്നപ്പോഴാണ് രേണുവത് പറഞ്ഞത് …..

ദേ….. ഈ ചായ നീ സായുവിന് കൊണ്ട് കൊടുക്ക്……

രേണു വല്യമ്മ അതും പറഞ്ഞൊരു ചായ ഗ്ലാസ്‌ കൂടി തന്റെ കയ്യിലേക്ക് നീട്ടിയപ്പോൾ കയ്യിലുള്ള ഉള്ളി മേശ മേൽ വെച്ച് ചായ കയ്യിലേക്ക് വാങ്ങി……

താൻ ഇവിടെ നിന്നു ജോലിയൊന്നും ചെയ്യേണ്ടെന്ന് കരുതി തന്നെ ഇവിടെ നിന്ന് പറഞ് വിടാനാകും അവരത് ചെയ്തതെന്ന് അവൾക്ക് തോന്നി….

എങ്കിലും അവനെ കുറിച്ചാലോചിക്കുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന വികാരത്തിനു പേരെതെന്ന് അവൾക്കറിയുന്നില്ലായിരുന്നു…..

അവളാ ചായ യുമായി മുറിയിലേക്ക് നടന്നു…..

അവൾ കയറി ചെല്ലുമ്പോൾ അവൻ ബാത്‌റൂമിൽ നിന്നും പുറത്തേക്കിറങ്ങുകയാണ്…..

രോമാവൃതമായ അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് അവൾ നോക്കിയതും അവൾ ഒരു പിടപ്പോടെ മിഴികൾ താഴെക്കൂന്നി….

അവളെ കണ്ടതും അവൻ വേഗം മുഖമൊന്നു തുടച്ചു ഒരു ബനിയനെടുത് ദേഹത്തിട്ടു…..

അവളാ ചായ ഗ്ലാസ്‌ അവന് നേരെ നീട്ടുമ്പോഴും മുഖത്തേക്ക് നോക്കിയില്ല….

ഇന്ന് ഒരു ദിവസം കൂടിയേ അവന്റെ ഭാര്യ യെന്ന സ്ഥാനം ഉള്ളൂ എന്നോർക്കുമ്പോൾ അവൾക്ക് ഹൃദയം പിടച്ചു….

അല്ലെങ്കിലും ഇനിയും ദിവസങ്ങൾ ഇവിടെ നിന്നാൽ അവനോടുള്ള ഇഷ്ടം വീണ്ടും കൂടുകയേ യുള്ളൂ….

അതിലും നല്ലത് പെട്ടെന്ന് പോകുന്നത് തന്നെയാണെന്ന് അവൾ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു…..

തനിക്ക് മുമ്പിൽ മുഖം കൂർപ്പിച്ചു നിൽക്കുന്നവളെ അവനൊന്നു സൂക്ഷിച്ചു നോക്കി….

അവൾക്ക് ദേഷ്യമോ സങ്കടമോ കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല….

അവൻ അവളെ തന്നെ നോക്കുന്നത് കണ്ടിട്ടും അവൾ മുഖമുയർത്തിയില്ല….

ഈ ചായയിൽ മധുരമിട്ടിട്ടില്ലേ …..

അവൻ പെട്ടെന്നത് പറഞ്ഞതും അവളൊന്ന് മുഖമുയർത്തി…..

ഈ ചായയിൽ ഒട്ടും മധുരമില്ലല്ലോ ……കുടിച് നോക്ക്

അവൻ ഗൗരവത്തോടെ അതും പറഞ് ആ ചായ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി…..

അവൾ സംശയത്തോട്ട് അതും വാങ്ങി ചുണ്ടോടു ചേർത്ത് നോക്കി…..

മധുരമുണ്ടല്ലോ…..

അവൾ പതിയെ പറഞ്ഞു….

എവിടെ…. നോക്കട്ടെ….
അത് പറഞ് വീണ്ടും അവനാ ഗ്ലാസ്‌ വാങ്ങുമ്പോഴും അവനിൽ തികഞ്ഞ ഗൗരവമായിരുന്നു…..

അവൾ ദയനീയമായി അവനെ നോക്കി നിന്നു….

ആ…. ഇപ്പൊ മധുരമായി….
അവൻ ചുണ്ടോടു ചേർത്ത് കൊണ്ടത് പറഞ്ഞതും അത് വരെയുള്ള ഗൗരവം അവനിൽ നിന്നും നീങ്ങി ഒരു കുസൃതി ചിരി അവനിൽ നിന്നുതീർന്നു വീണിരുന്നു….

അവന്റെ വാക്കുകൾ അവളിലൊരു നാണം ചൊരിഞ നാണം അവളുടേ നുണ ക്കുഴികളെ വിടർത്തി….
അവൾ ചുണ്ടുകൾ ഒന്ന് ചേർത്ത് പിടിച്ചു…
ഒപ്പം കണ്ണുകൾ താഴേക്ക് പതിപ്പിച്ചു ശാളിന്റെ അറ്റം ചുരുട്ടി പിടിച്ചു തുടങ്ങിയിരുന്നു…..

അവളുടേ കവിളുകൾ നാണത്തിന്റെ ചുവപ്പ് പടർന്നതും നോക്കി അവനൊരു ചിരിയോടെ അങ്ങനെ നിന്നു…..

ആഹാ…. എന്താ രസം…

മുഖത്തേക്ക് നോക്കാതെ നിൽക്കുന്നവളെ ചൊടിപ്പിക്കാനെന്ന വണ്ണം വീണ്ടും അവനത് പറഞ്ഞതും അവൾ കണ്ണുകൾ ചുരുക്കി ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി….

ശേഷം അവന്റെ കയ്യിലെ ഗ്ലാസോരോറ്റ വലിയായിരുന്നു…..

ഏയ്… ഞാൻ മുഴുവൻ കുടിച്ചില്ല…..

അവൾ പോകും വഴി അവൻ ഉറക്കെ വിളിച്ചു പറയുമ്പോഴും അവൾ തിരിഞ്ഞു നോക്കാതെ താഴെക്ക്കിറങ്ങി ….

അവൾ പോയ വഴിയേ ഒരു ചിരിയുമായി അവൻ നോക്കി നിന്നു….

താഴെക്കെത്തിയപ്പോഴാണ് അവളും തന്റെ ചുണ്ടിലെ ആ പുഞ്ചിരിയെ തിരിച്ചറിയുന്നത്……

അവനെ തനിക്ക് മനസ്സിലാകുന്നതേയില്ല….

അവന്റെ കണ്ണുകളിൽ കാണുന്ന ആ തിളക്കത്തെ എന്താണ് താൻ വിളിക്കേണ്ടത്…..

പ്രണയമെന്ന് വിളിക്കാൻ കഴിയുമോ…..

ആയിരുന്നെങ്കിൽ ഇന്ന് താൻ അകന്ന് പോകുമെന്ന് അറിയുന്ന അവന്റെയുള്ളിൽ കണ്ണ് നീരുരുണ്ട് കൂടില്ലേ…..

അവൾ ആലോചനകളുമായി അൽപ നേരം കൂടി അങ്ങനെ നിന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുത്തശ്ശി ഞാൻ തിരിച്ചു പോകുകയാണ്…..

അവനത് പറയുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും അടക്കം എല്ലാവരും അവനെ തന്നെ നോക്കി….

ഉമ്മറത്തെ വാതിലിനു പിറകിലായി നിന്നിരുന്ന ബാലയുടെ കണ്ണുകളിൽ നിർവികാരത പടർന്നു……

മനസ്സ് കനലിനെ പേറുന്നത് കൊണ്ടാവാം ഒരു പക്ഷെ…..

എന്താ സായു നീയീ പറയുന്നത്…..
ഇത്ര പെട്ടെന്നങ് പോകാനോ…..

മുത്തശ്ശി അത് ചോദിക്കുമ്പോഴും ബാല ദൂരെയെവിടെയോ നോക്കി നിന്നു….

മനസ്സ് ശൂന്യമായിരുന്നവളുടെ…..

മുത്തശ്ശൻറെ പിറന്നാള് പോലും കൂടാതെ…..

മുത്തശ്ശി പരിഭവത്തോടെ അത് പറയുമ്പോൾ അവരുടെ വാക്കുകൾ
ഇടറുന്നുണ്ടായിരുന്നു…..

പിറന്നാൾ ആകുമ്പോഴേക്കും വരുമല്ലോ…..
ഓഫീസിലെ കാര്യങ്ങളൊക്കെ ഒന്ന് നോക്കാൻ വേണ്ടിയാണ് ഇപ്പൊ പോകുന്നത്…..

അവനത് പറഞ്ഞതും ബാലയുടെ ഉള്ളിലൊരു പ്രതീക്ഷ നാമ്പിട്ടു…..

അതേ…. ഒരിക്കൽ കൂടി ഇങ്ങോട്ട് തിരിച്ചു വരാൻ കഴിയുമെന്ന ഒരു പ്രതീക്ഷ…..

അപ്പൊ ബാല മോള്…..
മുത്തശ്ശനത് ചോദിച്ചതും സായു ജനലഴികളിലൂടെ വാതിലിനു പിറകിലായി നിൽക്കുന്നവളെ ഒന്ന് നോക്കി…..

ആ കണ്ണുകളിൽ മറഞ്ഞു കിടക്കുന്ന ദുഖത്തിന്റെ ആഴി അവന് മാത്രമായി കാണുന്നുണ്ടായിരുന്നു….

അവൾ…. അവളെന്റെ കൂടെ വരുന്നില്ല…..

സായു അവളെ തന്നെ നോക്കിയത് പറയുമ്പോൾ താഴെക്കൂന്നി നിന്നിരുന്ന ആ മിഴികൾ അവളവനിലേക്ക് നീക്കി….

വിടർന്ന ആ കണ്ണുകൾ നോക്കി അവനങ്ങനെ നിന്നു…….

(തുടരും)