22/04/2026

സാഫല്യം : അവസാന ഭാഗം

രചന – അജി

കാലത്ത് മുറിയിൽ കയറിയതും അമ്മയും മകനും തന്റെ ബെഡിൽ ഉറങ്ങുന്നത് കണ്ട് കൊണ്ടാണ് ദേവൻ ബാത്‌റൂമിൽ കയറിയത്…. ഇറങ്ങി വരുമ്പോഴേക്കും മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ….കിച്ചണിൽ നിന്നുള്ള സൗണ്ട് കേട്ട് അവർ അതിനകത്താണെന്ന് മനസ്സിൽ ആയി….

ദേവന്റെ മുന്നിൽ അവർ ഭക്ഷണം ഒക്കെ എടുത്തു വെച്ചെങ്കിലും ദേവന് എന്തോ അവരോട് ഒന്ന് മിണ്ടാൻ പോലും ആയില്ല….

ഒന്നും കഴിക്കാതെ അവൻ എണീറ്റ് അവിടെ നിന്നും ഇറങ്ങി…. പ്രതീക്ഷിക്കാതെ തിരിച്ചു വരുമ്പോൾ ദേവനെയും കാത്ത് അവർ വാതിൽ പടിയിൽ തന്നെ ഉണ്ടായിരുന്നു….!

“അച്ഛാ…..”

അവരുടെ മകന്റെ വിളിയിൽ അവൻ അരിശത്തോടെ അവനെ നോക്കി…. പുഴു പല്ല് കാട്ടി അവൻ ചിരിച്ചതും ദേവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി…. വന്ന അന്ന് തന്നെ സ്വാതന്ത്ര്യം കൊടുത്തത് കൊണ്ടാവണം പിന്നീട് അമ്മയും മകനും അവന്റെ ബെഡിൽ ആയിരുന്നു…..!

പരസ്പരം ഒന്നും സംസാരിക്കാതെ ആണെങ്കിലും ദേവന്റെ കാര്യങ്ങൾ എല്ലാം അവർ നല്ല പോലെ നിറവേറ്റിയിരുന്നു….. അവരുമായി അടുക്കാൻ ദേവന്റെ മനസ് അനുവദിചില്ല….!

&&&&&&&&&&&&&&

വർഷങ്ങൾ കഴിഞ് ഒരു ദിവസം….

“പപ്പാ…. അമ്മേ…..”

ചിന്നു മോൾ കല്യാണ വേഷത്തിൽ എബിയെയും മീനുനെയും കെട്ടിപ്പിടിച്ചു…. അവർ രണ്ട് പേരും പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു….!

“ഇന്ന് മുതൽ മോൾ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്….ഒരു പക്ഷെ സ്വപ്നം കണ്ട പോലെ ആയിരിക്കില്ല തുടർ ജീവിതം…. എങ്കിലും ക്ഷമയോടെ എല്ലാം നേരിടണം….”

“എന്റെ പപ്പാ ഇത് തന്നെ ഇല്ലേ നിങ്ങൾ പത്തിരുപത് വർഷം ആയി എനിക്ക് പറഞ്ഞു തരാറുള്ളത്…. ജീവിതത്തിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും മനസ്സിൽ ആക്കി തന്നെയല്ലേ നിങ്ങൾ രണ്ട് പേരും ഞങ്ങളെ വളർത്തിയത്…അപ്പൊ പിന്നെ ഞങ്ങളെ കാര്യത്തിൽ ഒരു ടെൻഷനും പപ്പയ്ക്കും അമ്മയ്ക്കും വേണ്ട….”

അതിന് മീനുവും എബിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു….!

“ഇതാണ് മോളുടെ അമ്മ….അനുഗ്രഹം വാങ്ങാൻ ഇന്ന് ജീവനോടെ ഇല്ല…. എങ്കിലും മോളെ അനുഗ്രഹിക്കുന്നുണ്ടാവും…..”

മീനു സാന്ദ്രയുടെ മാലയിട്ട ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു…..!
“എന്റെ അമ്മ ഇതാ…. എനിക്ക് ഈ അമ്മയുടെ അനുഗ്രഹം മാത്രം മതി…..”

മോൾ മീനുവിനെ തൊഴുതു കൊണ്ട് പറഞ്ഞു….മീനുവിന്റെ കണ്ണും മനസും ഒരു പോലെ നിറഞ്ഞു…..!!

“ഡീ നിന്റെ ഡോക്ടർ ചെക്കനും ഫാമിലിയും എത്തിയിട്ടുണ്ട്….”

“ആഹ്…. നീ ഇത് പറ എന്നെ കാണാൻ എങ്ങനെ ഉണ്ട്…”

“എന്ത് കണ്ടിട്ടാടി നിന്റെ സീനിയർ ഡോക്ടർ നിന്നെ തന്നെ കെട്ടാൻ വന്നത്….”

കിത്തു അവളെ ആകമാനം നോക്കി പറഞ്ഞതും അവൾ അവന്റെ തലക്ക് ഒരു കിഴുക്ക് വെച്ച് കൊടുത്തു….ചേച്ചിയുടെയും അനിയന്റെയും സ്നേഹ ബന്ധം…..!

പപ്പയെ പോലെ തന്നെ ചിന്നു ഒരു ഡോക്ടർ ആണ്….കിത്തു ദേവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന മെക്കാനിക്കിൽ ആയിരുന്നു കഴിവ് തെളിയിച്ചത്…. അത് കൊണ്ട് തന്നെ അവൻ മെക്കാനിക് എഞ്ചിനീയർ ആയി….

എമി മോനെ കൂടാതെ എബിക്കും മീനുനും ആയി ഒരു മോൾ കൂടി ഉണ്ട്…. സെലിൻ…. രണ്ട് പേരും സ്റ്റുഡന്റസ് ആണ്…. അവരും ചേച്ചിയുടെ വിവാഹം ആഘോഷിക്കുന്ന തിരക്കിൽ ആണ്….

പള്ളിയിൽ വെച്ച് മിന്നു കെട്ട് കഴിഞ്ഞു ചിന്നു യാത്ര പറയാൻ നിന്നതും മീനുവിന്റെ കണ്ണുകൾ നിറഞ്ഞു…..

“എന്റെ അമ്മ കരയാണോ…. ഞങ്ങളെ കരയരുത് എന്ന് പറഞ്ഞു പഠിപ്പിച്ചിട്ട്….”

“അമ്മ കരഞ്ഞതല്ല മോളെ,,,,സന്തോഷം കൊണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞതാ….”
“സന്തോഷം വന്നാലും സങ്കടം വന്നാലും ഇങ്ങനെ കണ്ണ് നിറക്കല്ല അമ്മേ….”

അവൾ മീനുവിനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു….

“പോട്ടെ അങ്കിൾ….”

“മ്മ് പോയിട്ട് വാ….”

എബിയും അവരോട് യാത്ര പറഞ്ഞു അവർ പോവുന്നത് വിഷമത്തോടെ തന്നെ നോക്കി നിന്നു…..

“എബിച്ചായൻ കരയാണോ….”

“നീ പറഞ്ഞ പോലെ സന്തോഷം കൊണ്ടാ…..”

എബി മീനുനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു….!

“ചേച്ചി പോയെ പിന്നെ വീട് ആകെ സൈലന്റ് ആയ പോലെ അല്ലെ പപ്പാ….”

കിത്തുവിനായിരുന്നു അവളെ ഏറ്റവും കൂടുതൽ മിസ് ചെയ്തത്…..!

“അതെങ്ങനെയാ നിങ്ങൾ രണ്ട് പേരും കൂടി അല്ലായിരുന്നോ ബഹളം…. ഇപ്പൊ ഒറ്റയ്ക്ക് ആയത് ഒന്നും നോക്കണ്ട….കുറച് ദിവസം കഴിഞ്ഞാൽ അവൾ ഇങ്ങോട്ട് തന്നെയാ വരാൻ പോന്നത്….മെഡിസിൻ പൂർത്തിയാക്കുന്നത് അവൾ ഇവിടെ വെച്ച് തന്നെയാ….”

“അത് നന്നായി അല്ലെങ്കിൽ ഞാൻ ബോർ അടിച്ചു ചത്തെനെ….”

അവൻ ഒരു ചിരിയോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു….!

“മീനു…..”

“എന്താ എബിച്ചായാ….”

“നമ്മുടെ മോൾ പോയതിൽ നിനക്ക് വിഷമം ഉണ്ടോ…. ശരിക്കും നീ സന്തോഷം കൊണ്ടാണോ കണ്ണ് നിറച്ചത്….”

“അവളെ പിരിയാൻ എനിക്ക് വയ്യ…. അവളാ എന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത്….അവളെ ഒരു ദിവസം പോലും കാണാതിരിക്കാൻ എനിക്ക് പറ്റില്ല….”

“എനിക്കറിയില്ലേ നിന്നെ…. അവളെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ പോലും നീ അനുവദിച്ചിട്ടില്ലല്ലോ….നമ്മുടെ മോൾ നമ്മുടെ കൺവെട്ടത് ഇല്ലെങ്കിലും നമ്മുടെ മനസ്സിൽ അവൾ ഇല്ലേ….കുറച്ച് ദിവസം കഴിഞ്ഞാൽ അവൾ ഇങ്ങോട്ട് തന്നെയാ വരുന്നതും…..”

“അതാ ഒരു സമാദാനം….”

മീനു വിഷമത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു….!എബി അവളെ പുഞ്ചിരിയോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു…..!

“നിനക്ക് വേണമെങ്കിൽ നിന്റെ വീട്ടിലേക്ക് പോവാം…. എനിക്ക് ഒരിക്കലും നിന്നെ ഭാര്യ ആയി സങ്കല്പിക്കാൻ പോലും ആവില്ല….”

ദേവൻ അവരോടായി പറഞ്ഞു അവർ വിഷമത്തോടെ ദേവനെ നോക്കി…..!

“എനിക്കും മോനും പോവാൻ ഒരിടം ഇല്ല…. ആ വീട് എല്ലാരും ബാഗിച്ചെടുത്തു….”

അപ്പോഴാണ് ദേവൻ അന്ന് ബ്രോക്കർ പറഞ്ഞത് പോലും ഓർത്തത്…..!

“സാരല്ല…. നിനക്കും മോനും ഇനി ഈ വീടുണ്ട്…. ഇവിടുന്ന് നിങ്ങളെ ആരും ഇറക്കി വിടാൻ ഒന്നും വരില്ല….”

“മ്മ്….”

അവർ ആശ്വാസത്തോടെ ദേവനെ നോക്കി കൊണ്ട് മൂളി….!

“അച്ഛാ….”
മോന്റെ വിളിയിൽ ദേവൻ അവരെ ഒന്ന് നോക്കി….അവനിപ്പോ തന്നെക്കാൾ വളർന്നിട്ടുണ്ട്….

“ഇവനോട് എന്നെ അച്ഛൻ എന്ന് വിളിക്കരുത് എന്ന് പറയണം….”

“ഞാൻ പറഞിട്ടാ അവൻ അങ്ങനെ വിളിക്കുന്നത്…. അത് ഇഷ്ടം അല്ലെങ്കിൽ വേണ്ടെന്ന് ഞാൻ പറയാം….”

“മ്മ്…”

ദേവൻ അവരെ നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി….

“നിങ്ങൾക്ക് ആദ്യ ഭാര്യയിൽ ഒരു മോൻ ഉണ്ടായിരുന്നു അല്ലെ….”

പ്രതീക്ഷിക്കാതെ അവരുടെ ചോദ്യം കെട്ട് ദേവൻ ആദ്യം ഒന്ന് സ്തംഭിച്ചു പോയെങ്കിലും പിന്നെ അതെ എന്ന പോലെ തലയാട്ടി….!

“അവന്റെ നാവിൽ നിന്ന് അച്ഛാ എന്നൊരു വിളി കേൾക്കണം എന്ന ആഗ്രഹം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളൂ….”

“അവനെ നിങ്ങൾ കാണാറുണ്ടോ….”
“ഇല്ല…. കണ്ടാലും തിരിച്ചറിയില്ല….”

“അവര് എവിടെയാ ഇപ്പൊ….”
“അതും അറിയില്ല…..”

ദേവൻ നിരാശയോടെ പറഞ്ഞു….!

“നിങ്ങൾ വിഷമിക്കേണ്ട…. അവൻ നിങ്ങളുടെ മകൻ ആണെങ്കിൽ എന്നെങ്കിലും ദൈവം അവനെ നിങ്ങളെ മുന്നിൽ എത്തിക്കും…..”

“മ്മ്…. ഈ ജീവിതം അവസാനിക്കുന്നതിനു മുന്നേ അവന്റെ അച്ഛാ എന്നൊരു വിളി കേൾക്കണം….ദൂരെ നിന്നാണെങ്കിലും എന്റെ മീനുനെ അവസാനമായി ഒന്ന് കാണണം…..”

അത് പറഞ്ഞു തീരുന്നതിനു മുന്നേ ദേവൻ ചുമച്ചു അവശനായി….ഒടുവിൽ അവന്റെ വായിൽ നിന്നും ബ്ലഡ് പുറത്തേക്ക് വന്നതും അവർ ഭയത്തോടെ ദേവനെ നോക്കി…..!

“അവസാനിക്കാൻ ഇനി അതിക നാളുകൾ ഇല്ല…. അതിനു മുന്നേ എന്റെ ആഗ്രഹം നിറവേറുമായിരിക്കും അല്ലെ…..”

അവൻ ഒരു ചിരിയോടെ അവരെ നോക്കി ചോദിച്ചു….!അവർക്കും എന്ത് ചെയ്യണം എന്ന് ആ അവസ്ഥയിൽ അറിയില്ലായിരുന്നു…..!!

&&&&&&&&&&&&&

കാലങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു….!

“എന്തിനാ എബിച്ചായാ നാട്ടിൽ വെച്ച് തന്നെ ആൽബിയുടെ വിവാഹം നടത്തണം എന്ന് പറയുന്നത്…. ചിന്നുന്റെ വിവാഹം നമ്മൾ ഇവിടെ വെച്ചല്ലേ നടത്തിയത്…..”
“ഇത് അങ്ങനെ അല്ല മീനു…. ആൽബി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്…. അവന്റെ അച്ഛൻ ആരാണെന്ന് അവൻ ഇത് വരെ ആയിട്ടും അറിയില്ല….പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അവൻ എല്ലാ സത്യവും അറിയണം….ജീവനോടെ ഉള്ള ആ അച്ഛന്റെ അനുഗ്രഹം വാങ്ങണം…..”

എല്ലാം കേട്ട് മീനുവിന്റെ കണ്ണുകൾ നിറഞ്ഞു….!

“നീയും അത് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം മീനു…. ഞാൻ എന്ത് കരുതും എന്ന് കരുതി പറയാതിരിക്കുന്നതല്ലേ…..”

“മ്മ്….”

അവൾ കണ്ണീരോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് മൂളി…..!

“എന്തിനാ പപ്പാ നാട്ടിൽ വെച്ച് വിവാഹം നടത്തുന്നത്…..”

“നിങ്ങടെ അച്ഛമ്മയ്ക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു നാട്ടിൽ ഉള്ള നമ്മുടെ വീട്ടിൽ വെച്ച് കൊച്ച്മക്കളെ വിവാഹം നടത്തണം എന്നുള്ളത്…. ചിന്നുന്റെ വിവാഹം പിന്നെ ഇവിടെ തന്നെ വർക്ക്‌ ചെയ്യുന്ന ഡോക്ടർ ആയത് കൊണ്ടും അവൾ ഇവിടെ പഠിക്കുന്ന ടൈം ആയത് കൊണ്ടും അതിന് സാധിച്ചില്ല…..”

“നിങ്ങളെ ഒക്കെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ ആവട്ടെ….”

ആൽബി എബിയെ നോക്കി ഒരു ചിരിയോടെ പറഞ്ഞു….!

“പപ്പ അങ്ങനെ തീരുമാനിച്ചതിൽ മോന് വിഷമം ഉണ്ടോ…..”
“എന്റെ അമ്മേ അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ….ഇവിടെ ആണ് താമസം എങ്കിലും എന്റെ വേണ്ടപ്പെട്ട ആരൊക്കെയോ നാട്ടിൽ ഉണ്ടെന്ന ഒരു തോന്നൽ ആണ്….”

അവർ എല്ലാരും നാട്ടിലേക്ക് തിരിക്കുമ്പോഴും മീനുവിന്റെ മനസ് അസ്വസ്ഥമായിരുന്നു…. സത്യങ്ങൾ എല്ലാം അറിയുമ്പോൾ ആൽബി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല….!

ദേവേട്ടന്റെ മകൻ ആയി ജനിച്ചു പ്രസാദിന്റെ മകൻ ആയി അറിയപ്പെട്ടു എബിച്ചായന്റെ മകൻ ആയി വളർന്നവൻ ആണ് അവൻ…. സത്യത്തിൽ ഇവിടെ നിന്നും ദൂരേക്ക് പോയത് വളർന്നു വരുമ്പോ അവൻ സത്യങ്ങൾ ഒന്നും ആരിൽ നിന്നും അറിയരുത് എന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രം ആണ്…..!

വീട് മുഴുവൻ അലങ്കരിച്ചു വെച്ചിരിക്കുന്നു… മീനു എബിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി….

“സത്യങ്ങൾ എല്ലാം അറിയുമ്പോ അവൻ എന്നെ വെറുക്കോ എബിച്ചായാ…..”

“എന്തിന്…. നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ മീനു….”

“സ്വന്തം അച്ഛനെ നിഷേധിച്ചവൾ അല്ലെ ഞാൻ….”

“അതും നിനക്ക് വേണ്ടിയല്ലല്ലോ മീനു…. അവനെ നിനക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയല്ലേ…”

“മ്മ്….”

“അവനെ നീയല്ലേ വളർത്തിയത്…. അവന് നിന്നെ മനസ്സിൽ ആവും….”

അത് കേട്ട് മീനു ആശ്വസിച്ചു….!

“എന്നാലും ആ അപർണ നിന്റെ എന്ത് കണ്ടിട്ടാ പ്രേമിച്ചത് എന്നാ എനിക്ക് മനസ്സിൽ ആവാത്തത്…..”

“അത് എന്റെ ഡയലോഗ് ആണ്…. മാറ്റിപിടിക്ക്….”

ആൽബി ചിന്നുനെ കളിയാക്കി കൊണ്ട് പറഞ്ഞു…..!

“അപ്പൊ നീ എടുത്തു പെരുമാറുന്നത് ഒക്കെ ഇവന്റെ ഈ ഊള ഡയലോഗ് ആണല്ലേ…..”

“അതെ അളിയാ….ഒരു ഡോക്ടർ ആണ്…. സ്വന്തം ആയി ഒരു ഡയലോഗ് പറയാൻ അറിയില്ല….”

“ആഹാ അപ്പൊ നിങ്ങൾ രണ്ടും ഒന്നായി അല്ലെ…. ഇനി എന്താന്ന് വെച്ചാൽ ആയിക്കോ….ദാ ഇവനെയും കൂടെ ഒന്ന് നോക്കിക്കോ….ഞാൻ പോണു….”

ചിന്നു പിണക്കം നടിച്ചു മോനെയും അവിടെ ഇരുത്തി പോയതും രണ്ടും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…..!

&&&&&&&&&&&&&&

“അമ്മേ….”

ആൽബി മീനുവിന്റെ കാലിൽ തൊഴുതു അനുഗ്രഹം വാങ്ങിയതും മീനു അവന്റെ തലയിൽ പുഞ്ചിരിയോടെ തലോടി…!

“പപ്പാ….”

അവൻ എബിയെ കെട്ടിപ്പിടിച്ചു കൊണ്ട് വിളിച്ചു….!

“നാളെ മുതൽ നിന്റെ ജീവിതം പുതിയൊരു വഴിതിരിവിൽ ആയിരിക്കും നീങ്ങുന്നത്…. കൂട്ടിന് നിന്നെ മാത്രം വിശ്വസിച്ചു വരുന്ന പെണ്ണിനെ ജീവൻ കൊടുത്തായാലും സംരക്ഷിക്കണം…. അവളിൽ ഒരു കുറവ് കണ്ടാൽ അത് തന്റെയും കൂടെയാണെന്ന് മനസ്സിൽ ആക്കണം…. അല്ലാതെ അവളെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവരുത്…. ഒരുമിച്ചു പോയാൽ മാത്രമേ ലക്ഷ്യ സ്ഥാനത് എത്തുകയുള്ളൂ….”

“അപർണയെ ഞാൻ സ്നേഹിച്ചത് പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല…. ജീവിത കാലം മുഴുവൻ കൂടെ ജീവിക്കാൻ വേണ്ടി തന്നെയാ….”

“മ്മ്….”
അന്നത്തെ ചടങ്ങുകൾ എല്ലാം കഴിഞതും ആൽബി നാളെ തുടങ്ങാൻ പോവുന്ന തന്റെ പുതു ജീവിതത്തിന്റെ സ്വപ്‌നങ്ങളും ആയി കിടന്നു…..!

“മോനെ….”

എബിയെ കണ്ടതും അവൻ ചാടി എണീറ്റു….!
“എന്താ പപ്പാ…..”

എബി അവനരികിൽ ഇരുന്നു വാത്സല്യ പൂർവം അവനെ തലോടി…..!
“നിന്റെ പപ്പാ എന്ന വിളി കേൾക്കുമ്പോ ഞാൻ ഒരുപാട് ഹാപ്പി ആയിരുന്നു പക്ഷെ ഇന്ന്…..”

“ഇന്നെന്ത് പറ്റി….”

എബി മൗനത്തോടെ അവനെ നോക്കി….!

“എന്താണെങ്കിലും പറ പപ്പാ…. എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് ഇങ്ങോട്ടേക്കു തിരിക്കുമ്പോൾ തന്നെ പപ്പാ പറഞ്ഞതല്ലേ…..”

“മ്മ് പറയാം…. അത് കേൾക്കുമ്പോൾ അതിന്റെതായ അർത്ഥത്തിൽ തന്നെ നീ മനസ്സിൽ ആക്കും എന്ന് തന്നെയാ വിശ്വാസം….”

എന്നും പറഞ്ഞു എബി എണീറ്റു പഴയ ചിന്തകളിലേക്ക് കടന്നു…..!

“നിന്റെ അമ്മ എന്റെ ജീവിതത്തിലേക്ക് വരുമ്പോ കൂടെ നീയും ഉണ്ടായിരുന്നു…..അവൾ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് നിന്റെ അമ്മ പോലും ആ സത്യം അറിയുന്നത്….അന്ന് തൊട്ട് എന്റെ മകൻ ആയിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടതും…..”
“പപ്പാ…. അപ്പൊ… ഞാൻ….”

“നിനക്കൊരു അച്ഛൻ ഉണ്ട്….നിന്റെ അമ്മയുടെ ആദ്യ ഭർത്താവ്….”
“എന്തൊക്കെയാ പപ്പ ഈ പറയുന്നത്…ഞാൻ വിശ്വസിക്കില്ല….”
“വിശ്വസിക്കണം….ഇത് നിന്നോട് വേണെങ്കിൽ ഞങ്ങൾക്ക് പറയാതിരിക്കാം…. പക്ഷെ മനസാക്ഷി അനുവദിച്ചില്ല….നിന്റെ അവകാശവും പറഞ്ഞു നിന്റെ അച്ഛൻ വന്നപ്പോൾ അയാളുടെ മകൻ അല്ല നീയെന്ന് നിന്റെ അമ്മയ്ക്ക് പറയേണ്ടി വന്നു…. അത് നിന്റെ അച്ഛനോട് ചെയ്ത ഏറ്റവും വലിയ തെറ്റാണ്….”

“എന്തിനായിരുന്നു പപ്പാ പിന്നെ ഇതെല്ലാം….”

“ഒന്നും നിന്റെ അമ്മയുടെ തെറ്റ് കൊണ്ട് സംഭവിച്ചതല്ല മോനെ….അഞ്ച് വർഷം കൂടെ ജീവിച്ചിട്ടും ഒരു കുഞില്ലെന്ന കാരണത്താൽ നിന്റെ അമ്മയുടെ കണ്മുന്നിൽ അയാൾ മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു കൊണ്ട് വന്നു….അതോടെ അവൾ ആ വീട്ടിൽ നിന്നും പുറത്തായി….നിന്റെ ചേച്ചിക്ക് ഒരു അമ്മയെ വേണം ആയിരുന്നു അത് കൊണ്ടാ ഞാൻ മീനുനെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്…. പക്ഷെ അന്ന് തന്നെ അവൾ ഒരു അമ്മയാവാൻ പോവാണെന്നു കേട്ടപ്പോൾ ആദ്യം അവൾ പോയത് നിന്റെ അച്ഛന്റെ അടുത്തേക്കാണ്…. പക്ഷെ അയാൾ നിന്റെ അവകാശം നിഷേധിച്ചു അവളെ തിരിച്ചയച്ചു….വേർതിരിച്ചു കാണാതെ അവൾ എന്റെ മകളെയും നിന്നെയും ഒരു പോലെ സ്നേഹിക്കുന്നത് കണ്ടപ്പോൾ അവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടി…. ഒരുപാട് വെല്ലുവിളികളെ നേരിട്ടാ അവൾ ഇവിടം വരെ എത്തിയത്…. നീ നിന്റെ അമ്മയെ വെറുക്കരുത്…. നിന്നെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രം ആണ് അന്ന് എന്റെ വാക്ക് കേട്ടിട്ട് ആയാലും അവൾ അത് ചെയ്തത്….”

എബി എല്ലാം പറഞ്ഞു തീർന്നതും ആൽബി ഒന്നും ഉൾകൊള്ളാൻ ആവാതെ നിന്നു…..!

“നിന്റെ അമ്മ ഒന്ന് മാത്രമേ ഇപ്പൊ ആഗ്രഹിക്കുന്നുള്ളൂ…. നീ ഒരൊറ്റ തവണ എങ്കിലും ദേവനെ അച്ഛാ എന്ന് വിളിക്കണം…. നാളെ നിന്റെ വിവാഹം ആണ്….. ആ മനുഷ്യന്റെ അനുഗ്രഹം വാങ്ങി വേണം നീ നിന്റെ ജീവിതം തുടങ്ങാൻ…..”

“മ്മ്….”

അവൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ…. എബി അവനെ ഒന്ന് നോക്കി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു…..!

“പപ്പാ….”

അവന്റെ വിളിയിൽ എബി ഒന്ന് നിന്നു…..!

“എന്റെ അമ്മ ഇത്രയൊക്കെ സഹിച്ചത് ഈ പപ്പ കൂടെ ഉണ്ടെന്ന ധൈര്യം കൊണ്ടാണ്…. അത് പോലെ എനിക്കും ഈ പപ്പയെ എന്റെ പപ്പയായിട്ട് തന്നെ വേണം…..”

അത് കേട്ടതും എബി ഒന്ന് ചിരിച്ചു….

“ഞാൻ നിന്റെ പപ്പ തന്നെയാണ്…. നീയെന്റെ മകനും…..”

“മ്മ്… അപ്പൊ അങ്ങനെ എല്ലാം കഴിഞ്ഞു….”

ചിന്നു അവർക്കരികിൽ വന്ന് പറഞ്ഞതും ആൽബി അവളെ നോക്കി….

“ഇതൊക്കെ നിനക്ക് നേരത്തെ അറിയാവോ….”

“പിന്നെ അറിയാതെ…. എനിക്ക് തിരിച്ചറിവ് തുടങ്ങിയ സമയത്താ എന്റെ അമ്മ എന്നെ തേടി വന്നത്…. അന്ന് എല്ലാം ഞാൻ അറിഞ്ഞു….എന്റെ അമ്മ കാരണാ ഞാൻ ഇന്ന് ജീവനോടെ നിൽക്കുന്നത് പോലും…..നീ എന്റെ പപ്പയുടെ മകൻ അല്ലെങ്കിലും നീയെന്റെ കൂട പിറപ്പ് തന്നെയാ……അങ്ങനെയാ പപ്പയും അമ്മയും നമ്മളെ വളർത്തിയത്…..”

“മ്മ്….”

“അമ്മേ….”

ആൽബി മീനുവിന്റെ തോളിൽ തല വെച്ച് കിടന്ന് കൊണ്ട് വിളിച്ചു….!

“എന്റെ അമ്മ എനിക്ക് വേണ്ടി ഒരുപാട് സഹിച്ചു അല്ലെ…. അതൊക്കെ അറിയുമ്പോൾ എന്റെ അമ്മയെ ഞാൻ വെറുക്കും എന്ന് എന്റെ അമ്മ കരുതിയോ….”

മീനു കണ്ണീരോടെ അവനെ നോക്കി പുഞ്ചിരിച്ചു…..!

“അമ്മയുടെ ആഗ്രഹം പോലെ നാളെ ഞാൻ അച്ഛന്റെ അടുത്ത് പോവാം….. എന്റെ അമ്മ ആ അച്ഛന്റെ മുന്നിൽ തോൽക്കാതെ എന്നെ ഇത്രയും വലിയ മകൻ ആക്കിയത് എന്റെ അച്ഛൻ ഒന്ന് കാണട്ടെ…. അവിടെയും എന്റെ അമ്മ വിജയിക്കുകയെ ഉള്ളൂ….”

മീനു മകനെ നോക്കി പുഞ്ചിരിയോടെ അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു….!

എബി അത് കണ്ട് പുഞ്ചിരിയോടെ മീനുവിന്റെ അടുത്തായി ഇരുന്നു…..!

“കണ്ടില്ലേ അവൻ നിന്നെ മനസ്സിൽ ആക്കിയത്….”

“മ്മ്…. എനിക്കറിയാം എബിച്ചായൻ മാത്രം ആണ് അതിന് കാരണക്കാരൻ എന്ന്….”

അതിനവൻ മീനുവിനെ നോക്കി ഒന്ന് ചിരിച്ചു…..!

&&&&&&&&&&&&&

അവശനായ ദേവൻ കട്ടിലിൽ നിന്നും എങ്ങനെ ഒക്കെയോ എണീറ്റിരുന്നു….ഭാര്യ വീട്ടു വേല ചെയ്താണ് ഇന്ന് ആ വീട് കഴിയുന്നത്….!അവരുടെ മകൻ വളർന്നത് മദ്യത്തിന്റെയും ലഹരിയുടെയും അടിമയായിട്ടാണ്….ആരെയും ഒന്നിനെയും ഭയം ഇല്ലാതെ അവൻ തോന്നിയത് പോലെ നടന്നു….അമ്മയുടെ കാശും തട്ടിപറിച്ചു അവൻ മദ്യപാനത്തിനുള്ള വകയും ആയി ചെല്ലും….രണ്ടോ മൂന്നോ ദിവസത്തേക്ക് ഈ വഴിക്ക് പിന്നെ കാണില്ല….!

“ഹ്മ്മ്…. അങ്ങേര് എന്തായാലും ചാകാൻ കിടക്കുവാ…. ഇനി അമ്മയായിട്ട് കുറെ കാശ് കൊടുത്തു ഉള്ള മരുന്ന് മുഴുവൻ കുടിപ്പിച്ചിട്ട് അങ്ങേര് ജീവിക്കാൻ ഒന്നും പോണില്ല….”

ദേവൻ വിഷമത്തോടെ ആണെങ്കിലും എല്ലാം കേൾക്കുന്നുണ്ടായിരുന്നു…..!കാശും വാങ്ങി സഞ്ജു ഇറങ്ങിയതും അവർ ദേവനരികിൽ വന്നു….
“ഞാൻ പോയിട്ട് വരാം….”

“മ്മ്….”

ദേവൻ ഒന്ന് മൂളിയതും അവർ ഇറങ്ങി….!

വിഷമത്തോടെ താൻ ഇന്ന് അനുഭവിക്കുന്ന വേദനയെ പറ്റി അവൻ ഓർത്തു…. മീനുവിനെ നഷ്ടപ്പെടുത്തിയപ്പോൾ ആണ് എല്ലാം മറക്കാൻ എന്ന പോലെ മദ്യപാനം തുടങ്ങിയത്…..അത് കാരണം ആണ് ഇന്ന് ഈ അവസ്ഥയിൽ എത്തി ചേർന്നതും….!

പുറത്ത് നിന്നും വണ്ടി വന്ന സൗണ്ട് കേട്ട് ദേവൻ പ്രതീക്ഷയോടെ വാതിൽ പടിയിൽ നോക്കി…..എണീറ്റ് അവർക്കരികിലേക്ക് പോവാൻ ആവില്ല….

വാതിൽ പടിയിൽ ആ രൂപം കണ്ടതും ദേവൻ കണ്ണുകളെ വിശ്വസിക്കാൻ ആവാത്ത പോലെ അവനെ തന്നെ നോക്കി….. യൗവനത്തിൽ താൻ എങ്ങനെയാണോ അതെ രൂപം…. അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….!

“അച്ഛാ…..”

എന്നും വിളിച്ചു ആൽബി ദേവനരികിൽ ചെന്ന് നിന്നു….!

“മോ…. മോനെ…..”

അവൻ കയ് നീട്ടി തന്റെ മകനെ ഒന്ന് തൊട്ടു…..!

“നീ എങ്ങനെ….?!!”

“ഇന്ന് എന്റെ വിവാഹം ആണ്…. അമ്മ പറഞ്ഞു ജന്മം നൽകിയ അച്ഛന്റെ അനുഗ്രഹം വാങ്ങി വേണം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ എന്ന്….”

ആൽബി ദേവന്റെ കാൽ തൊട്ട് വണങ്ങി…. ദേവൻ പുഞ്ചിരിയുടെയും കണ്ണീരോടെയും അവനെ മനസറിഞ്ഞു അനുഗ്രഹിച്ചു…..!

ആൽബി ദേവനെ ഒന്ന് കൂടി നോക്കി തിരിഞ്ഞു നടന്നതും….

“മോനെ…. നിന്റെ…. അമ്മ….”
ആൽബി ദേവനെ നോക്കി ഒന്നും മിണ്ടാതെ ഇറങ്ങിയതും ദേവന്റെ കണ്മുന്നിൽ ആ രൂപം തെളിഞ്ഞു….. വർഷങ്ങളായി അവൻ കാണാൻ കാത്തിരുന്ന ആ മുഖം….!

അവൾ മെല്ലെ അകത്തേക്ക് കയറിയതും ദേവൻ അവളെ കയ്യും പിടിച്ചു അവിടേക്ക് വന്നത് ഓർത്തു….വർദ്ധക്യത്തിലേക്ക് പ്രവേശിച്ചെങ്കിലും അതെ സൗന്ദര്യം ഇപ്പോഴും ഉണ്ട്….!

“മാപ്പ്…. അന്ന് ഒരു അച്ഛന്റെ അവകാശം നിഷേധിച്ചതിന്….”

മീനു അത്രയും പറഞ്ഞു അവന്റെ മുന്നിൽ കയ് കൂപ്പി…. അവന്റെ കിടപ്പ് അവൾക്ക് സഹിക്കാൻ ആവാത്ത പോലെ അവൾ തിരിഞ്ഞു നടന്നു….
“മീനു….”

“അവസാനം ആയി നിന്നെയും നമ്മുടെ മകനെയും ഒന്ന് കാണണം എന്നുണ്ടായിരുന്നു…. ആ ആഗ്രഹം സാധിച്ചു തന്നതിന് ഒത്തിരി നന്ദിയുണ്ട്….”

മീനു ഒന്നും മിണ്ടാതെ നിന്നു….!

“എനിക്കിനി ഒരു ആഗ്രഹം കൂടി ഉണ്ട്…. അവസാനമായി നിന്റെ കയ് കൊണ്ട് ഇത്തിരി വെള്ളം വാങ്ങി കുടിച്ചു വേണം എനിക്ക് ഈ ലോകം വിട്ടു പോവാൻ എന്ന്….”

അവളുടെ കണ്ണുകൾ നിറഞ്ഞു…അത് തുടച്ചു അവൾ ഒരു നേർത്ത പുഞ്ചിരിയോടെ ദേവനരികിൽ ഇരുന്നു ടേബിളിൽ വെള്ളം എടുത്തു അവന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു…. അവളുടെ മനസ് പോലും അപ്പോൾ ശൂന്യമായിരുന്നു….!

ദേവൻ പിടയുന്നത് കണ്ടതും മീനു ഞെട്ടി തരിച്ചു കൊണ്ട് അവനെ നോക്കി….

“മീനു….എനിക്ക് നിന്റെ മടിയിൽ കിടന്ന് മരിക്കണം….”

അവൾ അവന്റെ തല എടുത്തു അവളുടെ മടിയിൽ വെച്ചു….!

“ദേവേട്ടാ….”

വർഷങ്ങൾക്ക് ശേഷം ഉള്ള അവളുടെ വിളിയിൽ അവന്റെ കണ്ണുകൾ നിറഞ്ഞു….!

“നീ എന്നെ അങ്ങനെ വിളിച്ചല്ലോ…. ഇനി എനിക്ക് മരിക്കാൻ പോലും സങ്കടം ഇല്ല മീനു….”

എങ്ങനെ ഒക്കെയോ അവൻ പറഞ്ഞു തീർത്തതും മീനു കണ്ണീരോടെ തന്നെ അവനെ നോക്കി….
“നമ്മുടെ മോനെ കൊണ്ട് വേണം എനിക്ക് ചിതയൊരുക്കേണ്ടത്….”

“മ്മ്….”

അവൾ കണ്ണീരോടെ തന്നെ മൂളി…. അവൻ നിശ്ചലമാവുന്നത് അവൾ അറിഞ്ഞു….!
“ദേവേട്ടാ….”

ആ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ വിളിച്ചു….!

വിവാഹ പന്തലിൽ നിന്നും ഇറങ്ങിയ ആൽബി അച്ഛന്റെ ചിതയ്ക്ക് തിരി കൊളുത്തി…. മീനു എബിയുടെ അരികിൽ നിന്ന് വേദനയോടെ എല്ലാം നോക്കികണ്ടു….

“എന്റെ ഏട്ടനെ ഇത്രയും കാലം നോക്കിയതല്ലേ,,,, നിങ്ങൾ ഈ വീട്ടിൽ തന്നെ നിന്നോളൂ…. ആരും നിങ്ങളെ ഇറക്കി വിടാൻ വരില്ല….”

പ്രസാദ് പറഞ്ഞതും അവർ ഒന്ന് മൂളി….!

അവനും ഏട്ടന്റെ ചിതയ്ക്ക് മുന്നിൽ യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി….!

അവസാനമായി അവനൊരു പിടി പൂക്കൾ അർപ്പിച്ചു മീനു ദേവനോടൊപ്പം ഉള്ള ഓർമകളിൽ അവിടെ തന്നെ ഇരുന്നു….

ദേവന്റെ ഭാര്യയായ അവരെ കണ്ട് മീനു ഒന്ന് നോക്കിയതും അവർ മീനുനെ നോക്കി പുഞ്ചിരിച്ചു….!

അവളും അവരെ നോക്കി പുഞ്ചിരിയോടെ എബിക്കരികിലേക്ക് നടന്നു….!

അവരുടെ കാർ നീങ്ങിയതും ദേവനായി അവൾ അർപ്പിച്ച പൂക്കൾക്ക് മീതെ മഴ തുള്ളികൾ ഉറ്റി വീണു…. തന്റെ ആഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷം ആയിരുന്നു അത്….!!

ശുഭം….