18/04/2026

കാലചക്രം : ഭാഗം 04

രചന – അഞ്ജു തങ്കച്ചൻ

പിറ്റേന്ന് ജ്വാല നേരത്തെ എഴുന്നേറ്റു.

ചായ തിളപ്പിച്ച്‌, മധുരം ചേർത്ത് ഫ്ലാസ്കിൽ ഒഴിച്ച് വച്ചപ്പോഴേക്ക് മീരയും അടുക്കളയിൽ എത്തി.

മോളെന്തിനാ നേരത്തെ എഴുന്നേറ്റത്,ഇനി മുതൽ അഞ്ചര കഴിയാതെ എണീക്കരുത് എന്ന് എന്നോട് പറഞ്ഞിട്ട്,എന്തിനാ കുട്ടീ നീ നേരത്തെ എഴുന്നേറ്റത്.

ചോറും കറിയും വൈകിട്ടത്തേക്കും കൂടെ ഉള്ളത് ഒരുമിച്ചങ്ങ് ഉണ്ടാക്കാം എന്ന് കരുതി അമ്മേ.
നമുക്ക് പണി എളുപ്പം ഉണ്ട്.പിന്നെ ഗ്യാസിനും ഇപ്പോൾ എന്നാ വിലയാ.ഇതൊക്കെ എന്റെയീ പാവം അമ്മക്കിളിയുടെ തലയിൽ അല്ലേ.

മാത്രമല്ല അച്ഛനും, മോനും പൊടിക്കൊന്ന് ഒതുങ്ങട്ടെ.ആദി വീട് നോക്കാൻ തുടങ്ങുമ്പോൾ നമുക്ക് ലാവിഷാകാം.അതുവരെ ഇച്ചിരി പിശുക്കിയാലും കുഴപ്പമില്ല.

മോൾക്ക്‌ തോന്നുന്നുണ്ടോ അവരുടെ സ്വഭാവം മാറ്റി എടുക്കാൻ പറ്റുമെന്ന്?

പറ്റും അമ്മേ.

എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.ഞാൻ എന്തുമാത്രം ശ്രെമിച്ചു പരാജയപ്പെട്ടതാ.

നമുക്ക് മാറ്റി എടുക്കാം അമ്മേ.എനിക്ക് എന്നെ നല്ല വിശ്വാസമാണ്.അമ്മ കട്ടക്ക് കൂടെ നിൽക്കണം.

ഞാൻ നിന്റെ കൂടെ ഉണ്ട്.
എന്റെ കുട്ടീ നീ ഒരിക്കലും മറ്റൊരു മീര ആകാൻ പാടില്ല.അതിന് വേണ്ടി എന്തും ഈ അമ്മ ചെയ്യും.

***********

അമ്മയെ ആരോഗ്യകേന്ദ്രത്തിന് മുൻപിൽ ഇറക്കിയിട്ട്.അവൾ നേരെ ഷോപ്പിലേക്ക് ചെന്നു.

ഡോർ തുറന്ന് അകത്തുകയറി അത്യാവശ്യം വലിപ്പമുള്ള ഷോപ്പാണ്.

എന്താ വേണ്ടത്? കയ്യിലിരിക്കുന്ന നോട്ടുകൾ എണ്ണികൊണ്ട്,നന്നേ വെളുത്ത പൊക്കം കുറഞ്ഞ സ്ത്രീ ചോദിച്ചു.

ഇതായിരിക്കും ബിൻസി.ഷോപ്പിന്റെ എല്ലാകാര്യങ്ങളും നോക്കുന്നത് ബിൻസി ആണെന്ന് അമ്മ പറഞ്ഞിരുന്നു.

എനിക്കൊരു ചുരിദാർ എടുക്കാൻ ആയിരുന്നു.ജ്വാല പറഞ്ഞു.

ഇവിടെ കട തുറന്നതേ ഉളളൂ.

അതിന്?

അതിനൊന്നുമില്ല.അങ്ങോട്ട്‌ ചെന്നോളൂ.. അവർ കൈ ചൂണ്ടി.

ഇത്ര രാവിലെ തന്നെ കസ്റ്റമർ വന്നത് ബിൻസിക്ക് ഇഷ്ടമായില്ല എന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഒരു പെൺകുട്ടി നിലം തുടക്കുകയാണ്.

മതി പെണ്ണേ തുടച്ചത്.കുറച്ച് നേരത്തെ വന്ന് ഇതൊക്കെ ചെയ്തുകൂടെ, അതെങ്ങനാ ഒരുങ്ങികെട്ടി വരുമ്പോൾ ഒരു നേരം ആകും. ശമ്പളം മേടിക്കാൻ എന്റെ അടുത്തേക്ക് വാ അപ്പോൾ ഞാൻ ബാക്കി പറയാം.

ബിൻസി അധികാരത്തോടെ പറഞ്ഞത് കേട്ട്, പെൺകുട്ടിയുടെ മുഖത്ത് സങ്കടം നിറയുന്നത് ജ്വാല ശ്രെദ്ദിച്ചു.

അല്ലെങ്കിലും ആളുകൾക്ക് മുന്നിൽ വച്ച് മറ്റുള്ളവരെ അതിക്ഷേപിക്കുന്നത് ചിലർക്ക് ഒരു ഹരമാണ്.

ചുരിദാർ സെക്ഷനിൽ നിൽക്കുന്ന പെൺകുട്ടി ഓരോ തുണികളും എടുത്ത് അവൾക്കു മുന്നിൽ നിരത്തി.

ഇതൊന്നും എനിക്ക് ഇഷ്ടമായില്ല.ഞാൻ എന്നാൽ സാരീ നോക്കിക്കോളാം ജ്വാല പറഞ്ഞു.

സാരീ ദാ വലതു ഭാഗത്താണ് അങ്ങോട്ട്‌ ചെന്നോളൂ.

ക്ഷമയോടെ അവർ ഓരോ ചുരിദാർ പീസുകളും മടക്കി എടുത്ത് വയ്ക്കുന്നത് ജ്വാല നോക്കി.

സാരി ഓരോന്നും അവൾ എടുത്തുനോക്കി.

അതേ വാങ്ങുന്നുണ്ടെങ്കിലേ സാരീ വിടർത്തി കാണിക്കൂ കേട്ടോ.

അതെന്താ… വിടർത്തി നോക്കിയാൽ അല്ലേ ഇഷ്ട്ടം ഉള്ളത് സെലക്ട്‌ ചെയ്യാൻ പറ്റൂ.

ഇഷ്ടമുള്ളത് ഏതാണ് എന്ന് പറയൂ…അത് കാണിച്ചു തരാം.

മൂന്നാല് സാരി നോക്കിയിട്ട് ഇഷ്ടമായില്ല എടുത്ത് വച്ചോളൂ എന്ന് ജ്വാല പറഞ്ഞു.

ഓരോന്ന് കയറി വന്നോളും ചുമ്മാ മനുഷ്യനെ മിനക്കെടുത്താൻ.അവർ പിറുപിറുത്തത് ജ്വാല വ്യക്തമായി കേട്ടു.

ഏറ്റവും ഒടുവിൽ ഒരു മൂലക്ക് ആയിട്ടാണ് ഇന്നർവെയറുകളുടെ സെക്ഷൻ

ഇന്നർ വെയ്റുകളുടെ സെക്ഷനിൽ ഇരുണ്ട നിറമുള്ള അതീവ മുഖഭംഗിയുള്ള മെലിഞ്ഞ ഒരു പെൺകുട്ടിയാണ്.വിടർന്ന കരിമിഴികളിൽ വിഷാദം ഉറഞ്ഞു കിടക്കുന്നു.എണ്ണമയം പുരണ്ട കോലൻ മുടി അരക്കൊപ്പം നിറഞ്ഞു കിടക്കുന്നു.

വരൂ ചേച്ചീ എന്താ വേണ്ടത്.പുതിയ മോഡൽ കുറച്ച് വന്നിട്ടുണ്ട് ചേച്ചീ.അവൾ ഓരോന്നും എടുത്ത് മേശപ്പുറത്തു നിരത്തി.ചിരിച്ചു കൊണ്ട് കണ്ണിൽ നോക്കിയുള്ള അവളുടെ സംസാരത്തിനിടയിൽ ഒരെണ്ണം എടുക്കാൻ വരുന്നവരെ കൊണ്ട് മൂന്നാലെണ്ണമെങ്കിലും എടുപ്പിക്കുന്ന ഒരു മിടുക്കി.

കറക്റ്റ് സൈസിൽ ഓരോന്നും എടുത്ത് കാണിച്ച്,അത് വാങ്ങാനുള്ള തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന അവളെ ജ്വാലക്ക് ഇഷ്ട്ടമായി.

പേരെന്താ? ജ്വാല ചോദിച്ചു.

നീലിമ അവൾ പറഞ്ഞു.

നീലിമ എന്താ.ഇവിടെ നിൽക്കുന്നത്.സാരിയും ചുരിദാറും ഒക്കെ എടുത്തു കൊടുക്കാൻ നിന്നൂടെ.ഒന്ന് എടുക്കാൻ വന്ന എന്നെക്കൊണ്ട് നാലെണ്ണം എടുപ്പിച്ച ആളല്ലേ.

മീര മേഡം അവിടെയായിരുന്നു എന്നെ നിർത്തിയത്. പക്ഷെ ബിൻസി ചേച്ചി പറഞ്ഞു ഇവിടെ നിന്നാൽ മതിയെന്ന്.

ഉം….അവൾ ഒന്നമർത്തി മൂളി.

അവൾ ഒരേ കളർ ഉള്ള അഞ്ച് കോട്ടൺ സാരികൾ എടുത്തു.

ക്യാഷ് കൗണ്ടറിന്റ ടോപ്പിൽ അവ എടുത്തുവച്ചു.

ഷോപ്പിൽ വന്ന കസ്റ്റമേഴ്‌സ് പോയതിന് ശേഷം അവൾ പറഞ്ഞു.എന്റെ പേര് ജ്വാല.ഞാൻ നിങ്ങളുടെ മീര മേഡത്തിന്റെ മകളാണ്.ഇനി മുതൽ ഞാനും ഉണ്ടാകും എന്നും ഈ ഷോപ്പിൽ.

അയ്യോ…. ബിൻസി ചാടി എഴുന്നേറ്റു.

എന്താ ബിൻസി.

അല്ല എനിക്ക് ആളെ മനസിലായില്ല അതാ ഞാൻ….

ഉം.

ഇവിടെ ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ മാത്രം മതി.അല്ലാത്തവർക്ക് പിരിഞ്ഞു പോകാം.ഇന്ന് വരെയുള്ള ശമ്പളവും തന്നേക്കാം. പകരം പുതിയ ആളുകളെ നിയമിച്ചു കൊള്ളാം.

സാരിയുടെ സെക്ഷനിൽ നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത് നോക്കിയാണ് അതവൾ പറഞ്ഞത്.

ആ പെൺകുട്ടി തല കുനിച്ചു നിന്നിരുന്നു.
മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ആയി ഓരോരുത്തർ വന്നോളും എന്ന് പറഞ്ഞാൽ പിന്നെ ഈ ഷോപ്പിൽ ആരെങ്കിലും വരുമോ?

ബിൻസിയെ അമ്മ വിശ്വസിച്ച്‌ ഷോപ്പ് ഏൽപ്പിക്കുമ്പോൾ നിങ്ങൾ അതേ ആത്മാർത്ഥത തിരിച്ചും കാണിക്കണമായിരുന്നു. മറ്റ് ജീവനക്കാരോട് എന്ത് മോശമായിട്ടാണ് നിങ്ങൾ ഇടപെടുന്നത്.

അത്…. പിന്നെ…

ഇനി മുതൽ ഞാൻ ഇവിടുണ്ടാകും.ബിൻസിയുടെ കൈയിൽ ഉളള ഷോപ്പിന്റെ താക്കോൽ ഇങ്ങ് തന്നേക്കൂ….

അവൾ താക്കോൽ കൊടുത്തു.

അവൾ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.അത്യാവശ്യം നല്ല രീതിയിൽ തുണികൾ ഉണ്ട്.തുണി വാങ്ങാൻ ആളുകളും കയറുന്നുണ്ട്.

ബില്ലിന്റെയും ക്യാഷിന്റേയും കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കൊള്ളാം. ബിൻസി ഡ്രസ്സ്‌ എടുത്തുകൊടുത്താൽ മതി.

ശരി…. ബിൻസി തലയാട്ടി.

വൈകുന്നേരം അമ്മയുടെ ജോലി കഴിയുന്ന സമയം ആയപ്പോഴേക്കും ജ്വാല നീലിമയെ വിളിച്ചു.

കുട്ടി എല്ലാകാര്യങ്ങളും ശ്രെദ്ദിച്ചോളണം. ഞാൻ വരുന്നത് വരെ മുഴുവൻ കാര്യങ്ങളിലും ഒരു ശ്രെദ്ധ ഉണ്ടാകണം.
ഞാൻ പോയി അമ്മയെ വിളിച്ചു കൊണ്ടുവരാം.

ശരി ചേച്ചി…. അവൾ തലകുലുക്കി.

അവൾ ചെല്ലുമ്പോഴേക്കും അമ്മ വഴിയിലേക്ക് ഇറങ്ങി വന്നിരുന്നു.

ഞാൻ ബസിന് കയറി വരുമായിരുന്നല്ലോ മോളെന്തിനാ ബുദ്ധിമുട്ടുന്നത്.

അമ്മ വാ പറയട്ടെ…

എന്താ ഇന്ന് വീട്ടിൽ വല്ല പുകിലും ഒപ്പിച്ചോ?

ഹേയ്… ഞാൻ രാവിലെ ഷോപ്പിൽ വന്നിട്ട്, പിന്നെ വീട്ടിൽ പോയില്ല.
അമ്മ ഷോപ്പ് ഏൽപ്പിച്ചിരിക്കുന്ന ബിൻസി ഇല്ലേ അവർക്ക് ഒരിച്ചിരി അഹന്തയുള്ള സ്വഭാവം ആണ് കേട്ടോ

അതെന്ത് പറ്റി അങ്ങനെ തോന്നാൻ?

എന്നെ അവർക്ക് അറിയില്ലല്ലോ, ഞാൻ ഇന്ന് തുണി എടുക്കാൻ എന്ന മട്ടിലാണ് ചെന്നത്. ഓഹ്..ചില സ്റ്റാഫിന്റെ പെരുമാറ്റം കണ്ടാൽ തുണി എടുക്കാൻ പോയിട്ട്, അങ്ങോട്ട്‌ ചെല്ലാൻ പോലും തോന്നില്ല.

അവരൊക്കെ നന്നായിട്ടാണല്ലോ ഇടപെടുന്നത്.

അത് അമ്മ അവിടെ ഉള്ളപ്പോൾ അല്ലേ.
ഇന്ന് സാരി എടുത്തുകൊടുക്കാൻ നിൽക്കുന്ന ആ കുട്ടിയില്ലേ…

ഏത് ….? ശാരികയോ?

ആ… അത് തന്നെ. സാരി ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോൾ, പതിയെ പിറുപിറുക്കുകയാണ് മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് കയറി വന്നോളും എന്ന്.

അങ്ങനെയൊക്കെ പറഞ്ഞോ?

ഉവ്വന്നെ… നമുക്ക് മൊത്തത്തിൽ ഒരഴിച്ചുപണി ആവശ്യമാണ്‌.

പിന്നെ ആ ബിൻസി തീരെ ശരിയല്ല.

കുട്ടി ഉചിതം പോലെ എന്താന്ന് വച്ചാൽ ചെയ്യ്. അമ്മക്ക് വയ്യ പ്രായമായി.

ഓ…. ഒരു പ്രായക്കാരി വന്നേക്കുന്നു.

*********

വൈകിട്ട് ഷോപ്പും അടച്ചിട്ട് ഒൻപത് മണിയോടെയാണ് അവർ വീട്ടിൽ എത്തിയത്.

സിറ്റൗട്ടിലേക്ക് കയറിയതും നന്ദൻ ഇരച്ചെത്തി.
മീരേ… ഇതെന്താ പുതിയ ശീലങ്ങൾ. നിന്റെ മരുമകളുടെ വാക്കും കേട്ട് ഓരോന്ന് ചെയ്ത് വക്കുന്നത് ശരിയാണെന്നു നിനക്ക് തോന്നുന്നുണ്ടോ?

നന്ദേട്ടാ… പതുക്കെ. രാത്രിയാണ് അയൽവക്കക്കാർ കേൾക്കും.

കേൾക്കട്ടെ… രണ്ട് പെണ്ണുങ്ങൾ കയറി വരുന്ന സമയമാണോ ഇത്.

ജ്വാല അകത്തേക്ക് കയറി. കൂടെ മീരയും.

ഒരുനിമിഷം അത് നോക്കി നിന്നിട്ട്, നന്ദൻ അകത്തേക്ക് ചെന്നു.

മീരേ… ഞാൻ നിന്റെ ഭർത്താവാണ്. ഇവളുടെ വാക്കും കേട്ട് നീയെന്തൊക്കെയാ ചെയ്യുന്നതെന്ന് വല്ല ബോധവും ഉണ്ടോ..?

ഞാൻ എന്ത് ചെയ്തെന്നാ നന്ദേട്ടാ?

നീയീ വീട്ടിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ ?
ഇന്ന് ചോറാണെങ്കിൽ വെന്തിട്ടും കൂടിയില്ലായിരുന്നു
വായിൽ വെക്കാൻ കൊള്ളാത്ത ഒരു കറിയും, എന്തൊക്കെയോ വെട്ടിക്കൂട്ടി ഒരു തോരനും വയ്ക്കും.ഇതൊക്കെ എങ്ങനെ കഴിക്കും.
ദേഷ്യം കൊണ്ട് അയാളുടെ കവിളുകൾ ചുവന്നു.

എന്റെ തുണികൾ കഴുകിയിട്ടില്ല,ഒരെണ്ണം പോലും തേച്ച് മടക്കിയിട്ടില്ല.
നിനക്കെന്താ മീരേ പറ്റിയത്?

കുടുംബം കുളം തോണ്ടാൻ കയറി വന്നതാ ഈ പെണ്ണ്.അവളുടെ വാക്ക് കേട്ട് ആടുന്ന വെറും പാവയാണോ നീ ?

നന്ദേട്ടൻ ജ്വാലയെക്കുറിച്ച് ഒന്നും പറയരുത്.

രാവിലെ ഞാൻ നിങ്ങളുടെ ഇഷ്ടത്തിന് ഓരോന്നും ഉണ്ടാക്കുന്നില്ല എന്നതാണോ പ്രശ്നം?

അതൊരു പ്രശ്നം അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ മീരേ?

നന്ദേട്ടൻ ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങി വരൂ.. ഞാൻ എന്ത് വേണമെങ്കിലും ഉണ്ടാക്കി തരാം.

നിന്റെ ATM കാർഡ് ഇങ്ങ് താ.ഞാൻ പോയി സാധനങ്ങൾ വാങ്ങി വരാം.

നിങ്ങൾക്ക് നാണമുണ്ടോ മനുഷ്യാ…വിറച്ചു കൊണ്ട് മീര അയാൾക്ക്‌ നേരെ കൈ നീട്ടി.
ഞാൻ പണിയെടുക്കുന്ന കാശ് കൊണ്ടു ഇനി നിങ്ങളെ തീറ്റി പോറ്റാൻ എനിക്ക് മനസ്സില്ല. പോയി പണി നോക്ക്.

എടീ…. അയാൾ കൈ നീട്ടി അവളെ അടിക്കാൻ ചെന്നതും

അവൾ ചീറി.. തൊട്ട് പോകരുത് എന്നെ.
ഇതെന്റെ വീടാണ്.ഇവിടെ എന്റെ ഇഷ്ട്ടം പോലെ ഞാൻ എന്താന്ന് വച്ചാൽ ചെയ്യും.ഒരെണ്ണം ചോദിക്കാൻ വന്നേക്കരുത്.

ബഹളം കേട്ട് ആദിത്യൻ മുറിയിൽ നിന്നും താഴേക്ക് ഓടി വന്നു.

അച്ഛന് നേരെ കൈ ചൂണ്ടി ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുന്ന അമ്മയെ കണ്ട് അയാൾ തറഞ്ഞു നിന്നുപോയി.

അമ്മയുടെ അങ്ങനൊരു ഭാവം അയാൾ ആദ്യം കാണുകയായിരുന്നു.

ഇതെന്റെ അച്ഛൻ എനിക്ക് വാങ്ങി തന്ന വീടാണ്.ഞാനാണ് കഴിഞ്ഞ ഇരുപത്തിയാറ് വർഷമായി ഈ വീട്ടിലെ ചെലവ് നടത്തുന്നത്.
എന്റെ വീട്ടിൽ,എന്റെ ചിലവിൽ കിടന്നിട്ട് എന്നെ ഭരിക്കാൻ വരരുത്.

മേലനങ്ങാതെ തിന്നും, കുടിച്ചും ജീവിക്കാമെന്ന് ഒരാളും വ്യാമോഹിക്കണ്ട.
എന്റെ തലയിൽ സകല ഭാരവും ഏൽപ്പിച്ചു സുഖിച്ചു ജീവിച്ചില്ലേ രണ്ടാളും.ഇനി അത് വേണ്ടാ…

എന്റെ ATM കാർഡ് നിന്റെ കൈയിൽ അല്ലേ ,ഇങ്ങ് തന്നേക്ക്.മീര ആദിത്യന്റെ നേരെ കൈ നീട്ടി.

പോക്കറ്റിൽ കിടന്ന കാർഡ് എടുത്ത് ആദിത്യൻ മീരയുടെ കൈയിൽ കൊടുത്തു.

മീര മുറിയിലേക്ക് പോയി.

ജ്വാല അച്ഛന്റെ മുഖത്തേക്ക് നോക്കി.
വിളറി വെളുത്ത മുഖവുമായി അയാൾ നിൽക്കുകയാണ്.

ജ്വാല ആദിത്യനെ ഒന്ന് നോക്കിയിട്ട് പതിയെ മുറിയിലേക്ക് നടന്നു.

പിന്നാലെ നടന്ന് ആദിത്യൻ അവൾക്ക് ഒപ്പം എത്തി.

നീയാണ് എല്ലാത്തിന്റെയും പിന്നിൽ അല്ലേ?

ഞാൻ എന്ത് ചെയ്തു?

അച്ഛനെയും അമ്മയേയും തമ്മിൽ തെറ്റിച്ചപ്പോൾ നിനക്ക് സമാദാനം ആയല്ലോ അല്ലേ.

നിങ്ങള് രണ്ടാളും ചേർന്ന് ഇത്രനാൾ ആ അമ്മയെ പിഴിഞ്ഞുറ്റിയല്ലേ ജീവിച്ചത്?
നാണമുണ്ടോ നിങ്ങൾക്ക്?
ആണാണെന്ന് പറഞ്ഞു മീശേം വച്ച് നടന്നാൽ പോരാ.

ഞാൻ ആണാണോ എന്ന് നിനക്ക് അറിയില്ലെടീ…. അയാൾ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.

അയാളുടെ കൈക്കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ മാത്രം ശക്തി അവൾക്ക് ഉണ്ടായിരുന്നില്ല. കവിളുകൾ വല്ലാതെ വേദനിക്കുന്നു… കണ്ണുകൾ നിറഞ്ഞു.

എന്താടീ…. നിനക്ക് നോവുന്നുണ്ടോ.

അയാളുടെ കൈ മെല്ലെ അയഞ്ഞ നിമിഷം അവൾ ശക്തമായി അയാളുടെ കൈകൾ തട്ടി മാറ്റി.

ഒരൊറ്റ തല്ലിന് നീ ചത്തു പോകും. മര്യാദക്ക് എന്റെ മുന്നിൽ നിന്നും പൊയ്ക്കോ.

വല്ല പണിക്കും പോയി. ഒരു ദിവസമെങ്കിലും ഈ കുടുംബം നോക്കിക്കാണിക്ക് എന്നിട്ട് വന്ന് വെല്ലുവിളിക്ക്.ഇങ്ങനെ ആണും പെണ്ണും കെട്ട് ജീവിക്കാൻ നാണമില്ലേ..

എടീ…അയാൾ കൈ വീശി…

കൂസലില്ലാതെ അയാളുടെ മുഖത്തേക്ക് നോക്കി,കൈകെട്ടിയുള്ള അവളുടെ നിൽപ്പ് കണ്ട് അയാൾ ദേഷ്യത്തോടെ കൈ പിൻവലിച്ചു.

അടുത്തുള്ള മേശയിൽ തുരുതുരെ ഇടിച്ചു. എന്നിട്ടും ദേഷ്യം തീരാതെ മേശയിൽ ഇരുന്ന സകല സാധനങ്ങളും തറയിലേക്ക് വലിച്ചെറിഞ്ഞിട്ട്, അയാൾ പുറത്തേക്ക് പോയി.

ഇരുട്ടിനെ തുളച്ചയാളുടെ ബൈക്ക് ചീറിപ്പാഞ്ഞു പോകുന്നത്. അവൾ ജനലിലൂടെ കണ്ടു.

അവൾ തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു.

കുറേ നേരം അവൾ ഒരേ ഇരുപ്പ് ഇരുന്നു.
മനസ് മുഴുവൻ ശൂന്യമായതു പോലെ.

കുറച്ച് കഴിഞ്ഞ് അവൾ താഴേക്ക് ഇറങ്ങി ചെന്നു. മീര കട്ടിലിൽ കിടക്കുകയാണ്.
ജ്വാലയെ കണ്ടതും അവർ പിടഞ്ഞെഴുന്നേറ്റൂ.

മോളേ…. ഞാൻ പറഞ്ഞത് ഏറിപ്പോയി. നന്ദേട്ടന് സഹിക്കാൻ പറ്റിയിട്ടുണ്ടാകില്ല അല്ലേ മോളേ, എനിക്കൊരു സമാദാനവും ഇല്ല. ആദിത്യൻ രാത്രിയിൽ ഇറങ്ങി എങ്ങോട്ടോ പോയി…. ഈശ്വര ഞാൻ മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു.

അമ്മ ഇങ്ങനെ പേടിക്കല്ലേ… ഇത് അവരെ നേരെയാക്കാനുള്ള ഒരേയൊരു വഴിയാണ്. എനിക്ക് എന്റെ ഭർത്താവിനെ നല്ലൊരു മനുഷ്യനായി വേണംഅമ്മേ ആദിയെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്.

ഇത് അമ്മ നേരത്തെ പറയേണ്ടുന്ന കാര്യം ആയിരുന്നു. അവർ ഇങ്ങനെ ആകാൻ അമ്മയും അറിഞ്ഞുകൊണ്ടല്ലെങ്കിലും കാരണക്കാരിയാണ്. എത്രയോ പണ്ടേ അമ്മ പറയേണ്ടിയിരുന്ന കാര്യങ്ങളാണ് ഇതൊക്കെ.

എന്നാലും മോളേ…

ഒരെന്നാലും ഇല്ല. അമ്മ നോക്കിക്കോ അല്പമെങ്കിലും മനസാക്ഷിക്കുത്ത് അവർക്ക് ഉണ്ടെങ്കിൽ അവർ
നാളെ ഇവിടുന്ന് ആഹാരം കഴിക്കുകയോ, നമ്മളോട് മിണ്ടുകയോ ചെയ്യില്ല.

അമ്മ വിഷമിക്കരുത്. ജ്വാല അമ്മയുടെ കണ്ണുനീർ തുടച്ചു.

ഞാനല്ലേ പറയുന്നത്. അവർ നേരെയാകും.
നമ്മുടെ കുടുംബം അല്ലേ അമ്മേ ,ഞാനത് തകർക്കാൻ നോക്കുമോ?

ഇല്ല… എന്റെ മോള് പറയുന്നത് പോലെ ഞാൻ ചെയ്യാം.

എങ്കിൽ ഇനി മുതൽ ആ രണ്ടു പേരെയും നമ്മൾ നോക്കുക പോലും ചെയ്യണ്ട. അവർക്ക് വാശി വരട്ടെ.

എന്റെ കുട്ടീ… നിന്റെ അത്രേം മനസുറപ്പൊന്നും എനിക്കില്ല.

അവർ ഇത്തിരി വിയർക്കട്ടെ അമ്മേ… ആ പിത്തവണ്ണം ഒക്കെ കുറയട്ടെ അത് ആരോഗ്യത്തിന് നല്ലതാ.

*********
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി.
ഒരു മുറിയിൽ, മുഖത്ത് പോലും നോക്കാതെ രണ്ടു ലോകങ്ങളിൽ എന്നപോലെ അകന്നു കഴിഞ്ഞു ജ്വാലയും, ആദിത്യനും.

നന്ദൻ മീരയോട് മിണ്ടാറ് പോലുമില്ല. തമ്മിൽ കണ്ടാലും അയാൾ മാറി നടന്നു.

മൗനം തടം കെട്ടി നിൽക്കുന്ന ആ വീടിന്റെ ഉള്ളിൽ നാല് പേർക്കും മനസ്സ് മടുക്കുന്നുണ്ടായിരുന്നു.

***********

തുടരും.