25/05/2026

കാട്ടുപൂക്കൾ : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ

ചേട്ടൻ പറഞ്ഞത് സത്യമാണോ, എന്നെ അയാളുടെ അടുത്ത് എത്തിക്കാമോ?ചിന്മയി ചോദിച്ചു.

ഉം അയാൾ ഒന്നമർത്തി മൂളി.

എപ്പോൾ?

ഇന്ന് വൈകുന്നേരം വീട്ടിൽ നിന്ന് എല്ലാവരും ദീപാരാധന തൊഴാൻ പോകുമ്പോൾ ചിന്നു പോകണ്ട, ആ സമയം ഞാൻ കുട്ടിയെ ഇവിടുന്ന് അയാൾക്കരികിൽ വിടാം.

ചേട്ടന്റെ ഇവിടുത്തെ ജോലി നഷ്ട്ടമാകില്ലേ?

അതിന് ആരിവിടെ ജോലിക്ക് നിൽക്കുന്നു. ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്ന ഒരാളാണ് ഞാൻ അങ്ങനെയുള്ള എന്നെ ഒന്ന് കേൾക്കാൻ പോലും തയ്യാറാവാത്ത ഒരാളുടെ അടുത്ത് ഇനി ജോലി ചെയ്യില്ല,എനിക്ക് എവിടെയെങ്കിലും ജോലി കിട്ടും. കുട്ടി അതോർത്തു വിഷമിക്കണ്ട.

ഇപ്പോൾ ഇവിടുന്നു കുട്ടി പോയില്ലെങ്കിൽ എന്നെപ്പോലെ ഏതെങ്കിലും ഒരു തെമ്മാടിക്കൊപ്പം ഇയാളെ കെട്ടിച്ചൊഴിവാക്കാൻ ആ താടക ശ്രെമിക്കും അതിലും ഭേദം ഇഷ്ട്ടപ്പെടുന്ന ആളോടൊപ്പം ഇറങ്ങി പോകുന്നതാ.
ഞാൻ എന്നും പ്രണയത്തിനൊപ്പമേ നിൽക്കൂ.,

ശരി ഞാൻ പോട്ടേ… അവൾ തിരിഞ്ഞു നടന്നു.

വൈകുന്നേരം എല്ലാവരും അമ്പലത്തിൽ പോയ സമയം അയാൾ കൂട്ടുകാരന്റെ വാഹനവുമായി എത്തി.മുറ്റത്ത്‌ അവളെ കാത്തുനിന്ന അതേ നിമിഷം തന്നെ അവൾ ഇറങ്ങി വന്നു.

ഇതെന്താ വെറും കൈയോടെ, ഒന്നും എടുക്കുന്നില്ലേ?

ഇല്ല ചേട്ടാ… ഒന്നും എടുക്കുന്നില്ല. ഒന്നും ഇനി ആവശ്യം വരില്ല.

ഓഹ്… ആവശ്യമുള്ളതെല്ലാം വാങ്ങിത്തരാൻ ഇനി അയാൾ ഉണ്ടല്ലോ അല്ലേ,അയാൾ ഊറിച്ചിരിച്ചു.

ഉം അതെ.

അയാൾ വണ്ടിയിൽ കയറി.വേഗം വാ ചിന്നൂ..

അയാൾക്കൊപ്പം വണ്ടിയിൽ കയറവെ അവൾ വീടിനു നേർക്ക് തിരിഞ്ഞു നോക്കി. ഒരുപാട് പേരുടെ കണ്ണുനീരും, വിതുമ്പലും കേട്ട് ഉറങ്ങിയ കുട്ടിക്കാലം അവളുടെ ഓർമ്മയിൽ ഓടിയെത്തി. ഇത് രക്ഷപെടലാണ്. അവരിൽ ഒരാളാവാൻ നിൽക്കാതെ രക്ഷപ്പെടുകയാണ് തിരിച്ചുവരവില്ലാതെ.

അവൾ വണ്ടിയിൽ കയറി.

ഇവിടുന്നു ഒത്തിരി ദൂരമുണ്ടോ അയാളുടെ വീട്ടിലേക്ക്?നരേന്ദ്രൻ ചോദിച്ചു.

ഇല്ല.. ഒരു ഇരുപത് കിലോമീറ്റർ ദൂരമുണ്ടാകും.

ഉം..
അയാളുടെ വീട്ടിൽ ആരൊക്കെയുണ്ട്?

അറിയില്ല.

അറിയില്ലേ?
സ്നേഹത്തിൽ ആയിരുന്നിട്ടും അതൊന്നും ചോദിച്ചില്ലേ

ഇല്ല.

അയാൾ അവളെ തറപ്പിച്ചു നോക്കി.

അയാളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ ആവണം അവൾ പുറത്തേക്കു നോക്കിയിരുന്നു.

അവൾ പറഞ്ഞ വഴിയിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. അധികം വാഹനങ്ങൾ ഇല്ലാത്ത മൺവഴിയിലേക്ക് വണ്ടി തിരിഞ്ഞു. മൺവഴിയുടെ ഒരു വശത്ത് അവിടിവിടെയായി രണ്ടോ മൂന്നോ വീടുകൾ മാത്രമേ ഉളളൂ. മറുവശത്ത് തലയുയർത്തി നിൽക്കുന്ന ഗിരിനിരകൾ.

കുറച്ചുകൂടി മുന്നിലേക്ക്‌ ചെന്നപ്പോൾ വലിയൊരു ആൾക്കൂട്ടം നടന്നു പോകുന്നത് കണ്ടു.

ഇവിടെന്താ പോലും ഇത്രയും ജനങ്ങൾ.

ഇവിടുത്തെ അമ്പലത്തിൽ ഉത്സവമാണ് അവൾ പറഞ്ഞു.

ഓഹ്… അതൊക്കെ അറിയാം അല്ലേ

ഇനി ഒത്തിരി ദൂരമുണ്ടോ അയാളുടെ വീട്ടിലേക്ക്

ഇല്ല എന്നെ ഈ അമ്പലത്തിൽ വിട്ടാൽ മതി. ഇവിടെ അടുത്താണ് വീട്. അമ്പലത്തിലുണ്ടാകും ആൾ. ഞാൻ കൂടെ പൊയ്ക്കോളാം.

അതുവേണ്ട… അയാളുടെ അടുത്താക്കിയിട്ടേ ഞാൻ പോകുന്നുള്ളൂ.

വേണ്ട,ചേട്ടൻ പൊയ്ക്കോളൂ…

അവൾ പതിയെ മുന്നോട്ട് നടന്നു.

നരേന്ദ്രൻ അൽപ്പനേരം ആലോചനയോടെ നിന്നിട്ട് വണ്ടിയിൽ കയറി.

അവൾ പതിയെ തിരിഞ്ഞു നോക്കി. നരേന്ദ്രൻ വണ്ടി തിരിക്കുകയാണ്.കഴിഞ്ഞ എട്ട്‌ വർഷത്തിനിടയിൽ ആരും തന്നോട് ഇത്രയും സംസാരിച്ചിട്ടില്ല, തനിക്ക് വേണ്ടി ഒരൽപ്പസമയം പോലും മാറ്റിവച്ചിട്ടില്ല. ഇന്നിതാ ഏറെ നാളുകൾക്കു ശേഷം തന്നോട് അനുകമ്പയോടെയും, സ്നേഹത്തോടെയും പെരുമാറിയ ഒരേയൊരാളാണ്
കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു.

പിന്നെ അമ്പലത്തിലേക്ക് കയറി.
ഉത്സവലഹരിയിലാണ് ജനങ്ങൾ.

അവൾ അമ്പലത്തിന്റെ വലതു വശത്തൂടെ ഉളള ചെറിയ ഇടവഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നടന്ന് വലിയൊരു മലയിൽ എത്തിച്ചേർന്നു താഴെ ചെങ്കുത്തായ പാറയിടുക്കാണ് ഏറ്റം താഴെയായി പുഴ ഇരുളിൽ മുങ്ങി പതഞ്ഞൊഴുകുന്നുണ്ട്.

അവൾ കണ്ണുകൾ അടച്ചു.

മോളേ… എന്നൊരു വിളി കാറ്റിൽ ചിതറിത്തെറിക്കുന്നത് അവൾ കേട്ടൂ….
കരഞ്ഞ് കരഞ്ഞ് അടഞ്ഞുപോയ ശബ്ദത്താൽ, എന്റെ കുഞ്ഞേ നീയിങ്ങു വായെന്ന് ഏറെ കരുതലോടെ ഇരുകരങ്ങൾ നീട്ടി അമ്മ വിളിക്കുകയാണ്‌.

ചിന്മയിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഇത് ജീവിതത്തിൽ നിന്നുള്ള മടക്കമാണ്. ആരോടും പരാതിയില്ലാത്ത, ആരെയും ദ്രോഹിക്കാൻ അറിയാത്ത എന്നെപ്പോലെ ഒരാൾക്ക് പറ്റിയ ഇടമല്ല ഈ ഭൂമി.

ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ട്. ശരീരമാകെ ഒരു വിറയൽ പടർന്നിരിക്കുന്നു.ഒരു പറവയെ പോലെ താഴേക്കവൾ പറന്നു

*********

നരേന്ദ്രൻ ആലോചിക്കുകയായിരുന്നു എന്തൊരു ഉത്തരവാദിത്വമില്ലായ്മയാണ് താൻ കാണിച്ചത്. ചിന്നുവിനെ അയാളുടെ കൈകളിൽ ഏൽപ്പിച്ചിട്ട് താൻ മടങ്ങി പോന്നാൽ മതിയായിരുന്നു.
ഇനി അയാളെ കാണാൻ അവൾക്ക് സാധിച്ചില്ലെങ്കിൽ ഈ രാത്രിയിൽ അവൾ എന്ത് ചെയ്യും

താൻ കുറച്ചുകൂടി പക്വത കാണിക്കേണ്ടതായിരുന്നു.

അയാൾ പെട്ടന്ന് വണ്ടി തിരിച്ചു.ഇപ്പോൾ അവളുടെ വീട്ടുകാർ അവളെ തിരക്കുന്നുണ്ടാകുമോ? ഹേയ് അതിന് വഴിയില്ല അവൾ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയെന്ന് പറയും.

മേനക എന്ന അവളുടെ ഇളയമ്മ എരിവും പുളിയും ചേർത്ത് നാട്ടിലാകെ ഓരോന്നും പറഞ്ഞു പരത്തും. അത്രേ ഉണ്ടാവൂ…
അവൾ പോയത് നന്നായി എന്ന് കരുതും ആ സ്ത്രീ..
പക്ഷെ മാധവേട്ടന് ചിന്നുവിനെ ഇഷ്ട്ടമാണ് മൂന്ന് ആങ്ങളമാർക്കും കൂടെ അവൾ ഒരു പെങ്ങളെ ഉളളൂ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ചിന്നുവിനെ അധികം പുറത്തേക്കു കണ്ടിട്ടില്ലെങ്കിലും, അവളെ ചീത്തപറയുന്നതും, അവളുടെ കരച്ചിലും എല്ലാദിവസവും താൻ കേൾക്കാറുണ്ട്.
അതുകൊണ്ടാണ് ആ കുട്ടി രക്ഷപ്പെടുന്നെങ്കിൽ രക്ഷപെടട്ടെ എന്ന് വിചാരിച്ചത്.

ആദ്യമായി അവളെ കണ്ടപ്പോൾ കണ്ണുനീർ പടർന്ന കവിളുകൾ തുടച്ച് അവൾ തന്നെ ചിരിച്ചു കാട്ടി.

നിറഞ്ഞു പുഷ്‌പ്പിച്ച കനകാമ്പര പൂവിന്റെ ചേലുള്ള ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു കാണാൻ കൊതി തോന്നി

ആ പെൺകുട്ടിക്ക് നല്ലത് മാത്രേ വരാൻ പാടുള്ളൂ. അവൾസന്തോഷമായിരിക്കണം.

അവളെ അവനോടൊപ്പം ഒന്ന് കാണണം വെറുതെ…

അയാൾ വണ്ടി തിരിച്ചു.

പ്രഭയിൽ മുങ്ങിനിൽക്കുന്ന അമ്പലത്തിലും, പരിസരത്തും അവളെ തിരഞ്ഞു.കണ്ടില്ല.

ഒരു പക്ഷെ അവർ വീട്ടിലേക്ക് പോയിട്ടുണ്ടാകും.
വലത് വശത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തെ മരത്തിനു ചുവട്ടിൽ അയാൾ നിന്നു.
മനസ്സിൽ എന്തോ ഒരു ഭാരം പോലെ….

പെട്ടന്നാണ് അയാൾ പൊടിമണ്ണിൽ കിടക്കുന്ന വെള്ളി പാദസരങ്ങൾ കണ്ടത്.
ഇത് ചിന്നുവിന്റേതാണ് അയാൾ അത് കൈയിൽ എടുത്തു.
ഈ വഴിയിലായിരിക്കും അവൾ പോയത്.
അയാൾ കൊലുസ് പോക്കറ്റിൽ ഇട്ടു.

അവളെ കണ്ട് ഇതും കൊടുത്തിട്ട് വരാം.
അയാൾ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു.
വഴിയിലെവിടെയും ഒറ്റ വീട് പോലും ഇല്ല.

എന്നിട്ടും അയാൾ മുന്നിലേക്ക്‌ തന്നെ നടന്നു.

നടന്നു നടന്നയാൾ പാറക്കൂട്ടത്തിന് മുകളിൽ എത്തി
താഴെ അഗാധമായ പാറയിടുക്ക്.
അയാൾ പാറയുടെ മുകൾഭാഗത്തെ ഇത്തിരി നിരപ്പിൽ ഇരുന്നു.

മനസ്സിൽ വല്ലാത്തൊരു ശൂന്യത നിറഞ്ഞിരിക്കുന്നു.എന്തോ ഒന്ന് ഉള്ളിൽ തിക്കുമുട്ടി തന്നെ വേദനിപ്പിക്കുന്നു.

തനിക്ക് വഴി തെറ്റിയിരിക്കുന്നു.അവൾ ഇത് വഴിയല്ല വന്നത്.

ഇനി എന്നെങ്കിലും കണ്ടാൽ അവൾ തന്നോട് മിണ്ടുമോ
അയാൾ പോക്കറ്റിൽ നിന്നും പാദസരം പുറത്തെടുത്തു. അവളുടേതാണ്….
താൻ ആദ്യമായ് മോഹിച്ച കനകാംമ്പര പൂവിന്റെ ചേലുള്ള തന്റെ സ്വപ്നത്തിന്റെ ഉടമയുടെ.

അയാൾ പതിയെ എഴുന്നേറ്റൂ…

പെട്ടന്നാരോ ചുമലിൽ തട്ടിയത് പോലെ അയാൾക്ക്‌ തോന്നി..
അയാൾ ഞെട്ടി തിരിഞ്ഞു നോക്കി.

ആരുമില്ല.അയാൾ ചുറ്റിലും നോക്കി.

എന്റെ മകൾ… എന്റെ മകൾ…എന്നൊരു വിതുമ്പൽ കേട്ടപോലെ.

അയാൾക്കൊരു ഉൾഭയം തോന്നി.നെറ്റിയിൽ വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടി.
അയാൾ തിടുക്കത്തോടെ മുന്നിലേക്കാഞ്ഞുനടക്കാൻ ശ്രെമിച്ചെങ്കിലും അയാൾക്ക്‌ നടക്കാൻ കഴിഞ്ഞില്ല.

അയാൾ തിരിഞ്ഞു നോക്കി. ഇല്ല എല്ലാം തന്റെ തോന്നലാണ്.

പെട്ടന്ന് അയാളെ ആരോ കൈയിൽ പിടിച്ച് വലിച്ചത് പോലെ അയാൾക്ക്‌ തോന്നി. അയാൾ പാറയുടെ അറ്റത്തു നിന്ന് താഴേക്ക് നോക്കി.

അവിടെ കണ്ട കാഴ്ച്ചയിൽ അയാൾ ഞെട്ടി വിറച്ചു.
🌿🌿🌿🌿🌿

തുടരും.