17/04/2026

ആകാശം മുഴുവൻ മഴയായി പെയ്തിറങ്ങിയ ആ ദിവസം തന്നെയായിരുന്നു രവിയുടെ ഉറ്റസുഹൃത്തും നാടിന്റെ അഭിമാനവുമായിരുന്ന ധീരജവാൻ നെൽസന്റെ മൃതദേഹം നാട്ടിൽ എത്തിയത്….

രചന  – അഞ്ജു കൃഷ്ണ

ആകാശം മുഴുവൻ മഴയായി പെയ്തിറങ്ങിയ ആ ദിവസം തന്നെയായിരുന്നു രവിയുടെ ഉറ്റസുഹൃത്തും നാടിന്റെ അഭിമാനവുമായിരുന്ന ധീരജവാൻ നെൽസന്റെ മൃതദേഹം നാട്ടിൽ എത്തിയത്….. ആ ദിവസം നിറഞ്ഞു പെയ്ത മഴയോടൊപ്പം ആ നാടിന്റെ കണ്ണുകളും പെയ്തു തോർന്നു….

ശവസംസ്കാരത്തിനു ശേഷം മടങ്ങിയ മുഴുവൻ ജനമനസുകളിലും രാജ്യസ്നേഹം കവിഞ്ഞൊഴുകി…. ഒടുവിൽ ആളൊഴിഞ്ഞ മുറ്റത്തു ഒഴുകിയകലുന്ന ചെളിവെള്ളത്തെയും അകന്നു പോകുന്ന ആളുകളെയും നോക്കി വിമൂകമായി ഒരു പെൺകുട്ടി മാത്രം അവിടെ ഇരുന്നു…. നാടിന്റെ അഭിമാനമായ നെൽസന്റെ ജീവൻ…. മുൻപിൽ ശൂന്യത മാത്രം കണ്ട്, കണ്ണീർ വറ്റിയ കണ്ണുമായി രാധ…

വെള്ളയും വെള്ളയും ധരിച്ചു കയ്യിൽ ഒരു ബാഗുമായി ബാങ്കിൽ നിന്നിറങ്ങിയ രവിയുടെ പുറകിൽ ഒരു യന്ത്രം കണക്കെ രാധ നടന്നു…. അവൻ എന്നോട് കടംവാങ്ങിയ പണത്തിന്റെ പകുതി പോലും ആവില്ല ഇത്, രവിയുടെ പിറുപിറുക്കൽ കാതിൽ വീണെങ്കിലും ആ വാക്കുകൾ രാധയിൽ പ്രതേകിച്ചു ഭാവങ്ങളൊന്നും സൃഷ്ടിച്ചില്ല…. സഹായധനമായി കിട്ടിയ തുകയും ബാഗിലാക്കി എന്തോ വലിയ ത്യാഗം സുഹൃത്തിനായി ചെയ്തു എന്ന ഭാവത്തോടെ നടന്നു പോകുന്ന രവിയെ അവൾ നിസ്സംഗതയോടെ നോക്കി നിന്നു.

“എങ്കിലും ആ പെണ്ണിന്റെ ഒരു വിധി എങ്ങനെ ജീവിക്കേണ്ട കുട്ടിയാ'”, രാധയുടെ വീട്ടിൽ നിന്നും പുലർച്ചെ ഇറങ്ങി പോരുന്ന ചെറുപ്പക്കാരനെ നോക്കി രവിയുടെ ഭാര്യ സുമതി ആവലാതിപെട്ടു. അല്പമാത്രം ആയുസ്സുള്ള ആ ആവലാതി രവിയെ ചൊടിപ്പിച്ചു. ഓ പിന്നെ…. വിധി! “നാടിനു വേണ്ടി ജീവൻ കളഞ്ഞവന്റ ഭാര്യ ആണ് ഇപ്പോൾ നാടിനു നാണക്കേട് ആയി മാറിയിരിക്കുന്നത്… ഇവളെ ഒക്കെ ഈ നാട്ടിൽ നിന്ന് ഓടിക്കണം”. രവിയുടെ പൊട്ടിത്തെറിയിൽ രാധയോടുള്ള ആവലാതി ആവിയായിപോയ സുമതി പിന്നീട് സമയം കളയാതെ നടന്നു…. അമ്പലത്തിൽ എത്തിയിട്ടാവാം ബാക്കി ആവലാതി എന്നോർത്തു കൊണ്ടാവണം.

ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണു രവി കതക് തുറന്ന് അകത്തു കയറിയത്. മുഖം കുനിച്ചു വേർതിരിച്ചുഅറിയാനാവാത്ത എന്തോ ഭാവത്തിൽ കട്ടിലിൽ ഇരിക്കുകയാണ് രാധ…. പതിയെ അടുത്ത് ചെന്ന് മനസ്സിൽ തിരതല്ലുന്ന കാമത്തിനെ അടക്കി മുഖത്തു സൗമ്യത വരുത്തി അവളുടെ മുഖം പിടിച്ചുയർത്തി രവി മെല്ലെ പറഞ്ഞു…. വിഷമിക്കരുത് മോളെ, എല്ലാം വിധിയാണ്!!!