Karimizhi

The World of Malayalam Stories

തുടർക്കഥകൾ

വധു : ഭാഗം 12

രചന – ആയിഷ അക്ബർ

തന്നെ ദേഷ്യത്തോടെ നോക്കുന്ന മിഴികൾ എല്ലാം തന്നെ ഇവിടെ നിന്നകന്ന് പോയെങ്കിലും എല്ലാവരും പോയപ്പോൾ ആ വീട്ടിൽ വല്ലാത്തൊരു നിശബ്ദത സ്ഥാനം പിടിച്ചിരുന്നു…..

അവൻ മാറ്റിയിറങ്ങി വല്യച്ഛനോടൊപ്പം എങ്ങോട്ടോ പോകുന്നത് കാണുന്നത് വരെയും താൻ മുറിയിലേക്ക് പോയില്ല….

അത്രയും സമയം അവൾ അടുക്കളയിൽ തന്നെ കഴിച്ച് കൂട്ടി….

എല്ലാവരും പോയത് കൊണ്ട് അടുക്കള ഒഴിഞ്ഞിരുന്നു….

അത് കൊണ്ട് തന്നെ എല്ലാത്തിനും വല്യമ്മയെ സഹായിക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല….

മോളവിടെ വെച്ചോളൂ….
അതൊക്കെ മുത്തശ്ശി ചെയ്തോളാം…..

പുളിയിഞ്ചി യിലേക്കുള്ള ഇഞ്ചി കുഞ്ഞ് കഷണങ്ങളായി നുറുക്കിയെടുക്കുമ്പോഴാണ് മുത്തശ്ശി അതും പറഞ്ഞങ്ങോട്ട് വന്നത്…..

കുഴപ്പമില്ല മുത്തശ്ശി…. ഞാൻ ചെയ്തോളാം….

അവളുടെ നേർമയുള്ള ആ വാക്കുകൾ മുത്തശ്ശിയിലൊരു സന്തോഷത്തിനിടം നൽകിയിരുന്നു….

അവന് പുളിയിഞ്ചി വല്യ ഇഷ്ടമാ…..
പണ്ട് അവര് അവധിക്ക് വരുമ്പോഴേക്കും ഞാൻ ഉണ്ടാക്കി വെക്കും…..
ഇനി മോള് വേണം എല്ലാം ചെയ്തു കൊടുക്കാൻ….

മുത്തശ്ശി അത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

വല്യമ്മ അടുക്കളയിൽ ഉള്ളത് പോലും ആരും അറിയില്ല….

അത്രയേറെ നിശബ്‍ധമാണ്…. എന്നാൽ മുത്തശ്ശി ആ കുറവ് നികത്തി കൊണ്ട് വാ തോരാതെ തന്നോട് സംസാരിച്ചു കൊണ്ടിരുന്നു…

അവന്റെ കൂടെ കൂടിയത് മുതൽ തനിക്കുണ്ടായ ആ ഒറ്റപ്പെടലിൽ നിന്ന് മോചനം കിട്ടിയത് പോലെ തോന്നിയവൾക്ക്….

അവർ പറയുന്നതിന് നിറഞ്ഞൊരു ചിരിയോടെ അവളൊരു കേൾവിക്കാരിയായി…

അടുക്കളയിലെ ജോലികളെല്ലാം ഒതുക്കി വെച്ചിട്ടാണ് അടുക്കളയിൽ നിന്ന് പോന്നത്….

അത് കൊണ്ട് തന്നെ അന്നത്തെ ദിവസം സമയം പോയതേ അവളറിഞ്ഞില്ല…

ഇനി മോള് പോയി കുളിച്ചോളൂ….

ഇതാ…. ഈ എണ്ണ തേച്ചാൽ മതി…..

മുത്തശ്ശി കാച്ചി വെച്ചൊരു കുപ്പി എണ്ണയെടുത് തനിക്ക് തന്നതും അവിടെ നിന്ന് തന്നെ അത് തലയിൽ തേച്ചു തുടങ്ങി ..

സായുവിന് ഏറ്റവും ഇഷ്ടമുള്ള മണമാണ്….
മുടിയിൽ പറ്റിപ്പിടിച്ച ഈ മണത്തിനു വേണ്ടി അവൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ തന്നെ തന്റെ മുടിയിലങ്ങനെ മുഖം ചേർക്കുമായിരുന്നു….

അവരതും പറഞ് പുഞ്ചിരിച്ചതും അവളുടേ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു….

അവൾ വേഗം തന്നെ കുപ്പി അടച്ചു വെച്ചു….

അവനിഷ്ടമുള്ള മണമെന്തിനു താൻ ഉപയോഗിക്കണം….

അവൾ മുറിയിൽ നിന്ന് കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഭക്ഷണം കഴിക്കാൻ മുത്തശ്ശി വിളിച്ചിരുന്നു….

ഒത്തിരി ഉത്സാഹത്തോടെ താഴെക്കിറങ്ങി വന്നപ്പോഴാണ് ഊണ് മേശയിലിരിക്കുന്ന അവനെ കാണുന്നത്….

അവളുടേ മുഖത്തെ തെളിച്ചം അപ്പാടെ മങ്ങി….

ഇത്രയും നേരം കൊണ്ട് തനിക്ക് കിട്ടിയൊരു സ്വാതന്ത്ര്യവും സന്തോഷവും ചെറുതായിരുന്നില്ല….

അവന്റെ സാമീപ്യം തന്നെ എത്തിക്കുന്ന തലങ്ങൾ എന്തെന്ന് അവൾക്ക് തന്നെ അറിയില്ല….

അവന്റെ അവഗണയോ തന്നോടുള്ള അകാരണമായൊരു ദേഷ്യമോ എന്തൊക്കെയോ തനിക്കവനോടുള്ള അകലം കൂട്ടുന്നു…

ഇവിടെയുള്ള കുറച് ദിവസങ്ങളിൽ എന്ത്‌ കൊണ്ട് നല്ലൊരു സുഹൃത്തായി അവന് തന്നെ കണ്ട് കൂടാ….

വാ… വന്നിരിക്..

മുത്തശ്ശി അത് പറഞ്ഞപ്പോഴാണ് താൻ അവനെ നോക്കി നിന്ന് നടക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ആലോചിക്കുകയാണെന്ന് ഓർത്തത്…..

മുത്തശ്ശി വിളിച്ചത് കൊണ്ട് തന്നെ എല്ലാവരുടെയും മിഴികൾ തന്നിലേക്ക് പതിച്ചു ……

അവൾ പതിയേ വന്നു വല്യമ്മക്കരികിലായിരുന്നു….

എതിർ വശമുള്ള അവൻ തന്നെ കണ്ടെന്നു പോലും നടിക്കുന്നില്ല…..

അവൻ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയാണ്….

എന്നാൽ ഇന്നലത്തെതിൽ നിന്നും വ്യത്യസ്തമായി ഇന്നാ മേശ മേൽ ഭക്ഷണത്തിനോപ്പം നിറഞ്ഞ സന്തോഷം കൂടി വിളമ്പി വെച്ചിരുന്നു…

എല്ലാവരും പരസ്പരം സംസാരിച്ചും തമാശ പറഞ്ഞും ചിരിച്ചും എല്ലാവരുടെ മുഖവും പ്രസന്നമായിരുന്നു…

താനൊന്നിലും കയറി സംസാരിക്കുന്നില്ലെങ്കിൽ കൂടി വല്യച്ചനോ മുത്തശ്ശനോ എന്തെങ്കിലും പറഞ് തന്നെ കൂടെ അവരിലൊരാളാക്കാൻ ശ്രമിക്കുന്നത് അവൾ ശ്രദ്ധിച്ചു……

താനതിന് പതിഞ്ഞൊരു മറുപടി മാത്രം നൽകി അല്പം ഉൾവലിഞ്ഞു തന്നെ നിന്നു…..

അപ്പോഴും അവന്റെ മുഖത്തെ ഭാവ മെന്തെന്ന് തനിക്കറിയില്ലായിരുന്നു….

എന്ത് പറയണം പറയേണ്ട എന്ന് പഠിപ്പിച് തരാത്തത് കൊണ്ട് തന്നെ എന്തെങ്കിലും പറഞ്ഞാലോ പറഞ്ഞില്ലെങ്കിലോ തെറ്റാകുമോയെന്നു അവൾ ക്ക് ആശങ്കയുണ്ടായിരുന്നു…

എങ്കിലും ഒത്തിരി ഒത്തിരി നാളുകൾക്ക് ശേഷം മനസ്സറിഞ്ഞു ഭക്ഷണം കഴിച്ചത് പോലെയവൾക്ക് തോന്നി…..

വയറിനൊപ്പം മനസ്സും നിറച്ചൊരു ഊണായിരുന്നത്….

തനിക്ക് കിട്ടാത്ത ഒത്തിരി കാര്യങ്ങൾ പകർന്നു തരാനാവും ഒരു പക്ഷെ അവനിലേക്ക് ദൈവം തന്നെ ചേർത്ത് വെച്ചതെന്ന് അവൾക്ക് ആ നിമിഷം തോന്നിപ്പോയി….

അല്ലെങ്കിലും ഏതൊരു നിമിഷവും മനോഹരമാവുന്നത് കളങ്കമില്ലാത്ത സ്നേഹത്തിലൂടെയും സംസാരങ്ങളിലൂടെയും ചേർത്ത് നിർത്തലുകളിലൂടെയും ഒക്കെ തന്നെയാണ്….

ഇതൊന്നും അനുഭവിക്കാൻ പോലും യോഗമില്ലാത്ത തന്നെ നിർഭാഗ്യവതി എന്നല്ലാതെ എന്ത്‌ വിളിക്കാൻ കഴിയും….

അവൾക്കവനോട് ഒരു അസൂയ തോന്നി.
ഇവർക്കിടയിൽ ജനിക്കാനും ഇവരുടെ സ്നേഹങ്ങൾ ലഭിക്കാനും ഭാഗ്യ മുണ്ടായതോർത്തു…

എന്നാൽ അതിലേറെ ദേഷ്യവും….

സ്നേഹിക്കാൻ മാത്രമറിയുന്ന ഈ പാവങ്ങളെ എന്തിന് പറ്റിച്ചു….

അതിൽ താൻ കൂടി ഒരു ഭാഗമായി എന്നോർക്കുമ്പോഴേ അവൾക്ക് വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു…

🔹🔹🔹🔹🔹🔹🔹 🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭക്ഷണം കഴിച് കഴിഞ്ഞ് വീണ്ടും അവൻ പോയത് തന്നിൽ വല്ലാത്തൊരു ആശ്വാസത്തിനിടം നൽകിയിരുന്നു…..

ആ മുറിയിലും വീട്ടിലും എല്ലായിടത്തും സ്വതന്ത്രമായി നടക്കാനുള്ള ഒരു അവസരമായിരുന്നു തനിക്കത്….

വൈകുന്നേരം ആയപ്പോൾ തന്നെ വേഗം താഴെക്കിറങ്ങി…..

മുത്തശ്ശനും മുത്തശ്ശിയും അപ്പോഴേക്കും ഉമ്മറത്തെത്തിയിട്ടുണ്ടായിരുന്നു…..

ആ ഉമ്മറത്തിനു കൂട്ടായെന്ന പോൽ അവരെപ്പോഴും അവിടെയാണെന്നവളോർത്തു…..

ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കുന്ന മുത്തശ്ശനും അതിനരികിലെ തിണ്ണയിലിരുന്നു മുത്തശ്ശനോട് സംസാരിക്കുന്ന മുത്തശ്ശിയും മനോഹരമായൊരു കാഴ്ചയായി അവൾക്ക് തോന്നി….

അവരെപ്പോഴും അവരുടേതായ നിമിഷങ്ങളും സംസാരങ്ങളും ഒക്കെ ഏറെ ആസ്വദിക്കുന്നത് പോലെ…..

അവൾ വാതിൽ പടിയിൽ എത്തി ഒന്ന് നിന്നപ്പോൾ തന്നെ മുത്തശ്ശി തന്നെ അരികിലേക്ക് വിളിച്ചു….

അവരുടെ ആ ലോകത്തേക്ക് താൻ കൂടി കലർന്നത് എത്ര പെട്ടെന്നാണ്….

മുത്തശ്ശൻ ഒരു തമാശക്കാരനാണ്….

പലപ്പോഴും പണ്ടത്തെ ഓരോ കാര്യങ്ങളിൽ തമാശ കലർത്തിയാണ് പറയാറുള്ളത്…..

ചെറിയ കാര്യങ്ങൾക്ക് പോലും തനിക്കെത്ര പെട്ടെന്നാണ്‌ ചിരി വരുന്നത്…..

സംസാരതിനിടയിൽ മുത്തശ്ശി എഴുന്നേറ്റ് പോയി കട്ടൻ ചായയുമായാണ് വന്നത്….

ഗ്ലാസ്സിലേക്ക് പകർത്തി കൊണ്ട് വന്ന ആ ചായയവൾ ചുണ്ടോടു ചേർത്തു……

ശർക്കരയിട്ട നല്ല കട്ടൻ കാപ്പിയായിരുന്നത്..

മനസ്സിനും ശരീരത്തിനും ഒരു സുഖം പടർന്നു…..

വല്യമ്മ….
ഒരു മുറുക്ക് ഇറക്കി കഴിഞ്ഞാണ് അവളത് ചോദിച്ചത്….

അവൾക്ക് വൈകുന്നേരത്തെ ചായ പതിവില്ല…..
ഉച്ച കഴിഞ്ഞാൽ പിന്നെ കുറച്ച് കഴിഞ്ഞേ അവൾ മുറിയിൽ നിന്നിറങ്ങു….

മുത്തശ്ശി യത് പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു….

കാപ്പി ഇഷ്ടമായോ മോൾക്ക് ….

ആസ്വദിച്ചു കാപ്പി കുടിക്കുന്നവളെ നോക്കി വല്ലാത്തൊരു ആനന്ദത്തോടെയാണ് അവരത് ചോദിച്ചത്…..

മ്മ്…..
അവളൊന്നു പുഞ്ചിരിച്ചു….

സായുവിന് എന്റെ മനസ്സിലുള്ളൊരു കുട്ടി നിന്നെ പോലെ തന്നെയായിരുന്നു…

മുത്തശ്ശി ഒരു ഒഴുക്കോടെ തന്നെ നോക്കിയത് പറയുമ്പോൾ അവളുടേ കണ്ണുകളൊന്നു പിടഞ്ഞു…

ആ പാവങ്ങളെ പറ്റിക്കുന്നു എന്നൊരു കുറ്റ ബോധം അവളെ വരിഞ്ഞു മുറുക്കി…

അവരുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നത് പോലെ…

അവളോന്നു പുഞ്ചിരിക്കാൻ പ്രയാസപ്പെട്ടു…..

ഏറെ നോവോടെ അവളോന്നു പുഞ്ചിരിച്ചു….

മോൾടെ വീട് അവിടെ അടുത്താണോ….

വീടിനെ കുറിച് ചോദിച്ചത് മുത്തശ്ശനായിരുന്നു…..

എന്താ പറയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു…
അതിനെ കുറിച്ചൊന്നും ഒന്നും അവൻ തനിക്ക് പറഞ് തന്നിട്ടില്ല….

മ്മ്…..
അവൾ പതിയേ മൂളി….

വീട്ടിലാരൊക്കെയുണ്ട്….

മുത്തശ്ശൻറെ അടുത്ത ചോദ്യം തന്റെ തലയിലൂടെ എന്തൊക്കെയോ വിള്ളലുകൾ സൃഷ്ടിച്ചു….

വാത്സല്യത്തോടെ തഴുകുന്ന അമ്മയുടെ ചുളിവ് വീണ കൈ വിരലുകൾ……
ചാലിട്ടോഴുകുന്ന കണ്ണു നീരിനിടയിലൂടെ കാണുന്ന മുകളിലെ തട്ടിൻ പുറം….
എരിഞ്ഞടങ്ങുന്ന തീ തന്നിലേക്കും ആളി പടരുന്നത് പോൽ….
ചന്ദന തിരിയുടെ വേദന കലർന്ന സുഗന്ധം…..
കാമത്തോടെ തന്നിലേക്ക് അടുക്കുന്നവൻ…..
മൂക്കിലേക്ക് തുളച്ചു കയറുന്ന കഞ്ചാവിന്റെ ഗന്ധം……
കണ്ടവന്മാരുടെ കൂടെ കള്ളും കഞ്ചാവും മോന്തി നടന്നവളൊന്നും ഇനിയീ നാട്ടിൽ കാല് കുത്തരുത്…
ചെവിയിൽ ആരുടെയൊക്കെയോ വാക്കുകൾ ഉയർന്നു കേൾക്കും പോലെ….

അവളൊരു നിമിഷം കണ്ണുകൾ കൂട്ടിയടച്ചു….

ബാല മോളേ…

മുത്തശ്ശി തോളിൽ കൈ വെച്ചപ്പോഴാണ് ആ കണ്ണുകൾ വലിച്ചു തുറന്നത്…..

കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…

താൻ പോലുമറിയാതെ…

എന്താ…. എന്താ മോളേ….

മുത്തശ്ശനും മുത്തശ്ശിയും ഒരേ വെപ്രാളത്തോടെ എഴുന്നേറ്റ് തനിക്കരികിലേക്ക് വന്നു…

ഏയ്…. ഒന്നുമില്ല മുത്തശ്ശി… എനിക്ക് വല്ലാത്ത തലവേദന… ഞാനൊന്ന് കിടക്കട്ടെ……

അതും പറഞ് കൊണ്ടവിടെ നിന്നും നടക്കുമ്പോൾ ഓർമകളത്രയും തന്നെ ഏതോ ഒരു ഇരുട്ടിലേക്ക് തള്ളിയിട്ടിരുന്നു…..

(തുടരും)

LEAVE A RESPONSE