24/04/2026

സാഫല്യം : ഭാഗം 05

രചന – അജി

“മീനാക്ഷി എബി തോമസ്…..”

നഴ്സിന്റെ വിളിയിൽ അവൻ അവർക്കരികിൽ ചെന്നു….!

“മീനാക്ഷി പ്രസവിച്ചു….. ആൺകുട്ടിയാണ്…..”

എബി ഒന്ന് പുഞ്ചിരിച്ചു…..!

അച്ഛന്റെ സ്ഥാനത് നിന്നും ആ കുഞിനെ അവൻ കയ്കളിൽ വാങ്ങി….. ആ കുഞ്ഞു നെറ്റിയിൽ ഉമ്മ വെച്ചതും അവൻ ഒന്ന് നെരുങ്ങി….അന്ന് അവൻ അനുഭവിച്ച അതെ അനക്കം…..,!

മീനുവിനെയും വീൽ ചെയറിൽ ഇരുത്തി കൊണ്ട് വന്ന നഴ്സിനെ കണ്ടതും എബി ചെറുതായി ഒന്ന് ഞെട്ടി…. അവൾ എബിയെ നോക്കി ഒന്ന് പുഞ്ചിരിച്ചതും എബിയും നേർത്ത ഒരു പുഞ്ചിരി നൽകി…..!

“ഡോക്ടർക്ക് ഞാൻ ഒരു ബുദ്ധിമുട്ട് ആയി അല്ലെ…..,”

“പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആയി….”

അതിന് മീനു കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു….

“ചേച്ചി രാവിലെ വരും….”

“മ്മ്….ഡോക്ടർ വേണെങ്കിൽ വീട്ടിൽ പോയിക്കോ….,”

“അതെന്താ എന്നെ കൊണ്ടുള്ള ആവശ്യം തീർന്നോ….”

“അതല്ല ഡോക്ടർ…. ഞാൻ കാരണം ഡോക്ടർക്ക് ഉറക്കം പോയില്ലേ….”

“ആദ്യം നീ ഈ ഡോക്ടർ വിളി നിർത്ത്….. ഇവിടെ ഞാൻ നിന്റെ ഹസ്ബൻഡ് ആണ്…..”

അത് കേട്ടതും മീനു പേടിച്ച പോലെ സൈലന്റ് ആയി…..

മീനുവിന്റെ തൊട്ടടുത്തു നിന്നും കുഞ് കരച്ചിൽ തുടങ്ങിയതും മീനു പതിയെ എണീറ്റു കുഞിനെ കയ്യിൽ എടുത്തു….എബിയെ ഒന്ന് നോക്കിയതും അവൻ അവിടെ നിന്നും എണീറ്റു….
“ഞാൻ പുറത്ത് ഉണ്ടാവും….”

മീനു അതിന് ഒന്ന് തലയാട്ടി….!!

രാവിലെ തന്നെ എബി മീനുന് കഴിക്കാൻ ഉള്ളതെല്ലാം വാങ്ങി കൊടുത്തു….!

“വാ…. വ….”

മോൾ കുഞിന്റെ അടുത്ത് ഇരുന്നു വിളിച്ചതും മീനു നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു…..

“മോൾക്ക് വാവയെ ഇഷ്ടായോ….”

എബി ആയിരുന്നു ചോദിച്ചത്…. അതിനവൾ കുഞിന്റെ അടുത്ത് ഇരുന്നു ഉമ്മ വെക്കാൻ തുടങ്ങി…..കുഞ് കരച്ചിൽ തുടങ്ങിയതും എബി മോളെ എടുത്തു….!

“മോൾ വാ….നമുക്ക് ഫുഡ്‌ കഴിക്കണ്ടേ…..”

എന്നും പറഞ്ഞു അവൻ മോളെയും കൊണ്ട് പുറത്തേക്കിറങ്ങി….. മോളോട് ഓരോന്ന് പറഞ്ഞു നടക്കുമ്പോൾ ആണ് എബിയുടെ കണ്ണുകൾ തന്റെ നേർക്ക് നടന്നു വരുന്ന ആളെ കണ്ടത്…..

“സാന്ദ്ര….”

അവൻ സ്വയം ഉരുവിട്ടു കൊണ്ട് മോളെ ഒന്ന് നോക്കി….തന്റെ മോൾക്ക് ജന്മം കൊടുത്തവൾ….ആരുടെയോ കയ്യിൽ പിടിച്ചു തൂങ്ങിയാണ് അവളെ നടപ്പ്….അത് കണ്ടതും എബി സ്വബോധം വീണ്ടെടുത്ത പോലെ അവരെ യാതൊരു മുൻ പരിചയവും ഇല്ലാത്ത പോലെ മുന്നോട്ട് നടന്നു…..

എബിയെ ക്രോസ് ചെയ്തു പോയതും അവൾ ഒന്ന് തിരിഞ്ഞു നോക്കി…..അവൻ യാതൊരു പരിചയവും കാണിക്കാതെ പോയതും അവളും മുന്നോട്ട് നടന്നു…..
“ഹേയ്…. മീരാ….”

“ഹ…. സാന്ദ്ര….”

സാന്ദ്ര മീരക്കരിക്കിൽ ചെന്നു…..!

“എന്തായി ഞാൻ വിളിച്ചു പറഞ്ഞ കാര്യം…..”

“അത് റെഡി…. നീ പ്രെഗ്നന്റ് ആണോ…..”

“ആ….മൂന്ന് മാസം ആയി…..”

“ഹ്മ്മ്….”

“മീരാ….ആ എബി ഡോക്ടർ എന്താ ഈ ഹോസ്പിറ്റലിൽ…..നീ ആളെ കണ്ടിരുന്നോ…..”

“ഹ കണ്ടിരുന്നു…..കക്ഷിയുടെ വൈഫിന്റെ ഡെലിവറി ഇവിടെയാ…..”

“ഓ…..അപ്പൊ അങ്ങേര് വേറെ കെട്ടിയോ…..”

“കെട്ടി ഒരു കൊച്ചും ആയി…..”

“എങ്ങനെ ഉണ്ട് രണ്ടാം ഭാര്യ…..കാണാൻ കൊള്ളാവോ…..”

“തനി നാട്ടിൻപുറത്തുകാരി…. കാണാനും കൊള്ളാം….ഒന്നും കാണാതെ ഡോക്ടർ അവളെ കെട്ടുമോ…..”

“ഏയ്‌ പുള്ളിക്ക് വലിയ സങ്കല്പങ്ങൾ ഒന്നും ഇല്ല….ഒരു പക്ഷെ മോൾക്ക് വേണ്ടിയാവും വീണ്ടും വിവാഹം ചെയ്തത്…..”

“എന്താടി സംസാരത്തിൽ ഒക്കെ ഒരു നഷ്ടബോധം…..”

“കയ് വിട്ടു പോയതോന്നും ഇനി തിരിച്ചു പിടിക്കാൻ ആവില്ലല്ലോ മീര….എന്തായാലും നീ അവരെ റൂം നമ്പർ പറ….. ഞാൻ ഒന്ന് കാണട്ടെ…..”

“അത് വേണോ സാന്ദ്ര….”

“ചുമ്മാ ഒന്ന് കാണാൻ…..”

അത് കേട്ടതും മീര റൂം കാണിച്ചു കൊടുത്തു…..!

“ഹായ്…. മീനാക്ഷി…..”

അത് കേട്ടതും മീനു എണീറ്റു സാന്ദ്രയെ ഒന്ന് നോക്കി…..!

“എനിക്ക്…. മനസ്സിൽ ആയില്ല…..”

“ഞാൻ സാന്ദ്ര….”

“മ്മ്….”

അവൾ അമ്മാവനെ ഒന്ന് നോക്കി…. സാന്ദ്ര മീനുവിനരികിൽ ഉള്ള കുഞിനെ നോക്കി പുഞ്ചിരിച്ചു…..!

“ഇവന് എബിയുടെ ഛായ ഒന്നും കിട്ടീട്ടില്ല….”

അത് കേട്ടതും മീനുവിന്റെ തല താണു…..!

“മീനാക്ഷിയെ പോലെ തന്നെയാ…..”

അത് അങ്ങനെ തന്നെ മതി…. ഒരിക്കലും ഇവന്റെ അച്ഛന്റെ മുഖഛായ ആവരുത്…. അത് മാത്രം ആയിരുന്നു മീനുവിന്റെ പ്രാർത്ഥനയും…..!

സാന്ദ്രയെ ഒരിക്കലും ആ റൂമിൽ പ്രതീക്ഷിക്കാതെ എബി കയറി വന്നതും സാന്ദ്രയെ കണ്ട് അവൻ ഞെട്ടി തരിച്ചു നിന്നു…. മോളെ തന്റെ കയ്യിൽ തന്നെ പിടിച്ചു….. സാന്ദ്ര അവനെയും അവന്റെ കയ്യിൽ ഉള്ള തന്റെ മോളെയും നിരാശയോടെ ഒന്ന് നോക്കി…..

“എങ്കിൽ ഞാൻ ചെല്ലട്ടെ മീനാക്ഷി…..”

അതും പറഞ്ഞു ഒന്ന് കൂടി എബിയെ നോക്കി അവൾ ഇറങ്ങി…. എബി അവളെ ഒന്ന് നോക്കാൻ പോലും നിക്കാതെ മാറി നിന്നു……!

“ആരാ മോനെ അത് നിനക്ക് അറിയോ….”

അമ്മാവന്റെ ചോദ്യത്തിന് മുന്നിൽ അവൻ പതറി…..!

“ഇല്ല…..”

അവൻ അത്രയും പറഞ്ഞു മോളെയും അവിടെ നിർത്തി ഇറങ്ങി….

“ഒന്ന് നിന്നെ…..”

അത് കേട്ടതും സാന്ദ്ര പുഞ്ചിരിയോടെ ഒന്ന് നിന്നു…. ആ വരവ് അവൾ പ്രതീക്ഷിച്ചത് തന്നെയാണ്…..!

“എന്ത് അവകാശത്തിലാ നീ എന്റെ ഭാര്യയുടെ റൂമിലേക്ക് വന്നത്….”

“ഒന്നുല്ലേലും ഞാനും എബിയുടെ ഭാര്യ ആയി കുറച്ചു കാലം കഴിഞ്ഞതല്ലേ….പോരാത്തതിന് നമ്മുടെ ബന്ധത്തിൽ ഒരു മോളും ഉണ്ട്…..”
“എന്റെ ഭാര്യ ആയി കഴിഞ്ഞതിനോ ഒരു മോൾക്ക് ജന്മം കൊടുത്തതിനോ നിന്റെ കയ്യിൽ വല്ല തെളിവും ഉണ്ടോ…..”

“അതെന്തു ചോദ്യമാ എബി…. നമ്മുടെ മോൾ തന്നെ അല്ലെ ഏറ്റവും വലിയ തെളിവ്…..”

“ഹ്മ്മ്…നമ്മുടെ മോളോ….ആ മോൾ പറക്കമുറ്റും മുന്നേ സ്വന്തം സുഖം തേടി പോയതല്ലേ നീ….ഏതെങ്കിലും ഒരു അമ്മ ചെയ്യുമോ അങ്ങനെ…..”

“എബി പ്ലീസ്…. ഞാൻ അവകാശം പറയാൻ ഒന്നും വന്നില്ലല്ലോ പിന്നെന്താ പ്രശ്നം…..”

“നീ ഒരിക്കലും എന്റെയോ എന്റെ മോളുടെയോ കണ്മുന്നിൽ വരരുത്…. അത് തന്നെയാ എന്റെ പ്രശ്നം…..”

“ഓ….. അല്ലേലും ഞാൻ ഇങ്ങോട്ട് വന്നത് എബിയെ കാണാൻ അല്ല….എന്റെ ലൈഫിൽ ഞാൻ ഒരിക്കലും നിങ്ങളെ കാണാനും ആഗ്രഹിക്കുന്നില്ല…..”
“അത് തന്നെയാ എനിക്കും നിനക്കും നല്ലത്…..”

“പക്ഷെ എനിക്ക് തോന്നുമ്പോഴെല്ലാം ഞാൻ എന്റെ മോളെ കാണാൻ വരും….. അത് ആർക്കും തടയാൻ ആവില്ല…..”

“നൊ…. ഒരിക്കലും നീ എന്റെ മോളെ കാണില്ല….”

“കൂൾ മിസ്റ്റർ എബി തോമസ്….. ഒരു കോർട്ടും പെറ്റമ്മയ്ക്ക് കുഞിനെ കാണാൻ ഉള്ള അവകാശം നിഷേധിക്കില്ല…..”

“നീ അമ്മയാണെന്ന അവകാശവും പറഞ്ഞങ്‌ ചെല്ല്….. അപ്പൊ അറിയും നീ ഈ എബി തോമസ് ആരാണെന്ന്……”

അവൻ പുച്ഛത്തോടെ ഉള്ള ചിരിയോടെ പറഞ്ഞു…..

സാന്ദ്ര അവൻ പറഞ്ഞത് ഒന്നും മനസ്സിൽ ആവാതെ എബി നടന്നു നീങ്ങുന്നതും നോക്കി നിന്നു……!

“എന്താ എബി ഡോക്ടർ പറഞ്ഞത്…..”

“എന്റെ മോളെ അവകാശം നിഷേധിച്ചു എന്ന്….. തത്കാലം മോൾ അയാളെ കൂടെ നിൽക്കട്ടെ…..ചെല്ലും ഞാൻ ഒരിക്കൽ അയാളെ മുന്നിൽ എന്റെ മോളെ അവകാശവും പറഞ്ഞു കൊണ്ട്…..”

“ഇനിയും എന്തിനാടി ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നെ…. നീയായിട്ട് നിന്റെ ലൈഫ് തേടി പോയതല്ലേ…..”

“പക്ഷെ അന്ന് എനിക്ക് അതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…. അന്ന് ഞാൻ ഇറങ്ങുമ്പോൾ മോളെയും കൊണ്ട് ഇറങ്ങണം ആയിരുന്നു അതാ എനിക്ക് പറ്റിയ തെറ്റ്….”

അവൾ വിഷമത്തോടെ പറഞ്ഞു…..!

“ഇന്ന് എന്റെ മോളെ കണ്ടപ്പോൾ അവളെ ഒന്ന് കയ്യിൽ എടുക്കാൻ പോലും ആവാതെ ഞാൻ…..”

മീരയും അവളെ വിഷമം കണ്ട് ഒന്നും പറയാൻ ആവാതെ നിന്നു…..!!

&&&&&&&&&&&&&&

“പോസിറ്റീവ് തന്നെയാണ്….”

അത് കേട്ടതും ദേവനും കല്യാണിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു…..!

“ഫുൾ ടൈം ബെഡ് റസ്റ്റ്‌ വേണം…..ഹസ്ബൻഡ് തത്കാലം കല്യാണിയുടെ അടുത്ത് നിന്നും മാറി കിടക്കട്ടെ….”

“മ്മ്….”

കല്യാണി പുഞ്ചിരിച്ചു കൊണ്ട് ഒന്ന് മൂളി…..!ദേവനിൽ വീണ്ടും ഒരു കുഞ് എന്ന പ്രതീക്ഷ പൂവണിയുക ആയിരുന്നു….!

“ഇതെന്താടാ ഇവൾക്ക് മാത്രം ഇങ്ങനെ…. ഏതു നേരം നോക്കിയാലും കിടക്കണം എന്നൊക്കെ വെച്ചാൽ…. നീ ഒരു കാര്യം ചെയ്യ് ഒന്നുകിൽ അവളെ വീട്ടികൊണ്ട് വിട് അല്ലെങ്കിൽ ഒരുത്തിയെ അവളെ കാര്യങ്ങൾ ഒക്കെ നോക്കാൻ നിർത്ത്…..”

“അമ്മ എന്താ ഈ പറയുന്നത് ഈ അവസ്ഥയിൽ എനിക്ക് അതിന് പറ്റില്ലെന്ന് അമ്മയ്ക്ക് അറിയില്ലേ…..”

“ഹ എന്ന് കരുതി അവളെ ഈ പ്രായം ആയ ഞാൻ നോക്കണം എന്നാണോ…. ഞാനും രണ്ടെണ്ണത്തിനെ പെറ്റതാ…. നിന്നെ ഒക്കെ പ്രസവിക്കുന്ന അന്ന് വരെ ഞാൻ ഒന്ന് കിടന്നിട്ടില്ല…..,”

“എന്റെ അമ്മേ ഒന്ന് പതുക്കെ പറ…..”

“എനിക്കാരെയും പേടിയില്ല….നീ അവളെ
വീട്ടിൽ കൊണ്ട് വിട്…. അവര് നോക്കിക്കോളും…..”

ദേവനും അത് ശരിയാണെന്ന് തോന്നി…..!

“ഡോക്ടർ ബെഡ് റസ്റ്റ്‌ പറഞ്ഞ സ്ഥിതിക്ക് നീ നിന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിക്കുന്നതാവും നല്ലത്….”

“ദേവന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ ദേവന്റെ ഒരു കുഞിനെ ഉണ്ടക്കാൻ വേണ്ടി മാത്രം വന്നതാണെന്ന്….. അത് കഴിഞ്ഞാൽ ഞാൻ അങ്ങ് പോവണം…..”

“അതല്ല കല്യാണി…. അമ്മയ്ക്ക് ഈ പ്രായത്തിൽ നിന്നെ നോക്കാൻ കഴിയില്ലെന്ന് നിനക്ക് അറിയില്ലേ…..”

“അതിന് അമ്മ നോക്കണം എന്നാരു പറഞ്ഞു….. ദേവൻ നോക്കിയാൽ മതി എന്നെ…..”

“ഞാനൊ…. എനിക്ക് ജോലിക്ക് പോവേണ്ടത് അല്ലെ…..”

“അത് കഴിഞിട്ട് മതി…. എനിക്ക് വല്ലതും കഴിക്കാൻ ഉണ്ടാക്കി വെച്ചു ദേവൻ പോയിക്കോ….തിരിച്ചു വന്നാൽ നൈറ്റിലേക്കുള്ള ഫുഡ്‌ ഉണ്ടാക്കിയാൽ മതി….”

ദേവൻ അരിച്ചു വന്ന ദേഷ്യം കടിച്ചമർത്തി നിന്നു…..

“ആ പിന്നെ പോവുന്നതിന് മുന്നേ എന്റെയും ദേവന്റെയും ഡ്രസ്സ്‌ ഒന്ന് വാഷ് ചെയ്തു ഇടണം…. വീടൊക്കെ അമ്മ തൂത്തു വാരിക്കോളും….. അത്രക് വയ്യാതൊന്നും ഇല്ല അമ്മയ്ക്ക്…..”

“മ്മ്….”

ദേവൻ അരിശത്തോടെ തന്നെ മൂളി…. ഒരു കുഞ്ഞുണ്ടാവുന്നത് വരെ അവളെ സഹിക്കാം…..!

ഓരോ ദിവസവും ദേവൻ നല്ല പോലെ അടുക്കള ജോലിയും പഠിച്ചു തുടങ്ങി…..

ചായയ്ക്ക് ഒന്ന് മധുരം കൂടിയാൽ കറികൾക്ക് ഉപ്പ് ഇത്തിരി കൂടിയാൽ ഒക്കെ മീനാക്ഷിയെ കരയിച്ചത് പോലും അവൻ ഓർത്തു……!

@@@@@@@@@@

മോൾ കുഞിനെയും നോക്കി ഏതു സമയം നോക്കിയാലും മീനുവിന്റെ അടുത്താണ്…..മീനു കുഞിനെ കയ്യിൽ എടുത്തു ഇരുന്നതും മോൾ അവളെ വലയം വെച്ചു നടക്കാൻ തുടങ്ങി…..!

“മോളൂ…. ദേ വീഴും കേട്ടോ…..”

മീനു മോളോടായി പറഞ്ഞതും മോൾ ചിരിച്ചു കൊണ്ട് മീനുവിന്റെ മടിയിൽ കയറി ഇരുന്നു…..

“ക്ഷീണിച്ചില്ലേ….. ഇനി കുറച്ചു നേരം അമ്മയുടെ അടുത്ത് ഇരിക്ക് കേട്ടോ….”

മീനു മോളെ മറ്റേ കയ് കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…..

“മോളെ…..”

എന്നും വിളിച്ചു എബി കയറി വന്നതും മീനു ഞെട്ടി കൊണ്ട് സാരി മാറിലേക്ക് നീക്കിയിട്ടു…..!

“സോറി…. ഞാൻ പെട്ടെന്ന്…..”

അതിന് മീനു എബിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..!

“മോൾ വാ അമ്മ വാവയെ ഉറക്കട്ടെ…..”

“ഇല്ല….”

മോൾ കുറുമ്പോടെ പറഞ്ഞതും എബി മോൾക്കരികിൽ ചെന്നു…..

“മോൾ എന്താ പപ്പയോട് ദേഷ്യം ആണോ…..”

“ആ…..”

“എന്തിന്…..”

മോൾ എന്തൊക്കെയോ പറഞ്ഞതും എബി കാര്യം മനസ്സിൽ ആവാതെ മീനുവിനെ നോക്കി…..

“മോളെ വാവയെ കൂടെ കിടക്കാൻ സമ്മതിക്കാത്തതിന്റെയാ ഈ പിണക്കം…..”

“ആണോ…. വാവ ഇത്തിരി കൂടി വലുതായാൽ മോൾക്ക് വാവയെ കൂടെ കിടക്കാം…. കളിക്കാം….എന്ത് വേണേലും ചെയ്യാം….”

“മോൾ എന്റെ അടുത്ത് കിടന്നോട്ടെ…. ഞാൻ നോക്കിക്കോളാം….”

“അത് മീനുന് തന്നെയാ ബുദ്ധിമുട്ട്….”

“ഒരു ബുദ്ധിമുട്ടും ഇല്ല….”

മീനു മോളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു…..!

അത് കേട്ടതും എബി മോളെ ഒന്ന് നോക്കി മുറിയിൽ നിന്ന് ഇറങ്ങാൻ നേരം മോൾ ഓടി ചെന്നു അവന്റെ കയ്യിൽ പിടിച്ചു…..

“പപ്പാ…. വാ…..”

മോൾ എബിയെ നോക്കി ബെഡിൽ കിടക്കാൻ കാണിച്ചതും എബി നോക്കിയത് മീനുനെയാണ്….. മീനുവും അതെ അവസ്ഥയിൽ എബിയെ ഒന്ന് നോക്കി…..!

“മക്കൾക്ക് അറിയാം അമ്മയും അച്ഛനും ഒരുമിച്ച് ഒരു മുറിയിൽ ആണ് കഴിയേണ്ടത് എന്ന്…..”

എബിയുടെ അമ്മ പറഞ്ഞതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി…. മോൾ അപ്പോഴും വാശിയോടെ എബിയെ ബെഡിൽ കിടത്താൻ കയ്യിൽ പിടിച്ചു വലിക്കുകയാണ്…..!

“മോൾക്ക് വേണ്ടിയല്ലേ ഇവിടെ കിടന്നോളൂ…..മോൾ ഉറങ്ങി കഴിഞ്ഞ് പോവാം…..”

മീനു അറ്റത്തേക്ക് കുഞിനെയും കൊണ്ട് നീങ്ങി മോളെയും അതിനടുത്തായി കിടത്തി….മോൾ എബിയെ പിടിച്ചതും അവൻ മീനുവിനെ ഒന്ന് നോക്കി മോൾക്കരികിൽ ആയി കിടന്നു…..!

അവന്റെ കയ് മോളെ മേലേക്ക് വെച്ചതും കയ് വെച്ചത് മീനുവിന്റെ കയ്യിൽ ആണ്….. അത് അറിഞ്ഞതും രണ്ട് പേരും കയ് പിൻവലിച്ചു….!

മീനുവിന് എന്തോ എബിയുടെ നോട്ടം താങ്ങാൻ ആവാത്ത പോലെ….!അത് കൊണ്ട് തന്നെ അവൾ അവനിൽ നിന്നും നോട്ടം മാറ്റി…..എബി ഉറങ്ങിയതും മീനു ഒരു ഷീറ്റ് എടുത്തു അവനെയും മോളേയും പുതച്ചു കൊടുത്തു…..!

ഇടക്ക് കുഞ് ഉണർന്നതും മീനു നോക്കിയത് എബിയെ ആണ്…. അവൻ ഒന്നും അറിയാതെ നല്ല ഉറക്കം ആണ്…. അത് കണ്ടതും മീനു തിരിഞ്ഞു ഇരുന്നു കുഞിനെ ഉറക്കി…..

രാവിലെ എണീറ്റ എബി കണ്ടത് കുഞിനെയും മോളെയും ഒരു പോലെ ചേർത്ത് പിടിച്ചു കിടക്കുന്ന മീനുനെയാണ്….. അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് എണീറ്റു…..!!

“കുഞിന് പേരിടൽ ചടങ്ങ് നടത്തണ്ടേ…. ഇപ്പോ തന്നെ രണ്ട് മൂന്ന് മാസം ആയില്ലേ….”

എബി മീനുവിനെ നോക്കി ചോദിച്ചതും മീനു തലയും താഴ്ത്തി നിന്നു…..

“നീ വല്ല പേരും കണ്ട് വെച്ചിട്ടുണ്ടോ….”

“ഇല്ല….”

“എങ്കിൽ നീ ഒരു പേര് പറ…. നമുക്ക് നാളെ തന്നെ അത് നടത്താം…..”

“അ….. അത്….. ഡോക്ടർ തന്നെ തീരുമാനിച്ചാൽ മതി…..”

“ഞാൻ ഇടുന്ന പേരൊക്കെ ക്രിസ്ത്യൻസിന്റെയാവും…..”

“അത് മതി….”

മീനു തല താഴ്ത്തി കൊണ്ട് പറഞ്ഞതും എബി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു….!

“അത് ശരിയാ ഈ വീട്ടിൽ നമ്മുടെ മോൻ ആയല്ലേ ഇവൻ കഴിയേണ്ടത്…. നാളെ നിന്റെ വീട്ടുകാരെ വിളിച്ചു ഒരു ചെറിയ ചടങ്ങ് നടത്താം….നീ എന്ത് പറയുന്നു…..”

“എല്ലാം ഡോക്ടർ തീരുമാനിച്ചോളൂ….”

“നിന്റെ നിൽപും വിളിയും കേട്ടാൽ തോന്നും നീ എന്റെ പേഷ്യന്റ് ആണെന്ന്…. നീ എന്റെ ഭാര്യയാ മീനു…..”

“സോറി ഡോക്ടർ…..”

അത് കേട്ടതും എബി ഒന്ന് ചിരിച്ചു….മീനുവും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..!!

“ഇവനെ നമുക്ക് ആൽബി എന്ന് പേരിടാം…. കിത്തു മോൻ എന്ന് വിളിക്കാം…..”

“മ്മ്….”

മീനു പുഞ്ചിരിയോടെ തന്നെ മൂളി…..!

എബി മുറിയിൽ വന്ന് കിടന്നതും മോൾ വന്ന് എബിയെ പിടിച്ചു വലിക്കാൻ തുടങ്ങി…. മീനുവിന്റെ മുറിയിലേക്ക് തന്നെ കൊണ്ട് പോവുന്നത് ആണെന്ന് കണ്ടതും എബി മോളെ ദയനീയമായി നോക്കി…..!

“എന്റെ മോളെ…. മോൾ വേണേൽ അമ്മയുടെയോ പപ്പയുടെയോ ആരുടെ കൂടെയാന്ന് വെച്ചാൽ കിടന്നോ…..”

എബി നിരസിക്കുന്നത് കണ്ട് മോൾ കരച്ചിൽ തുടങ്ങിയതും എബി മോളോടൊപ്പം മുറിയിലേക്ക് കയറി…. എബിയെ കണ്ടതും മീനു ഒന്ന് പതറിയ പോലെ അവനെ നോക്കി ചിരിച്ചു…..!

അപ്പോഴാണ് മീനു കുഞിനെ കയ്യിൽ എടുത്തു നിൽക്കുന്നത് എബി കണ്ടത്…. അതോടെ അവൻ തിരിഞ്ഞു നിന്നു….

“സോറി ഞാൻ മോൾ വിളിച്ചപ്പോൾ ഓർക്കാതെ….”

“മ്മ്….”

മീനു ഒന്ന് മൂളി കൊണ്ട് കുഞിനെ ബെഡിൽ കിടത്തി….!അവൾ ഡ്രെസും എടുത്തു ബാത്‌റൂമിൽ കയറിയതും മോൾ എബിയെയും കൂട്ട് പിടിച്ചു കട്ടിലിൽ കിടന്നു…..!

“എന്റെ മോളെ നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ…. അവൾ എന്ത് കരുതി കാണുവോ എന്തോ…..”

മോൾ എന്തോ മനസ്സിൽ ആയ പോലെ ഒന്ന് ചിരിച്ചു…. അത് കണ്ട് എബിയും…..ഇന്ന് അവൾ എന്റെ ഭാര്യ ആണ്…. ഞാനും ആഗ്രഹിക്കുന്നുണ്ട് ഇനിയുള്ള ജീവിതം അവളുടെയും മക്കളുടെയും കൂടെ ആവണം എന്ന്….. അവൻ ആ ചിന്തയോടെ തന്നെ കിടന്നു…..!

മീനു വന്നതും അവർക്കരികിൽ കിടന്നതും എല്ലാം എബി അറിയുന്നുണ്ടായിരുന്നു….. എങ്കിലും മീനുനെ ഫേസ് ചെയ്യാൻ ആവാത്ത പോലെ അവൻ തിരിഞ്ഞു തന്നെ കിടന്നു……!!

&&&&&&&&&&&&&&&&

കല്യാണിയെ വാർഡിൽ ഇരുത്തി ദേവൻ അവൾക്കുള്ള മെഡിസിൻ വാങ്ങുമ്പോൾ ആണ് അവന്റെ കണ്ണുകളിൽ മീനുവിന്റെ മുഖം ഉടക്കിയത്…..അവൻ പരിസരം മറന്നു അവളെ തന്നെ നോക്കി നിന്നു….

ഒരു കയ്യിൽ കുഞിനെയും മറു കയ്യിൽ താഴെ നിൽക്കുന്ന മോളെയും പിടിച്ചു നിൽക്കുന്ന മീനുവിനെ കണ്ട് അവൻ അതെ നിൽപോടെ തന്നെ അവളെ നോക്കി…..

പുഞ്ചിരിയോടെ എബി അവർക്കരികിൽ വന്നതും മീനുന്റെ കയ്യിൽ നിന്ന് കുഞിനെ വാങ്ങുന്നതും എല്ലാം അവൻ നോക്കി കാണുന്നുണ്ടായിരുന്നു…..!

അവൾക്ക് ഇപ്പോഴും മെലിഞ്ഞ ശരീരം തന്നെയാണ്…..പഴയതിനെക്കാൾ സൗന്ദര്യം വെച്ച പോലെ തോന്നി അവന്….

അവളെ കാണും തോറും അവനിൽ നഷ്ടബോധം ഉയർന്നു…..!!

തുടരും…