രചന – ഗൗരി ലക്ഷ്മി
പിടയുന്ന സ്റ്റെഫിയുടെ മുഖത്തിന് മുകളിലായി തലയിണ അമർത്തി നിൽക്കുന്ന മുഖം മൂടി ധരിച്ച ഒരാളെ കണ്ടതും ജോളിമ്മ ഭയം കൊണ്ട് നിശ്ചലയായി ഒരു നിമിഷം നിന്നുപോയി…
നിമിഷ നേരം കൊണ്ട് തന്നെ അവർ സ്വബോധം വീണ്ടെടുത്തു..
വാതിലിനോട് ചേർന്നിരിക്കുന്ന മേശയിലിരുന്ന ഫ്‌ളവർ വെസ് കയ്യിലിലെടുത്തു പിന്നിലൂടെ ചെന്നവർ അയാളുടെ തല നോക്കി തന്നെ ആഞ്ഞടിച്ചു..
ആ വീടിനെയാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടൊരു നിലവിളി ഉയർന്നതോടൊപ്പം അയാൾ നിലതെറ്റി പിന്നിലേയ്ക്ക് വീണുപോയി.. ആ നേരം കൊണ്ടുതന്നെ ജോളിമ്മ സ്റ്റെഫിയുടെ മുഖത്തുനിന്ന് തലയിണ മാറ്റിയിരുന്നു..
ഒരിറ്റ് ശ്വാസത്തിനായി സ്റ്റെഫി പിടഞ്ഞു..
ജോളിമ്മ പെട്ടെന്ന് അയാളെ നോക്കി..
അയാൾ അബോധാവസ്ഥയിലാണ് എന്നു ബോധ്യമായതും സ്റ്റെഫിയെ ഒരു തരത്തിൽ പിടിച്ചു വീൽചെയറിൽ ഇരുത്തി റൂമിനു പുറത്തുകടന്നു..
വാതിലിൽ കിടന്ന കീ ഊരി ആ മുറിവാതിൽ പുറത്തുനിന്ന് പൂട്ടുമ്പോഴും അവരിലെ വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല..
സ്റ്റെഫിയെ മറ്റൊരു മുറിയിലേയ്ക്ക് കൊണ്ടുപോയി ഇരുത്തി ആ മുറി പൂർണ്ണമായും പരിശോധിച്ച ശേഷം ഇറങ്ങി പുറത്തുനിന്ന് വാതിൽ പൂട്ടുമ്പോഴും തന്റെ പ്രണനായവന്റെ ജീവനായ കൂടെപ്പിറപ്പിന്റെ ജീവനുവേണ്ടി തന്റെ ജീവൻ പോലും അവർ വിട്ടുനൽകാൻ തയാറായിരുന്നു..
പതിയെ ചെന്ന് വീടിന്റെ മെയിൻ സ്വിച്ചും ഇൻവേർട്ടരും ഓഫാക്കുമ്പോഴും ഭയം കൊണ്ടവരാ തണുപ്പത്തും വിയർക്കുന്നുണ്ടായിരുന്നു..
ആ വീട്ടിൽ പരന്ന കൂരിരുട്ടിൽ മുകൾ നിലയിൽ നിന്ന് വീണ്ടും ശബ്ദമുയരുമ്പോഴും ആ അമ്മമനസ് മൗനമായി പ്രാർത്ഥനായിലാണ്ടിരുന്നു..
മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിന്റെ സഹായത്തോടെ മുകൾ നിലയിൽ നിന്ന് രണ്ടുപേർ ഇറങ്ങി വരുന്നത് കണ്ടതോടെ ജോളിമ്മ തീർത്തും ഭയന്നുപോയി..
പുറത്തു പരന്ന കൂരിരുട്ടിനെ ഭേദിച്ചു റോയ് എത്തുമെന്ന പ്രതീക്ഷ പോലും സമയം കൂടുംതോറും മങ്ങി തുടങ്ങുകയാണ് എന്നവർക്ക് തോന്നി..
ജോളിമ്മ മെല്ലെ ഹാളിലെ മെയിൻ ഡോറിനരികിലേയ്ക്ക് നീങ്ങി.. ശബ്ദമുണ്ടാക്കാതെ കുറ്റി എടുത്തതും തന്റെ നേർക്ക് മൊബൈൽ ഫ്ലാഷ് വീണത് അവരറിഞ്ഞു..
ജോളിമ്മയ്ക്കൊന്ന് പ്രതികരിക്കാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ അവർ ഓടിവന്ന് ജോളിമ്മയെ പിടിച്ചിരുന്നു..
ജോളിമ്മ കുതറി..
പിടിയൊന്ന് അയഞ്ഞതോടെ തന്നെ പിടിച്ചിരിക്കുന്ന ആളെ അവർ ശക്തമായി പിന്നിലേയ്ക്ക് തള്ളി..
പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ കൂടെ നിന്നയാൾ അവരെ പിന്നിൽ നിന്ന് ഊക്കോടെ തള്ളിയിരുന്നു..
തീർത്തും അപ്രതീക്ഷിതമായ ആക്രമണത്തിൽ അവർ സോഫയിലേയ്ക്ക് ഇടിച്ചു വീണുപോയി..
തലയ്ക്കേറ്റ അടിയുടെ വേദനയിൽ പിടഞ്ഞൊരുവിധം നേരെയിരുന്നതും അയാളുടെ കാലുകൾ വായുവിലുയർന്നു പൊങ്ങുന്നത് വ്യക്തമായി അവർ കണ്ടു..
കൃത്യമായി അത് തന്റെ അടിവയറ്റിലേയ്ക്ക് പതിച്ചതും നിശബ്ദമായി അവർ നിലവിളിച്ചുപോയി..
വേദനകൊണ്ടവർ നിലത്തുകിടന്നു പിടഞ്ഞു..
പിടിച്ചു കെട്ടെടാ ഇവളെ..
പരിചിതമായ ആ ശബ്ദം ജോളിമ്മയെ വീണ്ടും തളർത്തികളഞ്ഞിരുന്നു..
അവർ രണ്ടും ചേർന്ന് തന്റെ കയ്യിൽ പിടിച്ചു നിലത്തുകൂടി വലിച്ചുകൊണ്ട് പോകുമ്പോഴും ആ അമ്മയുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു….
അത്രനേരവും പൊതിഞ്ഞു പിടിച്ച സ്റ്റെഫിയുടെ മുറിയുടെ താക്കോൽ അവരിൽ നിന്ന് പിടിച്ചു വാങ്ങുമ്പോൾ കണ്ണുനീരുകൊണ്ടവരുടെ കാഴ്ച മങ്ങിപോയി..
സ്റ്റെഫിയെ പൂട്ടിയിട്ട മുറി തുറന്ന് അവരെ അകത്തേയ്ക്ക് വലിച്ചെറിയുമ്പോൾ സ്റ്റെഫിയും തന്റെ ഇടത്തെ കൈ ചലിപ്പിക്കാനുള്ള വിഫലമായ ശ്രമത്തിലായിരുന്നു..
ഒരു നിമിഷം പുറത്തുപോയ ഒരുവൻ നിമിഷനേരംകൊണ്ട് വീട്ടിലെ മെയിൻസ്വിച്ചും ഇൻവേർട്ടറും ഓണ് ചെയ്തിരുന്നു..
സ്റ്റെഫിയുടെ മുറിയിൽ പൂട്ടിയിട്ടിരുന്ന അവളെയും കൂട്ടി രണ്ടാമൻ മടങ്ങി എത്തിയതോടെ ജോളിമ്മ നിറകണ്ണോടെ കൈകൂപ്പി തൊഴുതു..
ഇനിയീ മുഖംമൂടിയുടെ ആവശ്യമില്ലല്ലോ.. അല്ലെ ജോളിമ്മേ..
അതും പറഞ്ഞയാൾ തന്റെ മുഖംമൂടി ഊരി മാറ്റുമ്പോൾ അത്രയേറെ പരിചിതമായ മുഖത്തേയ്ക്ക് ജോളിമ്മ ഉറ്റുനോക്കി..
ഒപ്പം സ്റ്റെഫിയെയും..
ആ കണ്ണുകളിൽ കത്തുന്നത് പകയാണെന്നവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു..
എന്താ ജോളിമ്മേ ഞെട്ടിപോയോ..
ജോയ് അതും ചോദിച്ചവരുടെ അരികിലേക്ക് ചെന്നതും നിലത്തുകൂടി കൈ കൊണ്ട് നിരങ്ങി പിന്നിലേയ്ക്ക് നീങ്ങാൻ ഒരു ശ്രമം നടത്തി അവർ..
ജോയ് വന്യമായി ചിരിച്ചു..
അപ്പൊ ഇനിയും ഞെട്ടേണ്ടി വരുമല്ലോ.. അല്ലെടാ..
അത് ചോദിച്ചതും സൈമണും നിധിനും മുഖംമൂടി ഊരിമാറ്റി..
ജോളിമ്മ പേടിക്കേണ്ട.. ഇവരൊക്കെ എന്റെ സ്വന്തം ആളുകളാണ്..
ജോയ് പറഞ്ഞു..
എന്ത് ചെയ്യാനാ ജോളിമ്മേ ഒന്നും വേണ്ടാന്നു വെച്ചു ഒഴിഞ്ഞുമാറി നടന്നവനാണ് ഞാൻ.. ഉള്ളത് പറയാല്ലോ.. ഇവടെ സൗന്ദര്യം കണ്ട് മോഹിച്ചു തന്നെയാണ് ഞാനിവളെ കെട്ടിയത്.. പക്ഷെ കെട്ടി ആജീവനാന്തം കൂടെ പൊറുപ്പിക്കാൻ ഒന്നുമല്ല കേട്ടോ..
എന്റെയൊരു മോഹം തീർക്കാൻ.. അത് കഴിഞ്ഞാൽ ഏതെങ്കിലും പുഴയിലോ കിണറ്റിലോ മുക്കാൻ പ്ലാനിട്ട് തന്നാ ഇവളെ ഞാൻ കെട്ടിയത്.. പക്ഷെ അത് കഴിഞ്ഞാ മനസ്സിലായത് റോയ് അത്ര നിസാരക്കാരനല്ല എന്ന്.. മുണ്ടുമുറുക്കിയുടുത്താണെങ്കിലും അയാൾ സമ്പാദിക്കുന്നത് കണ്ടപ്പോ ഒന്നെനിക്ക് ബോധ്യമായി.. നാളെ അവനെകൊണ്ടെനിക്ക് പ്രയോജനം ഉണ്ടാകുമെന്ന്..
എന്റെയൂഹം തെറ്റിയില്ല.. അധികം വൈകാതെ തന്നെ റോയ് അവന്റെ സാമ്രാജ്യം വെട്ടിപിടിക്കാൻ തുടങ്ങി.. നാട്ടിൽ അവനു വേറെ ആരുമായി അടുപ്പമില്ലെങ്കിലും എന്റെയീ പെണ്ണുംപിള്ള അവന്റെ ജീവനായിരുന്നു.. ആ അവസരം മുതലാക്കാൻ ശ്രമിച്ചു ഞാൻ.. പക്ഷെ റോയ് അത്രയ്ക്ക് അടുത്തില്ല..
അങ്ങനെ അടുപ്പമുണ്ടാക്കണമെങ്കിൽ അതിനൊരു കാരണം വേണം.. അതും ഞാനുണ്ടാക്കി.. ജോളിമ്മ ഓർക്കുന്നുണ്ടോ സ്റ്റെഫിക്കുണ്ടായ ഒരു ആക്സിഡന്റ്.. ഈ ഞാനുണ്ടാക്കിയതാ.. എന്റെ ഒരു ചങ്ങാതിക്ക് അയ്യായിരം രൂപ എണ്ണി കൊടുത്തപ്പോ അവന്റെ വണ്ടി ചെറുതായി ഇവളെ ഒന്ന് തട്ടി..
ആ പേരിൽ ഇവളുടെ സ്വർണ്ണവള പണയം വെച്ചുകിട്ടിയ കാശ് കൂടി ആ ഡോക്ടർക്ക് കൊടുത്തപ്പോ ജീവിതത്തിൽ നിന്ന് അമ്മയാകാനുള്ള അവസരം ഇവൾക്ക് നഷ്ടമായി..
ജോളിമ്മ പകപ്പോടെ സ്റ്റെഫിയെ നോക്കി.. അവർ കണ്ണടച്ചിരിക്കുകയാണ്.. ആ കണ്ണിൽ നിന്നപ്പോഴും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്.. ആ ദിവസം ജോളിമ്മ ഓർത്തെടുത്തു.. അനിയത്തിക്ക് ആക്സിഡന്റ് എന്നും പറഞ്ഞു റോയ്ക്കൊപ്പം ചെല്ലുമ്പോൾ കാണുന്നത് തകർന്നിരിക്കുന്ന അപ്പച്ചനെയും അമ്മച്ചിയെയും ആണ്.. ട്രീറ്റ്മെന്റ് കഴിഞ്ഞാണ് ഡോക്ടർ പറയുന്നത് ഗര്ഭപാത്രത്തിന് കടുത്ത ക്ഷതമേറ്റിട്ടുണ്ടെന്നും സ്റ്റെഫിക്ക് ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നും..
അന്ന് റോയിച്ചൻ കരഞ്ഞത് ഇപ്പോഴും കണ്മുന്പിലെന്ന പോലെ അവർ ഓർത്തെടുത്തു..
അവരുടെ കണ്ണുനിറഞ്ഞൊഴുകി.. ആ വിവരാമറിഞ്ഞപ്പോൾ സ്റ്റെഫി കരഞ്ഞ കരച്ചിൽ.. എല്ലാത്തിനുമൊടുവിൽ സ്റ്റെഫിയോളം വലുതല്ല കുഞ്ഞെന്ന സ്വപ്നം എന്നും പറഞ്ഞവളെ ചേർത്തുപിടിച്ചു ജോയിച്ചനെ അന്ന് കൂടിയതാണ് റോയ് ജീവിതത്തിലേയ്ക്ക്.. അന്നുമുതൽ അവരുടെ എല്ലാ കാര്യങ്ങളും റോയിച്ചൻ തന്നെയാണ് നോക്കുന്നത്..
എല്ലാം. എല്ലാം ചതിയായിരുന്നോ..
അവർ പകയോടെ അയാളെ നോക്കി..
കഴിഞ്ഞില്ല.. റോയിച്ചനെ പാട്ടിലാക്കി ജീവിതം ഞാനൊന്ന് കരയ്ക്കടുപ്പിച്ചു വന്നപ്പോഴാണ് സാറമോളുടെ വരവ്.. പാവം കൊച്ചു.. പക്ഷെ എന്നാ ചെയ്യാം.. എന്റെ വഴിയിലാ അവൾ തടസ്സമായി വന്നത്. റോയ് കെട്ടിപ്പടുത്തു തുടങ്ങിയ സാമ്രാജ്യം അത്രേം വളർന്നപ്പോ അത് വന്നു ചേരേണ്ട കൈ ഞാനങ്ങ് അറത്തുമാറ്റി..
ജോളിമ്മ ഞെട്ടിപിടഞ്ഞുപോയി..
തന്റെ പൊന്നുമോള്..
ഒരാക്‌സിഡന്റ്.. മൂന്നിനെയും ഒന്നിച്ചു തീർക്കാനായിരുന്നു പ്ലാൻ.. ആ അവളങ്ങു പോയി..
ജോയ് നിസ്സാരമായി പറഞ്ഞതും ജോളിമ്മ എഴുന്നേൽക്കാൻ ശ്രമിച്ചു.. പക്ഷെ ശരീരത്തിന്റെ വേദന കൂടിയതും അവർ നിലത്തുകിടന്നു തലയ്ക്കടിച്ചു..
എന്തായാലും അതോടെ റോയിച്ചൻ തകർന്നു.. ആ സമയത്താണ് എനിക്ക് വേറെ ഒരു ബുദ്ധി തോന്നിയത്.. കമ്പനിയുടെ ശത്രുക്കൾക്ക് കമ്പനിയിൽ നിന്ന് വിവരം ചോർത്തികൊടുക്കുക.. ലക്ഷങ്ങൾ കിട്ടി എനിക്ക്..
ആ ലക്ഷങ്ങൾ കൊണ്ട് എന്റെ ബിനമിപേരിൽ മറ്റൊരു കമ്പനി തുടങ്ങി.. നോക്കേണ്ട.. വി എം ഗ്രൂപ്പ്.. അതെന്റെ കമ്പനിയാണ്.. അങ്ങനെ കമ്പനി ഏകദേശം പൂട്ടികെട്ടാറായപ്പോഴാണ് അവളുടെ വരവ്.. നിന്റെ മാനസപുത്രി.. അല്ലിയുടെ..
അവളൊന്നൊന്നായി കമ്പനി വളർത്തിയപ്പോ നഷ്ടം എനിക്കായിരുന്നു.. കോടികളുടെ നഷ്ടം.. പ്രതികരിച്ചില്ല. കാത്തിരുന്നു ഞാൻ..
നിനക്കറിയുമോ… ഓരോ വർഷവും ഓരോരുത്തരുടെ കണ്ണുവെട്ടിച്ചു കോടികളാണ് ഞാൻ മറിച്ചിരുന്നത്.. എല്ലാം സ്മൂത്തായി വരുവായിരുന്നു.. നിന്നെയും റോയിയെയും കൂടെ ഒരാക്‌സിഡന്റിൽ അങ്ങ് തീർത്താൽ എല്ലാം അവന്റെ ഒരേയൊരു പെങ്ങൾക്ക് സ്വന്തം.. അതായത് ഇവൾക്ക്..
അങ്ങനെ ഇരിക്കുമ്പോ ഒരു ദിവസം.നിന്റെ കെട്യോന് ഒരു വെളിപാട്.. അങ്ങേരുടെ സ്വത്തൊക്കെ കണ്ടവന്മാർക്ക് വീതിച്ചു കൊടുക്കണമെന്ന്.. സഹിക്കുമോ എനിക്ക്..
ഓഡിറ്റ് വിങ്ങിൽ നിന്ന് കഴിഞ്ഞ ഫിനാൻഷ്യൽ ഇയറിലെ കണക്കിൽ വന്ന ചെറിയൊരു പാളിച്ച മറ്റുചിലർ കണ്ടെത്തിയതോടെ അത് മറയ്ക്കാൻ നിധിനെ ഇറക്കേണ്ടി വന്നു..സൈമന്റെ മോനായത് കൊണ്ട് ശ്രദ്ധ ഇവനിലേയ്ക്കായി.. എന്റെ ലക്ഷ്യം നിറവേറി..
ജോയിച്ചാ.. കഥയിൽ അവർക്കൊരു സംശയം വരും.. ഞാൻ എവിടുന്ന് വന്നെന്ന്..
സൈമൻ കുടിലതയോടെ ചിരിച്ചു..
അത് ഞാൻ പറയാം അളിയോ.. ജോളിമ്മയ്ക്കറിയുമോ ഈ അളിയൻ റോയിച്ചന്റെ മാത്രമല്ല എന്റെയും അളിയനാണ് കേട്ടോ.. എന്നു വെച്ചാൽ എന്റെ ഒരേയൊരു പെങ്ങളുകൊച്ചിന്റെ കെട്യോന്..
ജോളിമ്മ ഞെട്ടി ജോയിച്ചനെ നോക്കി..
വെറും കെട്യോനെന്നു മാത്രം പറഞ്ഞാൽ പോരെ.. അവളുടെ രണ്ട് മക്കടെ തന്തയാണ് ഞാൻ..
ജോയ് പറഞ്ഞു.. സൈമൻ ചിരിച്ചു..
മുൻപ് പറഞ്ഞില്ലേ.. വി എം ഗ്രൂപ്പ്.. അതെന്റെ മക്കളാ.. വിക്ടറും മോണികയും..
ജോയ് ചിരിച്ചു..
പക്ഷെ അതിനിടയ്ക്കാണ് ഇവൾ വന്നു കേറിയത്.. സിൻസിയുമായുള്ള എന്റെ ബന്ധമറിഞ്ഞപ്പോ അതുവഴി സത്യങ്ങളൊക്കെ അറിഞ്ഞപ്പോ അവൾക്ക് അപ്പൊ തന്നെ ആങ്ങളയോട് പറയണം.. ഒരാക്‌സിഡന്റ്.. കൊല്ലാൻ അറിയാഞ്ഞിട്ടല്ല.. കൊന്നാൽ ഇവടെ ആങ്ങളയും നീയും ചത്തു തുലയുമ്പോ സ്വത്തൊക്കെ എങ്ങോട്ട് പോകും..
അതുകൊണ്ടാ തളർത്തി കിടത്തിയത്.. അപ്പൊ ദേ വീണ്ടും എണീക്കാൻ നോക്കുന്നു.. അതിനിടയ്ക്ക് നിന്റെ കെട്യോന്റെ ഒടുക്കത്തെ ഭാഗം വെയ്പ്പും..മാനസപുത്രിയുടെ സി ബി ഐ അന്വേഷണവും.. അവൾക്കുള്ളത് ഒരു ആക്സിഡന്റ് രൂപത്തിൽ കൊടുത്തതാ.. തികഞ്ഞിട്ടില്ല.. ഹാ എന്നായാലും ഇന്നത്തോടെ എല്ലാ കണക്കും തീരും..
മോഷണ ശ്രമത്തിനിടെ രണ്ടു വനിതകൾ കൊല്ലപ്പെട്ടു.. അതേ സമയം ഒരാക്‌സിഡന്റിൽ പ്രമുഖ വ്യവസായിയും കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭർത്താവുമായ റോയ് കുരുവിളയും ഒപ്പമുണ്ടായിരുന്ന ആയില്യയും കൊല്ലപ്പെട്ടു..
ജോളിമ്മ ഞെട്ടലോടെ അയാളെ നോക്കി.
നോക്കേണ്ട.. മോൾടെ അടുത്തേയ്ക്ക് അവരെയും കുറച്ചുമുമ്പ് പറഞ്ഞു വിട്ടിട്ടുണ്ട്.. ഇനി നിന്നെ രണ്ടിനെയും കൂടെ തീർത്താൽ പിന്നെ ആ ചെക്കന്മാരുടെ കാര്യം..
അധികം വൈകാതെ അവന്മാരും അങ്ങോട്ട് വരും..അതല്ലെങ്കിൽ അവന്മാരായി ഒഴിഞ്ഞു തരണം… സമയമുണ്ടല്ലോ..
എന്തായാലും ഇനി അധികം സമയമില്ല.. ജോയ് തന്റെ പോക്കറ്റിൽ നിന്നൊരു പിസ്റ്റൾ പുറത്തെടുത്തു..
അത് തന്റെ നേർക്ക് നീണ്ടതും ജോളിമ്മ കണ്ണുകൾ ഇറുക്കി അടച്ചു..
പുഞ്ചിരിയോടെ നിൽക്കുന്ന സാറമോളുടെ രൂപം മനസ്സിൽ നിറയുന്നു.. ഒപ്പം റോയിച്ചനും അല്ലിയുമാദിയും ക്രിസ്റ്റിയും..
ആ….
പൊടുന്നനെ മുഴങ്ങിയ വെടിയൊച്ചയിൽ സ്റ്റെഫിയുടെ ശബ്ദം ആ മുറിയിൽ നിറഞ്ഞു..
ജോളിമ്മ കണ്ണുകൾ വലിച്ചു തുറന്നു..
പിൻ കാലിലായി മുട്ടിന് താഴെ വെടികൊണ്ട് വീണു പിടയുന്ന ജോയിയെ കണ്ടതും അവർ വാതിൽക്കലേയ്ക്ക് നോക്കി..
റോയിച്ചൻ..
അവരുടെ കണ്ണുനിറഞ്ഞു..
അയാളുടെ സൈഡിൽ നിന്ന് സൈമണെയും നിധിനെയും പിടിച്ചുകൊണ്ട് നിൽക്കുന്ന ആദിയെയും ക്രിസ്റ്റിയെയും കാണേ അവർക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല..
ജോളിമ്മേ..
ഒരു കരച്ചിലോടെ ഓടിവന്നു തന്നെ കെട്ടിപ്പിടിച്ചു തുരുതുരെ ചുംബിക്കുന്നവളെ ചേർത്തുപിടിക്കേ ആ അമ്മമനസ്സ് വിങ്ങുന്നുണ്ടായിരുന്നു..
റോയ് തോക്ക് ജോയിക്ക് നേരെ പിടിച്ചു..
റോയിച്ചാ വേണ്ട..
എന്ത് വേണ്ടാന്ന്.. എന്റെ പെങ്ങളുകൊച്ചിന്റെ കൈപിടിച്ചു നിന്നെ ഏൽപ്പിച്ചെന്നൊറ്റ കാരണം കൊണ്ട് എനിക്കുണ്ടായ നഷ്ടം എന്താണെന്നറിയുമോ നിനക്ക്..
മറ്റെല്ലാം ഞാൻ ക്ഷമിക്കും.. എന്നാലും നിന്റെ കയ്യിൽ തൂങ്ങി വളർന്ന എന്റെ കൊച്ചിനെ നീ..
റോയിയുടെ കണ്ണിൽ പകയെരിഞ്ഞു.. ജോളിമ്മ പൊട്ടിക്കരയുകയായിരുന്നു.. സ്റ്റെഫി മാത്രം മരവിച്ചത് പോലെ ഇരിക്കുകയായിരുന്നു..
ആ കുറ്റത്തിന് നിന്നോട് പൊറുത്താൽ എന്റെ കൊച്ചിന്റെ ആത്മാവ് പോലും പൊറുക്കുകേല എന്നോട്..
റോയ് പറഞ്ഞു..
റോയി.. വേണ്ട.. എനിക്കൊരബദ്ധം പറ്റിയതാടാ..
ചെറ്റേ.. ഇനിയും നിന്നോട് ഞാൻ പൊറുക്കണം അല്ലെ.. നിനക്കെന്നേം ഇവരേം കൊല്ലണം അല്ലെ.. ഇത്രേം നാള് ചോറ് തന്ന കൈക്ക് നീ കൊത്തിയത് അറിഞ്ഞിട്ടും നിന്നെ ഇനിയും ജീവനോടെ വെച്ചോണ്ടിരിക്കണം അല്ലെടാ.
റോയ് പല്ലുകടിച്ചു..
ഇനി നീ ജീവിക്കേണ്ട… നിന്നെക്കുറിച്ചുള്ള സത്യങ്ങൾ ഇന്നിവൾ പറഞ്ഞപ്പോ പോലും എനിക്ക് വിശ്വാസം വന്നില്ല.. അത്രയ്ക്ക് വിശ്വസിച്ചു ഞാൻ നിന്നെ.. എന്റെ കൂടെപ്പിറപ്പിന്റെ സ്ഥാനം തന്നു.. നീ ചോദിച്ചിരുന്നേൽ ചിലപ്പോ എല്ലാം തന്നേനെ ഞാൻ.. എന്നിട്ടും നീയെന്റെ പോന്നുമോളെ..
എന്നിട്ടും മതിയായില്ല നിനക്ക് അല്ലെ.. എന്റെ പെങ്ങളെ ചതിച്ചു മറ്റൊരുത്തിക്കൊപ്പം പൊറുത്ത് പിള്ളേരേം ഉണ്ടാക്കി.. എന്നെ ചതിച്ചു കാശുണ്ടാക്കി.. എന്നിട്ടും പോരാതെ ചോര ഊറ്റി ഞാനുണ്ടാക്കിയ കമ്പനി തകർക്കാൻ നോക്കി.. സത്യമാറിഞ്ഞ ഓരോരുത്തരെയായി കൊന്ന് തള്ളി..
എന്നെ കൊല്ലാൻ നോക്കി.. എന്റെ കൊച്ചിനെ കൊല്ലാൻ നോക്കി.. എന്റെ സ്റ്റെഫിയെ ഈ അവസ്ഥയിലെത്തിച്ചു.. ഒന്ന് നുള്ളി നോവിക്കാതെ എന്റെ ജോളിമ്മയെ ഉപദ്രവിച്ചു.. ഇനിയും നീ ജീവിക്കേണ്ട..
നിന്റെ നാവിൽ നിന്ന് കേട്ടു സത്യമൊക്കെ… കുമ്പസാരം കഴിഞ്ഞു.. ഇനി നിനക്കീ ഭൂമി വേണ്ട. ഒരു ജന്മം കൊണ്ട് ചെയ്യാവുന്ന പാപം മൊത്തം ചെയ്തുനീ..
അതും പറഞ്ഞയാൾ ജോയിയുടെ മറുകാലിലേയ്ക്കും വെടിയുതിർത്തു.. ശേഷം അയാളുടെ നെറ്റിയിലേയ്ക്ക് തോക്ക് ചൂണ്ടി..
റോയിച്ചാ.. വേണ്ട..
അല്ലി എഴുന്നേറ്റോടി വന്നയാളെ തടഞ്ഞു..
വിട് അല്ലി എന്നെ.. ഇവനെ കൊല്ലണം..
സൈമണും നിധിനും റോയിച്ചന്റെ പുതിയ മുഖം കണ്ട് തറഞ്ഞു നിൽക്കുകയായിരുന്നു.. ക്രിസ്റ്റിയും ആദിയും ചേർന്നവരെ ജനലിലേയ്ക്ക് ചേർത്തു കെട്ടിയിട്ടു..
വേണ്ട റോയിച്ചാ.. ഇവരെ കൊന്നിട്ടെന്തിനാ.. റോയിച്ചൻ ജയിലിൽ പോകും.. ജോളിമ്മയ്ക്കും സ്റ്റെഫിയാന്റിക്കും ഞങ്ങൾക്കും താങ്ങാൻ പറ്റുമോ അത്…
ആദി പറഞ്ഞു..
പോലീസ് ഇപ്പൊ എത്തും.. അവർ കൊണ്ടുപോട്ടെ.. നിയമത്തിന്റെ വഴിയേ ഇവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാം നമുക്ക്…
ക്രിസ്റ്റി പറഞ്ഞു..
അത് മതി റോയിച്ചാ.. റോയിച്ചനെ ഞങ്ങൾക്ക് വേണം.. പ്ലീസ്..
അല്ലി അയാളെ ചേർന്നു നിന്ന് കരഞ്ഞു.. അയാളവളെ ചേർത്തുപിടിച്ചു..
ശേഷം റോയിച്ചൻ ചെന്ന് ജോളിമ്മയുടെ അടുത്തിരുന്നു.. അവരെ ചേർത്തുപിടിച്ചു..
നീ പറ.. കൊല്ലട്ടെ ഇവനെ.. നമ്മുടെ കൊച്ചിനെ കൊന്ന ഇവനെ..
വേണ്ട എന്നവർ തലയാട്ടി..
അയാളവരെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു..
മുറ്റത്ത് മുഴങ്ങിയ പോലീസ് ജീപ്പിന്റെ സൈറൻ ശബ്ദം നിന്നതോടൊപ്പം വീട്ടിലേയ്ക്കിരച്ചു കയറിവന്ന പോലീസ് മൂവരെയും വിലങ്ങുവെച്ചു കൊണ്ടുപോകുമ്പോഴും റോയിച്ചന്റെ കണ്ണിൽ പകയായിരുന്നു..
അവരെ കൊല്ലാൻ പോന്ന പക..
അപ്പോഴും തന്നിലേക്ക് ചേർന്നിരുന്നു മൗനമായി കരയുന്നവരെ ചേർത്തുപിടിക്കവേ തനിക്കതിന് ഒരിക്കലും സാധിക്കില്ല എന്നയാൾ തിരിച്ചറിഞ്ഞു..
അല്ലി അപ്പോഴേയ്ക്കും സ്റ്റെഫിയുടെ അരികിൽ ചെന്നിരുന്നു.. അവളവരുടെ കൈകൾ തന്റെ കയ്യിലേയ്ക്കെടുത്തു വെച്ചതും ഞെട്ടിപ്പോയി..
തണുത്ത് മരവിച്ചിരിക്കുന്നു..
ആന്റി.. ആന്റി..
അല്ലി തട്ടിവിളിച്ചിട്ടും അനക്കമില്ലാതെ വന്നതും എല്ലാവരും ഞെട്ടിപ്പോയി..
റോയിച്ചാ..
അല്ലി പകപ്പോടെ വിളിച്ചു..
അയാൾ ജോളിമ്മയെ താങ്ങി എഴുന്നേൽപ്പിച്ചു ഓടിച്ചെന്നവരെ തട്ടിവിളിച്ചു..
വാടിക്കുഴഞ്ഞ ഇല പോലെ മരവിച്ച ആ ശരീരം ഉലഞ്ഞു ചാഞ്ഞു പോയിരുന്നു..
ആ മുറിയിൽ വീണ്ടും പൊട്ടിക്കരച്ചിലുകളുയരുമ്പോഴും ഒന്നുമറിയാത്ത മറ്റൊരു ലോകത്തേയ്‌ക്ക് സ്റ്റെഫിയും യാത്രപോയിരുന്നു..
മൗനമായി.. യാത്രപറച്ചിലുകളേതുമില്ലാതെ..
******************
കരഘോഷങ്ങൾക്ക് നടുവിൽ ചെറു ചിരിയോടെ കേക്ക് മുറിക്കുമ്പോഴും ആദിയുടെയും അല്ലിയുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു..
ആദ്യമായി കട്ട് ചെയ്ത കഷ്ണം പരസ്പരം നൽകുമ്പോഴും മനസ്സിൽ സ്റ്റെഫിയുടെ മരണം ഒരു കനലായി നിറഞ്ഞുനിന്നു..
ആ മൈക്ക് എന്തിയേടാ..
ചോദ്യം കേട്ടതും ക്രിസ്റ്റി മൈക്ക് കൊണ്ടുവന്നു റോയിച്ചന് നൽകി..
എങ്ങനെ തുടങ്ങണം.. എന്ത് പറയണം എന്നൊന്നും ഇപ്പൊ എനിക്കറിയുകേല.. എന്റെ സ്റ്റെഫി പോയിട്ട് രണ്ടുമാസം തികഞ്ഞില്ല..
നിങ്ങക്കറിയാമല്ലോ.. കഴിഞ്ഞ കൊല്ലം എന്റേം ജോളിമ്മേടേം വെഡിങ് ആനിവേഴ്സറി ആഘോഷിക്കാൻ ഓടിനടന്ന ആളാ..
എല്ലാം ഒരു ദുസ്വപ്നം പോലെ കടന്നു പോയി.. ഈ നേരത്ത് ഇങ്ങനെയൊരു ആഘോഷം വേണ്ടാന്നു പറഞ്ഞതാണ് പിള്ളേര്.. എന്റെ വാശിയായിരുന്നു ഈ ആഘോഷം.. ഒരു കൊല്ലം മുൻപ് എന്റെ ചുറ്റിനുമുണ്ടായിരുന്ന പലരും ഇന്നില്ല.. മറ്റു ചിലർ ഒരുപാട് മാറിപ്പോയി.. ഈ ഒരുകൊല്ലം കൊണ്ടൊരുപാട് കാര്യങ്ങൾ മാറിമറിഞ്ഞു..
ഇവരുടെ കല്യാണം മുതലിങ്ങോട്ട് ഒരുപാട് മാറ്റങ്ങൾ.. ഇനി അടുത്തമാസം ക്രിസ്റ്റിയുടെ കല്യാണം കൂടി കഴിഞ്ഞാൽ എന്റെ ഉത്തരവാദിത്വം കുറെ ഒതുങ്ങും..
ഇത് പറയുമ്പോ നിങ്ങൾ വിചാരിക്കും ഇവരുടെ അപ്പനുമമ്മയ്ക്കുമല്ലേ ഉത്തരവാദിത്വമെന്ന്.. അപ്പനുമ്മമ്മയും ആകാൻ ജന്മം കൊടുക്കണമെന്നില്ല എന്നെ പഠിപ്പിച്ച മൂന്ന് പിള്ളേര്.. കൂടെനിന്നവർ പോലും ചതിച്ചപ്പോഴും ഇവരുണ്ടായിരുന്നു കൂടെ..
ഇനിയും എത്രകാലം ഇങ്ങനെ പോകും എന്നറിയില്ല.. പ്രായമായി വരുവല്ലേ.. അതുകൊണ്ട് തന്നെ എന്റെ സ്ഥാപനങ്ങളും സ്വത്തും ഭാഗം വെയ്ക്കാൻ ഞാൻ തീരുമാനിച്ചു..
എല്ലാവരും അയാളെ സംശയത്തോടെ നോക്കി..
തീരുമാനിച്ചതല്ല. അത് അങ്ങ് നടപ്പാക്കി… എന്റേം ജോളിമ്മേടേം വെഡിങ് ആനിവേഴ്സറിയുടെ അന്ന് എല്ലാരോടും പറയണം എന്ന് വിചാരിച്ചതാണ്.. നടന്നില്ല..
എന്തായാലും ഇന്ന് അതിനുള്ള സമയമാണ്..
എന്താ ജോളിമ്മേ..
അവർ പുഞ്ചിരിച്ചു..
എന്റേം ജോളിമ്മേടേം മരണ ശേഷം ഈ ഓഫീസിന്റെ ഷെയറിന്റെ നേർ പകുതി രണ്ടായി ഞാൻ ഭാഗം വെച്ചിട്ടുണ്ട്..
പകുതി ആദിയുടെയും അല്ലിയുടെയും പേരിലും പകുതി ക്രിസ്റ്റിയുടെയും മിത്രയുടെയും പേരിലും..
റോയിച്ചാ.. അത്..
ഇതൊക്കെ കഴിഞ്ഞ കാര്യമാടാ.. ഇനി നീയൊന്നും ഇതിൽ അഭിപ്രായം പറയേണ്ട.. ബാക്കിയുള്ള 50 ശതമാനം ഇവർ 4 പേരും ബോർഡ് മെമ്പർ ആയിട്ടുള്ള ഒരു ട്രസ്റ്റിന്റെ പേരിലാണ് ഞാൻ എഴുതി വെച്ചിരിക്കുന്നത്..
എംപ്ലോയീ വെൽഫെയർ ട്രസ്റ്റ്..
എല്ലാവരും സംശയത്തോടെ അയാളെ നോക്കി..
വേറെ ഒന്നുമല്ല.. ഈ കമ്പനിയുടെ പൂർണ്ണമായ വാർഷിക വരുമാനത്തിന്റെ 10% ഇനി മുതൽ വർഷാവസാനം തൊഴിലാളികൾക്ക് അതായത് നിങ്ങൾക്ക് തിരികെ വീതം വെച്ചു കിട്ടുന്ന തരത്തിലാണ് ട്രസ്റ്റിന്റെ നടത്തിപ്പ്.. ബാക്കി വരുമാനം ഇവിടുന്ന് റിട്ടയർ ചെയ്യുന്നവർക്ക് പെൻഷനായും ആക്സിഡന്റോ മറ്റ് അസുഖങ്ങളോ ബാധിച്ചു കിടപ്പിലാകുന്നവർക്കുള്ള സഹായമായുമൊക്കെ ലഭിക്കും..
കൂടിയിരുന്ന എല്ലാ തൊഴിലാളികളും സന്തോഷത്തോടെ റോയിയുടെ തീരുമാനത്തിന് കയ്യടിച്ചു..
ഇപ്പൊ ട്രെസ്റ്റിൽ ഞാനും ജോളിമ്മയും കൂടി അംഗങ്ങളാണ്.. നാളെ ഞങ്ങളുടെ കാലശേഷം ഇവർ 4 പേരും അടങ്ങുന്ന ബോർഡ് ആയിരിക്കും ട്രസ്റ്റ് നടത്തുന്നത്..
അതുപോലെ എന്റെ മറ്റ് സ്വത്തുക്കളും എന്റെ മക്കൾക്ക് തുല്യമായി വീതം വെച്ചിട്ടുണ്ട്..
ഞങ്ങൾക്ക് നിങ്ങൾക്കൊക്കെ തരാൻ ഇതൊക്കെയേയുള്ളൂ.. നിങ്ങളൊക്കെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും കരുതലിനും..
അത് പറയുമ്പോൾ റോയിച്ചന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അടുത്തുനിന്ന ജോളിമ്മയും മിഴികൾ തുടച്ചു..
എല്ലാ മുഖങ്ങളിലും സന്തോഷവും സങ്കടവും ഇഴകലർന്ന ഭാവം നിറഞ്ഞു നിൽക്കുമ്പോഴും ഏതോ അദൃശ്യമായ ലോകത്തിരുന്ന് സാറ തന്റെ സന്തോഷം പ്രകടിപ്പിക്കുന്നെന്നപോലെ ഒരു ചെറു മഴ അവിടെ താളം ചവിട്ടി നിൽക്കുന്നുണ്ടായിരുന്നു..
ലോലമായ്..
*******************
അല്ലി..
നിറഞ്ഞുവന്ന മിഴികൾ തുടച്ചല്ലി തിരിഞ്ഞു നോക്കി..
നീ ഈ മഴയത്ത് എന്തെടുക്കുവാ.. പോകേണ്ടേ..
ആദി അതും ചോദിച്ചു വന്നടുത്തു നിന്നതും നിറഞ്ഞ മിഴികൾ അവനിൽ നിന്നൊളിപ്പിക്കാൻ ശ്രമിച്ചു അവൾ..
കരയുവായിരുന്നു അല്ലെ..
അവളൊന്നും മിണ്ടിയില്ല..
അവനും മൗനം കൂട്ടുപിടിച്ചു..
എത്രപെട്ടെന്നാ വർഷങ്ങൾ കടന്നുപോകുന്നത് അല്ലെ ആദി..
അല്പനേരത്തെ മൗനം ഭഞ്ജിച്ചു അവൾ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു..
ആദി ഒന്ന് പുഞ്ചിരിച്ചു..
3 വർഷം.. ഇപ്പോഴും ഒക്കെ ഒരു ദുസ്വപ്നമായിരുന്നെങ്കിൽ എന്നു തോന്നിപോവാ..
അവൾ പറയുന്നതിനൊപ്പം കണ്ണുകൾ നിറഞ്ഞൊഴുകി..
ആദി പുറത്തേയ്ക്ക് നോക്കി..
തീർത്തും മൂടിക്കെട്ടിയ കാലാവസ്ഥ.. ഇന്നലെ മുതൽ മഴയാണ്.. ശക്തമായി പെയ്യുന്നില്ലെങ്കിലും ഇപ്പോഴും ചെറു ചാറ്റൽ മഴയുണ്ട്..
അന്തരീക്ഷം മൊത്തം തണുപ്പ് നിറഞ്ഞു നിൽക്കുന്നു.. 9 മണി കഴിഞ്ഞിട്ടും നേരം പുലർന്ന പ്രതീതി പോലുമില്ല..
പോകാം ആദി..
അവൾ ചോദിച്ചതും ആദി തലയാട്ടി..
മുറിയിലേയ്ക്ക് ചെന്നതും കണ്ടു കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്ന ആദുവിനെ..
അല്ലിയുടെയും ആദിയുടെയും ഒരേയൊരു കണ്മണി..
ആദ്‌വിക ആദികേശവ് എന്ന സാറമോളെ.. ഒരു വയസ്സ് കഴിഞ്ഞതേയുള്ളൂ..
അല്ലി ഒരു ചിരിയോടെ അവളെ വാരിയെടുത്തു..
ഇറങ്ങാം.. അവർ ഇറങ്ങി..
ആദി പറഞ്ഞതും അല്ലി തലയാട്ടി പുറത്തേയ്ക്ക് നടന്നു..
താഴേയ്ക്ക് ചെന്നതും കണ്ടു കാറിൽ ചാരി നിൽക്കുന്ന ക്രിസ്റ്റിയെ..
നീ വിളിച്ചിട്ടിറങ്ങാം എന്നും പറഞ്ഞു നിൽക്കുവായിരുന്നു.. മിത്ര ഇല്ലേ..
കാറിലുണ്ട്..
അവൻ പറഞ്ഞു.. ആദി അല്ലിയെ നോക്കി.. ശേഷം ബാക്ക് സീറ്റിലേക്ക് കയറി.. പിന്നാലെ കുഞ്ഞിനെ അവനു കൈമാറിയ ശേഷം അല്ലിയും..
എങ്ങനുണ്ട് മിത്രേ.. കാലുവേദന കുറഞ്ഞോ..
ഓ.. അതിങ്ങനെ കൂടിയും കുറഞ്ഞും നിൽക്കുവാ.. ഇത്തിരി നേരം ഒന്ന് നിന്നാൽ അപ്പൊ വേദന കൂടും..
വീർത്തുന്തിയ വയറിൽ തഴുകി അവളത് പറയുമ്പോൾ ചെറു ചിരിയോടെ ക്രിസ്റ്റി അവളെ നോക്കി..
എനിക്കും ഇതുപോലെയായിരുന്നു..
അല്ലി പറഞ്ഞു.. അപ്പോഴേയ്ക്കും ക്രിസ്റ്റി കാറെടുത്തു..
സാറമോളെ അപ്പാപ്പനും അമ്മാമ്മയ്ക്കും ഗിഫ്റ്റ് കൊടുത്തേ..
അല്ലി പറഞ്ഞതും ചിണുങ്ങികൊണ്ടവൾ ആദിയെ നോക്കി.. അല്ലി അവളുടെ കൈപിടിച്ചു നടത്തി..
പള്ളി സെമിത്തേരിയിലെ ഏറ്റവും മനോഹരമായ ആ കല്ലറകൾക്ക് മുകളിൽ കയ്യിലിരുന്ന ബൊക്കകൾ സാറമോൾ വെയ്ക്കുമ്പോൾ കൂടിനിന്ന നാലുപേരുടെയും കണ്ണുകൾ ഈറനായിരുന്നു..
കഴിഞ്ഞ വർഷം മാർച്ചിലാണ് ഒരു നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി റോയിച്ചൻ യാത്രപറഞ്ഞത്..
ആ വേർപാട് ജോളിമ്മയെയും ഒരുപാട് തളർത്തി.. റോയിച്ചൻ പോയി ഒരു മാസം തികയും മുൻപ് ജോളിമ്മയും പോയിരുന്നു..
രണ്ടാളും ഏറ്റവുമധികം കൊതിച്ചതും സാറമോളെ കാണാനായിരുന്നു.. അതും സാധിച്ചിട്ടാണ് മടങ്ങിയത്..
വർഷം ഒന്നായി.. എന്നിട്ടും ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല അല്ലെ ആദി..
ക്രിസ്റ്റി ചോദിച്ചതും ആദി ഒന്ന് പുഞ്ചിരിച്ചു..
അവർ ഭാഗ്യം ചെയ്തവരാണ് ക്രിസ്റ്റി.. ഈ ലോകത്ത് ഒരുപാട് പേർക്ക് ഒരുപാട് കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഇന്നും അദൃശ്യമായി അവരിവിടെയുണ്ട്.. അല്ലെങ്കിലും നമ്മളെയൊക്കെ ഒറ്റയ്ക്കാക്കി അവർക്ക് പോകാൻ കഴിയുമോടാ..
ആദി പറഞ്ഞതും ക്രിസ്റ്റി അവനെ ചേർത്തുപിടിച്ചു..
അല്ലി തന്നെ സ്റ്റെഫിയുടെയും സാറയുടെയും കല്ലറകളിലും പൂക്കൾ വെച്ചു.. നാലുപേരും ചേർന്ന് മെഴുകുതിരി കൊളുത്തി പ്രാർത്ഥിച്ചു..
തങ്ങൾക്കേറ്റവും പ്രിയപ്പെട്ട റോയിച്ചനോടും ജോളിമ്മയോടും മനസ്സുകൊണ്ട് യാത്ര പറഞ്ഞവർ മടങ്ങുമ്പോഴും മഴ പെയ്തു തോർന്ന ആ പുലരിയിലും ചുവന്ന പൂക്കളാൽ തീർത്ത ബൊക്കെകൾ ഇരിക്കുന്നയാ കല്ലറകളിൽ തെളിഞ്ഞിരുന്ന മെഴുകുതിരികൾ കൂടുതൽ പ്രഭയോടെ തെളിഞ്ഞു നിന്നു..
ഓർമകൾക്ക് മരണമില്ല എന്ന തെളിഞ്ഞ അക്ഷരമുറങ്ങുന്ന ആ കല്ലറകളിൽ നിന്നപ്പോഴും നിഷ്കളങ്കമായ സ്നേഹത്തിന്റെ അദൃശ്യമായൊരു ആത്മരാഗം ഒഴുകിയെത്തുന്നുണ്ടായിരുന്നു..
നിശബ്ദമായി..
അവസാനിച്ചു..

by