20/04/2026

സന്ധ്യാംബരം : ഭാഗം 14

രചന – സിന്ധു അപ്പുക്കുട്ടൻ

“ഹേയ്… ഒന്നിങ്ങോട്ട് വന്നേ.

മതിലിനരികിൽ ആരോ വിളിക്കുന്നകേട്ട് സന്ധ്യ അയയിൽ വിരിച്ചു കൊണ്ടിരുന്ന തുണികൾ വകഞ്ഞു മാറ്റി എത്തി നോക്കി.

ലളിത അവിടെ നിൽക്കുന്ന കണ്ട് സന്ധ്യ പേടിയോടെ ചുറ്റിലും നോക്കി. അങ്ങോട്ട് ചെന്ന് അവരോടു സംസാരിക്കുന്നത് ദീപ്തിയോ ജയകൃഷ്ണനോ കണ്ടാൽ എന്ത് പറയും എന്ന ഭയമായിരുന്നു അവൾക്ക്. എങ്കിലും മുഖത്തൊരു ചിരി വരുത്തി അവൾ അവർക്കരികിലേക്ക് ചെന്നു.

“നീയേതാ…?

അവർ പരുഷമായ ശബ്ദത്തിൽ സന്ധ്യയോട് ചോദിച്ചു.

“ഞാൻ… ഞാൻ ദീപുവിന്റെ കൂട്ടുകാരിയാ.

“നീയെന്താ ഇവിടെ താമസിക്കുന്നെ..? നിന്റെ കെട്ട്യോനാണോ അന്ന് ഇവിടെ വന്നു ബഹളമുണ്ടാക്കിയത്.??

“ഉം.. അതേ..

സന്ധ്യ പെട്ടന്ന് മുഖം കുനിച്ചു.

“നീയിവിടെ സ്ഥിരതാമസത്തിനു വന്നതാണോ?

“അല്ല.. ഞാൻ പോകും ദീപ്തി വിളിച്ചപ്പോ തല്ക്കാലം ഒന്ന് മാറി നിൽക്കാൻ വേണ്ടി വന്നതാ ഇങ്ങോട്ട്.

“എന്നാപ്പിന്നെ വേഗം പോകാൻ നോക്ക്.നീയും നിന്റെ കെട്ട്യോനും കൂടി എന്റെ മക്കൾക്ക് കിടക്കപ്പൊറുതി ഇല്ലാതാക്കാൻ നോക്കണ്ട.അവര് സമാധാനമായി ജീവിച്ചോട്ടെ അവിടെ.

നിന്റെ കെട്ട്യോൻ കൊള്ളാത്തവനാണെങ്കിൽ അവനെ ഒഴിവാക്കാൻ ഇവിടെ വന്നു താമസിക്കേണ്ട കാര്യമൊന്നുമില്ല നിനക്ക്. കേട്ടല്ലോ.

ലളിത പിന്നെയും എന്തോ പറയാൻ തുടങ്ങിയതും സന്ധ്യ വേഗം അകത്തേക്ക് കയറിപ്പോന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.

ജയകൃഷ്ണന്റെ മുന്നിലേക്കായിരുന്നു അവൾ കയറി ചെന്നത്.

“എന്തായിരുന്നു അവിടെ അവരുമായിട്ട്..?

ജയകൃഷ്ണന്റെ വാക്കുകളുടെ മൂർച്ച സന്ധ്യയുടെ ഹൃദയം വീണ്ടും കീറി മുറിച്ചു. അവൾ തുളുമ്പിയോഴുകുന്നമിഴികളുയർത്തി അയാളെയൊന്നു നോക്കിയിട്ട് വേഗം അവളുടെ മുറിയിലേക്ക് കയറിപ്പോയി.

അല്പം കഴിഞ്ഞ് ദീപ്തി അവൾക്കരികിൽ വന്നിരുന്നു.

“ആ തള്ള നിന്നോട് എന്തെങ്കിലും പറഞ്ഞോ. ഏട്ടൻ പറഞ്ഞു നീ അവരോട് സംസാരിക്കുന്നത് കണ്ടെന്ന്.

സന്ധ്യ കരഞ്ഞു വീർത്ത കണ്ണുകളോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ മുഖം കണ്ട് ദീപ്തി പകച്ചു പോയി.

എന്താടി ഇത്. എന്തിനാ നീയിങ്ങനെ കരഞ്ഞേ. അവര് നിന്നെ വഴക്ക് പറഞ്ഞോ?

“ഉം… നിങ്ങളെ ശല്യം ചെയ്യാതെ എന്നോടിവിടുന്ന് ഇറങ്ങി പോകാൻ പറഞ്ഞു.

സന്ധ്യ തേങ്ങലിനിടയിൽ പറഞ്ഞൊപ്പിച്ചു.

“ഹഹഹ… അയ്യോ… ഹഹഹ…

അത് കേട്ടതും ദീപ്തി പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“എന്നിട്ട് നീയെന്തു പറഞ്ഞു..?

“എന്ത് പറയാൻ…?

“ചുമ്മാ മോങ്ങിക്കൊണ്ട് ഇങ്ങ് കയറിപ്പോന്നു അല്ലെ..?

“എടി പരട്ടെ.. നിനക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ പാടില്ലായിരുന്നോടി ആ ജന്തുവിനോട്.

“ഞാൻ എന്താ പറയുക… എത്രയായാലും അവർ നിങ്ങളുടെ അമ്മയല്ലേ.?

“ഹും… അമ്മ.. നീയാ വാക്കിന്റെ മാന്യത കളയല്ലേട്ടോ. മക്കളെക്കുറിച്ച് ഇത്രയേറെ ആകുലപ്പെടുന്ന ഒരുത്തി വേറെ കാണില്ല.. അമ്മയാത്രേ.

നിനക്കറിയോ ഇപ്പോ അവരുടെ കൂടെയുള്ളയാൾ അവരുടെ വലയിൽ വീഴുന്ന എത്രാമത്തെ ഇരയാണെന്ന് അവർക്ക് പോലും നിശ്ചയമുണ്ടാകില്ല. എന്നിട്ട് മക്കളുടെ നന്മ കാണാൻ ഇറങ്ങി പുറപ്പെട്ടേക്കുന്നു.വൃത്തികെട്ട സ്ത്രീ.അവരവിടെ താമസിക്കുന്നതാ ഞങ്ങളുടെ ഏറ്റവും വലിയ സമാധാനക്കേട്. അതവർക്കറിയാം. മനപ്പൂർവം ദ്രോഹിക്കാൻ വന്നു കിടക്കുന്നതാ അവിടെ. എന്നിട്ട് സമാധാനം ഉണ്ടാക്കാൻ വന്നേക്കുന്നു.

“എന്താ ദീപു അമ്മ ഇങ്ങനെ..?

“പച്ച മലയാളത്തിൽ അതിനൊരു പേര് പറയും. പക്ഷേ എന്റെ നാവു വഴങ്ങുന്നില്ല സന്ധ്യേ.

ഒരിക്കൽ അവർക്കൊരു ആക്‌സിഡന്റുണ്ടായി. അന്ന് ഏട്ടനും ഞാനും എല്ലാം ക്ഷമിച്ച് അവരെ കാണാൻ ചെന്നിരുന്നു.ആ സമയത്ത് അവർക്കൊപ്പം ഉണ്ടായിരുന്നയാൾ മുങ്ങി.ഹോസ്പിറ്റലിൽ നിന്നും ആരോ ഞങ്ങളെ വിളിച്ചറിയിക്കുകയായിരുന്നു.

അവിടുന്ന് ഡിസ്ചാർജ് ആയപ്പോൾ അവരെ ഞങ്ങൾ ഞങ്ങളുടെ വാടക വീട്ടിലേക്ക് കൊണ്ട് പോന്നു. ഒരു ദിവസം ഞാനും ഏട്ടനും ജോലി കഴിഞ്ഞു വരുമ്പോൾ മുറ്റത്ത് ഏട്ടന്റെ അതേ പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഒരു കുട്ടിയേം കൊണ്ട് വന്നു നിൽക്കുന്നു.

ഏട്ടൻ കാര്യമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു എനിക്കെന്റെ അമ്മുവിനെ ഒന്ന് കാണണം. എന്റെ കുഞ്ഞും അവളെ കാണാൻ വല്ലാതെ വാശിപിടിക്കുന്നു. അതാ മോനെയും കൂട്ടി പോന്നേയെന്ന്.

അങ്ങനെയൊരാൾ ഈ വീട്ടിലില്ലല്ലോ എന്ന് ഞാനും ഏട്ടനും മാറി മാറി പറഞ്ഞു. എന്നിട്ടും അയാളത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

ഒടുവിൽ അയാൾ ഫോൺ ഗാലറിയിൽ കിടന്ന, ഫോട്ടോയിൽ മാത്രം അയാൾ കണ്ടിട്ടുള്ള അയാളുടെ കാമുകിയെ കാട്ടിത്തന്നു.

അമ്മയായിരുന്നു അത്. അവരുടെ ചെറുപ്പകാലത്തെ ഏതോ ഒരു ഫോട്ടോ. ഫോൺ ആപ്പ് ഉപയോഗിച്ച് പുതിയത് പോലെ ആക്കിയിരുന്നു.

ഞാനും ഏട്ടനും ജീവനോടെ നിന്നുരുകിപ്പോയി.

ആക്സിഡന്റിനു ശേഷം ബെഡ് റെസ്റ്റിലായിരുന്ന സമയത്ത് അവരൊപ്പിച്ച പണിയായിരുന്നു അത്. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടതാ. അയാളുടെ വൈഫ് നഴ്സായിരുന്നു. ആ കുട്ടി നൈറ്റ്‌ഡ്യൂട്ടിക്കും മറ്റും പോകുമ്പോ കുഞ്ഞിനെ ഫോണിൽ കൂടി പാട്ട് പാടികൊടുത്ത് ഉറക്കിയിരുന്നത് ഇവരായിരുന്നത്രെ. അതിന് ശേഷം അയാളെയും.

ദീപ്തി കഠിനമായ വെറുപ്പോടെ മുഖം കുടഞ്ഞു.

സന്ധ്യക്കും ആ കഥകൾമനംപുരട്ടലുണ്ടാക്കി.

ഒടുവിൽ ഏട്ടനവരെ വിളിച്ചു അയാളുടെ മുന്നിൽ കൊണ്ടു നിർത്തി. ദാ. വേണമെങ്കിൽ കൊണ്ടു പൊയ്ക്കോളൂ എന്ന് പറഞ്ഞു.

ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന ഒരവസ്ഥയിലായിരുന്നു ഏട്ടൻ. അവർക്ക് പക്ഷേ ഒരു കൂസലുമില്ലയിരുന്നു.

ആ ചെറുപ്പക്കാരൻ അല്പനേരം അവരുടെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ കുഞ്ഞിനേയുമെടുത്തു ഇറങ്ങിപ്പോയി.

അവരുമായിട്ടുള്ള എല്ലാ ബന്ധവും അന്നുപേക്ഷിച്ചതാ ഞങ്ങൾ. ഇനിയവർ മരിച്ചെന്നറിഞ്ഞാൽ പോലും ഞങ്ങളവരെ പോയി കാണില്ല.

കണ്ടവരുടെ കൂടെ അഴിഞ്ഞാടി നടന്ന് മക്കളെ പച്ചക്കു കത്തിച്ചവരാ ഇപ്പോ മക്കൾക്ക് സമാധാനം ഉണ്ടാക്കി കൊടുക്കാൻ വന്നേക്കുന്നത് . നീയവരുടെ വാക്കും കേട്ട് മോങ്ങിക്കൊണ്ട് പോന്നല്ലോ എന്നോർക്കുമ്പോഴാ എനിക്ക് ചൊറിഞ്ഞു വരുന്നേ.

ദീപ്തി വല്ലാത്ത ദേഷ്യത്തോടെ സന്ധ്യയെ നോക്കി.

പാവം ഏട്ടൻ പിന്നെയും നാട്ടുകാരുടെ മുന്നിലും, കൂട്ടുകാരുടെ മുന്നിലും ഒരുപാട് അപമാനിതനായി. മക്കൾക്കൊപ്പം കളിചിരികളുമായി നഷ്ടപ്പെട്ടുപോയ ജീവിതവും സന്തോഷങ്ങളും തിരിച്ചു പിടിക്കാൻ ശ്രമിച്ചു തുടങ്ങയതായിരുന്നു ഞാനും ഏട്ടനും. പക്ഷേ പിന്നെയും അവർ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു.

സ്വന്തം മക്കളെയിങ്ങനെ ചവിട്ടിയരക്കാൻ ഏതെങ്കിലും അമ്മമാർക്ക് കഴിയോ.

ഏട്ടനെക്കുറിച്ചോർത്താ എന്റെ സങ്കടം. ജീവിതം ചിന്നിച്ചിതറിപ്പോയി. ഒരു തെറ്റും ചെയ്യാതെ തന്നെ.

മൃദുല നല്ല കുട്ടിയാ. അച്ഛന്റെ ഫ്രണ്ട്ന്റെ മോളാ. ഞങ്ങളെക്കുറിച്ച് എല്ലാം അറിയാം. പക്ഷേ ഏട്ടൻ ഒന്നിനും സമ്മതിക്കുന്നില്ല. എങ്ങനെയും അതൊന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിക്കണം. എനിക്കും വല്യ ആഗ്രഹമുണ്ട് ഏട്ടനൊരു കുടുംബമുണ്ടായിക്കാണാൻ.

സന്ധ്യ പെട്ടന്ന് കുറച്ചു ദിവസം മുൻപ് ദീപ്തി പറഞ്ഞതിനെക്കുറിച്ചോർത്തു.

വിവാഹത്തെ പറ്റിയല്ലെങ്കിൽപ്പിന്നെ മറ്റെന്തായിരിക്കും ജയകൃഷ്ണൻ തന്നെപ്പറ്റി അവളോട് പറഞ്ഞിട്ടുണ്ടാകുക.

ഏതുമാകട്ടെ. സമയമാകുമ്പോൾ തന്നോട് പറയുകതന്നെ ചെയ്യും. അതു വരെ കാത്തിരിക്കാം. സന്ധ്യ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ദീപ്തിയെ നോക്കിയിരുന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“സന്ധ്യാന്റി, എനിക്കൊരു ബുൾസൈ ഉണ്ടാക്കി തരോ. വിശക്കുന്നു ”

നന്ദുവിന്റെ മുടി ചീകി കൊടുക്കുകയായിരുന്നു സന്ധ്യ.

“ഒരു ബുൾസൈ തിന്നാൽ വിശപ്പ് മാറോ അച്ചൂട്ടി..

സന്ധ്യ ചിരിച്ചുകൊണ്ട് അശ്വതിയുടെ കവിളിൽ നുള്ളി.

“കൂട്ടത്തിൽ രണ്ടു ബ്രെഡും കൂടി ടോസ്റ്റ് ചെയ്തോ.?

അച്ചു ഒരിളിഭ്യ ചിരിയോടെ സന്ധ്യയെ നോക്കി കണ്ണിറുക്കി.

“ഹഹഹ… അത് കൊള്ളാം ഇപ്പോ എടുത്തു തരാട്ടോ.

സന്ധ്യ നന്ദുവിന്റെ മുടി കെട്ടിവെച്ച് അവളെ ബെഡിൽ നിന്നും താഴെയിറക്കി നിർത്തി.

“എന്നാപ്പിന്നെ നാലു പീസ് ബ്രഡും ഒരു ബുൾസൈയും എനിക്കും കൂടി എടുത്തോ ആന്റി.

അശ്വതിക്ക് പിന്നാലെ വന്ന അനന്തു വിളിച്ചു പറഞ്ഞു.

“എനിച്ചും വേണമ്മേ .. നന്ദുവും അതേറ്റു പിടിച്ചു.

എല്ലാർക്കും തരാം. ഇങ്ങനെ ബഹളം കൂട്ടല്ലേ.

“അമ്പടി കാ‍ന്താരി എന്റെ മേശയിലിരുന്ന ഡയറി മിൽക്ക് രണ്ടെണ്ണം അടിച്ചു മാറ്റി ശാപ്പിട്ട നിനക്കും വിശപ്പോ..?

അനന്തു അവളുടെ ചെവിയിൽ നുള്ളാനെന്ന ഭാവേനേ കയ്യുയർത്തി.

“പിന്നേ… ഞാനെങ്ങും എടുത്തില്ല. ഈ അച്ചു ആന്റിയാരിക്കും.

പറഞ്ഞു കൊണ്ട് അവളന്റെ കൈക്കുള്ളിൽനിന്ന് ഒഴിഞ്ഞു മാറി കിലു കിലെ ചിരിച്ചു കൊണ്ട് പുറത്തേക്കൊടി.

“എടി കുരിപ്പേ…നുണ പറയുന്നോ..?

അനന്തുവും അവൾക്ക് പിന്നാലെ ഓടി.

അവരുടെ ഓട്ടം കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് സന്ധ്യ അടുക്കളയിലേക്ക് നടന്നു.

നന്ദുമോൾ ഈയിടെയായി അച്ഛനെക്കുറിച്ച് ചോദിക്കുന്നില്ല. സ്കൂളിൽ പോയി തുടങ്ങിയതിൽപ്പിന്നെ അവൾ ഹാപ്പിയായിരിക്കുന്നു.

സന്ധ്യ ഒരു ദീർഘനിശ്വാസത്തോടെ ഓർത്തു.

ദീപ്തിയാണവളെ ഷോപ്പിനടുത്തുള്ള സ്കൂളിൽ തന്നെ യൂ കെ ജി ക്ലാസ്സിൽ ചേർക്കാനുള്ള അഡ്മിഷനും മറ്റും ശരിയാക്കിയത്.

സന്ധ്യക്ക് അവളോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും മനസ്സിൽ നിറഞ്ഞു തുളുമ്പി.

അച്ഛൻ വിളിച്ചിട്ട് അയാളെ കാണാൻ പോയിരിക്കുകയാണ് ദീപ്തിയും ജയകൃഷ്ണനും.

“മൃദുലയുടെ വീട്ടിൽ നിന്നും ആരൊക്കെയോ വരുന്നുണ്ടത്രേ. ഏട്ടനോട് അതിപ്പോ പറയുന്നില്ല. പറഞ്ഞാൽ ആള് മുങ്ങും. എങ്ങനേം പിടിച്ചു കൊണ്ട് ചെല്ലാനാ അച്ഛന്റെ ഓർഡർ.”

തലേന്ന് രാത്രി ഒച്ചയമർത്തി ദീപ്തി സന്ധ്യയുടെ ചെവിയിൽ രഹസ്യം പറഞ്ഞു.

ഒരു നിമിഷം സന്ധ്യക്ക് എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു. വല്ലാത്തൊരു വീർപ്പുമുട്ടൽ.

പിന്നെയവൾ സ്വയം ശാസിച്ചു.

ഇതിനാണോ നീ ഇറങ്ങിപുറപ്പെട്ടെ..?

നിന്റെ ലക്ഷ്യം നീ മറന്നോ?

അർഹതയില്ലാത്ത ഒന്നിനെ ആഗ്രഹിച്ച് അതിൽ പിടിച്ചു കയറാനാണോ നീയിത്രയും കഷ്ടപ്പെട്ടത് ?

സ്നേഹം തന്ന മനസ്സുകളെ വെറുപ്പിക്കണോ നിനക്ക്..?

ഇറങ്ങിപ്പോടി എന്റെ കണ്മുന്നിൽ നിന്ന് എന്നൊരു അലർച്ചയിൽ തലകുനിച്ചു ഇറങ്ങി പോകാനുള്ള അവസരം ഉണ്ടാക്കണോ നിനക്ക്…?

ചോദ്യങ്ങൾക്ക് വാളിന്റെ മൂർച്ചയുണ്ടായിരുന്നു.

ഹൃദയം കുത്തിക്കീറുന്ന വേദനയിൽ സന്ധ്യ പൊള്ളിപ്പിടഞ്ഞുപോയി

വേണ്ട… വേണ്ട… വേണ്ട..

അവൾ രണ്ടു കൈകൊണ്ടും കാതുകൾ പൊത്തി ഉള്ളിന്റെയുള്ളിൽ അലറിക്കരഞ്ഞു….

  • തുടരും…