25/05/2026

മരുമകൾ : ഭാഗം 60

രചന – ഗംഗ ശലഭം

അഡ്മിറ്റ് ആയതിന്റെ പിറ്റേന്ന് രാവിലെ ഏഴു മണിയോടെ ഒരു നഴ്സ് വന്ന് ലേബർ റൂമിലേക്ക് കൂട്ടികൊണ്ട് പോയി. ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു അവര് കാട്ടിത്തന്ന ബെഡിലേക്ക് കിടക്കുമ്പോ തൊട്ടടുത്ത ബെഡിൽ നിന്നൊരു പെൺകുട്ടി നിലവിളിക്കുന്നുണ്ടായിരുന്നു. സത്യം പറയട്ടെ…. അത് കേട്ടതോടെ സംഭരിച്ചു വച്ച ധൈര്യം മുഴുവനായും ചോർന്നു പോയി.

പേടിച്ചു പേടിച്ചാണ് ബെഡിൽ കിടന്നത്. ഡോക്ടർ ഒരു ടാബ്ലറ്റ് ഉള്ളിലേക്ക് വച്ച്, ഒരു ഇൻജക്ഷനും തന്നിട്ട് റൂമിലേക്ക് തന്നെ പൊയ്ക്കൊള്ളാൻ പറഞ്ഞു. Pain വരികയാണെങ്കിൽ നഴ്സിംഗ് റൂമിലേക്ക് ഇൻഫോം ചെയ്യാൻ പറഞ്ഞു എങ്കിലും പിറ്റേന്ന് പുലർന്നിട്ടും എനിക്ക് pain ഒന്നും വന്നില്ല.

Pain മുഴുവൻ നെഞ്ചിലായിരുന്നേ…. ഇടിച്ചു ഇടിച്ചു അതിപ്പോ പൊട്ടി പുറത്ത് ചാടുമെന്ന വണ്ണം പേടിയായിരുന്നു എനിക്ക്. ഹരിയേട്ടൻ നിന്നും ഇരുന്നും എന്നെ ആശ്വസിപ്പിക്കുന്നുണ്ട് . പക്ഷെ ലേബർ റൂമിൽ നിന്നും ആ നിലവിളി കേട്ട് വന്ന ശേഷം സമാധാനിക്കാൻ എനിക്ക് പറ്റണ്ടേ?

ഒടുവിൽ ഹരിയേട്ടനെ പിടിച്ചു ബെഡിലേക്കിരുത്തി ആ മടിയിലേക്ക് തല വച്ച് കിടന്ന് ആളിന്റെ കൈ എടുത്തെന്റെ തലയിലേക്കും വച്ചു.

എന്റെ മുടിയൽക്കൂടെ വിരൽ കടത്തി മസ്സാജ് ചെയ്യുമ്പോഴും ആളിന്റെ മുഖത്ത് ചമ്മലുണ്ട്. കാര്യം വേറൊന്നുമല്ല…. എന്റെ അമ്മ കൂടി ഉണ്ടേ മുറിയില്. അതിന്റെയാണ്. എനിക്ക് പിന്നെ ഇന്ന് അതൊന്നും ഒരു വിഷയമല്ലാതായിട്ടുണ്ട്. അങ്ങനെയേ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് പുലർച്ചെ പിന്നെയും നഴ്സ് വന്നു.

” ഇന്ന് എന്തായാലും തിരികെ വരുമ്പോ അമ്മേടെ കൂടെ കുഞ്ഞും കാണും കേട്ടോ…. ”

എന്നെയും കൊണ്ട് ലേബർ റൂമിലേക്ക് പോകുമ്പോ നഴ്സ് അമ്മയോട് പറഞ്ഞു.

അമ്മേടെ മുഖത്തും ആകെ ടെൻഷൻ ആണ്. ഹരിയേട്ടന്റെ കാര്യം പിന്നേ പറയുകേ വേണ്ട. ഇന്ന് പുലർന്നപ്പോൾ മുതൽ ഏതാണ്ട് മുട്ടയിടാൻ നടക്കുന്ന കോഴീടെ ഭാവമാണ് പുള്ളിക്കാരന്. ടെൻഷൻ കണ്ടാൽ തൊന്നും ആളാണ്‌ പ്രസവിക്കാൻ പോകുന്നതെന്ന്.

🦋

ടാബ്ലറ്റ് വച്ചിട്ട് ഗുണം ഉണ്ടായില്ലല്ലോ? അടുത്ത് ഡോക്ടർ ചൂസ് ചെയ്ത രീതി
Amniotomy ആണ്. എന്ന് വച്ചാൽ ആർട്ടിഫിഷ്യൽ ആയിട്ട് amniotic sac rupture ചെയ്യുന്ന രീതി. Water break ചെയ്യുക എന്ന് പറയും…

അത് ചെയ്ത് ഏതാണ്ട് അര മണിക്കൂറിനുള്ളിൽ അടിവയറ്റിൽ നിന്നൊരു തരിപ്പ് തുടങ്ങി. പതിയെ അത് നട്ടെല്ലിലേക്ക് വ്യാപിച്ചു. പിന്നീട് ആ നോവ് ശരീരത്തിലെ ഓരോ അണുവിലേക്കും പടർന്നു പിടിച്ചു. ഉള്ളം കാലു മുതൽ ഉച്ചി വരെ നോവ് എന്ന് തോന്നും. സത്യത്തിൽ വേദന നടുവിനും അടിവയറ്റിലുമാണ്. പക്ഷെ ദേഹം ആസകലം വേദനിക്കുന്നെന്നെ തോന്നുള്ളൂ….

നട്ടെല്ല് പിളർന്നു പോകുന്നത് പോലെ നോവ് കൊണ്ട് പുളഞ്ഞു പോയി ഞാൻ. ഹരിയേട്ടന്റെയും അമ്മയുടെയും പേര് വിളിച്ചു കരഞ്ഞു…. എനിക്ക് അവരെ രണ്ടാളെയും കാണാൻ കൊതി തോന്നി.

നിങ്ങൾക്കറിയുമോ? ആറു മണിക്കൂറ്…
തുടർച്ചയായി ആറു മണിക്കൂർ ഞാനാ മരണവേദന അനുഭവിച്ചു. ഇതിനിടയിൽ പലപ്പോഴും ഞാൻ മരിച്ച് പോകുമെന്ന് എനിക്ക് തോന്നി. ആദ്യമൊക്കെ കരഞ്ഞാൽ വഴക്ക് കേൾക്കുമോ എന്ന് പേടിച്ചു കടിച്ച് പിടിച്ചു കിടന്നെങ്കിലും പിന്നെ പിന്നെ അറിയാതെ നിലവിളിച്ചു പോയി. ഉറക്കെ കരഞ്ഞിട്ടും ആരും എന്നെ വഴക്ക് പറഞ്ഞില്ല….

വേദനയുടെ സാഗരത്തിനുള്ളിൽ ഞാൻ മുങ്ങിപ്പോയതാണെന്ന് തോന്നി. വേദന മാത്രം…! മറ്റൊന്നും ചിന്തിക്കാൻ പോലും ആകാത്ത വിധം…! ഓരോ നിമിഷവും കൂടി വരുന്ന വേദന… ഇനിയെനിക്ക് പഴയത് പോലെ വേദന ഇല്ലാത്ത അവസ്ഥ ഉണ്ടാവില്ല എന്ന് വരെ തോന്നിപ്പോയി.

എന്റെ ഒപ്പവും എനിക്ക് ശേഷവുമായി ലേബർ റൂമിലേക്ക് വന്ന മറ്റ് രണ്ട് പേരും ഡെലിവറി റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യപ്പെട്ടപ്പോഴും ഞാൻ അവിടെ തന്നെ വേദന തിന്ന് കിടന്നു.

ഒടുവിൽ എപ്പോഴോ ഡോക്ടർ പറഞ്ഞു ഡെലിവറി റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ ടൈം ആകുന്നു എന്ന്. ആശ്വാസം തോന്നി. ഇനി ഉടനെ ഡെലിവറി ഉണ്ടാകുമല്ലോ?

പെട്ടെന്ന് ഡോക്ടർ ഒന്ന് നിന്നു. വാവയുടെ ഹാർട്ട്‌ റേറ്റ് മോണിറ്റർ ചെയ്തിരുന്ന മോണിറ്ററിലേക്ക് ഒന്ന് നോക്കി.

” സ്റ്റോപ്പ്‌ പുഷിങ്…. ”

എന്ന് എന്നോട് സംഭ്രമത്തോടെ പറഞ്ഞു.

നേരത്തെ തന്നെ nuchal chord എന്നൊരു അവസ്ഥ ഉണ്ടായിരുന്നു. അതായത് umbilical chord കുഞ്ഞിന്റെ കഴുത്തിൽ ചുറ്റി പോകുന്ന അവസ്ഥ. അങ്ങനെ ഒരു കണ്ടിഷൻ ഉണ്ടായിരുന്നെങ്കിലും ഇത് വരെയും വാവക്ക് വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പൊ വാവേടെ ഹാർട്ട്‌ റേറ്റ് വല്ലാതെ കുറഞ്ഞു പോയത്രേ….!

ഭയന്ന് പോയി ഞാൻ…. ആ നിമിഷം എന്റെ വേദനകൾ എനിക്ക് ഒന്നുമല്ലാതായി. ഡോക്ടർ സ്കാൻ വഴി കുഞ്ഞിന്റെ അവസ്ഥ പരിശോധിക്കുമ്പോൾ, എനിക്ക് എന്ത് സംഭവിച്ചാലും എന്റെ കുഞ്ഞിന് ആപത്തൊന്നും ഉണ്ടാകരുതേ എന്ന് ഞാൻ പേരറിയുന്നതും അറിയാത്തതുമായ സകല ഈശ്വരൻമാരെയും വിളിച്ച് മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു…..

പ്രാണൻ പറിഞ്ഞു പോകുന്ന നോവ് അനുഭവിച്ച ഏതൊരു അമ്മയ്ക്കും ആ നിമിഷം അങ്ങനെ പ്രാർത്ഥിക്കാനേ കഴിയുമായിരുന്നുള്ളൂ….!

പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു. സി സെക്ഷൻ urgent ആണെന്ന് പറഞ്ഞു. അനസ്തീഷ്യ തന്നു. കണ്ണുകൾ അടഞ്ഞു പോകുമ്പോഴും ഞാൻ പ്രാർത്ഥിച്ചത് എന്റെ കുഞ്ഞിന്റെ ആരോഗ്യത്തിനും ജീവനും വേണ്ടി മാത്രം ആയിരുന്നു.

🦋

കണ്ണ് തുറക്കുമ്പോ ആകെയൊരു മരവിപ്പാണ്. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാണ് എന്താണെന്നും എവിടെ ആണെന്നും ബോധം വന്നത്. സ്വബോധം വന്നതും വല്ലാത്തൊരു നെഞ്ചിടിപ്പോടെ ബെഡിന്റെ ഇടത്തേയ്ക്കൊന്ന് തല തിരിച്ചു.

തൂ വെള്ള നിറത്തിലെ തുണിയിൽ മുഖം മാത്രം കാണും വിധം പൊതിഞ്ഞു വച്ചൊരു കുഞ്ഞ് പ്രാണൻ അവിടെ സുഖ നിദ്രയിലാണ്. ഉള്ളൊന്ന് കുതിച്ചു ചാടി. കണ്ണ് നിറഞ്ഞൊഴുകി…. നെഞ്ചിലേക്ക് വാരിപ്പിടിച്ചു ഒരായിരം ഉമ്മകൾ കൊണ്ട് മൂടാൻ ആത്മാവ് കൊണ്ട് കൊതിച്ചു.

പക്ഷെ അനങ്ങാൻ ആവുന്നില്ല. ആ മുഖം ഒന്ന് നേരാം വണ്ണം കാണാൻ പറ്റുന്നില്ല. ആൺകുഞ്ഞോ പെൺകുഞ്ഞോ? അതും അറിയില്ല.

ആദ്യം എനിക്കാ മുഖം കാണാനായില്ലല്ലോ? ആദ്യം എനിക്കാ കുഞ്ഞ് നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ ആയില്ലല്ലോ? നോർമൽ ഡെലിവറി ആയിരുന്നെങ്കിൽ എനിക്കാദ്യം എന്റെ കുഞ്ഞിനെ കാണാമായിരുന്നു. എനിക്കാദ്യം അവനെ ചുംബിക്കാമായിരുന്നു.

കിടന്ന കിടപ്പിൽ ഒന്ന് തിരിയാൻ നോക്കുന്നേരം അമ്മ ഓടി വന്നു.

” സൂക്ഷിച്ച്….. എണീക്കല്ലേ….. ”

അമ്മ തന്നെ വാവയെ കയ്യിലെടുത്തു എന്റെ മുഖത്തോട് അടുപ്പിച്ചു തന്നു.

ഇളം റോസ് നിറത്തിൽ ഒരു കുഞ്ഞ് മുഖം….!

” മോനാ….. ”

അമ്മ നിറഞ്ഞ ചിരിയോടെ പറഞ്ഞു. ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു!

എന്റെയും ഹരിയേട്ടന്റെയും കുഞ്ഞ്. ….!
ഞങ്ങളുടെ ജീവന്റെ അംശം….
എനിക്ക് ഒരേ സമയം ചിരിയും കരച്ചിലും വന്നു.

എന്റെ മനസ്സറിഞ്ഞത് പോലെ അമ്മയവന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു പിടിച്ചു. ഞാൻ തലയൊന്ന് ഉയർത്തി പതിയെ അവന്റെ പഞ്ഞി കവിളിൽ ചുണ്ട് ചേർത്തു. പിന്നെ കുഞ്ഞ് നെറ്റിയിൽ…. താടിത്തുമ്പിൽ…. പിന്നെയും കവിളിൽ….

” മതിയെടി ” എന്ന് അമ്മ പറയും വരെ ഞാൻ അവനെ ചുംബിച്ചു കൊണ്ടിരുന്നു…. അപ്പോഴും ആശാൻ അവിടെ സുഖനിദ്ര തന്നെ!

ഹരിയേട്ടനും അച്ഛനും കൂടി വാതിൽ കടന്ന് അകത്തേയ്ക്ക് വന്നു. ഹരിയേട്ടന്റെ കയ്യിൽ ഒരു ഫ്ലാസ്ക് ഉണ്ട്. അച്ഛന്റെ കയ്യിൽ ഒരു പൊതിയും….

സത്യം പറയട്ടെ… ഈ മുറിയിൽ ഇവർക്കൊപ്പം മറ്റ് രണ്ട് പേരെക്കൂടി ഞാൻ പ്രതീക്ഷിച്ചിരുന്നു. അമ്മായിയും അമ്മാവനും….

ഹരിയേട്ടൻ എന്തായാലും ഡെലിവറി കഴിഞ്ഞ വിവരം അവരെ വിളിച്ചറിയിച്ചിട്ടുണ്ടാകും. എന്നോട് എത്ര വിരോധം ഉണ്ടായാലും കുഞ്ഞിനെ കാണാൻ വരാതിരിക്കുമോ?

” ചേച്ചിയും അണ്ണനും വന്നിരുന്നു. ഇപ്പൊ അങ്ങോട്ട് പോയെ ഉള്ളൂ…. ”

എന്റെ ചിന്ത മനസ്സിലായത് പോലെ അമ്മ പറഞ്ഞു.

വന്നിരുന്നല്ലോ? അപ്പൊ കുഞ്ഞിനോട് ഇഷ്ടമൊക്കെയുണ്ട്. അതറിഞ്ഞപ്പോ സമാധാനം തോന്നി.

ഹരിയേട്ടൻ അടുത്തേയ്ക്ക് വന്നതും അമ്മ കുഞ്ഞിനെ എന്റെ അടുത്ത് കിടത്തി അവിടെ നിന്നും മാറി.

” ഒത്തിരി വേദനിച്ചോടി? ”
എന്ന് എന്റെ തലയിൽ ഒന്ന് തലോടി ചോദിച്ചു. ഞാൻ അതേയെന്ന് തലയാട്ടി…

ആ കണ്ണ് പെട്ടെന്ന് നിറഞ്ഞു.

” സാരമില്ല. നമ്മുടെ മോന് വേണ്ടിയല്ലേ? ”

ഞാൻ പയ്യെ ചിരിച്ചു.

” ഇപ്പോ നല്ല വേദനയുണ്ടോ? ”

ഞാൻ ഇല്ല എന്ന് തല വെട്ടിച്ചു. വേദന വന്ന് തുടങ്ങുന്നേ ഉള്ളെന്ന് തോന്നി. ഇപ്പോ സഹിക്കാവുന്ന വേദന മാത്രം.

🦋 🦋 🦋 🦋 🦋.

പിന്നെ…… C- സെക്ഷനെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല. കഥയിൽ പറഞ്ഞ സിറ്റുവേഷൻ ദേവു ഫേസ് ചെയ്തതാണ്. അവൾ പറഞ്ഞ അറിവേ ഉള്ളൂ….
നോർമൽ ഡെലിവറിയെക്കുറിച്ചാണേൽ ഞാൻ എഴുതി മരിച്ചേനെ 😂😂.

C സെക്ഷൻ നിൽ സാധാരണ spinal anesthesia ആണ് കൊടുക്കാറ്. ചില ക്രിട്ടിക്കൽ കേസുകളിൽ ജനറൽ anesthesia കൊടുക്കാറുണ്ട്. കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന് ആപത്തുണ്ട് എന്ന് തോന്നുന്ന സന്ദർഭങ്ങളിലൊക്കെ. അത് ഡോക്ടറിന്റെ ഡിസിഷൻ ആണ്. അങ്ങനെ ഉള്ളപ്പോ നമ്മൾ കംപ്ലീറ്റ് ആയിട്ട് unconcious ആകും. ഒന്നും അറിയാൻ പറ്റില്ല.