23/04/2026

വധു : ഭാഗം 05

രചന – ആയിഷ അക്ബർ

എത്തുന്ന വിവരം പറഞ്ഞത് കൊണ്ടാവാം കാറിന്റെ പതിഞ്ഞ ശബ്ദം കേട്ട് തന്നെ എല്ലാവരും പെട്ടെന്ന് ഉമ്മറത്തു പ്രത്യക്ഷപ്പെട്ടത് …..

അവൻ ഇറങ്ങണോ വേണ്ടയോ എന്നൊരാവസ്ഥയിലാണ്….

രണ്ടും കല്പ്പിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും തന്റെ കയ്യിലൊരു പിടുത്തം വീണത് പെട്ടെന്നായിരുന്നു….

അവൻ പെട്ടെന്ന് തല ചെരിച്ചവളിലേക്ക് നോക്കി…

തന്റെ കയ്യിൽ പിടിച്ച പിടിയിലേക്കും അവളിലേക്കും അവൻ മാറി മാറി നോക്കുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….

അവൾ പെട്ടെന്ന് കൈയിലെ പിടുത്തം വിട്ടു….

അവളുടേ കണ്ണുകളിൽ ദയനീയത നിറഞ്ഞു നിന്നു…

ഞാൻ …. ഞാനെന്താ ഇവിടെ ചെയ്യേണ്ടത് …..

അവളത് ചോദിച്ചതും അവൻ അവളിൽ നിന്ന് മുഖം തിരിച്ചു….

നീ…. നീയായാൽ മതി…
നിനക്കെന്ത് ചെയ്യാൻ തോന്നുന്നുവോ അത് ചെയ്യ്…..

അവൻ മുഖത്തേക്ക് നോക്കാതെ അതും പറഞ് കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി…..

അവൻ പറഞ്ഞതിലെ പൊരുളെന്തെന്നറിയാതെ അവളങ്ങനെ ഇരുന്നു..

പിന്നീട് വിറച്ചു വിറച്ചു കൊണ്ടാണ് അവൾ പുറത്തേക്കിറങ്ങിയത്…..

അവൻ കാറിൽ നിന്നിറങ്ങിയപ്പോൾ വിടർന്നിരുന്ന പല മിഴികളും അവളിറങ്ങിയപ്പോൾ മങ്ങുന്നത് അവർ കണ്ടിരുന്നു……

അവൾ അവനെയൊന്നു നോക്കി…..

അത്രയും ആളുകളെ കണ്ടതും ഇനിയുള്ള ദിവസങ്ങൾ എങ്ങനെയാകുമെന്നും താനിവിടെ എന്താണ് ചെയ്യേണ്ടതെന്നും ഒക്കെ ഓർത്തവൾ നിന്നുരുകുകയായിരുന്നു….

മുത്തശാ…..മുത്തശ്ശി….

അവൻ രണ്ട് പേരെയും ഒരുമിച്ച് ഇരു കൈകളും കൊണ്ട് വാരി പുണർന്നു….

വർഷങ്ങൾ ഒത്തിരിയായി അവരെ കണ്ടിട്ട്…..

തന്നേ ഒരു ഭ്രാന്തിന്റെ അവസ്ഥയിൽ നിന്നും കൈ പിടിച്ചുയർത്തിയത് അവരാണ്…..

ആ സ്നേഹം കൊണ്ട് തന്നെയാണല്ലോ അവർക്ക് വേണ്ടി ഇങ്ങനെയൊരു വേഷം കെട്ടുമായി ഇവിടേക്ക് വന്നതും…..

അവരും അവനെ മുറുകെ പിടിച്ചു ചുംബിച്ചു….

ഇരു കവിളികളിലും ചുംബനം പതിഞ്ഞതും അവൻ അവരിൽ നിന്നകന്നു മാറി…..

അപ്പോഴും അവിടെ കൂടിയ മറ്റെല്ലാവരുടെയും ശ്രദ്ധ കുറച്ച് പിറകിലായി ഒരു തരം പരിഭ്രമത്തോടെ നിൽക്കുന്ന അവളിലായിരുന്നു….

ഏതാ സായു ഈ കൊച്….

മുത്തശ്ശിയുടെ മനസ്സിലും അവളെ കണ്ടതൊരു കരടായി കിടക്കുന്നത് കൊണ്ടാവാം വിശേഷങ്ങൾ ചോദിക്കും മുന്പേ അവരത് ചോദിച്ചത്……

അവൻ പതിയേ അവളിലേക്ക് നോക്കി…

എങ്ങനെ പറയും എന്നൊരു പ്രയാസം അവന്റെ തൊണ്ട ക്കുഴിയിൽ തങ്ങി നിൽപ്പാണ്….

ശ്വാസം പുറത്തേക്ക് വരുന്നില്ല…..

പണ്ട് തോട്ടിലേക്ക് പോയത് മുത്തശ്ശനും മുത്തശ്ശിയും അറിയുമ്പോൾ താൻ അവരുടെ മുന്പിൽ നിൽക്കുന്നത് എങ്ങനെയാണോ ……

അതേ മാനസികാവസ്ഥ അവന് തോന്നി…..

അന്നതേ തനിക്ക് അത് വലിയ കാര്യ മായിരുന്നെങ്കിൽ ഇന്നവരെ കബളിപ്പിച്ചോരു ഭാര്യയെ വരെ ഉണ്ടാക്കിയെടുത്തിരിക്കുന്നു…..

വർഷങ്ങൾ നിങ്ങളുടെ സായുവിന് നൽകിയ മാറ്റം അതാവാം..

അവൻ മനസ്സിൽ മൊഴിഞ്ഞു…..

സായു…. നിന്നോടാ ചോദിച്ചത്…. ഏതാ ഈ കൊച്ചെന്ന്……

അവന്റെ നിശബ്ദതയിൽ ഭയം തോന്നിയെന്ന വണ്ണം അവരുടെ വാക്കുകളിൽ ആകുലത കലർന്നിരുന്നു…

അത്…. മുത്തശ്ശി….
ഞങ്ങൾ…. ഞങ്ങളുടെ വിവാഹം കഴിഞ്ഞു…..

സായു താഴേക്ക് നോക്കി കണ്ണിറുക്കെ ചിമ്മിയാണത് പറഞ്ഞത്……

അവിടെയുള്ളവരുടെയെല്ലാം കണ്ണുകൾ വെളിയിലേക്ക് ചാടുമെന്ന വണ്ണം തുറിച്ചു വരുന്നത് അവൾ കണ്ടിരുന്നു…

അവളും താഴേക്ക് മിഴികളൂന്നി…..

എന്നാൽ അവർക്കിടയിൽ നിന്ന് ദേഷ്യത്തോടെ മുഖം തിരിച്ചു പോകുന്ന മീനാക്ഷിയെ ആരും കണ്ടിരുന്നില്ല…..

എന്താ സായു നീയീ പറയുന്നത്……
ഞങ്ങളോടൊരു വാക്കന്ന്വേഷിക്കാതെ….

മുത്തശ്ശി അത് പറഞ്ഞപ്പോഴേക്കും വാക്കുകൾ ഇടറി പോയിരുന്നു…..

മുത്തശ്ശൻ ഒന്നും മിണ്ടാതേ അകത്തേക്ക് വലിഞ്ഞു….

ഏറെ സന്തോഷം നിറഞ്ഞൊരു അന്തരീക്ഷം അത്രയേറെ മൂഖമാക്കാൻ താൻ കാരണക്കാരി ആയി എന്നതിൽ അവൾക്ക് കുറ്റബോധം തോന്നിയിരുന്നു…..

ഓരോരുത്തരായി അകത്തേക്ക് കയറുമ്പോഴും സായു അതേ നിൽപ്പായിരുന്നു…

അവൾക്കവനോട് എന്തെന്നില്ലാത്തൊരു ദേഷ്യം തോന്നി….

ഇത്രയും പേരെ സങ്കടത്തിലാഴ്ത്തി ഭാര്യ യായി ഒരാളെ കൊണ്ട് നിർത്താൻ മാത്രം ഇവരോടൊക്കെ ഇയാൾക്കെന്ത് ദേഷ്യമാണുള്ളത്……

ഇയാളെ കണ്ടപ്പോൾ ഇത്രയും വലിയൊരു കുടുംബത്തിലെ അംഗമാണെന്ന് താൻ കരുതിയിട്ടേയില്ല…..

അൽപ നേരം കൂടി മുത്തശ്ശിയും അവനെ നോക്കി നിന്ന ശേഷം മുത്തശ്ശൻ പോയ വഴിയിലൂടെ ദുഖത്തിന്റെ കൂട്ടോടെ അവരും നടന്നു…..

സായു അപ്പോഴും അതേ നിൽപ്പ് തന്നെയായിരുന്നു…
ഇടയ്ക്കിടെ കണ്ണും മുഖവും അമർത്തി തുടക്കുന്നത് കാണാം…..

ഇത്ര സങ്കടം ആയിരുന്നെങ്കി പിന്നെ ഇയാളെന്തിനാ ഈ കോപ്രായത്തിന് നിന്നത്…..
പ്രേമം കേറി തലക്ക് പിടിച്ചു താലി കെട്ടി കൊണ്ട് വന്നതൊന്നുമല്ലല്ലോ….

പണത്തിന്റെ കഴപ്പിൽ ഒരു പെണ്ണിനെ ഭാര്യയായി വാങ്ങിയതാണ്…..

അവൾ പുച്ഛത്തോടെയൊന്ന് ചിരി കോട്ടി…..

അപ്പോഴും അവളുടേ കണ്ണിൽ മുത്തശ്ശിയുടെ ആ കലങ്ങിയ കണ്ണുകളായിരുന്നു….

തന്റെ മുത്തശ്ശിയെ ഓർമിപ്പിക്കും വിധം എന്തോ അവരിൽ ഉള്ളത് കൊണ്ടാവാം അവരുടെ മുഖം മാത്രം തന്നെ അത്രയേറെ വേദനിപ്പിക്കുന്നത്……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുത്തശ്ശൻ കണ്ണുകളടച്ചു ചാരു കസേരയിലേക്ക് ചാരി…..

അതിനരികിലായി മുത്തശ്ശി ചേർന്ന് നിന്നു…..

അവന്റെ വിവാഹം തന്നെയല്ലേ നമ്മളും ആഗ്രഹിച്ചത് …..

മുത്തശ്ശി അനുനയിപ്പിക്കാനെന്ന വണ്ണം അത് പറഞ് തുടങ്ങുമ്പോൾ മുത്തശ്ശൻ അവരെയൊന്നു കടുപ്പിച്ചു നോക്കി…..

എന്താ യാശോധേ നീയീ പറയുന്നത്…..
നമ്മൾ ആഗ്രഹിച്ചത് പോലെ ഒരു വിവാഹമാണോ ഇത്….
മനക്കലെ വിശ്വമ്പരന്റെ കൊച്ച് മകന്റെ വിവാഹം നടക്കേണ്ടത് ഇങ്ങനെയാണോ……

അതും പോട്ടെ പ്രഭയുടെ സ്വഭാവം നിനക്കറിയുന്നതല്ലേ …

അവനോട് എന്ത് സമാധാനം പറയും നമ്മൾ….

മുത്തശ്ശൻ അത്രയും പറഞ്ഞ് ഞെഞ്ചിലുഴിഞ്ഞു കൊണ്ട് വീണ്ടും കസേരയിലേക്ക് ചാഞ്ഞു….

അതൊക്കെ ശെരിയാ…. എന്ന് വെച്ച് എന്റെ കുഞ്ഞിനെ ഇറക്കി വിടാനാവുമോ….

അവന് ഇവിടെ വരേണ്ട യാതൊരു ആവശ്യവുമില്ല….
എന്നിട്ടും അവൻ വന്നത് നമ്മൾക്ക് വേണ്ടിയാണ്….

എനിക്കവനെയൊന്നു ചേർത്ത് പിടിച്ചു കൊതി തീർന്നില്ല……

അവനെ മാത്രം തെറ്റ് പറയുന്നതെങ്ങനെ….
ഇത് വരെ അവന്റെ ഏതെങ്കിലും ഇഷ്ടം സാധിച്ചു കൊടുത്തിട്ടുണ്ടോ ആരെങ്കിലും…..
ഒക്കെ അടിച്ചേൽപ്പിക്കുക യായിരുന്നില്ലേ അവന്റെ മേൽ…….
ഇതും അങ്ങനെ ആവുമെന്ന് അവൻ കരുതിയത് കൊണ്ടാകും അവനായി തിരഞ്ഞെടുത്തത്….

മുത്തശ്ശി ആരെയൊക്കെയോ കുറ്റപ്പെടുത്തി അത് പറഞ്ഞതും ശെരിയെന്നു തോന്നിയത് കൊണ്ടാവാം ആ ചാരു കസേരയും നിശബ്ദമായത്……

എന്തായാലും നീയവരെ അകത്തേക്ക് കയറ്റ്……

മുത്തശ്ശനിൽ നിന്ന് അത്രയും നേരം അങ്ങനെയൊരു വാക്കിനെ മാത്രം ആഗ്രഹിച്ചു നിന്നത് പോലെ മുത്തശ്ശി വേഗം അവിടെ നിന്ന് നടന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സായു അപ്പോഴും ആലോചനയിലായിരുന്നു…

താൻ ചെയ്തത് അവരെ ഇത്രത്തോളം വിഷമിപ്പിക്കുമെന്ന് കരുതിയിട്ടില്ല…..

ഈ വരവിൽ അവർ പറയുന്ന ഒരു പെൺകുട്ടിയെ താൻ വിവാഹം കഴിച്ചേ മതിയാകു എന്ന് തനിക്കുറപ്പാണ്……

അതിൽ നിന്ന് തനിക്ക് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് തന്റെയീ നീക്കം……

അപ്പോഴാണ് നില വിളക്കുമായി മുത്തശ്ശി അങ്ങോട്ടേക്ക് വരുന്നത്…..

അവൾ അവരെയൊന്നു നോക്കി…..

വെളുത്തു മെലിഞ്ഞ പ്രകൃതമാണെങ്കിലും ആ മുഖത്തൊരു ആഡിത്യമുണ്ട്….
നരച്ച മുടി പിറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്…
ആ മുടി കുത്തിൽ ഒരു തുളസി കതിരും….

മാത്രമല്ല……തങ്ങളോടുള്ള ദേഷ്യമാവാം ആ മുഖത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നതെന്ന് അവൾക്ക് തോന്നി ….

സായു അവരെ കണ്ടതും താനിത് പ്രതീക്ഷിച്ചിരുന്നു എന്നത് പോലൊന്നു പുഞ്ചിരിച്ചു…..

എന്നാൽ അവർ അവനെ നോക്കിയില്ല…..

പകരം അവനിൽ നിന്ന് കുറച് പുറകിലായി നിന്നിരുന്നവളിലേക്ക് നില വിളക്ക് നൽകി…..

വലത് കാല് വെച്ച് കയറിക്കോളൂ….

മുഖത്ത് നോക്കാതേ അത്രമാത്രം പറഞ്ഞ് കൊണ്ട് മുത്തശ്ശി നടക്കുമ്പോൾ നില വിളക്ക് പിടിച്ചു കൊണ്ടവൾ അവനെ നോക്കി….

അവനൊരു തരം നിർവികാരത യാണ് തോന്നിയത്…..

തന്റെ ഭാര്യ യായി ഈ വീട്ടിനുള്ളിലേക്കും ഒപ്പം അവരുടെ ഹൃദയങ്ങളിലേക്കുമാണ് അവൾ കയറുന്നതെന്ന് അവനറിയാമായിരുന്നു…..

അതിനൊന്നു കൂടി സ്വഭാവ ഗുണങ്ങളുള്ള ഒരാളെ തിരഞ്ഞെടുക്കാമായിരുന്നു എന്നൊരു കുറ്റ ബോധം അവനെ വല്ലാതേ വരിഞ്ഞു മുറുക്കിയിരുന്നന്നേരം…..

കയറിക്കോ എന്ന അർത്ഥത്തിൽ അവൻ പുരികം കൊണ്ട് ആംഗ്യം കാണിച്ചതും അവൾ അവരെ പിന്തുടർന്നു……

ആ വലിയ തറവാടിനുള്ളിലേക്ക് വലത് കാല് വെച്ച് കയറുമ്പോൾ അവളുടേ ഹൃദയം എന്തോ പേരറിയാത്തൊരു വികാരത്തെ ചുമന്നിരുന്നു….

അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു….

മരത്തടികളാൽ നിർമിച്ച കൊത്തു പണികളുള്ള തൂണുകളും ചുമരിൽ തൂക്കിയിട്ട മാനിന്റേത് പോലുള്ള രണ്ട് കൊമ്പും അവൾക്കവിടെ അങ്ങേയറ്റം ആകർഷനീയമായത് കൊണ്ടാവാം ആദ്യം തന്നെ അവളുടേ കണ്ണുകളിൽ അതുടക്കിയത്…..

നില വിളക്ക് പൂജാ മുറിയിലേക്ക് വെച്ച് പ്രാർത്ഥിച്ചു കൊണ്ട് മുത്തശ്ശി തന്നെയൊന്നു ഗൗനിക്കുക പോലും ചെയ്യാതെ പോയത് അവൾക്കെന്തോ ഒരു പ്രയാസം നൽകി……

അവളോട് കയറാൻ പറഞ്ഞ സ്ഥിതിക്ക് പിന്നീടൊരു ചിന്തക്ക് നിൽക്കാതെ സായുവും അകത്തേക്ക് കയറിയിരുന്നു….

അപ്പോഴാണ് പൂജാ മുറിക്ക് മുമ്പിലായി നിസ്സഹായത നിറഞ്ഞ മുഖവുമായി നിൽക്കുന്നവളെ കാണുന്നത്…..

എന്ത് ചെയ്യണമെന്നറിയാതെ അവളങ്ങനെ നിൽക്കുമ്പോഴാണ് തന്നെ ലക്ഷ്യമാക്കി അവൻ വരുന്നത് അവളും കാണുന്നത്….

അവൾക്കൊരു ആശ്വാസം തോന്നി….

ഉത്സവപ്പറമ്പിലെ ആൾ കൂട്ടത്തിനിടയിൽ നിന്നും അമ്മയുടെ കയ്യിൽ നിന്നും തെന്നി മാറി ഭയത്തോടെ നിൽക്കുമ്പോൾ പെട്ടെന്ന് അമ്മയെ കണ്ടത് പോലെ….

വാ…..
അത്ര മാത്രം പറഞ്ഞ് കൊണ്ട് മരത്തിന്റെ കോണിപ്പടികൾ അവൻ കയറുമ്പോൾ അവളും അവനെ അനുഗമിച്ചു….

കോണിപ്പടികൾ വീതി കുറഞ്ഞതാണെങ്കിലും അത് കഴിഞ്ഞുള്ള ഭാഗങ്ങൾ ഏറെ വിശാല മായതായിരുന്നു ……

ഇരു വശങളിലായി മുറികൾ….

നടുവിലൂടെ വിശാലമായ വരാന്ത പോലെയൊരു വഴി……

ആ വരാന്ത അവസാനികുന്നിടം ഒരു വാതിൽ കൂടി കാണുന്നുണ്ട്…

ആദ്യ മാദ്യമുള്ള മുറികളെല്ലാം അടഞ്ഞു കിടപ്പാണ്…..

വരാന്ത തീരുന്നിടത്തെ ആ വാതിലിനോട് ചേർന്നുള്ള മുറിക്ക് മുമ്പിലെത്തിയതും അവനാ വാതിൽ തുറന്നു….

വിചാരിച്ചത് പോലെ തനിക്കായി എല്ലാം ഒരുക്കി വെച്ചിരിക്കുന്നത് കണ്ടത് കൊണ്ടാവും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…..

താൻ വരുന്നുണ്ടെന്നറിഞ്ഞ ആ നിമിഷം തുടങ്ങിയതാവും മുത്തശ്ശി തനിക്ക് വേണ്ടി ഓരൊന്നൊരുക്കി വെക്കൽ…….

വിശാലമായ ആ മുറിയിലൂടെ അവളൊന്ന് കണ്ണോടിച്ചു……

വളരെ അടുക്കും ചിട്ടയോടും കൂടി ആ മുറി കാണപ്പെട്ടു…..

മരത്തിന്റെ കൊത്തു പണികൾ ആഡംബരം നൽകുന്ന വലിയൊരു കട്ടിൽ…..

പഴമയുടെ പ്രതീകമെന്നോണം അകത്തേക്ക് തുറക്കാവുന്ന ജനൽ പാളികൾ…..

ഒരു തടിയലമാര ഒരു വശത്തു കിടക്കുന്നുണ്ട്….

അതിനെ പരിശ്കൃത മാക്കിയെന്നോണം കണ്ണാടിയും മറ്റും അതിൽ വെച്ചു പിടിപ്പിച്ചിട്ടുണ്ട്…….

അതിനോട് ചേർന്നുള്ള ചെറിയൊരു ചുവർ കൂട്ടിൽ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്…..

കട്ടിലിന്റെ ഒരു വശത്തായി ഒരു കുഞ്ഞു മേശ……

സായു കയ്യിലുള്ള വാച്ച് അഴിച്ചു മേശ മേൽ വെച്ചു……

അവളപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ അതേ നിൽപ്പാണ്……

അവന്റെ ഗൗരവത്തോടെയുള്ള മുഖം കാണുമ്പോൾ ഉള്ളിലുള്ളത് ചോദിക്കാൻ തനിക്ക് ഭയമാണ്…..

അവനായിട്ട് ഒന്നും പറയുന്നില്ല താനും….

എന്ത് ചെയ്യണമെന്നറിയാതൊരു അവസ്ഥയിൽ അവളാ വാതിൽ പടിയിൽ തന്നെ നിന്നു…..

അപ്പോഴാണ് ബാഗ് കാറിൽ നിന്നെടുത്തില്ല എന്ന ഓർമ അവനിലുണ്ടായത്….

അവൻ വേഗം മുറിയിൽ നിന്നിറങ്ങി….

അപ്പോഴും തനിക്കായി എന്തെങ്കിലുമൊരു നിർദ്ദേശം അവൻ തരുന്നുണ്ടോ എന്നവൾ കാതോർത്തു……

എന്നാൽ നിരാശ യായിരുന്നു ഫലം….

അവൻ അവളെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ പുറത്തേക്ക് പോയി….

എന്ത് ചെയ്യണമെന്നറിയാതൊരു അവസ്ഥയിൽ അവളങ്ങനെ നിന്നു …..

അവനോടുള്ള ദേഷ്യവും സ്വയം തോന്നുന്ന സഹതാപവും അവളെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആ കുട്ടിയെ നീ കണ്ടോ യാശോദേ….. എങ്ങനെയുണ്ട്…..

വിശ്വമ്പരൻ വലിയ ആകാംക്ഷയോടെ അത് ചോദിക്കുമ്പോൾ ശബ്ദം അടക്കി പിടിച്ചിട്ടുണ്ടായിരുന്നു….

നിങ്ങൾ കണ്ട അത്ര‌യേ ഞാനും കണ്ടുള്ളു….
ഞാൻ മുഖത്തേക്കൊന്നും നോക്കിയില്ല……

മുത്തശ്ശി വലിയ താല്പര്യമില്ലാത്ത മട്ടിലാണത് പറഞ്ഞത്….

കൊച്ചു നമ്മുടെ ജാതിക്കാരി തന്നെ ആണോടി….

മുത്തശ്ശൻ അത് ചോദിച്ചതും മുത്തശ്ശി ഒന്ന് നിശ്ചലയായി…..

കയ്യിലുള്ള പാത്രം അല്പം നീക്കി വെച്ചു കൊണ്ട് അവർ മുത്തശ്ശനെ ഒന്നു നോക്കി….

പിന്നീട് ഒരു വാക്കിനിടം കൊടുക്കാതെ അവർ വേഗം സായുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു….

കോണിപ്പടികൾ കയറി അവിടെ എത്തിയപ്പോഴേ താഴെക്കിറങ്ങാൻ നിൽക്കുന്ന സായുവിനെയാണ് അവർ കാണുന്നത്…..

കണ്ണുകളിൽ വാത്സല്യം അല തല്ലുമ്പോഴും അവർ അവനിൽ നിന്ന് മുഖം തിരിച്ചു…..

മുത്തശ്ശി…..

അവൻ ഒരു പുഞ്ചിരിയോടെ വിളിച്ചതും അവൾ അവന് നേരെ വേണ്ടെന്ന അർത്ഥത്തിൽ കയ്യുയർത്തി….

ആ കൊച്ചിന്റെ പേരെന്താ….

മതമറിയാൻ മുത്തശ്ശി കണ്ട് പിടിച്ച സൂത്രമായിരുന്നു ഏതെങ്കിലും അത് കേട്ട പാടേ അവൻ നിന്നൊന്നു വിയർത്തു….

പേര്……..

അവൻ സ്വയം ചോദിച്ചു…

ശെരിയാണ്….
തനിക്കവളുടെ പേരറിയില്ല…..

അവൻ മുത്തശ്ശിയോട് എന്ത് മറുപടി പറയണമെന്നറിയാതെ നെറ്റിയിൽ കൈ കൊണ്ടുഴിഞങ്ങനെ നിന്നു….

(തുടരും)