25/05/2026

മരുമകൾ : ഭാഗം 52

രചന – ഗംഗ ശലഭം

വീട്ടിൽ വന്ന് dengu ആണെന്ന് പറഞ്ഞപ്പോ തൊട്ട് അച്ഛന് ശ്വാസം മുട്ടൽ കൂടി തുടങ്ങി. ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് ബഹളം കൂട്ടുന്നുണ്ട്. ഇപ്പൊ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണമത്രേ…. ഇത്രേം നേരം ചെറിയൊരു പനിച്ചൂടല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യൻ ആണെന്ന് ഓർക്കണം? വിചാരിക്കുമ്പോ വിചാരിക്കുമ്പോ ഈ അസുഖമൊക്കെ എങ്ങനെ വരുന്നാവോ?

” ആശുപത്രിയിൽ പോയി കിടന്നാ കൂട്ട് കിടക്കാൻ നിങ്ങടെ ചത്തു പോയ അമ്മൂമ്മ വരോ? ആശുപത്രിയിൽ പോയാ ഒറ്റയ്ക്ക് അവിടെ കിടന്നോണം. ഇവിടുന്ന് ആരും വരൂല്ല കൂടെ നിക്കാൻ….! ”

അമ്മായി രൗദ്ര ഭാവം പുറത്തെടുത്തതോടെ അമ്മാവന്റെ അസുഖമൊക്കെ പമ്പയും ശബരിമലയും കടന്ന് പളനിക്ക് മുടി മുറിക്കാൻ പോയി. ശ്വാസം മുട്ടൽ നിന്നത് നിമിഷ നേരം കൊണ്ടാണ്.

അച്ഛനെ അടക്കാൻ അമ്മയ്ക്ക് മാത്രേ പറ്റൂ.

ഓർത്ത് കൊണ്ട് ഞാൻ മുറിയിലേക്ക് ചെല്ലുമ്പോ ഹരിയേട്ടൻ എഴുന്നേറ്റിട്ടില്ല. നെറ്റിയിൽ തൊട്ട് നോക്കി. പൊള്ളുന്ന പനി.

അച്ഛന് dengu ആണ്. ഹരിയേട്ടനും ഇനി അതാണോ എന്നൊരു പേടി വന്നു എനിക്ക്.

തട്ടി വിളിച്ച് ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞു.
പിടിച്ച് എഴുന്നേൽപ്പിച്ചു ഡ്രസ്സ്‌ മാറി വരാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കിറങ്ങി. .

ഞാൻ അടുക്കളയിൽ ചെന്ന് വെള്ളം കുടിച്ച് വന്നപ്പോഴേക്കും ഹരിയേട്ടൻ ഡ്രസ്സ്‌ മാറി വന്ന് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പോകാമെന്നും പറഞ്ഞു എഴുന്നേറ്റു.

എഴുന്നേറ്റ് നിന്ന ആള് ബാലൻസ് ഇല്ലാത്തത് പോലെ മറിഞ്ഞു പോകുന്നത് കണ്ട് പിടിക്കാനായി ഓടിച്ചെന്നതും നിലത്തേക്ക് ഒറ്റ വീഴ്ച. ‘ഹരിയേട്ടാ’ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഓടിച്ചെന്നു കുലുക്കി വിളിച്ചിട്ടും അനക്കമില്ല. വല്ലാതെ ഭയന്ന് പോയി ഞാൻ….

” അയ്യോ എന്റെ ചെറുക്കനേം കൊന്നോടി നീ? ” എന്ന് നിലവിളിച്ചു കൊണ്ട് അമ്മായി ഓടിപ്പാഞ്ഞു വന്നെങ്കിലും, അവര് പറഞ്ഞ ആ ദുഷിച്ച വാചകം എന്റെ കാതുകൾക്ക് ഏശിയില്ല.

നിലത്തു കുഴഞ്ഞു കിടക്കുന്ന മനുഷ്യനെ കുലുക്കി വിളിക്കുമ്പോ ശ്വാസം കഴിക്കാനാകാത്ത വിധം നെഞ്ചകം പിടയുന്നുണ്ടായിരുന്നു.

അടുക്കളയിലേക്ക് ഓടിച്ചെന്നു വെള്ളം നിറച്ച ഗ്ലാസുമായി തിരികെ വരുമ്പോഴും ഹരിയേട്ടനരികിൽ നിലത്തു പടഞ്ഞിരുന്ന് അമ്മായി എന്നെ പ്രാകുന്നുണ്ട്. അത് കേട്ടതായി പോലും ഭാവിക്കാതെ ഹരിയേട്ടന്റെ മുഖത്തേയ്ക്ക് ശക്തിയിൽ വെള്ളം കുടഞ്ഞു.

ഞരങ്ങി കണ്ണ് തുറന്ന ആളിനെ താങ്ങിപ്പിടിച്ചു ചുമരിൽ ചേർത്തിരുത്തി. വീണു പോകാതെ അടുത്തേക്ക് ചെന്നിരുന്നു വെള്ളം ചുണ്ടിലേക്ക് മുട്ടിച്ചു കൊടുത്തു. ഒരിറക്ക് കുടിച്ചെങ്കിലും പിന്നെയും കുഴഞ്ഞു പോകുന്ന ആളിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തോടെ ഒരു നിമിഷമിരുന്നു.

” അയ്യോ…. എങ്ങനെ നടന്ന എന്റെ കൊച്ചാണ്? ഇങ്ങനെ ആക്കീല്ലേ? ” എന്നും പറഞ്ഞു നിലവിളിക്കുന്നവരെ നോക്കി “ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ട്, ഹരിയേട്ടനെ അങ്ങനെയേ ചാരി ഇരുത്തി നിലത്തു നിന്ന് എഴുന്നേറ്റു.

വീടിന്റെ പുറകെ വശം വഴി ഇറങ്ങി വല്യന്മേടെ വീട്ടിലേക്ക് ഓടുമ്പോ അവിടെ പൊന്നൂന്റെ അച്ഛൻ ഉണ്ടാവണേ എന്നുള്ള പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ ഉള്ളില്…

ഓട്ടത്തിന് ഇടയ്ക്ക് പിടഞ്ഞു വീണ് ഉരഞ്ഞു നീറുന്ന കയ്യിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ അടഞ്ഞു കിടക്കുന്ന പിൻഭാഗത്തെ ഗേറ്റിൽ ഞാൻ ഉറക്കെ തട്ടി വിളിച്ചു.

വല്യമ്മയ്ക്ക് പിറകെ ആ ചേട്ടനും കൂടി ഇറങ്ങി വന്നു. ജയൻ ചേട്ടനെ കണ്ട നേരം ശ്വാസം തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുമ്പോ കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ജയൻ ചേട്ടൻ കാർ എടുക്കാം ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്നു പറഞ്ഞതും ഞാൻ തിരികെ ഓടി.

വീട്ടിൽ എത്തിയപ്പോഴേക്കും ലാൻഡ് ഫോൺ ബെല്ലടിച്ചു. വല്യമ്മയാണ്. അമ്മായി എടുത്ത് സംസാരിക്കുന്നുണ്ട്. ഈ അവസ്ഥയിലും എന്നെ കുറ്റം പറയാനാണ് ആവേശം. ഹരിയേട്ടൻ ചുമരിലേക്ക് ചാരി ഇരിപ്പുണ്ട് ഇപ്പോഴും.

” എടാ ഹരീ… ദാണ്ടേ ജയൻ വിളിക്കുന്നു. ” എന്നമ്മ പറഞ്ഞപ്പോ ആള് കണ്ണ് തുറന്നു.

ഞാൻ പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഫോണിന്റെ അടുത്തേക്ക് കൊണ്ട് ചെന്ന് നിർത്തി. ഹരിയേട്ടനെ പിടിച്ചിരുന്ന എന്റെ കൈ തട്ടി എറിഞ്ഞു അമ്മ ആളിനെ ചേർത്ത് പിടിച്ചു കൊണ്ട് റസീവർ ആ ചെവിയിലേക്ക് വച്ച് കൊടുത്തു.

ദേഷ്യവും സങ്കടവും ഭയവും ഒക്കെ കൂടി വല്ലാത്ത ഒരവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചെങ്കിലും, പ്രതികരിക്കാനുള്ള അവസരം ഇതല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഞാൻ.

“മാറങ്ങോട്ട്…”

ദേഷ്യത്തിൽ തന്നെ അമ്മായിയോട് പറഞ്ഞു കൊണ്ട്, കണ്ണീരൊലിച്ചിറങ്ങിയ കവിൾ അമർത്തി തുടച്ച് കൊണ്ട് അമ്മായിയെ കടന്ന് ഞാൻ പുറത്തേക്കിറങ്ങി.

” ഓ… അവളുടെ ഒരു കള്ളകണ്ണീര്…. മുപ്പത്തി രണ്ട് വർഷം ഇവനെ വളർത്തിയ എനിക്കൊള്ളതിനേക്കാളും സങ്കടം നിനക്ക് ഒണ്ടോടി? ഒരു കൊഴപ്പോം ഇല്ലാതെ നടന്നവനാ… ഇപ്പ കണ്ടില്ലേ? എന്റെ കൊച്ചിനെ ഞാൻ കൊണ്ട് പൊയ്ക്കോളാം ആശുപത്രിയില്… വന്നേക്കല്ല് നീ…..! ”

തുള്ളി ഉറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയ അമ്മായി വാതിൽ കടന്ന് വരുന്ന ബീന ചേച്ചിയെ കണ്ടൊന്ന് നിന്നു.

ബീന ചേച്ചിയെ നോക്കിയൊന്ന് വിളറി ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് കയറി കതകടച്ചു.

ഒന്ന് കരയണം എനിക്ക്….
ഉറക്കെ കരയണം….
അവരോട് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷെ പറ്റുന്നില്ല. ഹരിയേട്ടൻ വീണ വീഴ്ച……!
കണ്ണിൽ നിന്നും മായാത്ത പോലെ…. നെഞ്ച് പൊള്ളി പിടയുന്നുണ്ട് ഇപ്പോഴും… അതിനിടയിൽ ഒന്നിനും വയ്യ.

തിരിഞ്ഞു കൊത്താൻ അവസരം കാത്തിരിക്കുന്ന മൂർഖൻ ആണവര്. സ്നേഹം അഭിനയിച്ചു നിന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ?
മാറില്ല… ഒരിക്കലും മാറില്ല…!

അഞ്ച് മിനിട്ടായില്ല. അതിന് മുന്നേ ഡോറിൽ മുട്ട് കേട്ടു. കൂടെ ഹരിയേട്ടന്റെ ശബ്ദവും….

പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. ആള് പതിയെ റൂമിലേക്ക് കയറി. ചുമരിൽ ചാരി നിന്നു. നേരെ നിൽക്കാൻ ഇപ്പോഴും വയ്യെന്ന് തോന്നുന്നു.

” വയ്യ ദേവൂസെ…. വാ ഹോസ്പിറ്റലിൽ പോവാം. ജയൻ ചേട്ടൻ കാർ എടുക്കും. ”

ഞാൻ വിലങ്ങനെ തലയാട്ടി.

” അമ്മ വരും…. ”

പതിയെ പറഞ്ഞു. എന്തിനാ അങ്ങനെ പറഞ്ഞതെന്ന് കൂടി അറിയില്ല എനിക്ക്. കൂടെ പോകാതെ ഇവിടെ ഇരുന്നാൽ സമാധാനം കിട്ടില്ല. ആധി പിടിച്ചു ചത്തു പോകും ഞാൻ…. എന്നിട്ടും അങ്ങനെ പറയാനാണ് തോന്നിയത്.

” നീയേ വരുന്നുള്ളൂ…! വേറെ ആരും വരുന്നില്ല. പെട്ടെന്ന് വാ… നിക്കാൻ വയ്യെനിക്ക്. ”

പറഞ്ഞിട്ട് തലയിൽ കൈ താങ്ങി അങ്ങനെയേ നിന്നു. പിന്നെ മറുത്തു പറയാൻ നിന്നില്ല. കൂടെ ചെന്നു.

ഇപ്പൊ കൂടി പോകുമെന്ന് പറഞ്ഞ അമ്മ സാരി പോലും മാറാതെ ബീന ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്ത് നിൽപ്പുണ്ട്. അവരുടെ മുഖത്ത് പോലും നോക്കാതെ ഹരിയേട്ടനെ താങ്ങിപിടിച്ചു പുറത്തക്കിറങ്ങി.

🦋🦋🦋🦋🦋

പേടിച്ചത് പോലെ ആളിനും dengu പോസിറ്റീവ് ആയിരുന്നു. പ്ളേറ്റ്ലെറ്റ് count വല്ലാതെ കുറഞ്ഞു പോയി. അഡ്മിറ്റാക്കി. പ്രൈവറ്റ് വാർഡ് ലും ജനറൽ വാർഡ് ലും ഒന്നും തന്നെ റൂം ഒഴിവില്ല. ഒടുവിൽ ഷോർട് സ്റ്റേ യൂണിറ്റ്ൽ ഒരു ബെഡ് കിട്ടി. അതും ഹരിയേട്ടന്റെ കസിൻ, ഡോക്ടർ സുപ്രിയ ചേച്ചീടെ റെക്കമെന്റെഷന്റെ പുറത്ത്.

ബാഗിനകത്തു വാങ്ങി സൂക്ഷിച്ചിരുന്ന പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റിനെക്കുറിച്ചു ഞാൻ അന്നേരമൊക്കെ മറന്നേ പോയിരുന്നു. ഓർത്തപ്പോഴും നോക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. മനസ്സാകെ ചത്തത് പോലെ. എനിക്ക് സന്തോഷം തരുന്നത് ഒന്നും ദൈവം തരില്ല എന്നൊക്കെ തോന്നിപ്പോയി.

ജയൻ ചേട്ടൻ കുറച്ചു കഴിഞ്ഞപ്പോ തന്നെ തിരികെ പോയിരുന്നു.

ബൈ സ്റ്റാൻഡർക്ക് ബെഡ് ഒന്നുമില്ല. ബെഡിനടുത്തു കിടന്ന സ്‌റ്റൂളിൽ ഇരുന്ന് ഹരിയേട്ടൻ കിടക്കുന്ന ബെഡിൽ തല വച്ച് കിടന്ന് മയങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നപ്പോ ശക്തമായ തലവേദനയും കുളിരും….

എങ്ങനെ ഒക്കെയോ നേരം പുലരും വരെ കഴിച്ചു കൂട്ടി. രാവിലെ ആയപ്പോ അച്ഛനും മധുവും വന്നു. ഞങ്ങൾക്ക് രാവിലെ കഴിക്കാനുള്ള ഫുഡും അവര് കൊണ്ട് വന്നിരുന്നു.

രാവിലെ ബ്ലഡ്‌ ടെസ്റ്റ്‌ എടുത്തപ്പോ പ്ളേറ്റ്ലെറ്റ് കൗണ്ട് ഇരുപതിനായിരം വരെ കുറഞ്ഞു പോയി. ഇനിയും തഴ്ന്നാൽ ഇന്റെർണൽ ബ്ലീഡിങ്ന് സാധ്യത ഉണ്ടെന്നും ഐ സി യുവിലേക്ക് മാറ്റണം എന്നുമൊക്കെ പറഞ്ഞപ്പോ നെഞ്ച് പിടഞ്ഞു പോയി.

ആ വയ്യായ്കയ്ക്ക് ഇടയിലും ഐ സി യു വിലേക്ക് മാറ്റും മുന്നേ, എന്നെ ഡോക്ടറിനെ കാണിക്കണം എന്ന് അച്ഛനെ പറഞ്ഞു ഏൽപ്പിച്ചിരുന്നു ഹരിയേട്ടൻ.

എനിക്കും dengu ആണോ എന്ന് പേടിച്ചെങ്കിലും അതുണ്ടായില്ല. വൈറൽ ഫീവർ ആണ്. പക്ഷെ തീരെ വയ്യന്ന് തോന്നിയിരുന്നു. ഒന്ന് നിവർന്നു നിൽക്കാൻ കൂടി വയ്യാത്ത വിധം ക്ഷീണം തളർത്തിയിരുന്നു.

വൈകിട്ട് അച്ഛൻ ഐ സി യു വിൽ കയറി ഹരിയേട്ടനെ കണ്ടു. കണ്ട ഉടനെ അന്വേഷിച്ചത് എനിക്ക് പനി കുറവുണ്ടോ എന്നാണത്രേ… കേട്ടപ്പോ സങ്കടം തോന്നി എനിക്ക്. കേറി കാണണം എന്ന് അതിയായ ആഗ്രഹം തോന്നി എങ്കിലും എനിക്ക് വൈറൽ ഫീവർ ആയത് കൊണ്ട് കേറിയില്ല. എന്നെകൂടി വീട്ടിലേക്ക് കൂട്ടിക്കോളാൻ ആള് പറഞ്ഞു എന്ന് അച്ഛൻ വന്ന് പറഞ്ഞു.

രാത്രിയില് ഹോസ്പിറ്റലിൽ മധു ഇരുന്നോളും.

ഇത്രേം വയ്യാതെ ഹരിയേട്ടൻ അവിടെ കിടക്കുമ്പോ പോകാൻ മനസ്സ് അനുവദിച്ചില്ല എങ്കിലും അച്ഛൻ നിർബന്ധിച്ചു ഒപ്പം കൂട്ടി.

ഞാൻ വീട്ടിലേക്ക് പോകുവാണെന്ന് അമ്മായിയെ വിളിച്ചു പറഞ്ഞപ്പോ ആശാത്തിക്ക് പിടിച്ചില്ല. അമ്മാവനും അവർക്കും വയ്യാതിരിക്കുമ്പോ ഞാൻ എന്റെ വീട്ടിൽ പോയാൽ എങ്ങനാന്ന്? അപ്പോഴും എനിക്ക് വയ്യാത്തത് അവർക്ക് വിഷയമല്ല. ഒന്നും മിണ്ടാതെ ഞാൻ കാൾ കട്ടാക്കി.

പിറ്റേന്ന് എനിക്ക് പനി കുറഞ്ഞെങ്കിലും അതിന് അടുത്ത ദിവസമാണ് ഹോസ്പിറ്റലിൽ പോയത്.

അപ്പോഴേക്കും പ്ളേറ്റ്ലെറ്റ് കൗണ്ട് കൂടിയത് കൊണ്ട് ഹരിയേട്ടനെ റൂമിലേക്ക് മാറ്റിയിരുന്നു. പ്രൈവറ്റ് റൂം കിട്ടിയത് ഉപകാരമായി. അന്ന് ഞാൻ കൂടെ നിന്നോളാമെന്ന് അച്ചനോട് പറഞ്ഞു. എനിക്ക് പനി മാറിയെങ്കിലും വൈറൽ ഫീവർ ആയിരുന്നത് കൊണ്ട് ഒരു പേടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ മാസ്കും ഇട്ടാണ് റൂമിൽ നിന്നത്.

ഉച്ചയ്ക്ക് മധു വന്നപ്പോ അച്ഛൻ വീട്ടിലേക്ക് പോയിരുന്നു. വൈകിട്ട് അമ്മായിയും ബീന ചേച്ചിയും കൂടി വന്നു.
ക്യാന്റീനിൽ പോയി ചായേം കുടിച്ചിട്ട് ഹരിയേട്ടനുള്ള ചായേം വാങ്ങി വരാമെന്നും പറഞ്ഞു ഫ്ലാസ്ക്കും എടുത്തു ഞാനും മധുവും കൂടി പുറത്തേക്കിറങ്ങി.

ചായ വാങ്ങി തിരികെ വരുമ്പോ ചെറുതായി തുറന്ന് കിടക്കുന്ന റൂമിൽ നിന്നും അമ്മായീടെ സംസാരം കേൾക്കാം. എന്നേം മധുവിനേം കൂട്ടി ചേർത്ത് വളരെ മോശമായി സംസാരിക്കുന്നത് കേട്ട് കൊണ്ടാണ് ഞങ്ങൾ മുറിയിലേക്ക് കയറി ചെന്നത്.

ഹരിയേട്ടൻ ബാത്ത്റൂമിലാണ്.

ഞങ്ങളെ കണ്ടതും അമ്മായീടെ സംസാരം പെട്ടെന്ന് നിന്നു.

” പോട്ടെടി… ഇനിയും നിന്നാ ആശുപത്രി ആണെന്ന് നോക്കാതെ ഞാൻ വല്ലതും പറഞ്ഞു പോവും. ചേട്ടൻ ഇറങ്ങുമ്പോ പറഞ്ഞേക്ക്…. ”

മധു കയ്യിലെ ഫ്ലാസ്ക് ടേബിളിൽ വച്ചിട്ട് എന്നോടായി പറഞ്ഞു കൊണ്ട് അമ്മായീടെ മുഖത്ത് പോലും നോക്കാതെ ഇറങ്ങിപ്പോയി.

ബീന ചേച്ചീടെ മുഖത്തും തെളിച്ചം ഒന്നുമില്ല. അമ്മായി പറഞ്ഞതൊന്നും ചേച്ചിക്കും ഇഷ്ടമായിട്ടില്ല എന്ന് കണ്ടാൽ തന്നെ അറിയാം.

അവര് വീമ്പു പറയുന്ന അവരുടെയും അവരുടെ ഭർത്താവിന്റെയും ബന്ധങ്ങളെ ഒന്നും ഹോസ്പിറ്റൽ പരിസരത്തേക്കേ കണ്ടിട്ടില്ല. ബീന ചേച്ചിയേം ജയൻ ചേട്ടനേം അല്ലാതെ….

ഹരിയേട്ടൻ ഐ സി യു വിൽ കിടന്നപ്പോ രാത്രി ഉൾപ്പെടെ ഐ സി യു വിന് പുറത്തിരുന്നത് അവനാണ്. ആ അവനെയും ചേർത്താണ് അവര്…..
സഹിക്കാനായില്ല എനിക്ക് ദേഷ്യം.

” മുറചെറുക്കൻ ആണേലും മധു എനിക്ക് സഹോദരനാ… മറ്റൊരു രീതിയിൽ കണ്ടിരുന്നേൽ ഉറപ്പായും ഞാൻ അവനെ തന്നെ കെട്ടിയേനെ…. ഒന്നും ഇല്ലേലും സ്നേഹിക്കാൻ മാത്രം അറിയുന്ന സ്വർണ്ണം പോലൊരു അമ്മായിമ്മേ കിട്ടിയേനെ എനിക്ക്. ഹാ… എന്തേയ്യാം…. റോൾഡ് ഗോൾഡ് വച്ച് തൃപ്തിപ്പെടാനാ എന്റെ വിധി. ”

ജയൻ ചേട്ടൻ ഫോൺ ചെയ്തത് കൊണ്ട് ബീന ചേച്ചി മൊബൈലും എടുത്തു പുറത്ത് ഇറങ്ങുന്നേരം അമ്മായി കേൾക്കാനായി പറഞ്ഞു ഞാൻ.

അത് കേട്ട് മുഖവും കയറ്റി വച്ചിരിക്കുന്ന അമ്മായിയേം എന്നേം മാറി മാറി നോക്കി ‘ഇതെന്ത് കഥ?’ എന്ന ഭാവത്തിൽ ഇരിക്കുന്ന ഹരിയേട്ടനെ നോക്കി ഞാൻ കണ്ണ് ചിമ്മി കാണിച്ചു. ആള് വാഷ് റൂമിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല. പിന്നെ പറയാമെന്നു പുരികം ഉയർത്തി തല ചലിപ്പിച്ചു പറഞ്ഞു.

ജയൻ ചേട്ടൻ വന്നപ്പോ അമ്മായിയും ബീന ചേച്ചിയും ഇറങ്ങി. അപ്പോഴും ആയമ്മേടെ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു. ഇത്രേം വലിയ വൃത്തികേട് പറഞ്ഞതിന് ഞാൻ ആ പറഞ്ഞത് കുറഞ്ഞു പോയി എന്നാണ് എനിക്ക് അപ്പോഴും തോന്നിയത്. മുറിയുടെ മൂലയ്ക്കിരുന്ന വേസ്റ്റ് ബാസ്‌കറ്റ് എടുത്തു ആ തലയിലേക്ക് ഒന്ന് കമിഴ്ത്തുകയെങ്കിലും ചെയ്യാമായിരുന്നു….

🦋 🦋 🦋 🦋 🦋

മൂന്ന് ദിവസം കൂടി കഴിഞ്ഞാണ് ഹരിയേട്ടനെ ഡിസ്ചാർജ് ചെയ്തത്. ഞങ്ങൾ വീട്ടിൽ വന്ന് കേറുമ്പോ അമ്മായി പിന്നെയും സ്നേഹനിധിയായ അമ്മയിലേക്കും അമ്മായിമ്മയിലേക്കും പരകായപ്രവേശം നടത്തിയിട്ടുണ്ടായിരുന്നു.

എന്തൊക്കെ നടന്നാലും പിന്നീട് ഒന്നും നടന്നിട്ടില്ല എന്നത് പോലെ പെരുമാറാനുള്ള അമ്മയുടെ കഴിവ് പ്രസംശനീയം തന്നെയാണ്. എന്നെക്കൊണ്ട് ഇത് പോലെ മനസ്സിൽ ഒന്ന് വച്ച് പുറമെ സ്നേഹം നടിക്കാൻ പറ്റാറേയില്ലല്ലോ എന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. ഇക്കാര്യത്തിൽ അമ്മായിക്ക് ഞാൻ ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.

🦋 🦋 🦋 🦋 🦋

മെഡിസിനും ഹോസ്പിറ്റൽ ബില്ലുമൊക്കെ ബാഗിൽ നിന്നും എടുത്തു പുറത്തേക്ക് വയ്ക്കുന്ന നേരമാണ് വീണ്ടുമത് കയ്യിൽ തടഞ്ഞത്.

പ്രഗ്നൻസി ടെസ്റ്റ്‌ കിറ്റ് കയ്യിൽ എടുത്തു പിടിച്ചു ഹരിയേട്ടനെ നോക്കി. കട്ടിലിലേക്ക് ചാരി ഇരുന്ന് മയങ്ങുന്നുണ്ട്. പനി മാറിയെങ്കിക്കും നല്ല ക്ഷീണമാണെന്ന് കുറച്ചു മുന്നേയും പറഞ്ഞതേയുള്ളൂ….

ആളിനെ ഉണർത്താതെ പതിയെ വാഷ്റൂമിലേക്ക് കയറി.

🦋

ഹരിയേട്ടനെ തട്ടി വിളിച്ചുണർത്തി. പകുതി ബോധത്തിൽ എന്നെ നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന ആളിന്റെ കയ്യിലേക്ക് അത് വച്ച് കൊടുത്തു.

തെളിഞ്ഞു നിൽക്കുന്ന രണ്ട് ചുവന്ന വരകളിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കുന്നുണ്ടാള്. സ്വബോധം വീണ്ട് കിട്ടിയത് അല്പം സമയം കഴിഞ്ഞാണെന്ന് തോന്നുന്നു.

ആ മുഖത്തെ ക്ഷീണം അകന്ന് സന്തോഷം നിറയുന്നത് നോക്കിയിരുന്നു ഞാൻ…..

അടുത്തേക്ക് ചേർന്ന് വന്ന് വലത് കൈ എന്റെ തോളിൽ ചേർത്ത് ഇടത്തെ കവിളിൽ അമർത്തി മുത്തുമ്പോൾ ആ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു….

” സിനിമയിൽ കാണുന്ന പോലെ എടുത്തു കറക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ ആരോഗ്യസ്ഥിതി ഇതായിപ്പോയില്ലേ? തല്ക്കാലം ഇത് കൊണ്ട് തൃപ്തിപ്പെടു… ”

ചിരിയോടെ പറയുമ്പോ ” അയ്യടാ ” എന്നും പറഞ്ഞു ആ കയ്യിൽ ഞാനൊന്ന് പിച്ചി.

” എന്റെ മോനൂട്ടാ… വേഗന്ന് വാടാ… നീ വന്നിട്ട് വേണം നിന്റെ അമ്മൂമ്മേം അപ്പൂപ്പനേം നമുക്കൊന്ന് ശെരിയാക്കി എടുക്കാൻ. ”

വയറിലേക്ക് കൈ ചേർത്ത് പറയവേ ഞാൻ കണ്ണുരുട്ടി ആളിനെയൊന്ന് നോക്കി.

” ജനിക്കും മുന്നേ ഇത്രേം വലിയ ടാസ്ക് ഒക്കെ അതിന് കൊടുക്കാണോ എന്റെ ഹരിയേട്ടാ? ഇപ്പോഴേ കുഞ്ഞൂസിനെ പേടിപ്പിക്കാതെ….. ”

ചിരി അമർത്തി പറയുന്നത് കേട്ട് ആള് നിർത്താതെ ചിരിക്കുന്നത് നോക്കിയിരുന്നു….

ഇത്തിരി മുന്നേ വരെ ക്ഷീണിച്ചു തളർന്ന് കൂനിക്കൂടി ഇരുന്ന മനുഷ്യനാണ്. ഇപ്പോ എത്ര സന്തോഷം ആണാ മുഖത്ത്?

ചേർന്നിരുന്ന് ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചപ്പോ, വലം കൈ കൊണ്ട് കൂടുതൽ ചേർത്ത് പിടിച്ചു നെറുകയിൽ മുകർന്നു.

എന്റെ വയറിൽ ചേർന്നിരുന്ന ആ ഇടം കൈക്ക് മുകളിലേക്ക് ഞാൻ വലം കൈ ചേർക്കവേ ഹരിയേട്ടൻ പതിയെ പറയുന്നുണ്ടായിരുന്നു….

” എല്ലാം ശരിയാകും….. ”

എന്നെ സമാധാനിപ്പിച്ചതോ? അതോ സ്വയം ആശ്വസിച്ചതോ….?

ഞാനും ഒന്ന് ദീർഘമായി നിശ്വസിച്ചു.

ഒന്നും ഒന്നും ഓർത്ത് ഈ നിമിഷത്തെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിച്ചില്ല. മുഖം ഉയർത്തി ആ കവിളിൽ ഒന്ന് ചുംബിച്ചു വീണ്ടും ആ ആളിനോട് ഒട്ടിച്ചേർന്ന് മുറുകെ പുണർന്നിരുന്നു……

🦋 🦋 🦋 🦋 🦋

അപ്പൊ കുഞ്ഞാവ വരാൻ പോകുവാ…. അമ്മായി മാറുമോന്ന് നോക്കാം… അമ്മായിയുടെ ഇത് വരെയുള്ള സ്വഭാവം മനസ്സിലാക്കിയത് വച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഹരിയുടെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ നടക്കുമോ?