22/04/2026

അതിസുന്ദരി : ഭാഗം 61

രചന – ആയിഷ അക്ബർ

മുത്തശ്ശി വിളിച്ചിരുന്നു….
അങ്ങോട്ടൊന്നു ചെല്ലാൻ പറഞ് കൊണ്ട്….

ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോഴായിരുന്നു സൂര്യയത് പറഞ്ഞത്…..

കുടിച്ചുകൊണ്ടി രുന്ന ചായ ഇറക്കി അവൻ അവൾക്ക് നേരെ മുഖമുയർത്തി…..

അവന്റെ മുഖത്ത് പരന്നൊരു നിരാശക്ക് കാരണം എന്തെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ കൈ അവന്റെ കൈക്ക് മേൽ വെച്ച് അവനെ ആശ്വസിപ്പിക്കാനെന്ന പോൽ കണ്ണുകൾ ഇറുക്കെ കാണിച്ചു…..

അവരെല്ലാം ഇപ്പോഴുള്ളത് അവിടെയായത് കൊണ്ട് തന്നെയായിരിക്കാം അവന് വല്ലാത്തൊരു പ്രയാസമെന്നവൾക്ക് തോന്നി…..

നാരായണേട്ടാ…. വീട് നോക്കിക്കോണേ ഞങ്ങളിറങ്ങുവാ…..

ഇറങ്ങാൻ നേരം സൂര്യയത് പറയുമ്പോൾ നാരായണൻ പതിയേ തലയാട്ടി …..

കാശിയുടെ കൂടെ സന്തോഷത്തോടെ പോകാനൊരുങ്ങുന്ന സൂര്യയെ നോക്കി അയാളുടെ മുഖം വിടർന്നിരുന്നത് കാശി കണ്ടിരുന്നു……

അവൻ അയാളെ ഒന്ന് നോക്കി…..

പലപ്പോഴും അവളുടേ നന്മകൾ വാക്കുകളിലൂടെ തനിക്ക് മനസ്സിലാക്കി തരാൻ അയാൾ ശ്രമിച്ചിട്ടുണ്ട്…..

അന്നയാളോട് പുച്ഛ മെ തോന്നിയിട്ടുള്ളു…..

എന്നാലിന്ന് എന്തെന്നില്ലാത്തൊരു ബഹുമാനം തോന്നുന്നു…..

നാരായണേട്ടാ….. ഇത് വെച്ചോളൂ…..
പഴ്സിന്റെ പോക്കറ്റിൽ നിന്ന് കുറച് നോട്ടെടുത് അയാൾക്ക് നേരെയവൻ നീട്ടി…..

തന്റെയുള്ളിലെ സന്തോഷം കൊണ്ട് അങ്ങനെ ചെയ്യാനാണ് അവന് തോന്നിയത്……

അയാളത് വാങ്ങാൻ കൂട്ടാക്കാതെ നിന്നപ്പോഴും സ്നേഹത്തോടെ അവനത് അയാളുടെ പോക്കറ്റിൽ വെച്ച് കൊടുത്തു…..

സൂര്യ അവനെ തന്നെ ഒരുനിമിഷം നോക്കി നിന്നു….

അവർ കണ്ണിൽ നിന്ന് മറയും വരെ നാരായണേട്ടൻ ഒരു പുഞ്ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്നതും കാശി ശ്രദ്ധിച്ചിരുന്നു…..

എന്തിനാ നാരായണേട്ടന് പെട്ടെന്ന് പണം കൊടുത്തത്…

എന്തെങ്കിലും ആവശ്യം പറഞ്ഞിരുന്നോ…..

സൂര്യയത് ചോദിക്കുമ്പോൾ കാശിയവളെ ഒന്ന് നോക്കി….

ശമ്പളത്തിന് പുറമെ അവർ എന്തെങ്കിലും ആവശ്യം പറയുമ്പോൾ പണം കൊടുക്കാറുണ്ട്…. അത് കൊണ്ടായിരിക്കാൻ സൂര്യ അന്ന്വേഷിച്ചതേന്നു അവന് തോന്നി….

ആവശ്യങ്ങളൊന്നും പറഞ്ഞിട്ടല്ല…..
നമ്മളെ രണ്ട് പേരെയും സന്തോഷത്തോടെ ഒരുമിച്ചു കണ്ടപ്പോൾ തന്നെ ആ മനുഷ്യന്റെ കണ്ണിലെ തിളക്കം നീ കണ്ടിരുന്നോ……

കാശിയത് ചോദിക്കുമ്പോൾ സൂര്യ ഒരു നിമിഷം അദ്ദേഹത്തെ ഒന്നോർത്തെടുത്തു…..

ശെരിയാണെന്ന് അവൾക്കും തോന്നി…..

തമ്മിലൊരു രക്ത ബന്ധമില്ല…..നമ്മൾ സന്തോഷത്തോടെ ഇരുന്നത് കൊണ്ട് അദ്ദേഹത്തിന് യാതൊരു പ്രയോജനവുമില്ല…..

എന്നിട്ട് കൂടി നമ്മൾ സന്തോഷമായിരിക്കണമെന്ന് ആ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് അവരും നമ്മളും ഒന്നുമറിയാതെ ആ ഹൃദയത്തിൽ ഒരു വാത്സല്യം മൊട്ടിട്ടത് കൊണ്ടാണ്….

നമ്മളെ സ്നേഹിക്കുന്നവരെയാണ് സൂര്യാ നമ്മൾ ചേർത്ത് നിർത്തേണ്ടത്…..

അവനത് പറയുമ്പോൾ കണ്ണിമ വെട്ടാതെ അവൾ അവനെ നോക്കിയിരുന്നു….

അവൾ പതിയേ അവന്റെ തോളിലേക്ക് ചാരി…..

തല ചെരിച്ചു കൊണ്ടവനും അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…..

നിങ്ങളെപ്പോഴും നെറ്റിയിൽ ചുംബിക്കുന്നതെന്താണ് ..

പെട്ടെന്നവനെ നോക്കി അവളത് ചോദിച്ചതും അവനൊന്നു പുഞ്ചിരിച്ചു….

എന്തേ…. നിനക്കിഷ്ടമല്ലേ….

മ്മ്…. നിങ്ങളെന്ന മനുഷ്യന്റെ ഏതൊരു പ്രവർത്തിയിലും ഞാൻ സംതൃപ്തയാണ്….
എങ്കിലും അറിയാനൊരു കൗതുകം മാത്രം …..

അവൾ ഇമ വെട്ടാതെ അവനെ നോക്കിയത് പറയുമ്പോൾ പ്രണയം നിറഞ്ഞൊരു നോട്ടം അവൾക്കായവൻ തിരികെ നൽകി…..

എന്നേ സംബന്ധിച്ചു നെറ്റിയിൽ ഞാൻ നൽകുന്ന ചുംബനം നിന്റെ ശരീരത്തോടുള്ള എന്റെ ആഗ്രഹമല്ല…..
മറിച് അടക്കാനാവാത്ത മറ്റെന്തോ ഒരു വികാരമാണ്…..

അതിനെ പ്രണയം എന്നൊരൊറ്റ വാക്കിലൊതുക്കാൻ കഴിയുമോയെന്നെനിക്കറിയില്ല……
മറ്റെന്തിനേക്കാളേറെ നിന്നെ ഞാൻ ഹൃദയത്തോടെ ചെർത്ത് പിടിക്കുന്നു എന്നൊരു വാക്ക് കൂടിയാണത്……

അതും പറഞ് കൊണ്ടവനവളുടെ കൈ തന്റെ കൈക്കുള്ളിലാക്കി ആ കൈക്ക് മേൽ ചുണ്ടമർത്തി…..

ഹൃദയം നിറഞ്ഞൊരു അനുഭൂതിയോടെ അവളവനെ നോക്കിയിരുന്നു……

ഇരുൾ തന്റെ വരവറിയിച്ചു തുടങ്ങിയപ്പോൾ തന്നെ അവർ തറവാട്ടിലെത്തിയിരുന്നു..
..

അവന് മുത്തശ്ശനെയും മുത്തശ്ശിയെയും നോക്കാനൊരു പ്രയാസമുണ്ടായിരുന്നു…..

ഞാൻ അവരുടെ പേരക്കുട്ടിയല്ലെന്നും അവളുടേ മകളെ തെരുവിലേക്കിറക്കാനുള്ള കാരണം കൂടിയാണെന്ന് അറിയുമ്പോൾ അവരതിനെ എങ്ങനെ ഉൾകൊള്ളും എന്നൊരു ഭയം അവനിലുണ്ടായിരുന്നു….

എന്നാൽ പ്രയാസങ്ങളെ പാടേ നീക്കാനെന്ന വണ്ണം ഉമ്മറത്തു തന്നെ അവരിരിപ്പുണ്ടായിരുന്നു….

മുറ്റത്ത് നിന്ന കാറ് കണ്ടതും ആരെന്ന ഭാവത്തിൽ അവരൊന്നു നോക്കി…..

എന്ന് വരുമെന്ന ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാതിരുന്നത് കൊണ്ട് തന്നെ ഇന്നവർ തങ്ങളെ പ്രതീക്ഷിച്ചു കാണില്ല……

കണ്ട പാടേ മുത്തശ്ശി യെന്ന് വിളിച്ചവളോടി ചെന്നവരെ കെട്ടിപ്പിടിച്ചു…..

പിറകിലായി വന്ന കാശി നേരെ വീണത് മുത്തശ്ശന്റെ കാലിലേക്കായിരുന്നു…..

കാലിൽ അവൻ അമർത്തി പ്പിടിച്ചത് മുത്തശ്ശനറിഞ്ഞതും വേഗം അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…..

വിചാരിച്ചത് പോലെ തന്നെ അവനൊരു മാപ്പ് പറച്ചിലാണ് ഉദ്ദേശിച്ചത്…..

കണ്ണുകളിലുള്ള അവന്റെ നനവ് കണ്ടാലറിയാം….

മുത്തശ്ശൻ അവനെയൊന്നു നോക്കി…..

അവൻ അവർക്ക് നേരെ കൈ കൂപ്പി…..

വീണ്ടും തെറ്റുകൾ ആവർത്തിക്കുമെന്നുള്ളവരെ എന്നുന്നേക്കുമായി അകറ്റി നിർത്തുന്നത് തന്നെയാണ് നല്ലത്…..

അവന്റെ മനസ്സറിഞ്ഞെന്ന വണ്ണം മുത്തശ്ശനത് പറയുമ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നി…..

അതേ കുട്ടി….. ഞങ്ങൾ ഞങ്ങളുടെ മകളെക്കാൾ സ്നേഹിച്ചത് പേരക്കുട്ടിയായ ഇവളെയാണ്…..

ഇവളുടെ മുഖം ഒന്ന് തെളിഞ്ഞു കണ്ട് തുടങ്ങിയത് നിന്നെ ഇവളോട് ചേർത്തതിന് ശേഷമാണ്…..

ഒരുപാട് അനുഭവിച്ചതാണ് എന്റെ കുട്ടി…..
സ്വന്തം ഇഷ്ട പ്രകാരം ഇറങ്ങിപ്പോയ അവളെക്കാൾ എന്നും ഞങ്ങളുടെ ഇഷ്ടം നോക്കി നിന്ന ഇവളുടെ കാര്യത്തിൽ തന്നെയാണ് ഞങ്ങൾക്ക് വേവലാതി…..

നിന്റെ ജീവൻ വെച്ചൊരു പരീക്ഷണം ഇനിയില്ലാതിരിക്കുന്നത് തന്നെയാണ് നല്ലത്……

മുത്തശ്ശി കൂടി അത് പറഞ്ഞപ്പോൾ നിറ കണ്ണുകളോടെ കാശി സൂര്യയെ ഒന്ന് നോക്കി….

നിറഞ്ഞൊരു പുഞ്ചിരി അവനായവൾ അദരങ്ങളിൽ കരുതിയിരുന്നു……

എന്നാൽ ഇതെല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന ചെറിയച്ഛനും ചെറിയമ്മയും മുഖം കനപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി…..

സൂര്യ മുത്തശ്ശിയെ നോക്കി….

അത് നിങ്ങള് കാര്യമാക്കണ്ട…..
വീണ ഇങ്ങോട്ട് വന്നിട്ടുണ്ട്….
ഇനി കിരണിന്റെ അടുത്തേക്ക് പോകുന്നില്ലെന്നാ പറയുന്നത്…….

മുത്തശ്ശി ഒരു നെടു വീർപ്പോടെ അത് പറയുമ്പോൾ കാശിയും സൂര്യയും പരസ്പരം നോക്കി……

ഇവരിങ്ങോട്ട് വന്ന വിവരം അറിഞ്ഞപ്പോൾ തന്നെ വീണക്ക് ദേഷ്യം സഹിക്കുന്നില്ലായിരുന്നു….

നീയെനിക്ക് എവിടെയും സ്വസ്ഥത തരില്ലെന്നാണോ…

അടുക്കളയിലേക്ക് വന്ന സൂര്യയോടത് ചോദി ക്കുമ്പോൾ വീണ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു ..

ഞാൻ വന്നത് എന്റെ വീട്ടിലേക്കാണ്….
അതിനു നിനക്കെന്താ…..

അത്ര മാത്രം ചോദിച്ചു മറുപടിക്ക് കാത് നിൽക്കാതെ അവൾ അവിടെ നിന്ന് നടന്നു…..

വീണ നിന്നിടത് നിന്ന് കത്തിയെരിഞ്ഞു….

സൂര്യയും കാശിയും ഒരുമിച്ചിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വീണ നഷ്ട ബോധത്തിന്റെ ആഴിയിലേക്ക് കൂപ്പു കുത്തി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് രാത്രി അവളുടേ ആ കുഞ്ഞ് മുറിയിൽ അവർ പരസ്പരം പ്രണയം പകുത്തു……

നമുക്കൊന്ന് കൂടി അവിടം വരെ പോയാലോ..

രാവിലെ കാശി അത് ചോദിക്കുമ്പോൾ സൂര്യ എവിടെയെന്ന അർത്ഥത്തിൽ അവനെ നോക്കി…..

നമ്മളന്നു പോയ അതേ സ്ഥലത്ത്……

അവനത് പറഞ്ഞപ്പോൾ അവളൊന്ന് ചിരിച്ചു….

അവർ രണ്ട് പേരുംകൂടി നടന്നു……

അവന്റെ കൈ തണ്ടയിൽ ഇറുക്കേ പിടിച് നടക്കാൻ വല്ലാത്തൊരു സുഗമായി അവൾക്ക് തോന്നി……

വിദ്യയെയും കണ്ണനെയും മിസ്സ്‌ ചെയ്തെങ്കിലും അവനോടൊപ്പം നടക്കുന്ന ഓരോ നിമിഷവും അവൾ സന്തോഷവതിയായിരുന്നു….

പല വീടുകളിൽ നിന്നും പലരും എത്തി നോക്കുന്നുണ്ട്….

ഇവളെയൊക്കെ ആര് കെട്ടി കൊണ്ട് പോകാനാ എന്ന് ചോദിച്ചവർ ഇന്ന് തന്റെ ഭർത്താവിനെ കണ്ട് കണ്ണ് മിഴിക്കുന്നുണ്ടാകും….

വിധി ചിലപ്പോൾ അങ്ങനെയാണ്….

എത്രയൊക്കെ ദുഖങ്ങൾ സഹിച്ചെന്നാലും പിന്നീട് ആഗ്രഹിക്കുന്നതിലും ഒരായിരം മടങ് തന്നു നമ്മളെയങ് സന്തോഷിപ്പിക്കും…..

അവനോടൊപ്പം നടക്കുമ്പോൾ കാണുന്ന കാഴ്ചകൾക്കൊക്കെ ഒരു പുതുമ തോന്നി….

വഴിയിൽ വെച്ച് കണ്ട ആ ആളെ കാശി ഒന്ന് കൂടി നോക്കിയപ്പോഴാണ് അവളും അങ്ങോട്ട് നോക്കിയത്….

കിരണായിരുന്നത്….
ഞങ്ങൾ കാണുന്നതിന് മുൻപ് അവൻ ഞങ്ങളെ കണ്ടിട്ടുണ്ടെന്ന് അവന്റെ മുഖം കണ്ടാലറിയാം……

ഏട്ടാ…..

അവനെ വിളിക്കണോ അടുത്ത് ചെന്നാൽ ഇഷ്ടമാകുമോ എന്നൊക്കെ ആലോചിച് നിൽക്കുമ്പോഴാണ് അവൻ തന്നെ വിളിച്ചു കൊണ്ട് ഇങ്ങോട്ട് വന്നത്…..

അവനാകെ മാറിയത് പോലെ തോന്നി….

ഒരു നാടൻ വേഷത്തിലേക്കുള്ള ചേക്കേറലിൽ ആ പഴയ കിരണിനെയവൻ ഓർത്തു പോയിരുന്നു..

എന്തോ ഒരു വിങ്ങൽ ഉള്ളിൽ തട്ടി നിന്നു….

നിങ്ങളെപ്പോ വന്നു….
അവൻ ചോദിക്കുമ്പോൾ കാശിക്ക് ശബ്ദം പുറത്തെക്ക് വരുന്നില്ലായിരുന്നു….

ടൗണിലെ ഒരു കടയിൽ ചെറിയൊരു ജോലിയുണ്ടെന്നും അച്ഛൻ വീട്ടിലിരിപ്പാണെന്നും ഒക്കെ പറഞ്ഞപ്പോൾ കാശിക്ക് വല്ലാത്തൊരു ഭാരം തോന്നിയിരുന്നു…..

നിനക്ക്…. നിനക്ക് അങ്ങോട്ട് വരാമല്ലോ…. ഓഫീസിൽ നല്ലൊരു ജോലി….

കാശിയുടെ ഉള്ളിലെ വിങ്ങൽ അറിഞ്ഞെന്ന വണ്ണം സൂര്യയായിരുന്നു കിരണിനോടത് പറഞ്ഞത്…

എന്നാൽ പറഞ് മുഴുവനാക്കും മുന്പേ കിരൺ അവൾക്ക് നേരെ കയ്യുയർത്തി…

വേണ്ട ഏട്ടത്തീ….
അവിടെ ഇനി വയ്യ….

അവനത് പറയുമ്പോൾ അവളെ ആദ്യമായവൻ ഏട്ടത്തീ എന്ന് വിളിച്ച അത്ഭുതത്തിലായിരുന്നു അവൾ….

നമ്മുടെ കല്യാണം കഴിഞ്ഞ അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നു നിങ്ങള് തമ്മിലുള്ള ബന്ധം എന്തായാലും പിരിയുമെന്ന്……

അതേ ആശ്ചര്യത്തോടെ കാശിയും അവനെ നോക്കുമ്പോഴാണ് കിരണത് പറഞ് തുടങ്ങിയത്…..

കാരണം ഏട്ടന് നിറമില്ലാത്ത ഏട്ടതിയെയും ഏട്ടതിക്ക് ആരുമില്ലാത്ത ഒന്നുമില്ലാത്ത ഏട്ടനെയും സ്നേഹിക്കാൻ ഒരിക്കലും കഴിയില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു…..

എന്നാൽ നിങ്ങൾ എന്റെ ചിന്തകളെ പാടേ തോൽപ്പിച്ചു….

ആരുമില്ലാത്ത ഒന്നുമില്ലാത്ത ഏട്ടനെ ജീവനോളം സ്നേഹിച്ച നിങ്ങൾ ഏട്ടന്റെ കണ്ണിൽ അതി സുന്ദരിയായി മാറിയത് ശെരിക്കും അത്ഭുതത്തോടെയാണ് ഞാൻ നോക്കി കണ്ടത്….

അവനൊന്നു ചിരിച്ചു….

ആ ചിരി പതിയേ കാശിയിലേക്കും സൂര്യയിലേക്കും വ്യാപിച്ചു….

ഏട്ടനായിരുന്നു ശെരി…..സമ്പത്ത് കൊണ്ട് സ്നേഹത്തിനു മൂല്യം കൊടുക്കുന്ന വീണയെക്കാൾ എന്ത് കൊണ്ടും സുന്ദരി ആകാശം ഇടിഞ്ഞു വീണാലും ഏട്ടന്റെ കൂടെ ധൈര്യത്തോടെ നിൽക്കുന്ന സൂര്യ തന്നെയാണ്…..

കിരണത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അവളോടൊരു ബഹുമാനം ഉള്ളതായി അവർക്ക് തോന്നി….

അവൻ ഏട്ടത്തി എന്ന് വിളിച്ചു തുടങ്ങിയ കാരണവും അവർക്കതിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു…..

എന്നാൽ വീണയെ കുറിച്ച് പറയുമ്പോൾ ആ സ്വരത്തിലുള്ള നനവ് അവർക്ക് മനസ്സിലായിരുന്നു……

അവനെ കണ്ട് പിരിഞ്ഞതും കാശിക്ക് ആശ്വാസം തോന്നിയിരുന്നു….

കുട്ടിക്കാലം മുതലേ അവന് ഞാനായിരുന്നു ശത്രു…. ഒരുപക്ഷെ അവന്റെ അമ്മ കുത്തി വെച്ച വിഷമാവാം…

എന്നാൽ അവൻ ഇത്രയേറെ സ്നേഹത്തോടെ ഏട്ടാ എന്ന് വിളിച്ചപ്പോൾ മനസ്സ് നിറഞ്ഞു സൂര്യാ….

കാശിയത് പറയുമ്പോൾ സന്തോഷം കൊണ്ടവന്റെ വാക്കുകൾ ഇടറിയിരുന്നു…..

അനുഭവങ്ങളാണ് അവനിൽ തിരിച്ചറിവുണ്ടാക്കിയതെന്ന് അവൾക്കറിയാമായിരുന്നു……

ചില മാറ്റങ്ങൾ അല്പം വൈകിയെ വരൂ…
അപ്പോഴേക്കും സമയം ഒത്തിരി കടന്ന് പോയിട്ടുണ്ടാകും….
തിരിച്ചു പിടിക്കാൻ കഴിയാത്തത്ര ദൂരത്തിൽ……

(തുടരും)