22/04/2026

രണ്ടാമത്തെ കുഞ്ഞ് അച്ഛന്റെ അല്ലെന്ന് പറഞ്ഞതിന് പിന്നാലെ അമ്മയുടെ മുടിക്കുത്തിനു പിടിച്ച അയാൾ അമ്മയുടെ തല വാതിൽ പടിയിൽ കൊണ്ടോയി ഇടിച്ചു.

രചന – വിപിൻ

ചിത

എനിക്ക് പതിനാല് വയസ്സുള്ളപ്പോഴാണ് അമ്മ രണ്ടാമത് ഗർഭിണി ആകുന്നത്. വീട്ടിൽ രണ്ട് മക്കളെ ആഗ്രഹിച്ച എല്ലാവരും സന്തോഷത്തോടെ ഇരുന്നപ്പോൾ എല്ലാവരുടെയും സന്തോഷം കെടുത്തിക്കൊണ്ട് അച്ഛൻ വന്നു.

രണ്ടാമത്തെ കുഞ്ഞ് അച്ഛന്റെ അല്ലെന്ന് പറഞ്ഞതിന് പിന്നാലെ അമ്മയുടെ മുടിക്കുത്തിനു പിടിച്ച അയാൾ അമ്മയുടെ തല വാതിൽ പടിയിൽ കൊണ്ടോയി ഇടിച്ചു.

നെറ്റി പൊട്ടി ചോര ഒലിച്ചു കൊണ്ട് അമ്മ നിലത്ത് കിടക്കുന്നത് കണ്ടാണ് അമ്മാവന്റെ വരവ്. അന്ന് വീടിന്റെ മുറ്റം മുതൽ പശു തൊഴുത്തിന്റെ വരമ്പ് വരെ നിലത്തു കിടന്ന് ഉരുണ്ട് അവർ രണ്ട് പേരും തല്ലു കൂടി… ഞാൻ കാഴ്ചക്കാരൻ ആയി..

അച്ഛൻ അന്ന് വീട് വിട്ടു പോയി… അച്ഛന് മറ്റൊരു ബന്ധം ഉണ്ടന്ന് വളരെ വൈകിയാണ് ഞങ്ങൾ അറിഞ്ഞത്. വീട്ടിലുണ്ടായ പ്രശ്നങ്ങൾ പറഞ്ഞ് അച്ഛൻ പിന്നെ വീട്ടിലേയ്ക്ക് വരാതായി… അച്ഛൻ അവരുടെ കൂടെ കൂടി. തെങ്ങിൻ തോപ്പിലെ അച്ഛന്റെ ആദായവും കൂലിയും എല്ലാം അവരെടുത്തു.

കള്ള് ഷാപ്പിൽ വച്ച് അച്ഛനും അമ്മാവനും വീണ്ടും പല തവണ തല്ലുണ്ടായി എന്ന് കേട്ടിട്ടുണ്ട്…

എനിക്ക് അനിയൻ ഉണ്ടായി. നമ്മുടെ പ്രായ വ്യത്യാസം ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും വളർച്ചയിൽ അവൻ എന്നോട് കാണിച്ച ബഹുമാനം എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. അവന്റെ എല്ലാ കാര്യങ്ങൾക്കും സ്കൂളിൽ പോയിരുന്നത് ഞാനാണ്…

വർഷങ്ങൾ കടന്ന് പോയി. അനിയൻ പതിനാല് കാരനും ഞാൻ ഇന്ന് കല്യാണ ചെക്കനും ആണ്. എല്ലാവരുടെയും നിർബന്ധ പ്രകാരം കല്യാണം ഞാൻ അച്ഛനോട് പറഞ്ഞു. അയാൾ എന്നേ ആട്ടി തുപ്പി.

കല്യാണം മംഗളമായി തന്നെ നടന്നു. അച്ഛൻ ജീവനോടെ ഇരിക്കേ അച്ഛന്റെ അനുഗ്രഹമില്ലാതെ ഞാൻ വധുവിനെ സ്വീകരിച്ചു….

ഒരിക്കൽ കള്ള് ഷാപ്പിൽ വച്ചുള്ള ഒരു കത്തി കുത്തിൽ അച്ഛന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി ഞാൻ അറിഞ്ഞു. അതോടു കൂടി അയാൾ കള്ള് ചെത്തു നിർത്തി എന്നാണ് അറിയാൻ കഴിഞ്ഞത്….

അയാളുടെ നോട്ടം കുറഞ്ഞതോടെ തെങ്ങിൻ തോട്ടം ഒരറ്റത്തു നിന്ന് നശിക്കാൻ തുടങ്ങി. വരുമാനം തീരെ കുറവായപ്പോൾ അയാളുടെ രണ്ടാം ഭാര്യ അയാളെ ആട്ടി ഇറക്കി വിട്ടു…..

ഒരു വാർത്തയ്ക്കും അമ്മ ചെവി കൊടുത്തില്ല. അതിന്റെ ആവശ്യമില്ലായിരുന്നു….

നല്ല പ്രായത്തിൽ അച്ഛന്റെ ചവിട്ടു കൊണ്ടതിന്റെ പരിണിത ഫലം അമ്പത്തഞ്ചു വയസ്സിൽ എനിക്ക് അമ്മയെ നഷ്ടപ്പെട്ടു…

ഒറ്റ കണ്ണുമായി പീടിക തിണ്ണയിൽ രാത്രി വെളുപ്പിച്ചിരുന്ന അയാൾ അമ്മയെ കാണാൻ വന്നു. ഞാൻ അനുവദിച്ചില്ല… ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ അനുവദിച്ചില്ല….

എന്നേ ഞെട്ടിച്ചത് അയാൾക്ക് വേണ്ടി വാദിക്കാൻ ആണ് എല്ലാവരും ചുറ്റും കൂടിയത്

” അവസാനമായി ഒന്ന് കണ്ടോട്ടെ ”

എന്ന്. ഞാൻ സമ്മതിച്ചില്ല. പോലീസും പഞ്ചായത്ത്‌ പ്രെസ്സിഡന്റ്റും എല്ലാവരും പറഞ്ഞിട്ടും ഞാൻ അനുവദിച്ചില്ല…

എനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാനാണ് അമ്മ എന്നേ പഠിപ്പിച്ചത്. എനിക്ക് ശരിയെന്നു തോന്നിയത് ഞാൻ ചെയ്തു….

ഞാൻ ചിതയ്ക്ക് തീ കൊളുത്തും വരെ അയാൾ അമ്മയെ കണ്ടില്ല