19/04/2026

അതിസുന്ദരി : ഭാഗം 59

രചന – ആയിഷ അക്ബർ

അന്ന് വൈകുന്നേരം ശങ്കരൻ വീട്ടിലേക്ക് വന്നിരുന്നു എങ്കിലും കാശ്ശിയോ സൂര്യയോ കണ്ട ഭാവം നടിച്ചില്ല……

ആദ്യം താൻ പറയുന്ന ഭക്ഷണം മാത്രം വെച്ചു വിളമ്പിയിരുന്ന ആ വീട്ടിൽ തനിക്ക് യാതൊരു ശബ്ദവുമില്ലാത്തത് ജാനകിയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു…

അവിടെ എന്തുണ്ടാക്കി വെച്ചിട്ടുണ്ടോ ഒരക്ഷരം മിണ്ടാതെ അതെടുത്തു കഴിക്കേണ്ടി വരുമ്പോൾ അവരുടെയുള്ളിലെ അമർഷം ഒതുക്കിയാൽ ഒതുങ്ങാത്ത തരത്തിലായിരുന്നു….

ആവശ്യത്തിനും അല്ലാതെയും ജോലിക്കാരോട് കയർത്തിരുന്ന അവർക്കിന്നതിനു കഴിയാത്തത് കൊണ്ട് തന്നെ നാവ് ചൊറിയുന്നത് അടക്കി പിടിച്ചിരിക്കാനെ കഴിയുമായിരുന്നുള്ളു…..

വീണക്കാണെങ്കിൽ സൂര്യയുടെ ഇപ്പോഴത്തെ നില മാത്രം ആലോചിച്ചാൽ മതിയായിരുന്നു ശരീരം തളരുന്നത് പോലെ തോന്നാൻ…..

താനൊന്നുമില്ലാത്തവളായി അവളുടേ എച്ചിൽ തിന്നാണ് ജീവിക്കുന്നതെന്നോർക്കുമ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നിയിരുന്നു…….

എനിക്ക് വയ്യ കിരൺ…. ഞാനെന്റെ വീട്ടിലേക്ക് പോകുകയാണ്…..

വീണയത് പറയുമ്പോൾ അതിൽ കലർന്ന അവളുടേ സകല അമർഷവും പ്രകടമായിരുന്നു…..

എനിക്കും ഇവിടെ പറ്റുന്നില്ല കിരൺ….
നമുക്ക്….. നമുക്കെങ്ങോട്ടെങ്കിലും മാറാമായിരുന്നു…..

അച്ഛനും കൂടി അത് പറഞ്ഞപ്പോൾ കിരൺ വല്ലാത്തൊരു ധർമ സങ്കടത്തിലായി…..

ഇവിടെ നിന്നിറങ്ങിയാൽ പോകാൻ നമുക്കൊരിടമുണ്ടോ….

കിരണത് ചോദിക്കുമ്പോൾ ശങ്കരൻ അവന് മുമ്പിൽ നിശബ്ദനായി…..

നിനക്ക് വല്ല ജോലിയും നോക്കിക്കൂടെ….

ശങ്കരനത് ചോദിച്ചതും കിരണിനു ദേഷ്യം വന്നു….

ചെറുപ്പം മുതലേ ജോലി ചെയ്യുക എന്നത് തനിക്ക് വലിയ ദേഷ്യമാണ്….

അച്ഛന്റെ സ്വത്തുക്കളുടെ ധൈര്യത്തിൽ പഠിച്ചിരുന്ന കോഴ്സ് പോലും മുഴുവനാക്കിയില്ല…..

എന്നിട്ടിപ്പോ ഇനി ചെറിയ ജോലിക്ക് പോകണമെന്ന് ആലോചിക്കുമ്പോൾ തന്നെ സഹിക്കാനാവുന്നില്ല….

എല്ലാം വരുത്തി വെച്ചത് നിങ്ങളല്ലേ….
ഇനിയിപ്പോ അതിന്റെ ഫലം മുഴുവൻ അനുഭവിക്കേണ്ടത് ഞാൻ കൂടിയല്ലേ….

കിരൺ അയാൾക്ക് നേരെ അലറി …

ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിനക്ക് വേണ്ടിയാണ്….

നീ രാജ കുമാരനായി ജീവിക്കാൻ വേണ്ടിയാണ്….
അത് മറക്കേണ്ട നീ…..

ശങ്കരനും വിട്ട് കൊടുത്തില്ല……

എങ്കിൽ ബുദ്ധിപ്പൂർവം ഒരു വീടെങ്കിലും സ്വന്തം പേരിലേക് എഴുതി വാങ്ങണമായിരുന്നു….
ഇത് വെള്ളം മുഴുവൻ കോരി കഴിഞ്ഞ് അവസാനം വെച്ചൊരു കുടം ഉടക്കുന്ന പരിപാടി യായിപ്പോയി……

കിരണിന്റെ വാക്കിൽ ദേഷ്യത്തിലേറെ ദയനീയത കലർന്നിരുന്നു….

കിരൺ തന്നോട് അലറുമ്പോൾ ശങ്കരന്റെ മനസ്സിൽ മറ്റൊരു മുഖമായിരുന്നു…

എന്ത് തന്നെ സംഭവിച്ചാലും താനെന്തൊക്കെ വഴക് പറഞ്ഞാലും ഒരക്ഷരം പോലും മറുത്തു പറയാതെ തന്നെ അനുസരിച് നിൽക്കുന്ന കാശിയുടെ ……

എന്തോ അയാളുടെ ഹൃദയത്തിൽ ഒന്ന് കൊളുത്തി വലിച്ചു….

ഇവനെന്ന സ്വർണത്തിന് വേണ്ടി താൻ നഷ്ടപെടുത്തിയത് അവനെന്ന വജ്രത്തെയാണെന്ന് മനസ്സിൽ നിന്നാരോ പറയും പോലെ……

ആദ്യമായി അയാൾക്ക് കുറ്റ ബോധം തോന്നി…..

എങ്ങോട്ട് പോകും എന്നാലോചിച് ആരും വേവലാതി പെടേണ്ട…….

അവരുടെ സംസാരങ്ങൾ കുറ്റപ്പെടുത്തലുകളിലേക്കും പഴി ചാരലുകളിലേക്കും കടന്നപ്പോഴാണ് ജാനകിയുടെ സ്വരം അവിടെയുയർന്നത്….

അവർ രണ്ട് പേരും ജാനകിയിലേക്ക് നോക്കി….

വീണയും എന്താണ് പറയാൻ പോകുന്നതെന്ന ചിന്തയിൽ അവരെ തന്നെ നോക്കിയിരിക്കുകയാണ്….

എനിക്ക് എന്റെ അച്ഛനും അമ്മയും തന്ന വീടുണ്ട്….
നമുക്ക് കഴിയാൻ അത് തന്നെ ധാരാളം …..

ജാനകിയത് പറയുമ്പോൾ കിരണും ശങ്കരനും അവരിൽ നിന്ന് മുഖം തിരിച്ചു……
ഇത്രയും വലിയൊരു മാളികയിൽ ജീവിച്ച അവർക്ക് അത് ആലോചിക്കാൻ കൂടി കഴിയുന്നതായിരുന്നില്ല…..

എങ്കിലും പരസ്പരം കുറ്റപ്പെടുത്തി അച്ഛനും മകനും രണ്ട് വഴിക്കാകുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ജാനകി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു….

എല്ലാവരുടെയും മാനസികാവസ്ഥ താളം തെറ്റിയത് കൊണ്ട് തന്നെ അതിന് സമ്മതിക്കുക യല്ലാതെ മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല…..

ഒരു അടിമകളെ പോലെ അവിടെ തുടരാൻ തനിക്ക് കഴിയില്ലെന്നുള്ളത് കൊണ്ട് തന്നെ അവിടെ നിന്നിറങ്ങുകയാണ് നല്ലതെന്ന് അവർക്കൊരോരുത്തർക്കും തോന്നിയിട്ടുണ്ടാകാം….

എന്നാൽ ഇത് കേട്ട വീണക്ക് തലയിലൊരു ഇടിത്തീ വീണത് പോലെ തോന്നി…….

കോടീശ്വരൻ കല്യാണം കഴിച്ചു കൊണ്ട് പോയെന്ന് താൻ വീമ്പു പറഞ്ഞവരുടെ മുമ്പിലേക്ക് ഒന്നുമില്ലാത്തവളായി ഇറങ്ങി ചെല്ലാൻ അവൾക്ക് കഴിയുമായിരുന്നില്ല…..

അവളുടേ ഭാഗ്യം …
എന്ന് തന്നെ നോക്കി അസൂയപ്പെട്ടിരുന്നവരുടെ ഇടയിൽ ദാരിദ്രരായി ജീവിക്കുക എന്നത് അവൾക്കോർക്കാൻ പോലും കഴിയുമായിരുന്നില്ല…..

ഇല്ലാ….. അവിടേക്ക് ഞാനില്ല……

വീണ പെട്ടെന്നത് പറഞ്ഞതും ഒരു നിമിഷം എല്ലാവരും അവളെ നോക്കി…..

എന്താ…. നീയല്ലേ പറഞ്ഞത് ഇവിടെ നിന്നിറങ്ങണമെന്ന്….
പിന്നെന്താണിപ്പോ…..

കിരൺ അവളോടത് ചോദിക്കുമ്പോൾ അവൾക്കെന്ത് പറയണമെന്നറിയില്ലായിരുന്നു…..

അവിടെ…. എന്റെ നാടല്ലേ…പിന്നെ അതൊരു ചെറിയ വീടല്ലേ…..

വീണ അല്പം മടിയോടെയാണ് ഉള്ളിലുള്ളത് പറഞ്ഞത്…..

കിരൺ എന്തെന്ന് മനസ്സിലാവാത്ത പോലവളെ നോക്കി നിന്നു….

അവള് പറയുന്നതെന്താണെന്ന് നിനക്ക് മനസ്സിലായില്ലേടാ …..

ജാനകി ഇരുന്നിടത് നിന്നും എഴുന്നേറ്റ് നിന്നാണ് കിരണിനോടത് ചോദിച്ചത്…..

അവൾക്കീ കൊട്ടാരം വിട്ട് പോരാൻ ബുദ്ധിമുട്ടാണ് പോലും…..

ചെറുപ്പം മുതൽ ഇതിന്റെയൊക്കെ നടുവിൽ കിടന്ന് വളർന്ന ഇവനില്ലാത്ത എന്ത് ദണ്ണമാടീ നിനക്കുള്ളത്….

ജാനകി ദേഷ്യത്തോടെ വീണയോടത് ചോദിക്കുമ്പോൾ അവൾക്ക് തിരിച്ചു പറയാൻ വാക്കൊന്നുമുണ്ടായിരുന്നില്ല…..

അവൾ ജാള്യതയോടെ തല കുനിച്ചു….

ഇത് വരെ കാണാത്ത ജാനകിയുടെ മറ്റൊരു മുഖം കൂടി കാണേണ്ടി വന്നതിൽ അവൾക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു…..

നാട്ടിൽ പോയി നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ഇടയിൽ നാണം കെട്ട് നിൽക്കുന്നതിനേക്കാൾ നല്ലത് സൂര്യയുടെ കാലിൻ ചുവട്ടിൽ കിടക്കുകയാണെന്ന് അവൾക്ക് തോന്നി…..

എന്നാൽ അതും തന്റെ കൈ പിടിയിൽ നിന്ന് വിട്ടകന്നിരിക്കുന്നു……

എല്ലാവരും പോകാനുള്ള പുറപ്പാട് തന്നെയാണ്…..

തുണികളൊന്നും എടുത്ത് വെക്കാൻ അവൾക്ക് കഴിഞ്ഞില്ല……

എന്ത് ചെയ്യുമെന്നറിയാതെ അവൾ നിന്നപ്പോഴാണ് മുറ്റത്തെ ടേബിളിൽ ലാപ്ടോപ് വെച്ച് എന്തൊക്കെയോ ചെയ്യുന്ന കാശിയെ കാണുന്നത്…..

അവനൊറ്റക്കാണ്…. സൂര്യ മുറിയിലായിരിക്കാം…..
കിരണും അച്ഛനും അമ്മയുമെല്ലാം തുണികളെടുത് വെക്കുന്ന തിരക്കിലാണ്…..

അവൾ പതിയേ കാശ്ശിക്കടുത്തേക്ക് നടന്നു…..

മനസ്സിൽ പലതും കുഴഞ്ഞു മറിയുന്നുണ്ട്…..

അതേയ്…… അരികിൽ ആളനക്കം അവൻ അറിഞ്ഞില്ലെന്നത് കൊണ്ട് തന്നെ അവളാ പഴയ സൂര്യയായി അവനെ വിളിച്ചു…..

മ്മ് …..

അവൻ മുഖമൊന്നുയർത്തി ചോദിച്ചു…..

ഞങ്ങൾ….. ഞങ്ങള് ഇവിടെ നിന്ന് പോകുവാ….

പെട്ടെന്നവളത് പറഞ്ഞതും കാശി ഒന്ന് നിശ്ചലനായി….

മ്മ്….
പിന്നീട് ഗൗരവത്തോടെ ഒന്ന് മൂളി…..

ഞാൻ കിരണിന്റെ ഭാര്യ യായി കയറി വരുന്നതിന് മുൻപ് ഇവിടെ വന്നിരുന്നത് ഏട്ടനോർക്കുന്നുണ്ടോ…..

അവളത് പറയുമ്പോൾ അവൻ ലപ്റ്റോപ്പിൽ നിന്നും തലയുയർത്തിയില്ല….

എങ്കിലും എവിടെയൊക്കെയോ തന്റെ കൈ കീബോര്ഡിൽ നിന്ന് വഴുതി പോകുന്നത് പോലെ…….

അവളുടേ സ്വരത്തിൽ താനിഷ്ടപ്പെട്ട സമയത്തുള്ള അതേ നേർമയുള്ളത് പോലെ തോന്നിയവന്…..

ഇനി ഒരു പക്ഷേ നമ്മൾ കാണില്ലായിരിക്കാം…..
പണ്ട് ഞാൻ കെട്ടിക്കോളാമെന്ന് വാക്ക് പറഞ്ഞു പോയ ആളെ കണ്ടോണ്ടിരിക്കുകയെങ്കിലും ചെയ്യാമല്ലോ എന്ന് കരുതി തന്നെയാണ് അന്നു കിരണുമായുള്ള വിവാഹത്തിന് ഞാൻ സമ്മതിച്ചത്..
ഇത് വരെയും ഞാൻ വിചാരിച്ചത് പോലെ ദൂരെ നിന്നാണെങ്കിലും നിങ്ങളെ കണ്ടാണ് ദിവസങ്ങളോരോന്നും തള്ളി നീക്കിയത്….

ഇനിയിപ്പോ…..

ഒരു ഇടർച്ചയോടെ അവളത് പറഞ് നിർത്തുമ്പോൾ കാശി ലാപ് ടോപിലേക്ക് കണ്ണും നട്ട് നിശ്ചലനായങ്ങനെ ഇരിക്കുകയായിരുന്നു…..

അത് വീണയിൽ അവസാന പ്രതീക്ഷ ക്കെന്നോണം ത്തിരി കൊളുത്തി….

അവൾ ചുറ്റുമോന്ന് നോക്കി…..

ആരും കാണുന്നില്ലെന്ന് ഉറപ്പായതും അവൾ ഒരു കൈ കാശിയുടെ ചുമലിൽ വെച്ചു…..

കാശിക്കൊരു വിറയലാണ് വന്നത്…..

മുകളിലെ കർട്ടൻ നീക്കിയ സൂര്യ കാണുന്നത് കാശിയുടെ തോളിൽ കൈ വെച്ച് നിൽക്കുന്ന വീണയെ യാണ്….

അവൾക്ക് ഭൂമി തന്നെ കൂട്ടാതെ തന്റെ മുമ്പിൽ നിന്ന് കറങ്ങും പോലെ തോന്നി….
കാശി അവളുടേ കൈ തട്ടി മാറ്റുമെന്ന് നീറി പുകഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയത്തെ പറഞ്ഞാശ്വസിപ്പിച്ചിരുന്നവൾ……

കാശി അൽപ നേരം അതെയിരിപ്പ് ഇരുന്നു….

പിന്നീട് പതിയേ അവളെയൊന്നു നോക്കി….

വിവാഹത്തിന് മുൻപ് നിന്റെ കണ്ണുകളിൽ കോടീശ്വരനായ എന്നോട് കണ്ടിരുന്ന ഒരു ഭാവമുണ്ടായിരുന്നു…..

എന്നാൽ നീ കിരണിന്റെ ഭാര്യയതോട് കൂടി നിന്നിൽ നിന്നതന്യമായി….
അന്നെല്ലാം നിന്റെ കണ്ണിൽ ഞാൻ ഒന്നുമില്ലാത്തവനായിരുന്നു….
നിന്റെ അപ്പച്ചി ഞാനുമായി വഴക്കിടുമ്പോൾ നീ അറിയുന്നില്ലെങ്കിലും നിന്നേ ഞാൻ ശ്രദ്ധിക്കാരുണ്ടായിരുന്നു..

കാരണം എല്ലാ ഒറ്റപ്പെടലുകളിൽ നിന്നും എന്നേ ചേർത്ത് പിടിക്കാൻ ഞാൻ വരച്ചു ചേർത്ത മുഖം നിന്റെയായത് കൊണ്ട്….

പക്ഷേ അപ്പോഴെല്ലാം നീ യെന്ന കണ്ട ഭാവം പോലും നടിച്ചിരുന്നില്ല….

എന്നാൽ വീണ്ടും ഇന്നതേ ഭാവം നിന്നിൽ നിന്നു പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് സമ്പത്തിലേക്കുള്ള നിന്റെ നോട്ടമാണെന്ന് മനസ്സിലാകാതിരിക്കാൻ മാത്രം പൊട്ടനാണോ ഞാൻ…….

കാശി ചിരിച്ചു കൊണ്ടത് ചോദിച്ചതും വീണയുടെ മുഖം വല്ലാണ്ടായി എന്ന് മാത്രമല്ല പെട്ടെന്ന് തന്നെ അവളുടേ കയ്യവൾ പിൻവലിച്ചിരുന്നു……

പുറമെ കാണുന്ന സൗന്ദര്യത്തിൽ യാതൊരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലാക്കി തരാനാവും ദൈവം നിന്നെ എന്റെ മുമ്പിലേക്കിട്ട് തന്നത്…..

സ്വന്തം ഭർത്താവിന് പ്രയാസങ്ങൾ വരുമ്പോൾ കൂടെ നിൽക്കുന്നവളാണ് നല്ല ഭാര്യ…..

ഒന്നുമില്ലാത്തപ്പോഴും എന്നേ ജീവനോളം സ്നേഹിച്ചു തുടങ്ങിയ നിന്റെ ചേച്ചിയെ പോൽ….

അല്ലാതെ പഴയ കാമുകനെ തേടി പോകുകയല്ല ചെയ്യേണ്ടത്….

കാശി പതിഞ്ഞ ശബ്ദത്തിൽ അമർത്തിയത് പറഞ് നിർത്തുമ്പോൾ വീണക്ക് ഈ ഭൂമിയോന്ന് രണ്ടായി പിളർന്നു താനത്തിലേക് ആണ്ടു പോയിരുന്നെങ്കിലെന്ന് തോന്നി……

അത്രത്തോളം അവൾ അപമാനിതയായിരുന്നു…..

ആദ്യമൊക്കെ കിരണിനോട് എനിക്ക് അസൂയ തോന്നിയിരുന്നു നിന്നെ ഭാര്യയായി കിട്ടിയതിൽ…. എന്നാലിപ്പൊഴെനിക്ക് സഹതാപം തോന്നുകയാണ്…..

കാശി അതും കൂടി കൂട്ടി ചേർത്തപ്പോൾ അപമാനം കൊണ്ട് തലയൊന്ന് ചലിപ്പിക്കാൻ പോലും അവൾക്ക് കഴിഞില്ല….

അവൾ പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവിടെ നിന്നും നടന്നു….

കുറച്ച് നടന്ന് കഴിഞ്ഞ് അവൾ പിറകിലേക്ക് അവനെയൊന്നു തിരിഞ്ഞു നോക്കി….

നടന്നകലുന്ന തന്നെ നോക്കി അവനിരിക്കുകയാണ്….

മുഖത്ത് തന്നോട് പ്രതികാരം തീർത്ത സന്തോഷവും മൂടി കിടക്കുന്നുണ്ട്…..

തന്നെ ഭൂമിയോളം ചവിട്ടി താഴ്ത്തി അവളെ ആകാശത്തോളം ഉയർത്തിയ അവനെ അവൾ പല്ല് ഞെരിച്ചു കൊണ്ടാണ് നോക്കിയത്….

അവന്റെ മുഖത്ത് നിറഞ്ഞ പ്രകാശമായിരുന്നു……

അവൾ നടന്നകലുമ്പോഴും മനസ്സ് നഷ്ടബോധത്തിന്റെ കലവറയിൽ വെന്ത് വെണ്ണീറായി മാറുന്നുണ്ടായിരുന്നു ….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഞങ്ങൾ…. ഞങ്ങളിറങ്ങുവാണ്…..

കാശി അകത്തേക്ക് കയറുമ്പോഴാണ് പെട്ടികളൊക്കെ എടുത്ത് എല്ലാവരും പുറത്തേക്കിറങ്ങുന്നത്….

ശങ്കരൻ കാശ്ശിയോടായത് പറയുമ്പോൾ അവൻ ഒന്നു മൂളുക മാത്രം ചെയ്ത് അകത്തേക്ക് നടന്നു……

അവർക്കാർക്കും മുഖം പോലും കൊടുക്കാൻ കൂട്ടാക്കാതെ കോണിപ്പടികൾ കയറി പോകുന്ന അവനെ അവർ അത്ഭുതത്തോടെ നോക്കി നിന്നു…..

പോകേണ്ട എന്നൊരു വാക്ക് അവൻ പറയുമെന്ന് അത് വരെയും ഓരോരുത്തരും പ്രതീക്ഷിരുന്നെങ്കിലും നിരാശ യായിരുന്നു ഫലം…..

അവൻ മുകളിലേക്ക് കയറുമ്പോൾ കോണിപ്പടിയിൽ നിൽക്കുന്ന സൂര്യ അവനെ യൊന്നു നോക്കി….

അവർ പോകുന്നത് തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ നിൽക്കുമ്പോഴും അവന്റെയുള്ളിലെ ദുഃഖം അവൾക്കറിയാമായിരുന്നു…..

എന്നാൽ അവനതിനെ കീഴ്പ്പെടുത്താൻ പഠിച്ചിരിക്കുന്നു….

അവൾക്ക് ആശ്വാസം തോന്നി…..

ജാനാകിയും വീണയും സൂര്യയെ യോന്നു നോക്കി…..

അവളെ കണ്ടത് മുതൽ അവളോട് ചെയ്ത ഓരോന്നും അവർക്കുള്ളിലിരുന്ന് അവരെ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു…….

തല താഴ്ത്തി ആ വീട് വീട്ടിറങ്ങുമ്പോൾ നാലു പേരുടെയും ഹൃദയം അലമുറയിട്ട് കരയുന്നുണ്ടായിരുന്നു….

അത്രയും സൗഭാഗ്യങ്ങളും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയതോർത്തു ശങ്കരനും സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നല്ല…..

അയാളുടെ മിഴികളിൽ നിന്ന് കണ്ണു നീർ അടർന്നു വീണു……

ജാനകിയുടെ തേങ്ങലിന്റെ സ്വരം ഉയർന്നുയർന്നു കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…..

കിരൺ ഒരു ശീലയായി മാറിയോ എന്നവന് സ്വയം സംശയം തോന്നി……

വീണയുടെ മനസ്സിലെ മുറിവിൽ നിന്ന് രകതം പൊടിഞ്ഞു കൊണ്ടേയിരുന്നു……

ഷാൾ കൊണ്ട് കലങ്ങിയ കണ്ണുകൾ ഇടയ്ക്കിടെ അവൾ അമർത്തി തുടച്ചു….

മുകളിൽ നിന്ന് അവർ പോകുന്നത് നോക്കി നിന്നിരുന്ന കാശിയുടെ തോളിൽ അവൾ കയ്യമർത്തി……

ഞാൻ…. ഞാൻ ചെയ്തത് തെറ്റാണോ സൂര്യാ……

നനവോടെ അവനത് ചോദിക്കുമ്പോൾ
അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…..

ഇല്ലാ…..
കൊടുക്കാവുന്നതിന്റെ പരമാവധി അവസരം കൊടുത്തു….
അവർക്ക് വേണ്ടി ത്യാഗം ചെയ്തിട്ടും തിരികെ വേദനിപ്പിച്ച അവരോട് വീണ്ടും പൊറുത്തു കൊടുത്തു…
ഇനിയും പരീക്ഷണത്തിനു നിൽക്കേണ്ട കാര്യമില്ല…..
അവസരം കൊടുത്തു കൊണ്ടേയിരിക്കുമ്പോൾ വീണ്ടും തെറ്റുകൾ ചെയ്ത് കൊണ്ടേയിരിക്കും….
വീണ്ടും അവസരങ്ങൾ തരുമെന്ന പ്രതീക്ഷയിൽ…..
അവർ ഒരിക്കലും മാറില്ല….
ഇനിയും നിന്റെ ജീവൻ വെച്ചൊരു പരീക്ഷണത്തിന് വയ്യ കാശി…..

അവളത് പറയുമ്പോൾ അവൻ ആശ്വാസമെന്നോണം അവന്റെ തോളിൽ വെച്ച അവളുടേ കൈക്ക് മേൽ ഇടത് കയ്യാലേ തൊട്ടു……

പിന്നീടിരുവരും താഴേക്ക് നോക്കി..
അവരിറങ്ങി പോകുന്നത് നിർവികാരതയോടെ നോക്കി നിന്നു……

(തുടരും)