19/04/2026

ആത്മരാഗം : ഭാഗം 31

രചന – ഗൗരി ലക്ഷ്മി

മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഭാമ പുറത്തേയ്ക്ക് വന്നത്..

കാറിൽ നിന്നിറങ്ങുന്നവരെ കണ്ടതും ഭാമയുടെ മുഖം വിടർന്നു..

മുരളിയേട്ടാ.. ദേ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ..

ഇതെന്താടാ പറയാതെ ഇങ്ങു പോന്നത്..

അവരിറങ്ങിവന്നു ചോദിച്ചു..

വെറുതെ.. ഒരു സർപ്രൈസ് ആകട്ടെന്ന് കരുതി..

കാറിന്റെ ശബ്ദം കേട്ട് പ്രസാദും ഇറങ്ങി വന്നിരുന്നു..

ഇങ്ങു താ മോളെ..

ഭാമ അല്ലിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി.. അപ്പോഴേയ്ക്കും മുരളിയും പ്രസാദിന്റെ ശബ്ദം കേട്ട് മീനയും ഇറങ്ങി വന്നിരുന്നു..

ഇതെന്താടി.. നീയിന്നലെ വിളിച്ചപ്പോ പോലും വരുന്ന കാര്യം പറഞ്ഞില്ലല്ലോ..

മീന മതിലിനരികിൽ വന്നു ചോദിച്ചു..

ഒരു സർപ്രൈസ് തരാൻ വന്നതല്ലേ..

അവൾ ചിരിയോടെ പറഞ്ഞു..

എന്നാൽ പോയി ഫ്രഷാക്..

ആദി കാറിന്റെ ചാർജ് കൊടുത്തുകഴിഞ്ഞു തിരിഞ്ഞതും മീന പറഞ്ഞു..

ആദി അവർക്കായി ഒരു പുഞ്ചിരി നൽകി..

ഒന്നു ഫ്രഷായിട്ടു വരാമേ ആന്റി..

അവൻ പറഞ്ഞതും അവർ തലകുലുക്കി..

ഭാമയുടെ കൈപിടിച്ചേന്തൊക്കെയോ ചിരിയോടെ പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോകുന്നവളെ നോക്കി ചിരിയോടെ നിൽക്കുന്ന ആദിയെ കാണ്കെ മീനയുടെയും പ്രസാദിന്റെയും മനസ്സ് നിറഞ്ഞിരുന്നു..

ആ സന്തോഷത്തിൽ അവർ അകത്തേയ്ക്ക് പോകുമ്പോഴും യാഥാർഥ്യങ്ങൾ അവരറിയുമ്പോഴുണ്ടാകാൻ പോന്ന പ്രശ്നങ്ങളോർത്തു അസ്വസ്ഥമായ മനസ്സോടെ നിൽക്കുകയായിരുന്നു ആദി..

ആ നിമിഷവും മറ്റൊന്നിനെയും പറ്റി ചിന്തിക്കാതെ ഭാമയോടൊപ്പം കളിയും ചിരിയുമായി നിൽക്കുന്നവളെ ഒട്ടും മനസ്സിലാകാത്തത് പോലെ അവൻ നോക്കി നിന്നു..

സംശയത്തോടെ..

*********************

ഇപ്രാവശ്യം ചക്ക ഒന്നുമില്ല അല്ലെ അങ്കിൾ..

പറമ്പിൽ പ്രസാദിനൊപ്പം നടക്കവേ ആദി ചോദിച്ചു..

ഇത്തവണ കുറവായിരുന്നു.. നിങ്ങൾ വരുമ്പോൾ തരാൻ വേണ്ടി അവള് കുറച്ചെടുത്തു വറത്തു വെച്ചിട്ടുണ്ട്..

കേട്ടിട്ടു കൊതിയാകുന്നുണ്ട് അങ്കിളേ.. എത്ര നാളായെന്നോ ചക്കയുപ്പേരി ഒക്കെ കഴിച്ചിട്ട്..

അവൻ പറഞ്ഞു.. അയാൾ ചിരിച്ചു..

അവിടെ സ്റ്റെഫിക്ക് എങ്ങനെയുണ്ട്..

അങ്ങനെ വല്യ വ്യത്യാസമൊന്നുമില്ല അങ്കിൾ.. കണ്ണു മാത്രം നിറഞ്ഞിങ്ങനെ ഒഴുകും..

അവൻ വിഷമത്തോടെ പറഞ്ഞു..

എല്ലാം ശെരിയാകും.. റോയിച്ചനോട് ആയുർവേദം നോക്കാൻ പറഞ്ഞാലോ..

അവിടെ അതൊക്കെ പാടാണ് അങ്കിൾ.. അതുമല്ല കിട്ടാവുന്നതിൽ വെച്ചേറ്റവുംനല്ല ട്രീറ്റ്മെന്റ് ആണിപ്പോൾ കിട്ടുന്നത്.. ആന്റിയെ നാട്ടിലേക്ക് കൊണ്ടുവന്നാലും ഇവിടെ ആന്റിയുടെ കൂടെ ആരെങ്കിലും നിൽക്കേണ്ടേ.. ഒറ്റയ്ക്ക് ജോയിച്ചൻ വിചാരിച്ചാലൊന്നും നടക്കില്ല..

അവൻ പറഞ്ഞു.

അതും നേരാ.

അയാൾ പറഞ്ഞു..

നീ ഇവിടെ വന്നു നിൽക്കുവാണോ ആദി.. അവിടെ ആന്റി അന്വേഷിക്കുന്നുണ്ട്.. വൈകുന്നേരം അമ്പലത്തിൽ പോകാമെന്ന് പറഞ്ഞു നിൽക്കുവാ അമ്മേം ആന്റിയും..

അല്ലി വന്നു പറഞ്ഞു..

ഏതമ്പലത്തിൽ..

ആദി അവളെ നോക്കി ചോദിച്ചു..

അതൊന്നും പറയേണ്ട.. ഭാമയും മീനയും കൂടെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഒക്കെ മാറാൻ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള സർവ്വ അമ്പലത്തിലും നേർച്ച നേർന്നിട്ടുണ്ട്..

അയാൾ ചിരിയോടെ പറഞ്ഞതും ആദി വേദനയോടെ അല്ലിയെ നോക്കി.. അവളുടെ ചുണ്ടിൽ അപ്പോഴും പുഞ്ചിരിയാണ്..

എന്നാൽ നിങ്ങള് ചെല്ലു.. ഞാനീ വാഴയ്ക്ക് കുറച്ചു വെള്ളമൊഴിച്ചിട്ടു വരാം..

പ്രസാദ് പറഞ്ഞതും ആദി അല്ലിയോടൊപ്പം നടന്നു..

നമുക്കീ വരവൊഴിവാക്കാമായിരുന്നു അല്ലി..

അവൾ അവനെ സംശയത്തോടെ നോക്കി..

എല്ലാവരും നമ്മൾ ഹാപ്പിയായി ജീവിക്കുവാണെന്നാ കരുതുന്നത്..

അതിനെന്താ ആദി.. നമ്മൾ ഹാപ്പി അല്ലെ..

അവൾ ചിരിയോടെ ചോദിച്ചു..

നീ എന്തിനാ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത്.. നാളത്തെ കാര്യങ്ങളോർത്ത് ഇന്നേ സങ്കടപെട്ടിട്ട് കാര്യമൊന്നുമില്ല.. അവർ നമ്മുടെ പേരന്റ്സ് അല്ലെ.. അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും.. അതോർത്ത് നീ ഇങ്ങനെ ഇപ്പോഴേ മൂഡോഫ്‌ ആകേണ്ട.. വാ..

ബലമായി അവന്റെ കൈപിടിച്ചു നടക്കുന്നുകൊണ്ടവൾ പറയുമ്പോൾ താനറിഞ്ഞിരുന്ന അല്ലിയിൽ നിന്നവൾ ഏറെ മുൻപോട്ട് പോയെന്നവനോർത്തു..

തനിക്ക് മനസ്സിലാകാത്ത എത്തിപിടിക്കാനാകാത്ത ഉയരത്തിൽ..

അതും ഓർത്തു അവളോടൊപ്പം നടക്കുമ്പോഴും കെട്ടഴിഞ്ഞ പട്ടം പോലെ മനസ്സ് പാറി നടക്കുന്നത് അവനറിഞ്ഞു..

വേദനയോടെ..

*******************

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ
സ്ത്രീകളില്‍ അങ്ങ്
അനുഗ്രഹിക്കപെട്ടവാളാകുന്നു,
അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,
പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി
ഇപ്പോഴും എപ്പോഴും
ഞങ്ങളുടെ മരണ സമയത്തും
തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ..
ആമ്മേന്‍..

കുരിശു വരച്ചു പ്രാർത്ഥിച്ച ശേഷം നിയ എഴുന്നേറ്റു..

മാതാവിന്റെ തിരുസ്വരൂപത്തിന് മുൻപിൽ ചെന്ന് മെഴുകുതിരികൾ കത്തിച്ചു കൈകൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കവേ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി..

ഷാൾ ഒന്നു കൂടി വലിച്ചു തലയിലേയ്ക്കിട്ടു പുറത്തേയ്ക്കിറങ്ങിയതും മുൻപിൽ നിൽക്കുന്നവരെ കണ്ട് അവളുടെ കണ്ണു നിറഞ്ഞു..

മോളിമ്മാമ്മ.. റീനയുടെ സഹോദരിയാണ്.. മക്കളില്ലാത്ത അവർക്ക് മകളെ പോലെയാണ് നിയ.. ഡേവിഡുമായി അവരുടെ ഭർത്താവ് സണ്ണി അത്ര രസത്തിലല്ലാത്തതിനാൽ അവർ അങ്ങനെ നാട്ടിലേക്ക് വരാറില്ല.. അവർ പാലായിൽ തന്നെയാണ് താമസം..

സുഖമാണോ നിനക്ക്..

ആ ചോദ്യത്തിന് കണ്ണുനീരോടെ അവൾ തലയാട്ടിയതും അവർ അവളെ നെഞ്ചോട് ചേർത്തു..

എന്താ മോളെ.. നീയെന്താ ഇങ്ങനെ.. ആകെ വല്ലാതെ.. ഇതെന്ത് കോലമാണ് കുഞ്ഞേ..

ഒന്നുമില്ല മോളിമ്മാമ്മേ.. മോളിമ്മാമ്മയ്ക്ക് സുഖമാണോ.. സണ്ണി അങ്കിൾ എന്തിയെ.. എത്ര നാളായി കണ്ടിട്ട്..

അവൾ കണ്ണുതുടച്ചു ചോദിച്ചു..

സണ്ണി അങ്കിൾ കാറിലുണ്ട്.. നാത്തൂന് സുഖമില്ലാന്നു പറഞ്ഞു.. അതാ വന്നത്.. നിന്റെ കെട്ട്യോൻ എന്തിയെ.. ഇവിടെയുണ്ടോ.. അതോ..

വീട്ടിലുണ്ട്.. വേറെ എങ്ങോട്ട് പോകാൻ..

അവൾ പുച്ഛത്തോടെ പറഞ്ഞു..

സുഖമാണോ കൊച്ചേ നിന്റെ ജീവിതം..

മ്മ്.. അവൾ മൂളി..

മോളിമ്മാമ്മ വാ.. നമുക്ക് വീടുവരെ പോകാം..

അതിന് നിന്റെ പപ്പയ്ക്ക് അത് രസിക്കുമോ..

എനിക്കിപ്പോ വേറെ ഒരു വീടുമില്ലേ… അങ്ങോട്ട് പോകാം..

അവൾ പറഞ്ഞു.. സ്നേഹപൂർവ്വമുള്ള അവളുടെ നിർബന്ധത്തിന് മുൻപിൽ അവർ വഴങ്ങി..

ഓ.. തമ്പ്രാട്ടി എത്തിയോ..

നിയ വന്നു കയറിയതും അന്നമ്മാമ്മ പുച്ഛത്തോടെ ചോദിച്ചു.. അവൾ അവരെ ഒന്ന് നോക്കി..

അങ്കിൾ.. വാ.. മോളിമ്മാമ്മേ.. വാ..

അവൾ സ്നേഹത്തോടെ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു..

ഇതാരാ..

അന്നമ്മാമ്മ ചോദിച്ചു..

എന്റെ ആന്റിയും അങ്കിളുമാണ്..

അവൾ പറഞ്ഞു..

ചേടത്തി.. ചേടത്തി.. ഹാ.. ഇതെന്റെ മമ്മീടെ അനിയത്തിയാ.. ഇത് മോളിമ്മാമ്മേടെ ഹസ്ബൻഡ്.. കുടിക്കാൻ എന്നേലും എടുത്തോ.. മധുരം കുറച്ചു മതി..

അവൾ സന്തോഷത്തോടെ പറഞ്ഞു..

ഓ.. കത്രീനേ.. എല്ലാം കൂടെ എടുത്തു കൊട്.. അവടെ തന്ത സമ്പാദിച്ച കാശോണ്ട് വാങ്ങിയതല്ലേ..

അന്നമ്മാമ്മ പറഞ്ഞതും മോളി അവരെ തെല്ല് നീരസത്തോടെ നോക്കി.. സണ്ണി അവരെയും..

അതേല്ലോ.. എന്റെ പപ്പേടെ കാശോണ്ട് തന്നാ വാങ്ങുന്നത്.. നിങ്ങളിരിക്ക് അങ്കിളേ..

അവൾ അധികാരത്തോടെ തന്നെ പറഞ്ഞു..

ജിജോ എവിടെയാ..

ഹോ.. അതോ ഇവടെ അപ്പനിപ്പോ കീ കൊടുത്താൽ ചലിക്കുന്ന പാവ പോലെയല്ലേ എന്റെ കൊച്ചൻ.. അങ്ങോട്ട് പോ കുഞ്ഞിരാമാ എന്നു പറഞ്ഞാൽ അങ്ങോട്ട് പോകും.. ഇങ്ങോട്ട് പോ എന്നു പറഞ്ഞാൽ ഇങ്ങോട്ടും.. കുട്ടികുരങ്ങിനെ കൊണ്ട് ചുടുചോറ്‌ വാരിക്കുന്നത് പോലെയാണ് എന്റെ ചെറുക്കനെ കൊണ്ടു നടക്കുന്നത്.. അതിന് കാഴ്ച വെച്ചതോ കണ്ടവന്റെ കൂടെ നിരങ്ങി നടന്ന ഒരുത്തിയെയും.. എന്നാ കണ്ടിട്ടാ എന്റെ ചെക്കൻ ഇവടെ പുറകെ നടക്കുന്നതെന്നാ എനിക്കറിയാൻ മേലാത്തെ.. പരിശുദ്ധിയുള്ള ഒരു ശരീരം പോലുമില്ല..

കിട്ടിയ അവസരം അന്നമ്മാമ്മ നല്ലതുപോലെ വിനിയോഗിക്കുമ്പോൾ നിയയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..

അവൾ നിറമിഴിയോടെ മോളിമ്മാമ്മയെ നോക്കി..

നിങ്ങളുടെ ചെറുക്കന്റെ കാലു പിടിച്ചാണോ ഇവളെ കെട്ടിച്ചത്.. താൽപര്യമില്ല എന്നു പറഞ്ഞിട്ടും പിന്നാലെ നടന്നു കെട്ടിയതല്ലേ.. അപ്പൊ എന്നതേലും ഉണ്ടായിട്ട് തന്നെയാകും.

സണ്ണി തെല്ല് പുച്ഛത്തോടെ പറഞ്ഞു..

ഓ.. ഇരിക്കുന്നു.. കണ്ടവന്റെ കൂടെ പൊറുത്ത കഥയൊക്കെ നാട്ടുകാരിപ്പോഴും പാടി നടക്കുന്നുണ്ട്.. നേരു പറയാമല്ലോ.. ഇവിടുന്നീ പെണ്ണിറങ്ങിയാൽ തിരിച്ചു വരും വരെ ഇപ്പോഴും ഞങ്ങൾക്ക് ആധിയാ.. വരുവോ അതോ ഏതേലും അവന്റെ കൂടെ പൊറുതി തുടങ്ങിയോ എന്ന സംശയമാണ്.

അന്നമ്മാമ്മേ..

നിയ വിളിച്ചുപോയി..

ഓ.. ശീലാവതി പൂങ്കണ്ണീർ ഒഴുക്കി തുടങ്ങി.. അല്ലേലും സ്വന്തക്കാരെ കാണുമ്പോ ഉള്ളതാ അവളുടെ കണ്ണീരു.. അല്ലേൽ ഈ വീട് തലതിരിച്ചു വെയ്ക്കും.. എന്റെ മോന്റെ തലയിൽ കേറിയ അസുരവിത്ത്..

അതും പറഞ്ഞവർ എഴുന്നേറ്റതും കത്രീന ജ്യൂസുമായി വന്നു.. നിയ പെട്ടെന്ന് കണ്ണുനീർ തുടച്ചാ ജ്യൂസ് എടുത്തു മോളിക്ക് നേരെ നീട്ടി..

ഞങ്ങളിറങ്ങുവാ മോളെ.. ഞങ്ങൾക്ക് ഇതൊന്നും വേണ്ട.. ഡേവിഡും റീനേം കൂടെ നിനക്ക് കണ്ടെത്തിയ ബന്ധം ഞങ്ങൾക്ക് നന്നേ ബോധിച്ചു.. സ്വന്തം കൊച്ചിനെ ഈ രാക്ഷസിയുടെ കൂടെ തള്ളിയിട്ട അവളെ ഞാനൊന്ന് കാണുന്നുണ്ട്..

വാ അച്ചായാ..അതും പറഞ്ഞു നീട്ടിയ ഗ്ലാസ് ഒന്ന് നോക്കുക പോലും ചെയ്യാതെ മോളിയും തൊട്ട് പിന്നാലെ ദേഷ്യത്തിൽ അന്നമ്മാമ്മയെ ഒന്ന് നോക്കി സണ്ണിയും ഇറങ്ങി നടക്കുമ്പോൾ തോണ്ടകുഴിയിൽ നിറഞ്ഞ വേദനയെ ഒരിറ്റ് കണ്ണുനീർ മാത്രമായി ഒഴുക്കി വിടുകയായിരുന്നു നിയ.. ശീലമെന്നോണം അതിനുമപ്പുറം ഒരു വാക്ക് പോലും അവളെ ധിക്കരിച്ചു നാവിലേക്കോടി എത്തിയിരുന്നുമില്ല..

********************

അമ്മതൻ നടയിൽ നിന്നുയർന്ന
സ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
അഞ്ജനശിലയിൽ ആദിപരാശക്തി
അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്…

മൈക്കിൽ നിന്നുയർന്നുകേൾക്കുന്ന ഭക്തിഗീതം ശ്രവിച്ചു ക്ഷേത്രത്തിന്റെ ആൽത്തറയിൽ ഇരിക്കുമ്പോൾ പതിവില്ലാത്തവിധം മനസ്സ് വല്ലാതെ ശാന്തമാകുന്നത് ആദി അറിഞ്ഞു..

അമ്മയുടെ നിര്ബന്ധത്തിനാണ് വൈകുന്നേരം അല്ലിയേയും അമ്മമാരെയും കൂട്ടി ക്ഷേത്രത്തിലേക്ക് ഇറങ്ങിയത്..

എന്തൊക്കെയോ പൂജകൾ ഉള്ളതിനാൽ അല്ലിയെ അമ്മമാരോടൊപ്പം നിർത്തി ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയതാണ്..

അവൻ ആൽത്തറയിൽ ഇരുന്നാൽ കാണുന്ന ക്ഷേത്ര കുളത്തിലേയ്ക്ക് നോക്കി..

കുട്ടിക്കാലം.. എത്ര മനോഹരമായിരുന്നു ആ ദിവസങ്ങൾ..

ക്രിസ്റ്റിയും താനും അല്ലിയും എത്രയോ വട്ടം ഈ കുളപടവിൽ ഇരുന്ന് കളിച്ചിട്ടുണ്ട്.. വഴക്കിട്ടും പരിഭവിച്ചും നടന്നിരുന്ന ആ കാലത്ത് പോലും സൗഹൃദത്തിനൊരു ചെറിയ വിള്ളലോ പോറലോ ഏറ്റിട്ടുണ്ടായിരുന്നില്ല.. കുഞ്ഞു കുഞ്ഞു പിണക്കങ്ങളും അത് മാറുമ്പോഴുള്ള സന്തോഷവും മാത്രം.. ഒരുപക്ഷേ കുട്ടിക്കാലത്തിന്റെ നിഷ്കളങ്ക ഭാവത്തിൽ ഒന്ന് മാത്രം.

അവനോർത്തു..

ആദി..

അല്ലിയുടെ വിളി കേട്ടതും അവൻ അവളെയൊന്ന് നോക്കി..

ആളൊരുപാട് സന്തോഷത്തിലാണ് എന്നു തോന്നി അവനു.. ഒരു ഇളം പച്ച നിറത്തിലുള്ള ബ്ലൗസും ടിഷ്യൂ സിൽക്ക് സെറ്റ് സാരിയുമാണ് വേഷം.. നീളൻ മുടി അലസമായി കെട്ടിവെച്ചിരിക്കുകയാണ്.. ക്ഷേത്രത്തിൽ നിന്ന് കിട്ടിയ ചന്ദനവും കുങ്കുമവും നെറ്റിയിൽ അലസമായി വരച്ചിട്ടുണ്ട്… കടും ചുവപ്പ് നിറത്തിലുള്ള കുങ്കുമം കൊണ്ട് സീമന്തരേഖയും പതിവില്ലാതെ ചുവപ്പിച്ചിട്ടുണ്ട്..

നീ എന്ത് സ്വപ്നം കാണുവാ ആദി.. ഞാനെത്ര നേരമായി ഓരോന്ന് പറയുന്നു..

കയ്യിൽ നല്ലൊരു അടി നല്കിയതോടൊപ്പം അവൾ പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി..

എന്തുവാ…

ഹാ ബെസ്റ്റ്.. ടാ.. നാളെ കൊടുങ്ങല്ലൂർക്ക് ഒന്ന് പോയാലോ എന്ന് ആന്റി ചോദിക്കുന്നു.. അവിടെ എന്തോ നേർച്ചയുണ്ടെന്നു.. അവിടുത്തെ നേർച്ച വെച്ചു താമസിപ്പിക്കാൻ പടില്ലാന്നാ അമ്മേം പറയുന്നത്.. ഇപ്പൊ നമ്മൾ പോയാൽ ഇനി എപ്പോഴാ വരുന്നത് എന്നറിയില്ലല്ലോ..

അത് വേണോ.. ഇനി വരുമ്പോ പോയാൽ പോരെ..

അതെന്താ നാളെ നിനക്ക് വല്ല പരിപാടിയും ഉണ്ടോ..

അല്ലി ചോദിച്ചു..

അങ്ങനെ പ്രത്യേകിച്ചു പരിപാടി ഒന്നുമില്ല..

എന്നാൽ പിന്നെ എന്തിനാ അത് മാറ്റി വെയ്ക്കുന്നത്.. രാവിലെ പോകാം.. വെളുപ്പിനെ ഇറങ്ങിയാൽ തൊഴുതൊക്കെ കഴിഞ്ഞു സമയമുണ്ടെങ്കിൽ ഗുരുവായൂർ കൂടെ പോകാം..

ഇതെന്താ തീർത്ഥാടനമോ..

അവൻ ചോദിച്ചു..

ആ.. അങ്ങനെയെങ്കിൽ അങ്ങനെ.. എനിക്കും കുറച്ചു നേർച്ചയുണ്ട്..

എന്ത് കാര്യത്തിന്..

ആദി സംശയത്തോടെ അവളെ നോക്കി..

അതൊക്കെയുണ്ട്..

അവൻ ഒന്നുകൂടി തറപ്പിച്ചു നോക്കിയതും അവൾ കുസൃതിയോടെ ചിരിച്ചു..

നേർച്ച നേർന്ന കാര്യം നടന്നിട്ടില്ല.. നടക്കാതെ പറഞ്ഞാൽ മുടക്കം വന്നാലോ.. അതുകൊണ്ട് നടന്നു കഴിഞ്ഞിട്ട് പറയാം..

അവൾ കുസൃതി ചിരിയോടെ പറഞ്ഞതും ആദിയുടെ മുഖം മങ്ങി..

കാർത്തിയോടൊപ്പമുള്ള കല്യാണമാകും വിഷയം എന്നവൻ ഊഹിച്ചു..

രണ്ടാളും ഇവിടെ നിൽക്കുവാണോ.. പോകേണ്ടേ..

ആ ബെസ്റ്റ്.. അമ്മേടെ പറച്ചില് കേട്ടാൽ തോന്നും ഞങ്ങളാണ് ലേറ്റ് ആയതെന്ന്..

അല്ലി മീനയോടായി പറഞ്ഞു..

ഓ.. ഞങ്ങൾ തന്നെയാ ലേറ്റ് ആയത്..ഇപ്പൊ എത്ര നാള് കൂടീട്ടാ രണ്ടും കൂടെ ഇങ്ങോട്ട് വരുന്നതെന്ന് വല്ല ബോധവുമുണ്ടോ എന്റെ മക്കൾക്ക്.. കെട്ടിന് മുൻപ് വരുമ്പോൾ രണ്ടുപേർക്കും ഒന്നിച്ചു വരാൻ അറിയാമായിരുന്നു.. ഇപ്പൊ രണ്ടിനെയും ഒന്നിച്ചു കാണണമെങ്കിൽ മഷിയിട്ടു നോക്കേണ്ട അവസ്ഥയാണ്..

ഭാമ പറഞ്ഞു..

അതൊക്കെ ഒന്ന് മാറി രണ്ടാളും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാൻ നേർന്ന നേർച്ചയാണ് ഇതൊക്കെ.. പിന്നെ ഇനിയും ഉണ്ട് നേർച്ച..

ഇവിടെയോ..

അല്ലി ചോദിച്ചു..

മ്മ്..

എങ്കിൽ ഇന്നതും കൂടെ നടത്താമായിരുന്നല്ലോ..

അവൻ പറഞ്ഞു..

ഓ.. അതിപ്പോ നടത്താനുള്ളതല്ല.. ഞങ്ങൾക്ക് കൊഞ്ചിക്കാൻ ഒരു കുഞ്ഞുവാവ ആകട്ടെ.. എന്നിട്ട് നടത്താനുള്ളതാ..

ഭാമയാണ് ചിരിയോടെ അത് പറഞ്ഞത്..

അവരുടെ വാക്കുകൾ അല്ലിയിലെ പുഞ്ചിരിയെ മായ്ക്കുന്നത് ആദി കണ്ടിരുന്നു.. പക്ഷെ അവൾ സമർഥമായി ആ പുഞ്ചിരിയുടെ ആവരണം മുഖത്തണിഞ്ഞു നിന്നു..

ഇരുട്ടി.. പോകേണ്ടേ.. അവിടെ നിന്റച്ഛൻ ഒറ്റയ്ക്കാ..

മീന പറഞ്ഞു..

ഓ.. മുരളിയേട്ടൻ എത്തി കാണും മീനേ..

ഭാമ പറഞ്ഞു..

ആ അമ്മമാർക്ക് ഏറെ പ്രതീക്ഷ നൽകി ആ സായാഹ്നം മടങ്ങുമ്പോൾ ആദിയിലും അല്ലിയിലും നിറഞ്ഞു നിന്നത് പേരറിയാത്ത എന്തൊക്കെയോ വേദനകൾ മാത്രമായിരുന്നു..

ആ നിമിഷം അവ പരസ്പരം പങ്കുവെയ്ക്കാൻ പോലും കഴിയാത്ത വിധമൊരു മഞ്ഞുമറ ആദ്യമായി അവർക്കിടയിൽ രൂപപ്പെട്ടിരുന്നു.. അദൃശ്യമായി..

********************

മുന്പിലിരുന്ന കുപ്പിയിൽ നിന്ന് നിറമുള്ള ദ്രാവകം ഗ്ലാസിലേയ്ക്ക് പകർത്തുന്ന ജിജോയെ നോക്കി ഡൻസൺ ഇരുന്നു..

നീ ശെരിക്ക് ആലോചിച്ചിട്ട് തന്നാണോ ജിജോയെ..

ഈ ജിജോ ആലോചിക്കാതെ എടുത്തുചാടുമോ.. നീ അങ്ങനെ കണ്ടിട്ടുണ്ടോ ഡൻസാ..

ജിജോ സ്വതവേയുള്ള ചിരിയോടെ ചോദിച്ചു..

ഒരെടുത്തുചാട്ടമാണ്.. അറിയാല്ലോ നിന്റെ അമ്മായപ്പനെ..

അവൻ പുച്ഛത്തോടെ ചിരിച്ചു..

മ്മ്.. അയാൾ തൽക്കാലം ഇതൊന്നും അറിയേണ്ട.. പതിയെ അറിയും.. പക്ഷെ അതിനു മുൻപ് എനിക്ക് ചെയ്തുതീർക്കാൻ ചിലതുണ്ട്.. ആ ഹോട്ടൽ.. അതിലാണിപ്പോൾ എന്റെ പ്രതീക്ഷ മൊത്തം.. അതെന്റെ കയ്യിലാകുന്ന നിമിഷത്തിനായിട്ടാടാ ഞാൻ ജീവിക്കുന്നത് തന്നെ..

അവൻ പറഞ്ഞു..

ടാ..

പെട്ടെന്നാണ് പിന്നിൽ നിന്നൊരു പരിചിതമായ ശബ്ദം കേട്ടത്.. ജിജോ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് തിരിഞ്ഞു.. ഡൻസണും പെട്ടെന്ന് ഇരുന്നിടത്തുനിന്നെഴുന്നേറ്റു..

നെഞ്ചുനോക്കി ഊക്കിനൊരു തൊഴിയാണ് ആദ്യം അവനു കിട്ടിയത്.. ഡൻസൺ ഒന്ന് തടയാൻ കഴിയും മുൻപ് ജിജോ മദ്യം വിളമ്പിയിരുന്ന ടേബിളിന് മുകളിലേയ്ക്ക് വീണിരുന്നു..

തന്റെ കറുത്ത ജുബ്ബയ്ക്ക് മുകളിലേയ്ക്ക് കറുത്ത കരയുള്ള മുണ്ടൊന്നു മടക്കിക്കുത്തി ജിജോയെ കോളറിന് പിടിച്ചെഴുന്നേല്പിച്ചു ഡേവിഡ്..

അങ്കിൾ ഞാൻ.. എൻ.. എന്താ കാര്യം..

ജിജോയ്ക്ക് സംസാരിക്കുമ്പോൾ നാവിൽ ചോര ചുവയ്ക്കുന്നുണ്ടായിരുന്നു..

നിനക്കറിയില്ല അല്ലെടാ നായെ…

അയാൾ കരണത്ത് നോക്കി ഒന്ന് പൊട്ടിച്ച ശേഷമാണ് അത് ചോദിച്ചത്..

ഡൻസൺ ചുറ്റിനും നോക്കി.. ജിജോയുടെയും ഡൻസന്റെയും ഒരു സുഹൃത്തിന്റെ റിസോർട്ട് ആയിരുന്നു അത്..

അടി കണ്ട് അടുത്ത കോട്ടേജുകളിൽ ഉള്ളവരൊക്കെ ഇറങ്ങി വന്നിരുന്നു.. ഒപ്പം സ്റ്റാഫുകളും..

ടാ.. നിന്റെ ജോലിയും സ്വഭാവമഹിമയും ബാങ്ക് ബാലൻസും നോക്കിയല്ല ഞാനെന്റെ കൊച്ചിനെ അവൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും നിനക്ക് കെട്ടിച്ചു തന്നത്.. അത് നിൻ്റെയീ അഞ്ചര അടി പൊക്കോം പിന്നെ ആ കുടുംബമഹിമയും കണ്ട് തന്നാ..

അതിന് എൻ്റെ കൊച്ചു കുറെ അനുഭവിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും വിലയ്ക്കെടുത്ത നിനക്ക് വേണ്ടി എൻ്റെ മോളെ തള്ളിപറഞ്ഞിട്ടുണ്ട് ഞാൻ.. നിൻ്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും കണ്ടിട്ടുണ്ട്.. അന്നും ഞാൻ പറഞ്ഞ ഒരു കാര്യം ഉണ്ട്..

എൻ്റെ കൊച്ചൊരു രാജകുമാരിയെ പോലെ അവിടെ കഴിയണമെന്ന്.. അങ്ങനെ കഴിയാനാടാ നായെ കോടികൾ നിനക്കും നിൻ്റെ കടം കേറി മുടിഞ്ഞ തന്തയ്ക്കു വേണ്ടി ഞാൻ ചിലവാക്കിയത്.. എന്തിന് നീയിപ്പോ ഉടുത്തിരുന്ന അണ്ടർവിയർ മുതൽ കേറികിടന്ന് മദിക്കുന്ന ആ വീട് പോലും എൻ്റെ കൊച്ചിന്റെ പേരിൽ ഞാൻ വാങ്ങി ഇട്ടേയ്ക്കുന്നതാ.. എന്നിട്ട് എൻ്റെ ബന്ധുക്കൾക്ക് മുന്നിൽ നീയെൻ്റെ കൊച്ചിനെ അപമാനിക്കും അല്ലേ..

അങ്കിൾ.. ഞാൻ അറിഞ്ഞിട്ട് പോലുമില്ല.. എന്താ കാര്യം..

ജിജോ വെപ്രാളത്തോടെ ചോദിച്ചു..

നീയറിഞ്ഞില്ല അല്ലേ.. എങ്കിൽ ഇപ്പൊ അറിഞ്ഞോ. ഈ ഡേവിഡ് എന്നും മറ്റുള്ളോർക്ക് മുന്നിൽ തലയുയർത്തി നിന്നിട്ടേയുള്ളൂ.. ആ എന്നെ എൻ്റെ ശത്രുക്കൾക്ക് മുന്നിലാ നിൻ്റെയാ പരട്ട തള്ള ഇന്നപമാനിച്ചത്.. അ സണ്ണി എൻ്റെ വീട്ടിൽ കേറി വന്ന് ഇന്ന് പറഞ്ഞതെന്നതാന്നോ.. മക്കളെ അന്തസായി കെട്ടിച്ചു വിടാൻ കഴിയുന്നത് മാത്രമല്ല അവിടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതും ഒരപ്പൻ്റെ കടമയാണ്.. അതിന് കഴിവില്ലേൽ മക്കളെ ഉണ്ടാക്കരുതായിരുന്നു എന്ന്..

നീ.. നീ ഒറ്റയൊരുത്തനാണ് ഇതിന് കാരണം.. നിന്റെയാ തള്ള.. ഒന്നോർത്തോ ജിജോ ഇനി ഒരിക്കൽ.. ഒരിക്കൽ കൂടി ഇങ്ങനെ ഒരു സീൻ ഉണ്ടായാൽ.. അവരെ ഞാൻ അവിടെ വന്ന് ചവിട്ടിയിറക്കും.. നാണമില്ലാത്ത സ്ത്രീ..

അതും പറഞ്ഞു നിലത്തേക്ക് കാർക്കിച്ചു തുപ്പി അയാൾ ജിജോയെ നോക്കി..

നീ ഓർത്തുവെച്ചോ ജിജോ.. എൻ്റെ കൊച്ചിനെ ഇനി നീയോ നിൻ്റെ വീട്ടുകാരോ നോവിച്ചാൽ.. അന്തസ്സുള്ള ഒരു കുടുംബത്തിൽ അവള് കെട്ടി ചെല്ലണം എന്നേ എനിക്കുള്ളായിരുന്നു.. അത് നടന്നു.. ഇനി ജീവിച്ചിരിക്കുന്ന ജിജോയുടെ കെട്ട്യോൾ ആയി കഴിയണം എന്നില്ല.. ജിജോയുടെ വിധവ ആയി കഴിഞ്ഞാലും മതി അവള്.. പിന്നെ.. സ്വന്തം മോളെന്നെ ചതിച്ചപ്പോ അതിന് ഞാൻ മറുപടി നൽകിയത് നിനക്ക് അറിയാമല്ലോ.. നീ എൻ്റെ ചോര പോലുമല്ല.. അതോർത്തോ നീ..

അതും പറഞ്ഞു പകയോടെ അവനെ പിന്നിലേയ്ക്ക് തള്ളി ചുറ്റിനും നിന്നവരെ ഒന്ന് നോക്കി അയാൾ ഇറങ്ങി പോകുമ്പോൾ നിലത്തേക്ക് വീണുപോയ ജിജോയെ ഡൻസകൺ പിടിച്ചെഴുന്നേൽപ്പിക്കുന്ന തിരക്കിൽ ആയിരുന്നു..

ഡാ.. അയാൾ..

ജിജോ ചുറ്റിനും നോക്കി.. പത്തിരുപത് പേരുണ്ട് ചുറ്റും.. അവനു വല്ലാത്ത അപമാനം തോന്നി..

നിലത്ത് വീണു കിടന്ന ഒരു കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി അവൻ എല്ലാവരെയും നോക്കി..

ഷോ കഴിഞ്ഞു.. പോയ്ക്കൂടെ എല്ലാർക്കും..

ചോദ്യത്തിൽ കൂടി നിന്നവരോക്കെ പല വഴിക്ക് പോയി..

ഡാ.

ഡൻസൺ അവനെ വിളിച്ചു..

നീ നോക്കിക്കോ ഡൻസാ.. അയാൾ ഇതിന്.. എനിക്ക് നൽകിയ ഈ അപമാനത്തിന് നെഞ്ചുപൊട്ടി കരയുന്ന ഒരു ദിവസം വരും… അതുണ്ടാക്കിയിരിക്കും ഈ ജിജോ.. അയാളെ ഇതിനേക്കാൾ വേദനിപ്പിച്ചു രസിക്കും ഞാൻ..

അതും പറഞ്ഞവൻ കയ്യിലുള്ള മദ്യം വായിലേക്ക് കമഴ്ത്തുമ്പോൾ ഒന്നും മനസ്സിലാകാതെ ഡൻസൺ അവനെ നോക്കി നിൽക്കുകയായിരുന്നു..

ആ നിമിഷം ജിജോയടെ കണ്ണിൽ നിറഞ്ഞ പകയ്ക്ക് ഡേവിഡിനെ കത്തിച്ചു കളയുവാനുള്ള അഗ്നിയുണ്ടായിരുന്നു..

ആ പകയിലും തന്റെ മനസ്സിൽ തെളിഞ്ഞു വന്നൊരു നിസ്സഹായയായ പെണ്ണിന്റെ മുഖമോർക്കെ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു തുടങ്ങിയിരുന്നു..

വന്യമായി..

തുടരും..