25/05/2026

ഓർമ്മകളിലൂടെ : ഭാഗം 22

രചന – മിയ അവ

ഹാൾ ബുക്ക്‌ ചെയ്യലും കാറ്ററിങ് ടീമിനെ സെറ്റ് ആക്കലും എല്ലാമായി പിന്നെയുള്ള ദിവസങ്ങൾ ഞാൻ കുറച്ചധികം തിരക്കിലായി. അതുകൊണ്ട് തന്നെ അമ്മുവിനെ പിന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. വിളി തന്നെ വിരലിൽ എണ്ണാവുന്നതായി ചുരുങ്ങി. കല്യാണത്തിന് രണ്ടൂസം മുന്നെ ഞാനും കിഷോറും ശരത്തും ഷോണിമയുമെല്ലാം തൃശൂരിൽ ഹാളിന്റെ അറേഞ്ച്മെന്റസ് എല്ലാം നോക്കാനായി പോയിരുന്നു. ഒരു വിധം ഹാളിന്റെ പണികളെല്ലാം റെഡിയായി വന്നപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.

“യാ.. ഓൾ സെറ്റ്…”

കിഷോറായിരുന്നു. അവന്റെ പറച്ചിലിനൊപ്പം ഞാനും ഒരു പുഞ്ചിരിയോടെ LED വെളിച്ചത്തിൽ തിളങ്ങുന്ന ആ ബോർഡിലേക്ക് മിഴി നട്ടു.

“മനു ശങ്കർ വെഡ്സ് അമൃത ”

“ടാ.. മനുവേ..ഇപ്പോ എന്ത് പറയുന്നു…ഇതിലേക്ക് ഇങ്ങനെ നോക്കി നിൽക്കുമ്പോൾ കോളേജിലെ നിന്റെയാ ഓൾഡ് പ്രണയം വേരോടെ പിഴുതെറിഞ്ഞത് നന്നായിയെന്ന് തോന്നുന്നില്ലേടാ… ”

അത് കേട്ടതോടെ എന്റെ മുഖത്തെ പുഞ്ചിരി പതിയെ മായുന്നത് ഞാനറിഞ്ഞു. അത് മനസ്സിലാക്കിയെന്നവണ്ണം അവൻ തുടർന്നു.

“ഇനിയെന്തിനാഡേയ് അവളെ കുറിച്ച് പറയുമ്പോൾ ഈ മുഖത്തെ തെളിച്ചം കുറയുന്നത്…ഇപ്പോൾ അതിനേക്കാൾ സന്തോഷല്ലേ നിനക്ക് കിട്ടിയിരിക്കുന്നത്…”

“ഏയ്.. തെളിച്ചക്കുറവൊന്നുല്ലെടാ.. ഇപ്പോൾ എനിക്ക് എല്ലാത്തിലും വലുത് ന്റെ അമ്മു തന്നാ…അവൾ മാത്രേ ഇനി ന്റെ ലൈഫിൽ ഉണ്ടാവുള്ളു… ”

“ഹാ… അതാണ്.. അമ്മു മിടുക്കിയാടാ.. ഒരു പാവം കൊച്ച്.. നമുക്ക് നമ്മുടെയീ സൗഹൃദ കൂട്ടിലേക്ക് അവൾ മതിയെടാ.. മറ്റവളുടെ പേര് പോലും ഇനി നിന്നെ അലട്ടരുത്.. അഹങ്കാരി.. കണ്ടാലേ അറിയാം ആ പിശാച് അഹങ്കാരത്തിന്റെ ആൾ രൂപമാണ്….ഫു…. ”

കിഷോർ സകല വെറുപ്പോടു കൂടി പറഞ്ഞു.

“ഹേയ്.. ചുമ്മാതിരിയെടാ.. അവൾ അത്ര അഹങ്കാരിയായൊന്നും എനിക്ക് തോന്നിയിട്ടില്ല… പക്ഷെ നമ്മുടെ മനുവിനെ അവൾ വേണ്ടാന്ന് വെച്ചപ്പോൾ.. അവൾ കാരണം ഇവന്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് അവളോട്‌ ഉണ്ടായിരുന്ന ആ മതിപ്പ് അങ്ങോട്ട്‌ പോയി.. അത് ഉള്ളതാ… ”

“ആ.. ഉള്ളതാണെ… അതാ പറഞ്ഞേ ആ പിശാച് ഇവന് പറ്റിയതല്ലാന്ന്… ”

“മ്മ്.. ശരിയാടാ മനു കിഷോർ പറഞ്ഞ പോലെ നിനക്കും നമ്മുടെ ഫ്രണ്ട്ഷിപ്പിലേക്കും പറ്റിയ ആൾ നമ്മുടെ അമ്മു തന്നാടാ… ആരോടും ദേഷ്യവും വിരോധവും ഒന്നും ഇല്ലാത്ത ഒരു പാവം കുട്ടി….അല്ലേ ഷോണി..”

“മ്മ്…”

ഷോണിമ വെറുതെ ഒന്ന് മൂളി. അത് നോക്കി ഒരു നനുത്ത പുഞ്ചിരിയോടെ ഞാനും പറഞ്ഞു.

“മ്മ്… ഉവ്വെട… അതൊക്കെ ഞാൻ അപ്പോ തന്നെ വിട്ടു… ഇനി ഈ മനുവിന് ഒരു ജീവിതം ഉണ്ടേൽ അത് ന്റെ അമ്മുന് വേണ്ടിയുള്ളതാണ്… ”

“യെസ്.. ഇതാണ്.. ഞങ്ങടെ ഗുഡ് ബോയ്.. ”

കിഷോറും ശരത്തും ഒരു പോലെ പറഞ്ഞ് എന്നെ വന്ന് കെട്ടിപ്പിടിച്ചു.

തിരക്കുകൾ ഒക്കെ ഒന്ന് ഒതുങ്ങിയപ്പോൾ അവന്മാരുടെ ഇടയിൽ നിന്നൊന്ന് വിട്ടു ഞാൻ ഫോണും എടുത്തു അമ്മുവിനെ വിളിക്കാനായി മാറി നിന്നു. എന്നാൽ ഫുൾ റിങ് അടിച്ചു തീർന്നിട്ടും അവൾ ഫോൺ എടുത്തില്ല. എന്തെങ്കിലും തിരക്കിലാവുമെന്ന് കരുതി ഞാൻ ആശ്വസിച്ചു. എങ്കിലും മനസ്സ് എന്തിനോ കിടന്നു അസ്വസ്ഥമാവുന്നുണ്ടായിരുന്നു. കാരണമറിയാതെ ഒരു നോവ് നെഞ്ചിനുള്ളിൽ പിടി മുറുക്കുന്ന പോലെ.എനിക്ക് ആരെയോ എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോവുന്ന പോലെ ഒരു തോന്നൽ.

ഹാളിന്റെ മുന്നിലായുള്ള ബെഞ്ചിൽ ചാരിയിരുന്ന് കണ്ണുകളടച്ചു. മനസ്സ് ചിന്തകളിലേക്ക് വഴുതി വീഴാൻ ഒരുങ്ങിയതും ഒരു കൈ വന്നു എന്നെ തൊട്ടു. ഞെട്ടി പിടഞ്ഞു നോക്കിയപ്പോൾ ഷോണിമയാണ്.

“മനു….”

“ന്താടി… ”

“ഡു യു ഫീൽ മിസ്സിംഗ്‌ ഹെർ.?. ”

“ആരെ…?.. ”

“ആരെയാന്ന് ഞാൻ പറയാതെ നിനക്ക് അറിയാലോ മനു…. ”

“ഹേയ്.. നോ ഡി.. ഞാൻ അതൊക്കെ എപ്പഴേ വിട്ടു… ഇപ്പോ ഒരു ഓർമ്മയായി പോലും… ”

“മനു.. കിഷോറിനെയും ശരത്തിനെയും പറഞ്ഞ് വിശ്വസിപ്പിക്കുന്ന പോലെ എന്നെയും വിശ്വസിപ്പിക്കാൻ പറ്റുമെന്ന് കരുതുന്നുണ്ടോ നിനക്ക്….. ”

ഷോണിമയുടെ ചോദ്യത്തിന് മൗനമായി ഇരിക്കുന്ന എന്നെ നോക്കി അവൾ ഒന്ന് ചിരിച്ചു.

“ടാ.. ഐ നോ യുവർ സിറ്റുവേഷൻ… ഒരുപാട് ആഗ്രഹിച്ച കാര്യം നടക്കാൻ പോവുമ്പോഴും പൂർണമായി സന്തോഷം കണ്ടെത്താൻ നിന്റെ മനസ്സിന് കഴിയുന്നില്ല അല്ലേ മനു …. അത് അങ്ങനെയാടാ… കാരണം അമ്മു … അവൾ.. നീ ആഗ്രഹിക്കാതെ നിന്നിലേക്ക് എത്തിയ പ്രണയമാണ്…ഒരുപക്ഷെ നിന്നെ തള്ളി കളഞ്ഞവളുടെ മുന്നിൽ തോറ്റു പോവരുതെന്ന നിന്റെ വാശി കാരണം നിന്നിലേക്ക് നീ ചേർത്ത് പിടിച്ച പ്രണയം…എന്നാൽ….എന്നാൽ ആമി.. അവൾ… അവൾ നിന്റെ മനസ്സ് സ്വയം കണ്ടെത്തിയ…ആഗ്രഹിച്ച പ്രണയമാണ്… ഇന്ന് ഒരു പക്ഷെ നീ അമ്മുവിനെ മറ്റെന്തിനേക്കാൾ കൂടുതലായി സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം… പക്ഷെ ആഗ്രഹിച്ചത് നഷ്ടമായതിന്റെ ഒരു വിങ്ങൽ നിന്റെ മനസ്സിന്റെ ഏതോ ഒരു കോണിൽ ഒളിഞ്ഞിരിപ്പുണ്ട്…അതാ ഈ സന്തോഷിക്കേണ്ട നിമിഷത്തിലും എന്തിനോ വേണ്ടി നിന്റെ മനസ്സ് വിങ്ങുന്നത്… അല്ലാന്ന് പറയാൻ പറ്റുവോ മനു നിനക്ക്…. ”

ഷോണിമയുടെ ചോദ്യത്തിന് മറുപടി പറയാനാവാതെ ഞാൻ കണ്ണുകൾ അടച്ചു. അടഞ്ഞ കണ്ണുകൾക്കൊപ്പം തുറന്ന എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് കാറ്റിൽ പാറുന്ന നീളൻ മുടിയെ കൈ കൊണ്ട് ഒതുക്കി നിർത്തുന്ന അവളുടെ മുഖമായിരുന്നു… കണ്ണുകളിൽ അഗ്നിയെരിയുന്ന അവളുടെ നോട്ടം…തന്റെ നേരെ കൈ ചൂണ്ടി നിൽക്കുന്ന അവളുടെ മുഖം….”

“മനു.. ”

ഷോണിമയുടെ വിളിയിൽ ഓർമകളിൽ നിന്നും മടങ്ങിയ ഞാൻ അവൾക്ക് നേരെ ഒന്ന് ചിരിച്ചെന്ന് വരുത്തി. ഷോണിമ എന്നെ തന്നെ നോക്കി നിൽക്കയായിരുന്നു.

“മനു… ആമി.. അവൾ നീ ആഗ്രഹിച്ച പ്രണയം മാത്രമാണ്… ഒരിക്കൽ പോലും ആമി നിന്നെ തിരിച്ച് പ്രണയിച്ചിട്ടില്ല.. അത് നിനക്കും അറിയാലോ..ആർട്സ് ക്ലബ്ബിൽ ഒന്നിച്ചായിരുന്നത്‌ കൊണ്ട് ആമിയെ എനിക്ക് നന്നായി അറിയാം… കുറച്ചു ദേഷ്യവും വാശിയും കൂടുതലാണെങ്കിലും നല്ല കുട്ടിയാ അവൾ….അവൾക്ക് നിന്നോട് പ്രണയം തോന്നാതിരിക്കാൻ അവളുടേതായ കാരണങ്ങളുണ്ടാവും…എന്ന് വെച്ച് അവളൊരു അഹങ്കാരി ആണെന്ന് അർത്ഥമില്ല…. പക്ഷെ കിഷോറും മറ്റുള്ളവരും നിന്റെ മനസ്സിൽ കുത്തി തന്ന ഈഗോ…നിന്റെ സ്വത്ത് മോഹിച്ചു അവൾ നിന്റെ പിന്നാലെ വരുന്നുവെന്ന തോന്നൽ.. ഇതൊക്കെ നിനക്കവളോട് വാശിയായി…ആ വാശിപ്പുറത്ത് മാത്രമായിരുന്നു നീ അമ്മുവിന്റെ പ്രണയം സ്വീകരിച്ചത്… അറിയാം..ഒരു പക്ഷെ അമ്മുവിനെ വെച്ച് നീ ആമിയെ വെല്ലുവിളിച്ചതൊക്കെ അവളിലും വാശി ഉണ്ടാക്കി കാണും… അതാവും അമ്മുവിനോട് നീ അടുത്തപ്പോൾ നിങ്ങളെ അകറ്റാൻ അവൾ പല രീതിയിൽ ശ്രമിച്ചതും…. നിങ്ങളെ ഒന്നിപ്പിക്കില്ലെന്ന് അവൾ പറഞ്ഞത് അതും വെറും വാശിപ്പുറത്താണ്… ആ വാശിയിൽ അവൾ ചെയ്തത് ആ വാശി തീർന്നപ്പോൾ അവൾ നിർത്തി പോയി… സൊ അതോടെ നിന്റെ ലൈഫിൽ ആമിയെന്ന വ്യക്തിയുടെ റോൾ കഴിഞ്ഞു… എല്ലാ അർത്ഥത്തിലും…..എന്നാൽ അമ്മു .. തുടക്കം മുതൽ.. ഇന്ന് ഈ നിമിഷം വരെ നീ മാത്രം മതിയെന്ന് ഒറ്റ ചിന്തയിൽ അന്ധമായി നിന്നെ സ്നേഹിക്കുന്നവളാ…നീ മാത്രമാണ് അവളുടെ ലോകം.. അവളുടെ സന്തോഷം… അത് ഒരിക്കലും നഷ്ട്ടപ്പെടുത്തരുത് നീ… എനിക്കറിയാം ഇന്ന് നിനക്ക് അവളോട്‌ അഗാധമായ പ്രണയം തന്നെയുണ്ടെന്ന്….ഒരു പോറല് പോലും ഏൽപ്പിക്കാതെ നീ അവളെ ചേർത്ത് നിർത്തുമെന്നും… എന്നാലും പറയുവാ… ആമിയെ കുറിച്ചുള്ള ചെറിയ ഓർമ്മ പോലും ഇനി അമ്മുവിനോടുള്ള നിന്റെ പ്രണയത്തിന് മങ്ങലേല്പ്പിക്കരുത്…നിനക്ക് മനസ്സിലാവുന്നുണ്ടോ മനു ഞാൻ പറയുന്നത്… ”

ഒരു നെടുവീർപ്പോടെ അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ഇല്ലെടി… ഒരിക്കലും ഇല്ല… അമ്മു …പ്രാണനേക്കാൾ എന്നെ സ്നേഹിക്കുന്നവളാണ്… അവളെ കണ്ടില്ലെന്ന് വെക്കാൻ ഇനിയൊരിക്കലും ഈ മനുവിന് കഴിയില്ലെടി… അത്രമേൽ ആഴമുള്ളതാണ് അവളുടെ പ്രണയം…എന്റെ ഉള്ളിലെ മറ്റെല്ലാ ഓർമ്മകളെയും മായ്ച്ചു കളയാൻ ആ ഒറ്റ പ്രണയം മതി എനിക്ക്… അവളുടെ നിഴലായി.. ഒരു വാക്ക് കൊണ്ട് പോലും അവളെ നോവിക്കാതെ ജീവിതാവസാനം വരെ അവൾക്ക് കൂട്ടായി ഞാനുണ്ടാവും… ഉറപ്പ്… ”

അത് കേട്ട് ഷോണിമ നിറഞ്ഞ ചിരിയോടെ എന്റെ കവിളിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.

“ദാറ്റ്സ് ഗുഡ് ബോയ്… ”

അവളുടെ ചിരിയിൽ ഞാനും സന്തോഷത്തോടെ പങ്കു ചേർന്നു.

വിവാഹത്തിന്റെ തലേ ദിവസം വൈകീട്ടോടെ എന്റെ ബന്ധുക്കളും നാട്ടുകാരുമെല്ലാം തൃശൂരിൽ എത്തിച്ചേർന്നിരുന്നു. അവർക്കെല്ലാം ഹോട്ടലിൽ റൂമും സൗകര്യങ്ങളും ഒരുക്കിയിരുന്നത് കൊണ്ട് എല്ലാവരും അവിടേക്കാണ് പോയത്. അന്ന് രാത്രി കിടക്കാൻ നേരം ഞാൻ അമ്മുവിനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിരക്കിൽ ഫോൺ ശ്രദ്ധിക്കാതെ ചാർജ് തീർന്നതാവുമെന്ന് ഓർത്തു ഞാൻ ഉറങ്ങാൻ കിടന്നു. അമ്മുവിന്റെ ഫാമിലി മുഹൃത്തതിന് മുന്നെ ഹാളിലേക്ക് എത്താമെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ റെഡിയായി അവിടേക്ക് പോയിരുന്നു.

ഹാളിന്റെ പിന്നിൽ നിന്ന് ഓരോ പരിചയക്കാരോട് വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ആ മുഖം കാണുന്നത്. ആരെയാണോ ഇനിയൊരിക്കലും എന്റെ ജീവിതത്തിൽ കാണരുതെന്ന് ആഗ്രഹിച്ചത് അതേ ആളു തന്നെ ഒരു പരിഹാസത്തോടെ മുന്നിൽ വന്നു നിൽക്കുമ്പോൾ എന്തായിരുന്നു എന്റെ മനസ്സിലൂടെ അപ്പോൾ കടന്നു പോയ വികാരമെന്നത് ഇപ്പോഴും എനിക്ക് പരിചിതമല്ല. അവൾ എങ്ങനെ അവിടെ എത്തി എന്നത് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. അമ്പരപ്പോടെ നിന്ന എന്നിലേക്ക് വീണ്ടും അവൾ കനലിട്ടു തരികയായിരുന്നു. അവൾക്ക് മുന്നിൽ ഞങ്ങൾ ജയിച്ചു നിൽക്കുന്ന ആ നിമിഷത്തിലും വീറോടെ എന്നെ നോക്കി വെല്ലുവിളിക്കുകയായിരുന്നു അവൾ അപ്പോഴും. വീണ്ടും പഴയ കാര്യങ്ങൾ പറഞ്ഞു അവിടെ നിന്ന് കൊമ്പ് കോർത്തു നിന്ന ഞങ്ങളെ ഷോണിമയാണ് പിന്തിരിപ്പിച്ചത്. അവളെ കലിപ്പിച്ചൊന്ന് നോക്കി അവിടുന്ന് പോയ എന്നെ മുഹൃത്തം ആവാറായി എന്ന് പറഞ്ഞു അച്ഛനും വലിയച്ഛനും കൂടി മണ്ഡപത്തിൽ കയറ്റി ഇരുത്തി.

തിരിയിട്ട് കൊളുത്തിയ വിളക്കിന് മുന്നിൽ അമ്മുവുമൊത്തുള്ള പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളെ മനസ്സിലിട്ട് താലോലിച്ചു കൊണ്ട് പ്രതീക്ഷയോടെ ഞാൻ അമ്മുവിനായി കാത്ത് നിന്നു.

പെട്ടെന്നാണ് നാട്ടിൽ നിന്നെത്തിയ ജീപ്പിൽ നിന്നും പരിഭ്രാന്തിയോടെ ചിലയാളുകൾ ഹാളിൽ എന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. കാര്യമെന്തെന്നറിയാതെ ഞാനും അവരെ തന്നെ നോക്കി നിന്നു. പാർട്ടിയിലെ ചില പരിചയക്കാരാണ്. മണ്ഡപത്തിൽ എനിക്ക് അടുത്തായി വന്ന് നിന്നവർ എന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി.

“എന്ത് പറ്റി ദീപു.. എന്താ എല്ലാവരും വല്ലാതെ…”

“അത്.. മനുവേട്ടാ.. എങ്ങനെയാ ഞങ്ങൾ അതിപ്പോ പറയാന്ന്…”

“ഹാ.. എന്റെ അടുത്ത് എന്തിനാ ദീപു ഈ ബുദ്ധിമുട്ട്.. എന്താണെങ്കിലും പറ…”

“നമുക്ക്.. നമുക്ക് ചതി പറ്റി പോയല്ലോ മനുവേട്ടാ… അവൾ നമ്മളെ ചതിച്ചല്ലോ…”

“ആര്… ആര് ചതിച്ചൂന്ന്…”

അതിന് മറുപടിയായി ദീപു അവന്റെ കയ്യിലിരുന്ന ഒരു കത്ത് എനിക്ക് നേരെ നീട്ടി. എന്നിട്ട് ഒന്നും മിണ്ടാതെ മണ്ഡപത്തിൽ നിന്നിറങ്ങി അച്ഛന്റെയും വലിയച്ഛന്റെയും അടുത്തേക്ക് പോവുന്നത് കണ്ടു. എല്ലാം കൂടി കണ്ടപ്പോൾ ഒരു പകപ്പോടെ ഞാൻ ആ കത്ത് തുറന്നു വായിച്ചു. അതിലെ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ ശരീരം വിറങ്ങലിച്ചു
പോയിരുന്നു. ഒരു ചെറു ചലനത്തിന് പോലും സാധ്യതയില്ലാതെ നിന്ന നിൽപ്പിൽ ഞാൻ നിശ്ചലമായി പോയി. തോളിൽ ആരുടെയോ കരമമർന്നപ്പോൾ മാത്രമാണ് ഞാൻ ഞെട്ടലോടെ തല ചരിച്ചത്. അതിൽ എന്റെ കണ്ണുകളിൽ തടഞ്ഞത് അവളുടെ മുഖമായിരുന്നു… ആമിയുടെ.. ആ മുഖം കാണവേ മനസ്സിലേക്ക് അവളുടെ അവസാന വാക്കുകൾ ഓടിയെത്തി.

…..”അതേയ്… നിങ്ങടെ കല്പന കേട്ട് വാ മൂടി നിൽക്കാൻ ഇത് നിങ്ങടെ മിണ്ടാപ്പൂച്ചയല്ല.. ആമികയാ….ആമിക…നിങ്ങടെ കല്യാണത്തിന് ഞാൻ ഇവിടെ എത്തിയിട്ടുണ്ടേൽ നിങ്ങൾക്കിട്ട് പണിയാനും എനിക്കറിയാം ”
“ഉവ്വാ.. എന്നാ നീയങ്ങ് ഉണ്ടാക്കെടി… കാണട്ടെ ഞാൻ… നീയെന്നല്ല ഇനിയൊരു ശക്തി വിചാരിച്ചാലും എന്നേം എന്റെ പെണ്ണിനേം പിരിക്കാൻ കഴിയില്ല…മനുവാ പറയുന്നേ…”
“ഓ..കാണാടോ..ആമി ഇവിടുള്ളപ്പോൾ നിങ്ങൾ എങ്ങനാ ഒന്നിക്കുന്നതെന്ന് “……

മനസ്സിൽ ആർത്തലച്ചടിയുന്ന തിരമാലയിലേക്കായിരുന്നു ആ വാക്കുകൾ ഓളം തള്ളി നിന്നത്. കണ്ണിലും മനസ്സിലും കോപത്തിന്റെ ഇരുട്ട് മൂടാൻ അധിക സമയം വേണ്ടി വന്നില്ല. അന്ധമായ മനസ്സിലേക്ക് ഒരു വേള അമ്മുവിനെ എന്നിൽ നിന്നകറ്റി എന്റെ പണവുമായി കടന്നു കളയാൻ അവളെ പ്രേരിപ്പിച്ചത് ഇവളുടെ ബുദ്ധിയാണോന്ന ചിന്ത പോലും കടന്നു വന്നു. അല്ലെങ്കിൽ പിന്നെ ആരും ക്ഷണിക്കാതെ ഇന്നേ ദിവസം ഇവിടെയെത്താനും എന്റെ മുന്നിൽ നിന്ന് ഇത്ര അഹങ്കാരത്തോടെ ഇങ്ങനെ വെല്ലുവിളിക്കാനും ഇവൾക്ക് എങ്ങനെ കഴിഞ്ഞു…ചിന്തകൾ ചൂട് പിടിച്ചപ്പോൾ കൈയിലെ കത്ത് ചുരുട്ടി പിടിച്ച് ഞാൻ അവൾക്ക് നേരെ കുതിച്ചു.
എന്നെ കണ്ട് താണ ആമിയുടെ ശിരസ്സിലേക്ക് തന്നെ ഉറ്റു നോക്കി നിൽക്കുമ്പോൾ അമ്മുവിന്റെ കത്തിലെ വാചകങ്ങളിലേക്കാണ് മനസ്സ് ഓടിയത്.
“സോറി മനുവേട്ടാ….ഞാൻ കോളേജിൽ ചേർന്നത് മുതൽ നമ്മുടെ വിവാഹത്തിന് പോലുമുള്ള എല്ലാ ചിലവും ഒരു മുടക്കം വരുത്താതെ നോക്കി നടത്തി തന്നത് നിങ്ങൾ തന്നെയാണ്…അതെല്ലാം മറന്നതാണെന്ന് കരുതരുത്…പക്ഷെ അതിനൊക്കെയുള്ള നന്ദിയായി ഒരു ജാതക ദോഷക്കാരനെ തലയിലേറ്റണമെന്ന് പറഞ്ഞാൽ അതെനിക്ക് നടക്കുന്ന കാര്യമല്ല…….നിങ്ങളുമായുള്ള വിവാഹത്തിലൂടെ എന്റെ മരണമാണ് വിധി കാത്ത് വെച്ചതെങ്കിൽ ഞാൻ ഈ വർഷങ്ങളത്രയും കാത്തു നിന്നതും കഷ്ടപ്പെട്ടതും വെറുതെ ആയിപ്പോവില്ലേ…നിങ്ങളെ കെട്ടി മരണം ഏറ്റു വാങ്ങാനല്ല ഞാൻ നിങ്ങളെ പ്രണയിച്ചത്…നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ കണക്കറ്റ സ്വത്തിന് അവകാശിയായി ഒരു മഹാ റാണിയെ പോലെ ജീവിക്കാൻ തന്നാ ഞാൻ നിങ്ങളെ സ്നേഹിച്ചത്…എന്നാൽ അതിന് സ്വന്തം ജീവൻ പകരം കൊടുക്കേണ്ടി വന്നാൽ പിന്നെ ഈ സ്വത്തുക്കളൊക്കെ കിട്ടിയിട്ട് എനിക്കെന്തിനാ…..പക്ഷെ ജീവൻ പേടിച്ചു ഈ കണ്ട കഷ്ടപ്പാടുകളൊക്കെ വെള്ളത്തിലാക്കി വെറും കയ്യോടെ മടങ്ങാനും അമ്മുവിന് ആവില്ലല്ലോ.. അപ്പോ പിന്നെ കയ്യിൽ കുറച്ചു സമ്പാദ്യം കിട്ടാൻ കല്യാണം വരെ ഈ ബന്ധം കൊണ്ടെത്തിക്കേണ്ടത് എന്റെ ആവിശ്യമായിരുന്നു… പേടിക്കണ്ട എനിക്ക് നിങ്ങൾ തന്നത് ഒക്കെ വെച്ചു നോക്കിയാലും മംഗലത്തു വീട്ടുക്കാരുടെ ഖജനാവിന്റെ ഏഴയലത്ത് വരില്ലല്ലോ..സൊ ഇതങ്ങ് മറന്നേക്ക്..നഷ്ട്ടപ്പെട്ടതിനെ കുറിച്ച് ഓർത്ത് വിഷമിക്കാതെ തന്നെ കെട്ടി മരിക്കാൻ തയ്യാറുള്ള ഏതെങ്കിലും പെണ്ണുണ്ടെങ്കിൽ അവളെയും കെട്ടി സുഖമായി ജീവിക്ക്…എത്ര കാലമെന്ന് ഉറപ്പില്ലാത്ത ജീവിതത്തിന് തല വെച്ചു തരാൻ എന്തായാലും അമ്മുവിനെ കിട്ടില്ല.. അപ്പോ ബൈ…തേടി വന്നാലും എന്നെ നിങ്ങൾക്ക് കാണാൻ പറ്റില്ല.. അതു കൊണ്ട് അതി ബുദ്ധി വേണ്ട…പോവുന്നു..ഓൾ ദി ബെസ്റ്റ്..”

ഒരു ജാതക ദോഷക്കാരനെ കെട്ടി മരണം ഏറ്റു വാങ്ങാൻ തയ്യാറല്ല എന്നത് മാത്രം മനസ്സിൽ അങ്ങനെ മുഴച്ചു നിന്നു. അതിന്റെ പ്രതിഫലനമെന്നോണം ആമിയുടെ കൈകളിൽ എന്റെ കൈ മുറുകി. കണ്ണിൽ അപ്പോൾ എരിഞ്ഞത് അമ്മുവിനോടുള്ള ദേഷ്യമാണോ ആമിയോടുള്ള വാശിയാണോ അറിയില്ല…ജാതകദോഷത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടതിന്റെ നീറ്റൽ നന്നായി പൊള്ളിക്കുന്നുണ്ടായിരുന്നു ഉള്ളിനെ… ചുറ്റുമുള്ളവരുടെ എതിർപ്പുകളോ കരച്ചിലോ ഒന്നും വക വെയ്ക്കാതെ ആമിയുടെ കഴുത്തിൽ പൂജിച്ച താലി ചാർത്തുമ്പോൾ ആമിയ്ക്ക് മുന്നിലാണോ അമ്മുവിന് മുന്നിലാണോ ഞാൻ ജയിച്ചതെന്ന് എനിക്ക് പോലും വ്യക്തമല്ലായിരുന്നു.

അപമാനിക്കപ്പെട്ടതിന്റെയും വഞ്ചിക്കപ്പെട്ടതിന്റെയും ദേഷ്യവും സങ്കടവും ഉള്ളിൽ കിടന്നു ആളി പടരുമ്പോൾ എന്റെ സ്വബോധം തന്നെ എനിക്ക് കൈമോശം വന്നിരുന്നു ആ നിമിഷം. ബലിയാടായി മുന്നിൽ കിട്ടിയ ആമിയെ നോക്കി വായിൽ വന്നതൊക്കെ അവിടെ തുപ്പി ഹാൾ വിട്ടിറങ്ങുമ്പോൾ മുന്നിൽ ഒന്നും തന്നെ ഇല്ലായിരുന്നു. ആരുടെ മുഖവും ഇല്ലായിരുന്നു. ഇനിയുള്ള ജീവിതം എന്താവുമെന്ന ചിന്ത പോലും എന്നെ അലട്ടിയില്ല. പകയായിരുന്നു… വാശിയായിരുന്നു… സങ്കടമായിരുന്നു…ആരോടൊക്കെയോ.. എന്തിനൊക്കെയോ…..

(തുടരും )