18/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 51

രചന – മഞ്ജിമ സുധി

എത്ര രസമായിരുന്നു ആ കാലം….. *കൗമാരവും യൗവ്വനവും വാർധക്യവും സമ്മാനിക്കാം എന്റെ ബാല്യം മാത്രം കാലമെനിക്ക് തിരിച്ഛ് തന്നിരുന്നെങ്കിൽ…??* ഒരു നേടുവീർപ്പോടെ ഞാൻ കണ്ണുകൾ അടച്ഛ് ഇരുന്നു…. വല്ലാത്തൊരു ആശ്വാസം തോന്നുന്നു… എന്തോക്കെയോ മനസ്സിൽ നിന്ന് ഒഴിഞ്ഞ് പോയ പോലെ…. കടൽ പോലെ ശാന്തമാണ്…. കണ്ണ് തുറന്ന് വാച്ചിലേക്ക് നോക്കി…. 5.00 മണിയാവുന്നു…. ഇപ്പോ പാളയത്ത് നിന്ന് നാട്ടിലേക്ക് നേരിട്ടൊരു ബസ് ഉണ്ട്… ഞാൻ വേഗം എണീറ്റ് ഒരു ഓട്ടോ പിടിച്ചു പാളയം സ്റ്റാൻഡിൽ ത്തിറങ്ങി…. ഹാവൂ ബസ് സ്റ്റാൻഡിൽ കയറ്റി നിർത്തിയിട്ടേ ഉള്ളൂ… എടുക്കാൻ അഞ്ച് മിനിറ്റ് കൂടി ബാക്കി ഉണ്ട്…. ഞാൻ വേഗം കയറി ഒഴിഞ്ഞ ഒരു വിൻഡോ സീറ്റിൽ പുറകിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു….

ആളുകൾ കയറുന്നതും ഇരിക്കുന്നതും ഞാൻ അറിഞ്ഞിരുന്നു… അധികം വൈകാതെ ബസ് സ്റ്റാൻഡിൽ നിന്ന് എടുത്തതും ഞാൻ കണ്ണ് തുറന്ന് വിൻഡോയിലേക്ക് തല മുട്ടിച്ഛ് പുറത്തേക്ക് നോക്കി…. നാട്ടിലേക്കുള്ള ബസ് ആയതുകൊണ്ട് അറിയുന്ന പലരും ഇടയ്ക്ക് വെച്ഛ് കേറുന്നുണ്ടായിരുന്നു…. “ആ മാളികക്കലെ മൂത്ത പെണ്ണല്ലേ അത്….?” അനൂനെ ചൂണ്ടിക്കാട്ടി അവളുടെ സീറ്റിന്റെ അടുത്ത് ചാരി നിൽക്കുന്ന സ്ത്രീ പറഞ്ഞതും കൂടെയുള്ള സ്ത്രീ സംശയത്തോടെ അവളെ നോക്കി… “ഏത്……????? നമ്മുടെ സരസ്വതി ന്റെ…… ആഹ് നിശ്ചയത്തിന്റെ അന്ന് ഒളിച്ചോടി പോയ പെണ്ണോ……???” “ആഹ് അത് തന്നെ…. പക്ഷേ, അത് ഒളിച്ചോടിയതൊന്നും അല്ലന്നേ,,,, വേറെ ഒരുത്തനെ കല്യാണം കഴിച്ചു വന്ന് നിശ്ചയത്തിന്റെ അന്ന് കയ്യോടെ പിടിച്ചതാ…..!!!” “ഓഹ്… അങ്ങനെയാണോ….!!! ഹൊ…. സമ്മതിക്കണം…. ഈ പെണ്ണിന്റെ ഒക്കെ ഒരു തൊലിക്കട്ടി… അഭാരം തന്നെ……” ഒരു പുച്ഛത്തോടെ അനൂനെ നോക്കി സ്ത്രീ കവിളിൽ കൈ വെച്ചു…

“ഹൊ….. മക്കളെ പറ്റി പറയുമ്പോ എന്തായിരുന്നു സരസ്വതി ന്റെ ഒരു നാവ്….. ലോകത്ത് വേറെ ആർക്കും മകളില്ലാതെ പോലെ ആയിരുന്നു ഓളെ വർത്താനം… അവൾക്ക് അങ്ങനെ തന്നെ വേണം… ദൈവം കേട്ട് കാണും… ഏതായാലും സരസ്വതിന്റെ നാവ് ഇപ്പൊ മകളെ പറയാൻന്നല്ല ഒരു വർത്താനത്തിനും പുറത്തേക്ക് കാണാറില്ല…..” “ഹൊ ഒന്ന് മെല്ലെ പറയന്റെ ചേച്ചി…. ആ പെണ്ണ് കേൾക്കും….!!!!” കുശുബ് കലർന്ന പുച്ഛത്തോടെ അനൂനെ നോക്കി ആ സ്ത്രീ പറഞ്ഞത് കേട്ട് മറ്റേ സ്ത്രീ അവരുടെ കയ്യിൽ പിടിച്ഛ് അടക്കം പറഞ്ഞു….. “ഹും….. അതിനിപ്പോ ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ….?? പറഞ്ഞതൊക്കെ സത്യല്ലേ പിന്നെന്താ….. ആഹ്….. ആ ചെറിയ പെണ്ണിന്റെ കല്യാണം അല്ലെ, അതിന് വന്നതാവും… ഇനി ഇപ്പോ അന്ന് എന്തൊക്കെ നടക്കോന്തോ…??? ഇതിന്റെ അല്ലെ അനിയത്തി…. സ്വഭാവം കുറച്ചെങ്കിലും കാണിക്കാതിരിക്കോ…. കഷ്ടം….!!!!” അവര് പരസ്പരം കടിച്ഛ് പിടിച്ഛ് പറഞ്ഞ ഓരോ വാക്കും ഞാൻ വെക്തമായി കേട്ടിരുന്നു…..

ഞാൻ കാരണം എന്റെ അമ്മയും അച്ഛനും അനിയത്തിയും നാട്ടുകാരിൽ നിന്ന് എത്ര മാത്രം അപമാനം സഹിച്ചുക്കാണും… എന്റെ അമ്മൂനെ നാട്ടുകാർ പരിഹസിക്കുമ്പോഴും കളിയാക്കി ചിരിക്കുമ്പോഴും അവൾക്ക് എത്രമാത്രം സങ്കടം വന്നു കാണും….പിന്നെയും പലതരത്തിലുള്ള ചർച്ചകൾ എന്നെ കുറിച്ച് ബസിൽ നിറഞ്ഞു നിന്നിരുന്നു…. കവലയിൽ ബസ് ഇറങ്ങുമ്പോ ചൂഴ്ന്നെടുക്കുന്ന ഒരുപാട് കണ്ണുകൾ എന്റെ ചുറ്റിലും നിറഞ്ഞു നിന്നു…. എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പലരും പലതും പറയുന്നത് ഞാൻ ഒറ്റ നോട്ടത്തിൽ കണ്ടു…. ബസ് ഇറങ്ങിയതും ആദ്യം കണ്ട ഓട്ടോയിൽ കയറി ഇരുന്നു….. ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഓട്ടോ നീങ്ങിത്തുടങ്ങിയിരുന്നു… അത് ശ്രദ്ധിച്ഛ് ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടിട്ടാവണം ഒരു ചെറിയ ചിരിയോടെ ഡ്രൈവർ ആയ പയ്യൻ നോക്കി…..

“ചേച്ചിക്ക് എന്നെ മനസ്സിലായില്ല ല്ലേ….???” എന്റെ മുഖത്ത് നിറഞ്ഞ അപരിചയത്വം മുന്നിലെ സൈഡ് കണ്ണാടിയിലൂടെ ശ്രദ്ധിച്ഛ് അവൻ ചിരിയോടെ പറഞ്ഞു തുടങ്ങി…. “ഞാൻ ആതിരന്റെ അനിയൻ ആണ്…” “ആതിര……??? ആഹ്… മോനുട്ടൻ…!!” പെട്ടെന്ന് ഓർത്തെടുത്ത് കൊണ്ട് ഞാൻ പറഞ്ഞു… “ആഹാ…… ചേച്ചിക്ക് എന്റെ പേരിപ്പഴും അറിയാല്ലേ….???” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ഞാനും പതിയെ ഒന്ന് ചിരിച്ചു…. ” നീ ഒരുപാട് മാറിപ്പോയി… പെട്ടെന്ന് കണ്ടപ്പോ എനിക്ക് മനസ്സിലായില്ല അതാ…. ആതിര ഇപ്പോ…???” ” സുഖം…… ചേച്ചി രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു രണ്ട് ദിവസം മുന്നേ പോയതേള്ളൂ…. അല്ലാ ചേച്ചി ഒറ്റക്കേള്ളൂ….??? ചേട്ടൻ വന്നില്ലേ….??? ചേച്ചിയ്ക്ക് കുട്ടികളൊന്നും..?? മോനുട്ടന്റെ ചോദ്യങ്ങൾ എന്നെ കുഴപ്പിച്ചെങ്കിലും അതിന്റെ എല്ലാം ഉത്തരം വെറുമൊരു മൂളലിൽ ഞാൻ ഒതുക്കി തീർത്തു ….

“നീ ഇപ്പോ പഠിക്കാനൊന്നും പോകുന്നില്ലേ…???? അമ്മൂന്റെ തുണയല്ലേ നീ….???” “അതേയേച്ചീ… ഡിഗ്രിയ്ക്ക് ഞാനും അമ്മുവും സെയീം കോളേജിൽ ആയിരുന്നു…. ഡിഗ്രി കംപ്ലീറ്റ് ആക്കി പിജി ചെയ്യണം ന്നൊക്കെ ഉണ്ടായിരുന്നു പക്ഷേ, ലാസ്റ്റ് ഇയർ ആയപ്പോ അച്ഛൻ പെട്ടെന്ന് അങ്ങു പോയി….. പിന്നെ അനിയത്തിന്മാരുടെ പഠനം അമ്മേന്റെ ചികിൽസ എല്ലാം കൂടെയായപ്പോ പിജി കട്ടപ്പുറത്തായി….. ഇപ്പോ പി സ് സി നോക്കുന്നുണ്ട്…..” പിന്നെയും അവൻ ഓരോന്ന് പറഞ്ഞോണ്ടിരുന്നു… ഞാൻ എല്ലാത്തിനും ചിരിച്ചോണ്ട് വെറുതെ മൂളിക്കൊണ്ടിരുന്നു…. എന്റെ കുട്ടിക്കാലത്തേയുള്ള കളികൂട്ടുക്കാരിയായിരുന്നു ആതിര… സ്കൂളിൽ പോകുന്നതും വരുന്നതും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു…. മൂത്ത കുട്ടിയായതോണ്ടും താഴെ ഇവനുൾപ്പെടെ മൂന്ന് മക്കൾ ഉണ്ടായിരുന്നത് കൊണ്ടും ആതിരയെ വേഗം കല്യാണം കഴിപ്പിച്ചിരുന്നു….

കുട്ടനെ എനിക്ക് വലിയ ഇഷ്ടായിരുന്നു…. അമ്മൂനെ പോലെ തന്നെയായിരുന്നു എനിക്ക് അവനും… ഞങ്ങളെ കൂടെ വാല് പോലെ എപ്പഴും നടക്കുമായിരുന്നു… പെട്ടന്ന് കുട്ടൻ വിളിച്ചപ്പഴാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നത്….. “ചേച്ചി,,,,,, വീട് എത്തി…. ചേച്ചി കുറെ കാലത്തിന് ശേഷം അമ്മൂന്റെ കല്യാണതിനേക്ക് വന്നതാവും….ല്ലേ…??” ഓട്ടോ ഇറങ്ങി നിന്ന് അവനെ നോക്കി അതിനും ഞാൻ മൂളികൊണ്ട് ചിരിച്ചു…. “എന്നാ ഞാൻ പോട്ടെ ചേച്ചി…. അമ്മൂനോട് ഞാൻ ചോദിച്ചൂന്ന് പറഞ്ഞേക്ക്….!!” “മ്മ്മം….” തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പഴാണ് പൈസ കൊടുക്കാൻ മറന്ന് കാര്യം ഓർമവന്നത്… ഓട്ടോ വളച്ഛ് തിരിച്ഛ് പോകാൻ നോക്കുന്ന അവനെ വിളിച്ച് ഞാൻ വേഗം ബാഗ്‌ തുറക്കാൻ നോക്കിയതും, അവൻ അതൊന്നും വേണ്ടേച്ചീ ന്ന് പറഞ്ഞു പോയി കഴിഞ്ഞിരുന്നു…..

നേരം ആറരയോട് അടുത്തിരുന്ന ഞാൻ വീട്ടിന്റെ മുന്നിൽ എത്തുമ്പോ…. ഉമ്മറത്ത് കത്തുന്ന നിലവിളക്കിന്റെ ശോഭ ഇങ്ങ് പടിപ്പുരവരെ ഉണ്ട്….. കുറേ നേരം അവിടെ നിന്ന് ഞാൻ വീട് നോക്കി….അന്ന് എന്റെ നിശ്ചയത്തിന് ഉയർന്നതിലും വലിയൊരു പന്തൽ ആ വലിയ മുറ്റത്തു സ്ഥാനം പിടിച്ചിട്ടുണ്ട്…. വീട് കാണേ കയ്യും കാലുംഒരുപോലെ തളരുന്നു…. കാൽ മുന്നോട് ചലിക്കാതെ നിലത്ത് ഉറച്ചു പോയപ്പോലെ തോന്നുന്നു….. ന്റെ ഭഗവാനേ എന്തും നേരിട്ടാനും താങ്ങാനുള്ള ശക്തി തരണേ കൃഷ്ണാ….. മനസ്സിൽ പറഞ്ഞ് ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്ത് താലിയിൽ മുറുക്കി പിടിച്ച് ഞാൻ മുന്നോട് നടന്നു… അമ്മ ദേഷ്യപ്പെടുവായിരിക്കും, ചെയ്തോട്ടെ, ഞാൻ കേൾക്കാൻ ബാധ്യസ്ഥയാണ്, എന്നാലും കുറച്ഛ് കഴിഞ്ഞ് അമ്മ സ്നേഹത്തോടെ എന്റെ അടുത്ത് വന്നിരിക്കും… എനിക്ക് അറിയാം എന്റെ അമ്മയെ….. അച്ഛൻ എന്നെ ഒന്നും പറയില്ല അതെനിക്ക് ഉറപ്പാ…. ഒരു ചിരിയോടെ ഞാൻ പറയുന്നതൊക്കെ കേട്ട് നിൽക്കും, അമ്മയേയും എന്നെ ചീത്ത പറയാൻ വിട്ടില്ല….

അത്രയ്ക്ക് ഇഷ്ടാ അച്ഛന് എന്നെ… രണ്ടാളേയും കാലിൽ വീണ് മാപ്പ് പറയണം… അമ്മൂന്റെ കല്യാണം കഴിഞ്ഞ് അമ്മയോട് മാത്രം എല്ലാം പറയണം.. അച്ഛൻ ഒരിക്കലും നടന്നതൊന്നും അറിയരുത്, അച്ഛൻ കാരണം എന്റെ ജീവിതം തകർന്നൂ ന്ന് വിചാരിച്ഛ് തകർന്ന് പോകും ആ പാവം… മനസ്സിൽ കണക്ക് കൂട്ടി പടിപ്പുര കടന്ന് വീട് അടുക്കുംതോറും പരവേശവും വെപ്രാളവും എന്നെ വല്ലാതെ അലടി….. മറ്റന്നാൾ ആണ് കല്യാണം അതുകൊണ്ടു തന്നെ വീട്ടിൽ അധികം ആരും കാണില്ല…. പന്തലിന്റെ ഉള്ളിലേക്ക് കയറിയതും മുറ്റത്ത് കസേരയിൽ ഇരിക്കുന്ന വെല്യച്ഛനെയാണ് ആദ്യം കണ്ടത്… നിറഞ്ഞ പുച്ഛം അല്ലാതെ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും വെല്യച്ഛനിൽ ഞാൻ കണ്ടില്ല…. നോക്കത്തെ നോക്കി സാരി മുന്താണി പിടിച്ഛ് തലകുനിച്ഛ് ഞാൻ വെല്യച്ഛനെ കടന്ന് കോലായിലേക്ക് നടന്നതും മുറ്റത്തേക്ക് നീട്ടി കാർക്കിച്ഛ് തുപ്പി വെല്യച്ഛൻ എണീറ്റ് പോയി….. കോലയിൽ ആരെയും കണ്ടില്ല, അതോണ്ട് വീട്ടിലേക്ക് കേറാൻ എന്തോ ഒരു പേടി….

എന്തു ചെയ്യണമെന്നറിയാതെ ഞാൻ മുറ്റത്ത് തന്നെ കോലായിലേക്കും ഉള്ളിലേക്കും നോക്കി നിന്നു…. നിലവിളക്ക് എടുക്കാൻ ഉമ്മറത്തേക്ക് വന്ന അമ്മു എന്നെ കണ്ട് ഓടി മുറ്റത്തേക്ക് ഇറങ്ങി വന്നു എന്റെ രണ്ട് കയ്യും പിടിച്ഛ് നിറയുന്ന കണ്ണോടെ നുരയുന്ന സന്തോഷത്തോടെ കൺ കുളിർക്കെ നോക്കി ഇറുക്കി കെട്ടിപ്പിടിച്ചു…. “ചേച്ചിക്കുട്ടീ…..!!” പൊട്ടിക്കരഞ്ഞ് കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്ന അമ്മൂനെ ഞാനും ഇറുക്കെ പുണർന്നു, മൃദുവായി അവളുടെ നെറുകയിൽ തലോടി….. അവളുടെ ‘ ചേച്ചിക്കുട്ടി ‘ ന്ന വിളിയ്ക്ക് പഴേത്തിലും മാധുര്യമുള്ളപോലെ… കുറേ കരഞ്ഞു സന്തോഷത്തോടെ എന്നെ നോക്കി ചിരിച്ഛ് കണ്ണൊക്കെ അമർത്തി തുടയ്ച്ഛ് എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അവള് എന്നെയും കൊണ്ട് ഉമ്മറത്തേക്ക് കയറി….

അപ്പോഴും എന്റെ കണ്ണുകൾ അമ്മയേയും അച്ഛനേയും കോലായിലും മറ്റുമായി തിരഞ്ഞു കൊണ്ടിരുന്നു….. “അമ്മൂ…. അച്ഛൻ….. അച്ഛൻ എവിടെ….???” ആകാംഷയോടെയുള്ള എന്റെ ചോദ്യം കേട്ട് ഒരുവേള അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം നിറഞ്ഞു…. അത് കാര്യമാക്കാതെ ചുറ്റിലും തിരഞ്ഞ് കൊണ്ട് ഞാൻ വീണ്ടും അവളോട് അച്ഛനെ ചോദിച്ചെങ്കിലും തൃപ്തികരമായൊരു ഉത്തരം എനിക്ക് അവൾ നൽകിയില്ല…. ഞാൻ വീണ്ടും വീണ്ടും അവരെ രണ്ടാളേയും ചോദിക്കാൻ തുടങ്ങിയതും പെട്ടന്ന് അമ്മ ഉമ്മറത്തേക്ക് നടന്ന് വന്നു, കൂടെ ചെറിയമ്മയും….. ഞാൻ വേഗം അമ്മൂന്റെ അടുത്ത് നിന്ന് അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ നോക്കിയതും അറപ്പോടെ അമ്മ എന്റെ കൈകൾ തട്ടിയെറിഞ്ഞു….. ഒരു പകപ്പോടെ ഞാൻ അമ്മയെ നോക്കി…

” അമ്മേ……!!!” “അമ്മയോ…..????? ആരാടി നിന്റെ അമ്മ….??? ഏഹ്ഹ്…??? ആരാന്ന്….???? അച്ഛനെ എവിടെ പോലും….??? നിന്റെ ദുഷിച്ച നാക്ക് കൊണ്ട് നീ ആ വാക്കുകൾ ഉച്ചരിക്കരുത്, വിളിച്ചാൽ ആ വാക്കിന്റെ പരിശുദ്ധി കളങ്കപ്പെട് പോകും…….. ആരാടീ നിന്റെ അമ്മ……???? ഇവിടെ നിന്റെ അമ്മയോ അച്ഛനോ ആരും ഇല്ലാ, നിന്റെ അമ്മ ചത്തു….. തനിഷ്ടത്തിന് നീ കല്യാണം കഴിച്ചു വന്നില്ലേ അന്ന്, നാട്ടുകാരുടേയും വീട്ടുക്കാരുടേയും മുന്നിൽ ഞങ്ങളെ നാണം കെടുത്തിയില്ലേ,,,,, അന്ന്, നിശ്ചയം ഉറപ്പിക്കാൻ വന്നവരുടെ നിന്നിൽ വെച്ഛ് ഞങ്ങളെ അപമാനിച്ചില്ലേ അന്ന്….. അന്ന് ചത്തെഡീ നിന്റെ അച്ഛനും അമ്മയും ഒക്കെ… അച്ഛനും അമ്മയും ഇവിടെ പോലും…?? ഇത്രയും കാലത്തിന് ഇടയ്ക്ക് ഇപ്പഴാണോ നിനക്ക് അച്ഛന്റെയും അമ്മയുടെയും ഓർമ്മ വന്നത്…??? എത്രയും കാലം,,, ഞങ്ങൾ മൂന്ന് ആത്മാക്കൾ ഇവിടെ ചത്തോ ജീവിച്ചിരിപ്പുണ്ടോന്നെങ്കിലും നീ അന്വേഷിച്ചിട്ടുണ്ടോടീ…?? പറഡീ…. ഉണ്ടോന്ന്…??? എന്നിട്ടിപ്പം കേറി വന്നേക്കുന്നു, അച്ഛനേയും അമ്മയേയും അന്വേഷിച്ഛ്…!!!! പുച്ഛത്തോടെ ദേഷ്യം കടിച്ചമർത്തി അമ്മ പറഞ്ഞത് കേട്ട് ഞാൻ കണ്ണീരോടെ അമ്മയെ നോക്കി….

“അമ്മേ ഞാൻ…..!!!” മിണ്ടരുത്… നീ എന്നെ അങ്ങനെ വിളിക്കരുത്….. നീ അങ്ങനെ വിളിക്കുമ്പോ എനിക്ക് എന്നോട് തന്നെ ഒരുതരം അറപ്പും വെറുപ്പും ഒക്കെ തോന്നാ…..!!!! ദേഷ്യം എങ്ങനെയൊക്കെയാ വരുന്നതെന്ന് എനിക്ക് തന്നെ അറിയില്ല….. മാറി നിന്നോ നീ… എന്റെ അടുത്തേക്കോ കൺ വെട്ടത്ത് പോലും വന്നേകരുത്, ഞാൻ ചിലപ്പോ നിയന്ത്രണം വിട്ട് എന്തെങ്കിലും ചെയ്തു പോകും നിന്നെ…..!!! എന്നിൽ നിന്ന് രണ്ടടി പുറക്കിലേക്ക് വെച്ഛ് അറപ്പോടെ എന്നെ നോക്കി മുഖം വെട്ടിച്ഛ് നിൽക്കുന്ന അമ്മയെ കാണേ എന്റെ നെഞ്ച്‌ നീറി…. “അമ്മേ…. അങ്ങനെ പറയല്ലേ അമ്മേ… ഞാൻ…. എനിക്ക് പറയാനുള്ളതോന്നു കേൾക്കമ്മേ…..??” അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന് യാചനയോടെ പറയുന്ന എന്റെ മുഖത്തേക്ക് ഉയർന്ന് പൊങ്ങിയ ആ കൈകളിലെ തഴമ്പിച്ച പാടുകൾ എന്റെ മുഖത്ത് ഏൽപിച്ച വേദനയേക്കാൾ മനസ്സിലായിരുന്നു വാണ്ട് ഇറങ്ങിയത്…

ഒന്ന് നുള്ളി പോലും നോവിക്കാത്ത ആ കൈകൾ മുഖത്ത് പതിഞ്ഞതിന്റെ ഞെട്ടൽ എനിക്ക് അപ്പഴും മാറിയിരുന്നില്ല…. “നിന്നോട് ഞാൻ പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന്….. എന്താടീ നിനക്ക് ഇനി അതിനുമാത്രം പറയാനുള്ളത്….?? അന്ന് എല്ലാരുടെയും മുന്നിൽ വെച്ച് നിലവിളക്കിനെ സാക്ഷിയാക്കി പറഞ്ഞതിൽ കൂടുതൽ എന്താ നിനക്കു പറയാനുള്ളത്….??എല്ലാരും കേൾക്കെ ഉറക്കെ അച്ഛന്റെ തലയിൽ വെച്ച് നീ പറഞ്ഞില്ലേ,, എല്ലാം.. അതിൽ കൂടുതൽ എനിക്ക് ഇനി ഒന്നും കേൾക്കേം വേണ്ട നീ ഒന്നും പറയേം വേണ്ട….” “അമ്മേ അങ്ങനെ പറയല്ലേ…. അമ്മ എന്നോട് ക്ഷമിക്കണം… എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കമ്മേ പ്ലീസ്……” വീണ്ടും എന്റെ കവിളിന് നേരെ ഉയർന്ന അമ്മയുടെ കൈകൾ ബലമായി ചെറിയമ്മ തടഞ്ഞ് പിടിച്ചു… വാശിയോടെ അത് തട്ടിമാറ്റി അമ്മ കാറ്റ് പോലെ എന്റെ അടുത്തേക്ക് വന്ന് നിന്നു…

“നീ എന്താ പറഞ്ഞത്,, ഞാൻ നിന്നോട് ക്ഷമിക്കണം അല്ലേ…????ക്ഷമിക്കാം… വാ… വാടി… വാടീ ഇവിടെ…..” എന്റെ കൈത്തണ്ടയിൽ ബലമായി പിടിച്ചു വലിച്ഛ് കൊണ്ട് ഇടനാഴിയിലൂടെ ഒരു കൊടുംക്കാറ്റ് പോലെ അമ്മ പാഞ്ഞു…. ഞാൻ നിറഞ്ഞ കണ്ണുകളോടെ അതിലുപരി അത്ഭുതത്തോടെ, സംശയത്തോടെ മുന്നിൽ പോകുന്ന അമ്മയേയും ഞങ്ങൾക്ക് പുറക്കെ പേടിയോടെ വരുന്ന അമ്മൂനെയും ചെറിയമ്മയെയും മാറിമാറി നോക്കി…. ഇടനാഴിയിലെ അവസാനത്തെ ആരും ഉപയോഗിക്കാത്ത ഇരുട്ട് റൂമിലേക്ക് അമ്മ എന്നെ ശക്തിയായി തള്ളി കയറ്റി…. ആ ഇരുണ്ട മുറി ചുറ്റും പേടിയോടെ ഒന്ന് കണ്ണോടിച്ഛ് അമ്മയെ ഞാൻ സംശയത്തോടെ നോക്കി….. സൈഡിലെ സ്റ്റിച്ഛ് ബോർഡിൽ നിന്ന് ലൈറ്റിന്റെ സ്റ്റിച്ഛ് ഓണ് ചെയ്ത് വീറോടെ അമ്മ എന്നെ പിടിച്ചു ഒരു സൈഡിലേക്ക് നേരെ നിർത്തിച്ചു….

“ഞാൻ നിന്നോട് ക്ഷമിക്കണം അല്ലേ….???? നീ ചെയ്‌ത തെറ്റൊക്കെ ഞാൻ പൊറുക്കണം അല്ലേ…???? നോക്ക് കണ്ണ് തുറന്ന് നോക്ക്,, നോക്കെടീ, എന്നിട്ട് പറ ഞാൻ നിന്നോട് അങ്ങനെയാ ക്ഷമിക്കേണ്ടത് ന്ന്…?? അങ്ങനെയാ,,, പൊറുക്കേണ്ടത് ന്ന്…?? വാക്കുകളുടെ അവസാനങ്ങളിൽ അമ്മയുടെ ശബ്‌ദം ഇടറി…. കണ്ണിൽ വെള്ളം നിറഞ്ഞു… അമ്മ പിടിച്ചു നിർത്തിയതിന്റെ ഊക്കിൽ ഞാൻ കുറച്ചു മുന്നിലേക്ക് വേച്ചു പോയിരുന്നു അതോണ്ട് തന്നെ കട്ടിലിൽ കിടക്കുന്ന മെലിഞ്ഞ് ശോഷിച്ച കാലുകളാണ് ഞാൻ ആദ്യം കണ്ടത്…. മിഴികൾ മുകളിലേക്ക് ചലിക്കുന്തോറും എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,കാഴ്ച മറച്ചു…… അങ്കിലും അവ്യക്തതമായി ആ മുഖം കണ്ടപ്പോഴേക്കും എന്റെ സർവ ഞാടീഞെരമ്പുകളും തളർന്ന് നിലയുറയ്ക്കാതെ ഞാൻ പുറകിലേക്ക് വേച്ചു തളർന്ന് വീണിരുന്നു….. തുടരും……