രചന – രോഹിണി ആമി
സ്കൂട്ടി സർവീസിഗ് ന് കൊടുത്തിരിക്കുകയാണ്.. ഇന്ന് കിട്ടുമെന്ന് പറഞ്ഞതാ.. വൈകുന്നേരം പോയി എടുക്കാമെന്നു വെച്ചാൽ സ്കൂൾ വിടുമ്പോളേ വലിയ എന്തോ ഭാരിച്ച ജോലി കഴിഞ്ഞു വരും പോലെയാ മിന്നു.. ആ മുഖം കാണുമ്പോളേ എടുത്തോണ്ട് പോയി രാധമ്മയുടെ കയ്യിൽ എൽപ്പിക്കാനേ തോന്നൂ.. ഇനിയിപ്പോൾ നാളെ പോയി എടുക്കാം എന്നു വെച്ചു.. ദേ കുണുങ്ങി കുണുങ്ങി വരുന്നുണ്ട് ആള്.. സ്കൂട്ടി ഇല്ലെന്ന് കണ്ടപ്പോഴേ ആളുടെ മുഖം വളിച്ചു.. ചിരി വന്നു പദ്മയ്ക്ക്.. പക്ഷേ മുഖത്തെ ഗൗരവം കുറച്ചാൽ ബാഗും കളഞ്ഞു നിലത്ത് പടഞ്ഞിരിക്കും.. പിന്നെ ഞാൻ എടുത്തോണ്ട് പോകേണ്ടി വരും..
“വാ”.. ബാഗ് എടുത്തു പിടിച്ചു.. മറുകയ്യിൽ അവളെയും പിടിച്ചു റോഡിലേക്ക് ഇറങ്ങി.. ഇടയ്ക്കിടെ പദ്മയെ നോക്കുന്നുണ്ടായിരുന്നു “നമ്മൾ വീട് വരെ നടക്കാൻ പോകുവാണോ ” ന്ന് സംശയം ഉണ്ടായിരുന്നു ആ കുഞ്ഞു മുഖത്ത്.. അത് വഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു.. മിന്നുവിനെ കയറ്റി കൂടെ കയറി.. എങ്ങോട്ടേക്കാണ് എന്ന് ചോദിക്കാതെ തന്നെ ഓട്ടോ ഓടാൻ തുടങ്ങിയപ്പോൾ പദ്മ കുറച്ചു ദേഷ്യത്തിൽ അയാളോട് ചോദിക്കാൻ വന്നപ്പോൾ ആണ് കണ്ണാടിയിൽ കൂടി ആ മുഖം കണ്ടത്.. കണ്ണുകൾ ചെറുതാക്കി സംശയത്തോടെ ഒന്നുകൂടി നോക്കി..അപ്പനും മോൾക്കും തന്നെ അത്രയ്ക്ക് പേടിയാണോ.. പറയുന്നത് അപ്പോൾ അപ്പോൾ അനുസരിക്കുന്നുണ്ടല്ലോ.. എന്തായാലും കൊള്ളാം.. ഒരു മനുഷ്യക്കോലം ഒക്കെ വന്നിട്ടുണ്ട്.. പദ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നുപോയി.. മിന്നു കാഴ്ചകൾ ഒക്കെ കണ്ടു മടുത്തപ്പോളാണ് ഓട്ടോ ഓടിക്കുന്ന ആളെ ശ്രദ്ധിച്ചത് …
“അച്ഛാ”… അവൾ സന്തോഷത്തോടെ അയാളുടെ കഴുത്തിൽ തൂങ്ങി.. “ഇപ്പോ നല്ല ഭംഗിയാ അച്ഛനെ കാണാൻ.. എന്നെപ്പോലെ തന്നെ… മ്മ്മ് “.. അവൾ അയാളുടെ കവിളിൽ കവിൾ ചേർത്തു വെച്ചു പറഞ്ഞു..
ആ ക്രെഡിറ്റും അവൾ അങ്ങ് എടുത്തു.. പദ്മ ദീർഘശ്വാസം വിട്ടു.. മിന്നു അയാളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.. അയാൾ മൂളിയും ഒറ്റവാക്കിൽ ഉത്തരം പറഞ്ഞും കൊടുക്കുന്നുണ്ട്.. കൂടുതലും സംസാരിക്കുന്നത് അവളാണ് .. രണ്ടും ഒരു വീട്ടിൽ ഒരുമിച്ച് തന്നെ അല്ലേ താമസം.. എന്തോന്നാ ഇതിനും മാത്രം സംസാരിക്കാൻ ഉള്ളത്.. ഇതിപ്പോ കുറച്ചു നേരമായല്ലോ ഇവൾ എന്നെ ഒന്ന് ശ്രദ്ധിച്ചിട്ട്.. ഇങ്ങനെ ഒരുത്തി ഇവിടെ ഇരുപ്പുണ്ടെന്ന് അവൾ ഭാവിക്കുന്നതേ ഇല്ല.. അങ്ങനെ വിട്ടാൽ കൊള്ളില്ലല്ലോ..
“മിന്നൂ മര്യാദക്ക് സീറ്റിൽ കയറി ഇരുന്നോ.. ബ്രേക്ക് ഇട്ടാൽ നീയും പോയി മുന്നിലിരിക്കും.. ഓട്ടോ ഓടിക്കാൻ തുടങ്ങീട്ട് കുറച്ചായേ ഉള്ളൂ.. എക്സ്പേർട്ട് ഒന്നും അല്ല.. വല്ലോടത്തും കൊണ്ടിട്ടാൽ പിന്നെ പെറുക്കിയെടുക്കേണ്ടി വരും പെണ്ണേ “.. മിന്നുനെ പിടിച്ചു അടുത്തിരുത്തി.. എന്തൊരു സമാധാനം.. ഹല്ലപിന്നെ.. ഞാൻ ഉള്ളപ്പോൾ വേറൊരാൾക്ക് പ്രയോരിറ്റി കൊടുക്കുന്നത് എനിക്ക് സഹിക്കാൻ കഴിയൂല്ല..
“അച്ഛന് നേരത്തേ മുതലേ ഓട്ടോ ഓടിക്കാനറിയാം.. ഒരിടത്തും കൊണ്ടിടൂല.. ലോറിയും കാറും ഒക്കെ ഓടിക്കും എന്റെ അച്ഛൻ.. അല്ലേ അച്ഛാ “.. മിന്നു വീണ്ടും അയാളുടെ കഴുത്തിൽ തൂങ്ങി.. പദ്മയ്ക്ക് അയാളുടെ മുന്നിൽ ചമ്മിയപോലൊരു ഫീൽ തോന്നി.. ഹും അയാളുടെ അല്ലേ വിത്ത്.. അങ്ങോട്ടേക്ക് ആവും കൂറ് കൂടുതൽ.. മൂക്കും കുത്തി വീഴുമ്പോൾ പഠിച്ചോളും.. അപ്പന്റെ അടുത്ത് നിൽക്കുമ്പോൾ പെണ്ണിന്റെ നാവിന്റെ നീളം കണ്ടോ.. നാളെ മുതൽ സ്കൂട്ടിയിൽ കയറാൻ ഇങ്ങു വന്നേരെ… പുച്ഛിച്ചു വെളിയിലെ കാഴ്ചയും നോക്കിയിരുന്നപ്പോളും ഒരു കൈകൊണ്ട് മിന്നുവിനെ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു..
വീട്ടിൽ വന്നിറങ്ങുമ്പോൾ ഓട്ടോ കൂലി നീട്ടി.. അയാൾ വേണ്ടാന്ന് കാട്ടി, പദ്മ പറഞ്ഞു..”എനിക്ക് ആരുടേയും ഓശാരം ഒന്നും വേണ്ടാ.. ഓട്ടോ ഓടിച്ചാൽ കൂലി വാങ്ങിക്കണം .. അത് ആരായാലും.. ഇല്ലെങ്കിൽ മാസാവസാനം ലോൺ അടയ്ക്കാൻ നേരം വായും പൊളിച്ചു നിൽക്കേണ്ടി വരും”.. ഒന്നും പറയാതെ അയാൾ അത് വാങ്ങി.. പദ്മ തിരിഞ്ഞപ്പോളേക്കും പിറകിൽ നിന്നും “ബാക്കി” എന്നൊരു ശബ്ദം കേട്ടു.. അതും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ പദ്മയ്ക്ക് താൻ അയാളെ ഒരുപാട് കുത്തി നോവിക്കുന്നുണ്ടോ എന്നൊരു ചിന്ത കടന്നു വന്നു.. “ഹും… ഒട്ടുമില്ല.. അന്ന് എന്നെ അപമാനിച്ചതിന്റെ കൂലിയാ.. സാധാരണ എന്നെ അപമാനിച്ചാൽ അങ്ങ് തല്ലി കൊല്ലുവാ പതിവ്.. ഇതുപിന്നെ മിന്നുവിനെ ഓർത്ത് മാത്രമാ ഇത്രയെങ്കിലും ദയ”.. എനിക്ക് ഇങ്ങനെ ഒക്കെയേ പറ്റൂ.. മനസ്സിൽ പറഞ്ഞു..
“അതേ.. ഇയാൾക്ക് സമയം ഉണ്ടെങ്കിൽ എന്റെ സ്കൂട്ടി ഒന്നെടുത്തു കൊണ്ടു തരുവോ “.. പദ്മ മാധവനോട് ചോദിച്ചു..
അയാൾ നോക്കാതെ പറഞ്ഞു “എനിക്ക് ടു വീലർ ഓടിക്കാൻ അറിയില്ല.. വേണമെങ്കിൽ ആരെയെങ്കിലും കൊണ്ട് എടുപ്പിക്കാം “..
“വേണ്ട “.. പദ്മ പോകും വഴി പറഞ്ഞു.. എന്നിട്ട് മിന്നുവിനോട് കളിയാക്കി പറഞ്ഞു… “നീയല്ലേ പറഞ്ഞേ നിന്റെ അച്ഛൻ എന്തൊക്കെയോ വണ്ടികൾ ഓടിച്ചിട്ടുണ്ടെന്ന്.. ലോറിയും ഓട്ടോയും ഓടിക്കും പോലെ അല്ല സ്കൂട്ടി ഓടിക്കുന്നത്.. അതിനു കുറച്ചു ധൈര്യം വേണം.. രണ്ടുകാലിൽ നിന്നുള്ള അഭ്യാസമാ അത് ..ഹും.. അവളും അവൾടെ ഒരച്ഛനും”.. ടീച്ചർ പോകുന്നത് നോക്കി നിന്നു മിന്നു.. എന്നിട്ട് അച്ഛനെ ഒന്ന് നോക്കി.. മുമ്പത്തെ ഗർവ് അവൾക്ക് ഇപ്പോൾ ഉണ്ടായിരുന്നില്ല..
“സാരമില്ല.. വാ”.. മാധവൻ മിന്നുവിന്റെ ബാഗ് എടുത്തു അവളെയും ഒരു കയ്യിൽ എടുത്തു.. “അച്ഛൻ സൂട്ടരും ഓടിക്കാൻ പഠിക്കണം കേട്ടോ.. എന്നിട്ട് ടീച്ചറിന്റെ മുമ്പിൽ കൂടി എന്നെ കൊണ്ടോവണെ.. ടീച്ചറിനെ കേറ്റത്തില്ല ഞാൻ.. നോക്കിക്കോ”.. മിന്നു പറഞ്ഞപ്പോൾ മാധവൻ തലയാട്ടി.. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ കിടന്നു പുകയുന്നുണ്ടായിരുന്നു..
പദ്മ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ അടുക്കളയിൽ അമ്മമാർക്കൊപ്പം മിന്നുവും ഉണ്ടായിരുന്നു.. കുളിയൊക്കെ കഴിഞ്ഞു മിടുക്കിയായി..
“നീയെന്തിനാ കൊച്ചിനെ കളിയാക്കിയത് പദ്മേ.. എന്തിനാ അവളുടെ അച്ഛന് സ്കൂട്ടർ ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞത് “.. അമ്മ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു…
ഓഹോ.. പരാതി പറയാൻ വന്നതാ കുളിച്ചു സുന്ദരി ആയിട്ട്.. ബിസ്ക്കറ്റ് കുത്തിക്കേറ്റുന്ന മിന്നുവിനെ നോക്കി പദ്മ.. “ഞാൻ ഉള്ളതല്ലേ പറഞ്ഞത്.. അവളുടെ അച്ഛൻ എന്തോ വലിയ സംഭവം ആന്നാ അവളുടെ വിചാരം. ഇങ്ങോട്ട് വന്നപ്പോ അവൾക് അച്ഛനെ മാത്രം മതിയാരുന്നു.. നാളെ മുതൽ അച്ഛന്റെ കൂടെ അങ്ങു പോയാൽ മതി സ്കൂളിലേക്ക്.. എന്റെ സ്കൂട്ടിയിൽ എങ്ങാനും വലിഞ്ഞു കേറാൻ വന്നാലാ”.. ബിസ്ക്കറ്റ് തീറ്റി നിർത്തിയിട്ട് പദ്മയെ ഒന്ന് നോക്കി.. ടീച്ചർ സീരിയസ് ആണെന്ന് കണ്ടപ്പോൾ പദ്മയുടെ അടുത്തേക്ക് കുറച്ചൂടെ ഒട്ടിയിരുന്നു.. എന്നിട്ട് ബിസ്ക്കറ്റ് നീട്ടി.. വാങ്ങുന്നില്ലെന്ന് കണ്ടപ്പോൾ മടിയിലേക്ക് കയറി കഴുത്തിൽ കെട്ടിപ്പിടിച്ചു.. കവിളിൽ ഉമ്മ കൊടുത്തു..
“നിന്റെ സോപ്പ് ഒന്നും എന്റെ അടുത്ത് വേണ്ടാ”ന്ന് പദ്മ പറയുന്നുണ്ടായിരുന്നു.. അപ്പോളേക്കും മിന്നു ഒന്നും പറയാൻ സമ്മതിക്കാതെ ഉമ്മ വെച്ചോണ്ടേ ഇരുന്നു.. അമ്മമാർ അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ചിരിയടക്കാൻ പാടുപെടുന്നുണ്ടായിരുന്നു …
പാകിയ വിത്തിൽ ഒരെണ്ണം പോലും പാഴായില്ല..രാവിലെ എല്ലാവരും ഇറങ്ങും കൃഷി കാണാനും കള പറിക്കാനും ഒക്കെ .. വെയിൽ വരും മുന്നേ അതൊരു ശീലമായി എല്ലാവർക്കും.. അമ്മമാർക്ക് നല്ലൊരു വ്യായാമവും.. അച്ഛൻ മാധവനെ ചേർത്തു പിടിച്ചു എപ്പോളും പറയും “നല്ല കൈയ്യാ നിന്റെ.. ദൈവാനുഗ്രഹം ഉണ്ട്.. എല്ലാവരെക്കൊണ്ട് ഒന്നും സാധിക്കില്ല ഇങ്ങനെ.. മണ്ണും മനുഷ്യനും തമ്മിൽ ഒരു ഹൃദയബന്ധം വേണം.. എങ്കിലേ മണ്ണ് അവന് വഴങ്ങൂ.. ഒരു കുഞ്ഞു ജനിക്കും പോലെയാ വിത്തിന് മുള പൊട്ടുമ്പോൾ.. അത്രയും കരുതലോടെ വേണം അതിനെ പരിപാലിക്കാൻ.. നീ പൊന്നു കൊയ്യും മാധവാ.. എനിക്കുറപ്പുണ്ട് “..
“ടീച്ചറല്ലേ തുടങ്ങി വെച്ചത്.. പിന്നെ പൊന്ന് വിളയാതെ ഇരിക്കുവോ.. ടീച്ചറിന്റെ കൈ നല്ലതാ.. മനസ്സു പോലെ “.. മാധവൻ പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് പദ്മയെ തലോടി..
ഇങ്ങേരെ ഞാൻ പഠിപ്പിക്കുന്നുണ്ടോ ടീച്ചർ എന്ന് വിളിക്കാൻ.. പദ്മ എന്ന് വിളിച്ചൂടെ.. അച്ഛൻ നിൽക്കുന്നത് കൊണ്ടാണ്.. ഇല്ലെങ്കിൽ ഞാൻ ചോദിച്ചേനെ അങ്ങേരോട്, ഞാൻ എപ്പൊഴാടോ തന്റെ ടീച്ചർ ആയേന്ന് .. അച്ഛന്റെ തലോടൽ നിന്നിട്ടില്ല..
“ഇവളുടെ നന്മ എന്താണെന്ന് ആർക്കും മനസ്സിലായിട്ടില്ല. അല്ലാ ആരും ഇതേവരെ മനസിലാക്കിയിട്ടില്ലന്ന് വേണം പറയാൻ .. ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ എന്റെ കൊച്ചിനെപ്പറ്റി പറയുന്നത് “.. പദ്മ അച്ഛന്റെ കൈ പിടിച്ചു വെച്ചു മുഖത്തേക്ക് നോക്കി.. കണ്ണ് നിറഞ്ഞിട്ടുണ്ട്.. ശ്ശോ.. ഈ അച്ഛൻ എന്റെ പൂർവ്വകാലം മുഴുവൻ ഇങ്ങേരോട് പറയുവോ.. ഇപ്പോ മാധവൻ അച്ഛന്റെ ഓമന ആണ്.. അതുകൊണ്ട് എപ്പോൾ വേണമെങ്കിലും മനസ്സു തുറക്കും.. അതിന് മുന്നേ അച്ഛനോട് പറഞ്ഞു അതിന് തട ഇടണം.. അല്ലെങ്കിൽ ഇപ്പോളുള്ള ഈ അനുസരണ അന്ന് ഉണ്ടാവില്ല അപ്പനും മോൾക്കും.. മാധവനും അച്ഛന്റെ മുഖത്തോട്ട് നോക്കി നിൽക്കുകയാണ്.. അച്ഛന്റെ വിഷമം ആ മുഖത്തോട്ടും വ്യാപിച്ചിട്ടുണ്ട്.. കണ്ടാലറിയാം.. ആ സെന്റി സിറ്റുവേഷനിൽ നിന്നും പദ്മ മെല്ലെ മുങ്ങി.. പോയി ഉറങ്ങി കിടക്കുന്ന മിന്നുവിനെ കിള്ളി എഴുന്നേൽപ്പിച്ചു മനസ്സുഖം കണ്ടെത്തി..
ദിവസങ്ങൾ പോകും തോറും മാധവനു തന്നോടുള്ള സമീപനം മാറുന്നത് മനസ്സിലാക്കാൻ പറ്റി.. അച്ഛൻ എന്നെപ്പറ്റി എല്ലാം പറഞ്ഞുവെന്ന് മനസ്സിലായി.. തന്നെ നോക്കുമ്പോൾ ആ മുഖത്തു ദയയോ വാത്സല്യമോ ഒക്കെയാണ്.. അത് കാണുമ്പോൾ ചൊറിഞ്ഞു കേറും.. മിന്നു പഠിച്ചില്ലെങ്കിൽ, ഓട്ടോയിൽ ചെളി ഇരുന്നാൽ, സ്കൂളിൽ ഇറങ്ങാൻ ലേറ്റ് ആയാൽ, എന്തിന്.. കാലം തെറ്റി മഴ പെയ്താൽ, കറിക്ക് ഉപ്പു കൂടിയാൽ, അങ്ങനെ അങ്ങനെ ഇല്ലാത്ത കാരണങ്ങൾ കണ്ടു പിടിച്ചു വഴക്ക് പറയാൻ തുടങ്ങി.. എല്ലാം കേട്ട് നിൽക്കും ചെറിയൊരു ചിരിയോടെ.. അതും കൂടി കാണുമ്പോൾ പദ്മ ഉറഞ്ഞു തുള്ളും..
സാലറി ക്രെഡിറ്റ് ആയിട്ടുണ്ട്.. കുറച്ചു ഡ്രസ്സ് എടുക്കണം എല്ലാവർക്കും.. ആ ഒരു ചിന്തയിൽ അച്ഛനെ വിളിച്ചു വൈകുന്നേരം വരാവോ ന്ന് ചോദിച്ചു… “എന്റെ പൊന്നുമോളെ നിനക്ക് വേണ്ടി തുണിക്കടയിൽ കാത്തിരുന്നു എന്റെ കാലു കഴയ്ക്കും.. അച്ഛന് വയ്യാ.. ഞാൻ വണ്ടി കൊടുത്തു മാധവനെ വിടാം. പോരേ “.. മനസ്സില്ലാതെ സമ്മതിച്ചു കൊടുക്കേണ്ടി വന്നു..
സ്കൂളിൽ നിന്ന് ഇറങ്ങിയപ്പോളേ മാധവൻ വന്നിട്ടുണ്ടായിരുന്നു.. മിന്നു ഓടിപ്പോയി മാധവനൊപ്പം കയറി ഇരുന്നു.. കണ്ടാൽ തോന്നും അവളുടെ അപ്പന്റെയാ കാർ എന്ന്.. “ഇതെന്റെ അച്ഛന്റെയാണെന്ന് പറയാൻ തുടങ്ങിയതാ.. പിന്നെ ഇപ്പോ താനുള്ളത് സ്കൂളിൽ ആണെന്നും താനൊരു ടീച്ചറും കൂടിയാണെന്ന ബോധം വന്നു പോയി.. ഇല്ലായിരുന്നേൽ കാണിച്ചു തന്നേനെ.. ഹും”.. പദ്മ പിന്നിൽ കയറിയിട്ട് ഡോർ വലിച്ചടച്ചു.. യ്യോ.. എന്റെ അച്ഛൻ പൊന്നുപോലെ കൊണ്ടു നടക്കുന്നതാ.. സാരമില്ലാട്ടോ.. പദ്മ ഡോറിൽ പതിയെ തലോടി.. തനിക്കൊരു ഇളയത് ഇല്ലാതെ പോയത് ആ കുഞ്ഞിന്റെ ഭാഗ്യം.. ഇല്ലെങ്കിൽ താൻ കുശുമ്പെടുത്തു കൊന്നേനെ.. ഇപ്പോ മിന്നുവിനോട് കാട്ടും പോലെ.. ഞാൻ നേരെത്തെ ഇങ്ങനെ ആയിരുന്നില്ലല്ലോ.. മിന്നുവിനെ വല്യ ഇഷ്ടമായിരുന്നു, അതിനിടയിൽ കുറുമ്പും ദേഷ്യവും ഒന്നും ഇല്ലായിരുന്നു.. ഇത് അവളുടെ അപ്പനോടുള്ള ദേഷ്യം, അവളോട് അല്ലാതെ വേറാരോട് കാണിക്കാനാ..
ഓരോ സെക്ഷനിലും പോയി തുണി എടുത്തു.. തന്റെ സെലെക്ഷൻ മോശം ആവാറില്ലെന്നാ എല്ലാരും പറയാറ്.. ജീവിതം വന്നപ്പോ അത് പാടേ തെറ്റിപ്പോയിന്ന് മാത്രം.. അമ്മമാർക്കും തനിക്കും സാരി, മിന്നൂട്ടിക്ക് വീട്ടിൽ ഇടാൻ കുറച്ചും നല്ല രണ്ട് ഫ്രോക്കും, അച്ഛന് ഷർട്ടും മുണ്ടും.. മാറിയിരുന്നു ഫോണിൽ കുത്തുന്ന മാധവനെ ഒന്ന് നോക്കി.. അയാളെ ചൂണ്ടി കാണിച്ചു കൊടുത്ത് അയാൾക്കും എടുത്തു ഷർട്ടും അതിന്റെ കരയോട് കൂടിയ മുണ്ടും.. ഇനി ബില്ലടയ്ക്കാൻ താഴേക്ക് പോണം.. നിന്ന് മടുത്തത് കൊണ്ട് നേരെ ലിഫ്റ്റിലേക്ക് കയറി.. അപ്പനും മോളും കുന്തം വിഴുങ്ങിയപോലെ നിൽക്കുവാ, ലിഫ്റ്റ് ക്ലോസ് ആവുന്നതിന് മുൻപ് രണ്ടിനേം കണ്ണുരുട്ടി പേടിപ്പിച്ചു അകത്ത് കയറ്റി.. ലിഫ്റ്റ് മൂവ് ചെയ്തതും മിന്നു എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു.. മാധവൻ രണ്ടു കൈ കൊണ്ടും പദ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു..പദ്മ ഒന്ന് ഞെട്ടി.. ദൈവമേ.. രണ്ടും ആദ്യമായിട്ടാന്നാ തോന്നുന്നേ.. സ്വന്തം തലയ്ക്കിട്ടടിക്കാൻ ഒരു കൈ പോലും ഫ്രീ ആക്കി വെച്ചിട്ടില്ല.. കൂടെ കയറിയവർ ചിരിക്കുന്നുണ്ട്.. ബില്ലിംഗ് സെക്ഷൻ മുന്നിലാണ് ലിഫ്റ്റ് ഓപ്പൺ ആയത്.. എന്നിട്ടും പിടി വിട്ടിട്ടില്ല.. കണ്ണിറുക്കി പിടിച്ചിരിക്കുവാ രണ്ടും .. എല്ലാവരും നോക്കുന്നുണ്ട്.. “ഒന്ന് മാറുവോ രണ്ടും ഇറങ്ങേണ്ട സ്ഥലം എത്തി”.. പദ്മ പറഞ്ഞപ്പോൾ രണ്ടാളും പിടി വിട്ടു മാറി ഇറങ്ങി.. മാധവൻ ഒന്ന് നോക്കുക കൂടി ചെയ്യാതെ മുന്നോട്ട് നടന്നു.. ലിഫ്റ്റിൽ നിന്നും ഭൂമിയിലോട്ട് കാലെടുത്തു കുത്തിയപ്പോൾ രണ്ടിനും ജാട തുടങ്ങി .. ഇനി എന്നെ വേണ്ടാ.. പ്രത്യേകിച്ച് ആ കുറുമ്പിക്ക്..
കാർഡ് കൊടുത്തു ബില്ല് ഓക്കേ ആവാൻ വെയിറ്റ് ചെയ്തപ്പോൾ കുറച്ചു മാറി ഇരുന്ന ഒരു സ്ത്രീ, കണ്ടിട്ട് ഇതിന്റെ ഓണർ ആണെന്ന് തോന്നുന്നു,, മിന്നുവിനെ നോക്കി സന്തോഷത്തോടെ അടുത്തേക്ക് വരുന്നുണ്ട്.. അടുത്തു വന്നപ്പോളാണ് മാധവനെ കണ്ടത്.. പെട്ടെന്ന് ബ്രേക്ക് ഇട്ടപോലെ അവർ നിന്നു.. മാധവന്റെയും മിന്നുവിന്റെയും മുഖം ഒരേപോലെ വാടി.. മൂന്നാളും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുവാണ്.. പദ്മയ്ക്ക് എല്ലാം വായിച്ചെടുക്കാൻ സാധിച്ചു.. ഇത് മിന്നുവിന്റെ അമ്മയാണ്.. ഇതായിരുന്നു ഇവരുടെ ഇപ്പോളത്തെ കെട്ടിയോന്റെ കട എന്നറിഞ്ഞിരുന്നെങ്കിൽ ഡിസ്കൗണ്ട് വാങ്ങാമായിരുന്നു.. ശ്ശേ.. മിസ്സായി.. കണ്ണിൽ കണ്ണിൽ നോക്കി മതിയായില്ലേ മൂന്നിനും.. എനിക്ക് ബോറടിക്കുന്നു.. ഒന്നുകിൽ ഈ കളിയിൽ എന്നെയും കൂട്ടണം, ഇല്ലെങ്കിൽ എന്റെ മുന്നിൽ കളിക്കാൻ നിൽക്കരുത്..
“എന്തു നോക്കി നിൽക്കുവാ.. കൂടെ വരുന്നോ അതോ ഞാൻ പോണോ”.. അപ്പോൾ മാത്രമാണ് ആ സ്ത്രീ പദ്മയെ നോക്കിയത്.. അടിമുടി നോക്കിയിട്ട് മാധവനെ വിശ്വാസം വരാത്ത രീതിയിൽ നോക്കി.. ഈ സ്ത്രീ എന്നെക്കുറിച്ച് എന്തെങ്കിലും ഒക്കെ മനസ്സിൽ വിചാരിച്ചു കൂട്ടും മുന്നേ രണ്ടിനേം കൊണ്ട് തടി തപ്പണം.. പദ്മയുടെ കയ്യിൽ വന്നു പിടിച്ചു മിന്നു.. പോന്നപ്പോൾ മിന്നു തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവരെ.. മാധവൻ പാർക്കിംഗിൽ നിന്നും കാർ എടുക്കാൻ പോയി.. മിന്നു തനിക്കൊപ്പം പിറകിൽ കയറി… എന്തു പറ്റിയോ എന്തോ.. മുന്നിലെ കാഴ്ചകൾ കണ്ട് തീർന്നോ ആവോ.. ആ ടെക്സ്റ്റൈൽസിന്റെ ഗേറ്റ് കടക്കും വരെ ആ സ്ത്രീ ഞങ്ങളെ നോക്കി നിൽക്കുന്നത് കണ്ടു..
ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന ഉത്സാഹം മിന്നുവിന് തിരിച്ചു പോകുമ്പോൾ ഉണ്ടായിരുന്നില്ല.. മാധവൻ പിന്നെ ഒന്നിനും ഓവർ എക്സൈറ്റഡ് ആകുന്നത് ഇന്നുവരെ കണ്ടിട്ടില്ല.. എല്ലാ വികാരങ്ങളും വളരെ കുറച്ചു മാത്രം.. കണ്ണാടിയിൽ കൂടി മിന്നുവിനെ ഇടയ്ക്കിടെ നോക്കുന്നുണ്ട്.. മെല്ലെ ആണ് പോക്ക്… അതിൽ നിന്നേ അറിയാം മനസ്സ് ശരിയല്ലെന്ന്.. മിന്നു കണ്ണു തുടയ്ക്കുന്നുണ്ട് യൂണിഫോമിൽ.. എന്തൊക്കെയോ ഓർത്ത് വിതുമ്പുന്നുണ്ട്.. പാവം കുഞ്ഞ്.. അയാൾ അത് കാണുന്നുണ്ട് പക്ഷേ പദ്മ ഇരിക്കുന്നതുകൊണ്ട് ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാനും കഴിയുന്നില്ല.. ഐസ് ക്രീം പോലും വേണ്ടെന്ന് പറയണമെങ്കിൽ ആ കുഞ്ഞുമനസ്സിന്റെ വേദന എന്തുമാത്രം ഉണ്ടാവും.. ഒന്ന് പറഞ്ഞു കരയാൻ കൂടി അറിയുമോ അവൾക്ക്.. പാവം..
പദ്മ കയ്യിലെ ഹാൻഡ്ബാഗ് മാറ്റി മിന്നുവിനെ അടുത്തേക്ക് ചേർത്തിരുത്തി.. മുഖം നെഞ്ചിൽ ചേർത്തു പിടിച്ചു.. അവൾക്ക് അതു മതിയായിരുന്നു.. രണ്ടു കയ്യാലേ ഇറുക്കി പിടിച്ചു ..
“മിന്നമ്മോ”.. ഒരുപാട് സ്നേഹം തോന്നുമ്പോൾ പദ്മ വിളിക്കുന്നതാണ് ഇങ്ങനെ മിന്നുവിനെ..
മ്മ്…
“എന്തിനാ കരയുന്നത്.. അത്രയ്ക്കും ഇഷ്ടമാണോ അമ്മയെ”..
മ്മ്..
“ഈ ഇഷ്ടം അമ്മയ്ക്ക് നിന്നോട് ഉണ്ടായിരുന്നുവെങ്കിൽ ഇട്ടിട്ട് പോകുമായിരുന്നോ നിന്നെയും കുഞ്ഞാവയെയും”..
“ഇല്ല”..ന്ന് പറയാൻ അവൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല ..
“അപ്പോൾ പിന്നെ നിന്നെ വേണ്ടാത്തവർക്ക് വേണ്ടി കരയാണോന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ.. നമ്മുടെ കണ്ണുനീർ നമ്മളെ അർഹിക്കാത്തവർക്ക് വേണ്ടി കളയാൻ പാടില്ല.. അതിന് നല്ല വിലയാണ് നമ്മുടെ ജീവിതത്തിൽ.. മനസ്സിലാകുന്നുണ്ടോ നിനക്ക്..”..
മ്മ്..
“പഠിച്ചു വലുതായിട്ട് ജോലി ഒക്കെ കിട്ടി അമ്മയോട് തല ഉയർത്തി നിന്ന് ചോദിക്കണം എന്തിനാ ഞങ്ങളെ ഉപേക്ഷിച്ചു പോയതെന്ന്.. ആര് ഇട്ടേച്ചു പോയാലും ഞാൻ നല്ല മിടുക്കിയായി വളരുംന്ന്.. കേട്ടോ”..
മ്മ്..
“ടീച്ചർ കുഞ്ഞിന്റെ കൂടെ ഉണ്ട് കേട്ടോ.. ഇനി കരയരുത്.. ടീച്ചറിന്റെ കുഞ്ഞി നല്ല ധൈര്യം ഉള്ളവൾ അല്ലേ.. അമ്മ പോയിട്ടും കുഞ്ഞാവയെ നോക്കി വളർത്തിയ നല്ല ധൈര്യമുള്ള പെണ്ണ് “.. അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു ചോദിച്ചു ..
മ്മ്..
“ഇങ്ങനെ മൂളാൻ മൂങ്ങയാണോ നീ”.. പദ്മ അവളുടെ വയറിൽ ഇക്കിളി ഇട്ടു.. മിന്നു കുടുകുടാന്ന് ചിരിച്ചു.. മുൻപിൽ നിന്ന് ഒരു ദീർഘശ്വാസം കേട്ടു.. മിന്നു മെല്ലെ മടിയിലേക്ക് തല വെച്ചു വയറിൽ മുഖം അമർത്തി കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ തന്റെ സാരിയിൽ നിന്നും ആ കുഞ്ഞിക്കൈയുടെ പിടുത്തം താഴേക്ക് വീണു.. ഉറങ്ങിപ്പോയി കുറുമ്പി.. ഒരു അമ്മയുടെ വാത്സല്യം ഉള്ളിൽ നിറഞ്ഞു
അവളെ ചേർത്ത് പിടിച്ചു കവിളിൽ തലോടി.. വീട്ടിൽ എത്തിയപ്പോൾ പദ്മ മിന്നുവിനെ കയ്യിലെടുത്തു അകത്തേക്ക് നടന്നപ്പോൾ പറഞ്ഞു..
“കൊച്ചിനോട് മാത്രല്ല അപ്പനോടും കുടിയാ ഞാൻ പറഞ്ഞത്.. നടക്കാനുള്ളത് നടന്നു.. ഇനി അടുത്ത നിമിഷം ദൈവം തനിക്കായി നല്ലതെന്തോ കാത്തുവെച്ചിരിക്കുന്നുണ്ടെന്നോർത്ത് ജീവിക്കാൻ നോക്ക്.. ആയുസ്സൊടുങ്ങും വരെ ജീവിച്ചല്ലേ പറ്റൂ.. സാരമില്ല… പോട്ടെ “..
മാധവൻ കുറച്ചൊരു അത്ഭുതത്തോടെ പദ്മ പോകുന്നതും നോക്കി നിന്നു.. ആദ്യമായിട്ടാ ഒരു നല്ല വാക്ക് തനിക്കായിട്ട്.. വാങ്ങിയ കവർ ഒക്കെയും സ്റ്റെപ്പിൽ വെച്ചിട്ട് മിന്നുവിന്റെ ബാഗെടുത്തു വീട്ടിലേക്ക് നടന്നു..
♥️♥️♥️♥️ഓടി വരും.. ♥️♥️♥️

by