രചന – സിന്ധു അപ്പുക്കുട്ടൻ
“ആതൂ… നീയിനിയും കുളിച്ചില്ലേ.?
ഗസ്റ്റുകളുണ്ടെന്ന് രാവിലെ മുതൽ പറയുന്നതല്ലേ നിന്നോട്.
സോഫയിൽ ചടഞ്ഞിരുന്ന് ടീവി കണ്ടുകൊണ്ടിരുന്ന ആതിരയെ കണ്ടപ്പോൾ കൃഷ്ണനുണ്ണിക്ക് ദേഷ്യമടക്കാനായില്ല.
“ആകെയുള്ളൊരു ഞായറാഴ്ചയാ.. എവിടേലും സ്വസ്ഥമായൊന്നിരിക്കാന്നുവെച്ചാ സമ്മതിക്കില്ലേ.”
ആതുവും അതേ ദേഷ്യത്തിൽ കൃഷ്ണനുണ്ണിയെ നോക്കി കണ്ണുരുട്ടി.
“നിന്റെ കുട്ടിക്കളി കുറെ കൂടുന്നുണ്ട്. മര്യാദക്ക് പറയുന്നതനുസരിക്ക്. പോയ് കുളിച്ച് ഡ്രസ്സ് മാറ്റി വൃത്തിയായി നിൽക്ക്.
“അല്ല, ഒന്നു ചോദിച്ചോട്ടെ,എനിക്കൊരു ഡൗട്.. ഈ വരുന്നവർ എന്നെ കാണാനാണോ വരുന്നേ.. ഐ മീൻ.. ഈ പെണ്ണുകാണൽ എന്ന പരിപാടിക്ക്.
“ആണെങ്കിൽ..?
ഒരു നിമിഷം കൊണ്ട് കൃഷ്ണനുണ്ണിയുടെ ദേഷ്യമലിഞ്ഞു. ചുണ്ടിൽ ഒരു കള്ളച്ചിരി പൊടിഞ്ഞു.
“ആഹഹാ … അങ്ങനെ വരട്ടെ. വെറുതെയല്ല രാവിലെ മുതൽ ഈ വെപ്രാളം. ജോലി കിട്ടിയിട്ട് ഒരു മാസം പോലുമായിട്ടില്ല. ലൈഫ് എൻജോയ് ചെയ്തു തുടങ്ങുന്നേയുള്ളൂ. അപ്പോഴേക്കും എന്നെയിവിടുന്നു ഓടിച്ചു വിടാനുള്ള കെണിയാ ഒരുക്കുന്നെ.. ല്ലേ… നടക്കില്ല മോനെ കൃഷ്ണനുണ്ണി.. ഇപ്പരിപാടി ഇവിടെ നടക്കില്ല.
ആതിര മുണ്ട് മാടികുത്തുന്നതും മീശപിരിക്കുന്നതും അഭിനയിച്ചു അച്ഛന്റെ മുന്നിൽ നിന്നു.
പിന്നെ എന്നുമിങ്ങനെ എന്റെ നെഞ്ചത്തോട്ട് കേറി ഭരിച്ച് ഇവിടെ കഴിയാം എന്നാണോ വിചാരിച്ചേക്കുന്നെ?
“അതേ… അത് തന്നെയാ ഉദ്ദേശം. പിടിച്ചിറക്കി വിടാൻ നോക്കണ്ട.
“എന്തായാലും അവര് വന്ന് കണ്ടിട്ട് പോട്ടേ. ബാക്കിയൊക്കെ പിന്നെ. എടിപിടിന്നൊന്നും അച്ഛൻ നിന്റെ കല്യാണം നടത്താൻ പോകുന്നില്ല. നമ്മുടെ ശാരദാപ്പച്ചിയുടെ ബന്ധത്തിലുള്ള കുട്ടിയാ. അറിയാവുന്നവർ ആയതോണ്ട ഞാൻ പിന്നെ വേറൊന്നും ആലോചിക്കാതെ വരാൻ പറഞ്ഞത്.
ആതിര എന്തോ പറയാനാഞ്ഞതും കൃഷ്ണനുണ്ണിയുടെ ഫോൺ ബെല്ലടിച്ചു.
“ദേ.. അപ്പച്ചിയാ നീ വേഗം ചെല്ല്. അവരെത്താറായി കാണും.
അയാൾ കാൾ എടുത്തു കൊണ്ട് ഉമ്മറത്തേക്ക് നടന്നു.
ആതു ഈർഷ്യയോടെ മുഖം ചുളിച്ച് അല്പനേരം കൂടി അവിടെത്തന്നെയിരുന്നു.
കുളിച്ച് ഡ്രസ്സ്മാറ്റി കണ്ണാടിയിൽ നോക്കി മുഖത്തു ഒരല്പം മിനുക്കുപണികൾ ചെയ്തുകൊണ്ടു നിൽക്കുമ്പോൾ റൂമിലേക്ക് ആരോ കയറിവരുന്നതറിഞ്ഞ് ആതിര വാതിൽക്കലേക്കു നോക്കി.
“ആഹാ.. സുന്ദരിക്കുട്ടിയായിണ്ടല്ലോ.
അന്ന് കല്യാണവീട്ടിൽ വെച്ച് അവളെക്കണ്ട് സംസാരിച്ച സ്ത്രീയായിരുന്നു അത്.
“ആതു. ഇതാണ് ശാരദയപ്പച്ചി. അന്ന് മഞ്ജുവിന്റെ കല്യാണത്തിന് നിങ്ങൾ പരിചയപ്പെട്ടിരുന്നില്ലേ ”
കൃഷ്ണനുണ്ണി അവർക്കരികിലേക്ക് വന്നു.
“ഉവ്വ്…ആതു തല കുലുക്കി
മോള് വാ.. എല്ലാരും അവിടെ കാത്തിരിക്കുന്നു.
ചായയെടുത്തു കൊടുക്കുമ്പോൾ ആതിര, തന്നെക്കാണാൻ വന്ന ചെറുക്കന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.
ങേ!!!
ആതിര ഒരു നിമിഷം അവനിൽത്തന്നേ മിഴി നട്ട് വാ പിളർന്നു നിന്നു.
അവളുടെയാ ഭാവം കണ്ട് വിഷ്ണു പൊട്ടിച്ചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ ആതുവിനെ എനിക്ക് നേരത്തെ അറിയാം ന്ന്. ആതുവിന് എന്നേം അറിയാം അതാ ഞെട്ടിവിറച്ചു നിൽക്കുന്നെ.
ആതു അവനെ നോക്കി കണ്ണുരുട്ടി. പോടാ പുല്ലേ എന്നൊരു ഭാവമാണ് വിഷ്ണു ആ മിഴികളിൽ കണ്ടത്. അതോടെ അവന് വീണ്ടും ചിരി പൊട്ടി.
“അന്ന് മഞ്ജുന്റെ കല്യാണത്തിന് ആതുവിനെ കണ്ടപ്പോൾ ഇവനെന്നോട് തിരക്കിയിരുന്നു.അതിങ്ങനെയൊരു പൂതി മനസ്സിൽ വെച്ചോണ്ടാന്ന് ഞാനും അറിഞ്ഞില്ല ”
ശാരദയപ്പച്ചി പറഞ്ഞു നിർത്തിയതിനു പിന്നാലെ കൂട്ടച്ചിരി മുഴങ്ങി.
കേട്ടോ കൃഷ്ണനുണ്ണി, വിച്ചു മോന്റെ കാര്യത്തിൽ ഞാൻ ഗ്യാരണ്ടി. ആതുവിനെ ഇവൻ പൊന്നുപോലെ നോക്കിക്കോളും
അപ്പച്ചി രണ്ടു പേരെയും മാറി മാറി നോക്കി, ഹൃദയം നിറഞ്ഞു ചിരിച്ചു.
“ഇനിയിപ്പോ പിള്ളേർക്ക് വല്ലതും സംസാരിക്കാനുണ്ടേൽ സംസാരിക്കട്ടെ. ആതുട്ടി,വിഷ്ണുവിനെ വീടൊക്കെ ഒന്ന് കാട്ടി കൊടുക്കൂട്ടോ.
അവൾ വിഷ്ണുവിന്റെ മുഖത്തേക്കൊന്നു നോക്കിയതും, അവൻ ചാടിയെഴുന്നേറ്റ് അവൾക്കരികെ വന്നു. പിന്നെ അകത്തേക്ക് കയറി.
“എന്താ തന്റെ ഉദ്ദേശം??
അകമുറിയിലേക്ക് കടക്കുമ്പോൾ ആതിര വിഷ്ണുവിനെ നോക്കി, കൈ എളിയിൽ കുത്തി നിന്നു.
“ഉദ്ദേശം…. അതിനിയും തനിക്ക് മനസ്സിലായില്ലേ.?
“ഇല്ല.. അതോണ്ടല്ലേ തുറന്നു ചോദിച്ചേ.?
“ആ.. എന്നാ കേട്ടോ. എന്റെ അമ്മക്കൊരു മരുമകളെ വേണം. തന്നെകണ്ടപ്പോ അമ്മക്ക് ചേരുമെന്ന് തോന്നി. എന്നാപ്പിന്നെ കൊണ്ടു കൊടുത്തേക്കാംന്ന് വിചാരിച്ചു.പെട്ടന്നങ്ങു എടുത്തോണ്ട് പോകാൻ പറ്റില്ലല്ലോ.. അതോണ്ട് ഇങ്ങനെയൊരു വേഷം കെട്ടി…ഹഹഹ..
ഓ… ചീഞ്ഞ കോമഡി…എനിക്ക് ചിരിയൊന്നും വരുന്നില്ല.
“കോമഡിയോ. ചോദിച്ചതിനുള്ള മറുപടിയല്ലേ പറഞ്ഞത്.
“എന്നാലേ, അമ്മയോട് പറഞ്ഞേക്ക് എനിക്ക് അവരുടെ മരുമോളാവാൻ സമ്മതമില്ലെന്ന്. താൻ സമയം കളയാതെ വേറെ ആളെ തപ്പിക്കോട്ടാ.
അവനെന്തോ പറയാൻ ഒരുങ്ങിയതും അവൾ മുറിയിൽ കയറി കതകടച്ചു.
*****************************
അച്ഛനെന്തൊക്കെ പറഞ്ഞാലും ശരി എനിക്കീ കല്യാണം വേണ്ട.
ആതിര അറുത്തുമുറിച്ചെന്നോണം പറഞ്ഞപ്പോൾ കൃഷ്ണനുണ്ണിക്ക് ദേഷ്യം വന്നു.
“അതിനൊരു കാരണം വേണ്ടേ”
“കാരണം ഞാൻ പറഞ്ഞുലോ അവനെപ്പോലൊരു വായിനോക്കിയേ എനിക്ക് വേണ്ട. അത്രന്നേ”
“ഒരാളെ കാണുമ്പോഴേക്കും അയാളുടെ ക്യാരക്റ്റർ ഗണിച്ചു പറയുന്നത് നന്നല്ലട്ടോ. ഒരുമാതിരി നാട്ടുംപുറത്തെ പരദൂഷണം പെണ്ണുങ്ങളെപ്പോലെ ”
“അതേ.. ഞാൻ പരദൂഷണം പറയുന്നതാ. എന്റെ വാക്കിനിവിടെയൊരു വിലയുമില്ലല്ലേ. അച്ഛന് എന്നെക്കൊണ്ട് ശല്യമായെങ്കിൽ അത് പറ.ഞാൻ വല്ല ഹോസ്റ്റലിലേക്കും താമസം മാറിക്കോളാം.
ആതിരയുടെ കണ്ണിൽ നീർ പൊടിയുന്നതു കണ്ട് കൃഷ്ണനുണ്ണി വല്ലാതെയായി.
“നീയെന്തിനാ കുട്ടി എഴുതാപ്പുറം വായിക്കുന്നേ. പെൺകുട്ട്യോള് പ്രായായാൽ കല്യാണം കഴിപ്പിച്ചു വിടുന്നത് നാട്ടു നടപ്പാ. അല്ലാതെ ശല്യമൊഴിവാക്കലല്ല.
ഞാൻ അറിഞ്ഞിടത്തോളം ആ കുട്ടിയൊരു പാവാ. നിനക്ക് ഞാനുള്ളത് പോലെ അതിന് അമ്മ മാത്രേയുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അപ്പോളോ ടയേഴ്സിൽ നല്ലൊരു ജോലിയുമുണ്ട്.
വീടുകൾ തമ്മിൽ അധികം ദൂരമില്ല. അതാ എന്റെ ഏറ്റവും വലിയ സമാധാനം. എനിക്ക് കാണാൻ തോന്നിയാ ഓടി വരാലോ
കല്യാണം കഴിഞ്ഞാലും ഇവിടെത്തന്നെ താമസിക്കാൻ സമ്മതിക്കുന്ന ഒരാൾക്കേ നിന്നെ കൊടുക്കുള്ളു എന്ന് വിചാരിച്ചിരുന്നതാ. ഇതിപ്പോ ആ കുട്ടിയെ അച്ഛന് വല്ലാതെ ഇഷ്ടപ്പെട്ടു.
“പിന്നെ.. അച്ഛനെന്തറിയാം ഇത്ര കണ്ട് ഇഷ്ടപ്പെടാൻ. അവനൊരു വായിനോക്കിയാ.
“അത് നിനക്കെങ്ങനെയറിയാം.
“അന്ന് മഞ്ജു ചേച്ചിടെ കല്യാണത്തിന് വന്നപ്പോ എന്റെ പിന്നീന്ന് മാറീട്ടില്ല. സദ്യ കഴിക്കാനിരിക്കുമ്പോ നേരെ മുന്നിൽ വന്നുനിന്ന് ഒരേപല്ലിളി തന്നെ. ഞാൻ കഴിച്ചു തീരുന്ന ഓരോന്നും നോക്കി നിക്കുവാ. എന്നിട്ട്, ഇച്ചിരി അവിയലിടട്ടെ, ഇച്ചിരി പുളിശ്ശേരി വിളമ്പട്ടെ, ഒരു പപ്പടമെടുക്കട്ടെ എന്നും പറഞ്ഞു ഓടിയോടി വരും. അവന്റെ ചവിട്ടുനാടകം കണ്ട് ചിരിക്കാൻ കൂടെ കുറെ അലവലാതികളും.
അവസാനം എന്നെ നാണംകെടുത്താൻ വേണ്ടിട്ട് പായസബക്കറ്റും എടുത്തോണ്ട് വന്ന് ഇച്ചിരി പായസമെങ്കിലും വിളമ്പിക്കോട്ടെ എന്നൊരു ഡയലോഗ്.
വായി നോക്കി… തെണ്ടി.
“ങേ…!
എന്നിട്ട് ഞാനിതൊന്നും അറിഞ്ഞില്ല ല്ലോ. നമ്മൾ ഒന്നിച്ചല്ലേ കഴിക്കാനിരുന്നേ.?
കൃഷ്ണനുണ്ണി വാ പൊളിച്ചു.
“എങ്ങനെയറിയാനാ.നേരെ എതിരെയിരുന്ന ഒരു പച്ച സാരിയുടുത്ത ചേച്ചിയെ നോക്കി കണ്ണോണ്ട് പഞ്ചാരയടിക്കുവല്ലാരുന്നോ ദുഷ്ടൻ.
ങേ…. ആര്… ഞാനോ…
“ദേ… എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഒറ്റ ചവിട്ട് വെച്ചു തരും ഞാൻ.
ഹഹഹ…എന്റെ മഹാദേവാ… ഞാനിന്നു ചിരിച്ചു ചാവും.
കൃഷ്ണനുണ്ണി വയറും പൊത്തിപ്പിടിച്ച് സോഫയിലേക്കിരുന്നു.
“എടി പിശാശ്ശെ, കല്യാണം കഴിക്കാത്ത ആമ്പിള്ളേര് ഇങ്ങനെയൊക്കെയാ ഭാവി വധുവിനെ കണ്ടുപിടിക്കുന്നെ. അതിലിപ്പോ ഇത്ര കുറച്ചിലൊന്നും വേണ്ട. അവനോട് മര്യാദക്കൊന്ന് സംസാരിച്ചൂടായിരുന്നോ നിനക്ക്.എങ്കിൽ പിന്നെ അവനങ്ങനെ പിറകെ നടക്കില്ലായിരുന്നുലോ.
ആ ബെസ്റ്റ്… ഞാൻ കല്യാണം കൂടാൻ പോയതാ. അല്ലാതെ ഭാവി വരനെ അന്വേഷിക്കാനല്ല.
എന്റെ കൃഷ്ണാ.. ഇങ്ങനേം ഉണ്ടോ അച്ഛൻമാര്.ഇനി ഒരു വഴിക്ക് എന്നെ കൂട്ട് വിളിക്കണ്ട.തനിയെ പോയാൽ മതി.
എന്റെ പൊന്നോ… സുല്ല്… നിന്റെ നാവിനോട് പൊരുതാൻ ഞാനാളല്ല.ആ ചെക്കൻ ഇത് വല്ലതും അറിയുന്നുണ്ടോ. അതിന്റെ കഷ്ടകാലം തുടങ്ങി. അത്രന്നേ.
അയാൾ മുഖത്തൊരു പുച്ഛഭാവം വരുത്തി അവളെ നോക്കി ചുണ്ട് കോട്ടി.
അത് കണ്ടതും ആതിര ചവിട്ടിക്കുലുക്കി അകത്തേക്ക് കയറിപ്പോയി.
ആ പോക്ക് നോക്കിയിരിക്കെ കൃഷ്ണനുണ്ണി അടക്കി വെച്ച ചിരി പിന്നെയും പുറത്ത് ചാടി. അയാൾ സ്വയം മറന്നു ചിരിച്ചു.
വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കിയ ആതിരക്കും ചിരി വന്നു.
പാവം… ന്റെ അച്ഛൻ..
ഒരു നിമിഷം അവളുടെ മനസ്സ് ആർദ്രമായി.
എന്തിനെന്നറിയാതെ കണ്ണുകളും നിറഞ്ഞൊഴുകി
തുടരും…

by