19/04/2026

അതിസുന്ദരി : ഭാഗം 34

രചന – ആയിഷ അക്ബർ

മുത്തശ്ശിക്ക് പിറകിലായി പതിയേ അവൾ നടന്നു…..

ദേ ആ കുഴമ്പെടുത്തൊന്നെന്റെ കാലിൽ പുരട്ടി തരു…

അതും പറഞ് കൊണ്ടവർ അവരുടെ ചാരു കസേരയിലേക്കിരിക്കുമ്പോൾ സൂര്യ കുഴമ്പെടുത് താഴെയിരിക്കാൻ തുടങ്ങി….

തറയിലിരിക്കേണ്ട…
അവരത് പറയുമ്പോൾ ആ മുഖത്തെവിടെയെങ്കിലും ഒരു പുഞ്ചിരിയുണ്ടോയെന്നവൾ തിരഞ്ഞു….

കാരണം ആ വാക്കുകളിൽ ഒരു വാത്സല്യത്തിന്റെ ഈർപ്പം അവൾക്ക് തോന്നിയിരുന്നു….

എന്നാൽ അവരുടെ മുഖത് പുഞ്ചിരിയൊന്നുമില്ല..
ദേഷ്യവുമില്ല……

അതവളിലൊരു ആശ്വാസം നൽകി…..

അവർ കാലെടുത്തു അടുത്തുള്ള സ്ട്ടൂളിന് മുകളിലേക്ക് കയറ്റി വെക്കുന്നതോടൊപ്പം അവിടെയുള്ള കസേര എടുത്ത് കൊള്ളാൻ തല കൊണ്ട് അവളോട് ആംഗ്യം കാണിച്ചു……

അവളതെടുത്തു അവരുടെ അരികിലേക്ക് നീക്കിയിട്ട് അവിടെ ഇരുന്നു കൊണ്ട് കാലിൽ കുഴമ്പ് പുരട്ടി തുടങ്ങി….

അവൾക്കത് ഒട്ടും പ്രയാസമുള്ള കാര്യമല്ല…. കാരണം അവിടെ മുത്തശ്ശനും മുത്തശ്ശിക്കും പതിവായി ഇതൊക്കെ ചെയ്ത് കൊടുക്കുന്നത് താനാണ്…..

അവൾ ശ്രദ്ധ മുഴുവൻ അവൾ ചെയ്യുന്നതിലായിരുന്നെങ്കിൽ മുത്തശ്ശിയുടെ കണ്ണുകൾ അത്രയും അവളിലായിരുന്നു പതിഞ്ഞു നിന്നിരുന്നത്…..

നിറം കുറവാണെന്നേയുള്ളു….
വല്ലാത്തൊരു ഐശ്വര്യം ആ മുഖത്തിനുണ്ടെന്ന് അവർക്ക് തോന്നി….

അതൊരു പക്ഷേ മനസ്സ് അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത് കൊണ്ടായിരിക്കുമോ…

അല്ലെങ്കിലും താൻ അവളെ ശ്രദ്ധിക്കുന്നതും ഇപ്പോഴാണല്ലോ….

വിശാലമായ നെറ്റി തടം…

വരഞ്ഞു വെച്ചത് പോലെയുള്ള നീളൻ മൂക്ക്….

ചുവന്ന ചുണ്ടുകൾക്കിടയിൽ നിരയോത്ത പല്ലുകൾ….

ഇട തൂർന്ന നീളൻ മുടി…..

അവളുടെ മുഖത്തിന്റെ വശ്യത ഒരു പക്ഷെ അവളുടേ പെരുമാറ്റം കൊണ്ടായിരിക്കാം….

അത് കൊണ്ട് തന്നെയാവും കാശിയും അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്…..

അതിനു കാശി അവളെ സ്നേഹിക്കുന്നുണ്ടെന്ന് തന്നോടാരാണ് പറഞ്ഞത്…

അവർ സ്വയം ചോദിച്ചു…..

അവളെ ആർക്കും ഇഷ്ടപ്പെടാൻ കഴിയില്ല എന്ന തന്റെ ചിന്തകളെയിപ്പോൾ അവളെ ആർക്കും ഇഷ്ടപ്പെടും എന്ന് മനസ്സ് തിരുത്തുന്നില്ലേ…..

അവർ അവളെ തന്നെ നോക്കിയിരിക്കുന്നത് കണ്ടാണ് അവൾ മുഖമുയർത്തിയത്…..

അവർ പെട്ടെന്ന് നോട്ടം മാറ്റുമ്പോൾ സൂര്യക്ക് അവരെ മനസ്സിലാകുന്നതേ യില്ലായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അപ്പച്ചി….. മുത്തശ്ശി അവളെ പേര് വിളിച്ചു…..

വീണ ഒരു തരം സങ്കടത്തോട് കൂടിയാണത് പറഞ്ഞത്….

കേട്ടു…..
അവരിലും നിരാശയായിരുന്നു…..

എന്തിനാകും അവളെ കൊണ്ട് പോയത്….

അറിയില്ല മോളേ…..

എങ്കിൽ ഞാനൊന്ന് പോയി നോക്കിയാലോ….

അവൾക്കൊരു സമാധാനവുമില്ലായിരുന്നു….

അവൾ അതും പറഞ് കൊണ്ട് പതിയേ അവരുടെ മുറിയിൽ പോയി എത്തി നോക്കി……

മുത്തശ്ശിയുടെ കാല് തടവിയിരിക്കുന്ന സൂര്യയെ കണ്ടതും അവൾക്ക് ആശ്വാസം തോന്നി…..

അടുക്കളയിലെ ജോലികളൊക്കെ കഴിഞ്ഞോ…..

വീണ എത്തി നോക്കുന്നത് കണ്ടതും വാതിലിനു നേരെ നോക്കി അല്പം ശബ്ദത്തിലാണ് മുത്തശ്ശിയത് ചോദിച്ചത്…

സൂര്യയുടെ കണ്ണുകളും അവിടേക്ക് തിരിഞ്ഞു..

ദേ… ഇപ്പൊ കഴിയും മുത്തശ്ശി…

അതും പറഞ്ഞൊരു പരുങ്ങലോടെ അവൾ വേഗം പോയി….

ഹാ… ഇനി മതി….
മുത്തശ്ശി കാലുകൾ താഴെക്കെടുത്തു വെച്ചു….

സൂര്യയും ഇരുന്നിടത് നിന്നും എഴുന്നേറ്റു….

അവർക്കെന്തൊക്കെയോ അവളോട് പറയണമെന്ന് ഉണ്ടായിരുന്നു….

എന്നാൽ അതിനാദ്യം അവനോടൊന്ന് സംസാരിക്കണമായിരുന്നു….

പിന്നേയ്…. ഇനി നീ ഇപ്പൊ അടുക്കളയിലോട്ട് പോവേണ്ട… മുകളിലേക്ക് പൊയ്ക്കോ…..

മുത്തശ്ശിയത് പറഞ്ഞതും സൂര്യ വീണ്ടും അവരെയൊന്നു നോക്കി…

തന്നോടുള്ള സ്നേഹമാണോ അതോ അവരോടുള്ള ദേഷ്യമാണോ മുത്തശ്ശിയുടെ പ്രവർത്തികൾ എന്നവൾ ആലോചിച്ചു……

അവൾ മുകളിലേക്ക് കയറുമ്പോഴും മനസ് മുഴുവൻ സംശയത്തിൽ തന്നെയായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പേടിക്കേണ്ട അപ്പച്ചി…. അവളെ കാല് തിരുമ്മി കൊടുക്കാനാണ് കൊണ്ട് പോയത്…. ഞാൻ വിചാരിച്ചു അവൾക്ക് വേറെ വല്ലതും കൊടുക്കാനാണോ എന്ന്….

വീണ ആശ്വാസത്തോടെ അത് പറയുമ്പോൾ ജാനകി യുടെ മുഖത് ഞെട്ടലായിരുന്നു…..

കാല് തിരുമ്മി കൊടുക്കാനാണോ….
അതിലും ഭേദം വേറെ വല്ലതും അവൾക്ക് കൊടുക്കുന്നതായിരുന്നു….

അതും പറഞ്ഞവർ അടുത്തുള്ള കസേരയിലേക്കിരുന്നു….

എന്താ അപ്പച്ചി….
എന്താ അങ്ങനെ പറഞ്ഞത്…

വീണയിലും ആശങ്ക നിറഞ്ഞു…..

അമ്മ കാല് തടവിക്കുക അത്രയും ഇഷ്ടം തോന്നിയവരെ കൊണ്ട് മാത്രമാണ്….
എന്നെയൊന്നും ഇന്നേ വരെ അടുപ്പിച്ചിട്ടില്ല….

അത് പറയുമ്പോൾ ആ വാക്കുകളിൽ അങ്ങേയറ്റം അമർഷവും പരിഭവവും നിറഞ്ഞിരുന്നു…..

അപ്പൊ മുത്തശ്ശിക്ക് അവളെ ഇഷ്ടമായെന്നാണോ അപ്പച്ചി പറയുന്നത് ……

വീണയത് ചോദിക്കുമ്പോൾ അതേയെന്ന അർത്ഥത്തിൽ ജാനകി തല കുലുക്കി…..

എന്ത് കണ്ടിട്ടാണ് അപ്പച്ചി…. അവളെ….

വീണയുടെ ദുഃഖം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു….

നമ്മുടെ കണക്ക് കൂട്ടലുകളൊക്കെ പാളിയെന്ന് മാത്രമല്ല…
അത് നമുക്ക് തന്നെ പണിയായി…..

അതും പറഞ് ജാനകിയൊന്ന് നെടു വീർപ്പിടുമ്പോൾ വീണയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…..

ചെറുപ്പം മുതലേ ഇങ്ങനെയാണ്….

അവളെ തോൽപ്പിക്കാൻ ശ്രമിക്കും തോറും താനാണ് തോൽക്കാറുള്ളത്…

എന്നാൽ ഈ വിവാഹത്തോടെ താൻ ജയിച്ചെന്നു കരുതിയതാണ്….

അവിടെയും…..

അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സൂര്യ മുറിയിലെത്തുമ്പോൾ കാശി യുടെ കണ്ണുകൾ ലാപ് ടോപ്പിൽ തന്നെയായിരുന്നു…..

കതക് തുറക്കുന്ന ശബ്ദം കേട്ടതും അവൻ മുഖമൊന്നുയർത്തി അവളെ നോക്കിയെങ്കിലും പ്രത്യേകിച്ച് ഭാവമാറ്റങ്ങളെതുമില്ലാതെ അവൻ തിരികെ ലാപ് ടോപിലേക്ക് തന്നെ മിഴികളൂന്നി….

ഓഫീസിലെ എന്തെങ്കിലും തിരക്കുകളിലാവായിരിക്കുമെന്ന് അവളോർത്തു…

എന്നാൽ നേരം കുറെ കഴിഞ്ഞിട്ടും അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല…..

മുഖത് പതിവില്ലാത്തൊരു ഗൗരവം….

ഭക്ഷണം കൊണ്ട് കൊടുത്തപ്പോഴും ഒരു പുഞ്ചിരി പോലും നൽകാത്തതിൽ നിന്ന് തന്നെ അവന്റെ ഗൗരവം തന്നോടാണെന്ന് അവൾക്ക് മനസ്സിലായി…..

തന്നെ കാണുമ്പോൾ അവന്റെ അദരങ്ങളിൽ പടരുന്ന ആ പുഞ്ചിരിയൊന്ന് കാണാൻ മനസ്സെന്തോ തിടുക്കം കൂട്ടുന്നത് പോലെ….

അവൾക്ക് മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി….

അന്ന് മുഴുവൻ അവൻ അങ്ങനെ തന്നെയായിരുന്നു…..

അവന്റെ പിണക്കം ഒരു പക്ഷെ താനിന്നലെ ഡാൻസ് കളിക്കാത്തത് കൊണ്ടാകുമോ….

ആയിരിക്കും… അവനത്രയേറെ ആവശ്യപ്പെട്ടതാണ്…..

കളിക്കാമായിരുന്നു….
അവന്റെയീ പിണക്കം തന്നെ അത്ര മേൽ വീർപ്പു മുട്ടിക്കുന്നുണ്ട്……

അവൾക്കാ മുറിയിൽ ശ്വാസം മുട്ടുന്നത് പോൽ തോന്നിയപ്പോഴാണ് അവൾ ബാൽക്കണിയിലേക്ക് നടന്നത്…..

അവന്റെ മുഖത്തെ ഗൗരവം കാണും തോറും മനസ്സ് അത്ര മേൽ മുറിപ്പെടുന്നത് പോൽ…..

പണ്ടും അവന്റെ അവഗണനയിൽ തന്റെ ഹൃദയം നീറിയിട്ടുണ്ട്…

എന്നാൽ ഇന്നതിനേക്കാൾ ഇരട്ടി വേദന പേറുന്നുണ്ട്…
അതിനു കാരണം തനിക്കവനോടുള്ള പ്രണയമായിരിക്കാം….

അല്ലെങ്കിലും പ്രണയത്തിനു മറ്റേത് വാളിനെക്കാളും മൂർച്ചയുണ്ടല്ലോ…..

അവളോരോന്ന് ആലോചിച് നിൽക്കുമ്പോഴും അവന്റെയാ കുസൃതി ചിരിയായിരുന്നു മനസ്സ് മുഴുവൻ…..

അവൾ മുറിയിലേക്ക് എത്തിയപ്പോഴേക്കും അവനുറങ്ങി പോയിരുന്നു…

അതും ലൈറ്റ് പോലും അണച്ചു കൊണ്ട്….

ഒരു കണക്കിന് അത് നല്ലതാണ്….

ഇനിയും അവന്റെ ഗൗരവത്തോടെയുള്ള മുഖത് നിന്നും തന്റെ മനസ് വീണ്ടും ആ പുഞ്ചിരി പ്രതീക്ഷിക്കും….

അവളുടേ ഉള്ളിലൊരു വിങ്ങൽ ഇടം പിടിച്ചു…..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നിരുന്നില്ലവൾക്ക്….

അവനെ വിളിച്ചുണർത്തി ഡാൻസ് കളിക്കാമെന്ന് പറഞ്ഞാലോ എന്ന് വരെ അവൾ ചിന്തിച്ചു….

അത്ര മാത്രം ഹൃദയം അവളുടേ കൈ പിടിയിൽ നിന്നും ഊർന്നു പോകുന്നുണ്ടായിരുന്നു….

നിദ്രയൊന്നു തന്നെ തേടിയെത്തണമെങ്കിൽ അവന്റെ കണ്ണുകളിലെ തിളക്കമോ അവന്റെ അദരങ്ങളിലെ പുഞ്ചിരിയോ കാണണമായിരുന്നവൾക്ക്….

തിരിഞ്ഞു കിടന്നിരുന്ന അവൾ അവന് നേരെ തിരിയുമ്പോൾ അത്ര നേരം കണ്ണുകൾ തുറന്നു അവളെ നോക്കി കിടന്ന അവൻ വേഗം കണ്ണുകൾ ഇറുകെയടച്ചത് അവൾ കണ്ടിരുന്നില്ല ….

ആദ്യമായി അവൾ അവനിലേക്ക് തിരിയുകയായിരുന്നു….

ജനാലയിലെ കർട്ടൻ അല്പം നീങ്ങി കിടക്കുന്നത് കൊണ്ട് തന്നെ അവിടെ നിന്നും വരുന്ന നിലാ വെളിച്ചതാൽ അവന്റെ മുഖം അവൾക്ക് കാണുന്നുണ്ടായിരുന്നു….

സ്വസ്ഥമായി ഉറങ്ങുന്ന അവനെ ഒരു വേള അവൾ നോക്കി…..

നെറ്റിയിലേക്ക് പാറി വീണ അവന്റെ മുടിയിഴകൾ അവനറിയാതെ ഒരു കൈ കൊണ്ട് പതിയേ ഒതുക്കി വെച്ചു….

ഉറക്കത്തിലാണെങ്കിലും അവന്റെ മുഖത്തുണ്ടായിരുന്ന കുഞ്ഞ് പുഞ്ചിരി അവളിലും ഒരു പുഞ്ചിരിക്കിടം നൽകിയിരുന്നു…..

അവനെയങ്ങനെ നോക്കി കിടക്കുമ്പോൾ മനസ്സിലിരച്ചെത്തിയ സമാധാനത്താൽ അവളെ എപ്പോഴാണ് നിദ്ര തഴുകിയതെന്ന് അവൾക്കറിയില്ലായിരുന്നു….

അവൾ ഉറങ്ങിയെന്നു തോന്നിയ നിമിഷം അവൻ പതിയേ കണ്ണുകൾ തുറന്നു….

സന്തോഷത്താൽ അവന്റെ കണ്ണുകൾ വിടർന്നിരുന്നു…..

വെറുതെ നടിച്ചൊരു പിണക്കം അവളുടേ ഉള്ളറിയാൻ തന്നെ സഹായിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല…..

അവൻ അവളുടേ കൈകൾ പതിഞ്ഞ അവന്റെ മുടിയിഴകളിൽ സ്വയം തൊട്ട് നോക്കി….

അപ്പോഴവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ഇത് വരെയില്ലാത്തൊരു സൗന്ദര്യം നിറഞ്ഞു നിന്നിരുന്നു…..

അവളെ ചേർത്ത് പിടിച് അവളുടേ നെറ്റി തടത്തിൽ തന്റെ ചുണ്ടുകൾ ചേർക്കണമായിരുന്നവന്……

ജീവിത കാലം മുഴുവൻ അവളുടെയാ നീളൻ വിരലുകൾ പിടിക്കണമായിരുന്നു….

തന്റേതെന്ന് പറഞ് എല്ലവർക്കും ചൂണ്ടി കാണിക്കണമായിരുന്നു……

വൈകുന്നേരം ഞാൻ വരുമ്പോൾ തന്നെ കാത്തു നിൽക്കുന്ന അവളുടേ നീളൻ മുടിയിൽ ചൂടാനുള്ള മുല്ലപ്പൂ കൊണ്ട് വരണമായിരുന്നു….

മുല്ലപ്പൂ ചൂടി നിൽക്കുന്ന അവളെ കാണുമ്പോഴെല്ലാം സ്നേഹം കൊണ്ട് പൊതിയുന്ന അമ്മയെ ഓർക്കണമായിരുന്നവന്…..

അവളുടേ മനസ്സറിഞ്ഞതിനു ശേഷവും തന്റെ ഇഷ്ടം തുറന്നു പറയാതെ അകന്ന് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് അവനറിയാമായിരുന്നു…..

നേരം ഒന്ന് പുലരാൻ അവന് തിടുക്കം തോന്നി….

നേരം പോകുന്നതറിയാതെ അവൻ അവളെ നോകിയങ്ങനെ കിടന്നു……

(തുടരും)