രചന – രോഹിണി ആമി
ഉറക്കം മുഴുവൻ തന്നെ വിട്ടു പോയതിന് ശേഷമാണ് പദ്മ എഴുന്നേറ്റു വന്നത്… കുറച്ചു ദിവസങ്ങൾക്കു ശേഷം നന്നായിട്ട് ഉറങ്ങി…. അമ്മ തന്ന ചായയും കൂടെ ബിസ്ക്കറ്റ് ഡബ്ബയും എടുത്തു മുൻവശത്തു വന്നിരുന്നു… ഒരു കയ്യിൽ പത്രവും മറുകയ്യിൽ ചായയും, ഇടയ്ക്കിടെ ഓരോ ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നുമുണ്ട്… തലയിൽ ആരോ തലോടി…. അച്ഛൻ ആണ്.. നടന്നിട്ട് വരികയാണ്… വാത്സല്യത്തോടെ തന്നെ നോക്കി ഇരിക്കുന്ന അച്ഛനോട് ചായയിൽ മുക്കിയ ബിസ്ക്കറ്റ് വേണോന്ന് ആംഗ്യത്തിൽ ചോദിച്ചു…. അച്ഛൻ വേണ്ടാന്ന് പറഞ്ഞപ്പോളേക്കും അത് ചായയിൽ വീണു പോയിരുന്നു…. ശ്ശോ…. വിഷമത്തോടെ ചായയ്ക്ക് അകത്തേക്ക് നോക്കിയിരിക്കുന്ന പദ്മയെ കണ്ടപ്പോൾ അദ്ദേഹത്തിന് ചിരി വന്നു…. അത് പെട്ടെന്ന് തന്നെ മാഞ്ഞു ആ മുഖത്ത് വിഷമം വന്നുമൂടി….
എന്റെ കുഞ്ഞിന്റെ സ്നേഹം അനുഭവിക്കാൻ വിഷ്ണുവിനോ ഹരിയ്ക്കോ ഭാഗ്യമില്ല… അതിന് ദൈവം കണ്ടുവെച്ചിരിക്കുന്നത് വേറെ ആരെയോ ആണെന്ന് തോന്നുന്നു … ഒരേ വീട്ടിലേക്ക് പറഞ്ഞയച്ചാൽ രണ്ടാളും പിരിയേണ്ടല്ലോ എന്നു തോന്നി… അത് തന്റെ മാത്രം ആഗ്രഹം ആയിരുന്നു… തനിക്ക് തെറ്റിയതുമില്ല.. ആ വീട്ടുകാർ അത്രയ്ക് നല്ലവരാണ്.. പക്ഷേ വീട്ടുകാർക്കൊപ്പം മാത്രമല്ലല്ലോ ജീവിതം… എവിടെയോ ഒക്കെ പാളിപ്പോയി… എന്നാലും എന്റെ കുഞ്ഞ് കുറച്ചു ദിവസത്തേക്ക് ആണെങ്കിൽ കൂടിയും ഏറെ വിഷമിച്ചു… വേദന സഹിച്ചു…. അടി കൊണ്ടു എന്നു കേട്ടപ്പോൾ നെഞ്ചു വിങ്ങി….. വിതുമ്പിയുള്ള അച്ഛന്റെ കരച്ചിൽ കേട്ടപ്പോൾ പദ്മ മുഖം ഉയർത്തി നോക്കി.. അച്ഛൻ നെഞ്ചുപൊത്തി പിടിച്ചു തന്നെ നോക്കിയിരിക്കുകയാണ്… ഓടിപ്പോയി അച്ഛന്റെ അടുത്തിരുന്നു… കെട്ടിപ്പിടിച്ചു.. കവിളിൽ ഉമ്മ വെച്ചു ചോദിച്ചു…. ഞാൻ ചെയ്തത് തെറ്റായിപ്പോയോ അച്ഛാ…..
അദ്ദേഹം ഇല്ലായെന്ന് തലയാട്ടി….. പിന്നെന്തിനാ കരയുന്നത്.. ഇങ്ങനെ വിഷമിക്കല്ലേ അച്ഛാ… ഞാൻ ചെയ്തതിൽ എനിക്ക് ഒട്ടും വിഷമമോ കുറ്റബോധമോ തോന്നുന്നില്ല… അവിടെ പറ്റുന്നില്ലെന്നു തോന്നിയപ്പോഴേ ഞാൻ ഇങ്ങു പോരാൻ തീരുമാനിച്ചതാ… കാരണം എന്റെ അച്ഛനും അമ്മയും എനിക്കൊപ്പം ഉണ്ടാവുമെന്ന് മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാം… അച്ഛന്റെ കണ്ണുനീർ അവൾ തുടച്ചു കൊടുത്തു….. “പോകാൻ പറയ് വിഷ്ണുവിനോട്.. ഞാൻ കരഞ്ഞു നടക്കുകയൊന്നുമില്ല…. ചിലപ്പോൾ എന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ എനിക്ക് ആവും ദൈവം അവസരം വിധിച്ചിരിക്കുക … അച്ഛൻ അല്ലെങ്കിൽ നോക്കിക്കോ”….. അവൾ ആശ്വസിപ്പിക്കാൻ പറഞ്ഞു…
അമ്മ അച്ഛനുള്ള ചായയുമായി വന്നപ്പോൾ കെട്ടിപ്പിടിച്ചു പരസ്പരം ആശ്വസിപ്പിക്കുന്ന അച്ഛനെയും മകളെയുമാണ് കണ്ടത്…. അവരും അവർക്കൊപ്പം അടുത്തിരുന്നു….
നമുക്ക് ചേച്ചിയെ വിളിക്കണം അച്ഛാ… ചിലപ്പോൾ നമ്മൾ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ഓർത്ത് വിളിക്കാത്തത് ആണെങ്കിലോ.. അവൾക്കും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലോ… നമ്മൾ അല്ലാതെ വേറെ ആരാ അവൾക്കുള്ളത്… പദ്മ അച്ഛന്റെ കൈ പിടിച്ചു പറഞ്ഞു…
അതിന് പദ്മയുടെ സ്വഭാവം അല്ലല്ലോ മോളേ ഹിമയ്ക്ക്… അവളുടെ വിജയത്തിൽ ആരും കൈ കടത്തുന്നത് അവൾക്കിഷ്ടമില്ലെന്ന് അറിയില്ലേ… അതിപ്പോ അച്ഛനും അമ്മയും ആയാൽ പോലും… അല്ലെങ്കിൽ ഇത്രയും ദിവസമായില്ലേ അവൾ പോയിട്ടു…. ഒന്ന് വിളിക്കാൻ തോന്നിയോ.. പക്ഷേ അച്ഛൻ ആയിപ്പോയില്ലേ ഞാൻ… എനിക്ക് അന്വേഷിക്കാതെയിരിക്കാൻ പറ്റില്ലല്ലോ.. ഞാൻ അറിയുന്നുണ്ട് അവളുടെ വിശേഷങ്ങൾ ഒക്കെ… എന്നെങ്കിലും നമ്മളെ വേണമെന്ന് തോന്നിയാൽ വരട്ടേ…
അച്ഛൻ പറഞ്ഞത് ഓർത്തുകൊണ്ടിരുന്നു പദ്മ… സത്യമാണ്.. ചേച്ചി നന്നായി പഠിക്കുമായിരുന്നു… ഒന്നാമത് ആകുമെന്ന് ഉറപ്പുള്ളതിനേ അവൾ നിൽക്കാറുള്ളൂ… അഭിനന്ദനങ്ങൾ കേൾക്കുന്നതിനൊപ്പം തനിക്ക് പിന്നിലുള്ളവരെ പുച്ഛിക്കാറുമുണ്ട്… തന്റെ ഒപ്പം കൂടാൻ യോഗ്യത ഉണ്ടെന്ന് ഉറപ്പുള്ളവരെ മാത്രമേ കൂടെ കൂട്ടാറുള്ളു.. പദ്മയുടെ മനസ്സിൽ ചേച്ചിയെക്കുറിച്ച് ഓർത്തപ്പോൾ ചിരിയാണ് വന്നത്… പാവം…… അവൾ അങ്ങനാ… ആർക്കും അവളെ മാറ്റാൻ സാധിക്കില്ല… മനസ്സിൽ അങ്ങനെ പറയാൻ ആണ് തോന്നിയത്……
ക്ലാസ്സിൽ പോയിത്തുടങ്ങി.. സ്കൂട്ടിയിൽ കയറുമ്പോൾ അച്ഛൻ വന്നു സാരിയുടെ തുമ്പ് എടുത്തു കയ്യിൽ പിടിപ്പിക്കും … വണ്ടിക്ക് ചുറ്റും നോക്കി മകൾ സേഫ് ആയിട്ടാണോ പോകുന്നതെന്നറിയാൻ… വിവാഹത്തിന് മുൻപും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു…. ഒരു മാറ്റവുമില്ല അച്ഛന്… പദ്മ ഒരു ചിരിയോടെ വണ്ടി ഓടിച്ചു പോയി… രണ്ടു കയ്യും എളിയിൽ കുത്തി താൻ കണ്ണിൽ നിന്നും മറയും വരെ ഇനി അച്ഛൻ ഉണ്ടാവും അവിടെ… എന്നിട്ട് ഗേറ്റ് അടച്ച് അകത്തു പോകും…. ഞാൻ വരാൻ സമയം ആകുമ്പോൾ ഗേറ്റ് തുറന്നു കാത്തിരുപ്പുണ്ടാവും… ഇങ്ങനൊരു അച്ഛന്റെ വാക്ക് ഞാൻ എങ്ങനാ കേൾക്കാതിരിക്കുക…. പണ്ടത്തേതിലും കുറച്ചു കൂടി കെയറിങ് ഉണ്ടെന്ന് തോന്നുന്നു ഇപ്പോൾ …
കയറി ചെന്നപ്പോളെ എല്ലാവരും കയ്യടിച്ചാണ് വരവേറ്റത്… പറഞ്ഞില്ലെങ്കിലും വിളിച്ചില്ലെങ്കിലും ഞങ്ങൾ അറിയുമെന്ന് ഒരു ഓർമപ്പെടുത്തലും…. എങ്കിലും എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു പദ്മ… സാധാരണ ഒരു പെൺകുട്ടി കല്യാണം കഴിച്ചാൽ സിന്ദൂരവും താലിയും പിന്നെ കുറച്ചു സ്വർണവുമൊക്കെ കാണേണ്ടതാണ്.. ഇതൊന്നും ഇല്ലാതെ വന്നപ്പോൾ അത്ഭുതപ്പെടാതെ പിന്നെന്തു ചെയ്യാൻ… എല്ലാവരും ചോദിച്ചതിനൊക്കെ ചിരിയോടെ മറുപടി പറഞ്ഞു… പിന്നെ പതിയെ ക്ലാസ്സിൽ അലിഞ്ഞു….
അച്ഛൻ റവന്യു ഡിപ്പാർട്മെന്റ് ൽ ആയിരുന്നു ജോലി… പെൻഷൻ ആയപ്പോൾ അച്ഛൻ ആയിട്ട് ഉണ്ടാക്കിയതും അച്ഛഛൻ തന്നതും എല്ലാം കൂടി കുറച്ചു സ്ഥലം ഉണ്ട് ഇവിടെയും നാട്ടിലും … അതൊക്കെ നോക്കാൻ പോകുമ്പോൾ ഇടയ്ക്ക് രണ്ടു മൂന്ന് ദിവസം വീട്ടിൽ ഉണ്ടാവാറില്ല….. അമ്മയ്ക്ക് നേരിയ തലചുറ്റൽ തോന്നിയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയതാണ്… വിഷ്ണുവിന്റെ അച്ഛനെയും അമ്മയെയും പ്രതീക്ഷിക്കാതെ മുന്നിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടി… പിന്നെ ഓടിചെന്നു രണ്ടാളുടെയും കയ്യിൽ പിടിച്ചു… എന്നെ നോക്കാനും സംസാരിക്കാനും രണ്ടാൾക്കും മടിയില്ലായിരുന്നു പക്ഷേ അമ്മയോട് മടിച്ചു മടിച്ചാ ഒന്ന് ഇടപഴകിയത്…. എന്തു പറയും എന്നോർത്തിട്ടാവും….
“അമ്മയും അച്ഛനും അങ്ങോട്ട് വരാൻ ഇരിക്കുവാ… എന്തൊക്കെ പറയണമെന്ന് മനസ്സിനെ ഒന്ന് പഠിപ്പിക്കണ്ടേ.. അതുകൊണ്ടാ താമസിക്കുന്നത്”….. എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു ആ അമ്മയ്ക്ക്.. പക്ഷേ പദ്മയുടെ അമ്മയെ നോക്കുമ്പോൾ ഒരു വിഷമം പോലെ….
“അമ്മയ്ക്ക് ധൈര്യമായിട്ട് എന്നോട് എന്തും സംസാരിക്കാം… ഞാൻ എല്ലാ കാര്യവും വീട്ടിൽ പറഞ്ഞിട്ടുണ്ട്… എനിക്ക് ഇവർ രണ്ടാളും മാത്രമല്ലേ ഉള്ളൂ”…
പദ്മ പറഞ്ഞപ്പോൾ അവർ സമാധാനത്തോടെ അവളെ നോക്കി… പിന്നെ കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു…
വിഷ്ണു കഴിഞ്ഞ ദിവസം ഹിമയെ കാണാൻ പോയിരുന്നു… അവർ എല്ലാം സംസാരിച്ചു എന്നൊക്കെ പറഞ്ഞു… മോളെ ഹിമ വിളിച്ചിരുന്നോ…. അമ്മ ചോദിച്ചു..
ഇല്ല അമ്മേ…. വീട്ടിലേക്ക് വിളിച്ചിട്ടില്ല ഇതുവരെ… ചിലപ്പോൾ പേടിച്ചിട്ടാവും…. പദ്മ പറഞ്ഞു..
“പേടിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഹിമ ചെയ്യുമായിരുന്നില്ല മോളെ”…. അത്രയും പറഞ്ഞപ്പോളാണ് അമ്മയും കൂടെ ഉള്ളത് ഓർത്തത്… പിന്നൊന്നും ചേച്ചിയെകുറിച്ച് പറഞ്ഞില്ല…. ” വിഷ്ണു ഭയങ്കര സന്തോഷത്തിലാണ് ഇപ്പോൾ… ഇടയ്ക്ക് ഹിമ വിളിക്കാറുമുണ്ടെന്ന് തോന്നുന്നു.. അവർ എന്തൊക്കെയോ തീരുമാനിച്ചത് പോലെയാ…. പക്ഷേ ഒന്നും എന്നെ അറിയിച്ചിട്ടില്ല അവൻ.. എന്റെ മകൻ അല്ലേ… അവന്റെ മാറ്റം മറ്റാരേക്കാളും നന്നായിട്ട് എനിക്കറിയാൻ സാധിക്കും…. നോക്കാം എവിടെ വരെ പോകുമെന്ന്.. മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ… വിഷ്ണുവിനെ പറഞ്ഞു തിരുത്താത്തതിൽ.. നിനക്കൊപ്പം ചേർത്തു വെക്കാത്തതിൽ “…
അമ്മയെ കൂടുതൽ പറയാൻ വിട്ടില്ല പദ്മ…. “എനിക്ക് വിഷമം ഒട്ടും ഇല്ല അമ്മേ… എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾക്കൊപ്പം ജീവിതം ജീവിച്ചു തീർക്കാൻ പഴയ നൂറ്റാണ്ടിൽ ഒന്നും അല്ലല്ലോ നമ്മൾ… ഞാൻ ശപിക്കാനോ പിണങ്ങാനോ ഒന്നും നിന്നില്ലല്ലോ അമ്മേ… പിന്നെ… കുറച്ചു വാക്കുകൾ എന്നെ വേദനിപ്പിച്ചു… എന്റെ അഭിമാനത്തിന് നിരക്കാത്തത്… കേൾക്കാൻ പാടില്ലാത്തത്…. അത് അത്രയും മനസ്സിൽ ഉണ്ട്… ഒരിക്കലും പൊറുക്കാൻ പറ്റില്ല… ഇപ്പോൾ ഞാൻ ഹാപ്പിയാണ് അമ്മേ… എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഞാൻ ഉണ്ടാവും… എന്നും”…. ചിരിയോടെ പറയുന്ന പദ്മയുടെ കവിളിൽ ഉമ്മ വെച്ചു… അമ്മയോട് ഉടനെ കാണാം എന്നും പറഞ്ഞു അവർ നടന്നു നീങ്ങി….. പദ്മയും അവർക്കൊപ്പം വന്നു അച്ഛനെ കാറിൽ കയറാൻ സഹായിച്ചു…. നടക്കാനും കുനിയാനും ഒക്കെ ബുദ്ധിമുട്ട് ആണ്…. അച്ഛൻ ഒന്നു തലയിൽ തലോടി….. അവൾക്ക് അറിയാമായിരുന്നു ഇതൊക്കെ മനസ്സിൽ തട്ടി തന്നെ അനുഗ്രഹിക്കുന്നത് തന്നെയാണെന്ന് ….. കൈ വീശി കാണിച്ചു പിരിഞ്ഞു…… അമ്മയ്‌ക്കരികിലേക്ക് ചെല്ലുമ്പോൾ കണ്ടു ചുറ്റുമുള്ള ആരും കാണാതെ കണ്ണുനീർ തുടയ്ക്കുന്നത് ….. എന്തൊക്കെ ചെയ്താലും പറഞ്ഞാലും മക്കൾ മക്കൾ തന്നെ.. മറ്റാരും മോശം പറയുന്നത് അവരെക്കൊണ്ട് സഹിക്കാൻ പറ്റില്ല…..
ഹിമ നമ്മളോട് പറയാതെ ഒരു ജീവിതം തുടങ്ങുമോ മോളെ…. അച്ഛൻ അറിഞ്ഞാൽ.. പാവം ഇത് എങ്ങനെ സഹിക്കും….. അമ്മ ഒന്ന് ഏങ്ങി…
“കുറച്ചു ദേഷ്യവും മുൻശുണ്ഠിയും ഉണ്ടെന്നല്ലേ ഉള്ളൂ… അവൾ പാവമല്ലേ… അവളുടെ തീരുമാനം പറയാൻ ഇങ്ങോട്ട് വരും അമ്മേ… നമ്മുടെ അടുത്തല്ലാതെ വേറെ എങ്ങോട്ട് പോകാനാ…. നമ്മൾ അല്ലാതെ വേറെ ആരാ അവൾക്കുള്ളത്”… അമ്മയെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചെങ്കിലും ഹിമ എന്തു ചെയ്യുമെന്ന് പദ്മയ്ക്കും ഒരു ഊഹവും ഇല്ലായിരുന്നു…
💎💎💎💎💎
ട്രാഫിക് സിഗ്നൽ നോക്കി കാത്തു നിന്നിരുന്ന പദ്മ കുറച്ചപ്പുറത്തു തനിക്കൊപ്പം വെയിറ്റ് ചെയ്തു കിടക്കുന്ന ഹിമയെ കണ്ടു… കൂടെ വിഷ്ണുവും ഉണ്ട്…. ചേച്ചിയുടെ മുഖത്തു കാത്തുകെട്ടി കിടക്കുന്നതിന്റെ ദേഷ്യം കാണാനുണ്ട്… ചേച്ചി നാട്ടിൽ വന്നിട്ട് വീട്ടിലേക്ക് ഒന്ന് വന്നുപോലുമില്ലല്ലോ…. ഇവൾക്ക് ആരെയും കാണണമെന്നില്ലേ…. വീട്ടിൽ ആണെങ്കിൽ ഞങ്ങൾ മൂന്നാളും അവളെപ്പറ്റി സംസാരിക്കാത്ത ഒരു ദിവസം പോലുമില്ല…. ഗ്രീൻ ലൈറ്റ് കത്തിയപ്പോൾ ധൃതിയിൽ അവർ കടന്നു പോകുന്നത് കണ്ടു… പദ്മ മെല്ലെ സ്കൂളിലേക്കും പോയി… ഇപ്പോൾ സ്കൂളിൽ ടീച്ചർ ആണ്… ആശിച്ചു മോഹിച്ചു കിട്ടിയത്.. അച്ഛനും അമ്മയ്ക്കും ഇടയ്ക്കിടെ ഓരോ ഡ്രസ്സ് വാങ്ങി കൊടുക്കാനും തന്റെ കാര്യങ്ങൾ നോക്കാനും ഈ കിട്ടുന്ന സാലറി ധാരാളം ആണ്…. അതിൽ കൂടുതൽ സന്തോഷം ഒന്നും തനിക്ക് വേണ്ടാ…
സ്കൂളിൽ ചെന്നിട്ടും ഒരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല… ചേച്ചി മാത്രം ആയിരുന്നു മനസ്സിൽ.. ചേച്ചി വിഷ്ണുവിന് സ്വന്തമായതാണ് ഓർത്തത്…. ഞാൻ വീട്ടിൽ വന്നതിന് ശേഷം ചേച്ചി നാട്ടിലേക്ക് വന്നത് രണ്ടു പ്രാവശ്യം മാത്രമാണ്…. അപ്പോൾ മാത്രമാണ് ഞങ്ങൾ അറിഞ്ഞത് രണ്ടാളും സംസാരിച്ചു ഒരു തീരുമാനം എടുത്തു എന്നൊക്കെ… അച്ഛൻ ഒന്നും മിണ്ടിയില്ല…. തീരുമാനം അവൾ എടുത്തു കഴിഞ്ഞു.. അതൊന്ന് ഞങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്…. ഒരിക്കൽ അച്ഛൻ തിരഞ്ഞെടുത്ത ആൾ ആയതുകൊണ്ടാവും അവൾ വീണ്ടും അഭിപ്രായം ആരോടും ചോദിക്കാഞ്ഞത്….
എന്നോട് വിഷമിക്കേണ്ട എന്നൊക്കെ പറഞ്ഞു… വിഷ്ണു നിന്നെ സ്നേഹിച്ചു ജീവിച്ചിരുന്നെങ്കിൽ ഒരിക്കലും ആ ജീവിതത്തിലേക്ക് വരില്ലായിരുന്നു പോലും … വിഷ്ണുവിന് ഹിമയെ മറക്കാൻ സാധിക്കില്ല.. തിരിച്ചും… അതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം എന്ന് .. ഇനി വരുന്നത് വിവാഹത്തിന്റെ അന്നായിരിക്കുമെന്നും പറഞ്ഞു…..
വിഷമം തോന്നിയത് അവൾ ഒരിക്കൽ പോലും അച്ഛനോട് ഒന്ന് മാപ്പ് ചോദിച്ചില്ല, ഒന്ന് അമ്മയെ ചേർത്തു പിടിച്ചില്ല, അവരോട് മനസ്സ് തുറന്നു ഒന്നു സംസാരിച്ചില്ല, അതിൽ മാത്രമാണ്…. അതിൽ മാത്രമാണ് തന്റെ കണ്ണു നിറഞ്ഞതെന്ന് നെഞ്ചിൽ കൈവെച്ചു പറയാനാവും…. അച്ഛൻ ഒന്നും ചെയ്യണ്ട പോലും.. എല്ലാം അവളുടെ ചെലവിൽ നടത്തിക്കോളാമെന്ന്.. ഇൻഡിപെൻഡന്റ് ആണു പോലും.. ഒരു ദിവസം വീട്ടിൽ നിന്നു… അതും വളരെ കഷ്ടപ്പെട്ട്…. പോയിക്കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും മുറിയിൽ തനിച്ചിരുന്നു കണ്ണു തുടയ്ക്കുന്നത് കണ്ടു… അന്നും ആശ്വസിപ്പിക്കാൻ പദ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ….
ആഴ്ചകൾക്ക് ശേഷം ചേച്ചിയും വിഷ്ണുവും രജിസ്റ്റർ മാര്യേജ് ചെയ്തു… അന്നും അവൾക്ക് സമയം ഉണ്ടായിരുന്നില്ല ഇടയ്ക്കിടെ വാച്ച് നോക്കുന്നുണ്ടായിരുന്നു…. വിഷ്ണു വളരെയധികം സന്തോഷവാൻ ആയിരുന്നു… ആഗ്രഹിച്ച ജീവിതം കിട്ടിയത് ഓർത്ത്….. ആ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം അന്നാണ് വിഷ്ണുവിനെയും ഹരിയെയും കാണുന്നത്…. ഹരി ഇടയ്ക്ക് പദ്മയെ വിഷമത്തോടെ നോക്കുന്നത് കണ്ടു… പക്ഷേ പദ്മയുടെ മുഖത്തു ചെറിയൊരു നിരാശ പോലും ഇല്ലെന്ന് ഓർത്ത് ഹരിക്ക് അത്ഭുതവും ഉണ്ടായിരുന്നു…
പിന്നീട് അറിഞ്ഞു ചേച്ചി വീണ്ടും ജോലിക്ക് പോയെന്ന്… എങ്കിൽ പിന്നെ അന്ന് ആ കല്യാണം മുടക്കി അവൾക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ… ഇങ്ങനെ രണ്ടു ജീവനെ ആളുകൾക്കിടയിൽ മോശക്കാർ ആക്കേണ്ടിയിരുന്നോ… ഇടയ്ക്കൊക്കെ ഞാൻ വിളിക്കും അച്ഛനും അമ്മയ്ക്കും അവളുടെ വിശേഷങ്ങൾ അറിയാൻ….. പക്ഷെ അവൾക്ക് സമയം കിട്ടാറില്ല ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ… വളരെ ചുരുക്കം സംസാരിച്ചിട്ട് അവൾ വെക്കും… ഇതിനും മാത്രം ചത്തു കിടന്നു പണിയാനുള്ള ജോലിയാണോ അവൾ കഷ്ടപ്പെട്ട് ആഗ്രഹിച്ചു വാങ്ങിയത്…. കഷ്ടം… പദ്മ ഒരു ദീർഘശ്വാസം വിട്ടു…
ഉച്ചക്ക് ചോറുണ്ണാൻ പോലും മനസ്സ് വന്നില്ല… എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങിയപ്പോൾ പതിയെ വരാന്തയിൽ ഇറങ്ങി നിന്നു… ചറപറാ ഓടുന്ന കുട്ടികളെ നോക്കി നിന്നു.. പാത്രം കഴുകാനും കൈ കഴുകാനും ഉള്ള ഓട്ടമാണ്…. ആരോ സാരിയിൽ പിടിച്ചു വലിക്കുന്നുണ്ട്… തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി..
ടീച്ചറെ ഇതൊന്നു തുറന്നു തരോ….. ചോറ്റുപാത്രം നീട്ടി ചോദിച്ചു…
അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.. ചോറുംപാത്രം തുറക്കാൻ നോക്കി… നല്ല മുറുക്കി അടച്ചിരിക്കുവാ… ഇടിച്ചു തുറക്കാം എന്നു വിചാരിച്ചാൽ ഇനിയതിൽ ഇടി കൊള്ളാൻ ഒരു ഭാഗം പോലുമില്ല… അത്രയ്ക്കും ചുളുക്കം ഉണ്ട്… ആ കുഞ്ഞിനെ നോക്കിയപ്പോൾ തന്റെ എല്ലാ ഭാവങ്ങളും നോക്കി നിൽപ്പുണ്ട്….. “ഇന്ന് വല്ലോം ചോറുണ്ണാൻ പറ്റോ” എന്ന രീതിയിൽ…. ആഹാ എന്നാലിന്ന് തുറന്നിട്ടേ ഉള്ളൂ…. സകല ദൈവങ്ങളെയും വിളിച്ചു അടപ്പിൽ വലിച്ചു…. തുറന്നു… മനോഹരമായി വളർത്തിയ ഒരു നഖം ഒടിഞ്ഞു പോയി… എന്നാലും സാരമില്ല തന്റെ അഭിമാനം കാത്തല്ലോ… ഇല്ലേൽ ഈ കൊച്ച് ഈ സ്കൂളിൽ മുഴുവൻ പറഞ്ഞു നടക്കില്ലേ ഒരു പാത്രത്തിന്റെ അടപ്പു പോലും തുറക്കാൻ അറിയാത്ത ടീച്ചർ ആണെന്ന്….. അതു തുറക്കുമ്പോളെ പുളിച്ച ഒരു സ്മെൽ അടിച്ചു പദ്മക്ക്… നോക്കുമ്പോൾ ചോറിൽ വെള്ളം കെട്ടി ആകെ കുഴഞ്ഞിരിക്കുന്നു… ആകെയുള്ളത് ഒരു അച്ചാർ മാത്രം….. ഈശ്വരാ…… അവളുടെ ഉള്ള് ഒന്നു പിടഞ്ഞു….. ആ കൊച്ചിനെ നോക്കി… പാത്രം തുറന്നു കിട്ടിയ സന്തോഷം ഉണ്ട് മുഖത്തു….. വിശപ്പുണ്ട്ന്ന് മുഖത്തു നോക്കിയാൽ അറിയാം… ഇത് എങ്ങനെ കൊടുക്കും… വയറ്റിൽ പിടിക്കാതെ വന്നാലോ…. പാത്രം കയ്യിൽ പിടിച്ചു നിൽക്കുന്ന അവളുടെ സാരിയിൽ പിടിച്ചു വീണ്ടും വലിച്ചു…. ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു ആ കൊച്ചിന്റെ തോളിൽ പിടിച്ചു ചോദിച്ചു…..
ഇത് ടീച്ചർക്ക് തരുവോ… ടീച്ചർ കഴിച്ചോട്ടെ…
ആ കുട്ടിയുടെ കണ്ണു വിടർന്നു.. അത്ഭുതത്തോടെ ചോദിച്ചു…
“ടീച്ചർ ചോറ് കൊണ്ടുവന്നില്ല അല്ലേ… മറന്നു പോയോ”…മനോഹരമായ ചിരി.. അതും ഒറ്റക്കവിൾ നുണക്കുഴിയും…
ഏയ്… ഞാൻ ചോറ് കൊണ്ടു വന്നിട്ടുണ്ട്… പക്ഷേ എനിക്കിന്ന് ഇത് മതി… പകരം ഞാൻ എന്റെ ചോറ് തരാം.. കഴിക്കുവോ….
അവൾ കുറച്ചു അമ്പരപ്പോടെ നോക്കി നിന്നു.. പിന്നെ സന്തോഷത്തോടെ തലയാട്ടി… പദ്മ തന്റെ ടിഫിൻ ബോക്സ് എടുത്തു വന്നു ഒരു ബെഞ്ചിൽ ഇരുന്നു.. കൂടെ ഇരിക്കാൻ കണ്ണു കൊണ്ട് കാണിച്ചു… അവൾ മടിച്ചു മടിച്ചു ഇരുന്നു… ആ ബോക്സ് തുറന്നപ്പോൾ ആ കണ്ണു മിഴിഞ്ഞു… വാ തുറന്നു നിന്നു… അത്ഭുതമോ സന്തോഷമോ എന്തൊക്കെയോ ആ മുഖത്തു തെളിഞ്ഞു….. കഴിക്കാൻ തയ്യാറായി ചമ്രം പടഞ്ഞു ബെഞ്ചിൽ ഇരുന്നു….
ഓടി വരും…

by