രചന – ആയിഷ അക്ബർ
മുത്തശ്ശി വൈകുന്നേരം വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു…..
അവനുള്ള ഭക്ഷണം വെച്ച് തിരിഞ്ഞപ്പോഴായിരുന്നു അവളോടായി കാശിയത് പറഞ്ഞത്…..
മ്മ്….. അടുക്കളയിൽ രമ ചേച്ചിയും ജയ ചേച്ചിയും പറയുന്നത് കേട്ടിരുന്നു…..
അവളത് പറയുമ്പോഴും അവന്റെ മുഖത് എന്തോ ഒരു ആശങ്കയുള്ളതായി അവൾക്ക് തോന്നി…..
പിന്നേ…. സൂര്യാ….. മുത്തശ്ശി ഒച്ചയും ബഹളവും കുറച്ച് ഉണ്ടാക്കുന്ന കൂട്ടത്തിലാണെങ്കിലും ആള് പാവമാ….. അച്ഛനെ പോലെ……
അവനത് പറയുമ്പോഴും മുത്തശ്ശിയെ കുറിച്ച് നല്ലത് പറയുന്ന ഭാവത്തെക്കാളേറെ മറ്റെന്തോ ഒരു വെപ്രാളം അവനിലുള്ള പോലവൾക് തോന്നി…….
അവനെന്തോ തന്നോട് പറയാനുണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ ഒന്നും മിണ്ടാത്തെ അവനെ തന്നെ നോക്കി നിന്നു…..
അപ്പോഴും അവൻ ഉള്ളിലുള്ളത് പറയാൻ കഴിയാതെ നിൽക്കുന്നത് കാണുമ്പോഴും എന്തെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല…..
മുത്തശ്ശി എന്തെങ്കിലും പറഞ്ഞാൽ ഇയാള് കാര്യമാക്കണ്ട കേട്ടോ….
അപ്പച്ചിയുടെ മോള് സ്നേഹയെ ഞാൻ കല്യാണം കഴിക്കണമെന്ന് മുത്തശ്ശിക്ക് വല്യ ആഗ്രഹം ഉണ്ടായിരുന്നു……
അത് നടക്കാത്തതിന്റെ ദേഷ്യം മുത്തശ്ശിക്ക് ചെറുതായുണ്ട് താനും…..
അതെന്താ നടക്കാത്തിരുന്നത്….
അവൻ പറഞ് മുഴുവനാക്കും മുന്പേ സൂര്യ ചോദിച്ചു…..
അത്….. ആരുമില്ലാത്ത ഒരു അനാഥ ചെക്കന്റെ കൂടെ മോളേ പറഞ്ഞയക്കാൻ അപ്പച്ചിക്ക് താല്പര്യമില്ലായിരുന്നു…..
പക്ഷെ അതവര് മുത്തശ്ശിയോട് പറഞ്ഞിട്ടില്ല….
മുത്തശ്ശി അതൊരു കലഹമാക്കും എന്നുറപ്പുള്ളത് കൊണ്ടായിരിക്കും…..
സ്നേഹയെ ഞാൻ ഒരു ഭാര്യയുടെ സ്ഥാനത് കണ്ടിട്ടില്ലെങ്കിലും മുത്തശ്ശിയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ സമ്മതം അറിയിച്ചതായിരുന്നു…..
പക്ഷെ…
അപ്പച്ചി ഇത് മുടക്കാൻ ഏൽപ്പിച്ചത് എന്നെയായിരുന്നത് കൊണ്ട് തന്നെ മുത്തശ്ശിയുടെ ആ ദേഷ്യവും ഞാൻ വാങ്ങി വെച്ചു….
അവനൊന്നു പുഞ്ചിരിച്ചു….
എങ്കിലും ഞാനായത് കൊണ്ട് മാത്രമാവാം മുത്തശ്ശി അതെല്ലാം ക്ഷമിച്ചത്….
എന്നെ അത്ര ഇഷ്ടമാണ്…
അല്ലെങ്കിലും വിവാഹതിന് മുൻപ് ഒരു ജീവിതവും…. വിവാഹം കഴിഞ്ഞ് മറ്റൊരു ജീവിതവുമാണ്…
ഇഷ്ടമുള്ള പലതും അകന്ന് പോകും…. ഇഷ്ടമല്ലാത്ത പലതും ഏറെ ഇഷ്ടപ്പെട്ടു തുടങ്ങും…..
ഒരു താലിയുടെ ബന്ധം മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങൾ എത്ര വലുതാണ് അല്ലേ…..
അവൻ ആർദ്രമായി അതും ചോദിച്ചു കൊണ്ട് നോക്കിയത് അവളുടേ മിഴികളിലേക്കായിരുന്നു…..
അവൾ ക്ക് പെട്ടെന്നൊരു പതർച്ച തോന്നി….
അവന്റെ മിഴികൾ മൗനമായി തന്നോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോൽ….
അവൾ പെട്ടെന്ന് അവനിൽ നിന്നും മിഴികളെടുത്തു……
അതേയ്…..
പിന്തിരിഞ്ഞു നടന്ന അവളെ പിടിച്ചു നിർത്തിയത് അവന്റെ വിളിയായിരുന്നു……
അവൾ അവന് നേരെ തിരിഞ്ഞു…..
മുത്തശ്ശി എന്തെങ്കിലും പറഞ്ഞാൽ താനത് കാര്യമാക്കരുത് കേട്ടോ…..
നിസ്സഹായമായി അവനത് പറയുമ്പോൾ പതിഞ്ഞൊരു പുഞ്ചിരി പകരം നൽകി അവളവിടെ നിന്നും നടന്നകന്നു…..
കാശിയുടെ ഹൃദയം ഭയത്തിന്റെ അകമ്പടിയോടെ മിടിക്കുന്നുണ്ടായിരുന്നു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വൈകുന്നേരം മുറ്റത്ത് വന്നു നിന്ന കാറിന്റെ ശബ്ദം കേട്ടപ്പോഴേക്കും കാശിയുടെ ഉള്ളിലൊരു ഭീതി നിറഞ്ഞിരുന്നു….
അവളെ കണ്ടാൽ മുത്തശ്ശി എങ്ങനെ പ്രതികരിക്കുമെന്ന ഭയം അവനിലുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കിരണിന്റെ കൂടെ കാറിൽ വന്നിറങ്ങിയ മുത്തശ്ശിയെ കാണാൻ എല്ലാവരും പുറത്തേക്ക് വന്നിരുന്നു……
കാശിയും സൂര്യയുമൊഴികെ…..
മുത്തശ്ശി കാറിൽ നിന്നിറങ്ങി……
വെളുത്ത നിറത്തിൽ ഉയരം കുറഞ്ഞ അവർക്ക് വല്ലാത്തൊരു ഭംഗി തോന്നി യിരുന്നു….
നേര്യതിന്റെ തുമ്പ് വളരേ ഒതുക്കത്തോടെ വെളുതുരുണ്ട കൈകളാൽ അവർ കൂട്ടിപ്പിടിച്ചിരുന്നു…
അമ്മേ….
ജാനകി അവരുടെ കൈകൾ പിടിച്ചു കൊണ്ട് അങ്ങേയറ്റം സൗമ്യമായി വിളിച്ചു…..
അവർ ജാനകിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു……
മറ്റേ കയ്യിൽ ശങ്കരനും പിടിച്ചിരുന്നു…..
എനിക്ക് നടക്കാനൊരു കുഴപ്പോമില്ല…. നിങ്ങളെന്തിനാ ഇങ്ങനെ എന്നെ പിടിച്ചിരിക്കുന്നത്..ചെറു ചിരിയോടെ അതും പറഞ് മുത്തശ്ശി അവരുടെ കൈകളെ വേർപ്പെടുത്തി…
പെട്ടെന്നാണ് അവരുടെ നോട്ടം വീണയിൽ തറഞ്ഞു നിന്നത്…..
അത് കിരണിന്റെ ഭാര്യയാണമ്മേ…..
അതെന്താ കിരണിന് മാത്രമേ അവള് മായിട്ട് ബന്ധമൊള്ളൂ…. നമുക്കൊന്നും അവളാരുമല്ലേ…..
ജാനകിയതും പറഞ്ഞതും പെട്ടെന്നുള്ള മുത്തശ്ശിയുടെ ആ ചോദ്യത്തിൽ ജാനകി പതറി പോയിരുന്നു….
അത് പിന്നേ അമ്മേ….
അവർ നിന്ന് പരുങ്ങി….
അമ്മേടെ ചെറിയ കൊച്ച് മോളാണ്…..
രംഗം ശാന്തമാക്കാൻ ശങ്കരനായിരുന്നത് പറഞ്ഞത്….
എന്താ ശങ്കരാ എനിക്കറിയില്ലേ അവളെ..
കിരൺ അവളെ കൂട്ടി ഒരു തവണ വന്നതല്ലേ എന്റെ അടുത്ത്…..
അതും പറഞ് അവർ വീണയെ നോക്കി….
മുത്തശ്ശി…. മുത്തശ്ശിക്ക് വയ്യായ്ക ഒന്നുമില്ലല്ലോ ഇപ്പോൾ…..
വീണ പുഞ്ചിരിയോടെയാണ് അത് ചോതിച്ചത്…
ഇല്ല കുഞ്ഞേ…. മുത്തശ്ശിക്ക് ഇപ്പൊ ഒരു കുഴപ്പവുമില്ല…..
ഇവർക്കൊക്കെ പേടിയാണെന്ന് മാത്രം ….
അതും പറഞ് മുത്തശ്ശി ശങ്കരനെ ഒന്നു തറപ്പിച്ചു നോക്കി…..
എവിടെ…… എന്റെ കാശിയെവിടെ……
അതും ചോദിച്ച് ജാനകി മുകളിലേക്ക് കയറി തുടങ്ങി…..
അമ്മക്ക് മുകളിലേക്ക് കയറാൻ ബുദ്ധിമുട്ടില്ലേ….
ശങ്കരനത് ചോദിക്കുമ്പോൾ മുത്തശ്ശി ശങ്കരനു നേരെ തിരിഞ്ഞു….
ബുദ്ധിമുട്ടുണ്ടേലും ഞാൻ കയറും….
ഞാൻ വന്നത് നിന്നെ കാണാനല്ല….. എന്റെ കുഞ്ഞിനെ കാണാനാ….
അതും പറഞ് അവർ പടികൾ കയറുമ്പോൾ ശങ്കരൻ കയ്യിൽ പിടിച്ചിരുന്നു……
ആ ഒരു താങ് അവർക്കപ്പോൾ ആവശ്യമുള്ളത് കൊണ്ടാവും ഒന്നും മിണ്ടാതിരുന്നത്…..
അവരുടെ കൂടെ എല്ലാവരും പടികൾ കയറി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹മുറിയിലേക്കവർ കയറി വരുമ്പോൾ കാശി കട്ടിലിലിരുന്ന് പുസ്തകം വായിക്കുകയാണ്…
സൂര്യയും അവളുടേതായ ജോലികളിലാണ്…..
മോനെ…. കാശി….
മുത്തശ്ശി അവനെ വിളിച്ചതും അവന്റെ മുഖം വിടർന്നു…..
ഒത്തിരി നാളുകൾക്ക് ശേഷം മുത്തശ്ശിയെ കാണുന്നതിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ടായിരുന്നു…..
അവർ ഓടി വന്നവനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ അത് വരെ മനസ്സിലുണ്ടായിരുന്ന ആധികളെല്ലാം എന്തോ അവനെ തൊട്ട് അകന്ന് പോയിരുന്നു…..
ഇപ്പൊ എങ്ങനെയുണ്ട് നിനക്ക്…..
ആ കണ്ണുകളിലെ ദുഃഖം കാശിക്ക് അറിയുന്നുണ്ടായിരുന്നു….
ഒരു കുഴപ്പവുമില്ല….മുത്തശ്ശിക്ക് ഇപ്പൊ എങ്ങനെയുണ്ട്…..
ഓഹ്…. എനിക്കൊരു കുഴപ്പോമില്ലെടാ…
അതൊക്കെ ശെരി…. എവിടെ എന്റെ മൂത്ത കൊച്ച് മോള്……
അവളെ ഞാൻ കണ്ടിട്ടേയില്ലല്ലോ…..
അവരത് ചോദിക്കുമ്പോൾ അകന്ന് പോയ ആശങ്കകൾ അവനിലേക്ക് വീണ്ടും കൂടിച്ചേർന്നു…..
ആ കണ്ണുകളിൽ തന്റെ ഭാര്യയോടുള്ള സ്നേഹം മുഴുവനും നിറഞ്ഞു കാണുന്നുണ്ടായിരുന്നു…..
ജാനകിയും വീണയും ആ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു….
അവർ പ്രതീക്ഷയോടെ നോക്കി നിന്നു..
എല്ലാവർക്കും പിറകിലായി ഒതുങ്ങി കൂടി നില്കുന്ന സൂര്യയിലേക്ക് അവരുടെ മിഴികൾ എത്തിയിരുന്നില്ല…..
സൂര്യാ…. വാ…..
ഇതാണമ്മേ….. ഇവളാണ് അമ്മയുടെ മൂത്ത പേരക്കുട്ടി….. സൂര്യ…
ശങ്കരൻ സ്നേഹത്തോടെ അതും പറഞ് സൂര്യയെ മുമ്പിലേക്ക് നിർത്തുമ്പോഴാണ് മുത്തശ്ശിയുടെ കണ്ണുകൾ അവളിലേക്ക് നീങ്ങിയത്…..
പെട്ടെന്നു ആ കണ്ണുകളിലെ ഭാവം മാറി മറിയുന്നത് ഭയത്തോടെ നോക്കി നിൽക്കുകയായിരുന്നു കാശിയപ്പോൾ……അവരുടെ പെട്ടെന്നുള്ള ഭാവ മാറ്റം മനസ്സിലായത് കൊണ്ട് തന്നെയാണ് പതിയെയൊന്ന് പുഞ്ചിരിക്കാൻ അവൾ കഷ്ടപ്പെട്ട് ശ്രമിച്ചത്……
അവരുടെ മുഖം വലിഞ്ഞു മുറുകി…..
ചീ….നിർത്തെടാ….
ശങ്കരന്റെ നേർക്കായിരുന്നു മുത്തശ്ശിയുടെ ശബ്ദം ഉയർന്നത്…….
ഇതോ….. ഇതാണോ നീയെന്റെ മോന് വേണ്ടി കണ്ട് പിടിച്ച പെണ്ണ്…..
അവനൊരു പാവമായത് കൊണ്ടല്ലെ നിങ്ങളിങ്ങനെയൊക്കെ ….
തങ്കം പോലെ മിന്നണ എന്റെ കൊച്ചിന് പറ്റിയ പെണ്ണാണോ ഇവൾ….
മുത്തശ്ശി പല്ല് ഞെരിച്ചു കൊണ്ടാണ് സൂര്യയെ നോക്കിയത്…..
ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന ദുഖമുണ്ടായിരുന്നെങ്കിലും ഒരു തുള്ളി കണ്ണു നീർ സൂര്യയുടെ കവിളുകളെ തഴുകിയിരുന്നില്ല…..
ആകെ ക്കൂടെ ഒരു മരവിച്ച അവസ്ഥയായിരുന്നു….
താൻ യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ തല കുനിക്കാൻ അവൾക്ക് തോന്നിയില്ല….
അവൾ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..
തന്നെ കേൾപ്പിക്കാതെ പറയാനുള്ള മര്യാദയെങ്കിലും അവർ കാണിച്ചിരുന്നെങ്കിൽ എന്നവൾക്ക് തോന്നി…
ജാനകിയും വീണയും പരസ്പരം നോക്കി….
രണ്ട് പേരിലും നിറഞ്ഞത് ഒരേ ചിരിയായിരുന്നു…
നിസ്സഹായനായി നോക്കി നിൽക്കുമ്പോൾ കാശിയുടെ കണ്ണുകൾ നിറഞ്ഞു പോകുമോയെന്ന് അവൻ ഭയന്നിരുന്നു…..
അമ്മേ…. എന്തൊക്കെയാ ഈ പറയുന്നത് …..
ശങ്കരൻ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….
നീ മിണ്ടരുത്….. നിന്റെ കണ്ണ് പൊട്ടി പോയിട്ടൊന്നുമില്ലായിരുന്നല്ലോ…….
അല്ലെങ്കിലും എന്തിനാ നിന്നെ പറയുന്നത്….
എവിടെ നിന്റെ ഭ്യാര്യ…..
മുത്തശ്ശി ചിറി കോട്ടി അത് പറഞ്ഞ് ജാനകിയിലേക്ക് തിരിയുമ്പോൾ അവരൊന്നു ഭയന്നു…..
നീയാണ് എല്ലാത്തിനും കാരണം….
നിന്റെയൊരു കുടുംബം പുതുക്കൽ……
നിന്റെ ആങ്ങളയുടെ മോളേ ആരും കെട്ടി കൊണ്ട് പോകാനിട്ടാണോടി നീയെന്റെ കുഞ്ഞിന്റെ തലയിൽ കെട്ടി വെച്ചത്…..
മുത്തശ്ശി ജാനകിക്ക് നേരെ അലറുമ്പോൾ അത് വരെ യുണ്ടായിരുന്ന ആ പുഞ്ചിരി മാഞ്ഞു പോയിരുന്നു….
പകരം ഭയം അവരെ കടന്ന് പിടിച്ചു…..
പണി പാളിയെന്ന് തോന്നിയതും വീണയിലും ചെറിയൊരു ആശങ്ക വന്നിരുന്നു….
എങ്കിലും മുത്തശ്ശി അവളെ പറയുന്നത് കേട്ടപ്പോൾ മനസ്സിൽ ചെറിയൊരു സന്തോഷം നില നിന്നിരുന്നു…..
മുത്തശ്ശി…… ഞാനൊന്ന് പറഞ്ഞോട്ടെ…..
കാശി ഇടപെടാൻ ശ്രമിച്ചപ്പോഴേക്കും മുത്തശ്ശി അവനെ കണ്ണുരുട്ടിയൊന്നു നോക്കി….
നീ ഒന്നും പറയേണ്ട കാശി….
നിന്നെ ഇവരെല്ലാവരും കൂടി ചതിച്ചതാണെന്ന് മുത്തശ്ശിക്കറിയാം…..
ഇവളാണ് ഇതിന്റെയെല്ലാം കാരണക്കാരി…
മുത്തശ്ശി വീണ്ടും ജാനകിയിലേക്കായിരുന്നു തിരിഞ്ഞത്…..
ആർക്കും പറയാൻ അവസരം പോലും കൊടുക്കാതെ മുത്തശ്ശി യുടെ ശബ്ദം ഉയർന്നു കേട്ടു …..
മുത്തശ്ശി…
പെട്ടെന്നാണ് കാശിയുടെ ശബ്ദം മുത്തശ്ശിയേക്കാൾ ഉയർന്നവിടെ കേട്ടത്…..
അൽപ സമയത്തേക്ക് അവരും ഒന്നു നിശബ്ദമായി……
അവർ അവന് നേരെ തിരിഞ്ഞു….
മുത്തശ്ശി.. ഞാൻ ഇഷ്ടമായെന്ന് പറഞിട്ട് തന്നെയാ അവര് വിവാഹം നടത്തിയത്…
സൂര്യയെ…… അവളെ എനിക്കിഷ്ടമാണ്…..
അവസാനം അത് കൂട്ടി ചേർക്കുമ്പോൾ അവൻ അവളിലേക്ക് നോക്കിയിരുന്നു…..
അല തല്ലുന്ന സാഗരത്തെ ഒളിപ്പിച്ച ആ കണ്ണുകളിൽ നോക്കി ആത്മാർത്ഥമായി തന്നെയായിരുന്നു അവനത് പറഞ്ഞത്..
അവളിൽ പ്രത്യേകിച്ചൊരു മാറ്റവും ആ വാക്കുകൾ ഉണ്ടാക്കാത്തത് സാഹചര്യം ഒതുക്കാൻ ഞാൻ പറഞ്ഞതാണെന്ന് അവൾ കരുതിയത് കൊണ്ടാകുമോ….
അതേ അമ്മേ…. കാശി ഇഷ്ടമാണെന്ന് പറഞ്ഞിട്ട് തന്നെയാണ് ഈ വിവാഹം നടത്തിയത്…
ശങ്കരനും സൗമ്യമായി അത് പറയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു…..
എനിക്കറിയാം…. എല്ലാവരും കൂടി എന്റെ കുഞ്ഞിനെ…..
അതും പറഞ്ഞ് കൊണ്ട് അവിടെ നിന്നും താഴേക്ക് നടക്കുമ്പോൾ ചുളിവ് വീണ കൺ തടങ്ങളിൽ നനവ് പടർന്നിരുന്നു….
അതിലങ്ങേയറ്റം നിറഞ്ഞു നിന്നത് കാശിയോടുള്ള
സ്നേഹമായിരുന്നു…..
അവനെ എല്ലാവരും കൂടി ചതിച്ചു എന്ന തോന്നലായിരുന്നു……
മുത്തശ്ശി ഇറങ്ങിയതും ഓരോരുത്തരായി മുറി വിട്ടിറങ്ങി….
ജാനകിയുടെ മുഖം വീങ്ങിയിരിക്കുന്നത് ശങ്കരൻ കണ്ടെങ്കിലും അയാളുടെ കണ്ണുകൾ സൂര്യയിലായിരുന്നു..
എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്തത് കൊണ്ട് തന്നെ ഒന്നും പറയാതെയാണ് അയാളും അവിടെ നിന്നിറങ്ങിയത്…..
എല്ലാവരും പോയിട്ടും സൂര്യ അതേ നിൽപ്പായിരുന്നു….
കാശി ദയനീയമായി അവളെ നോക്കി നിന്നു…..
എന്തോ ഒന്നും അവളോട് പറയാൻ അവന് കഴിഞ്ഞിരുന്നില്ല……
ഒരു തുള്ളി കണ്ണു നീരിലൂടെ അവളുടേ സങ്കടങ്ങൾ അവളോഴുക്കി തീർത്തിരുന്നെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു….
നേരം ഏറെ വൈകിയിരുന്നത് കൊണ്ട് തന്നെ കുറച്ച് നേരം അങ്ങനെ നിന്ന് പിന്നീട് അവൾ പുറത്തേക്ക് നടന്നു…..
അവൾ വരും വരെ അവന്റെ ഹൃദയം പിടച്ചു കൊണ്ടിരുന്നു…..
അവൾ തിരിച്ചു വരുമ്പോൾ കയ്യിൽ അവനുള്ള ഭക്ഷണം ഉണ്ടായിരുന്നു….
ഭക്ഷണം അവനരികിൽ വെച്ച് അവളിരിക്കുമ്പോഴും അവൾ മറ്റേതോ ലോകത്താണെന്ന് അവന് തോന്നി….
ഉള്ളിലൊതുക്കി വെച്ചിരിക്കുന്ന ദുഖത്തെ ആ കണ്ണുകളിൽ നിന്ന് അവന് കാണാൻ കഴിഞ്ഞിരുന്നു…..
ആ കണ്ണുകളൊന്നു നിറഞ്ഞൊഴുകിയാൽ അവളുടേ ഉള്ളിലെ ദുഖത്തിന് ശമനം കിട്ടുമെന്ന് അറിയുന്നത് കൊണ്ട് തന്നെ ആ കണ്ണുകൾ നിറഞ്ഞു കാണാൻ അവൻ ആദ്യമായി പ്രാർത്ഥിച്ചു……
അവന് ഭക്ഷണം കഴിക്കാൻ സാധിച്ചില്ല….
സൂര്യാ….
അവൻ കൈ കഴുകിയതും അവൾ പാത്രമെടുത്തു അവിടെ നിന്നും പോകുമ്പോൾ അവൻ വിളിച്ചു….
എന്നാൽ അതവൾ കേട്ടിട്ടേ യില്ലായിരുന്നു….
അവളുടേ മനസ്സ് അവളുടേ കൈ വിട്ട് പോയിരിക്കുന്നുവെന്ന് അവന് തോന്നി….
പോയ അതേ വേഗത്തിൽ തിരിച്ചു വന്നത് കൊണ്ട് തന്നെ അവളും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവന് തോന്നിയിരുന്നു……
അവൾ ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിനോരത്തായി കിടന്നു…..
അപ്പോഴും അവളെ ആശ്വസിപ്പിക്കാൻ പാകത്തിലുള്ള വാക്കുകളൊന്നും അവന്റെ കയ്യിലുണ്ടായിരുന്നില്ല…..
ഇങ്ങനെയൊരു രംഗം പ്രതീക്ഷിച്ചുരുന്നു വെങ്കിലും അതിത്രയേറെ ഭീകരമാകുമെന്ന് താൻ വിചാരിച്ചിരുന്നില്ല…..
സൂര്യാ…..
അവൻ പതിയേ വിളിച്ചു….
അവളുടേ ഭാഗത്തു നിന്നു യാതൊരു പ്രതികരണവുമില്ല…..
മുത്തശ്ശി……
അവനെന്തോ പറയാൻ തുടങ്ങിയതും പാതിക്ക് വെച്ച് നിർത്തി…..
കാരണം താൻ പറയാൻ പോകുന്ന വാക്കുകളൊന്നും അവൾക്ക് ആശ്വാസം നൽകില്ലെന്ന് അവന് വ്യക്തമായിരുന്നു…..
അവൾക്കരികിലേക്ക് അവനല്പം നീങ്ങി ക്കിടന്നു….
ചെരിഞ്ഞു കിടക്കുകയായിരുന്ന അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു….
അവളിൽ പ്രത്യേകിച്ചൊരു മാറ്റങ്ങളും അതുണ്ടാക്കിയില്ലെങ്കിലും നിമിഷങ്ങൾക്ക് ശേഷം ഒരു തേങ്ങൽ പുറത്തേക്ക് വരുന്നത് അവൻ കേട്ടിരുന്നു….
അതേ… ചില സമയങ്ങളിൽ വാക്കുകൾക്കപ്പുറം ആശ്വാസം നൽകാൻ ചെറിയൊരു ചേർത്ത് പിടിക്കലിന് കഴിയും…..
ആ ചേർത്ത് പിടിക്കലിൽ മറ്റൊരു വികാരത്തിനും സ്ഥാനമുണ്ടായിരുന്നില്ല….
അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവനിൽ ആശ്വാസം നൽകിയിരുന്നു…..
ഒപ്പം അവളുടെ ദുഃഖം പങ്കിടാനെന്ന പോലൊരു തുള്ളി കണ്ണു നീർ പതിച്ചത് അവളുടേ കഴുത്തിലേക്കായിരുന്നു….
അപ്പോഴും അവന്റെയാ ചേർത്ത് പിടിക്കലിൽ തന്റെ ദുഖങ്ങളെല്ലാം മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നവൾ……
(തുടരും)

by