രചന – മിയ അവ
ഹാളിലിരുന്ന് ശ്രീദേവിയ്ക്കും സാവിത്രിയമ്മയ്ക്കുമൊപ്പം കഥ പറച്ചിലും ചിരിയുമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന പാറുവിനെ കൃഷ്ണ മേനോൻ ഡോറിന്റെ അടുത്ത് വന്നൊന്ന് എത്തി നോക്കി. കാലത്ത് നടന്ന പ്രശ്നങ്ങളൊന്നും മുഖത്തു കാണിക്കാതെ പൊട്ടി ചിരിക്കുന്നവളെ കണ്ടപ്പോൾ ആ വൃദ്ധന്റെ ഹൃദയത്തിലും ഒരു കുളിര് തോന്നി.
കഴിച്ചു എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് പാത്രങ്ങളെല്ലാം കഴുകി വെയ്ക്കുമ്പോഴേക്കും അവിടെ അടിച്ചു തുടയ്ക്കാനും മറ്റുമായി രാധ ചൂലും വെള്ളവുമായി എത്തിയിരുന്നു.
“ഹാ.. ഞാനും കൂടെ കൂടണോ രാധേച്ചി…”
“അയ്യോ.. വേണ്ട കുഞ്ഞേ.. ഇനി അതിനും കൂടി കുഞ്ഞ് പഴി കേൾക്കുന്നത് കാണാൻ വയ്യ… രാധേച്ചിക്ക് ചെയ്യാനുള്ളതേ ഉള്ളു ഇത്.. മോള് അകത്തേക്ക് ചെല്ല്…”
“ഓ..പഴി കേൾക്കുന്നതൊക്കെ എനിക്കിപ്പോ ശീലം ആയി രാധേച്ചി.. ഇപ്പോ അത് കേട്ടില്ലെങ്കിലാ നിക്ക് സങ്കടം…”
കളിയായി ആണ് പറഞ്ഞതെങ്കിലും ആ കണ്ണിലെ പിടപ്പ് രാധയ്ക്ക് കാണാമായിരുന്നു. എങ്കിലും അത് മറച്ചു വെയ്ക്കാൻ എന്ന പോലെ അവൾ മുഖം തിരിച്ച് പുറത്ത് ഗാർഡന്റെ ഭാഗത്തേക്ക് പോയി. പ്രതീക്ഷിച്ച പോലെ രാഘവൻ ഗാർഡനിൽ ഹാജർ വെച്ചിരുന്നു. അവിടെ ആവിശ്യമില്ലാത്ത പുൽ ചെടികൾ ഒക്കെ പിഴുതു കളയുകയും ആവിശ്യമുള്ളിടത്തൊക്കെ കുറച്ചു കൂടി മണ്ണ് ഇട്ടു കൊടുക്കുകയുമൊക്കെ ചെയ്യുന്ന തിരക്കിലായിരുന്നു അയാൾ.
“ഇതെന്താ രാഘവേട്ടാ ഇതിനൊക്കെ ഒരു വാട്ടം പോലെ…”
ചെടിയുടെ ഇലകളിൽ പിടിച്ച് പാറു ചോദിച്ചപ്പോൾ രാഘവൻ തിരിഞ്ഞു നോക്കി.
“ആഹാ.. കുഞ്ഞു ഇവിടെ ഉണ്ടായിരുന്നോ..പതിവ് പോലെ രാവിലെ വന്നപ്പോ കാണാഞ്ഞപ്പോ ഞാൻ കരുതി എവിടെയെങ്കിലും പോയി കാണുമെന്ന്…”
“ഏയ്.. ഞാൻ എവിടെ പോവാനാ രാഘവേട്ടാ.. ഇവിടുണ്ടായിരുന്നു.. കാലത്തു ഇന്ന് അമ്പലത്തിൽ വരെ പോയിരുന്നു.. അപ്പോ ചെറുതായി ഒരു ഉറക്ക ചടവ് ഉണ്ടായത് കൊണ്ട് റൂമിൽ പോയി കിടന്നപ്പോ ഒന്ന് മയങ്ങി പോയി..അതാ..”
“ആ വെറുതെയല്ല.. ഇപ്പോഴത്തെ പെൺകുട്ട്യോൾക്ക് ഉറങ്ങുന്നതിനൊന്നും ഇപ്പോ ഒരു നേരോം കാലോം ഇല്ലല്ലോ.. ഉറക്കം വന്നാൽ നേരെ പോവാ ഉറങ്ങാ.. പണ്ടത്തെ കാലത്ത് ഇതൊക്കെ നടക്കോ.. നേരം പുലർന്ന് കഴിഞ്ഞ തുടങ്ങുന്ന വീട്ടു പണികൾ പാതിരാ വരെ ഇത് തന്നെ അല്ലേ അവർക്ക്…”
“എന്നാലെ ഞാൻ ഇപ്പത്തെ പെൺകുട്യോളുടെ കൂട്ടത്തിൽ പെടില്ല കേട്ടോ.. പണിയെടുക്കാൻ ഒന്നും എനിക്ക് ഒരു മടിയും ഇല്ല.. പിന്നെ ഇവിടെ എനിക്ക് ചെയ്യാൻ ഒരു അവസരം തരണ്ടേ നിങ്ങളൊക്കെ… എല്ലാം അങ്ങ് ഒറ്റയ്ക്ക് ചെയ്യുവല്ലേ.. എന്നെ അടുപ്പിക്കാതെ… അപ്പോ പിന്നെ ഞാൻ എന്ത് ചെയ്യാനാ…”
“ഹ ഹ ഹ… ഞാൻ ഈ കുറുമ്പിപ്പെണ്ണിനെ ഒന്ന് ചൂട് കേറ്റാൻ പറഞ്ഞതല്ലേ ന്റെ കുഞ്ഞേ…നീ ഈ ദേഷ്യം പിടിച്ചു മുഖം വീർപ്പിച്ചു നിക്കുന്നെ കാണാൻ നല്ല ചേല് ആണെന്നെ…”
പാറുവിന്റെ വീർപ്പിച്ചു കേറ്റിയ മുഖം കണ്ട് രാഘവൻ കളിയാക്കി ചിരിക്കാൻ തുടങ്ങി.
“വോ.. നിക്കറിയാം.. അല്ലേലും നിങ്ങൾക്കൊന്നും എന്നോട് ഒരു സ്നേഹോം ഇല്ല… പൊയ്ക്കോ.. മിണ്ടണ്ട എന്നോട്…”
“ഇതാപ്പോ നന്നായെ… ഈ കുറുമ്പിയെ ആർക്കാപ്പോ ഇവിടെ ഇഷ്ടം ഇല്ലാതെ.. നീ ഇവിടുത്തെ പൊന്നിൻകുടമല്ലേ…കുഞ്ഞേ…”
“ഉവ്വുവ്വ.. പൊന്നിൻ കുടം അല്ല… മൺചട്ടിയാ.. നല്ല അസ്സൽ മൺചട്ടി.. ആവിശ്യം വരുമ്പോ എടുത്തു എറിഞ്ഞുടയ്ക്കാൻ പാകത്തിന് ബലമേ ഉള്ളു ഇവിടുത്തെ എന്റെ ജീവിതത്തിന്…”
പറയുമ്പോൾ അവളുടെ ചുണ്ടോന്ന് വിറച്ചു.. കണ്ണൊന്നു പിടഞ്ഞു… ഉള്ളിലെ ഭാരം പുറത്തേക്കൊഴുകാൻ വെമ്പൽ കൊണ്ടു.
“ഏയ്.. എന്താ ന്റെ കുട്ടി… അങ്ങനൊന്നും ഇല്ല.. ശിവ സാർ ഒഴിച്ചാൽ എല്ലാർക്കും കുഞ്ഞെന്ന് വെച്ചാൽ ജീവനല്ലേ ഇവിടെ… കുഞ്ഞിനെ ഇവിടുന്ന് ആര് പറഞ്ഞു വിടാനാ… പിന്നെ തുടങ്ങിയതല്ലേ ഉള്ളു ജീവിതം.. മാറും.. സാറും മാറി തുടങ്ങും.. കുഞ്ഞ് നോക്കിക്കോ…”
മറുപടിയില്ലാത്ത അവളുടെ വരണ്ട ചിരി അയാളിലും ഒരു ഭാരം തോന്നിച്ചു. വിഷയം മാറ്റാൻ എന്തെങ്കിലും ഉണ്ടോ അറിയാൻ അയാൾ ചുറ്റിലും നോക്കി. പെട്ടെന്നാണ് അയാൾക്ക് തറവാട്ടു കുളത്തിൽ കാലത്ത് വിരിഞ്ഞ ആമ്പൽപ്പൂകളുടെ ഓർമ്മ വന്നത്.
“ആ.. അത് പറഞ്ഞില്ലല്ലോ.. കുഞ്ഞിനല്ലേ ആമ്പൽ പൂക്കൾ ഇഷ്ടം… ഞാൻ വന്നതിൽ പിന്നെ ഇവിടെ ആമ്പൽപ്പൂക്കൾ വിരിഞ്ഞിട്ടില്ലേന്ന് അന്ന് പരിഭവം പറഞ്ഞില്ലായിരുന്നോ… ദേ.. ഇന്ന് പോയി നോക്കിയേ തറവാട്ട് കുളത്തിലേക്ക്… അവിടെ ഒരു അത്ഭുതം കാണാം…”
“ഏഹ്.. എന്താ.. ആമ്പൽപ്പൂ വിരിഞ്ഞോ അവിടെ…”
“ഹാ.. കുഞ്ഞ് പോയി നോക്കെന്നെ…”
മൂടിക്കെട്ടി നിന്ന കാർമേഘം മാറി സൂര്യനുദിച്ച പോലെ വിടർന്ന മുഖത്തോടെ പാറു തറവാട്ട് കുളത്തിനടുത്തേക്ക് ഓടി. അത് നോക്കി നിന്ന രാഘവന്റെ മുഖത്തും ഒരു തിരി വെട്ടം തിളങ്ങി.
“പാവം.. ഈ കുഞ്ഞിന്റെ നല്ല മനസ്സ് കാണാൻ ശിവ സാറിന് എന്നെങ്കിലും കഴിയണേ ഭഗവാനെ….”
നെഞ്ചിൽ കൈ വെച്ച് രാഘവൻ പറഞ്ഞ വാക്കുകളെ പ്രപഞ്ച ശക്തി സ്വീകരിച്ചെന്ന പോലെ ഒരു നനുത്ത കാറ്റ് അവിടെയാകെ പതിയെ വീശിയടിച്ചു. അങ്ങ് ദൂരെ പാറുവിന്റെ കള്ളകൃഷ്ണന്റെ കോവിലിന്റെ മുന്നിലെ അമ്പല മണി കാറ്റിലൊന്നിളകി ശബ്ദമുണ്ടാക്കി.
ഈ സമയം ശിവ തന്റെ ക്യാമ്പിനിൽ ലാപ്ടോപ്പിലെ ഫയലുകളുമായി മല്ലിടുകയായിരുന്നു. എത്ര നോക്കിയിട്ടും സോർട്ട് ഔട്ട് ആവാത്ത ഫയലുകളെ നോക്കി അവൻ പല്ലിറുമ്മി. അരിച്ചു കയറുന്ന ദേഷ്യത്തെ എറിഞ്ഞുടയ്ക്കാൻ അടുത്തുള്ള പ്ലാസ്റ്റിക് ബോട്ടിൽ കയ്യിലെടുത്തതും അവന്റെ മനസ്സിലേക്ക് പൊടുന്നനെ മായയുടെ മുഖം തെളിഞ്ഞു…..
🍁🍁🍁🍁
“ശിവ… എന്താ നീയീ കാണിക്കുന്നത്…ഇതൊക്കെ എറിഞ്ഞുടച്ചാണോ നിന്റെ ദേഷ്യം തീർക്കേണ്ടത്….”
ക്യാമ്പിനിന്റെ നിലത്ത് ചിതറി കിടന്ന ശിവ എറിഞ്ഞുടച്ച ടീ കപ്പിന്റെ കഷ്ണങ്ങൾ പെറുക്കിയെടുത്തു കൊണ്ടു മായ ശിവയ്‌ക്കരികിൽ എത്തി അവനെ ദേഷ്യത്തോടെ നോക്കി.
“ഈയിടെയായി നിന്റെ ദേഷ്യം അതിര് കടക്കുന്നുണ്ട് ശിവ.. അത് കണ്ട്രോൾ ചെയ്തില്ലെങ്കിൽ നിനക്ക് തന്നെ ദോഷം ചെയ്യും….”
അവളുടെ ദേഷ്യം അവനെ കൂടുതൽ ചൊടി പിടിപ്പിക്കുകയാണ് ചെയ്തത്.
“നിനക്ക് എന്താ ഇവിടെ കാര്യം.. നിന്നെ ഇപ്പോ ആരും ഇങ്ങോട്ട് വിളിച്ചില്ലല്ലോ…”
“ആഹാ.. അത് നല്ല കൂത്ത്.. എനിക്ക് ഇങ്ങോട്ട് കേറി വരാൻ നീ വിളിക്കണോ.. എന്താ എനിക്ക് പെർമിഷൻ എടുത്തിട്ടേ ഇവിടേക്ക് കയറാവൂന്നാണോ…”
“അങ്ങനെ ഞാൻ പറഞ്ഞില്ല…”
“പിന്നെ.. പിന്നെ എന്താ നീ പറഞ്ഞു വന്നത്…”
“മായ പ്ലീസ്.. അല്ലെങ്കിലെ ഈ ഫയൽ ഒന്നും ശരിയാവാഞ്ഞിട്ട് ഭ്രാന്ത് പിടിച്ചിരിക്കുവാ ഞാൻ.. അതിന്റെ ഉള്ളിൽ കൂടി നീയും കൂടി എന്നെ വട്ട് പിടിപ്പിക്കല്ലേ…”
പറഞ്ഞു കൊണ്ടു മുടി പിടിച്ചു വലിച്ച് തലയ്ക്കു കൈയൂന്നി ഇരിക്കുന്നവനെ കണ്ടതും മായയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു.
“അപ്പോ ഞാൻ ഒന്ന് ശ്രമിച്ചാൽ നിന്നെ കൂടുതൽ വട്ട് പിടിപ്പിക്കാനൊക്കെ പറ്റും അല്ലേടാ…”
ഒരു കള്ളച്ചിരിയോടെ മായ അവന്റെ അടുത്തായി ടേബിളിലേക്ക് കയറി ഇരുന്നു കൊണ്ടു ചോദിച്ചത് കേട്ട് ശിവ തല പൊക്കി അവളെ സംശയത്തിൽ നോക്കി.
അത് മനസ്സിലായ പോലെ ഒരു കണ്ണിറുക്കി കൊണ്ടു അവൾ അവനോട് കുറച്ചു കൂടി ചേർന്നിരുന്നു.
“അല്ല.. ഇന്നലെ രാത്രി ഞാൻ നിന്റെ ദേഷ്യം കുറയ്ക്കാൻ മെഡിറ്റേറ്റ് ചെയ്യ് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ വന്നപ്പോൾ ദേഷ്യം പിടിച്ചു നീ എന്റെ വീട്ടീന്ന് ഇറങ്ങി പോവുമ്പോൾ ഒരു ഡയലോഗ് പറഞ്ഞായിരുന്നല്ലോ… എനിക്ക് നിന്റെ ലൈഫിൽ ഒരു ഇമ്പോര്ടന്റ്സും ഇല്ല… അതുകൊണ്ട് ഞാൻ ഉപദേശിച്ചാൽ നീ നന്നാവാനോ എനിക്ക് നിന്റെ ദേഷ്യത്തെയോ ഇമോഷസിനെയോ കണ്ട്രോൾ ചെയ്യാനോ കഴിയില്ല അതിന് ശ്രമിച്ചു തോറ്റു പോവുകയെ ഉള്ളുന്നൊക്കെ…”
“അതിന്..?…”
അവൾ പറഞ്ഞു വരുന്നത് മനസിലാവാത്തത് പോലെ ശിവ വീണ്ടും അവളെ നോക്കി.
“ഇപ്പോ ഞാൻ ഒന്ന് ട്രിഗർ ചെയ്യാൻ നോക്കിയപ്പോ നീ കൂടുതൽ ചൂടായോ.. നിന്നെ കൂടുതൽ വട്ട് പിടിപ്പിക്കല്ലേന്ന് നീ പറഞ്ഞില്ലേ.. അപ്പോ നീ സമ്മതിച്ചില്ലേ ഞാൻ വിചാരിച്ചാലും നിന്റെ ഇമോഷൻസ് മാറും എന്ന്….”
“അയ്യേ… നീയിത് എവിടുന്ന് വരുന്നെടി മരക്കഴുതേ…”
“ഏഹ്.. അതെന്ത്…”
“അതായത് ഇന്നലെ നീ എന്നോട് വെല്ലുവിളിച്ചത് എന്റെ ദേഷ്യം കുറയ്ക്കാൻ കഴിയുമെന്നാ.. ഇപ്പോ നീ ചെയ്തത് എന്താ എന്റെ ദേഷ്യം ഒന്ന് കൂടെ കൂട്ടിയതാ… ഇതാണോ എന്റെ ഇമോഷൻസിൽ നീ വരുത്തിയ മാറ്റം…”
അവൻ പുച്ഛത്തോടെ പറഞ്ഞത് കണ്ടു മായ പരിഭവത്തോടെ ടേബിളിൽ നിന്നിറങ്ങി അവനു നേരെ നിന്ന് കൊണ്ടു വീറോടെ പറഞ്ഞു.
“കൂടിയത് ദേഷ്യം ആയാൽ എന്താ.. അതും നിന്റെ ഇമോഷൻ തന്നെയല്ലേ… നിന്നെ കൂടുതൽ ദേഷ്യം പിടിപ്പിക്കാമെങ്കിൽ അത് ഇല്ലാതാക്കാനും എനിക്ക് കഴിയും.. അതാ ഞാൻ ഉദ്ദേശിച്ചത്….”
“ഓഹോഹോ..എന്നാ മാഡം ആ ഉദ്ദേശം വെച്ചോന്ന് എന്റെ ദേഷ്യം മാറ്റിക്കെ കാണട്ടെ….”
“വോ.. ഇനി ഇതിൽ കൂടുതൽ എന്ത് കാണിക്കാനാ..ദേ ഈ മുഖത്തു തെളിഞ്ഞു കാണുന്നുണ്ടല്ലോ കുറച്ചു മുന്നെ ഇവിടെ കണ്ട ദേഷ്യം മൊത്തം മാഞ്ഞു പോയെന്ന്….”
“അയ്യടാ… ആര് പറഞ്ഞു എന്റെ ദേഷ്യം പോയെന്ന്…കൂടുതൽ കൊഞ്ചാതെ ഇറങ്ങി പോടീ ഇവിടുന്ന്….”
ഒന്ന് സ്വരം മാറ്റി പറഞ്ഞവനെ നോക്കി മായ വാ പൊത്തി ചിരിച്ചു.
“അയ്യേ.. ഇത് കപട ദേഷ്യം… മോനേ ശിവ ദേവ് എം ഡി… നിന്നെ ഈ മായ പിച്ച വെച്ച് നടക്കുന്ന കാലം തൊട്ട് കാണുന്നതല്ലേടാ… നീ എന്നെ മരക്കഴുതേന്ന് വിളിച്ചില്ലേ… അവിടെ തീർന്നു എന്റെ പൊന്നു മോന്റെ ദേഷ്യം… അത് നിന്റെ ഈ മുഖഭാവത്തിൽ നിന്ന് തന്നെ എനിക്ക് വായിച്ചെടുക്കാൻ പറ്റും കേട്ടോടാ കള്ളക്കില്ലാടി… ”
ശിവയുടെ കവിൾ പിടിച്ചു വലിച്ചു കൊണ്ടു മായ പറഞ്ഞപ്പോൾ അവന്റെ മുഖത്തും ഒരു കള്ളച്ചിരി സ്ഥാനം പിടിച്ചു. ആ ചിരിയോടെ തന്നെ അവളുടെ കയ്യെടുത്തു മാറ്റി അവൻ അവളെ നോക്കി.
“വോ..വലിയ കാര്യം….”
“ഹാ.. വലിയ കാര്യം തന്നാ.. ഇനി പറ.. ദേ ഇപ്പോ ഈ കപ്പ് എറിഞ്ഞു പൊട്ടിച്ചത് പോലും എന്റെ പൊന്നു മോന് ഫയൽ സോർട്ട് ഔട്ട് ആവാഞ്ഞിട്ടാണോ… അതോ… എന്നോട് ഇന്നലെ രാത്രി വഴക്കിട്ടു പോന്നതിന്റെ കലിപ്പ് ആയിരുന്നോ… മ്മ് മ്മ്…”
മുഖം തന്നിലേക്ക് അടുപ്പിച്ച് കള്ളച്ചിരിയോടെ നിക്കുന്നവളെ കണ്ടപ്പോൾ അവനും ചിരി പൊട്ടി. മനസ്സ് തുറന്നു ഉറക്കെ ചിരിച്ചു അവൻ.
“മ്മ്.. എന്താ ചിരിക്കൂന്നേ…”
“ചുമ്മാ…”
“എന്നാ പറ.. അതല്ലായിരുന്നോ ഈ കപ്പിന്റെ അന്ത്യത്തിന് കാരണം…”
അവളെ നോക്കി മൃദുവായി പുഞ്ചിരിച്ചു അവൻ.
“മ്മ്.. അത് പിന്നെ നിനക്ക് കുഞ്ഞിലേ അറിയുന്നതല്ലേ എന്റെ ദേഷ്യം…കുഞ്ഞു നാൾ തൊട്ടേ നീയല്ലേ എനിക്ക് ദേഷ്യം വരുമ്പോ അടുത്ത് വന്നിരിക്കാർ.. നീയല്ലേ എന്നെ ഓക്കേ ആക്കാർ… നീ മാത്രം അല്ലേ എന്നെ മനസ്സിലാക്കാറും ഉള്ളത്.. എന്നിട്ട് ആ നീ തന്നെ ദേഷ്യം നല്ലതല്ല.. കുറയ്ക്കണം.. അത് ഇത് എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്താൻ തുടങ്ങിയാൽ..നിനക്കും എന്നോട് സ്നേഹം കുറയുന്നു തോന്നിയാൽ…ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്…..”
പറയുമ്പോൾ അവന്റെ മുഖം ഒരു കുഞ്ഞു കുട്ടിയുടെ പോലെ നിഷ്കളങ്കമാവുന്നത് അവൾ കണ്ടു. അവനിരിക്കുന്ന ചെയർ തന്റെ നേരെ തിരിച്ച് അവൾ അവന്റെ മുന്നിൽ മുട്ടു കുത്തി ഇരുന്നു.
“ഞാൻ നിന്നെ കുറ്റപ്പെടുത്തിയാതാണോ ശിവ.. നിന്റെ ദേഷ്യവും നിന്റെ മനസ്സും എനിക്ക് മനസ്സിലാവും… നിന്റെ ഏത് അവസ്ഥയിലും നിന്നെ സ്നേഹിക്കാനും എനിക്ക് പറ്റും… പക്ഷെ നീ ഇങ്ങനെ പെട്ടെന്ന് പൊട്ടി തെറിക്കുമ്പോൾ കാണുന്ന മറ്റുള്ളവർക്ക് അത് നിന്നെ വെറുക്കാൻ കാരണം ആവും…നിന്റെ ഈ ദേഷ്യം കൊണ്ടു നിന്നെ ആരും വെറുക്കരുത് ശിവ… നിന്നെ എല്ലാർക്കും സ്നേഹിക്കാൻ കഴിയണം.. നിനക്ക് എല്ലാവരുടെയും സ്നേഹം കിട്ടണം.. അതു കൊണ്ടല്ലേ ഞാൻ ഈ ദേഷ്യം കുറയ്ക്കണമെന്ന് പറഞ്ഞത്.. അല്ലാതെ എനിക്ക് നിന്നോടുള്ള സ്നേഹം കുറയുന്നത് കൊണ്ടൊന്നുമല്ല….”
“എന്നെ അതിന് വേറാരും സ്നേഹിക്കണ്ട.. നീ മാത്രം സ്നേഹിച്ചാൽ മതി…”
“ആഹാ… മതിയോ….”
അവൾ ഒന്ന് നിവർന്നു വന്നു അവന്റെ മുഖത്തോട് അടുത്ത് നിന്ന് ചോദിച്ചതിന് ഒരു ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.
“മതി.. അത് മാത്രം മതി എനിക്ക്…”
അവളുടെ മുഖം പൂർണ ചന്ദ്രനെ പോലെ തിളങ്ങി. എഴുന്നേറ്റു നിന്ന് അവന്റെ കവിൾ രണ്ടും മുറുക്കെ പിടിച്ചു വലിച്ചു.
“എന്നാലേ എന്റെ കില്ലാടി നിനക്ക് ഇഷ്ട്ടം ഉള്ളത് പോലെ നിന്നാൽ മതി… ഞാൻ എന്നും കൂടെ തന്നെ ഉണ്ടാവും…ഒരിക്കലും വിട്ട് പോവാതെ….”
അവന്റെ കണ്ണുകളിൽ തന്നെ നോക്കികൊണ്ടു പറഞ്ഞു അവൾ ആ കവിളിൽ മുത്തി.
🍁🍁🍁🍁
“മെയ് ഐ കം ഇൻ സർ….”
പെട്ടെന്ന് പുറത്തു നിന്നുള്ള ശബ്ദമാണ് അവനെ മായയുടെ ചിന്തകളിൽ നിന്ന് പുറത്തു കൊണ്ടു വന്നത്. ദേഷ്യത്തിൽ എറിയാനായി കയ്യിലെടുത്ത ബോട്ടിൽ ടേബിളിലേക്ക് തന്നെ വെച്ച് അവൻ,
“യെസ്.. കം ഇൻ…”
അവിടുത്തെ അറ്റൻഡർ ആയിരുന്നു അത്. അവനെ നോക്കിയൊന്ന് വിഷ് ചെയ്ത ശേഷം അവന് കുടിക്കാനായി കൊണ്ടു വന്ന ചായ അയാൾ ആ ടേബിളിലേക്ക് വെച്ച് അവന്റെ അനുവാദത്തോടെ പുറത്തേക്ക് പോയി.
അയാൾ പോയതും അവൻ തന്റെ ചെയറിലേക്ക് ചാഞ്ഞിരുന്നു കണ്ണുകളടച്ചു. അടഞ്ഞ കണ്ണുകളിൽ കൂടി നോവിന്റെ ചൂടുള്ള നീർക്കണം കവിളിനെ പൊള്ളിച്ചു കൊണ്ടു അരിച്ചിറങ്ങി.
(തുടരും )

by